Followers

Wednesday, January 27, 2010

രണ്ടു കവിതകള്‍

thejaswini ajith

കറുപ്പുമൂടിയ അഗ്നിച്ചിറകുകള്‍

അഗ്നി നോക്കിനില്‍ക്കെയെന്‍
വിരലുകളില്‍ മുറുകെപിടിച്ച്
ജീവിതത്തിന്‍ വാതായനങ്ങള്‍
മലര്‍ക്കെതുറന്നവന്‍ അഗ്നിയുടെ
സ്നേഹം തേടി യാത്രപോകുന്നു!

തുളുമ്പാത്ത സ്നേഹനിറകുടം
നിറയാതെ സൂക്ഷിച്ചത്
നിനക്കുവേണ്ടിയായിരുന്നു!
അഗ്നിവിഴുങ്ങുന്ന ഓര്‍മ്മപ്പൂവിലെ
നിന്റെ മുഖത്തിന് അണഞ്ഞ
അഗ്നിയുടെ കറുപ്പുനിറം!

‘എന്റെ ഹൃദയത്തോളം
നിന്നെ ഞാന്‍ സ്നേഹിക്കുന്നു‘
ചുംബനാന്ത്യം, ഒരു മൊഴി
ഹൃദയശിലയില്‍ തട്ടി
ഇന്നും മരിച്ചുവീണത്
നിന്നെക്കുറിച്ചോര്‍ത്തായിരിക്കും.

വിലാസം നഷ്ടപ്പെടുന്നവര്


മേല്‍ വിലാസമില്ലാത്ത
ഭ്രൂണത്തില്‍ ജനിച്ച്
സര്‍ക്കാര്‍ മോര്‍ച്ചറിയിലെ
പെട്ടികളില്‍ ഉറങ്ങുന്നവര്‍,
നീര്‍ക്കുമിളപോല്‍ അനാഥര്‍!

കവിത ചൊല്ലിത്തീര്‍ന്നനേരം
അനാഥത്വത്തിലുറങ്ങുന്ന
പ്രിയതമന്‍ കാറ്റായിപ്പറഞ്ഞു-
നീര്‍ക്കുമിളകള്‍, ജലം
ഗര്‍ഭംധരിച്ച വായു!
സ്നേഹിച്ചുതുടങ്ങിയത്
മരണമെന്നറിഞ്ഞ്, അലഞ്ഞു-
തിരിഞ്ഞ് പൊട്ടിപ്പോവുന്ന
കുമിള തന്നെ നീയും!

ഞാനുറങ്ങുന്നിടത്തേക്കു-
നീളുന്ന പാതകള്‍ നിനക്ക്
അന്യമായത് നീയറിഞ്ഞുവോ?
കാലം കീറിക്കളയുന്ന
പ്രണയാദ്ധ്യായങ്ങള്‍
വീഴുന്ന കല്ലറകള്‍
മൂളുന്നു നീലാംബരി-

സ്നേഹിക്കുന്ന നിമിഷം
അകലാന്‍ തുടങ്ങി,
മരണമടയാന്‍ ജനിയ്ക്കുന്ന
നീര്‍ക്കുമിള പോലനാഥ-
മാകുന്നതാണ് പ്രണയം!