sreedevinair
ഒരഗ്നിസ്ഫുലിംഗമെന്നധരത്തില്‍ വീശീ
ചുടുനെടുവീര്‍പ്പുകളെനെന്നിലെത്തീ
അതിനുള്ളിലെന്തോ പദംതെറ്റിനിന്നൂ
മറ്റൊരുജ്വാലപോലായിപിന്നെ.
നിനയ്ക്കാതെ വന്നൊരു നീലവെളിച്ചത്തില്‍
കത്തുന്ന കനലിന്നൊരു ജ്വാലയായീ
താപം നിറച്ചൊരു തപമിന്നുള്ളിലായ്
താനെയണയാത്തൊരഗ്നിയായീ.
മോചനം
വസ്ത്രാഞ്ചലത്താല്‍ മറയ്ക്കാന്‍ ശ്രമിക്കുമെന്‍
നഗ്നമാം മേനിയില്‍ തീപടര്‍ത്തീ,
പിച്ചിപ്പറിച്ചവന്‍ രോഷത്തിന്‍ വിത്തുകള്‍
പാകുവാന്‍ വീണ്ടും നഗ്നയാക്കീ.
ഇറ്റിറ്റുവീഴും വിയര്‍പ്പിലെന്‍
വിഴുപ്പുപോലും പരിതപിച്ചു.
ദുശ്ശാസനനായ് വീറുകാട്ടിയവന്‍
ഉള്ളില്‍ ഞാനൊരു പാഞ്ചാലിയും.
രക്ഷയ്ക്കായെത്താന്‍ കഴിയാതെ അഞ്ചുപേര്‍
പഞ്ചഭൂതങ്ങളായെന്നില്‍ ഒത്തുചേര്‍ന്നു
ഞെട്ടറ്റ അഞ്ചിതള്‍ പൂവുപോല്‍ മാനസം
പഞ്ചാഗ്നിമദ്ധ്യേ കൊഴിഞ്ഞുവീണു.