Followers

Saturday, January 2, 2010

കുചേലൻ

indira balan


നിറവിന്റെ മടിത്തട്ടിൽ
സൂചിമുനകൾ തറച്ചു
മണിമാളികയിലെ കനത്ത
ഏകാന്തത ഭീകരസത്വമായി
ഇരുട്ടിന്റെ കടവിൽ
വീണ നിലാവുപോലെ
ബോധമണ്ഡലത്തിൽ
കയറിവന്ന മയിൽപ്പീലികൾ
ഇറങ്ങിപ്പോയി....കാടിന്റെ അഗാധതയിലേക്ക്‌
കൃഷ്ണമുടിയിലെ വെള്ളിയലുക്കുകൾ
വേടന്റെ അമ്പേറ്റ്‌ നിലം പതിഞ്ഞു..
വർത്തമാനത്തിന്റെ സമസ്യകൾ
വിദൂരപർവ്വതരേഖപോലെ.
ഓടക്കുഴലിന്റെ മുഗ്‌ദ്ധനാദത്തിലും
വ്യഥിതലയന തരംഗങ്ങൾ
മനസ്സ്‌ തീ പിടിച്ച
ചിറകുപോലെ പിടഞ്ഞു.
ഓർമ്മയുടെ അവിൽപ്പൊതി അഴിച്ച്‌
ഇളംകാറ്റിന്റെ മർമ്മരത്തിനായ്‌
കാതോർക്കുമ്പോള്‍ വന്നു മൂടുന്നു
വിഷം വമിക്കുന്ന വ്യാളീമുഖങ്ങൾ
ഏഴുനിലമാളികയും, സപ്രമഞ്ചവും വേണ്ട
ഈ കുചേലന്‌, ആ പഴയ കുടിൽ മതി
അവിടെ സ്നേഹത്തിന്റെ പുല്ലു മേഞ്ഞ മേൽക്കൂരയും
ഗോക്കളെ മേയ്‌ക്കുന്ന ഇടയബാലനുമുണ്ട്‌.