ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു ദിവസം ഗാനഗന്ധർവ്വൻ യേശുദാസിനോടൊപ്പം ഒരു പകൽകാലം ചെലവഴിക്കാൻ എനിക്കവസരം ലഭിച്ചു. പന്തളത്തിനു സമീപം കുളനട എന്ന സ്ഥലത്ത് എമിനൻസ് ഗ്രൂപ്പിന്റെ ഡയറക്ടർ പി.എം.ജോസ് ഭവനരഹിതർക്കായി നിർമ്മിച്ചു നൽകിയ 15 വീടുകളുടെ താക്കോൽ ദാന കർമ്മം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും അദ്ദേഹം ആലപിച്ച മനോഹരഗാനങ്ങളുടെ വരികൾ കേൾക്കാതെ ഉറങ്ങുന്ന മുതലാളികൾ അത്യപൂർവ്വമാണ്. സ്ഥിരം യാത്രചെയ്യുന്ന എന്നേപ്പോലുള്ളവർ ഒരു ലോട്ടറി വിൽപ്പനക്കാരന്റെ അനൗൺസ്‌മന്റിനിടയിൽ നിന്നുപോലും ആ ശബ്ദം വളരെ പെട്ടെന്ന് തിരിച്ചറിയും. ഈ അനുഗ്രഹീത ഗായകനോടൊപ്പം ചെലവഴിക്കാൻ ലഭിച്ച അവസരം ജീവിതത്തിലെ അപൂർവ്വ സൗഭാഗ്യങ്ങളിലൊന്നാണ്.
ഏകദേശം ഒന്നര ഏക്കർ സ്ഥലത്താണ് പി.എം.ജോസ് 15 വീടുകൾ നിർമ്മിച്ചിരിക്കുന്നത്. അത്യാവശ്യം എല്ലാ സൗകര്യങ്ങളോടും കൂടിയ വാർക്കകെട്ടിടങ്ങൾ രൂപത്തിലും ഭാവത്തിലും എല്ലാം ഒന്നുപോലെ. എമിനൻസ് വില്ലേജ് എന്നാണ് അദ്ദേഹം ആ സ്ഥലത്തിനു നൽകിയിരിക്കുന്ന പേര്.
തുറന്ന വാഹനത്തിലാണ് യേശുദാസിനേയും വിശിഷ്ടാതിഥികളേയും സമ്മേളനനഗരിയിലേക്ക് ആനയിച്ചതു.
എമിനൻസ് വില്ലേജിന് അഭിമുഖമായി റോഡിന്റെ എതിർവശത്ത് കക്ഷിവഴക്കിനെത്തുടർന്ന് പൂട്ടിയിട്ടിരിക്കുന്നതിനാൽ മേൽക്കൂര തകർന്ന് ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രൈസ്തവ ദേവാലയം കണ്ടത് അദ്ദേഹത്തിന് ഹൃദയഭേദകമായിരുന്നു. ഉദ്ഘാടന പ്രസംഗത്തിനിടയിൽ യേശുദാസും അതു സൂചിപ്പിക്കുകയും ചെയ്തു.
ഇടതുവശത്തേക്കു നോക്കുമ്പോൾ എനിക്ക് അത്യന്തം അഭിമാനവും സന്തോഷവും തോന്നുന്നു. നിർദ്ധനരായവർക്കുവേണ്ടി ജോസ് സൗജന്യമായി നിർമ്മിച്ചു നൽകുന്ന അതിമനോഹരമായ വീടുകൾ. എന്നാൽ വലതുവശത്തേക്കു നോക്കുമ്പോൾ എന്റെ ഹൃദയം നുറുങ്ങുന്നു. ഈശ്വരചൈതന്യം തുളുമ്പി നിന്നിരുന്ന അനേക വർഷങ്ങൾ നിങ്ങളുടെ പൂർവ്വികർ ആരാധിച്ചിരുന്ന ഒരു ദേവാലയം കടവാവലിനും നരച്ചീറിനും സാമൂഹിക വിരുദ്ധർക്കും വിഹരിക്കുവാനുള്ള ഒരു സ്ഥലമായി മാറ്റിത്തീർത്തിരിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ചെന്നപ്പോൾ ആരാധനയ്ക്കും പ്രാർത്ഥനയ്ക്കുമായി വരുന്ന ആളുകൾ കുറവായതിനാൽ പൂട്ടിക്കിടക്കുന്ന പള്ളികൾ കണ്ടിട്ടുണ്ട്. പക്ഷേ അവ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ട രീതിയിലല്ല കാണപ്പെട്ടത്. ഒരു വിശുദ്ധസ്ഥലത്തിന്റെ പവിത്രത തോന്നിപ്പിക്കും വിധം മനോഹരമായി സംരക്ഷിക്കപ്പെടുന്ന നിലയിലാണ് അവ കാണുന്നത്. എന്നാൽ ഇതുപോലെ ഭയഹീനമായ ഒരു ദൃശ്യം കേരളത്തിലല്ലാതെ മറ്റെങ്ങും കാണാൻ കഴിയുമെന്നു തോന്നുന്നില്ല. ഞാൻ ഇതിനേക്കുറിച്ച് അറിയാവുന്നവരോടു വിശദാംശങ്ങൾ ചോദിച്ചപ്പോൾ ജീവിച്ചിരിക്കുമ്പോൾ പള്ളിയുടേയും പട്ടക്കാരന്റേയും പേരുപറഞ്ഞ് വഴക്കടിച്ചും തമ്മിൽ തല്ലിയും കഴിഞ്ഞിട്ട് ഒടുവിൽ മരിച്ചു കഴിയുമ്പോൾ അപ്പുറത്തും ഇപ്പുറത്തുമായി കിടക്കാനാണ് യോഗമെന്ന് ആരോ എന്നോടു പറഞ്ഞു. അതായത് ഇരുകൂട്ടർക്കും പള്ളി രണ്ടുണ്ടെങ്കിലും സെമിത്തേരി ഒന്നേയുള്ളു. അതിനാൽ വാശിയും വൈരാഗ്യവും ഉപേക്ഷിച്ച് നിങ്ങൾ ഇരുകൂട്ടരും കൂടെ ഒരു മനസ്സായി നിന്നുകൊണ്ട് ഈ പള്ളി പുനരുദ്ധരിക്കണം. നിങ്ങളുടെ അഭ്യുദയകാംക്ഷിയെന്ന നിലയിൽ എന്നാലാവുന്ന സഹായങ്ങൾ ഇക്കാര്യത്തിൽ ചെയ്യാനും ഞാൻ ഒരുക്കമാണ്.
യേശുദാസിന്റെ ശബ്ദം ആ പള്ളിപ്പരിസരത്ത് മാറ്റൊലിക്കൊള്ളുകയാണോ എന്നെനിക്കുതോന്നി. കേരളത്തിൽ കക്ഷിവഴക്കിനെത്തുടർന്ന് പൂട്ടിക്കിടക്കുന്ന ധാരാളം പള്ളികൾ ഉണ്ട്. എത്രയോ വർഷം പഴക്കമുള്ള പള്ളികൾ കടമറ്റം,കോലഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ എത്രയോ വർഷം പൂട്ടിക്കിടക്കുന്ന അവസ്ഥ നേരിട്ടു. നമ്മുടെ പിതാക്കന്മാർ കണ്ണീരോടെ പ്രാർത്ഥിച്ച ദേവാലയങ്ങൾ! അവ നിർദാക്ഷിണ്യം പൂട്ടിയിട്ട്,അതിന്റെ ഇടത്തും വലത്തും വേറെ പള്ളി വയ്ക്കുക. അതിനും വലിപ്പച്ചെറുപ്പം നോക്കുക. കാശിന്റെ ബലത്തിലാണ് കക്ഷികളുടെ മഹത്വം തെളിയിക്കുന്നത്. ഇവിടെ വിധവയുടെ ചില്ലിക്കാശിനെ ക്രൈസ്തവസമൂഹം വലിച്ചെറിയുകയാണ്. കർത്താവിനു കാശുവേണ്ട എന്ന തിരിച്ചറിവ് എന്നാണ് നമുക്കുണ്ടാവുക?
കേരളത്തിലെ പൂട്ടിക്കിടക്കുന്ന മുഴുവൻ ക്രൈസ്തവ ദേവാലയങ്ങളും ആരാധനയ്ക്കായി തുറന്നു കൊടുക്കുന്ന ഒരു സമാധാന അന്തരീക്ഷം സംജാതമാക്കാൻ മനസ്സുകൊണ്ട് ഈശ്വരനെ പ്രണമിക്കുന്ന മനുഷ്യർക്കേ കഴിയൂ. ഭക്തിയും ആരാധനയും അനുഷ്ഠാനങ്ങളും രാഷ്ട്രീയക്കാരുടെ പ്രകടനം പോലെ പൊലിപ്പിച്ചെടുക്കുന്ന പുതിയ രീതികളെ നിർമൂലനം ചെയ്യാൻ ഇവിടെ ഒരു വിശ്വാസ ശക്തി ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഈ ദേവാലയത്തിൽ എല്ലാത്തിനും സാക്ഷിയായി കർത്താവു നിൽക്കുന്നു. രണ്ടു കൂട്ടരും മാറിമാറി വച്ച പുതിയ പള്ളികളിൽ കേവലം ആൾരൂപങ്ങളേയുള്ളു. ആത്മാവുള്ള മനുഷ്യരില്ല. അതുകൊണ്ട് കർത്താവിന് അവിടെ പ്രവേശനവുമില്ല.
ദൈവത്തിന്റെ വാസസ്ഥാനത്തെ അശുദ്ധമാക്കിത്തീർത്ത കച്ചവടക്കാരെയും വാണിഭസംഘങ്ങളെയും അവിടെനിന്നും തുരത്തിയ കർത്താവ് ഈ ദേവാലയം ജീർണ്ണിച്ചു നിലംപൊത്തിയാലും ഇവിടെനിന്നും പോവില്ല. ഒരിക്കൽ ദൈവിക ശുശ്രൂഷകൾക്കും വി.കുർബ്ബാനയ്ക്കും കൂദാശകൾക്കും വേണ്ടി ഒരുക്കിയെടുത്ത സ്ഥലമാണിത്. ദൈവിക സാന്നിദ്ധ്യത്തെ തുടച്ചു കളയാനോ കഴുകി കളയാനോ സാധിക്കില്ലല്ലോ.
ഇല്ലാത്തവന്റെ പക്ഷം പിടിച്ചു കൊണ്ട് അവനു തലചായ്ക്കാൻ ഒരിടം ഉണ്ടാക്കിക്കൊടുത്ത പി.എം.ജോസിന്റെ എമിനന്റ്സ് വില്ലേജിനു അനുഗ്രഹമായി ഈ ദേവലായത്തിലെ ഈശ്വരസാന്നിദ്ധ്യം ഏക്കാലവും ഉണ്ടാവും.