Followers

Showing posts with label indirabalan. Show all posts
Showing posts with label indirabalan. Show all posts

Friday, July 5, 2013

മഹാമൌനം

ഇന്ദിരാബാലൻ

 കടുകുമണിക്കു സമാനം 
ചെറിയ വിത്തില്‍ നിന്നും 
ഉരുവം കൊണ്ട മഹാവൃക്ഷമേ 
(ചെറുതില്‍ നിന്നാണല്ലോ വലിയതിന്റെ ജന്മം)
കോടി വര്‍ഷം തപം ചെയ്ത 
  മഹാമുനിയുടെ മഹാമൌനവും പേറി 
നീ നില്‍ക്കുന്നു!
മണ്ണിന്നാഴങ്ങളിലേക്ക് വേടുകളിറക്കി 
സ്വയം നവീകരിച്ച് 
ആത്മവിശുദ്ധി ആര്‍ജ്ജിച്ച് 
ആയുസ്സിനെ അനാദിയാക്കുന്നെങ്കിലും 
നിന്നെ ഉന്മൂലനം ചെയ്യാന്‍ 
തമോരൂപികള്‍  അണിനിരക്കുന്നു 
പകരം ലാഭാക്കൊയ്ത്തുകള്‍ക്കായ് 
മണ്ണിന്റെ അവസാന ഈര്‍പ്പവും 
വലിച്ചെടുത്ത് 
ഊഷരമാക്കുന്നവര്‍ക്ക് 
സ്ഥാനമേകുന്നു 
തൊങ്ങലു പോലെ നില്‍ക്കുന്ന 
നിന്റെ ഇലകള്‍ 
അനുനിമിഷം ജപയജ്ഞത്തിലാണ് 
ഭൂമിയിലെ ക്രൂരഹത്യകള്‍ക്കെതിരെ 
അവര്‍ സദാ സമാധാനമന്ത്രമുരുവിടുന്നു !
മണ്ണിലെ സകല പ്രാണികള്‍ക്കും 
ആവാസവും, ആശ്രയവും, ഭക്ഷണവും 
 ഒരുക്കുന്ന  നിന്നെ... അറിയാതെ പോകുന്നവരെത്ര!
അധമവ്യാപാരങ്ങളില്‍ 
വ്യാപൃതരായവര്‍ക്ക് പോലും 
ചുമടുകളിറക്കി  നീ തണലേകുന്നു 
നീ പ്രസരിപ്പിക്കുന്ന 
ജീവവായുവിനെപ്പോലും 
അവരവഗണിക്കുന്നു 
ജീവമണ്ഡലത്തിന്നെയാകമാനം  
സന്തുലിതാവസ്ഥയുടെ 
ഏകത്വത്തിലേക്ക് നയിക്കുന്ന 
നിന്നിലാണല്ലൊ ഈ കാപാലികര്‍ 
ക്രൂരതയുടെ മഴുവെറിയുന്നത്  
അനുഭവങ്ങളെ കടഞ്ഞ് കടഞ്ഞ് 
അമൃതിനൊപ്പം 
കൊടും വിഷത്തെയും 
നീ മടിയാതെ സ്വീകരിക്കുന്നു 
ശ്രേഷ്ഠതയുടെ  പര്യായമായ 
അരയാലേ....നീ ഈ അജ്ഞരോടു പൊറുത്താലും ........!

Saturday, May 4, 2013

വർത്തമാനത്തിന്റെ ഇതിഹാസം-കെ.ആർ.മീരയുടെ“ആരാച്ചാർ”


                                                                 


ഇന്ദിരാബാലൻ
                        
കൊൽക്കത്തയുടെ ചരിത്ര സാമൂഹ്യ രാഷ്ട്രീയ പശ്ച്ച്ചാത്തലത്തിൽ നിന്നുകൊണ്ട്‌ വാർത്തെടുത്ത കെ.ആർ.മീരയുടെ “ആരാച്ചാർ” എന്ന നോവൽ മനുഷ്യജീവിതത്തിന്റെ സമസ്തശക്തി ചൈതന്യങ്ങളും ആവാഹിച്ചെടുത്തിട്ടുണ്ട്‌. ഇതിലെ കഥാപാത്രാവിഷ്ക്കരണത്തിന്റെ മികവിൽ ഓരോ കഥാപാത്രങ്ങളും മായാതെ മനസ്സിൽ  തങ്ങിനില്ക്കുകയും, പ്രചോദിപ്പിക്കുകയും, സംവേദനക്ഷമത വികസിപ്പിക്കുകയും ചെയ്യുവാൻ പര്യാപ്തമാകുന്നു.“ആരാച്ചാർ ” എന്നു കേൾക്കുമ്പോൾ ‘പുരുഷൻ’ എന്ന പഴയ വ്യവസ്ഥാപിത ബോധത്തെ മാറ്റിമറിച്ച്‌ “ചേതനാ ഗൃദ്ധാ മല്ലിക്” എന്ന യുവതി ആരാച്ചാരാകുന്നതിന്റെ സ്ത്രീപക്ഷവീക്ഷണം ശക്തമായി പ്രതിപാദിക്കുവാനും നോവലിസ്റ്റു ശ്രമിക്കുന്നു. കാരണം സ്ത്രീകളെ  പീഡിപ്പിക്കുന്ന പുരുഷവർഗ്ഗത്തിന്നെതിരെ തന്റെ ചിന്തയിലൂടെ  രാകിയെടുത്ത മൂർച്ചയേറിയ ചോദ്യശരങ്ങൾ ചേതനയിലൂടെ തൊടുത്തുവിടാൻ കഴിയുന്നുണ്ട്‌.കൊല്ക്കത്തയുടെ ഓരോ മുക്കിലും മൂലയിലും ഉള്ള ഭിന്നതലവർത്തികളായ മനുഷ്യജീവിതങ്ങൾ അവരവരുടെ ചരിത്രവും, പാരമ്പര്യവും, വർത്തമാനങ്ങളും കൊണ്ട്‌ നിരവധി അറകൾ സൃഷ്ടിക്കുന്നു. വ്യക്തികളുടെ ഉപബോധമനസ്സിലും, അബോധമനസ്സിലും ഉറങ്ങിക്കിടക്കുന്ന അനുഭവങ്ങൾ ഇന്ദ്രജാലവൈഭവത്തോടെ ബോധതലത്തിൽ കൊണ്ടുവന്ന്‌ നടത്തുന്ന ഒരു വെല്ലുവിളി തന്നെയാണ്‌ ഈ കൃതിയുടെ രചന എന്നു നിസ്സംശയം പറയാം.

കേന്ദ്രകഥാപാത്രമായ "ചേതനാ ഗൃദ്ധാ മല്ലിക്കിലൂടെ "ഇന്ത്യൻസ്ത്രീത്വത്തിന്റെ ചിന്തയുടെയും, ബോധത്തിന്റേയും അനർഗ്ഗളപ്രവാഹമാണ്‌ അനാവരണം ചെയ്യുന്നത്‌. ഒരു ആരാച്ചാർ കുടുംബത്തിന്റെ കഥ പറയുന്നതിലൂടെ അഴിഞ്ഞുവീഴുന്നത് നിരവധി ഉപകഥകളാണ്‌. അതിലൂടെ ഭരണകൂടത്തിന്റെ ചാണക്യതന്ത്രങ്ങളുടെ കുരുക്കിൽ    എങ്ങിനെയൊക്കെ സമൂഹം/ ജനങ്ങൾ ഇരകളാക്കപ്പെടുന്നു എന്നും അനാവൃതമാകുന്നു. 

“യതീന്ദ്രനാഥ ബാനർജിയുടെ ദയാഹർജി തള്ളി” എന്ന വാർത്ത തുടങ്ങുന്നതിലൂടെയാണ്‌ നോവലിനു നാന്ദി കുറിക്കുന്നത്‌. ‘വധശിക്ഷ’ എന്ന വിഷയത്തിന്റെ സങ്കീർണ്ണതകൾക്കിടയിലൂടേയും,ബഹുമുഖങ്ങളുടെ സംഭവബഹുലമായ ജീവിതപാഠങ്ങളിലൂടെയും   നോവലിന്റെ ഇതളുകൾ വിടരുന്നു.  സമൂഹത്തിൽ നിലനില്ക്കുന്ന വിവേചനങ്ങളും, മനുഷ്യജീവിതങ്ങളുടെ ഉൾപ്പൊരുളുകളും, ജീവിതങ്ങളിൽ വലിഞ്ഞുകേറി ഇത്തിൾക്കണ്ണികളാകുന്ന കറുത്ത ഏടുകളും,പാടുകളും , ഒരു മരണം മറ്റു പല ജീവിതങ്ങൾക്കും ജീവിതോപാധിയായിത്തീരുന്ന സമസ്യകളും എല്ലാം ചേർന്ന് ബീഭൽസമായ സത്യത്തിന്റെ പാതയിലൂടെ നടന്നെത്തുമ്പോൾ ,ഓരോ നിമിഷവും മനുഷ്യജീവിതത്തിന്റെ നശ്വരതയെക്കുറിച്ചോർക്കാതിരിക്കാനോ, സംഘർഷഭരിതമാവാതിരിക്കാനോ ആവില്ല.

സൊനാഗച്ചി എന്ന ചുവന്ന തെരുവും,അതിന്നപ്പുറം ദേവീദേവൻ മാരുടെ വിഗ്രഹങ്ങൾ വില്ക്കുന്ന കൊമാർതുളിയും,മച്ചുവാ ബസാറും, ട്രാമുകൾ ഇഴയുന്ന രബീന്ദ്രനാഥ ടാഗോറിന്റെ തറവാടു വീടും, അച്ചടിപ്രസ്സുകളും, പിച്ചാത്തികളും, എല്ലാം കഥകളുറങ്ങിക്കിടക്കുന്ന ദ്വീപുകളുടെ സിരാകേന്ദ്രങ്ങളാകുന്നു. രാത്രിയെന്നോ, പകലെന്നോ ഭേദമില്ലാതെ വീടിനു മുമ്പിലൂടെ വിലാപയാത്രക്കാരും, ചുമട്ടുകാരും, ക്ഷുരകന്മാരും, ചെരുപ്പുകുത്തികളും ,ചെവിത്തോണ്ടിക്കാരും, കച്ചവടക്കാരും, പിച്ചക്കാരനുമൊക്കെ തിക്കിത്തിരക്കിനടക്കുമ്പോൾ വായനക്കാരനും അവരിലൊരുത്തനായി മാറുന്നു. വൈരുദ്ധ്യത്തിന്റെ ബിംബകല്പ്പനകൾ വിളിച്ചോതുന്ന നെയ്യിലും, സൂര്യകാന്തിയെണ്ണയിലും മൊരിയുന്ന മധുര പലഹാരത്തോടൊപ്പം, വിറകിൻ ചിതയിലെരിയുന്ന മൃതദേഹങ്ങളുടേയും ഗന്ധം അവിടെയുള്ളവർക്കിടയിൽ ഇടകലർന്നു ചൂഴ്ന്നുനില്ക്കുകയും, പരിചിതങ്ങളുമാവുന്നു. അവരുടെ ജീവിതത്തോടൊപ്പം ഈ മണങ്ങളും സമരസപ്പെട്ടു കിടക്കുന്നു.വീട്ടുപടിക്കലിലൂടെ നിരന്തരക്കാഴ്ച്ചയായി മാറുന്ന ശവവണ്ടികളുടെ ഘോഷയാത്ര ജീവിതത്തെ നിസ്സാരവല്ക്കരിക്കുന്ന ബോധമുരുത്തിരിയുവാൻ കാരണമാകുന്നു. മനുഷ്യന്റെ അൽപ്പത്വത്തിനും, അഹങ്കാരത്തിനും, പ്രത്യക്ഷത്തിലല്ലെങ്കിലും, പരോക്ഷമായി പത്തി മടക്കിപ്പിക്കാൻ ഈ എഴുത്തുകാരിയുടെ തൂലിക ചലിക്കുന്നുണ്ട്‌.

അവിടവിടെ പ്രതിപാദിക്കുന്ന കഥകൾ പുരാണകഥകളുമായി സാത്മീഭവിക്കുന്നു. ഉദാഹരണത്തിന്‌ ദക്ഷയാഗവേദിയിൽ ആത്മാഹുതി ചെയ്ത സതിയുടെ ശരീരവും കൊണ്ട്‌ പരമശിവൻ  താണ്ഡവമാടുന്നു എന്നതിലും, മഹാവിഷ്ണു ആ ശരീരം സുദർശനചക്രത്താൽ ഛിന്നഭിന്നമാക്കിയതിലുമെല്ലാം അതു കാണുന്നു. സതീദേവിയുടെ ശരീരം പതിനെട്ടിടത്തു തെറിച്ചു വീണതിൽ നിന്നും പഴങ്കഥകളും, ഐതിഹ്യങ്ങളും,ചരിത്രങ്ങളും, സ്ഥലനാമങ്ങളും പുനർജ്ജനിക്കുന്നു. ദേവി സതിയുടെ വലതുകാലിലെ തള്ളവിരൽ വീണ സ്ഥലമാണ്‌ “കാളിഘട്ട്”  എന്നത് സ്ഥലത്തിന്റെ ഭൂമിശാസ്ത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌. ആദിമ ചരിത്രത്തിന്റെ അടിവേരുകളിലേക്ക് ചൂഴ്ന്നിറങ്ങി നിരീക്ഷണദൌത്യത്തോടെ രചിക്കപ്പെട്ട ഈ നോവൽ “വർത്തമാനത്തിലെ ഇതിഹാസം” എന്നു വിശേഷിപ്പിക്കുന്നതിൽ തെല്ലും അതിശയോക്തി ഇല്ല.
ആ സ്ഥലത്തെ ആദ്യതാമസക്കാർ കാളിയെപ്പോലെ അധർമ്മത്തിന്നെതിരെ പടവാളെടുക്കുന്ന ആരാച്ചാരന്മാരുടെ കുടുംബമാണെന്നും അറിയുമ്പോൾ നോവലിന്റെ തുടക്കത്തിൽ കുറിച്ചിട്ട പശ്ച്ചാത്തലവും , ജീവിതരംഗങ്ങളും കൂടുതൽ ഇഴയടുപ്പമുള്ളതാവുന്നു. ഇവിടുത്തെ ആദ്യ ആരാച്ചാരായ “രാധാരമൺ മല്ലിക്‌”നെക്കുറിച്ചു പറയുമ്പോൾ  ഥാക്കുമാ(മുത്തശ്ശി) എന്ന കഥാപാത്രത്തിന്‌ അഭിമാനമേറെയാണ്‌. കാരണം നീതിക്കു വേണ്ടി ചെയ്യുന്ന പോരാട്ടമാണ്‌ തങ്ങളുടെ കുടുംബത്തിന്റെ ചരിത്രവും, വർത്തമാനവും എന്ന് ആ വൃദ്ധ വിലയിരുത്തുന്നു.

മനസ്സു നിറയെ പൂവരശു പൂത്ത് കാല്പ്പനിക സ്വപ്നത്തിടമ്പേന്തി നിന്നിരുന്ന ഒരു കലാഹൃദയത്തിന്നുടമയാണ്‌ ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ആദ്യ ആരാച്ചാരായി  മാറുന്നതെന്ന അറിവ് ജീവിതത്തിന്റെ സൂക്ഷ്മവും, നിഗൂഢവും ആയ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. കലാകാരൻ മാത്രമല്ല, രോഗികളെ  ശുശ്രൂഷിക്കുന്ന ഒരു വൈദ്യൻ കൂടിയായിരുന്നു ഈ കഥാപാത്രം. പിന്നീട് ജീവിതത്തിന്റെ പരിണാമദശയിൽ ഈ കഥാപാത്രം മൂന്നാമത്തേയും, നാലാമത്തേയും കശേരുകൾ ക്കിടയിൽ കുരുക്കിട്ടു പൂവരശിന്റെ പൂവൊടിക്കുന്നതിനേക്കാൾ എളുപ്പത്തിൽ മനുഷ്യശിരസ്സൊടിക്കാൻ പ്രാപ്തനാവുന്നു. . മുത്തശ്ശിക്കഥകളെ അനുസ്മരിപ്പിക്കുന്ന ഥാക്കുമാ അടിവരയിട്ടു പലപ്പോഴും അതിന്‌ സാന്ത്വനോക്തികൾ  നല്കി ഇങ്ങിനെ പറയുന്നു,“ അതു നമ്മുടെ തൊഴിലാണ്‌,നമ്മൾ കൊല്ലുന്നത്‌ നീതിക്കു വേണ്ടിയാണ്‌”.രാധാരമൺ പിതാമഹൻ വൈദ്യനായിരുന്നപ്പോൾ അദ്ദേഹം സേനാനായകന്റെ ജീവൻ രക്ഷിച്ചു. ആരാച്ചാരായപ്പോൾ അയാളെ തൂക്കിലേറ്റി.തന്റെ മുമ്പിലെത്തുന്ന ശത്രുവിനേയും ചികിൽസിച്ചു ഭേദപ്പെടുത്തുകയാണ്‌ വൈദ്യന്റെ ജോലി. തെറ്റു ചെയ്താൽ സ്വന്തം മകനേയും ശിക്ഷിക്കുകയാണ് ആരാച്ചാരുടെ ജോലി. ഒരു ജോലിയും മോശമല്ല, പാപവുമല്ല...എന്നു ഥാക്കുമാ പറയുമ്പോൾ കൃത്യം ചെയ്യുന്നവരുടെ മനസ്സാക്ഷിതന്നെയാണ്  ഈ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് മനസ്സിലാവുന്നു. ഇടക്കിടക്കു ചോർന്നു പോകുന്ന മനുഷ്യമനസ്സിനെ കടിഞ്ഞാണിട്ട് നിർത്തി കരുത്തു പകരുന്നതിന്റെ പ്രതീകമാകുന്നു ഥാക്കുമാ. അവിടെ  യാതൊരു വിധ നീക്കുപോക്കുകൾക്കോ  വിട്ടുവീഴ്ച്ചകൾക്കോ  ഇടമില്ല. ഥാക്കുമാ ആദ്യന്തം പറയുന്ന വാക്കുകളെല്ലാം കേവലങ്ങളല്ല, ലോകം കണ്ട കാലത്തിന്റെ വാക്കുകൾതന്നെയാണ്‌.അനുഭവത്തിന്റേയും,അറിവിന്റേയുംവേടുകൾഅവരിലാഴ്ന്നിറങ്ങിയിരിക്കുന്നു.
കുടുംബത്തിലെ ആദ്യ ആരാച്ചാരായ പിതാമഹന്റെ കുലപ്രവൃത്തിയിൽ അഭിമാനം കൊള്ളുകയും, സ്നേഹിച്ചും ലാളിച്ചും പേടിക്കേണ്ടെന്ന് സാന്ത്വനിപ്പിച്ചും സ്വന്തം മകനെ സ്ക്കൂളിലേക്കു പറഞ്ഞയക്കുന്ന ലാഘവത്വത്തോടെ പ്രതികളെ  മരണക്കുരുക്കിട്ട് പറഞ്ഞയക്കുന്ന പിതാമഹന്റെ കൈകൊണ്ടു മരിക്കുന്നതു ഭാഗ്യമാണെന്നുപ്പോലും അവർ(കുടുംബക്കാർ) കരുതുന്നു. പിതാമഹനു കിട്ടിയ സമ്മാനങ്ങളി ൽ ഒരു ക്ളാവു പിടിച്ച സ്വർണ്ണനാണയം കുടുംബപാരമ്പര്യത്തിന്റെ ഓർമ്മക്കായി, തെളിവായി ഥാക്കുമാ സൂക്ഷിച്ചു വെക്കുന്നു.
ഇപ്പോൾ ഥാക്കുമായുടെ മകനായ ഫണിഭൂഷൺഗൃദ്ധാ മല്ലിക്കിനുശേഷം ആരാച്ചാർ തസ്തിക തുടരേണ്ടത് മകളായ ചേതനയാണ്‌. അച്ഛൻ തൂക്കിക്കൊന്നവരുടെ ബന്ധുക്കൾ ചേതനയുടെ മിടുക്കനായ സഹോദരനെ ആക്രമിച്ചു ശയ്യാവലംബിയാക്കി. എനി ആ കുടുംബത്തിന്റെ തൂണായി മാറേണ്ടത് ചേതനയാണ്‌. വധശിക്ഷ നീതി നടപ്പാക്കൽ മാത്രമല്ല, അധികാരത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണെന്ന ഥാക്കുമാ ഭുവനേശ്വരിയുടെ വാക്കുകൾ തീപ്പൊരി പോലെ ഇടക്കിടെ അവളുടെ കർണ്ണങ്ങളിൽ പതിച്ചുകൊണ്ടിരുന്നു. ഇറച്ചിവെട്ടുകാരനേക്കാൾ വേഗതയോടെയും, കൃത്യതയോടേയും ദിവസേന നൂറുകണക്കിനാളുകളുടെ തല വെട്ടിയും, തൂക്കിലേറ്റിയും ശിക്ഷിച്ച പിതാമഹന്റെ കഥകൾ കേട്ടവളുറങ്ങി. കുരുക്കിടാനുപയോഗിക്കുന്ന കയറിനെ മെരുക്കേണ്ടത് പഴമോ, എണ്ണയോ, മെഴുകോ ഉപയോഗിച്ചാണെന്നു ദിവസേനയുരുവിട്ടപ്പോൾ  വീട്ടിലൊരു പലഹാരം ഉണ്ടാക്കുന്ന ലാഘവത്വത്തോടെ ചേതനയും അതെല്ലാം പഠിച്ചു. നിതാന്ത പരിചയത്താൽ അന്യമായതും  സ്വന്തമാവുന്നു എന്ന അവസ്ഥയിലേക്ക് ചേതനയും എത്തുന്നു. .
ഭർത്താവിനുശേഷം മകളെ ആരാച്ചാരായി നിയമിക്കണമെന്നു പറയുമ്പോൾ, സ്വന്തം മകനും  ഭർത്തൃപ്രവൃത്തിയാൽ ദുരിതക്കയത്തിലാണ്ടുകിടക്കുന്നതും, മകളെ സ്നേഹിക്കുകയും ചെയ്യുന്ന ഒരമ്മക്കു അതുൾക്കൊള്ളാനാവുന്നില്ല. ഒരു നല്ല കുടുംബിനിയും, ഭാര്യയും, അമ്മയുമായി ജീവിക്കാൻ കൊതിച്ച അവർക്കു നേരെ വിധി കൊഞ്ഞനം കുത്തുന്നു. മദ്യത്തിന്റേയും, അടുക്കളയിൽ വേവുന്ന മൽസ്യത്തിന്റേയും, ശ്മശാനത്തിലെരിയുന്ന ചിതയുടെയും സമ്മിശ്ര ഗന്ധങ്ങൾ ചേതനയുടെ മൂക്കിലേക്കിരക്കുന്നതിന്നൊപ്പം വായനക്കാരനേയും ആ തീക്ഷ്ണഗന്ധം അലട്ടുന്നു. അതിനിടയിൽ വേദനകളും , പായ്യാരങ്ങളും, അവനവനോടു തന്നെ പറഞ്ഞും കരഞ്ഞും, യുദ്ധം ചെയ്തും ഭർത്താവിന്റെ അടിയേറ്റ് ചോരയൊലിക്കുന്ന മൂക്കുമായി ഭർത്താവിനുവേണ്ടി മൽസ്യം പാകം ചെയ്യുന്ന ചേതനയുടെ അമ്മയുടെ ചിത്രം നിസ്സഹായതയുടെ നിഴൽ വിരിക്കുന്നു.
സ്ത്രീപുരുഷ സമത്വത്തിന്റെ പേരും പറഞ്ഞ് ഇറങ്ങുന്ന മഹിളാ മണികളെ  മീര ആക്ഷേപഹാസ്യത്തോടെ ചിത്രീകരിക്കുന്നു. ചേതന ആരാച്ചാരായി ജോലി ഏറ്റെടുത്താൽ അത്‌ സ്ത്രീസമൂഹത്തിനു തന്നെ അഭിമാനമാണെന്നും പറഞ്ഞുവരുന്ന വനിതാസംഘടനയുടെ മേധാവി“സുമതി സ്ങ്ങിനെ” അവതരിപ്പിക്കുന്നത്‌ ഒരു സൊസൈറ്റിലേഡിയുടെ പരിവേഷത്തോടുകൂടിയാണ്‌. സ്ത്രീപുരുഷ സമത്വം എന്ന ഭരണഘടനാനിയമത്തിനെ സ്ഥാപിച്ചെടുക്കാൻ മാത്രം ഇറങ്ങിത്തിരിച്ചവർ. ജീവിതത്തിന്റെ സങ്കീർണ്ണപ്രശ്നങ്ങൾക്കിടയിൽ നരകയാതനയനുഭവിക്കുന്ന യഥാർത്ഥസ്ത്രീപ്രശ്നങ്ങൾ ഇക്കൂട്ടക്കാർക്കറിയേണ്ടതില്ല. ഒരു സ്ത്രീ ആരാച്ചാരായാൽ അതൊരു ലോക റിക്കാർഡായിരിക്കാം. ഇതു മുഴുവൻ സ്ത്രീലോകത്തിന്റെ പ്രശ്നമാണെന്നു പറയുന്ന സംഘടനാഭാരവാഹികൾ(അധികാരമോഹികൾ) മറ്റുള്ളവരുടെ പ്രയത്നത്തേയും, തളർച്ചയേയും ഏണിപ്പടികളാക്കി സ്ഥാനമാനങ്ങൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പരിഷ്കൃതസമൂഹത്തിന്റെ സന്തതികളാണ് . അവർക്കു   നേരെ നോവലിസ്റ്റ് അക്ഷരങ്ങളുടെ ആവനാഴി എയ്യുന്നു.

സമകാലിക ജീവിതത്തിൽ നിറഞ്ഞുകവിയുന്ന അപ്രസക്ത വാർത്തകളുടെ അതിപ്രസരവും,അതിവൈകാരികത സൃഷ്ടിക്കുന്ന ലോകത്തേയും നിസ്സഹായരുടെ ജീവിതപ്രശ്നങ്ങളെ  വെട്ടിനുറുക്കി ഒരു വാർത്തയെ ആയിരം വാർത്തകളായി ജനമധ്യത്തിലേക്കെത്തിക്കുന്ന സാങ്കേതികമില്ലായ്മയുടെ ചിത്രവും പലയിടങ്ങളിലായി ഒരു പത്രപ്രവർത്തകകൂടിയായിരുന്ന നോവലിസ്റ്റു  അനായസേന കോറിയിടുന്നു. നിർദ്ധനരും, പീഡിതരുമായ കുടുംബങ്ങളുടെ ചരിത്രത്തേയും, പശ്ച്ചാതതലത്തേയും പഠിച്ച് വിറ്റ് കാശാക്കി പേരെടുക്കുന്ന കച്ചവടവല്ക്കൃത സമൂഹത്തിന്റെ നഗ്ന ചിത്രമാണിതിലൂടെ തെളിയുന്നത്‌. വൈകാരികവും, തീക്ഷ്ണവുമായ പ്രതിസന്ധികളെ  തരണം ചെയ്യുമ്പോൾ ഹൃദയം പിളർക്കുമാറുള്ള അനൌചിത്യത നിറഞ്ഞ അഭിമുഖങ്ങൾക്കു നേരേയും വാളോങ്ങുന്നു. ഒപ്പം തന്നെ നടമാടുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഉൾപ്പോരുകളും  ,താൽപ്പര്യങ്ങളും, കോർപ്പറേറ്റ് മുതലാളിത്തവും,  സത്യസന്ധയില്ലായ്മയും എല്ലാം ചേതനയുടെ ജീവിത മുഹൂർത്തങ്ങളിലൂടെ വൈകാരികതയോടെ  മീര അവതരിപ്പിക്കുന്നു. .എന്തിനു കൊന്നെന്നും, എന്തിനു മരിച്ചെന്നും അറിയാതെ വാ പിളർന്നു നില്ക്കുന്ന നിഷ്ക്രിയ സമൂഹത്തിനൊപ്പം വായനക്കാരനുള്ളിലും മൌനം ഘനീഭവിക്കുന്നു. 

അതുപോലെ പ്രസക്തമാർന്ന മറ്റൊരു വിഷയമാണ്‌ പട്ടിണിമരണങ്ങൾ. പോഷകാഹാരക്കുറവു മൂലം ,ഒരു കാറ്റടിച്ചാൽ പോലും കുട്ടികൾ  മരിച്ചുവീഴുന്നതിനെ രോഗകാരണങ്ങളാക്കി മുദ്ര കുത്തുന്നു. ശരീരത്തിൽനിന്നും പ്രാണികൾ ഇറങ്ങിവരുന്ന രോഗിയായ  ഒരു കുട്ടിയെ പറ്റി  ഇവിടെ മാധ്യമസമൂഹം ആഘോഷിക്കുന്ന കാഴ്ച്ച അതിദയനീയമാകുന്നു. വാർത്തകൾ അവിശ്വാസത്തോടേയും, കൌതുകത്തോടെയും വീക്ഷിക്കുന്നവർ ഒരു ഭാഗത്ത്‌. അപൂർവരോഗത്താൽ മരിച്ച കുട്ടിയുടെ അമ്മയുടെയോ, ബ്നധുക്കളുടേയൊ വേദനയുടെ ആഴം ആർക്കും അളക്കേണ്ട കാര്യമില്ല. അതിഭാവുകത്വം തോന്നാവുന്ന വിവരങ്ങളാണെങ്കിലും അതും സംഭവിക്കാവുന്ന ഒരു സാമൂഹിക പരിതസ്ഥിതിയിലേക്ക് കാലവിളംബമില്ലാതെ നാമെത്തിപ്പെടും എന്ന   ബോധം ജനിക്കേണ്ടതാണ്‌. മരിച്ച കുട്ടിയുടെ വായിൽ നിന്ന്‌ ചാഴികളും , കണ്ണുകളിൽ  നിന്ന്‌ മഞ്ഞ ചിതലുകളും , കാതുകളിൽ നിന്ന്‌ മൂളുന്ന ഈച്ചകളും, മൂത്രനാളിയിൽ നിന്ന്‌ തൂവെള്ള ശലഭങ്ങളും പുറത്തു വരുന്നു.മരിച്ചപ്പോൾ  സംസ്ക്കരിക്കാൻ പണമോ, സ്ഥലമോ ഇല്ലാത്തതിനാൽ ഒരു വള്ളത്തിൽ കയറ്റി മൃതദേഹം നദിയിലേക്ക്  തള്ളിയിടുന്നു എന്നു വായിക്കുമ്പോൾ ക്രൂരമായ ആസന്നഭാവിയുടെ അപകടാവസ്ഥ മണക്കേണ്ടിയിരിക്കുന്നു. പാവങ്ങൾക്ക് ജനിച്ചുവീഴാൻ തന്നെ ഇടമില്ലാതാകുന്ന ഒരു വികസനനയത്തിലേക്ക് ഇന്ത്യ എത്തിപ്പെടാം എന്ന ആശങ്കയും നിഴലിക്കുന്നു. ഒപ്പം തന്നെ വാർത്തകൾ അതിസമർത്ഥമായി വളച്ചൊടിക്കപ്പെടുന്നതിലേക്കും വർത്തമാനകാലം എത്തിനില്ക്കുന്നു. ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോഴും ഇതു വെറുമൊരു നോവലല്ല ചുറ്റുമുള്ള  യാഥാർത്ഥ്യങ്ങളാണെന്നു നാം അറിയേണ്ടിയിരിക്കുന്നു. ജീവിതം നഷ്ടപ്പെടുന്നവരുടെ സംഭവവ്യഥകൾ ചാനലുകൾ ഉൽസവങ്ങളായി ആഘോഷിക്കുന്നു. അവരുടെ ചൂണ്ടയിൽ ഇരകൾ  കുടുങ്ങിക്കൊണ്ടിരിക്കുന്നു. ഒപ്പം പിടയുന്നഒരു പിടി  നിസ്സഹായ മനുഷ്യരും. മാധ്യമധർമ്മത്തിന്റെ ആത്മാർത്ഥത കൈമോശം വരുന്നത് ഇവിടെ ദർശിക്കാം.

അഹങ്കാരത്തിന്റേയും, അധീശത്വത്തിന്റേയും പ്രത്യക്ഷരൂപമാണ്‌“സഞ്ജീവ്കുമാർ മിത്ര”യെന്ന കൌശലബുദ്ധിക്കാരനായ ചാനൽ ഫോട്ടോഗ്രാഫർ.വളർന്നു വന്ന കയ്പ്പേറിയ ജീവിതചുറ്റുപാടുകളിൽ നിന്നും പുതിയ ജീവിതന്ത്രങ്ങൾ മെനഞ്ഞും, പഠിച്ചും, പയറ്റിയും വ്യവസ്ഥകളെയെല്ലാം പൊളിച്ചെഴുതി, സ്വാർത്ഥതാല്പ്പര്യത്തിന്റെ പരകോടിയിലാണയാൾ നില്ക്കുന്നത്‌. സഞ്ജീവ്കുമാറിന്റെ ജന്മം തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്‌. അമ്മ ബംഗാളിയായ ഒരു വേശ്യയും, അച്ഛൻ നക്സലിസ്റ്റായ  ഒരു മലയാളിയും,മകൻ മാധ്യമപ്രവർത്തകനും ആകുന്നു. തീയും കാറ്റും പോലെ അയാൾ ജീവിതത്തിനു മുമ്പിൽ ആളിപ്പടരുന്നു. പ്രലോഭനങ്ങളിലൂടേയും, കപടപ്രണയത്തിലൂടെയും ചേതനയേയും വാർത്തകൾ വളച്ചൊടിക്കുന്ന ലാഘവത്വത്തോടെ അടുപ്പിക്കാൻ ശ്രമിക്കുന്നു.പല അടവുകളും  പയറ്റി അവളെ മുൾമുനമ്പിൽ നിർത്തി അയാൾ ക്രൂരമായി ആഹ്ളാദിക്കുന്നു. ജീവിതത്തിന്റെ നിലനില്പ്പിനുവേണ്ടി ചോദ്യശരങ്ങൾ ഉയർന്നിട്ടും നങ്കൂരമില്ലാത്ത ജീവിതത്തിനു മുന്നിൽ ചേതനക്ക്‌ ചോദ്യങ്ങളെല്ലാം സ്വയം വിഴുങ്ങേണ്ടി വരുന്നു . കൈകാലുകൾ നഷ്ടപ്പെട്ട ചേതനയുടെ സഹോദരൻ രാമുദായുടെ ദയനീയ ചിത്രം തന്റെ ക്യാമറക്കണ്ണുകളി ലൂടെ അയാൾ ഒപ്പിയെടുക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ടവരോട് ഏതു സാഹസവും പ്രവൃത്തിക്കാമെന്നാണ്‌` ഇതിലൂടെ മനസ്സിലാക്കാനാവുന്നത്‌.ചാനലിന്റെ  പ്രേക്ഷകസമൂഹത്തെ പിടിച്ചുനിർത്താനുള്ള  പുതിയ പുതിയ കുരുക്കുകൾ സഞ്ജീവ്കുമാർ ചേതനക്കു മുമ്പിൽ തീർത്തുക്കൊണ്ടിരുന്നു. തുടക്കം ചേതനയിലും പ്രണയത്തുള്ളികൾ ഇറ്റുവീണെങ്കിലും അടുത്തറിഞ്ഞതോടു കൂടി അവളുടെ മനസ്സിൽ വിദ്വേഷവും, അവജ്ഞയും നുര കുത്തി. മനസ്സിനെ തണുപ്പിക്കുന്നതിനു പകരം കൂടുതൽ ഉഷ്ണിപ്പിക്കുന്ന കൊൽക്കത്തയിലെ മഴ പോലെയായിരുന്നു ചേതനയുടെ പ്രണയ മെന്നു നോവലിസ്റ്റു കുറിച്ചിടുന്നു. തീ പിടിച്ച മരത്തിന്റെ പൊത്തിനുള്ളിലെ പക്ഷിയെപ്പോലെ തൂവലുകൾ എഴുന്നും, തൊണ്ട വരണ്ടും , പരാജിതപ്രണയത്തിന്റെ ഇരായായ സഹോദരിയെ നോക്കി നിസ്സഹായസ്വരത്തിൽ രാമുദാ ഇങ്ങിനെ മൊഴിഞ്ഞു,“ എല്ലാ സ്ഥലത്തും വ്യാപാരങ്ങൾ മാത്രം, വാങ്ങുന്നവർ തന്നെ വില്ക്കുന്നു, വിൽക്കുന്നവർ തന്നെ വാങ്ങുന്നു, എല്ലാവരുടേയും നീതിയുടെ സൂര്യൻ എന്നേ അസ്തമിച്ചിരിക്കുന്നു". എന്നു കേൾക്കുമ്പോൾ മനസ്സ് നിരവധി അർത്ഥതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്നു.നോവലിന്റെ അന്ത്യം വരെ സഞ്ജീവ്കുമാർ ചേതനക്കു നേരെ ചൂണ്ടയെറിഞ്ഞുകൊണ്ടിരിക്കുന്നു.അവനണിഞ്ഞ മോതിരം ഊരിമാറ്റിയിട്ടും അതു വിരലിൽ തന്നെ കുടുങ്ങിക്കിടക്കുന്നതായി  അവൾക്കനുഭവപ്പെട്ടു. തികട്ടി വരുന്ന പുളിച്ച ഓർമ്മകളെപ്പോലെ.

തൂക്കിലേറ്റപ്പെട്ടവരുടെ മാതാപിതാക്കളുടെയും, ബന്ധുക്കളുടേയും പുലമ്പലുകളും , ശാപങ്ങളും, ആക്രോശങ്ങളും,രോദനങ്ങളും ഫണിഭൂഷന്റെ മുറ്റത്തു മുഴങ്ങി. പക്ഷേ വെറുമൊരു ഗവൺമെന്റു ജീവനക്കാരന്റെ/മറ്റുള്ളവരുടെ മരണം കൊണ്ട്‌ ഉപജീവനം കഴിക്കേണ്ടവരുടെ വ്യഥകൾ അനുഭവിക്കാത്തവർക്കു മനസ്സിലാവില്ലല്ലൊ. ശാപങ്ങളും, കുറുകലുകളും കേട്ടാലും തന്റെ ജീവൻ രാജ്യത്തിനുള്ളതാണെന്ന് ഫണിഭൂഷൻ ഓരോ ശ്വാസത്തിലും മന്ത്രിക്കുന്നു. ‘ഗൃദ്ധാ’ എന്ന വാക്കിന്നർത്ഥം കഴുകനെന്നാണ്‌` അയാളുടെ രീതികളും രൂപവും അവ്വിധത്തിൽ തന്നെ നോവലിസ്റ്റു ആവിഷ്ക്കരിച്ചിരിക്കുന്നു. എഴുപത്തഞ്ചുകാരനായ അയാൾ ഇതുവരെ 445പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുന്നു. “സ്വന്തം അധികാരം പലപ്പോഴും പലരും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു”.ബാഹ്യമായി കഴുകസാമ്യം പുലർത്തുന്ന ഫണിഭൂഷനും സ്നേഹത്തിന്റേതായ മൃദുലസ്പർശങ്ങൾ ഏറ്റുവാങ്ങിയ ഒരു ഭൂതകാലമുണ്ടായിരുന്നു. പ്രണയവും, കാമുകിയും, കാമുകിയെ സ്വന്തമാക്കിയ, സ്വന്തം നിലയിൽ തന്നെ ഒരരങ്ങായിരുന്ന ശത്രുവും, അവസാനം ആ ശത്രുവിനെ സ്വന്തം കൈകളാൽ തൂക്കിലേറ്റേണ്ടിവന്നതുമെല്ലാം ഇടക്കിടെ അയാളുടെ ബോധതലങ്ങളെ വേട്ടയാടി.

ചേതനയെ ആരാചാരാക്കി ഗവൺമെന്റു തലത്തിൽ നിയമം നിലവിൽ വന്നപ്പോൾ അവൾക്കു ചുറ്റും ഉറുമ്പുകളെപ്പോളെയാണ്  മാധ്യമപ്രവർത്തകർ തടിച്ചുകൂടിയത്‌. കൊത്തിത്തിന്നാൻ കിട്ടിയ ശവം കണക്കെ!ഉറുമ്പുകൾക്കും, ഈച്ചകൾക്കും മരണത്തിന്റെ ഗന്ധം നേരത്തെ അറിയാവുന്നതുപോലെ ,വാർത്തകളുടെ ഗന്ധം പിടിക്കാൻ പേ പിടിച്ചുനില്ക്കുന്ന ഒരു സമൂഹത്തിൽ നിന്നും കച്ചവടക്കണ്ണുമായി നില്ക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ ശബ്ദം വേറിട്ടു നിന്നു. “ആദ്യമായി ഒരു സ്ത്രീ ആരാച്ചാരാകുന്നത്‌ ശക്തിയുടേയും, സ്വാഭിമാനത്തിന്റേയും പ്രതീകമാണെന്ന് "പാരമ്പര്യവാദികൾ പറയുമ്പോഴും, അസ്വസ്ഥതയുടെ കൂച്ചുവിലങ്ങുകൾ ചേതനയെ തളയ്ക്കുന്നു. അവനവനെ യുദ്ധം ചെയ്തു പരാജയപ്പെടുത്താതെ ജീവിതത്തിന്റെ മൂക്കുകയർ വലിക്കാനാവില്ലെന്ന തിരിച്ചറിവിലൂടെ ചേതന ഉണരുമ്പോൾ വായനക്കാരുടെ മനസ്സിലും  പേരറിയാത്തൊരു നോവിന്റെ കൊളുത്ത്‌ ആഞ്ഞു വലിക്കുന്നു. . ഏറ്റെടുത്ത ദൌത്യത്തിൽ പാളിച്ച വന്നാൽ ശിരസ്സിൽ മുളച്ച പേരാലുപോലെ അതിന്റെ വേടുകൾ തന്റെ കഴുത്തിനു ചുറ്റും വരിഞ്ഞുകെട്ടുമെന്ന വേട്ടയാടലുകളിൽ രൂപകങ്ങളും, ഉപമാനങ്ങളും ഉരുത്തിരിയുന്നു.അഭിമുഖങ്ങൾക്കായി സ്റ്റുഡിയോയിലേക്കുള്ള യാത്രയിൽ, വ്യക്തിത്വമില്ലാത്തവർക്കു തിളങ്ങുന്ന വസ്ത്ര മിട്ടു വ്യക്തിത്വമുണ്ടാക്കാമെന്ന സജ്ഞീവ്കുമാറിന്റെ അഭിപ്രായത്തോട് ചേതനക്കു യോജിക്കാനാവുന്നില്ല. ഉള്ളിൽ വ്യക്തിത്വത്തിന്റെ പ്രാഭവമില്ലെങ്കിൽ എങ്ങിനെ വസ്ത്രത്തിലൂടെ വ്യക്തിത്വം നേടിയെടുക്കാനാകും എന്ന ചിന്തയുടെ പൊരുൾ തേടി അവൾ അലഞ്ഞു...അഴിക്കുന്തോറും പുതിയ കുരുക്കുകൾ തീർക്കാനുള്ള ബദ്ധപ്പാടിലായിരുന്നു മിത്ര.
സമൂഹത്തിലെ നിരവധി പൊള്ളത്തരങ്ങൾക്കു നേരെയാണ്‌ ഈ ചോദ്യങ്ങളെല്ലാം നോവലിസ്റ്റ് എറിയുന്നത്‌. എല്ലാം കരാറുകൾ അനുസരിച്ച് പാലിക്കപ്പെടുന്നു. പ്രയോജനങ്ങൾ ഉണ്ടെങ്കിൽ മാത്രം സ്ഥാപിതതാല്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു. അതു കുടുംബബന്ധമോ, പ്രണയബന്ധമോ, ദാമ്പത്യബന്ധമോ--ഏതായാലും വൈകാരികതയേതുമില്ലാത്ത, വിരസതയാർന്ന, കണക്കുകൂട്ടലുകളുടെ ഊഷരഭൂവു മാത്രമാകുന്നു.
”മരണം “ചേതനയുടെ വീട്ടിൽ മൽസ്യക്കറിയുടേയോ, നെയ്യിൽ വറുത്ത ലൂച്ചിയുടേയോ മണം പോലെ തങ്ങിനില്ക്കുന്നു. ജീവിതവും, മരണവും തമ്മിലുള്ള അഭേദകൽപ്പനയാണിവിടെ. ജനിച്ച നാൾ മുതൽ കാണുന്നത്‌ വീടിനു മുന്നിലെ ശ്മശാനമായ നീം തല ഘട്ടാണ് . ശവവണ്ടികളുടെ ഇരമ്പലും, ,കുടുക്കവും, മണിമുഴക്കവും കേട്ട് ഉറങ്ങുകയും, ഉണരുകയും ചെയ്യുമ്പോൾ മറ്റേതിനേയും പോലെ മരണവും സ്വാഭാവികമായി മാറുന്നു.ആർക്കും പ്രവചിക്കാനാവാത്ത മരണത്തിന്‌ മുഖാമുഖമാണ്‌ ഓരോരുത്തരുടെയും ജീവിതം എന്ന സത്യത്തെ ചേതനയുടെ വികാരവിചാരങ്ങളിലൂടെ വ്യഞ്ജിപ്പിക്കുന്നു.
ഒരു മനുഷ്യനും കുറ്റവാളിയായി ജനിക്കുന്നില്ല. സമൂഹമോ, സാഹചര്യങ്ങളൊ ആണ്‌ അവനെ തെറ്റുകളിലേക്കും, കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്നത്‌. പുതിയ ഭാവുകത്വത്തിൽ ചിന്തിക്കുമ്പോൾ കുറ്റവാളി നിർമ്മിക്കപ്പെടുന്നു. കൃത്രിമത്വത്തിന്റെ സന്തതികളായി, സമൂഹം വേട്ടയാടുന്ന ഇരകളായിത്തീരുന്നു. കുറ്റവാളികളുടെ നിസ്സഹായരായ  അമ്മമാരുടെ നിലവിളികൾ ചോര പോലെയുള്ള ഒരു തുള്ളി കൊഴുത്ത കണ്ണുനീരായി ഉത്തരമില്ലാതെ അവശേഷിക്കുന്നു.
 ഒരു പെൺകുട്ടിയെ കൊന്നയാളെ തൂക്കിക്കൊല്ലാൻ കിട്ടിയ അവസരത്തിൽ ആഹ്ളാദിക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്റെ മുനമ്പു ചേതനയുടെ ഉത്തരം കൊണ്ടു തന്നെ നോവലിസ്റ്റു പൊട്ടിക്കുന്നു. ”ഇവിടെ ആഹ്ളാദമോ, ദേഷ്യമോ അല്ല, കർത്തവ്യമാണ്‌ പ്രധാനം,അതിനു മുന്നിൽ ആണെന്നോ, പെണ്ണെന്നോ  ഇല്ല. ഇതിലൂടെയൊക്കെ ആന്ധ്യം ബാധിച്ച സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഈ കൃതിയുടെ രചയിതാവ്.
 സംഭവബഹുലമായ അദ്ധ്യായങ്ങളിലൂടെ സമസ്തജീവിതത്തിന്റെ സംഭവങ്ങളും  ഒറ്റശ്രേണിയായി ഈ നോവലിൽ കൊരുത്തിട്ടിരിക്കുന്നു. ഒന്നറിയുമ്പോൾ മറ്റൊന്നിന്റെ വാതിൽ തുറക്കുന്നു. അങ്ങിനെ നീളുന്നു രചനയുടെ രസതന്ത്രം. ചാണകവറളിയുടേയും, സുഗന്ധദ്രവ്യങ്ങളുടേയും സാമ്യ-വൈരുദ്ധ്യങ്ങൾ തൊഴിലാളി മുതലാളി ബന്ധങ്ങളുടെ വിവേചനം വ്യക്തമാക്കുന്നു.
 ഫണിഭൂഷണ്‍  ചരിത്രകഥകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മുഴുവൻ ഭാരതത്തിന്റേയും ചരിത്രം പരിശോധിച്ചാൽ മണ്ണിനുവേണ്ടിയുള്ള സമരമാണ്  എവിടെയും. വികസനത്തിന്റെ കമ്പോളനയങ്ങളിലൂടെ പൊന്നു വിളഞ്ഞ ഭൂമിയിൽ കീടനാശിനി ഫാക്ടറിയിലെ വിഷമാലിന്യങ്ങൾ അടിഞ്ഞുകൂടി, ശ്വാസം മുട്ടി മരിച്ചവരുടെ കഥകളുൾപ്പെടെ പലതും  വായിക്കുമ്പോൾ മഹാഭാരതത്തിലെ കഥ പറയുന്ന “സഞ്ജയനെ“ അനുസ്മരിപ്പിക്കുന്നു ഫണിഭൂഷണ്‍. എല്ലാം ചേർത്തു വായിച്ചെടുക്കുമ്പോൾ ആരാച്ചാർ എന്ന  ഈ നോവൽ  വർത്തമാനകാലത്തിലെ ഇതിഹാസം എന്നു മുൻപു സൂചിപ്പിച്ചതു തികച്ചും അന്വർത്ഥമാകുന്നു. ഇതിഹാസം പോലെ ആഴവും, പരപ്പും നിറഞ്ഞ നിരവധി ജീവിതങ്ങളുടെ ഉപകഥകൾ ഉടനീളം പ്രത്യക്ഷപ്പെടുന്നു. ചിരിച്ചപ്പോൾ  വീടു മാത്രമല്ല , നാടും തകർന്ന പിംഗളകേശിനി, ചാമുണ്ഡിയായി മാറിയ രത്നമാലിക, മുട്ടയിടാൻ കടലിൽ നിന്ന്‌ പത്മാനദിയിലേക്ക് ആയിരത്തിയിരുനൂറു കിലോമീറ്റർ നീന്തുന്ന ഇലിഷ് മൽസ്യം, ഇലിഷിന്റെ വെള്ളിത്തിളക്കമുള്ള കണ്ണുകളുള്ള നീഹാരിക, പാവപ്പെട്ടവന്റെ സത്യസന്ധതക്കു നേരേയുള്ള കണ്ണടക്കലുകൾ, മരിക്കാൻ വേണ്ടി മാത്രം കടലിലേക്ക് മടങ്ങുന്ന ഹിൽസ, ചുവന്ന തെരുവിലെ തന്റെ പഴയ വീട്ടിലേക്കു മടങ്ങിയ ബിനോദിനി, കൽക്കത്തയിലെ ചിരപുരാതനരാജവംശങ്ങൾ, ചരിത്രങ്ങൾ, ദുർഗ്ഗാദേവി, സൊനാഗച്ചി,ബുദ്ധകഥകൾ, കറുത്തവളും, ശിവന്റെ മാനസപുത്രിയുമായ മാനസാദേവി,കടലിൽത്തന്നേയോ, നദിയിൽത്തന്നേയോ ജീവിച്ചു മരിക്കുന്ന സാധാരണ മൽസ്യത്തെപ്പോലേയുള്ള സാധാരണമനുഷ്യർ, തൂക്കിക്കൊലക്കു വിധിച്ച യതീന്ദ്രനാഥ ബാനർജിയുടെ അവസാനനാളുകളും, ആഗ്രഹങ്ങളും വരെ നിവർത്തിച്ചുകൊടുത്ത ചേതനയെന്ന കഥാപാത്രത്തിലൂടെ അഥവാഇന്ത്യൻ സ്ത്രീത്വത്തിന്റെ മനസ്സിലൂടെ (ചേതന-മനസ്സ് )  ഉയിർത്തെഴുന്നേല്ക്കുന്നു. അവസാനം ചേതന ആരാച്ചാർ മാത്രമാകുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ വായനാപഥത്തിലെത്തുമ്പോൾ സംഘർഷത്തിന്നതീതമായ ഒരവസ്ഥാവിശേഷം സംജാതമാകുന്നു. ചേതനയുടെ ജീവിതം ചതിക്കുഴിയിൽ നിർത്തി ആഘോഷിക്കുന്ന സജ്ഞീവ്കുമാർ മിത്രയുടെ കഴുത്തിലെ കശേരുകൾക്കിടയിലും കുരുക്കിട്ട് , മരണത്തിന്റെ വഴുവഴുപ്പുള്ള കൈകൾകൊണ്ട്‌ പ്രണയത്തിന്റേയും മരണത്തിന്റേയും, പേരിൽ പീഡിപ്പിക്കപ്പെടുന്ന ,ചതിക്കപ്പെടുന്ന സ്ത്രീവർഗ്ഗത്തിന്നാകമാനം നാമവും, ജീവിതവും, ലോകത്തിനു മുന്നിൽ അനശ്വരമാക്കി ചേതന മടങ്ങുമ്പോൾ പുതിയൊരൂർജ്ജം ആവാഹിച്ചെടുക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തിലേക്ക് ഈ വായന എത്തിക്കുന്നു. കൃത്യം കഴിഞ്ഞ് പുറത്തുവരുന്ന ചേതനയെ മഴയും, മണ്ണും, പ്രകാശവും(പ്രകൃതിയായ അമ്മ)കാത്തുനില്ക്കുന്നതോടെ ഈ വർത്തമാനകാലത്തിലെ ഇതിഹാസത്തിനു തിരശ്ശീല വീഴുകയും, ഒരു നൂറുതുലാവർഷംഒന്നിച്ചുപെയ്തതുപോലേയുള്ള ഒരനുഭവപരിസരത്തിലേക്കെത്തിച്ചേരുകയും ചെയ്യുന്നു............. !.

Monday, January 30, 2012

ദാമ്പത്യം


ഇന്ദിരാബാലൻ



വിത്തഹന്കാരത്തിന്റെ
പൊത്തുകളിൽ കയറിയിരുന്ന്
പത്തികളുയർത്തി...........
കൂച്ചുവിലങ്ങുകളുടെ നാക്കു നീട്ടി
കാട്ടുപോത്തിനെപ്പോലെ മുരണ്ട്
കൊമ്പുകൾ കോർത്തു
നിറവ്യതാസങ്ങളുടെ ഇഴ പാകി
ചപ്പുചവറുകൾ കടിച്ചുതുപ്പി
ക്രൗര്യനിമിഷങ്ങൾക്ക് ആക്കം കൂട്ടി
പൊരുത്തക്കേടുകളുടെ
കൂട്ടിൽ കയറ്റി വിചാരണക്കൊരുങ്ങി..
അനീതികളുടെ അമ്പുകളെറിഞ്ഞ്‌
ചിറകുകൾ അരിഞ്ഞുവീഴ്ത്തി
ദഹനക്കേടുകളുടെ വയറുവേദന
ഉറക്കം കെടുത്തുമ്പോഴും
ആത്മസംയമനത്തിന്റെ പടവുകളെ
അള്ളിപ്പിടിച്ചു....
മിന്നലും കോളുമായി
മുറുകുന്ന ജീവിതക്കടലിലൂടെ
വെള്ളിരശ്മികൾ പൊഴിയുന്ന
കര തേടി
തുള വീണ്‌ വെള്ളം കയറിയ
ദാമ്പത്യവഞ്ചി തുഴഞ്ഞുകൊണ്ടിരുന്നു...........
..........

Friday, October 28, 2011

യാത്ര



ഇന്ദിരാബാലന്‍


വിഷം പുരട്ടിയ വാക്കുകൾ
കുടഞ്ഞെറിഞ്ഞ്‌
അസ്വസ്ഥതയുടെ വിത്തു പാകുമ്പോൾ
ഇരുമ്പു ദണ്ഡുകൾ പഴുത്തുകിടക്കുന്ന
ഓർമ്മയുടെ പാളങ്ങൾ മുറിച്ചുകടന്നു
കറുത്ത മഷി തെറിപ്പിച്ച്‌
അലങ്കോലയാക്കാൻ
ആഞ്ഞപ്പോൾ
വെള്ളിനിലാവിന്റെ
തൂവലുകളാൽ ഒപ്പിയെടുത്തു
രക്തക്കുഴലുകൾ വലിഞ്ഞുമുറുകി
കാളിമ അഴിച്ചുവിടാൻ
തുനിയുമ്പോഴും
ഉള്ളിലൊളിയുന്ന ഭീരുതയുടെ നിഴലാട്ടം.................
കാണാക്കാഴ്ച്ചകളുടെ കണക്കുകൾ നിരത്തി
വാക്കിന്റെ തീക്കൊള്ളികളെറിഞ്ഞ്‌
ചുട്ടുപൊള്ളിക്കുമ്പോഴും
പതറിയില്ല
അസ്വാതന്ത്ര്യത്തിന്റെ മനംപുരട്ടലുകളിൽ നിന്നും
യാത്ര തുടർന്നു
താൻ വിരിച്ചിട്ട ക്ഷീരപഥങ്ങളിലേക്ക്
ഉറച്ച കാൽവെയ്പ്പുകളോടെ...........................


Sunday, April 18, 2010

മന്ദാരം



indira balan


വെൺമയും ലാവണ്യവും
ഇഴ ചേർന്നവളെ
നീയെപ്പോഴും ശാന്തി മന്ത്രം
ചൊല്ലി നിൽക്കുന്നു!
എപ്പോഴെങ്കിലും വിടരുന്ന
മിഴിദളങ്ങളിൽ അലിവിന്റെ ആർദ്രത....
ആകാശത്തെ ശുക്രനക്ഷത്രം പോലെ
സ്വച്ഛതയുടെ അടയാളമായി നീ.................
അടിത്തട്ടിലെ അലമാലകളുടെ
ഇരമ്പലിനെ ആരേയുമറിയിക്കാതെ
സ്വയം ഏറ്റെടുത്തങ്ങനെ...............
ഇച്ഛിക്കുന്നവർക്കെന്തും നൽകുന്നവൾ
ബാഹ്യഗന്ധങ്ങളുടെ കപടനാട്യങ്ങളില്ലാതെ
നുണകളുടെ പന്തലിപ്പില്ലാതെ
നിന്റെ ആത്മവിശുദ്ധിയാൽ
നീ തിളങ്ങി.....
വെൺമയുടെ പ്രഭാപൂരത്തിൽ
കണ്ണുകൾ മങ്ങി,നിനക്കു മുന്നിൽ
കുനിഞ്ഞ ശിരസ്സുകൾ
പരിഭവത്തിന്റേയും, പരാതികളുടേയും
കൂരമ്പുകളെയ്യാതെ
കാലം കുറിച്ചിട്ട നേരങ്ങളിൽ
മന്ദസ്മിതത്തിന്റെ മാറ്റുമായി
കാരുണ്യത്തിടമ്പേന്തിയ നീ...................
അകൃത്രിമശോഭയോടെ
വിരാജിക്കുന്ന സൗന്ദര്യശിൽപ്പം പോലെ...
നിന്നെ വർണ്ണിക്കുവാൻ ഉൽപ്രേക്ഷകളേറെ വേണം

നിന്റെ പുഞ്ചിരിയിൽ പടർന്നിരിക്കുന്ന
നീലാംബരിയുടെ രാഗച്ഛവി
ആരുമറിഞ്ഞില്ല
ഈർപ്പത്തിന്റെ കനിവില്ലെങ്കിലും
പ്രഭാതങ്ങൾക്കു് മോഹഭംഗമേൽപ്പിക്കാതെ
സ്വതഃസിദ്ധചൈതന്യത്താൽ
വെള്ളപ്പുടവയണിഞ്ഞു നീ വന്നു
പ്രതിഫലേച്ഛയില്ലാതെ
ഫലങ്ങൾ പൊഴിക്കുന്ന കൽപ്പതരുവെ...നിന്റെ നാമം
അന്വർത്ഥമായിരിക്കുന്നു.
"മന്ദാരമെ" അനന്യ വിശുദ്ധിയുടെ
പര്യായമായി ഭൂമിക്കു മീതെ
നീ ശിരസ്സുയർത്തി നിന്നാലും......

Wednesday, January 27, 2010

ആസ്വാദനം

വർഷമുകിലുകൾ--ഇന്ദിരാബാലൻ(കൈരളി ബുക്സ്‌ കണ്ണൂർ)
n a s perinjanam bangalore

ഇന്ന്‌ നമ്മുടെ ഭാഷയിൽ കവിത വായിക്കുന്നവരേക്കാൾ കൂടുതൽ പേർ കവിതയെഴുതുന്നവരാണ്‌. എന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. കവിതയുടെ ഇത്തരത്തിലുള്ള ജനകീയതയിൽ ഒട്ടും ആഹ്ലാദത്തിന്‌ വകയില്ലായെന്നതാണ്‌ ദുഃഖകരമായ മറ്റൊരു സത്യം. ഭാഷയെ സംബന്ധിച്ചിടത്തോളം കവിത മഹത്തരമാണെന്ന തിരിച്ചറിവായിരിക്കാം അത്തരമൊരവസ്ഥാവിശേഷത്തിന്‌ വഴിയൊരുക്കിയത്‌. നിർഭാഗ്യകരമെന്നു പറയട്ടെ ആധുനികതയുടെ പേരിൽ സുന്ദരിയും, സൗഭാഗ്യവതിയുമായ കവിതയുടെ മൂക്കും, മുലയുമരിയുകയാണ്‌ അവരിൽ പലരിന്നും ചെയ്തുകൊണ്ടിരിക്കുന്നത്‌.
കവിതക്ക്‌ 2009 ലെ കേരളസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച ശ്രീ :ഏഴാച്ചേരി രാമചന്ദ്രൻ പറയുന്നതിങ്ങനെയാണ്‌.
"നമ്മുടെ ഹൃദയത്തെ ഉണർത്താൻ പര്യാപ്തമായ താളാത്മകതയും വാക്കുകൾക്കുള്ളിലെ സ്വയംഭൂവായ ഈണവും മലയാളകവിതക്ക്‌ അത്യാവശ്യമാണെന്ന്‌ ഞാൻ കരുതുന്നു. ഇതൊരു മൂഢവിശ്വാസമാണെന്നു നിനക്കുന്നവരും കണ്ടേക്കാം. ആദിദ്രാവിഡ ഗോത്ര സംസ്കൃതിയുടെ ഈണതാളപാരമ്പര്യത്തിൽ വളർന്നു കൊഴുത്ത മലയാളകവിതയെ ആധുനികതയുടെ ഇടുക്കു തൊഴുത്തിൽ തൽക്കാലം ബന്ധിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ അത്‌ ശാശ്വതമല്ല. വിമർശനം പോലും സർഗ്ഗാത്മകതയുടെ ഉന്നതപദവിയിൽ എത്തി നിന്നിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നല്ലോ?"(ഇപ്പോൾ നദീമുഖം ശാന്തം)
ഈദൃശമായ ഒരവബോധത്തിന്റെ പശ്ച്ചാതലത്തിൽ ശ്രീമതി:ഇന്ദിരാബാലന്റെ "വർഷമുകിലുകൾ" എന്ന കവിതാസമാഹാരം വായിക്കുന്ന ഏതൊരു സഹൃദയനും നിരാശപ്പെടേണ്ടി വരില്ല. മറിച്ച്‌ അനുഗൃഹീതയായ ഒരു എഴുത്തുകാരിയുടെ ഹൃൽസ്പന്ദനങ്ങൾ കവിതാമയമായാവിഷ്‌ക്കരിക്കാൻ അവർക്കിതിലെ മിക്കവാറും കവിതകളിലൂടെ കഴിഞ്ഞിരിക്കുന്നു. "മാതൃത്വം" തുടങ്ങി "കുരുതി" വരെയുള്ള അറുപത്തൊന്നു കവിതകൾ. ഏതൊരു സമാഹാരത്തിലുമെന്നപോലെ ഇതിലേയും എല്ലാ സൃഷ്ടികളും ഒരേപോലെ വായനക്കാരെ ആസ്വദിപ്പിച്ചുകൊള്ളണമെന്നില്ല. ആസ്വാദനം തന്നെ ആപേക്ഷികമാണല്ലോ. എനിക്കിഷ്ടപ്പെടുന്നത്‌ മറ്റൊരാൾക്കങ്ങിനെ ആവണമെന്നില്ല. മറിച്ചും. എന്നിരുന്നാലും "കൃഷ്ണപക്ഷത്തിൽ" നിന്ന്‌ "വർഷമുകിലുകളി"ലെത്തുന്ന കവി ഇവിടെ പടവുകൾ കയറി മുന്നോട്ടു കുതിക്കുകയാണെന്ന കാര്യത്തിൽ സംശയലേശമില്ലതന്നെ.


"കൃഷ്ണപക്ഷവും, വർഷമുകിലുകളും "ശോകമൂകമായ ആത്മസംവേദനത്തിന്റെ ഒരു ദുഃഖപുത്രിയെയാണ്‌ അനുവാചകർക്ക്‌ സമ്മാനിക്കുന്നതെന്ന്‌ തോന്നി.
"വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം "
എന്നാണല്ലോ പ്രശസ്ത കവി അക്കിത്തം നമ്മെ പഠിപ്പിക്കുന്നത്‌,
എങ്കിലും ജീവിതത്തോടുള്ള അദമ്യമായ അഭിവാഞ്ചയും ഒപ്പം ജീവിതത്തിന്റെ അഴുക്കും കരിയും തുടച്ചുനീക്കാനുള്ള ഒരാഭിമുഖ്യവും ചില കവിതകളിൽ നമുക്കു വായിച്ചെടുക്കാൻ കഴിയുന്നുവെന്നത്‌ ആശ്വാസകരം തന്നെ

"തവപൂന്തണലിൽ തലചായ്‌ച്ചണയവെ
സകല താപങ്ങളും അലിഞ്ഞുതീരുന്നു
നോവിന്നാഴം മറന്നു തലോടീടവെ
മനതാരിൽ വിരിയുന്നു നവമുകുളങ്ങൾ" (മാതൃത്വം)
മാതൃത്വത്തിൽ നിന്നാണല്ലോ എല്ലാറ്റിന്റേയും തുടക്കം.
"നിശീഥത്തിൻ നീലയാമങ്ങളിൽ
പൂക്കും നിശാഗന്ധിപോൽ
ധവളാഭ ചൊരിഞ്ഞു വെള്ളി-
കൊലുസ്സണിഞ്ഞ നിലാവായി"
കവിത പൂക്കുന്ന നീലയാമങ്ങളെ എത്ര സുന്ദരമായാണീ കവിതയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്‌.
"തപിച്ചു കിടന്ന മോഹങ്ങളുടെ തിരയേറ്റം
മുളപൊട്ടുന്ന പുതുനാമ്പുകളുടെ
അരുണിമ കലർന്ന മന്ദഹാസം
അവിടെയുതിർത്ത പൂനിലാമഴയിൽ
പൂത്ത പരിജാതങ്ങൾ..
സപ്ത വർണ്ണാഞ്ചിതമായ ജീവിതത്തിന്റെ
തിരുമുറ്റത്ത്‌ ഞാൻ
അഞ്ജലീബദ്ധയായി
ആനന്ദാശ്രുധാരകളുമായി
.(സ്നേഹവൈഖരി)
അതീവസുന്ദരം തന്നെ .കാൽപ്പനികതയുടെ ഉച്ചകോടിയിലേക്ക്‌ കുതിക്കുന്ന ഈ ശിൽപ്പചാതുരിയുടെ മുമ്പിൽ നമോവാകം.

"കളിവിളക്കിന്നുജ്ജ്വലകാന്തിയിലൊരു
ജന്മസാഫല്യത്തിൻ മണിക്കിരീടം തിളങ്ങി
അതി ധന്യമാ മുഹൂർത്തമിന്നുമെന്നകതാരിൽ
പ്രോജ്ജ്വലിപ്പൂ കെടാവിളക്കുപോൽ
വാത്സല്യ നിർഭരയായനുമതിയും.....................നൽകിയ മാതാവിന്റെ അനുഗ്രഹാശ്ശിസ്സുകൾ ഏറ്റുവാങ്ങി...തുടക്കം കുറിച്ച ഒരു കലാകാരന്റെ വിജയഗാഥ എത്ര ഭംഗിയായാണ്‌ ചിത്രീകരിക്കുന്നത്‌.(മുഹൂർത്തം)
"തുച്ഛമാം ജീവിതനിമിഷങ്ങളെ
ആളുന്നൊരഗ്നിയിൽ കരിയാതെ
കാക്കുമീ ജീവനത്തുടിപ്പിൻ
സ്നേഹോഷ്‌മളമാം മധുരഗാഥ..."(സ്നേഹോഷ്മളഗാഥ)
ഏതാനും വരികളിലൂടെ ജീവിതത്തെ വാരിപ്പുണരാനുള്ള ഒരഭിനിവേശമാണീ കവിത കാഴ്ച്ച വെക്കുന്നത്‌.

നഗരക്കാഴ്ച്ചകളിൽ ..............ധീരസുന്ദരമീയൂഴി തന്നുടയാടയുരിഞ്ഞാക്ഷേപവർഷം ചൊരിഞ്ഞു,നെഞ്ചു കീറിപ്പായുന്ന വെടിയുണ്ടയും,മതവൈരത്തിൻ കത്തിമുനയും, വിശപ്പിന്നഗ്നി കത്തിക്കാളുന്ന പട്ടടയിൽ വെന്തു നീറുന്നോരുടെ വേദനയും ,തെരുവോരത്തെ എച്ചിലിനായ്‌ ,എല്ലിനായ്‌ ,കടിപിടികൂടും തെരുവുനായ്ക്കളെപ്പോൽ മുരളുന്ന മർത്ത്യനും, അമ്മിഞ്ഞപ്പാലിൻ മധുരമറിയാതെ വളരുന്ന അനാഥപിഞ്ചു ബാല്യങ്ങളും, മക്കളെയൂട്ടാനമ്മ തൻ അരവയർ മുറുക്കിക്കെട്ടി സ്വത്വം വിറ്റു നടക്കും മാതൃത്വത്തിൻ ദീനതകളും തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി സമകാലിക പ്രശ്നങ്ങൾക്കു നേരെ വിരൽ ചൂണ്ടുകയാണിവിടെ ചെയ്യുന്നത്‌. ഒപ്പം അധികാരാന്ധരായി നിഷ്‌ക്രിയത പൂണ്ടു നിൽക്കുന്ന ഭരണസാരഥികളേയും..സത്യത്തിൻ മൂടി തുറന്നു സ്നേഹശാദ്വലഭൂവിൻ മന്ത്രം കേൾക്കാനും ഗർജ്ജനം മുഴക്കിക്കൊണ്ടു തന്നെ ധർമ്മത്തിൻ സ്വർണ്ണകഞ്ചുകം നേടിയെടുക്കാനുള്ള ഒരാഹ്വാനവും ഈ കവിതയിലുണ്ട്‌.

അക്ഷരത്തിന്റെ അക്ഷയഖനി ഭാഷയുടെ ആരണ്യഗർഭത്തിലുദയം കൊണ്ട്‌ സൗന്ദര്യമായ്‌,ശക്തിയായ്‌, സത്യമായ്‌....വാക്കിന്റെ രസായനമായി രൂപം കൊള്ളുന്ന അവസ്ഥയെ കാൽപ്പനികതയിൽ അണിയിച്ചൊരുക്കുകയാണ്‌ "വാക്കിന്റെ രസായനമെന്ന" കവിത.
ആദിത്യമന്ത്രങ്ങളുരുക്കഴിച്ച്‌ തപഃധ്യാനത്തിലെന്ന പോലെ മായാസ്വപ്‌നത്തിലാകൃഷ്ടയായി ,ഉഷഃകിരണങ്ങളുടെ സ്പർശനമേറ്റ്‌ ദിവ്യമായ അനുഭൂതിയിലുണർന്നു ഉജ്ജ്വലമായ സൂര്യകാന്തിയിൽ വിസ്മിതയായി .ലജ്ജാവരണയായി,പ്രണയപാരവശ്യത്തിൻ വികാരോജ്ജ്വല നിമിഷങ്ങളിൽ .അരുണശോഭയിൽ പുളകിതയായി ദിവ്യമായൊരനുഭൂതിയിലാകൃഷ്ടയായി വശം വദയായിക്കഴിഞ്ഞ ഒരു രാഗിണിയെയാണിവിടെ വരച്ചുവെച്ചിരിക്കുന്നത്‌. പേരെടുത്തുപറയാതെ തന്നെ ഒരിതിഹാസകഥാനായികയുടെ ഹൃദയാന്തഃകരണത്തിലെ ആന്ദോളനങ്ങൾ വരച്ചുവെച്ച ഈ തൂലികാ ചിത്രം അനുവാചകരിൽ അനുഭൂതിയുളവാക്കുന്നു. ക്ഷണികതയുടെ മിന്നലാട്ടം പൊലിഞ്ഞ്‌ പടിഞ്ഞാറു പെറ്റുകിടക്കുന്ന ചെങ്കനലിൽ എരിയാൻ തുടങ്ങിയ ഹൃദയം അസ്തമയത്തെ അനുഗമിച്ചെത്തുന്ന തമസ്സിന്റെ വേതാളരൂപികള്‍ വീണ്ടും കരിമേഘങ്ങളെറിയുമോ? എന്ന ആശങ്കയോടെയാണ്‌ "തമസ്സെ വീണ്ടുമെത്തുന്നുവൊ" എന്ന കവിത അവസാനിക്കുന്നത്‌.
;ആർത്തലച്ചു വീണോരു പേമഴക്കൂത്തിൻ
ഭ്രാന്തഭാവം പൂണ്ടു ഭയാർത്തയാക്കിയെന്നെ
നീയന്നൊരുനാൾ..................
മറന്നുവൊ മഴനൂലുകളെ നിങ്ങൾ
പേർത്തുമിവൾ തൻ നരച്ച സ്വപ്‌നത്തെ കാക്കും
വരണ്ടഹൃത്തടത്തിന്നടരുകളിലേക്ക്‌ ചീറിയടിക്കുന്ന
താളമായ്‌ പെയ്തിറങ്ങിയതും
തമസ്സിൻ പാതാള ഗുഹകൾ താണ്ടി വന്നു
വിരഹാതുരയായി നിൽക്കുമീ വസുധയെ
ഉർവ്വരയാക്കുന്നതും നീയല്ലയോ.........
ബഹുഭാവഋതു സംഗീതമായി
പെയ്തിറങ്ങിയോരമൃത വർഷിണീ
നെടുനാളായി കണ്ടിട്ടു നിന്നെ
ഇവൾക്കരികിലണയാനെന്തേ കാലവിളംബം?
വിരഹാതുരയായി നിൽക്കുന്ന വസുധയെ ഉർവ്വരയാക്കുന്ന കാവ്യമഴതന്നെയാണ്‌ "വർഷമുകിലുകൾ" എന്ന കവിത എന്ന്‌ സംശയമില്ല.

ചുട്ടുപൊള്ളുമീ ജീവിത തിക്തമേറെക്കുടിച്ചവശയായൊരീ /മകൾക്കിത്തിരി പ്രാണവായു ഇറ്റുവാൻ വന്നതൊ/പഠിച്ചുവൊ മകളെ നി ജീവിതത്തിന്നർത്ഥശാസ്ത്രം? എന്നു ചോദിച്ചുകൊണ്ട്‌ നിൽക്കുന്ന തന്റെ പിതാവിനെ സ്വപ്‌നത്തിൽ ദർശിക്കുന്ന കവിതയാണ്‌` "കനവിൽ വന്ന അച്ഛൻ"

സ്നേഹഗംഗയും, ചാരുസ്വരൂപിണിയും, മഹീതലത്തെ നിധികുംഭമാക്കിയ സാന്ത്വനകുളിർ സങ്കീർത്തനമായി കിനാവിൽ കടന്നുവന്ന മാതാവിന്റെ ചിത്രം ഭാവബന്ധുരം.....................
"ഹാ ഹാ കരോമി"എന്ന കവിത അകാലത്തിൽ പൊലിഞ്ഞ പ്രശസ്തകഥകളിഗായകനായിരുന്ന ശ്രി:കലാമണ്ഡലം ഹൈദരാലിക്കുള്ള ആദരാഞ്ജലിയാണ്‌.
"പ്രതിരോധക്കടമ്പകളേറെ കടന്നു/സ്വസമുദായത്തിന്നഭിമാനപാത്രമായ്‌/സംഗീത കൽപ്പതരുവായ്‌ /വിരാജിച്ച ഗന്ധർവ്വഗായകാ വിതുമ്പുന്നീ വസുന്ധര................./ശാന്തനായുറങ്ങുന്ന ഗാനലോലുപാ/ നമിക്കുന്നു ഞാനീയശ്രുധാരയിൽ/കുതിർന്നൊരു പിടി വാക്കുകളാൽ..............തുടർന്നുള്ള ഗാനകോകിലം, എവിടെ, എന്നീ കവിതകളും ഈ അശ്രുധാരക്ക്‌ അനുബന്ധമായി തോന്നി. സ്വരമാധുരികൊണ്ടും ആവിഷ്ക്കാരചാതുരി കൊണ്ടും ചങ്ങമ്പുഴയുടെ കനകച്ചിലങ്കയൊലിയാണീ കവിതകളിൽ താളലയങ്ങളൊരുക്കുന്നത്‌. അഭിനന്ദിക്കാതെ വയ്യ. സ്ത്രീത്വത്തെ ചവിട്ടിയരക്കുന്ന സമകാലിക ജീവിതത്തിന്റെ അറപ്പും, വെറുപ്പും നിറഞ്ഞ സാമൂഹിക ചാപല്യങ്ങൾക്കെതിരെ അമർഷത്തോടെ പൊട്ടിത്തെറിക്കുകയാണ്‌ "യാജ്ഞസേനി" യിലൂടെ കവി ചെയ്യുന്നത്‌.

"യാജ്ഞ്സേനി നീ ഏകാകിയാണ്‌/ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ടവൾ/നിന്റെ യാതനകൾക്കറുതി വരുത്തുവാൻ /ഇനിയൊരു സുദർശനമുയരില്ല/സുദർശനത്തിലും വിഷവായു പുരണ്ടിരിക്കുന്നു. /അസത്യത്തിനെതിരെ മൂർച്ചയുള്ള രസനയുള്ളവളെ/നിന്റെ രസനയും ഭേദിക്കുവാൻ ഹീനർ ഒരുങ്ങിനിൽക്കുന്നു. നീ ലോകത്തു നിന്നും തമസ്ക്കരിക്കപ്പെടുന്നു. അറിയുക, വഞ്ചനയുടെ മുഖമേതെന്ന്‌/സ്ത്രീയെ നിനക്കു രക്ഷ നീ മാത്രം............................

ഇവിടെ ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി വിളംബരം ചെയ്യുന്ന പല ശീലാവതിമാരുടേയും വിങ്ങിപ്പൊട്ടലുകളും, ആത്മനൊമ്പരങ്ങളും പകർത്താനല്ല കവി ശ്രമിക്കുന്നത്‌. മറിച്ച്‌ അമർഷത്തോടെ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയിലേക്ക്‌ വിരൽ ചൂണ്ടുകയാണ്‌ ചെയ്യുന്നത്‌.
ഈ കവിതയോടൊപ്പം നിർത്തിവായിക്കാവുന്ന മറ്റൊരു കവിത "രൗദ്രമാണ്‌".ഇളങ്കോവടികളുടെ ചിലപ്പതികാര നായിക"വിരഹത്തിന്നൊറ്റച്ചിലമ്പും വാളുമായി ജ്വലിച്ചു നിൽക്കുന്ന കണ്ണകിയെ വികാരച്ചോർച്ചയില്ലാതെ തന്നെ നമ്മിലേക്കെത്തിക്കുന്നു.
ഇഹലോകത്തിൻ പ്രയാണം കഴിഞ്ഞു തുഴഞ്ഞുപോയ അച്ഛന്റെ ശയ്യക്കരികെ യിരുന്നു വിതുമ്പുന്ന അമ്മയുടെ ചിത്രം ആരുടേയും കണ്ണു നനയ്ക്കാതിരിക്കില്ല. ഒപ്പം തികട്ടിവരുന്ന ഓർമ്മകളും.
ദ്രുതനടനമാടിയ പാദങ്ങൾ /ആടില്ലിനി കലാശത്തിൻ ചുവടുകൾ/മുദ്രപുഷ്പങ്ങളാൽ പ്രപഞ്ചം വിരിയിച്ച വിരലുകൾ വിടരില്ലിനി/നവരസഭാവങ്ങളിഴ ചേർന്നു തുടിച്ച മിഴിയിണയും/ തുറക്കില്ലായിനിയൊരിക്കലുമെന്ന സത്യത്തിൻ/മുൾമുനയിൽ കോർത്തു വലിച്ചു മാനസം/തോടിയോ മുഖാരിയോ ഏതു രാഗതന്തുവാണീയരങ്ങിലഴിഞ്ഞുവീഴുവതും?(കുന്നിമണികൾ)
"പ്രചണ്ഡതാളം" സുനാമിയുടെ ഭീകരച്ചിത്രം വരക്കുകയാണിവിടെ. പ്രകൃതി തൻ രൗദ്രഭാവം/മുടിയഴിച്ചിട്ടുറഞ്ഞുതുള്ളി രാപ്പകലുകളിൽ/നീരാളിത്തിരകൾക്കുള്ളിൽ പിടഞ്ഞുനീറി /പല്ലവം പോലൊലിച്ചു പൊയ്‌ പൈതങ്ങൾ/ചുടലക്കളരിയാക്കി ധരിത്രിയെ/ ചുടലഭദ്രകാളി നൃത്തം ചവുട്ടി....ഉറ്റവരേയും ഉടയവരേയും അച്ഛനേയും അമ്മയേയും ബന്ധുമിത്രാദികളെയും നഷ്ടപ്പെട്ട ജനങ്ങൾ...നെട്ടോട്ടമോടിത്തളർന്നു വീഴുന്നതും...ഏതു ജന്മാപരാധത്തിന്റെ പാപഫലമിതെന്നോർത്തു നടുങ്ങിയത്‌ കവി തന്നെയല്ലേ?
തുടർന്നുള്ള ശരശയ്യ, തിരിച്ചറിവ്‌ ,പൊന്‍‌കണി,നിശ്ശബ്ദരാഗം,അമ്മയുടെ തൃപ്പാദങ്ങളിലേക്ക്‌,ചുവപ്പു രാശി, വിരഹ മുരളി,അഗ്നി ,കരുണം, നീലോൽപ്പലങ്ങളെ തേടി,ഇടവപ്പാതി, തട്ടകം, നിയോഗം,കടലിനൊരു ഉണർത്തുപാട്ട്‌,എന്റെ ഗ്രാമം,കടങ്കഥ, കർ‌ണ്ണികാരം, തെരുവ്‌ ,പ്രണയിനി, ഉഷസ്സ്‌ .മൗനഗീതം, കുരുതി എന്നീ കവിതകളിൽ ചിലവ ആശയവും ആവിഷ്ക്കാരവും സമന്വയിച്ചു നിൽക്കുന്ന നിലവാരമുള്ള സൃഷ്ടികളാണ്‌.
എന്നിരുന്നാലും ഒരു പ്രശസ്തകവി നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ട്‌ മുമ്പൊരിക്കൽ താഴെക്കാണും വിധം പ്രസ്താവിച്ചതായി വായിക്കാനിടയായി. നമുക്കെല്ലാം പ്രയോജനകരവും പ്രോത്സാഹനമർഹിക്കുന്നതുമായ ഒരാശയമാണതെന്നു തോന്നിയിട്ടുണ്ട്‌.

"കവിത പൂർണ്ണതയുടെ മാധുര്യമാണ്‌. അത്‌ ഒരു പ്രതിമയുടെ നെറുകയിൽ വീ‍ഴുന്ന മഞ്ഞുതു‍ള്ളി പോലെ ,മഴത്തുള്ളിപോലെ തന്നെ പുതുതായിരിക്കണം. പ്രതിമ ഭൂതകാലമാണെങ്കിൽ പ്രതിമയിൽ വീഴുന്ന മഞ്ഞുതുള്ളി ഭൂതകാലത്തിൽ വീഴുന്ന വർത്തമാനകാലമാണ്‌."

ശ്രീമതി ഇന്ദിരാബാലന്റെ മേലുദ്ധരിച്ച കവിതകളിൽ"ഉഷസ്സ്‌" എന്നൊരു രചനയുണ്ട്‌. ഇതിൽ പുതിയൊരു പ്രഭാതത്തെ വരവേൽക്കാൻ വേണ്ടി കവി പാടുമ്പോൾ നമുക്കും അതൊന്നേറ്റു പാടാൻ തോന്നിപ്പോകും ....
"മണ്ണിന്റെ കാലത്തള കിലുക്കി മന്ദാരങ്ങൾ
ഉഷസ്സിന്റെ പല്ലവിയേറ്റു പാടി,മുഗ്ദ്ധ-
സ്മേര വദനയായ്‌ നിൽപ്പൂ പ്രകൃതിയാം ജനനി
പാടുന്നു വീണ്ടും തവ അക്ഷയസംഗീതം
നമോവാകം പ്രഭാതമെ നമോവാകം"


വർഷമുകിലുകൾ--ഇന്ദിരാബാലൻ(കൈരളി ബുക്സ്‌ കണ്ണൂർ)

സീതയെക്കാളിഷ്ടം ദ്രൗപദിയെ



indira balan

(ഒറിയ നോവലിസ്റ്റ്‌ പ്രതിഭാറായിയുടെ "ദ്രൗപദി" എന്ന നോവലിനെ മുൻനിർത്തി ഒരാസ്വാദനം)

"സ്ത്രീയെന്നും ആദരിക്കപ്പെടേണ്ടവളാണെന്ന്‌ പൗരാണിക മതം ഉദ്‌ഘോഷിക്കുമ്പോഴും അവളെന്നും പ്രത്യേക അഴികൾക്കുള്ളിൽ നിന്ന്‌ പീഡിപ്പിക്കപ്പെടുകയാണെന്ന സത്യം നാം വിസ്മരിച്ചു കൂടാ. "ശക്തി" യെന്നതു കൊണ്ടുദ്ദേശിക്കുന്നത്‌ ധാർമ്മികമാണെങ്കിൽ അത്‌ പുരുഷനേക്കാൾ ഒരു പടി ഉയരത്തിലാണ്‌ സ്ത്രീയിലെന്ന്‌ മഹാത്മാഗാന്ധി പോലും പറഞ്ഞിട്ടുണ്ട്‌. മൃഗീയ ശക്തിയാണെങ്കിൽ പുരുഷനിലുള്ളത്രയും മൃഗീയത സ്ത്രീയിലില്ലതാനും. മൃഗങ്ങൾ അവരുടെ അതിജീവനത്തിനു വേണ്ടി കൊന്നു തിന്നുമ്പോൾ , മനുഷ്യൻ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി ആ ഹീനകൃത്യം ചെയ്യുന്നു. അപ്പോൾ വിവേചനശക്തിയില്ലാത്ത മൃഗത്തിനേക്കാൾ മനുഷ്യൻ അധഃപതിക്കുന്നു. മനനം ചെയ്യുന്നവനാണല്ലോ മനുഷ്യൻ. നിസ്വാർത്ഥവും, ലളിതവും, ആത്മനിയന്ത്രണവും , പ്രാർത്ഥനാനിർഭരവുമായ ഒരു ജീവിതത്തിൽ നിന്നേ ഉദാത്തമായ മാനസിക ഭാവം കൈവരു.




എന്നും രാമായണ മഹാഭാരതാദികൾ വായിച്ചു വളർന്ന ഒരു കുടുംബാന്തരീക്ഷത്തിലായിരുന്നു എന്റെ ജനനവും. കുട്ടിക്കാലത്തെ ഏറെ വായിച്ചതു്‌ രാമായണത്തിനേക്കാൾ ,മഹാഭാരതമായിരുന്നെന്നു പറയാം. അന്നേയുള്ള വായനയിൽ നിന്നും മനസ്സിലേറെ പതിഞ്ഞു നിന്നത്‌ സീതയേക്കാളേറെ ദ്രൗപദിയായിരുന്നു. വളരുന്തോറും ദ്രൗപതിയോടുള്ള ഇഷ്ടം കൂടി ആദരവും ആരാധനയുമായി. അത്രയും ശക്തയായ ഒരു കഥാപാത്രത്തിനൊപ്പം തുലനം ചെയ്യുവാൻ ഇക്കാലത്തെ വായനക്കിടയിൽ മറ്റൊരു കഥാപാത്രത്തെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. ലോക ക്ലാസ്സിക്കുകളിൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങളുണ്ടേങ്കിലും. ദ്രൗപദിയോടൊപ്പം ചേർത്തു വെക്കാന്‍ കഴിഞ്ഞിട്ടില്ല.
അസാധാരണത്വം കൽപ്പിക്കാതെ സാധാരണ സ്ത്രീകളുടെ തലത്തിൽ വെച്ചു നോക്കിയാലും അഗ്നി നക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്നത്‌ ദ്രൗപദി തന്നെയാണെന്ന്‌ നിസ്സംശയം പറയാം. ഈ അഭിപ്രായം വ്യക്തിപരം മാത്രം. പുനർ വായനയിലൂടേയും, വ്യത്യസ്ത നിരീക്ഷണങ്ങളിലൂടേയും കേരളത്തിലെ കഥകളിയരങ്ങിലൂടേയും ദ്രൗപദി അവതരിപ്പിക്കപ്പെടുമ്പോൾ ശ്രേഷ്ഠവും കരുത്തുറ്റതുമായ ആ കഥാപാത്രത്തിനോട്‌ മനസ്സ്‌ ഇഴുകിച്ചേർന്നു.




ഏകാന്തതയിൽ പലപ്പോഴും ദ്രൗപദി എന്റെ ചിന്താമണ്ഡലത്തിൽ കടന്നു വരാറുണ്ട്‌. അവരനുഭവിച്ച സംഘർഷങ്ങളും , വിഹ്വലതകളും എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നതു പോലെ പലപ്പോഴും അനുഭവപ്പെട്ടിരുന്നു. തിരിച്ചും മറിച്ചും വായിക്കുമ്പോഴും ഒരിക്കലും മായാത്ത ശക്തിയായി തന്നെ അവർ നിലകൊണ്ടു. ത്യാഗവും, സഹനവും, സ്നേഹവും ആവോളം നൽകിയിട്ടും ദ്രൗപദിക്കു നീതി ലഭിച്ചുവോ?പലയവസരങ്ങളിൽ അധിക്ഷേപത്തിന്നിരയാകുമ്പോഴും യജ്ഞകുണ്ഠത്തിൽ നിന്നും പിറന്നവൾ യാഗാഗ്നിയിലെ ഹവിസ്സായി ഉരുകുകയായിരുന്നില്ലേ? "കുരുക്ഷേത്ര യുദ്ധത്തിന്‌ ദ്രൗപദിയാണ്‌ കാരണമായിത്തീരുന്നതെന്ന കുറ്റം അവൾക്കു മേൽ പതിയുന്നു"നൃശംസരായ കൗരവന്മാരുടെ പിടിയിൽ നിന്ന്‌ ലോകത്തെ രക്ഷിക്കാൻ വേണ്ടി നടത്തിയ വേദന നിറഞ്ഞ ഒരു ശസ്ത്രക്രിയയായിരുന്നു മഹാഭാരത യുദ്ധം "എന്നാണ്‌ ഒറിയ നോവലിസ്റ്റായ പ്രതിഭാറായ്‌ തന്റെ ദ്രൗപദി എന്ന നോവലിലൂടെ അനാവരണം ചെയ്യുന്നത്‌ .




ലോകത്തെ രക്ഷിക്കാനും ശാന്തിയും, ഐക്യവും പുനഃസ്ഥാപിക്കുവാനും ആവശ്യമായ നടപടികളെടുക്കാനുമാണ്‌ ദ്രൗപദി പാണ്ഡവരെ പ്രേരിപ്പിച്ചതു്‌. അല്ലാതെ വെറുമൊരു വ്യക്തിവൈരാഗ്യത്തിന്റെ കഥയല്ലെന്ന്‌ നോവലിസ്റ്റ്‌ വ്യക്തമാക്കുന്നു. എണ്ണമറ്റ യാതനകളും ,അപമാനങ്ങളും നേരിട്ടിട്ടും ദ്രൗപദി പിൻതിരിയുകയോ വിശ്രമിക്കുകയോ ചെയ്തിട്ടില്ല. ദ്രൗപദിയുടെ വാക്കുകളിലൂടെ............................."എനിക്കു വേണമെങ്കിൽ സീതാദേവിയെപ്പോലെ ഭൂമി മാതാവിന്റെയുള്ളിൽ അഭയം തേടാമായിരുന്നു. "എന്നാലത്‌ തന്റെ ജന്മോദ്ദേശ്യത്തിന്‌ കടകവിരുദ്ധമായിത്തീരുമെന്ന്‌ മനസ്സിലാക്കുന്നു. ജീവിത പ്രതിസന്ധികളിൽ മനുഷ്യർ ആത്മഹത്യകളിൽ ഒടുങ്ങന്നതിനു പകരം ,ഒരു നിമിഷം തന്റെ ജന്മ നിയോഗത്തെക്കുറിച്ച്‌ കൂലങ്കഷമായി ചിന്തിച്ചാൽ എത്രയെത്ര ആത്മഹത്യകളൊഴിവാക്കാം.അതീന്‌ അനിവാര്യമായിട്ടുള്ളത്‌ മാനസികശക്തിയാണ്‌. ദ്രൗപദിയെ വായിക്കുമ്പോൾ വായനക്കരനും അവരുടെ മാനസികച്ചിന്തകള്‍ക്കൊപ്പം വന്നുചേരുന്നതു പോലെ.




ലക്ഷ്യത്തിനു വേണ്ടി ഏതൊരാളും സ്വാർത്ഥം ത്യജിക്കണം എന്നും മനസ്സിലാക്കാനാവുന്നു.
ഈ നോവലിൽ കൃഷ്ണനും കൃഷ്ണയും തമ്മിലുള്ള സഖാസഖീബന്ധം അതുല്യവും അന്യാദൃശവുമാണ്‌. നിർവ്വചനങ്ങൾക്കതീതമാണ്‌ ആ ബന്ധം. പ്രക്ഷുബ്‌ധമായ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശത്രുതയും രക്തച്ചൊരിച്ചിലും ഭയാനകമായ ഹിംസയും യുദ്ധവും കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോഴും ശാശ്വത സമാധാനത്തിനു വേണ്ടി ദ്രൗപദിയുടെ ഹൃദയം കേഴുകയായിരുന്നു. അപ്പോഴും അവർ പ്രാർത്ഥിക്കുന്നത്‌ "യുദ്ധത്തിന്റെ മേഘങ്ങൾ ലോകത്തിൽ പറക്കാതിരിക്കട്ടെ ,മനുഷ്യരുടെ നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങൾ മൂലം ഇന്ദ്രപ്രസ്ഥവും ഹസ്തിനാപുരവും ഒരു പോലെ ഈ ഭൂമി ഛിന്നഭിന്നമാകാതിരിക്കട്ടെ എന്നാണ്‌"`. ഇത്‌` എത്രമേൽ നിസ്വാർത്ഥമായ പ്രാർത്ഥനയാണ്‌.


ഒരു പെണ്ണായി ജനിച്ചതിന്റെ നിസ്സഹായത ജീവിതത്തിൽ പലപ്പോഴും അനുഭവിക്കുന്നതോടുകൂടി ,പുരുഷാധിപത്യം നിറഞ്ഞ ഈ ലോകത്തിൽ സൗന്ദര്യമുള്ള ഒരു സ്ത്രീയുടെ ജീവിതം ശപിക്കപ്പെട്ടതാണെന്നും ദ്രൗപദി തിരിച്ചറിയുന്നു. അനുഭവിച്ച നരകയാതനക്കെല്ലാം സൗന്ദര്യം തന്നെ ഒരു കാരണമായിത്തീരുന്നു. സ്ത്രീ വെറുമൊരു വിൽപ്പന ചരക്കാണോ? അവൾക്ക്‌ സ്വതന്ത്രമായ വ്യക്തിത്വമില്ലേയെന്നും കൗരവസഭയിൽ അധിക്ഷേപത്തിന്നിരയാകുമ്പോള്‍ ഈ കഥാപാത്രം ചോദിക്കുന്നുണ്ട്‌ .സ്ത്രീയുടെ ധാർമ്മിക രോഷം തന്നെയാണിവിടെ പ്രതിഫലിക്കുന്നത്‌. വർത്തമാനകാലത്ത്‌ പുരോഗമന പ്രസ്ഥാനങ്ങളും ,സ്ത്രീ ശാക്തീകരണങ്ങളും തഴച്ചു വളരുമ്പോഴും സ്ത്രീ ചൂഷണത്തിന്നിരയായി പീഡനങ്ങളനുഭവിക്കുന്നു. ഈയവസരത്തിൽ സ്ത്രീ ജന്മത്തെ തന്നെ വെറുക്കപ്പെടുന്ന സ്ത്രീകളിൽ നിന്നും ദ്രൗപദി വ്യത്യസ്തയാകുന്നത്‌ ഇവിടെയാണ്‌. നോക്കുക, ഇത്രയൊക്കെ അനുഭവിച്ചിട്ടും അടുത്ത ജന്മത്തിലും താൻ സ്ത്രീയായി ജനിക്കണമെന്ന്‌ തന്നെ മോഹിക്കുന്നു. അത്‌ വിചിത്രമല്ല. സ്ത്രീ അമൃത ജനനിയാണെന്ന ബോധം കൂടിയാണ്‌. സ്ത്രീക്കു മാത്രമെ മുലപ്പാലിന്റെ രൂപത്തിൽ കുഞ്ഞിന്റെ വായിലേക്ക്‌ അമൃതു പകരാൻ കഴിയു. മതൃത്വത്തിന്റെ നിർവ്വിശേഷമായ മഹത്വമാണിവിടെ ദൃശ്യമാകുന്നത്‌.

അഞ്ചു പേർ ഭർത്താവായിട്ടുള്ളവൾ എന്ന സമൂഹത്തിന്റെ അധിക്ഷേപത്തിനും ദ്രൗപദി ഇരയാവുന്നു. പതിവ്രതയിൽ നിന്നും വ്യഭിചാരിണിയെന്ന പേര്‌ കൽപ്പിക്കുന്നു. അത്‌ പഞ്ചഭൂതങ്ങളാണെന്ന സത്യം അറിഞ്ഞുകൊണ്ടു തന്നെ മറക്കപ്പെടുന്നു. ഓരോ സ്വഭാവവും ഒന്നിൽ നിന്ന്‌ ബഹുടൂരത്തിലാണ്‌. അവയോരോന്നുമായി സമരസപ്പെട്ടുപ്പോകുക എന്ന ദുഷ്ക്കരമായ കൃത്യം ദ്രൗപദിയുടെ ജീവിതത്തിലുടനീളം സംഭവിക്കുന്നു. വിഭിന്ന സ്വരങ്ങളെ സ്വരൈക്യത്തിലേക്ക്‌ നയിക്കുകയാണ്‌ ദ്രൗപദിയുടെ കർത്തവ്യം. അത്‌ അവർ വിജയകരമായി നിർവ്വഹിക്കുവാൻ ശ്രമിക്കുന്നുണ്ട്‌. ഏതവസ്ഥയോടും സ്ത്രീ പൊരുത്തപ്പെടുക എന്ന ഒരർത്ഥവും ഇവിടെ നിഴൽ വിരിക്കുന്നു. ഓരോ സന്ദർഭത്തിലും ആത്മസംയമനം പാലിച്ച്‌ നീതിബോധത്തോടെ ജീവിച്ച ദ്രൗപദിയെ ആർക്കാണിഷ്ടപ്പെടാതിരിക്കുക. !



വേദനകളത്രയും പകരുന്നത്‌ ബന്ധുവും, ആത്മമിത്രവുമായ ശ്രീകൃഷ്ണനോടാണ്‌. "ധനം, ഐശ്വര്യം, സാമർത്ഥ്യം, യശസ്സ്‌ ,സുഹൃത്തുക്കൾ. ബന്ധുക്കൾ, ഭർത്താവ്‌ ,പുത്രൻ, പുത്രി, ഭാര്യ, ഈ കൂട്ടത്തിൽ വേദനയറിയുന്ന ഒരു ബന്ധു ഉണ്ടായിരിക്കേണ്ടതാവശ്യമാണ്‌. സുഖത്തിൽ സുഖം ചാലിച്ച്‌ ആനന്ദം നൂറിരട്ടിയാക്കുകയും ,ദുഃഖത്തിൽ പങ്കു ചേർന്ന്‌ വ്യഥ കുറക്കുകയ്യും ചെയുന്ന ബന്ധു."എന്ന്‌ നോവലിസ്റ്റ്‌ ദ്രൗപദിയിലൂടെ സൂചിപ്പിക്കുന്നു. ആ മിത്രമാകുന്നത്‌ കൃഷ്ണനാണ്‌. ഹൃദയാലുവായ മിത്രത്തിന്റെ മുന്നിൽ മനസ്സു തുറന്നാൽ ഹൃദയം ആകാശം പോലെ സ്വതന്ത്രവും, ഉദാരവും ,പ്രകാശപൂർണ്ണവുമായിത്തീരും. എന്നാൽ മറ്റുള്ളവരുടെ മനസ്സറിയുന്ന ഗോവിന്ദനോട്‌ ഒന്നും പറയേണ്ടി വരുന്നില്ല. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ഉദയസൂര്യന്റെ സ്പർശമേറ്റ്‌ ഇതൾ വിരിയുന്ന പൂവു പോലെ മനസ്സ്‌ താനെ തുറക്കുമെന്നാണ്‌ ദ്രൗപദിയുടെ മതം. ഗോവിന്ദന്റെ മുമ്പിൽ ദ്രൗപദിയുടെ എല്ലാ വ്യഥകളും അറിയാതെ തന്നെ അനാവൃതമാകുന്നു.

ദ്രൗപദിയുടെ അഭാവത്തിൽ അഞ്ചുപേരും അനുഭവിക്കുന്ന സംഘർഷങ്ങൾ പലവിധ ഭാവഹാവാദികളോടെ ദ്രൗപദിയോടേറ്റുമുട്ടുന്നു. നിപുണതയോടെ അവരനുഭവിക്കുന്ന പലവിധ നോവുകളുടെ ആഴം സീമാതീതമായി വരച്ചുകാണിക്കുവാൻ നോവലിസ്റ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഭൂമിയിൽ ധർമ്മ സംസ്ഥാപനാർത്ഥം പഞ്ച പാണ്ഡവരുടെ ഭാര്യയായി എന്നതിനാൽ ഐവരോടും പൊരുത്തക്കേടുകൾക്കിടയിലും സമരസപ്പെടുവാൻ അവർ തയ്യറാവുന്നു. വിയോജിപ്പിനേയും യോജിപ്പാക്കി മാറ്റുന്ന അസാധാരണ വൈഭവം ഈ ശക്തയായ കഥാപാത്രത്തിലൂടെ അഭിദർശിക്കാം.

സ്ത്രീത്വത്തിന്റെ സമസ്യകൾക്കെതിരെ പോരാടുന്ന സ്ത്രീ ചിത്തത്തിന്റെ ആവിഷ്ക്കാരം മാത്രമല്ല പ്രതിഭാറായിയുടെ "ദ്രൗപദി" .ലോകമെമ്പാടുമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസ്സാണ്‌ "ദ്രൗപദി"യെന്ന നോവലിലൂടെ ആവിഷ്‌കൃതമാകുന്നത്‌. സ്ത്രീ, ആര്യവനിത, രാജ്ഞി എന്നിങ്ങനെയുള്ള ഇടുങ്ങിയ വേലിക്കെട്ടുകൾ ഭേദിച്ച്‌ വയസ്സ്‌, വർഗ്ഗം‌, ജാതി, മുതലായ വിഭാഗീയതകള്‍ തകർത്ത്‌ മുന്നോട്ടു വരുന്ന മാനവികതയാണത്‌. മഹാഭാരതത്തിൽ നിന്നും തികച്ചും വ്യത്യസ്തയായ ദ്രൗപദിയാണ്‌ ` പ്രതിഭാറായിയുടേത്‌. അവൾ

അടിച്ചമർത്തപ്പെട്ടവരുടെ ,മൗനങ്ങളുടെ രസനയാകുന്നു. പ്രതികൂലാവസ്ഥയിലും നിർഭയത്വവും , ധീരതയും കാഴ്‌ച വെച്ച ദ്രൗപദി സ്ത്രീ വർഗ്ഗത്തിനു തന്നെ അഭിമാനമാണ്‌. നീതി ലഭിക്കേണ്ട ഈ ലോകത്ത്‌ ദ്രൗപദിയെ അറിയുകയും, പഠിക്കുകയും ആവശ്യമാണ്‌. വെറും വായനയല്ല. പല തലങ്ങളിലൂടേയും ,സൂക്ഷ്മനിരീക്ഷണത്തോടെ അപഗ്രഥനാത്മകമാക്കണം. സ്ത്രീകൾ കരുത്തുറ്റവരും ,നന്മതിന്മകളെ തിരിച്ചറിഞ്ഞ്‌ ലോകത്തിനു ദീപവുമായിരിക്കണം. നിത്യവും ലോകത്തിലെല്ലായിടത്തും , മനുഷ്യനുള്ളിലും, പുറത്തുമൊരു കുരുക്ഷേത്രയുദ്ധം നടന്നുകൊണ്ടിരിക്കുന്നു. എല്ലാവിധ അന്യായങ്ങൾക്കും മനുഷ്യത്വമില്ലായ്മക്കുമെതിരെ ദ്രൗപദിയെ പോലെ പോരാടാനുള്ള കരുത്ത്‌ സജ്ജമാക്കുക. എന്നേ ഹൃദയത്തിൽ അവരോധിച്ച ദ്രൗപദിയുടെ കരുത്തിനിപ്പോൾ മാറ്റ്‌ കൂടിയിരിക്കുന്നു. വായനയുടെ അന്ത്യത്തിൽ നീറിപിടിക്കുന്ന ഒരു നോവാകുമ്പോഴും , കടുത്ത മഞ്ഞായും, മഴയായും, വേനലായും .......വ്യത്യസ്ത ഭാവപ്പകർച്ചകളുടെ ശക്തിസ്രോതസ്സായി ദ്രൗപദി എന്റെ മനസ്സിന്റെ മുറ്റത്ത്‌ അഭൗമപ്രഭയോടെ നിറഞ്ഞു നിൽക്കുന്നു.