saju pullan
നേരിൽ കാണാനുള്ള ക്ഷണം സ്വീകരിച്ചാണ് അവൾ ധനികനായ മനുഷ്യന്റെ മുറിയിൽ എത്തിയത്. അയാൾ അവളെ കാത്തിരിക്കുകയായിരുന്നു. അയാൾ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു അവൾ, എല്ലാ ഭംഗികളേക്കാളും ഭംഗിയുള്ളവൾ. മുമ്പെവിടേയും കണ്ടിട്ടില്ലാത്തത്ര ഉടൽ അഴകുള്ളവൾ.
കരിവണ്ടഴകുള്ള കണ്ണുകൾ, ആപ്പിൾ റോസ് ചുണ്ടുകൾ, കൊഴുത്ത ദേഹത്തെ മുഴുത്ത .......ഒക്കെ തുറന്നുകാണാൻ കൊതിയായി. കായൽക്കരയിലെ ഹോട്ടൽമുറിയിൽ അയാൾക്കരികെ അവൾ കാതരയായി ഇരുന്നു.
അഴിമുഖത്തു നിന്നും വീശിയ കാറ്റ് നഗരത്തിലേക്ക് കടന്നു ,കാറ്റ് ഒരു കമ്പളം കണക്കെ അവരെ പൊതിഞ്ഞു. ഈറൻ കാറ്റായിരുന്നു എന്നിട്ടും അവർ ഇരുന്നു വിയർത്തു.
രത്നവേട്ടക്കാരന്റെ കയ്യിലമർന്ന നിധികുംഭത്തെപ്പോലെ അയാൾ അവളെ ചുംബിച്ചു. ....നിധികുംഭത്തിന്റെ മേലാട അഴിച്ചു മാറ്റി.
ഉൾതലത്തിലെ ഇരുൾ കയത്തിൽ ഒരു മാംസസ്പർശം അവൾ അറിഞ്ഞു. തെല്ലു നേരത്തിനുള്ളിൽ ആ നക്ഷത്ര സ്യൂട്ടിൽ കൊള്ളചെയ്യപ്പെട്ട ഒരു നിധികുംഭം പോലെ അവൾ തുറന്നുകിടന്നു.ഉടലിന്റെ ദാഹമൊടുങ്ങി അയാൾ അലിവോടെ അവളെ ചേർത്തണച്ചു. അവളെ ഒരുപാട് ഇഷ്ടപ്പെട്ടു അയാൾക്ക്. താൻ രുചിച്ചിട്ടുള്ളതിൽ വച്ചേറ്റവും മധുരമുള്ള ശരീരം ഇവളുടേതാണ്. തേന്‍മധുരമുള്ള ശരീരം. !
ഇന്നിത്രക്ക് മതി. തമ്മിൽ പിരിയാം. അയാൾ കരുണയോടെ അവളോട് ആരാഞ്ഞു.
'സുന്ദരി എനിക്കു കുറച്ചു തിരക്കുകളുണ്ട്. നമുക്ക് പിരിയാം. സമയം നിനക്കും വിലപ്പെട്ടതാണല്ലോ?
അവൾ പറഞ്ഞു എനിക്കു തിരക്കില്ല സാർ.തന്നെയുമല്ല. അങ്ങയോട് എന്നെപ്പറ്റി ചിലത് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതു പറയാൻ വേണ്ടീട്ട് മാത്രമാണ് ഞാൻ അങ്ങയുടെ ക്ഷണം സ്വീകരിച്ചതു്. അങ്ങേക്ക് കേൾക്കാൻ മനസ്സുണ്ടാകണം.
ശരീരം കൊണ്ട് സംസാരിച്ചതു തന്നെ ധാരാളം എന്ന് മനസ്സിൽ പറഞ്ഞെങ്കിലും നൂറുവട്ടം മനസ്സാണ് കുട്ടീ എന്ന് അയാൾ അവളോട് പറഞ്ഞു.
'അല്ലെങ്കിൽ തന്നെ ഇവൾ പറയാൻ പോകുന്നതൊക്കെ തനിക്കറിയാവുന്നതു തന്നെ. ഇവൾ ഒന്നാം തരം മോഡൽ അല്ലേ."
ഒരു വസ്ത്ര പരസ്യത്തിന് മോഡലായി ഫാഷൻ വീക്കിലിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം കണ്ട മാത്രയിൽ തന്നെ വല്ലാതെ ആകർഷിച്ചു. അതിൽ പിന്നെ ഹോട്ടലിന്റെ കൺവെന്‍ഷൻ സെന്ററിൽ ഫാഷൻ ഷോയിൽ നേരിട്ട് കണ്ടു. ഉടയാത്ത ഉടലിന്റെ താളം റാമ്പിൽ കണ്ടപ്പോഴേ തീരുമാനിച്ചു,ഒരു ദിനം ഇവളോടൊപ്പം ഈ ഹോട്ടലിൽ തന്നെ കൂടണം.
മോഡലുകളെ സപ്ലെ ചെയ്യുന്ന പ്രോഡക്ഷൻ എക്സിക്യൂട്ടീവ് അഭിയെ ഏർപ്പാടാക്കിയപ്പോൾ എല്ലാം എളുപ്പത്തിലാവുമെന്ന് കരുതി. വശീകരിക്കുന്നതിനായി വലിയൊരു തുകയും വാഗ്‌ദാനം ചെയ്തിരുന്നല്ലോ!
ഒരാഴ്‌ച്ചയായുള്ള കഠിനപ്രയത്‌നത്തിനൊടുവിൽ ഒരറ്റ കൈ പ്രയോഗത്തിന്റെ വരവിനെ വിശേഷിപ്പിച്ചതു്. ഇവൾ ഒരു സാധാരണ മോഡൽ പോലും അല്ലപോലും. !
ഓ, പിന്നെ കൊക്കെത്ര കുളം കണ്ടിരിക്കുന്നു.
എന്തായിരുന്നുവോ അറ്റകൈപ്രയോഗം?
'അതെന്തെങ്കിലുമാവട്ടെ"
അയാൾ അവളെ നോക്കിപ്പറഞ്ഞു.
നിന്നെപ്പറ്റി എനിക്കറിയാമല്ലൊ സുന്ദരി, നീയൊരു നമ്പർ വൺ മോഡലല്ലേ"?
മോഡൽ മാത്രമല്ല സാർ ഞാനൊരു വിദ്ധ്യാർത്ഥിനിയാണ്.
"ഓഹൊ ,കാകദൃഷ്ടിർബകധ്യാനം,ശ്വാനനിദ്ര,തഥൈവച,അൽപ്പാഹാരം,ജീർണ്ണവസ്ത്രമേതദ്വിദ്യാർത്ഥി ലക്ഷണം എന്നാണല്ലോ ശാസ്ത്രം. നിന്നെ കണ്ടിട്ട് അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ.
അതൊരു പഴയ ലക്ഷണശാസ്ത്രമല്ലേ- സാർ.പഠിക്കാനുള്ള പണം തേടി മോഡലിംഗിനും, ഫാഷൻഷോയിക്കുമൊക്കെ പോയി ലക്ഷണം കെട്ടു.
അതേയോ അതെനിക്കൊരു പുതിയ അറിവാണല്ലോ. ! ഏത് ഡിഗ്രിക്കാണ് പഠിക്കുന്നത്?
എഞ്ചിനീയറിംഗ് ഒന്നാം വർഷം.
യേത് കോളേജിൽ? അയൾക്കാകാംക്ഷയായി. അവൾ പറഞ്ഞു,അങ്ങ് അറിയും ഈ നഗരത്തിലെ പ്രശസ്തമായ സ്വാശ്രയ കോളേജാണ്. .............എന്നാണ് പേര്
കോളേജിന്റെ പേരു കേട്ടതും ഭൂകമ്പത്തിൽപ്പെട്ട വൻമരത്തെപ്പോലെ അയാളുടെ ഉടല് വിറച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടിക്കാര്യം ആദ്യമേ പറഞ്ഞില്ല നീ? ക്ഷോഭത്താൽ അയാൾ കിതച്ചുകൊണ്ടിരുന്നു.
അതിനുത്തരമെന്നോണം അവൾ ആലങ്കാരികമായി ചിരിച്ചു.
അവൾ പറഞ്ഞു"വിദ്യാരംഭത്തിനു പണം വേണം. സ്വാശ്രയ സരസ്വതീഭവനത്തിൽ തലപ്പണം വേറെ വേണം. ധനമുള്ളവർക്ക് എളുപ്പത്തിൽ വിദ്യ വിലക്കു വാങ്ങാം. പാവങ്ങൾക്കൊ എല്ലാം വിറ്റിട്ടുവേണം.
അവൾ അയാളുടെ കൈകൾ വിലങ്ങനെ ചേർത്തുപിടിച്ചു.
ഒന്നുമില്ല വീട്ടിൽ ഇനി വിൽക്കാൻ. പഠിത്തം നിർത്താനുമാവില്ല. അതുകൊണ്ട് ഞാൻ സ്വയം .......അല്ലാ,പാവങ്ങളോന്നും പഠിക്കേണ്ടെന്ന് പറയാനുമാവില്ലല്ലോ?
അയാളുടെ കണ്ണുകളിലേക്ക് പാളിനോക്കിക്കൊണ്ട് അവൾ നാടകീയമായി തുടർന്നു.
ഇനിയിപ്പൊ ആരെങ്കിലും അങ്ങനെ പറഞ്ഞാലും അങ്ങ് പറയില്ലെന്ന് എനിക്കുറപ്പാ. മറ്റാരേക്കാളും അങ്ങേക്കറിവുള്ളതാണല്ലോ വിദ്യാധനം സർവ്വധനാൽ പ്രധാനമെന്ന്.
അഴിഞ്ഞു വീഴുന്ന മുഖംമൂടി ഉറപ്പിക്കാൻ തത്രപ്പെടുന്ന നടന്റെ വിരുതോടെ അയാൾ ചോദിച്ചു.
എങ്ങിനെ,എങ്ങിനെ എനിക്കറിയാമെന്നാണ് നീ പറഞ്ഞുവരുന്നത്?
അതോ, അവൾ ഒന്നു നിർത്തിയിട്ട് നിഗൂഢമായ ചിരിയോടെ പറഞ്ഞു
ഒരു സ്വാശ്രയകോളേജിന്റെ ഉടയതിനല്ലേ വിദ്യാധനത്തെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നത്. സാർ അങ്ങയുടെ ഉടമസ്ഥതയിലുള്ള കോളേജിലാണ് ഞാൻ പഠിക്കുന്നത്.
നാടകത്തിന്റെ ക്ലൈമാക്സിൽ നായകന്റെ മുഖംമൂടി അഴിഞ്ഞു വീണ് വില്ലനായവനെ കാണികൾ കൂകിവിളിക്കുന്ന ആരവം അയാളുടെ കാതുകളിൽ ഇരമ്പി. അഭിയുടെ അറ്റകൈ പ്രയോഗത്തിന്റെ ഫലം ഇതാണല്ലേ.
"അപ്പോള്‍ നീ ഒരുമ്പെട്ടിറങ്ങിയിരിക്കയാണല്ലേ?
നിവൃത്തികേടുകൊണ്ടാണ് സാർ.അല്ലെങ്കിൽ ഒരുമ്പെട്ടിറങ്ങുമായിരുന്നില്ല. വല്ലാത്ത ഒരുറപ്പോടെയാണ് അവൾ പറഞ്ഞത്
"രണ്ടാവശ്യങ്ങളേ എനിക്കുള്ളു.ഇനിയുള്ള കാലം എന്റെ പഠനത്തിനുള്ള ധനം അങ്ങ് വഹിക്കണം. ഇനിയെന്നെ തേടുകയുമരുത്. അങ്ങനെയാണെങ്കിൽ നമ്മുടെ സംഗമം ഞാൻ രഹസ്യമായി സൂക്ഷിക്കും. അങ്ങേക്കൊരിക്കലും മാനഹാനി ഉണ്ടാവുകയില്ല. മാനത്തിന് അങ്ങ് വില പേശുകയില്ലെന്ന് ഞാൻ കരുതുന്നു.
"യു ബ്ലാക്ക് മെയിൽ മീ ബ്ലഡി ബിച്ച്"
"ഓഹ് നോ സാർ കൂൾഡൗൺ,കൂൾഡൗൺ.മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്താണെന്ന് അങ്ങേക്കറിയില്ലെ. ഇല്ലെങ്കിലിതാ കേട്ടോ. ഭക്ഷണം ,വസ്ത്രം ,പാർപ്പിടം .കാലം മാറിയപ്പോൾ ഒന്നുകൂടി കൂടി. വിദ്യാഭ്യാസം.
"വിദ്യാദാനം സാമൂഹ്യസേവനം എന്നാണ് വയ്‌പ്പ്. പക്ഷേ സാറമ്മാരൊക്കെക്കൂടി അതിനെ ലാഭക്കച്ചവടമാക്കി. ഒക്കെ സാറിന് അറിയാവുന്നതു തന്നെ. അറിയില്ലെന്ന് വെറുതെ ഭാവിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങൾ നൽകാൻ ചുമതലപ്പെട്ടവരിൽ നിന്നും അതു ചോദിച്ചുവാങ്ങുന്നതിനെ അവകാശസമരമെന്നാണ് സാർ ഞ്ങ്ങൾ പറയുന്നത്. ബ്ലാക്ക് മെയിലിംഗ് എന്നല്ല .വിദ്യാഭ്യാസത്തിന്റെ രീതി മാറിയപ്പൊ സമരത്തിന്റെ രീതീം മാറി. അത്രയേയുള്ളു. സമരത്തെ നേരിടുന്ന എല്ലാ മുതലാളിമാരും ഇങ്ങനെയാണ്. മറ്റ് പേര് പറഞ്ഞ് ആക്ഷേപിക്കും. അടിച്ചമർത്താൻ നോക്കും. എന്റെ ഈ സമരത്തിൽ അതൊന്നും നടപ്പില്ല കെട്ടോ. നാലാളറിഞ്ഞാൽ നാണക്കേട് അങ്ങേക്ക് തന്നെയാണ്. ഒരു കോളേജിന്റെ ഉടയോൻ തന്റെ കോളേജിലെ വിദ്യാർത്ഥിയെ പീഡിപ്പിച്ചു എന്നു നാട്ടുകാരറിഞ്ഞാൽ ..................ഛെ .കാതുകളിൽ ആൾക്കൂട്ടത്തിന്റെ കൂകിവിളികൾ ഇരമ്പുന്നു. ഒരു തലയാട്ടലോടെ അയാൾ തളർന്നിരുന്നു പോയി.
എല്ലാം സമ്മതിക്കുന്നു എന്ന കൈയൊപ്പിന്റെ ശരീര ഭാഷയാണ് തലയാട്ടൽ. യാതൊരു എതിർപ്പുമില്ലാതെ അയാൾ കീഴടങ്ങുമെന്ന് സ്വപ്‌നത്തിൽ കരുതിയിട്ടില്ല. അവളുടെ ഹൃദയം നിറഞ്ഞുപോയി. കണ്ണു നിറഞ്ഞത് ശരീരത്തിന്റെ വേദന കൊണ്ടല്ല. നേട്ടത്തിന്റെ ആനന്ദമാണ് . നഷ്ടപ്പെട്ടത് വലുതാണെങ്കിലും നേടിയതും വലുതാണ്
ഇനിയുള്ള കാലം പഠനത്തിന് മാറ്റിവെക്കണം. ഭാവികാലം മറ്റൊരു നഗരത്തിൽ ജോലി തേടിപ്പോകാം. കേടു പറ്റിയ സെല്ലുകളോടൊപ്പം ഭൂതകാലത്തിന്റെ പടവും ഈ ശ്മശാനത്തിൽ അഴിഞ്ഞുപോയ്‌ക്കൊള്ളും.
അകലെ ഗ്രാമത്തിൽ അച്ഛനും അമ്മയും ആധികൊണ്ടിരിക്കുകയായിരിക്കും. മോൾക്ക് അടുത്ത മാസത്തേക്കുള്ള ഫീസ് എങ്ങിനെ അയയ്ക്കുമെന്നോർത്ത്. മകളെ പഠിപ്പിച്ച് പഠിപ്പിച്ച് എഞ്ചിനീയർ ആക്കണം എന്ന് മോഹിച്ച തന്റെ അച്ഛൻ.-പൂർണ്ണാ നദിയിലെ മണൽക്കുഴിയിൽ തോണി മറിഞ്ഞ് മകൻ മരിച്ചുപോയതിൽ വിലപിച്ചു നിൽക്കുന്ന അച്ഛന്റെ മുഖമാണ് എപ്പോഴും ഓർമ്മ വരുന്നത്. വിലാപങ്ങൾക്കിടയിലേപ്പോഴോ അച്ഛൻ പറഞ്ഞു
"പൂർണ്ണാ നദിക്കു മേലേയുള്ള പാലം എന്റെ മോൾ പണിയും."
പാലം പണിയുന്നത് എഞ്ചിനീയറാ നിന്നെക്കൊണ്ടാവോ അതിനോക്കെ? കേട്ടു മടുത്ത ആരോ ചോദിക്കുകയാണ്.
ഞാനവളെ എഞ്ചിനീയറിംഗ് പഠിപ്പിക്കും.
അതൊരു പ്രഖ്യാപനമായിരുന്നു.പിന്നീടതൊരു ശാഠ്യമായി. മകൾ പണിയുന്ന പാലം മകൻ താങ്ങിനിർത്തുമെന്നച്ഛൻ വിശ്വസിച്ചു. അച്ഛന്റെ വിശ്വാസം മകളുടെ സ്വപ്‌നമായി. തുടർന്നുള്ള പഠനത്തിന് സ്ക്കോളർഷിപ്പ് തരപ്പെട്ടു എന്ന് അറിയിക്കുമ്പോഴുള്ള അച്ഛന്റെ ആശ്വാസത്തിന്റെ സ്വരം ഇപ്പോഴേ കാതിൽ കേൾക്കുന്നു.
ടബ്ബ്...ടബ്ബ് ...ടബ്ബ്.... അല്ലല്ലോ .ഒരു നിശ്വാസസ്വരമല്ലേ കേട്ടത്. പിന്നെ ആരോ കതകിൽ മുട്ടുന്നതാണ് ,അഭിയായിരിക്കും. തിരികെ പോകാനുള്ള കാറുമായി വരാമെന്നേറ്റ സമയം കൃത്യമായി പാലിച്ചിരിക്കുന്നു.
ഇരുവരും ഉടുപുടവ വാരിച്ചുറ്റി കിടക്കവിട്ടെണീറ്റു.ടബ്ബ് ടബ്ബ് ടബ്ബ് വാതിലിൽ തട്ടുന്ന ശബ്ദം മുറുകുകയാണ്.
അയാൾ ടെലിഫോണിനരികിലേക്ക് നീങ്ങി. വിളിക്കുമ്പോൾ മാത്രം റൂം ബോയിയെ അയച്ചാൽ മതിയെന്ന് റിസപ്‌ഷനിൽ പറഞ്ഞേൽപ്പിച്ചിരുന്നതാണ്. പിന്നെ ആരാണ് ഈ നരകക്കുഴിയിൽ പെട്ടു കിടക്കുന്ന തന്നെ ശല്യം ചെയ്യുന്നത്
റിസപ്‌ഷനിസ്റ്റില്‍ വിളിച്ച് രണ്ടു പറയുക തന്നെ.
റിസീവർ പറിച്ചെടുത്ത് ചെവിയിൽ ചേർത്തു വച്ചു. പക്ഷേ ഫോൺബന്ധം വിച്ഛേദിക്കപ്പെട്ടു പോയിരുന്നു. ഫോൺറിസീവറിന് വല്ലാത്ത തണുപ്പും നിശബ്ദതയും. എന്തോ ഒരാപൽശങ്കയിൽ അയാളുടെ മനസ്സ് പിടച്ചു. പുറത്തേക്ക് വഴികളില്ലാത്ത വലിയൊരു ഒറ്റാൽ പോലെ ഹോട്ടൽ തങ്ങളെ വിഴുങ്ങിയിരിക്കുന്നു. ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന ഈ ഹോട്ടൽ -ക്രമേണ ഫോണിന്റെ നിശബ്ദത അയാളിലേക്കും പകർന്നു.
അവളുടെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു. ഉച്ചക്കു മുമ്പ് കോളേജിലെത്തിയാൽ രണ്ട് അവർ ക്ലാസ്സിലിരിക്കാം. ഇനിയങ്ങോട്ട്` അവധികളില്ലാത്ത പഠനകാലമാണ്.
പൂർണ്ണ നദിക്കു കുറുകെയുള്ള പാലം ഇനിയെത്ര ഹ്രസ്വം.
അവൾ വാതിലിലേക്ക് സാവധാനം നടന്നു. കൊളുത്തു നീക്കി വാതിൽ പാളി മലർക്കെ തുറന്നു. മുറിഞ്ഞുപോയ ടബ്ബ് ടബ്ബ് ശബ്ദങ്ങൾക്കൊപ്പം അവൾ കണ്ടു. നിയമം അതിന്റെ പിളർന്ന വായുമായി മുമ്പിൽ അവരേയും കാത്തുനിൽക്കുന്നു.