Followers

Wednesday, January 27, 2010

ബെന്തിപ്പൂക്കളിലേയ്ക്കുള്ള ഡിജിറ്റൽ വഴി

thomas p kodiyan


രമണന്റെ ഫോണിലെ കിളി ചിലച്ചു. ചന്ദ്രികയാണ്‌. "അച്ഛൻ സമ്മതിക്കുന്നില്ല രമണാ. മാപ്പു തരിക" അവളുടെ സ്വരം കാതരവും ലോലവുമായിരുന്നു.
ഫോണിന്റെ മറുതലയ്ക്കൽ അർത്ഥപൂർണ്ണമായൊരു മൗനത്തിനു വിരാമമായി ചന്ദ്രികയുടെ പിതാവിന്റെ മൊബെയിൽ ഫോണിലൊരു പിക്ചർ മെസ്സേജ്‌....
അസ്ത്രപ്രജ്ഞനായ പിതാവ്‌ ഐ.സി.യു.വിൽ.
മകളുടെ ഭാവിയെ നോക്കി ചകിതയായിപ്പോയ അമ്മ അതിനുശേഷം മൗനം മുറിയ്ക്കാൻ മറന്നുപോയി.
രമണനും മദനനും റെയിൽവേ ഓവർബ്രിഡ്ജിൽ നിൽക്കുമ്പോൾ ശവഗന്ധമുള്ള പൂക്കളും വച്ച്‌ ചന്ദ്രിക ആമ്പുലൻസിൽ കടന്നു പോയി.
യാത്രാമൊഴി പറയുന്നതിനു വേണ്ടി ഒരു വേള അവൾ ആമ്പുലൻസിന്റെ ചില്ലുജാലകത്തിലൂടെ നോക്കുമെന്നാശിച്ച്‌ രമണൻ നിന്നു.
പക്ഷേ, ബന്തിപ്പൂക്കളുടേയും ജമന്തിപ്പൂക്കളുടേയും ഭാരം കൊണ്ട്‌ അവൾക്കെഴുന്നേൽക്കാനായില്ല.
ചന്ദ്രിക അദ്ധ്യാപികയായിരുന്ന സ്കൂളിൽ നിന്നും അവളുടെ പ്രിയ കുഞ്ഞുങ്ങളുടെ നീണ്ട നിര അവളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നു. അവരുടെ കുഞ്ഞു ഷൂസുകളുടേയും വസ്ത്രങ്ങളുടേയും മർമ്മരത്തിൽ തെരുവ്‌ ഗദ്ഗദം കൊണ്ടു. അവരുടെ കൈകളിലുണ്ടായിരുന്ന പൂക്കൾപോലും മൗനികളായിരുന്നു. അവ കരയുകയായിരുന്നു. അവയുടെ മിഴിനീർ വീണു വഴികൾ നനഞ്ഞു.
രമണന്റെ തൊണ്ടയിലൊരു കടൽ കഴച്ചു. അവന്റെ കണ്ണുകളിൽ കാഴ്ചകൾ മങ്ങി. പകരം അതീതകാലത്തു നിന്നും ചന്ദ്രികയുടെ പിതൃക്കളുടെ നീണ്ട നിര അവന്റെ മുന്നിൽ തെളിഞ്ഞു. അവർ ചോദിച്ചു."കുഞ്ഞേ, നീയെന്തിനീ മഹാപാപം ചെയ്തു? ഞങ്ങളുടെ വംശവൃക്ഷത്തിന്റെ ഒടുവിലെ പുഷ്പമാണു നീ ഹരിച്ചു കളഞ്ഞത്‌. ഞങ്ങൾക്കിനി ആരു ബലിയൂട്ടും? ആരു ഞങ്ങളുടെ ദാഹം ശമിപ്പിക്കും. ആരെയും ശപിച്ചു ശീലമില്ലല്ലോ കുഞ്ഞേ ഞങ്ങൾക്ക്‌..."
ഭാവിയുടെ ഗർഭത്തിലിരുന്ന്‌ അരൂപികളായ ഒരു സന്തതി പരമ്പര അവനോടു വാവിട്ടു കേണു."ഞങ്ങൾ ചന്ദ്രികയിലൂടെ പ്രകാശത്തിന്റെ ലോകം കാണാനിരുന്നവരാണ്‌. ഇനി ഞങ്ങൾക്കു ജനനമില്ല. ജീവിതമില്ല. പ്രണയങ്ങളുമില്ല. മടങ്ങിപ്പോവുകയാണ്‌. ഇരുളിലേയ്ക്ക്‌...ഇരുളിലേയ്ക്ക്‌..."രമണൻ പറഞ്ഞു. "മദനാ, ഞാൻ ഒരു ജന്മപരമ്പരയുടെ ഘാതകനാണ്‌. ഒരു പൂന്തോട്ടം പുനർനിർമ്മിക്കാനാവാത്ത വിധം ഞാൻ നശിപ്പിച്ചു. എനിക്കു ചുറ്റും നിലവിളികളും ശാപവാക്കുകളും നിറയുന്നു" കരഞ്ഞുകൊണ്ടുവനതു പറയുമ്പോൾ അവനിൽ ചന്ദ്രികയുടെ വായ്പ്പൂവിന്റെ വാസനയും, അതിലൂറിയ മധുവും അവളുടെ മേനിയിൽ അവനു വേണ്ടി മാത്രം വിരിഞ്ഞ പുഷ്പങ്ങളും നിറഞ്ഞു.
അൽപം കഴിഞ്ഞ്‌ അവൻ ചോദിച്ചു "മദനാ, മനുഷ്യൻ മരിക്കുമ്പോൾ പൂത്തിരികൾ കത്തുന്നതു നീ കണ്ടിട്ടുണ്ടോ?" ഇല്ലെന്നു മദനൻ പറഞ്ഞപ്പോൾ, താഴെ, മൗനത്തിൽ മരണമൊളിപ്പിച്ചു കൈകൾ നിവർത്തിനിന്നിരുന്ന വൈദ്യുതിക്കമ്പികളിലേയ്ക്കവൻ സ്വയം സമർപ്പണം നടത്തിക്കാണിച്ചുകൊടുത്തു...
പൂത്തിരികൾ. പൊട്ടിത്തെറികൾ. കൂട്ടുകാരൻ പച്ചയ്ക്കു കരിയുന്ന ഗന്ധം.....
നടുക്കം നൽകിയ ശിലാഭാവത്തിൽ നിന്നും വർത്തമാനകാലത്തിലേക്കു മദനൻ മടങ്ങി വന്നപ്പോഴേയ്ക്കും അവന്റെ ഫോൺ വിശന്നുതലതല്ലിക്കരഞ്ഞു തുടങ്ങി. ചന്ദ്രികയെ രമണൻ എത്ര മാത്രം സ്നേഹിച്ചിരുന്നുവേന്നു ലോകമറിയട്ടെ.
മദനൻ ഫോണെടുത്തു. മൊബെയിൽ വീഡിയോ ക്യാമറയിൽ രമണൻ തല്ലിപ്പിടഞ്ഞു തീർന്നു. രമണൻ, ഡിജിറ്റൽ ശബ്ദങ്ങളും ചിത്രങ്ങളുമായി മദനന്റെ ഫോണിൽ അനശ്വരനായി.
മൊബെയിലിന്റെ വിശപ്പു മാറിയപ്പോഴും മദനന്‌ ഒരു ഖേദം ബാക്കിയായി-എന്തു കൊണ്ടിതുവരെ ആരും ഗന്ധങ്ങൾ പിടിച്ചെടുക്കുന്ന സംവിധാനം കണ്ടെത്തിയില്ല.
ശബ്ദഘോഷങ്ങളും അഗ്നിപുഷ്പങ്ങളും, കരിയുന്ന മാംസ ഗന്ധവുമടങ്ങിയപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന്‌ മദനൻ രമണന്റെ വീട്ടിലേയ്ക്കുള്ള