m k janardanan
അസ്ഥികൾ കുശുത്തുമൺമറഞ്ഞ ഒരു പഴയകാലത്തിൽ നിറയെ തണൽ മരങ്ങൾ പന്തലിച്ചു നിന്ന ഹരിതഗ്രാമങ്ങൾ. മഞ്ഞും കുളിരും അടർന്നു വീണിരുന്ന ഗ്രാമസൗഭഗങ്ങൾ. ദൂരെക്കാഴ്ചകളിൽ വൃക്ഷനിബിഡമായിരുന്ന ഗിരിശൃംഗങ്ങൾ. നാണാത്തരം വർണ്ണപൂക്കൾ ചൂടി നിന്നിരുന്ന തരുനിരകൾ. അവർക്കുകീഴിൽ ഇളവെയിലിന്റെ മഞ്ഞയും നിഴലും കൂടി വരച്ചു ചേർത്തിരുന്ന ചിത്രങ്ങൾ. എല്ലാം എവിടെപോയി ? ഇപ്പോൾ പണം ഒലിച്ചിറങ്ങുന്ന റബർ മരക്കാടുകളെ ഹരിച്ചു കൊഴിച്ചാൽ ദൂരെ കുന്നരിഞ്ഞരിഞ്ഞ് ജെ.സി.ബി കൾ നിരപ്പാക്കിയ മൈതാനത്തെ ചുട്ടുപൊള്ളിക്കുന്ന വെയിലുകൾ ചിതറിതലയുയർത്തിയ കോൺക്രീറ്റ് ഭവനങ്ങൾ. ബാക്കി കുന്നായ കുന്നുകളും ഹരിതങ്ങളും ജെ.സി.ബിയും ടിപ്പർ രാക്ഷസലോറികളും ചേർന്ന് മാന്തി നിരത്തി ചെമ്മണ്ണിന്റെ പൊടികൊണ്ട് പരിസരം മൂടുന്നു. ഫ്ലാറ്റ് സമുച്ചയങ്ങൾ ഉയരുന്നു. താമസിയാതെ ഭൂമി ടൗൺഷിപ്പുകളെക്കൊണ്ടു നിറയും. പണ്ട് അടിവാരത്ത് നോക്കെത്താദൂരം പച്ചവയലുകളാണ് ഉണ്ടായിരുന്നത്.
കാറ്റും പച്ച നെല്ലോലകളും ചേർന്നുള്ള കളികളിൽ പച്ച ചേല പറന്നു പറന്നകലുന്ന കാഴ്ച കാണാനെന്തുഭംഗിയായിരുന്നു. അതെല്ലാമാരു കവർന്നുകൊണ്ടുപോയി? പാടക്കര ഒരു മനോരോഗ ചികിത്സാ കേന്ദ്രമുണ്ടായിരുന്നു. സുപ്രഭാതങ്ങളിൽ മനോരോഗികളെ വയലിന്റെ കുളിർമഞ്ഞിലൂടെ, നടവരമ്പിലൂടെ രണ്ടുമെയിൽ നടത്തി-വീണ്ടും തിരിച്ചു നടത്തി ചികിത്സാലയത്തിലെത്തിക്കും. കുളിരും മഞ്ഞും ധാരയും നെല്ലിക്കാത്തളവും പ്രകൃതിയുമായുള്ള നിത്യസംസർഗ്ഗവുമൊക്കെയായിരുന്നു ചികിത്സകൾ. പുഞ്ചയരി വെന്തചോറും വിഷം തളിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണം. ആറ് മാസത്തിനുള്ളിൽ ഏത് പിടിവിട്ട ബുദ്ധിയും നേർവഴിക്കു വരും. പത്മനാഭൻ വൈദ്യൻ തിരക്കും ഇപ്പോൾ എങ്ങിനെയുണ്ട് പുരുഷോത്തമൻ എം.എ, ബി.എഡ്. ഇപ്പോൾ ഇവിടെ വന്ന ശേഷം കവിതയെഴുതാൻ തോന്നുന്നുണ്ട്. പേപ്പറും പേനയും തന്നാൽ കവിതയെഴുതാം. വൈദ്യൻ രോഗിയുടെ ഒപ്പം നിൽക്കുന്ന ബന്ധുക്കളോടായി പറഞ്ഞു.
"കൊണ്ടുവരുന്ന അന്ന് എന്തു ബഹളക്കാരനായിരുന്നു. ദാ നോക്ക്. ഇപ്പോൾ പറഞ്ഞതിന്റെയർത്ഥം അപ്പോൾ നോർമ്മലായിരിക്കുന്നു എന്നാണ്" "ശരിയാണു വൈദ്യരെ. ആളുടെ രീതികൾ മാറി പഴയപടിയായിരിക്കുന്നു." "എന്റെ മാത്രം കഴിവല്ല. സ്വർഗ്ഗ തുല്യമായ ഇവിടുത്തെ പ്രകൃതിയും കൂടെ ചേർന്നതാണ്. എന്റെ ചികിത്സാരീതി ഇപ്പോൾ മനോരോഗാലയമില്ല. പത്മനാഭൻ വൈദ്യരും മൺമറഞ്ഞു. വയലുകൾ, അവിടവിടെ നിറയെ മൺകൂനകളുണ്ടാക്കി അവിടെയൊക്കെ റബറിന്റെ കൂടത്തൈകൾ നട്ടുനനച്ചു. അവിടം നിറയെ പണമൊലിക്കുന്ന റബർക്കാടുകൾ. വയൽ മൺമറഞ്ഞു. ഭക്ഷ്യോൽപാദനം നിലച്ചു. കർഷകർ ഗതിയറ്റു. കുറേപ്പേർ കടം പെരുകി ആത്മഹത്യ ചെയ്തു. ആളുകൾ പ്രകൃതിയെ ധിക്കരിച്ചു. പണികളും ചെയ്യാതെയായി. ഗ്രാമത്തിലെ ഏറെപ്പേരും മെയ്യ് അനങ്ങാതെ തിന്നാൻ വസ്തുബ്രോക്കർമാരോ ബ്ലയിഡ് ബിസിനസ്സുകാരോ ഒക്കെയായി മാറി. 100 നു മാസം 10 പലിശ. അനധികൃതവും അനീതിയുമാണ്.
ജീവിതവും സ്വപ്നവും മനുഷ്യബന്ധങ്ങളും സകല വ്യാവഹാരങ്ങളും അനധികൃതമായിരിക്കുന്നു. അറിവുകൾ വ്യർത്ഥം. അറിവുകളെ സാംശീകരിക്കുന്നവൻ വിഡ്ഢി, പരാജിതൻ. അറിവുതേടി ജീവിതത്തിൽ പകർത്തിയവർക്കെല്ലാം വ്യഥാകാലം. നീരൊഴുക്കു സമൃദ്ധമായിരുന്ന തോട്ടു വറ്റി. പണ്ടു മിഥുനം മുപ്പതുനാളും ചന്നം പിന്നം ചാറ്റൽ. കർക്കിടകത്തിൽ പേമാരി. വയലിന്റെ പുൽപ്പരപ്പിലേക്കു കണ്ണാടി ജലവും മീനുകളും, മീൻപിടുത്തക്കാരും. മീൻകൂടിൽ പിടക്കുന്ന മത്സ്യങ്ങളും ഒക്കെയും അപ്രത്യക്ഷമായി ചിങ്ങം കന്നി തുലാം വൃശ്ചികം ധനുവിൽ നിന്നും മഴത്തുള്ളികൾ നാടുവിട്ടുപോയി. ഓണവും വിഷവും പെരുന്നാളും ക്രിസ്തുമസ്സും പങ്കിടലുകളില്ലാതെ നാമമാത്രമായി. ശാന്തികൾ കടങ്കഥയായി.
സന്തോഷവാർത്തകൾ ഇല്ലാതായി. മഴമായുകയാൽ വിളയറ്റുപോയ ഭൂമികളും മഞ്ഞനിറം പടർന്ന മനുഷ്യരും ഗ്രാമത്തിലെ കാഴ്ചവസ്തുക്കളായി. പൊടി പുതച്ച ചെടികളും പച്ചിലകളും മഞ്ഞപടർന്നു കിടക്കുന്നു. കന്നുകാലികൾ ദീനം വന്നു ചത്തു. പകർച്ച വ്യാധിയും പനിയും രോഗാതിഥികളായി. കുടിവെള്ളക്ഷാമം രൂക്ഷമായി. പുന്നത്തോട്ടത്തു നായന്മാരുടെ പറമ്പിൽ ഉണ്ടായിരുന്ന വറ്റാക്കുളവും ആ കാലം വറ്റി. അതിന്റെ അടിത്തട്ടിലെ ഉറവക്കണ്ണിൽ ചെറിയ കുഴിതാഴ്ത്തി.
റെഡിസ്റ്റോക്കായി എപ്പോഴും ഒരുകുടം വെള്ളം കിട്ടി. എടുക്കുംതോറും ഒരു നിറകുടം ബാക്കി. ഗ്രാമീണരുടെ കഞ്ഞികുടി മുട്ടിയില്ല. കുന്നിൻ പുറങ്ങളിലെ വീടുകളിലേക്ക് ടിപ്പർലോറികളിലാണ് ടിപ്പർലോറികളിലാണ് ഒന്നരാടം വെള്ളമെത്തിക്കുന്നത്. എടുക്കുന്നിടത്തും കൊടുക്കുന്നിടത്തും വെട്ടിപ്പുകളുടെ വെള്ളപ്പൊക്കം. ഒന്നിനു ഒന്ന് എന്ന കണക്കിലാണ് അഴിമതി. വിലകയറ്റി കുടിവെള്ളത്തിന്റെ കുപ്പി വാണിഭക്കമ്പനിക്കാർ കോടീശ്വരന്മാരായി. കുളിക്കാനും അലക്കാനും വലഞ്ഞു. ജീവന്റെ കണക്കുപുസ്തകത്തിൽ ആരും വരവിൽ കൊള്ളിക്കാത്ത ജീവികളും ഗ്രാമത്തിൽ അധിവസിക്കുന്നുണ്ട്. കാക്ക, പശു, പട്ടി, ആട്, കോഴി പലയിനം പറവകൾ. അവയിൽ ചിലതൊക്കെ വരൾച്ചാ ചൂടിൽ ചത്തുവീണു. നനവുതേടി ഒരു കാക്ക പറന്നുപറന്ന് തളർന്ന് ടാർവഴിയിൽ ഭ്രാന്തൻ ഗൗതമന്റെ കാൽച്ചുവട്ടിൽ വീണു. ഗൗതമനു വലിയതോതിൽ ഭ്രാന്തില്ല. എന്നാൽ മെന്റൽ ആണു താനും. വലംകൈയിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നത് ഉണങ്ങിയ ഒരു ആനപ്പിണ്ഡം. ചെവിയിലൊരു കട്ട ചെമ്പരത്തിപ്പൂ. ആളുകൾ തിരക്കും "ഇതെന്തിനാ ഈ ആനപ്പിണ്ഡം?" - ആവശ്യമുണ്ട്.
"ഇതെന്തിനാ ചെവിയിൽ ചെമ്പരത്തിപ്പൂവ്?" "ഇതുകൊണ്ടല്ലേ ഏറ്റവും വലിയ ആവശ്യം" ചെമ്മണ്ണു പുരണ്ട മുണ്ടും ഷർട്ടും വെള്ളം നനഞ്ഞിട്ട് മാസങ്ങൾ. മഴക്കാലത്ത് ടാർ നിരത്തിനരുകിലെ ഓട നിറഞ്ഞൊഴുകിവരുന്ന കലക്കവെള്ളം കോരിക്കുടിക്കും. "ഇതെന്താ ഗൗതമാ ഈ ചെയ്യുന്നേ... അയ്യേ" "കുറച്ചു പാലു കുടിച്ചു നോക്കിയതാ കുടിച്ചു നോക്ക് നല്ല പാലാ" കാണുന്ന ജീവികളെയെല്ലാം തൊഴും. പട്ടി, പൂച്ച, പശ, ആന, കോഴി ഇവയെയെല്ലാം അളവറ്റ ബഹുമാനം. മനുഷ്യരിൽ കൊച്ചുകുട്ടികളെ തൊഴും. മുതിർന്നവരോട് രോക്ഷമാണ്. മുമ്പൊക്കെ തെറി വിളിച്ചിരുന്നുവത്രെ! ഇപ്പോൾ തെറിയോ നെറിയോ എന്തെന്നറിയാത്ത പിറുപിറുപ്പു മാത്രം. ജീവന്റെ കണക്കുപുസ്തകത്തിൽ ഗൗതമൻ കാണാതെ പോയ ഒരക്കം. ജീവജലം തേടി പറന്ന കാക്ക തളർന്നു തളർന്നു "ഗൗതമന്റെ കാൽക്കീഴിൽ വീണതെ പിണ്ഡം തറയിൽ വച്ചു തൊഴുതു. കുനിഞ്ഞു നിലത്തിരുന്നു രണ്ടു കയ്യും നീട്ടിയപ്പോൾ അഭയം തേടിയ കാക്ക കൈവെള്ളകളിലേക്കു ചാടിക്കയറി.
"ഗൗതമൻ ഒരു കൈയ്യാൽ തളർന്നവശനായ കാക്കയെ നെഞ്ചോടു ചേർത്തു. വലം കൈയിൽ പിണ്ഡമുയർത്തി നടന്നു. കാക്കയോട് കണക്കറ്റു വാത്സല്യം തോന്നി. "എന്തുപറ്റി കൂട്ടുകാരന്? മനസ്സിലായി. ദാഹിക്കുന്നുണ്ട്. എനിക്കുമുണ്ട് ദാഹം. വാ നമുക്കു വഴിയുണ്ടാക്കാം. ദൈവം നമുക്കിപ്പോൾ വെള്ളം തരും. നടപ്പു തുടരുന്നതിനിടയിൽ കാക്കയുടെ പാടമൂടി വരുന്ന വട്ടക്കണ്ണിൽ സ്നേഹപൂർവ്വം ഉമ്മ നൽകി. ആ ജീവി ഊഷ്മളമായ ആ സ്നേഹം തിരിച്ചറിഞ്ഞു കൊണ്ടിരുന്നു. എന്തൊക്കെയോ നില തെറ്റിയ ഓർമ്മകളിൽ പൊട്ടിച്ചിരിക്കുന്നതിനിടയിൽ ഒരു അത്ഭുതം കണ്ടു കണ്ണുതുറന്നു. അതാ ജലം. വറുതികൾക്കിടയിൽ വഴിവക്കിലെ കുടിവെള്ളക്കുഴൽ തുരുമ്പിച്ച് അടർന്നു കുടിവെള്ളം കുതിച്ചുപായുന്നു. റോഡിലെ ചരിച്ചിറക്കിയിരിക്കുന്ന ചപ്പാത്തിലൂടെ അരുവി പ്രവാഹം പോലെ നീരൊഴുക്ക്. ഗൗതമൻ കാക്കയെ ജലത്തിനരുകിലിരുത്തി. സമീപവീടുകളിലെ തരുണികൾ കുടുവുമായെത്തി വെള്ളം നിറച്ചു കൊണ്ടുപോയി. കാക്ക ധാരാളം ജലം ദാഹമകലുവോളം ഞൊട്ടിനുണഞ്ഞു. പിന്നെ ചിറകു നനച്ചു കുളിച്ചുണർന്നു.
ഗൗതമനും ദാഹം തീരുവോളം കുടിച്ചു ശമിച്ചു. കീലുപുരണ്ട ഉടുപ്പിലും ശരീരത്തിലും തലയിലും തേവിനനച്ചു. പിണ്ഡം കൈയിലേന്തി കാക്കയെ തൊഴുതു യാത്ര തുടർന്നു. കാക്ക കരഞ്ഞു ബഹളം കൂട്ടാൻ തുടങ്ങി. ഒരു കാക്ക, രണ്ടു കാക്ക എങ്ങുനിന്നോ കാക്കകൾ പറന്നു വന്നുകൊണ്ടിരുന്നു. പെരുമ്പറ മുഴക്കുന്ന ശബ്ദത്തിൽ വലിയൊരു കാക്കപ്പട തന്നെ വന്നു നിറഞ്ഞു. അവ ഒന്നടങ്കം നിരത്തു ഉപരോധിച്ചു. വാഹനങ്ങൾ വഴി തിരിയേണ്ടിവന്നു. ഒരു പകൽ മുഴുവനും ഉപരോധം തുടർന്നു.