Followers

Saturday, January 2, 2010

10 കവിതകൾ

zakkir hussain

1-പ്രണയാതുരം

തിരക്കിനിടയിൽ നിന്നും
നോട്ടം വെട്ടിയെടുത്ത
ഒരു മുഖം
ഹൃദയത്തിൽ കിടന്നു പിടയുന്നു
2-നമ്മൾ നടക്കാതെ പോയ
തീരത്തെ മണൽത്തരികളിൽ
ഇപ്പോൾ സങ്കടം പൂക്കുന്നു

3- പ്രായമായ ഒരു മരം
പെരുങ്കാറ്റിനെ
കെട്ടിപ്പിടിക്കാനായ്‌ ഒറ്റയ്ക്ക്‌
പ്രാർത്ഥിക്കുന്നു

4-പ്രണയപർവ്വം

വേരുകളില്ലാതെ
ഒരാൽമരം വളരുന്നുണ്ട്‌
അസ്വസ്ഥതകൾ ചില്ലകളായും
ഇടയ്ക്ക്‌ വെട്ടി, വെട്ടി-
മാറ്റുമ്പോഴും
വെള്ളമില്ലാതെ
നീ പിന്നെയും എത്ര വേഗമാണ്‌
വളരുന്നത്‌

5-ഋതു

കാറ്റിന്റെ ചാട്ടവാറേറ്റ്‌
ആടിയുലഞ്ഞ്‌
വിനീതനായ്‌
തൊഴുതു
നിൽക്കുന്നു
പാവം ഇലകൾ

6-മറുപുറം
ജീവിതത്തോട്‌
പിണങ്ങിയ
നനഞ്ഞൊരുടുപ്പ്‌
കാറ്റിനേട്‌ കെഞ്ചി
അയയിൽ
വെയിൽ കുടിച്ച്‌
വരണ്ട്‌
വെറുതേ ഉണങ്ങുന്നു

7-നെടുമ്പാത
മുറിച്ചു നീന്താനാവുന്നില്ല
ജീവിതമേ
നിന്റെ
നെടുമ്പാതകൾ
മിഴികളിൽ
ജലച്ചുംബനം
കൊണ്ടുള്ള
മുത്തം വെക്കലും
നിദ്രകള്‍
പൊള്ളുന്ന
നിന്റെ കിനാവിനേയും


8-വാഗ്‌മീയം

പറയാൻ വരുന്ന വാക്കുകൾ
ചിന്തയിലേക്ക്‌
ഭൂഹൃദയത്തിന്റെ ഏത്‌
കൈലാസിൽ നിന്നാകും?
പുറപ്പെടുന്നത്‌?
ശൂന്യതയിൽ ഒട്ടിച്ചുവെച്ച
നിറകണ്ണുകളായ്‌
ക്രാന്തദർശിയെപ്പോലെ
പാറിപ്പറന്നു നടന്ന്‌
ഓരോ ഹൃദയങ്ങളിൽ കയറിയിറങ്ങി
എന്റേയും നിന്റേയും ശബ്ദധ്വനി
ചേരുവകൾ ചേർത്ത്‌
ശ്രവണേന്ദ്രിയത്തിൽ
സംഗീത സാഗരം പോലെ
മൂളി ഒഴുകുന്നു നാമറിയാതെ
ഒരു കുഞ്ഞുവാക്ക്‌
ഇപ്പോഴും വഴിയറിയാതെ
ചങ്കിൽ കിടന്ന്‌ കിതക്കുന്നുണ്ട്‌
ജീവനും നിശ്വാസത്തിനും മദ്ധ്യേ
അവ അസമയത്തും മുട്ടിവിളിക്കുന്നു
ശരീരമില്ലാതെ വാക്കുകളും
ശബ്ദമില്ലാതെ നമ്മളും
കുടുങ്ങിപ്പോകാതിരിക്കാൻ
ആരോ കരുതി വെച്ചതാകും

9-അക്ഷരങ്ങൾ പോകുന്നിടം
നാം തൂവിയെറിഞ്ഞ
അക്ഷരങ്ങൾ
ശൂന്യതയിൽ നിറഞ്ഞു നിന്ന്‌
പരസ്പരം സ്പന്ദിച്ച്‌
എന്നെയും നിന്നെയും
മുത്തം വെക്കുന്നു
ആരോ ചരടയച്ചുപറത്തിയ
പട്ടം പോലെ
കയറിയും ഇറങ്ങിയും
ഒഴുകി നടക്കുന്നു
മോഹങ്ങൾ
ഉൾദ്രവ്യങ്ങളിൽ
നമ്മെ കാത്തിരുന്നു നിദ്ര
വെടിഞ്ഞതിന്റെ കനം തൂങ്ങും
മുഖവുമായ്‌ കാലം

ആദ്യാക്ഷരം
കുത്തിവെക്കുമ്പോൾ
തല മറച്ചിരുന്ന നാവില്ലാത്ത ഭാഷ
പേറുന്നുണ്ടാവും നോവ്‌
ഒരു നാൾ ഇരുളിൽ
പുറപ്പെട്ട്‌ കാണാനായി
ഇടനാഴിയിൽ
നേമ്പേറ്റിരിക്കുമ്പോഴുണ്ട്‌
മൗനത്തിൽ പൊതിഞ്ഞ
ഒരു ഭാഷ മണ്ണിലൂടെ
കടന്നുപോകുന്നു

10-അയനം
അബോധപരമായ
ഒരു അറിവിൽനിന്നാണ്‌
ഘടികാരം മിടിക്കുന്നത്‌
വിജനതയിൽ
നിലച്ച ഘടികാരത്തിലേക്ക്‌
ചിതയുടെ ഒഴുക്കിനെ കെട്ടഴിച്ച്‌
ആരോ
കാലം എന്ന കവിതയിൽ മുഴുകുന്നു
നിറഞ്ഞ വൃത്തത്തിലേക്ക്‌
ഇരുളിനേയും വെളിച്ചത്തേയും ആവാഹിച്ച്‌
ജീവിതപുസ്തകത്തിലെ
ഓരോരോ ദിവസത്തെ
ഇളകാതെ പറിച്ചെടുക്കുന്നു
അയനങ്ങളിൽ അനുഗാമിയാവുന്നു
നിദ്രയിൽ അവധാനതയോടേ
മൗനം വരിച്ചും കൂടെ ഉണ്ടും
ജീവിതത്തിന്റെ പുറത്തേറി സവാരി ചെയ്യുന്നു
എവിടെ നിന്നോ
വഴു തെറ്റി വരുന്ന
കാറ്റിന്റെ കൂടെ ഒഴുകുന്ന
മേഘത്തെപ്പോലെ
ചുമന്നു ചുമന്നു മടുക്കുന്നു
ഞാനും
ചില നേരങ്ങളിൽ
ഒരു ശവത്തെ