Followers

Wednesday, January 27, 2010

ചില്ലകളല്ലെ ചില്ലകളല്ലെ...

dona mayoora

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു,
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.

ആയിരംവിരലുകള്‍നീട്ടിയെന്റെ
നിഴലുകള്‍ നിന്നെ പുണര്‍ന്നെന്നും
സര്‍വ്വാംഗം ചുംബിച്ചെന്നും കണ്ടുനിന്നവര്‍.

പക്ഷേ നിനക്കാ വാക്കുകള്‍
കേള്‍ക്കാനാകുമായിരുന്നില്ല.

എന്റെ തായ്ത്തടിയിൽ ചാരി,
ആ നിഴലിൽ അൽ‌പ്പനേരം വിശ്രമിച്ച്
നീ കടന്നു പോയി.

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു.
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?