Followers

Wednesday, January 27, 2010

പത്തു കവിതകള്‍


rajanandini

1--നിലപാടുതറയിലെ കാവലാൾ

ദ്രാവിഡത്തിൽ നിന്ന്‌ ഒറ്റചിലമ്പുമായ്‌
മലനാട്ടിലെത്തിയോൾ നീ
വരമഞ്ഞൾ തേച്ചും കുരുമുളകു കുടിച്ചും
കാമം സഹിച്ചവൾ നീ
നിലപാടുതറയിൽ നീ വെളിച്ചപ്പെട്ടപ്പോൾ
നിനക്കരികെ നിന്നവൻ ഞാൻ
നിന്റെ ചുണ്ടു വിരൽ ചൂണ്ടിയ പീഠത്തിൽ
ഇടത്തരികത്തിരുന്നവൻ ഞാൻ
നീ തന്ന നെല്ലുമരിയും പൂവും നെഞ്ചോടു ചേർത്ത്‌
നിന്നെ ധ്യാനിച്ചവൻ ഞാൻ
ഒരു കുടം കള്ളു താ ഒരു കുടം ചോര താ
അലറി വിളിച്ചവൾ നീ
എന്റെ സ്വപ്‌നങ്ങളും നെഞ്ചിലെ ചോരയും
നിന്നിൽ പൊലിച്ചവൻ ഞാൻ
അണിവയറും പുറവടിയും കണങ്കാലും കാർമുടിയും
പാനയിൽ വാഴ്‌ത്തിയോൻ ഞാൻ
കലി തു‍ള്ളിച്ചാടി നീ കളത്തിൽ വന്നപ്പോള്‍
താലമുഴിഞ്ഞു വണങ്ങിയോൻ ഞാൻ
ഇടം ചവിട്ടി വലം ചവിട്ടി ഞെരിയാണി അമർത്തിച്ചവിട്ടി
നീ തട്ടകത്തേറിയപ്പോൾ
കണ്ണിമ പൂട്ടാതെ പന്തം കൊളുത്തി നിന്റെ
അപ്പുറം മാറി നിന്നോൻ
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടു നീ
പോർക്കളം മായ്‌ച്ച നേരം
കണ്ണിൽ പൊടി വീണു നെഞ്ചിൽ പന്തം കേറി
മണ്ണിൽ പതിച്ചവൻ ഞാൻ
അരമണി കിലുക്കിയും വാൾമുന വീശിയും
അകത്തെഴുന്നെള്ളിയപ്പോൾ
ചെമ്പട്ടുകൊണ്ടു നിന്റെ കഴുത്തും അണിവയറും
അമർത്തി തുടച്ചവൻ ഞാൻ
കലിയൊന്നടങ്ങുമ്പോള്‍ തിരികെ വിളിക്കുവാൻ
കാതോർത്തു കാവൽ നിന്നോൻ
പക്ഷേ............ എരിഞ്ഞ കണ്ണിൽ നിന്നും
അടർന്ന കനൽ വീണു
കരിഞ്ഞൊരു കാവലാൾ ഞാൻ


2-ഒരു മദ്യക്കുപ്പിയുടെ ദുരന്തം

തിരകളിൽ നീന്തിത്തുടിച്ചും
മുങ്ങിയും പൊങ്ങിയും
ഗതികിട്ടാ പ്രേതം കണക്കെയലച്ചും
കരയോടടുത്തെന്നു തോന്നുന്നതിൻ മുമ്പ്‌
തിരകളെന്നെതട്ടി
ദൂരത്തെറിഞ്ഞും
കഴിയുന്നു ഞാനെത്ര നാളുകളായൊന്നു
നിവരുവാൻ പോലുമാകാതെയീ നീറ്റിൽ
ഒരു നാളെന്നെപുണർന്നു ചേർത്തെന്നിലെ
പതയുന്ന ലഹരി നുണഞ്ഞവർ തന്നെയാ-
പതറുന്ന കാലുകൾ കൊണ്ടെന്നെ തട്ടിയീ-
കടലിന്റെയാഴത്തിലേക്കായെറിഞ്ഞു
ഇനിയൊരു ജന്മമുണ്ടെന്നാകിലെന്നെയീ
നുരയുന്ന മദ്യം നിറയ്ക്കുവാൻ പോരുന്ന
മനുഷ്യന്റെ ജന്മം തുലയ്ക്കുന്ന ഹേതുവായ്‌
പിറവിയെടുക്കരുതെന്നു പ്രാർത്ഥിക്കുന്നു


3-പ്രണിധാനം

ഏറെ നടന്ന്‌ തളർന്ന്‌
തപിച്ച്‌ തണുത്ത്‌ വിറച്ച്‌
വല്ലാതങ്ങു മുഷിയുമ്പോൾ
ഞാൻ വേദത്തെ ഓർക്കാറില്ലെടൊ
കാലത്തിന്റെ ഞെരിയാണിയമർത്തലിൽ
ഞെരിഞ്ഞടർന്നു വീഴുമ്പോള്‍
ഞാൻ ആചാരഭാരങ്ങളെ
കുടഞ്ഞെറിയുന്നെടൊ
എനിക്കിപ്പോള്‍ വേണ്ടത്‌
വേദാന്തത്തിന്റെ തണുപ്പല്ല
ഉഷസ്സിന്റെ ,ഉർവ്വരതയുടെ
ഉന്മാദത്തിന്റെ ഒരിറ്റുമുലപ്പാൽ
മുള്ളുവേലികൾക്കപ്പുറം
മുരിക്കുപൂക്കുന്നപോലെ
നിന്റെ പ്രണയമാണെനിക്കാധാരം
നിന്റെ പ്രണവമാണെനിക്കവലംബം
4-മിന്നാമിനുങ്ങ്‌

ഈ നിമിഷങ്ങളിൽ.
ഈ സുന്ദര നിമിഷങ്ങളിൽ
ഏകാന്തത ഉരുകിയൊലിച്ചു നിറം വാർന്നു
ആകാശവും കടലും ഒരേ ചുവപ്പു നിറം
നമുക്കപ്പുറം
ദൂരം വെറുമൊരു മിഥ്യ
അബോധത്താൽ ഞാനൊരു വലയെറിഞ്ഞു
നിന്റെ കണ്ണിലെ പരൽ മീനുകളെ
സ്വന്തമാക്കൻ
പക്ഷേ...നീയത്‌
തന്ത്രപൂർവ്വം മുറുകെ പിടിച്ചു
എനിയ്ക്കു നൽകാതെ
ഹൃദയത്തിന്റെ അഗാധതയിൽ നിന്നും
വികാരങ്ങൾ രൂപാന്തരം തേടി
പുറത്തേക്കൊഴുകി
ചിന്തയുടെ ഇരുളിൽ
ഒരു നക്ഷത്രമുദിച്ചു
പിന്നെ ഒരായിരം
നിഷ്‌ക്കളങ്കതയുടെ മിന്നാമിനുങ്ങുകളായി
അവ ഇരുളിനെ വിഴുങ്ങുമ്പോൾ
കണ്ടു ഞാൻ എന്നെ

5-അഭിഗമം
ഇന്നാണ്‌ ഞാനൊരു വെളുത്ത കടലാസ്സായത്‌
എന്റെ മുന്നിൽ ചായങ്ങൾ
ചുവപ്പ്‌, പച്ച, നീല, മഞ്ഞ
പലവർണ്ണങ്ങളിൽ ഞാൻ ഊളിയിട്ടു
പിന്നെ എന്നിലേക്ക്‌ തിരികെ
ഊളിയിട്ട വർണ്ണങ്ങൾ -രൂപങ്ങൾ തേടി
രൂപങ്ങൾ അർത്ഥങ്ങൾ തേടി
അർത്ഥങ്ങൾ വാക്കുകൾ തേടിയും അലഞ്ഞു
ഒടുവിൽ- മൗനത്തിലഭയം
മൗനമോ......വാക്കുകൾക്കതീതവും
അപ്പോൾ..
നീയെനിക്കു മൗനമാകുന്നു
വർണ്ണങ്ങളുടെ പൂർണ്ണതയാണ്‌ വെളുപ്പെങ്കിൽ
ശബ്ദത്തിന്റെ പൂർണ്ണതയായി
മൗനമായി നീയെന്നിൽ വരിക
എന്റെ അസ്ഥിത്വത്തിലേക്ക്‌
മൗനത്തിലൊളിച്ച വാക്കുകളായി
വെളുപ്പിലൊളിച്ച വർണ്ണങ്ങളായി
നാം...................

6-സന്ധ്യക്കുടഞ്ഞ
കുടം

പ്രണവപർവ്വത്തിന്റെ താളിയോലയില്‍
പ്രായം കിതയ്ക്കുന്നു
വേദാന്തങ്ങളൊക്കെ വേദനകളാകുമ്പോള്‍
നേരിനെ നാരായമാക്കി
നെഞ്ചിൽ കുത്തിയിറക്കുന്നതാര്‌?
വേനൽ മഴ വരണ്ട വയലുകളിൽ
രതി നിർവ്വാണം തേടുമ്പോള്‍ പൂർവ്വാപര ബന്ധത്തിന്റെ
പട്ടു നൂലിൽ
പ്രണയം ആത്മഹത്യ ചെയ്യുന്നുവോ?
പേരാലിലയിൽ പ്രപഞ്ചം
പെരുവിരലുണ്ണുമ്പോൾ
നിന്റെയോടക്കുഴലിന്റെ
ഓരോ സുഷിരവും
എന്റെ മനസ്സാകുന്നു
അഴിയാബന്ധങ്ങളുടെ കുരുക്കിൽ
ജീവിതം.........സന്ധ്യക്കുടച്ച കുടമാകുന്നുവോ?



7-ഒരു താരാട്ടിന്റെ ഓർമ്മക്ക്‌
ഇന്നലെകളെ ചുറ്റിപ്പിടിച്ചു ഞാൻ
ഒട്ടു നേരമിരിയ്ക്കട്ടെയിക്കൊടും
കാടു കെട്ടിയ മുറ്റത്തെ ജീവിത
പാഴ്‌മരത്തണൽ കീഴിലെ പൂഴിയിൽ

ജന്മബന്ധക്കുരുക്കഴിച്ചെത്രയോ
കാതമപ്പുറം പോയി നീയെങ്കിലും
കാതരം നിന്നു പോകുന്നു ഞാനുണ്ണി
അന്തപന്ഥാവിനോരത്തിലങ്ങനെ
നിന്റെ നോക്കിന്റെ പോർമുനക്കുത്തേറ്റ്‌
ചൂഴ്‌ന്നു വീണുപോയെന്നുടെ കണ്ണുകൾ
നിന്റെ വാക്കിന്റെ വായ്‌ത്തലപ്പേറ്റിയ
ചെന്തഴൽ ചിന്തുചങ്കിൽ കൊരുക്കവെ
പാതി വെന്തുപോയെങ്കിലും ഉള്ളിലായ്‌
ഇത്തിരി ചോരവറ്റാത്ത മാംസവും
പൈതലെ നിനക്കായ്‌ കരുതുന്നുണ്ടോ-
രിറ്റു പാലു ഞാനെൻ മുലക്കാമ്പിലും

ഇങ്ങു നീ തിരികെ വരികെന്നുണ്ണി
നിഗ്രഹിക്കുക നിഷ്ഠുരം നിന്നുടെ
സ്വത്വബോധതലങ്ങളിലാളുന്ന
സ്വാർത്ഥ ബന്ധിത കാമബീജങ്ങളെ

8-ചില്ലുജാലകത്തിനപ്പുറം

ഇളം കാറ്റിലെ ദലമർമ്മരങ്ങളിൽ
നിന്റെ പാദപതനം കേട്ടുവോ?
രാവിന്റെ ഈ അന്ത്യനിമിഷങ്ങളിലും
ഞാൻ കാത്തിരിക്കുന്നത്‌ നിന്റെ വരവിനായി
നീ പകുതി പറഞ്ഞു നിർത്തിയ സ്നേഹ-
വാക്കുകൾക്ക്‌ കാതോർത്ത്‌....
പാടി മുഴുമിക്കാത്ത നിന്റെ ഉറക്കുപാട്ടിന്റെ
ഈണങ്ങളിൽ തല ചായ്‌ച്ച്‌
ഞാൻ ഉറങ്ങാതിരിക്കുകയാണ്‌
എവിടെയോ പൂത്ത നിശാഗന്ധിയുടെ
സൗരഭം...
എന്നെ വന്നു മൂടുമ്പോഴും
അതു നിന്റെ വിയർപ്പിനോളം
ഹൃദ്യമായിരുന്നില്ല.
തുരുമ്പിച്ച ഓടാമ്പലിൽ കുരുങ്ങിയ നിന്റെ മനസ്സിന്റെ
ചില്ലിജാലകത്തിനോരത്ത്‌
നിന്റെ നിശ്വാസത്തിന്റെ ഊഷ്മളതയിൽ
അലിയാൻ...
ഞാൻ കാത്തിരിക്കുന്നു
ഹൃദയത്തെ ഞെരിച്ചമർത്തുന്ന
ബന്ധഭാരങ്ങൾ
ഇറ്റു വീഴുന്ന ചോരപ്പൂക്കളിൽ.
ഒരു പ്രണയത്തിന്റെ പുഞ്ചിരി.
ഇരവും പകളും ഇണചേരുന്ന
ഈ ബ്രാഹ്മമുഹൂർത്തത്തിൽ
നിനക്കു മാത്രമായെന്റെ തുടിപ്പുകൾ
ഇതു ധന്യമുഹൂർത്തം........അവസാനിക്കാത്ത കാത്തിരിപ്പിന്റെ

9-ഇക്കിളിപ്പൂവ്‌

ചവിട്ടി നിൽക്കാൻ വേണ്ടത്രമണ്ണില്ലാതെ
വഴിയോരത്തു പുഞ്ചിരിച്ചു നിന്നു
വിനോദയാത്രികരെ നോക്കി
ഒരിയ്ക്കലൊരു കവിയെന്നെ
ഇക്കിളിപ്പൂവേന്നു വിളിച്ചു
കാമുകിയുടെ പിന്‍‌കഴുത്തിൽ
എന്നെ ചേർത്തുഴിഞ്ഞ്‌ ഇക്കിളിപ്പെടുത്തി
ഞാനും......
എന്നാൽ ഇന്ന്‌
ഒരു തെറിച്ച പെണ്ണെന്നെ
പറിച്ചെടുത്തപ്പോൾ.
പറിഞ്ഞുപോയതെന്റെ കാലുകൾ
ചുവടുറയ്ക്കാത്ത നിൽപ്പിന്റെ ഫലം!
അവൾ.............
പൊരിവെയിലിലേക്കെന്നെ
വലിച്ചെറിഞ്ഞു
യാത്രികരാൽ ചവുട്ടിയരക്കപ്പെട്ടു
അരഞ്ഞതെന്റെ ശരീരം മാത്രം
എന്നിലെ വിത്തുകൾ മുളയ്ക്കപ്പെടും
പുതുനാമ്പുകൾ കിളിർക്കപ്പെടും


10-പ്രിയതമക്കൊരു കാവ്യം

പുലരുവാനിനിയെത്രയുണ്ടെന്റെ
പ്രിയതമ ചൊല്ലുക
ഇരുളിനറ്റത്തൊരിറ്റുവെട്ടമായ്‌
അരികിലെത്തുകില്ലേ?
ഇരവിനിത്ര മേലകലമുണ്ടെന്ന്‌
അറിഞ്ഞതിനു മാത്രം
നനഞ്ഞ സന്ധ്യയിലൊരിക്കലെന്നെ നീ
തിരിച്ചറിഞ്ഞതല്ലേ?
നിനക്കു മാത്രമായ്‌ പകുത്തു നൽകുവാൻ
ഉരുക്കിവെച്ചതെല്ലാം
ഒളിച്ചുവെച്ചു ഞാനകത്തൊരിടത്തൊ-
രിരുണ്ട കോണിലായി
പറഞ്ഞതുമില്ല കരളിനുള്ളിലെ
മുറിഞ്ഞമൗനങ്ങളിൽ
പൊതിഞ്ഞെടുത്തു ഞാനുയിരിൽ സൂക്ഷിച്ച
നിറഞ്ഞ മോഹങ്ങളെ
അറിഞ്ഞു പിന്നെ നീയടുത്തു വന്നെന്റെ
അടഞ്ഞ കൺപീലിയിൽ
പതുക്കെ ചുണ്ടുകൾ വിടർത്തി വീഴ്‌ത്തിയ
നനുത്ത ചുംബനത്തിൽ
തുടിച്ചുണർന്നെന്റെ കനൽ കിനാവുകൾ
കടുത്ത വേനൽ പോലെ
പുണർന്നു ചേർത്തു ഞാൻ കരങ്ങളാലെന്റെ
ഉണർവ്വിനുള്ളിലായ്‌
ഇനിയൊരിക്കലും പിരിയുകീലൊന്നു
പറഞ്ഞു കാതി നേരം
ഇനിയും വയ്യെന്റെ പ്രിയതമെയിനി
ഒരു നിമിഷം പോലും
തനിച്ചിരിക്കുവാൻ കഴിയുന്നീല നീ
വരിക വേഗമെന്നിൽ