Followers

Wednesday, January 27, 2010

പ്രേക്ഷക പങ്കാളിത്തം ആവശ്യപ്പെടുന്ന ചലച്ചിത്രകാരൻ: ഫെഡറിക്കോ ഫെല്ലിനി


m k chandrasekharan

വിചിത്രമായ ഭാവനകളാൽ മെനഞ്ഞെടുത്ത ശിൽപങ്ങൾ ലോകസിനിമാരംഗത്ത്‌ അജയ്യനായ ഫെഡറിക്കോ ഫെല്ലിനിയുടെ സിനിമകളെക്കുറിച്ച്‌ അങ്ങനെയാണ്‌ വിലയിരുത്തിയിട്ടുള്ളത്‌. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും ആത്മകഥയുടെ അംശങ്ങൾ അടങ്ങിയിരിക്കും. ജീവിതത്തിലെ ചില മുഹൂർത്തങ്ങൾ-യാഥാത്ഥ്യത്തിന്റെ തലംവിട്ട്‌ ഭ്രമാത്മകതയുടെ ലോകത്തേയ്ക്ക്‌ ഉയർത്തുന്നു ചിത്രീകരണം-അതായിരുന്നു ഫെല്ലിനി നടത്തിയിരുന്നത്‌. അവിടെ സാധാരണ പ്രേക്ഷകനേക്കാളുപരി അയാളുടെ ബുദ്ധിപരമായ ആസ്വാദനതലം കൂടി അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആവശ്യപ്പെടുന്നു.
1920 ജനുവരി 20-​‍ാം തീയതി ഇറ്റലിയിലെ 'റെമ്നി' എന്നഗ്രാമത്തിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം വിദ്യാഭ്യാസാനന്തരം കാർട്ടൂണിസ്റ്റായും പത്രപ്രവർത്തകനായും ജോലി ചെയ്തതിന്‌ ശേഷമാണ്‌ ചലച്ചിത്ര രംഗത്തേയ്ക്ക്‌ വരുന്നത്‌. നിയോറിയലിസത്തിന്റെ പ്രമുഖ വക്തവായിരുന്ന റോസല്ലിനിയുടെ 'റോം ഓപ്പൺ സിറ്റി'ക്ക്‌ തിരക്കഥയെഴുതിക്കൊണ്ടേയിരുന്നു, തുടക്കം.
1947 ലെ തിരക്കഥാ രചനയ്ക്ക്‌ ഓസ്കാർ നോമിനേഷന്‌ ഫെല്ലനിയുടെ പേര്‌ ശുപാർശ ചെയ്യപ്പെട്ടു. റോസല്ലിനിയുടെ തന്നെ രണ്ടാമത്തെ ചിത്രമായ, 1946-ൽ പുറത്തിറങ്ങിയ 'പൈസ' എന്ന ചിത്രത്തിന്റെ തിരക്കഥാ രചനയ്ക്കും അദ്ദേഹത്തിന്‌ ഓസ്കാർ നോമിനേഷൻ ലഭിക്കുകയുണ്ടായി. വേറെ പല സംവിധായകർക്കും വേണ്ടി പത്തോളം ചിത്രങ്ങൾക്ക്‌ തിരക്കഥാ രചനയിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്‌. ഏതാനും ടെലിവിഷൻ ചിത്രങ്ങൾക്കും തിരക്കഥകളെഴുതിയിട്ടുണ്ട്‌. ഇതിനു പുറമെ 'ദി മിറേക്കിൾ' എന്ന ചിത്രത്തിൽ ഒരു പുരോഹിതന്റെ വേഷവും കൈകാര്യം ചെയ്തു. സിനിമയ്ക്കും യഥാതലം ലഭിക്കുന്നതിനായി തന്റെ കറുത്തമുടി ബ്ലീച്ച്‌ ചെയ്യാനും അദ്ദേഹം തയ്യാറായി. തന്റെ മുപ്പത്‌ കൊല്ലത്തെ ചലച്ചിത്ര ജീവിതത്തിനിടയ്ക്ക്‌ 24 ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്‌. ഐവിറ്റോലിനി (1953), ലാസ്ട്രഡ(1954), ഇൽബിദോൻ (1955), ലാനോട്ടിഡി കാമ്പ്രിക (1957), ലാഡോർഡ്‌ വിറ്റ (1960), എക്സ്‌ ആൻഡ്‌ ഹാഫ്‌ (1963), ജൂലിയറ്റ്‌ ഓഫ്‌ ദി സ്പിരിറ്റ്സ്‌ (1965), ഹിസ്റ്ററീസ്‌ എക്സ്ട്രാ ഓഡിനറി (1968), ഫെല്ലിനി എഡയറക്ടേഴ്സ്‌ നോട്ട്ബുക്ക്‌ (1969), ക്ലൗൺസ്‌ (1970), റോമ (1972), അമർകോഡ്‌ (1973), സിറ്റി ഓഫ്‌ വുമൺ (1980), ജിഞ്ചർ ആൻഡ്‌ ഫ്രെഡ്‌ (1986), ഇന്റർവ്യു (1987) ഇവയാണ്‌ അവയിൽ പ്രധാനപ്പെട്ടവ. ഫെല്ലനിയുടെ ചിത്രങ്ങളിലെ ഭ്രമകൽപന കലർന്ന ആവിഷ്കാര രീതിക്ക്‌ ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നത്‌ 1954ൽ പുറത്തിറങ്ങിയ 'ലാസ്ട്രഡ' എന്ന സിനിമയാണ്‌. സ്നേഹത്തിന്‌ വേണ്ടി ദാഹിച്ച്‌ നടക്കുന്ന ഒരു പെൺകുട്ടി- ജെൽ സോമിന്ന-അവൾ ചെന്നു പെടുന്നത്‌ മുട്ടാളനും കാട്ടാളത്തം മുഖമുദ്രയുമായിക്കൊണ്ട്‌ നടക്കുന്ന സംപാനോ എന്ന സർക്കസുകാരന്റെ അടുക്കലാണ്‌. കേവലം തുച്ഛമായ തുകയ്ക്ക്‌ അയാൾ അവളെ, അവളുടെ അമ്മയുടെ പക്കൽ നിന്ന്‌ വാങ്ങുകയായിരുന്നു. ഒരു തെരുവ്‌ സർക്കസുകാരനായ സംപാനോയ്ക്ക്‌ സർക്കസഭ്യാസത്തിന്‌ കൂട്ടാളിയും സഹായിയുമായിട്ടാണ്‌ അവളെ വാങ്ങിയത്‌. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്ന തെണ്ടികളുടേയും അധസ്ഥിതരുടേയും പ്രതിനിധികളാണ്‌ സംപാനയും ജെൽസോമിനയും. പലപ്പോഴും ഇവരുടെ വികാരവിചാരങ്ങൾ ആശയവിനിമയത്തിന്റെ അഭാവംകൊണ്ട്‌ ഏറെ സങ്കീർണ്ണമായി മാറുന്നുണ്ട്‌. ക്രൂരമനസ്ഥിതിക്കാരനായ ഒരു കോമാളിയാണ്‌ സംപാനയെങ്കിൽ സകലജീവജാലങ്ങളോടും കുട്ടികളോടും പ്രാണിവർഗ്ഗത്തോടും എന്തിന്‌ ചെടികളോടും പ്രകൃതിയോടും വരെ സമഭാവനയോടും കാരുണ്യത്തോടും പെരുമാറുന്നവളാണ്‌ ജെൽസോലിന. കാവ്യത്മാകവും ആത്മീയവുമായ ഒരു നിഗോ‍ൂഢതലം ഈ സിനിമക്കുണ്ട്‌. താൻ കൊണ്ട്‌ നടക്കുന്ന സ്നേഹവും അനുകമ്പയും സമഭാവനയും മൂലം. അവളുടെ ജന്മം വിശുദ്ധമായ ഒന്നാണെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നു. നേരെ മറിച്ച്‌ സംപാനയാകട്ടെ അയാളുടെ കാട്ടാളത്തം നിറഞ്ഞ പ്രകടനവും നിഷ്ഠൂരമായ പെരുമാറ്റവും മൂലം, അയാൾ അയാളുടെ അസ്തിത്വം തന്നെ ജീർണ്ണമാക്കുകയാണ്‌. പക്ഷേ, സംപാനയുടെ അസ്തിത്വം പുനർജനിക്കാൻ ജെൽ സോമിഹയുടെ ആത്മത്യാഗം വഴിയൊരുക്കി. രോഗത്തിനടിമയായി മരിച്ച ജെൽസോമിനക്കാണ്‌, ജീവിച്ചിരുന്ന ജെൽസോമിനയേക്കാൾ കൂടുതൽ സ്നേഹം എന്ന യാഥാർത്ഥ്യത്തെ സംപാനോ മനസ്സിലാക്കുന്നു. മനുഷ്യർക്കിടയിൽ ആശയവിനിമയം അസാധ്യമായിത്തീരുന്നതിന്റെ ഫലമായി ജീവിതം തന്നെ കൈവെടിഞ്ഞ അവളുടെ സാന്നിദ്ധ്യം അയാളുടെ ഏകാന്തത്തയിൽ അനുഭവപ്പെടുമ്പോൾ അയാൾക്ക്‌ വന്നു ചേരുന്ന കുറ്റബോധം, അയാളെ പുതിയൊരു മനുഷ്യനാക്കി മാറ്റുന്നു. സ്നേഹരഹിതമായ ഒരു ജീവിതത്തിലൂടെ തനിക്ക്‌ നഷ്ടപ്പെട്ട യഥാതഥമായ കലാഭിരുചികൾ അവളുടെ ആത്മത്യാഗത്തിലൂടെ അയാൾ കണ്ടത്തുന്നു.
ജീവിതത്തിന്റെ നിർവ്വചനാതീതമായ രഹസ്യാത്മകതയുടെ പ്രതീകമായി ഫെല്ലിനി കടലിന്റെ സാന്നിദ്ധ്യം തുടക്കത്തിലും അവസാനത്തിലും കാണിക്കുന്നുണ്ട്‌. ഈ രണ്ടു രംഗങ്ങളിൽ മാത്രമാണ്‌ കടൽ സജീവസാന്നിദ്ധ്യമായി വരുന്നുള്ളു. രാത്രിസമയം മദ്യപിച്ച്‌ വശംകെട്ട്‌ കടൽത്തീരത്ത്‌ നക്ഷത്രങ്ങൾ ചിമ്മുന്ന ആകാശത്തിലേക്ക്‌ മിഴികൾ നട്ട്‌ മലർന്ന്‌ കിടക്കുന്ന അയാളുടെ ജീവിതം തന്നെ ഒരു ചൂതാട്ടമായിരുന്നു. ആ ചൂതാട്ടത്തിലൂടെ അടുപ്പമുള്ള സകലരും അയാളിൽ നിന്നകന്നിരിക്കുന്നു. താനെന്നും ഒറ്റയ്ക്കായിരുന്നുവേന്ന സത്യം അയാൾ മനസ്സിലാക്കുന്നു. പശ്ചാത്തലത്തിൽ ജെൽ സോമിന പാടാറുള്ള നേർത്ത വിഷാദഗാനത്തിന്റെ അലകൾ അയാളിലേക്ക്‌ തെന്നിവരുന്നു. ഈ നിമിഷംവരെ മൃദുലവികാരങ്ങൾക്ക്‌ തീരെ സ്ഥാനമില്ലാതിരുന്ന തന്റെ ഹൃദയത്തിൽ പുതിയൊരു വെളിച്ചം വന്ന്‌ കയറിയിരിക്കുന്നു. കാലം സമ്മാനിച്ച ഓർമ്മകൾ മാത്രമേ കൂട്ടിനൊള്ളുവേന്നറിയുമ്പോൾ, സ്വന്തം അസ്തിത്വത്തിന്റെ അനിവാര്യമായ പരിസമാപ്തിയിലേയ്ക്ക്‌ അയാൾ നടന്നടുക്കുകയാണ്‌. ലാസ്ട്രഡയിലെ ഈ അവസാനരംഗം മാത്രം മതി, ഫെഡറിക്കോ ഫെല്ലിനിയുടെ സ്ഥാനം ലോകസിനിമാരംഗത്ത്‌ ശാശ്വതീകരിക്കാൻ. ഫെല്ലിനിയുടെ മറ്റൊരു വിഖ്യാത സിനിമയാണ്‌ 1963-ൽ പുറത്തിറങ്ങിയ 'എയിറ്റ്‌ ആൻഡ്‌ ഹാഫ്‌' (8.5). ഒരു സംവിധായകൻ നേരിടുന്ന ആശയ ദാരിദ്രം - അതിന്റെ അന്വേഷണമാണ്‌ ഈ ചിത്രത്തിന്റെ പ്രമേയം. അതേസമയം, തന്റെ ബാല്യജീവിതത്തിലെ മറക്കാനാവാത്ത ചില ഓർമ്മകൾ, മതത്തെ സംബന്ധിച്ച്‌ അയാൾ കൊണ്ടുനടക്കുന്ന ചില സംശയങ്ങൾ ഇവയും തന്റെ ആത്മാംശമടങ്ങിയ ചിത്രത്തിൽ കാണാൻ കഴിയും. അവിടെ സ്നേഹവും സ്നേഹരാഹിത്യവും, തനിക്ക്‌ പിടിപെട്ടിട്ടുണ്ടോ എന്ന്‌ സംശയിക്കപ്പെടുന്ന ലൈംഗികകുഴപ്പങ്ങളും എല്ലാം ഒന്നൊന്നായി കടന്നുവരുന്നു. ഇവിടെ സംവിധായകന്റെ മനസ്സിലേക്ക്‌ കടന്നിറങ്ങി അയാളെ പിടികൂടുന്ന ഭീതിദമായ ചുറ്റുപാടുകളെ ക്യാമറ തന്നെ പിടികൂടുന്നതുപാലെ തോന്നാം. ഓർമ്മയും ഭ്രമകൽപനയും ഇടകലർന്ന മാജിക്കൽ റിയലിസത്തിന്റെ ചുവടുപിടച്ചുള്ള ആവിഷ്കാരം - അതാണ്‌ ഫെല്ലിനി സാധിച്ചെടുത്തത്‌. 'ഗിദോ' എന്ന്‌ പേരുള്ള ഈ സംവിധായകന്റെ മനസ്സിൽ കടന്ന്‌ വരുന്ന അന്തസംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ഭാവപകർച്ചകൾ പകർത്തിക്കാട്ടാൻ ക്യാമറമാന്റെ അകമഴിഞ്ഞ സഹായവും ഫെല്ലിനിയെ തുണച്ചിട്ടുണ്ട്‌. ഒരു സംവിധായകനെന്ന നിലയിൽ തനിക്കൊരു പുനരുദ്ധാരണം സാദ്ധ്യമാണോ എന്ന ഭയം കലർന്ന ഒരു സന്ദേഹമാണ്‌ അയാളെ പിടികൂടിയിരിക്കുന്നത്‌. തനിക്ക്‌ വന്നുപെട്ട ആലസ്യം, നിഷ്ക്രിയത്വം ഇവയൊക്കെ മറികടന്നുള്ള ഒരുയർത്തെഴുന്നേൽപാണ്‌ അയാൾ ലക്ഷ്യമിടുന്നത്‌. അങ്ങനൊരുയർത്തെഴുന്നേൽപ്‌ അയാൾക്ക്‌ ലഭിച്ചുവോ എന്നത്‌ പ്രേക്ഷകന്റെ ചിന്താഗതിക്ക്‌ വിട്ടുകൊടുത്തപോലെ തോന്നാം. പക്ഷേ, അങ്ങനെ പ്രക്ഷകന്റെ ചിന്താതലത്തെ ഉദ്ദേ‍ീപിപ്പിക്കുന്നതിന്‌ വേണ്ടിയാണോ എന്നറിയില്ല, ഇവിടെ ഫെല്ലിനി ഗിദ്ദോവിന്‌ ലഭിക്കുന്ന മനഃശാസ്ത്രചികിത്സയുടെ ഭാഗമായി നേടുന്ന ഒരുൾക്കാഴ്ച തന്മയീഭാവത്തോടെ വ്യാഖ്യാനിക്കുന്നതിന്റെ ഭാഗമായി ഏതാനും കള്ളന്മാർ ചേർന്ന്‌ ഒരു നൃത്തം അവതരിപ്പിക്കുന്നുണ്ട്‌. ഈ നൃത്തത്തിന്റെ കേന്ദ്രഭാഗത്ത്‌ സംവിധായകനുമുണ്ട്‌. അതുവഴി താൻ നിർമ്മിക്കാൻ പോകുന്ന സിനിമയുടെ അഭിനേതാക്കളെയും കണ്ടെത്തുകയാണ്‌ ഇവിടെ സാവകാശത്തിൽ സംവിധായകൻ അയാളുടെ ജോലി കണ്ടെത്തുന്നതിനായുള്ള ഇച്ഛാശക്തി വീണ്ടെടുത്തത്തായി വ്യാഖ്യാനിക്കാം. നഷ്ടപ്പെട്ടതെല്ലാം നേടിയെടുത്തുവേന്ന സൊ‍ാചന-ഇവിടെ സിനിമയുടെ അവസാനം എങ്ങനെയാണെന്ന്‌ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകന്‌ വിട്ടുകൊടുത്തിരിക്കുന്നു. ഫെല്ലിനിയുടെ പലചിത്രങ്ങളും പ്രേക്ഷകരുടെ ബുദ്ധിപരമായ ആഖ്യാനതലം ആവശ്യപ്പെടുന്നതാണ്‌. ഫെല്ലിനിയുടെ മിക്കചിത്രങ്ങളും ഉന്നതത്തലത്തിലുള്ള ആസ്വാദനതലം ആവശ്യപ്പെടുന്നതാണെങ്കിലും പ്രേക്ഷകരുടെ നിശിതമായ വിമർശനങ്ങൾക്കും അക്ഷേപങ്ങൾക്കും പാത്രമായ ഒരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്‌. 'ലാഡോൾസ്‌ വിറ്റ' ഒരു നൈറ്റ്‌ ക്ലബ്ബിൽ സ്ട്രിപ്റ്റീസ്‌ നൃത്തം ചെയ്ത ടർക്കിഷ്‌ ഡാൻസർ ഹാരിഷ്ണാനയുടെ ചിത്രം പത്രങ്ങളിൽ കണ്ടതോടെയാണ്‌, ഈ ചിത്രത്തെക്കുറിച്ചുള്ള ആശയം ഉടലെടുത്തത്‌. 1956 ലെ മെയ്‌ ദിനത്തിൽ സെന്റ്‌-പീറ്റേഴ്സ്‌ സ്ക്വയറിന്‌ മുകളിൽ ഒരു ഹെലികോപ്റ്ററിൽ നിന്ന്‌ ക്രിസ്തുവിന്റെ പ്രതിമ ഇറക്കുന്ന ദൃശ്യം കാണാനിടയായതും സ്ട്രിപ്പ്റ്റീസ്‌ ഡാൻസറുടെ പടം പത്രത്തിൽ വന്നതും ചേർത്ത്‌ പുതിയൊരാശയത്തിന്‌ രൂപം കൊടുക്കുകയായിരുന്നു. 'അനിതാ എക്ബർഗ്‌' എന്ന നടിയായിരുന്നു ഡാൻസറുടെ റോളിൽ വന്നത്‌. സെന്റ്പീറ്റേഴ്സ്‌ സ്ക്വയറിന്‌ മുകളിലെ കപ്പേളയിലേയ്ക്ക്‌ പ്രകോപനപരമായ രീതിയിൽ ഡ്രസ്സ്‌ ചെയ്ത്‌ നടന്നു കയറുന്ന ഒരുവൾ-തീർച്ചയായും ചിത്രം കടുത്ത മതവിശ്വാസികളെയും പുരോഹിത വർഗ്ഗത്തേയും അരിശം കൊള്ളിച്ചതിൽ അവരെ കുറ്റം പറയാനാവില്ല. ആ ചിത്രം പുറത്തിറങ്ങിയപ്പോൾ ടിക്കറ്റിന്റെ വില കരിഞ്ചന്തയിൽ കുത്തനെ ഉയർന്നതും അതുവരെ ഉണ്ടായിരുന്ന ബോക്സ്‌ ഓഫീസ്‌ റിക്കാർഡ്‌ തകർന്നതും അവരെ ക്രുദ്ധരാക്കി. സേൻസർ ബോർഡിന്റെ നടപടികൾക്ക്‌ വിധേയമാകുന്നതിന്‌ മുന്നേതന്നെ ആഭാസകരമായ സീനുകളുള്ള ചിത്രം കാണുന്നതിന്റെ തിരക്കായിരുന്നു. ടിക്കറ്റ്‌ കിട്ടാനായി ആൾക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്ന ചിത്രങ്ങൾ സഹിതമുള്ള വാർത്തകൾ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചതോടെ, ഫെല്ലിനിയുടെ അതുവരെ ഇറങ്ങിയ ചിത്രങ്ങളേക്കാൾ കൂടുതൽ സാമ്പത്തിക വിജയം നേടിയ ചിത്രം 'ലാഡോൻസ്‌ വിറ്റ' ആണെന്നത്‌ ഫലത്തിൽ അദ്ദേഹത്തിന്‌ കുപ്രസക്തിയാണ്‌ നൽകിയത്‌. 1960 ഫെബ്രുവരിയിൽ മിലനിലെ ഒരു പ്രദർശന ഹാളിൽ വച്ച്‌ ഈ ചിത്രം കണ്ട ഒരുവൻ ക്രൂദ്ധനായി അവിടെ സന്നിഹിതനായിരുന്ന ഫെല്ലിനിയുടെ മേൽ കാർക്കിച്ചു തുപ്പുകയുണ്ടായി എന്നത്‌ തന്നെ യാഥാസ്ഥിതികരെയും മതവിശ്വാസികളെയും എങ്ങനെ ചിത്രം പ്രകോപിപ്പിച്ചുവേന്നതിന്‌ തെളിവാണ്‌. അധിക്ഷേപിക്കുന്നവരുടേയും വിമർശകരുടേയും എണ്ണം ഏറിയപ്പോൾ ഈ ചിത്രം വീണ്ടും സേൻസർ നടപടിക്ക്‌ വിധേയമാക്കണമെന്ന്‌ വത്തിക്കാൻ ആവശ്യപ്പെട്ടു. റോമിലെ പുരോഹിതരുടെ സംഘടനചിത്രം നിരോധിക്കണമെന്നുവരെ ആവശ്യപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രത്തിന്‌ അനുകൂലമായി സംസാരിക്കാനും ആൾക്കാരുണ്ടായി. സാൻഫെഡെയിലെ ജെസ്യൂട്ടുകൾ ചിത്രത്തിന്‌ അനുകൂലമായി സംസാരിച്ചതു സഭാന്തരീക്ഷം വീണ്ടും കലുഷിതമാവാനേ സഹായിച്ചുള്ളു. കാണിലെ ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രത്തിന്‌ സ്പേഷ്യൽ പരാമർശം ലഭിച്ചുവേങ്കിലും ജൂറിമാരുടെയിടയിലും ഭിന്നാഭിപ്രായം വരികയുണ്ടായി. ഫെല്ലിനിയെപ്പറ്റിയുള്ള മറ്റൊരാക്ഷേപം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പല ഇമേജുകളും ദൃശ്യങ്ങളും ആവർത്തിക്കുന്നുവേന്നതാണ്‌. 8.5 ലിൽ കണ്ട കുള്ളന്മാരുടെ നൃത്തം അതിന്‌ മുമ്പിറങ്ങിയ ലാസ്ട്രയിലും ചിത്രീകരിച്ചതാണ്‌. വേറൊന്ന്‌ അദ്ദേഹം ഷൂട്ടിംഗ്‌ സമയത്തും തിരക്കഥ മാറ്റി എഴുതുന്നുവേന്നുള്ളതാണ്‌. ഒരു സിനിമയുടെ പെർഫെക്ഷന്‌ വേണ്ടി ചിലപ്പോൾ എഴുതപ്പെട്ട തിരക്കഥ മാറ്റിവച്ച്‌ വേറൊന്ന്‌ എഴുതിയെന്നിരിക്കും.
ഒരു ചിത്രം-അതിന്റെ കഥ എഴുതി സംവിധാനം ചെയ്യുക എന്നത്‌ തന്റെ ദേഹത്ത്‌ ബാധിച്ച അസുഖം പുറത്ത്‌ ചാടിക്കുന്നതിന്‌ തുല്യമാണെന്നാണ്‌. വേറൊന്നുകൂടി അദ്ദേഹം പറയുന്നു. തന്റെ ജീവിതത്തിൽ താൻ ആഗ്രഹിച്ചതും എന്നാൽ ഒരിക്കലും സാധിക്കാതെ പോയതും തന്റെ ഫിലിമിലേക്ക്‌ പകർത്താൻ ശ്രമിച്ചിട്ടുണ്ട്‌. തനിക്കൊരു പ്രണയജീവിതം ഉണ്ടായിട്ടില്ലെന്ന്‌ തുറന്ന്‌ പറയുന്ന ഫെല്ലിനി തന്റെ സിനിമയിലൂടെ പ്രണയിതാക്കളുടെ കഥ പറയാൻ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ, അത്‌ സാധാരണ സിനിമകളിലെ പ്രണയജീവിതമല്ല, പ്രേക്ഷകരുമായി സംവേദിക്കാനുതകുന്ന ഒരാസ്വാദനതലം സൃഷ്ടിക്കാൻ വേണ്ടി ഫാന്റസിയും റിയലിസവും കലർന്ന ആവിഷ്ക്കാരരീതി ലാസ്ട്രഡയിൽ താൻ പകർത്തിയത്‌ അത്തരമൊരു ആഖ്യാനരീതിയാണെന്ന്‌ ഫെല്ലിനി പറയുന്നു.
മേക്കിംഗ്‌ എ ഫിലിം (FARE UN FILM) എന്ന പുസ്തകത്തിൽ ഫെല്ലിനി അതിനെപ്പറ്റി പറയുന്നുണ്ട്‌. ആ സിനിമ തുടങ്ങിയ സമയത്ത്‌ ആശയക്കുഴപ്പമുണ്ടാകത്തക്ക അനിശ്ചിതത്വം കലർന്ന-മനസ്സിൽ കടന്നുകൂടിയ ഒരു വികാരം-അത്‌ വേദന കലർന്ന ഒരു മധുരവികാരമായി പടർന്ന്‌ തന്നെ വല്ലാതെ കുഴക്കി എന്ന്‌ പറയുന്നു. അത്‌ ഒരു നിഴൽപോലെ തനിക്ക്‌ മീതെ തങ്ങി നിൽക്കുന്നുവേന്ന തോന്നലിലായിരുന്നു. പിന്നീട്‌, ആശയം വളർന്ന്‌ വികസിച്ച്‌ സിനിമയാക്കി മാറ്റുകയായിരുന്നു! ലാസ്ട്രഡ. ഫെല്ലിനിയുടെ എല്ലാ ചിത്രങ്ങളും യാഥാർത്ഥ്യത്തിന്റെ തലംവിട്ട്‌ ഭ്രമാത്മകതയുടെ ലോകത്തേക്ക്‌ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുന്നതാണ്‌. പ്രേക്ഷകന്റെ പങ്കാളിത്തം വെറും സിനിമ കാണലിൽ ഒതുങ്ങുന്നില്ല. അവരുടെ ചിന്തയുടെ പങ്കാളിത്തം കൂടി ആവശ്യപ്പെടുന്നു. 1993 ഒക്ടോബർ 30 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.