Followers

Wednesday, January 27, 2010

ആസ്വാദനം

വർഷമുകിലുകൾ--ഇന്ദിരാബാലൻ(കൈരളി ബുക്സ്‌ കണ്ണൂർ)
n a s perinjanam bangalore

ഇന്ന്‌ നമ്മുടെ ഭാഷയിൽ കവിത വായിക്കുന്നവരേക്കാൾ കൂടുതൽ പേർ കവിതയെഴുതുന്നവരാണ്‌. എന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. കവിതയുടെ ഇത്തരത്തിലുള്ള ജനകീയതയിൽ ഒട്ടും ആഹ്ലാദത്തിന്‌ വകയില്ലായെന്നതാണ്‌ ദുഃഖകരമായ മറ്റൊരു സത്യം. ഭാഷയെ സംബന്ധിച്ചിടത്തോളം കവിത മഹത്തരമാണെന്ന തിരിച്ചറിവായിരിക്കാം അത്തരമൊരവസ്ഥാവിശേഷത്തിന്‌ വഴിയൊരുക്കിയത്‌. നിർഭാഗ്യകരമെന്നു പറയട്ടെ ആധുനികതയുടെ പേരിൽ സുന്ദരിയും, സൗഭാഗ്യവതിയുമായ കവിതയുടെ മൂക്കും, മുലയുമരിയുകയാണ്‌ അവരിൽ പലരിന്നും ചെയ്തുകൊണ്ടിരിക്കുന്നത്‌.
കവിതക്ക്‌ 2009 ലെ കേരളസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച ശ്രീ :ഏഴാച്ചേരി രാമചന്ദ്രൻ പറയുന്നതിങ്ങനെയാണ്‌.
"നമ്മുടെ ഹൃദയത്തെ ഉണർത്താൻ പര്യാപ്തമായ താളാത്മകതയും വാക്കുകൾക്കുള്ളിലെ സ്വയംഭൂവായ ഈണവും മലയാളകവിതക്ക്‌ അത്യാവശ്യമാണെന്ന്‌ ഞാൻ കരുതുന്നു. ഇതൊരു മൂഢവിശ്വാസമാണെന്നു നിനക്കുന്നവരും കണ്ടേക്കാം. ആദിദ്രാവിഡ ഗോത്ര സംസ്കൃതിയുടെ ഈണതാളപാരമ്പര്യത്തിൽ വളർന്നു കൊഴുത്ത മലയാളകവിതയെ ആധുനികതയുടെ ഇടുക്കു തൊഴുത്തിൽ തൽക്കാലം ബന്ധിക്കാൻ കഴിഞ്ഞേക്കാം. പക്ഷെ അത്‌ ശാശ്വതമല്ല. വിമർശനം പോലും സർഗ്ഗാത്മകതയുടെ ഉന്നതപദവിയിൽ എത്തി നിന്നിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നല്ലോ?"(ഇപ്പോൾ നദീമുഖം ശാന്തം)
ഈദൃശമായ ഒരവബോധത്തിന്റെ പശ്ച്ചാതലത്തിൽ ശ്രീമതി:ഇന്ദിരാബാലന്റെ "വർഷമുകിലുകൾ" എന്ന കവിതാസമാഹാരം വായിക്കുന്ന ഏതൊരു സഹൃദയനും നിരാശപ്പെടേണ്ടി വരില്ല. മറിച്ച്‌ അനുഗൃഹീതയായ ഒരു എഴുത്തുകാരിയുടെ ഹൃൽസ്പന്ദനങ്ങൾ കവിതാമയമായാവിഷ്‌ക്കരിക്കാൻ അവർക്കിതിലെ മിക്കവാറും കവിതകളിലൂടെ കഴിഞ്ഞിരിക്കുന്നു. "മാതൃത്വം" തുടങ്ങി "കുരുതി" വരെയുള്ള അറുപത്തൊന്നു കവിതകൾ. ഏതൊരു സമാഹാരത്തിലുമെന്നപോലെ ഇതിലേയും എല്ലാ സൃഷ്ടികളും ഒരേപോലെ വായനക്കാരെ ആസ്വദിപ്പിച്ചുകൊള്ളണമെന്നില്ല. ആസ്വാദനം തന്നെ ആപേക്ഷികമാണല്ലോ. എനിക്കിഷ്ടപ്പെടുന്നത്‌ മറ്റൊരാൾക്കങ്ങിനെ ആവണമെന്നില്ല. മറിച്ചും. എന്നിരുന്നാലും "കൃഷ്ണപക്ഷത്തിൽ" നിന്ന്‌ "വർഷമുകിലുകളി"ലെത്തുന്ന കവി ഇവിടെ പടവുകൾ കയറി മുന്നോട്ടു കുതിക്കുകയാണെന്ന കാര്യത്തിൽ സംശയലേശമില്ലതന്നെ.


"കൃഷ്ണപക്ഷവും, വർഷമുകിലുകളും "ശോകമൂകമായ ആത്മസംവേദനത്തിന്റെ ഒരു ദുഃഖപുത്രിയെയാണ്‌ അനുവാചകർക്ക്‌ സമ്മാനിക്കുന്നതെന്ന്‌ തോന്നി.
"വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം "
എന്നാണല്ലോ പ്രശസ്ത കവി അക്കിത്തം നമ്മെ പഠിപ്പിക്കുന്നത്‌,
എങ്കിലും ജീവിതത്തോടുള്ള അദമ്യമായ അഭിവാഞ്ചയും ഒപ്പം ജീവിതത്തിന്റെ അഴുക്കും കരിയും തുടച്ചുനീക്കാനുള്ള ഒരാഭിമുഖ്യവും ചില കവിതകളിൽ നമുക്കു വായിച്ചെടുക്കാൻ കഴിയുന്നുവെന്നത്‌ ആശ്വാസകരം തന്നെ

"തവപൂന്തണലിൽ തലചായ്‌ച്ചണയവെ
സകല താപങ്ങളും അലിഞ്ഞുതീരുന്നു
നോവിന്നാഴം മറന്നു തലോടീടവെ
മനതാരിൽ വിരിയുന്നു നവമുകുളങ്ങൾ" (മാതൃത്വം)
മാതൃത്വത്തിൽ നിന്നാണല്ലോ എല്ലാറ്റിന്റേയും തുടക്കം.
"നിശീഥത്തിൻ നീലയാമങ്ങളിൽ
പൂക്കും നിശാഗന്ധിപോൽ
ധവളാഭ ചൊരിഞ്ഞു വെള്ളി-
കൊലുസ്സണിഞ്ഞ നിലാവായി"
കവിത പൂക്കുന്ന നീലയാമങ്ങളെ എത്ര സുന്ദരമായാണീ കവിതയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്‌.
"തപിച്ചു കിടന്ന മോഹങ്ങളുടെ തിരയേറ്റം
മുളപൊട്ടുന്ന പുതുനാമ്പുകളുടെ
അരുണിമ കലർന്ന മന്ദഹാസം
അവിടെയുതിർത്ത പൂനിലാമഴയിൽ
പൂത്ത പരിജാതങ്ങൾ..
സപ്ത വർണ്ണാഞ്ചിതമായ ജീവിതത്തിന്റെ
തിരുമുറ്റത്ത്‌ ഞാൻ
അഞ്ജലീബദ്ധയായി
ആനന്ദാശ്രുധാരകളുമായി
.(സ്നേഹവൈഖരി)
അതീവസുന്ദരം തന്നെ .കാൽപ്പനികതയുടെ ഉച്ചകോടിയിലേക്ക്‌ കുതിക്കുന്ന ഈ ശിൽപ്പചാതുരിയുടെ മുമ്പിൽ നമോവാകം.

"കളിവിളക്കിന്നുജ്ജ്വലകാന്തിയിലൊരു
ജന്മസാഫല്യത്തിൻ മണിക്കിരീടം തിളങ്ങി
അതി ധന്യമാ മുഹൂർത്തമിന്നുമെന്നകതാരിൽ
പ്രോജ്ജ്വലിപ്പൂ കെടാവിളക്കുപോൽ
വാത്സല്യ നിർഭരയായനുമതിയും.....................നൽകിയ മാതാവിന്റെ അനുഗ്രഹാശ്ശിസ്സുകൾ ഏറ്റുവാങ്ങി...തുടക്കം കുറിച്ച ഒരു കലാകാരന്റെ വിജയഗാഥ എത്ര ഭംഗിയായാണ്‌ ചിത്രീകരിക്കുന്നത്‌.(മുഹൂർത്തം)
"തുച്ഛമാം ജീവിതനിമിഷങ്ങളെ
ആളുന്നൊരഗ്നിയിൽ കരിയാതെ
കാക്കുമീ ജീവനത്തുടിപ്പിൻ
സ്നേഹോഷ്‌മളമാം മധുരഗാഥ..."(സ്നേഹോഷ്മളഗാഥ)
ഏതാനും വരികളിലൂടെ ജീവിതത്തെ വാരിപ്പുണരാനുള്ള ഒരഭിനിവേശമാണീ കവിത കാഴ്ച്ച വെക്കുന്നത്‌.

നഗരക്കാഴ്ച്ചകളിൽ ..............ധീരസുന്ദരമീയൂഴി തന്നുടയാടയുരിഞ്ഞാക്ഷേപവർഷം ചൊരിഞ്ഞു,നെഞ്ചു കീറിപ്പായുന്ന വെടിയുണ്ടയും,മതവൈരത്തിൻ കത്തിമുനയും, വിശപ്പിന്നഗ്നി കത്തിക്കാളുന്ന പട്ടടയിൽ വെന്തു നീറുന്നോരുടെ വേദനയും ,തെരുവോരത്തെ എച്ചിലിനായ്‌ ,എല്ലിനായ്‌ ,കടിപിടികൂടും തെരുവുനായ്ക്കളെപ്പോൽ മുരളുന്ന മർത്ത്യനും, അമ്മിഞ്ഞപ്പാലിൻ മധുരമറിയാതെ വളരുന്ന അനാഥപിഞ്ചു ബാല്യങ്ങളും, മക്കളെയൂട്ടാനമ്മ തൻ അരവയർ മുറുക്കിക്കെട്ടി സ്വത്വം വിറ്റു നടക്കും മാതൃത്വത്തിൻ ദീനതകളും തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി സമകാലിക പ്രശ്നങ്ങൾക്കു നേരെ വിരൽ ചൂണ്ടുകയാണിവിടെ ചെയ്യുന്നത്‌. ഒപ്പം അധികാരാന്ധരായി നിഷ്‌ക്രിയത പൂണ്ടു നിൽക്കുന്ന ഭരണസാരഥികളേയും..സത്യത്തിൻ മൂടി തുറന്നു സ്നേഹശാദ്വലഭൂവിൻ മന്ത്രം കേൾക്കാനും ഗർജ്ജനം മുഴക്കിക്കൊണ്ടു തന്നെ ധർമ്മത്തിൻ സ്വർണ്ണകഞ്ചുകം നേടിയെടുക്കാനുള്ള ഒരാഹ്വാനവും ഈ കവിതയിലുണ്ട്‌.

അക്ഷരത്തിന്റെ അക്ഷയഖനി ഭാഷയുടെ ആരണ്യഗർഭത്തിലുദയം കൊണ്ട്‌ സൗന്ദര്യമായ്‌,ശക്തിയായ്‌, സത്യമായ്‌....വാക്കിന്റെ രസായനമായി രൂപം കൊള്ളുന്ന അവസ്ഥയെ കാൽപ്പനികതയിൽ അണിയിച്ചൊരുക്കുകയാണ്‌ "വാക്കിന്റെ രസായനമെന്ന" കവിത.
ആദിത്യമന്ത്രങ്ങളുരുക്കഴിച്ച്‌ തപഃധ്യാനത്തിലെന്ന പോലെ മായാസ്വപ്‌നത്തിലാകൃഷ്ടയായി ,ഉഷഃകിരണങ്ങളുടെ സ്പർശനമേറ്റ്‌ ദിവ്യമായ അനുഭൂതിയിലുണർന്നു ഉജ്ജ്വലമായ സൂര്യകാന്തിയിൽ വിസ്മിതയായി .ലജ്ജാവരണയായി,പ്രണയപാരവശ്യത്തിൻ വികാരോജ്ജ്വല നിമിഷങ്ങളിൽ .അരുണശോഭയിൽ പുളകിതയായി ദിവ്യമായൊരനുഭൂതിയിലാകൃഷ്ടയായി വശം വദയായിക്കഴിഞ്ഞ ഒരു രാഗിണിയെയാണിവിടെ വരച്ചുവെച്ചിരിക്കുന്നത്‌. പേരെടുത്തുപറയാതെ തന്നെ ഒരിതിഹാസകഥാനായികയുടെ ഹൃദയാന്തഃകരണത്തിലെ ആന്ദോളനങ്ങൾ വരച്ചുവെച്ച ഈ തൂലികാ ചിത്രം അനുവാചകരിൽ അനുഭൂതിയുളവാക്കുന്നു. ക്ഷണികതയുടെ മിന്നലാട്ടം പൊലിഞ്ഞ്‌ പടിഞ്ഞാറു പെറ്റുകിടക്കുന്ന ചെങ്കനലിൽ എരിയാൻ തുടങ്ങിയ ഹൃദയം അസ്തമയത്തെ അനുഗമിച്ചെത്തുന്ന തമസ്സിന്റെ വേതാളരൂപികള്‍ വീണ്ടും കരിമേഘങ്ങളെറിയുമോ? എന്ന ആശങ്കയോടെയാണ്‌ "തമസ്സെ വീണ്ടുമെത്തുന്നുവൊ" എന്ന കവിത അവസാനിക്കുന്നത്‌.
;ആർത്തലച്ചു വീണോരു പേമഴക്കൂത്തിൻ
ഭ്രാന്തഭാവം പൂണ്ടു ഭയാർത്തയാക്കിയെന്നെ
നീയന്നൊരുനാൾ..................
മറന്നുവൊ മഴനൂലുകളെ നിങ്ങൾ
പേർത്തുമിവൾ തൻ നരച്ച സ്വപ്‌നത്തെ കാക്കും
വരണ്ടഹൃത്തടത്തിന്നടരുകളിലേക്ക്‌ ചീറിയടിക്കുന്ന
താളമായ്‌ പെയ്തിറങ്ങിയതും
തമസ്സിൻ പാതാള ഗുഹകൾ താണ്ടി വന്നു
വിരഹാതുരയായി നിൽക്കുമീ വസുധയെ
ഉർവ്വരയാക്കുന്നതും നീയല്ലയോ.........
ബഹുഭാവഋതു സംഗീതമായി
പെയ്തിറങ്ങിയോരമൃത വർഷിണീ
നെടുനാളായി കണ്ടിട്ടു നിന്നെ
ഇവൾക്കരികിലണയാനെന്തേ കാലവിളംബം?
വിരഹാതുരയായി നിൽക്കുന്ന വസുധയെ ഉർവ്വരയാക്കുന്ന കാവ്യമഴതന്നെയാണ്‌ "വർഷമുകിലുകൾ" എന്ന കവിത എന്ന്‌ സംശയമില്ല.

ചുട്ടുപൊള്ളുമീ ജീവിത തിക്തമേറെക്കുടിച്ചവശയായൊരീ /മകൾക്കിത്തിരി പ്രാണവായു ഇറ്റുവാൻ വന്നതൊ/പഠിച്ചുവൊ മകളെ നി ജീവിതത്തിന്നർത്ഥശാസ്ത്രം? എന്നു ചോദിച്ചുകൊണ്ട്‌ നിൽക്കുന്ന തന്റെ പിതാവിനെ സ്വപ്‌നത്തിൽ ദർശിക്കുന്ന കവിതയാണ്‌` "കനവിൽ വന്ന അച്ഛൻ"

സ്നേഹഗംഗയും, ചാരുസ്വരൂപിണിയും, മഹീതലത്തെ നിധികുംഭമാക്കിയ സാന്ത്വനകുളിർ സങ്കീർത്തനമായി കിനാവിൽ കടന്നുവന്ന മാതാവിന്റെ ചിത്രം ഭാവബന്ധുരം.....................
"ഹാ ഹാ കരോമി"എന്ന കവിത അകാലത്തിൽ പൊലിഞ്ഞ പ്രശസ്തകഥകളിഗായകനായിരുന്ന ശ്രി:കലാമണ്ഡലം ഹൈദരാലിക്കുള്ള ആദരാഞ്ജലിയാണ്‌.
"പ്രതിരോധക്കടമ്പകളേറെ കടന്നു/സ്വസമുദായത്തിന്നഭിമാനപാത്രമായ്‌/സംഗീത കൽപ്പതരുവായ്‌ /വിരാജിച്ച ഗന്ധർവ്വഗായകാ വിതുമ്പുന്നീ വസുന്ധര................./ശാന്തനായുറങ്ങുന്ന ഗാനലോലുപാ/ നമിക്കുന്നു ഞാനീയശ്രുധാരയിൽ/കുതിർന്നൊരു പിടി വാക്കുകളാൽ..............തുടർന്നുള്ള ഗാനകോകിലം, എവിടെ, എന്നീ കവിതകളും ഈ അശ്രുധാരക്ക്‌ അനുബന്ധമായി തോന്നി. സ്വരമാധുരികൊണ്ടും ആവിഷ്ക്കാരചാതുരി കൊണ്ടും ചങ്ങമ്പുഴയുടെ കനകച്ചിലങ്കയൊലിയാണീ കവിതകളിൽ താളലയങ്ങളൊരുക്കുന്നത്‌. അഭിനന്ദിക്കാതെ വയ്യ. സ്ത്രീത്വത്തെ ചവിട്ടിയരക്കുന്ന സമകാലിക ജീവിതത്തിന്റെ അറപ്പും, വെറുപ്പും നിറഞ്ഞ സാമൂഹിക ചാപല്യങ്ങൾക്കെതിരെ അമർഷത്തോടെ പൊട്ടിത്തെറിക്കുകയാണ്‌ "യാജ്ഞസേനി" യിലൂടെ കവി ചെയ്യുന്നത്‌.

"യാജ്ഞ്സേനി നീ ഏകാകിയാണ്‌/ജീവിതത്തിൽ നിന്നും ഒറ്റപ്പെട്ടവൾ/നിന്റെ യാതനകൾക്കറുതി വരുത്തുവാൻ /ഇനിയൊരു സുദർശനമുയരില്ല/സുദർശനത്തിലും വിഷവായു പുരണ്ടിരിക്കുന്നു. /അസത്യത്തിനെതിരെ മൂർച്ചയുള്ള രസനയുള്ളവളെ/നിന്റെ രസനയും ഭേദിക്കുവാൻ ഹീനർ ഒരുങ്ങിനിൽക്കുന്നു. നീ ലോകത്തു നിന്നും തമസ്ക്കരിക്കപ്പെടുന്നു. അറിയുക, വഞ്ചനയുടെ മുഖമേതെന്ന്‌/സ്ത്രീയെ നിനക്കു രക്ഷ നീ മാത്രം............................

ഇവിടെ ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി വിളംബരം ചെയ്യുന്ന പല ശീലാവതിമാരുടേയും വിങ്ങിപ്പൊട്ടലുകളും, ആത്മനൊമ്പരങ്ങളും പകർത്താനല്ല കവി ശ്രമിക്കുന്നത്‌. മറിച്ച്‌ അമർഷത്തോടെ സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയിലേക്ക്‌ വിരൽ ചൂണ്ടുകയാണ്‌ ചെയ്യുന്നത്‌.
ഈ കവിതയോടൊപ്പം നിർത്തിവായിക്കാവുന്ന മറ്റൊരു കവിത "രൗദ്രമാണ്‌".ഇളങ്കോവടികളുടെ ചിലപ്പതികാര നായിക"വിരഹത്തിന്നൊറ്റച്ചിലമ്പും വാളുമായി ജ്വലിച്ചു നിൽക്കുന്ന കണ്ണകിയെ വികാരച്ചോർച്ചയില്ലാതെ തന്നെ നമ്മിലേക്കെത്തിക്കുന്നു.
ഇഹലോകത്തിൻ പ്രയാണം കഴിഞ്ഞു തുഴഞ്ഞുപോയ അച്ഛന്റെ ശയ്യക്കരികെ യിരുന്നു വിതുമ്പുന്ന അമ്മയുടെ ചിത്രം ആരുടേയും കണ്ണു നനയ്ക്കാതിരിക്കില്ല. ഒപ്പം തികട്ടിവരുന്ന ഓർമ്മകളും.
ദ്രുതനടനമാടിയ പാദങ്ങൾ /ആടില്ലിനി കലാശത്തിൻ ചുവടുകൾ/മുദ്രപുഷ്പങ്ങളാൽ പ്രപഞ്ചം വിരിയിച്ച വിരലുകൾ വിടരില്ലിനി/നവരസഭാവങ്ങളിഴ ചേർന്നു തുടിച്ച മിഴിയിണയും/ തുറക്കില്ലായിനിയൊരിക്കലുമെന്ന സത്യത്തിൻ/മുൾമുനയിൽ കോർത്തു വലിച്ചു മാനസം/തോടിയോ മുഖാരിയോ ഏതു രാഗതന്തുവാണീയരങ്ങിലഴിഞ്ഞുവീഴുവതും?(കുന്നിമണികൾ)
"പ്രചണ്ഡതാളം" സുനാമിയുടെ ഭീകരച്ചിത്രം വരക്കുകയാണിവിടെ. പ്രകൃതി തൻ രൗദ്രഭാവം/മുടിയഴിച്ചിട്ടുറഞ്ഞുതുള്ളി രാപ്പകലുകളിൽ/നീരാളിത്തിരകൾക്കുള്ളിൽ പിടഞ്ഞുനീറി /പല്ലവം പോലൊലിച്ചു പൊയ്‌ പൈതങ്ങൾ/ചുടലക്കളരിയാക്കി ധരിത്രിയെ/ ചുടലഭദ്രകാളി നൃത്തം ചവുട്ടി....ഉറ്റവരേയും ഉടയവരേയും അച്ഛനേയും അമ്മയേയും ബന്ധുമിത്രാദികളെയും നഷ്ടപ്പെട്ട ജനങ്ങൾ...നെട്ടോട്ടമോടിത്തളർന്നു വീഴുന്നതും...ഏതു ജന്മാപരാധത്തിന്റെ പാപഫലമിതെന്നോർത്തു നടുങ്ങിയത്‌ കവി തന്നെയല്ലേ?
തുടർന്നുള്ള ശരശയ്യ, തിരിച്ചറിവ്‌ ,പൊന്‍‌കണി,നിശ്ശബ്ദരാഗം,അമ്മയുടെ തൃപ്പാദങ്ങളിലേക്ക്‌,ചുവപ്പു രാശി, വിരഹ മുരളി,അഗ്നി ,കരുണം, നീലോൽപ്പലങ്ങളെ തേടി,ഇടവപ്പാതി, തട്ടകം, നിയോഗം,കടലിനൊരു ഉണർത്തുപാട്ട്‌,എന്റെ ഗ്രാമം,കടങ്കഥ, കർ‌ണ്ണികാരം, തെരുവ്‌ ,പ്രണയിനി, ഉഷസ്സ്‌ .മൗനഗീതം, കുരുതി എന്നീ കവിതകളിൽ ചിലവ ആശയവും ആവിഷ്ക്കാരവും സമന്വയിച്ചു നിൽക്കുന്ന നിലവാരമുള്ള സൃഷ്ടികളാണ്‌.
എന്നിരുന്നാലും ഒരു പ്രശസ്തകവി നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ട്‌ മുമ്പൊരിക്കൽ താഴെക്കാണും വിധം പ്രസ്താവിച്ചതായി വായിക്കാനിടയായി. നമുക്കെല്ലാം പ്രയോജനകരവും പ്രോത്സാഹനമർഹിക്കുന്നതുമായ ഒരാശയമാണതെന്നു തോന്നിയിട്ടുണ്ട്‌.

"കവിത പൂർണ്ണതയുടെ മാധുര്യമാണ്‌. അത്‌ ഒരു പ്രതിമയുടെ നെറുകയിൽ വീ‍ഴുന്ന മഞ്ഞുതു‍ള്ളി പോലെ ,മഴത്തുള്ളിപോലെ തന്നെ പുതുതായിരിക്കണം. പ്രതിമ ഭൂതകാലമാണെങ്കിൽ പ്രതിമയിൽ വീഴുന്ന മഞ്ഞുതുള്ളി ഭൂതകാലത്തിൽ വീഴുന്ന വർത്തമാനകാലമാണ്‌."

ശ്രീമതി ഇന്ദിരാബാലന്റെ മേലുദ്ധരിച്ച കവിതകളിൽ"ഉഷസ്സ്‌" എന്നൊരു രചനയുണ്ട്‌. ഇതിൽ പുതിയൊരു പ്രഭാതത്തെ വരവേൽക്കാൻ വേണ്ടി കവി പാടുമ്പോൾ നമുക്കും അതൊന്നേറ്റു പാടാൻ തോന്നിപ്പോകും ....
"മണ്ണിന്റെ കാലത്തള കിലുക്കി മന്ദാരങ്ങൾ
ഉഷസ്സിന്റെ പല്ലവിയേറ്റു പാടി,മുഗ്ദ്ധ-
സ്മേര വദനയായ്‌ നിൽപ്പൂ പ്രകൃതിയാം ജനനി
പാടുന്നു വീണ്ടും തവ അക്ഷയസംഗീതം
നമോവാകം പ്രഭാതമെ നമോവാകം"


വർഷമുകിലുകൾ--ഇന്ദിരാബാലൻ(കൈരളി ബുക്സ്‌ കണ്ണൂർ)