Followers

Saturday, January 2, 2010

10 കവിതകൾ-

bijoy chandran1-മൂർച്ച

പഴുക്ക മുറിക്കാൻ
എളിയിൽ കരുതി
പണ്ട്‌ മുത്തശ്ശൻ
ഒരു പിച്ചാത്തി

നീറ്റുകുടത്തിൽ മുക്കി
ചുണ്ണാമ്പെടുത്ത്‌
വെറ്റിലയുടെ ജാതക-
രേഖകൾ കോറുവാൻ
പൊകലത്തണ്ട്‌
മുറിച്ചു മണത്ത്‌
കത്തിയ പാടത്തെ
ഓതിയുണർത്താൻ

കപ്പക്കോല്‌ ചീമ്പി
കുത്തുവലയുമായ്‌
കയ്യാണിതോറും
മീൻ നോക്കി നടക്കാൻ

കല്ലിൽ രാകിമിനുക്കി
കരുതിവെച്ച
ഇരുമ്പുകാലത്തിൻ
കരുത്തുള്ള മൂർച്ച
കവലക്ക്‌ പോകുമ്പോ-
ളെക്കിടയിൽ നിന്നും
അരക്കിന്റെ പിടി
നീണ്ടു നിന്നു
കള്ളിൽ മൂത്ത്‌
മടങ്ങും മുത്ത്യോനെ
ഒന്നും രണ്ടും
പറഞ്ഞ്‌ വിരട്ടാൻ
കുത്തിമലത്തും എന്ന്‌
അന്തിക്കുറങ്ങുന്ന
വിളക്കുകാലിനെ
വിറപ്പിക്കാൻ
പാല പൂക്കുന്ന
രാവുകളിൽ ലോഹ-
സാധ്യതയായ്‌
വിരലിൽ തണുക്കാൻ
ആഭിചാരത്തിന്റെ
യന്ത്യയാമങ്ങളിൽ
കോഴിയെക്കൊന്ന്‌
ചോര നേദിക്കാൻ
എപ്പോഴും കരുതി
മുത്തശ്ശൻ,രക്ത-
സൂചകം പോലെ
ഒരു പിച്ചാത്തി
വെയില്‌ ചെത്തി
കൂർപ്പിച്ചെടുത്ത്‌
പിച്ചാത്തിയോടൊത്ത്‌
പകൽ കടന്നുപോയ്‌
ഇരുമ്പിന്റേയും
മുറുക്കാന്റേയും
മണമായ്‌ മുത്തശ്ശൻ
ചാണക്കു വെച്ചിട്ടും
നിവരാത്ത വായ്‌ത്തല
പോലൊരു ജന്മത്തിൻ
നീറ്റുകുടത്തിൽ
മുങ്ങി തിരയുന്നു
തീർച്ചയില്ലാതെ ഞാ-
നേതു കാലത്തെ
മരക്കട്ടിലിന്റെ
തലപ്പെട്ടിയിൽ
തുരുമ്പിച്ചുറങ്ങുന്നു
ഒരു പഴയ മൂർച്ച


2-പാളവണ്ടിയിൽ

കമുകിൻ പാളയിലിരുത്തി വലിക്കാം
പഴയൊരു വൈകുന്നേരത്തെ
നടവഴിയുടെ ചരൽക്കുണ്ടിലൂടെ
ഉറുമ്പിൻ തീവണ്ടിമുകളിലൂടെ
അവയറിയാതെ പറയാം
തിട്ടിടിഞ്ഞ്‌ താഴെ പറമ്പിലേ-
യ്ക്കടരുമൊരായം
മാനത്തേക്കു കുതിക്കും പെട്ടെ-
ന്നായുസ്സറ്റ കിനാവ്‌
മുത്തപ്പൻ മുറുക്കാൻ വീണ്‌
നിറം മാറിയ കുത്തുകല്ലുകൾ
തൊട്ടാലുറക്കം പിടിക്കും
പടയിഞ്ചകൾ
ഉച്ചവെച്ച്‌ മറന്നിട്ടു പോയ
സ്വപ്‌നപ്പടർപ്പുകൾ, നിറയെ
ഓട്ടകൾ വീണ മരച്ചാർത്ത്‌
ചോരും നിഴൽക്കൂടുകൾ
ഒക്കെയും പിന്നിട്ട്‌
ചക്രങ്ങളില്ലാത്ത വണ്ടിക്കുതിപ്പ്‌
മഞ്ഞിലൂടല്ല, ചതഞ്ഞ ഓർമ്മയ്ക്കുമേലാണ്‌ മടക്കം
പണ്ട്‌` പെയ്‌തലഞ്ഞ
മഴയത്ത്‌ തെന്നി
പാളയും നിക്കറും
കീറിയാലും പിടി
വിട്ടുകൊടുക്കാതെ
പറ്റിപ്പിടിച്ച്‌
ഓട്ടം നിറുത്താത്ത
കൂട്ടുകാരൻ
പിന്നെ-
യെപ്പോഴോ വേർപെട്ട്‌
പോകുന്ന സന്ധ്യയായ്‌

3-തെങ്ങിൻ പാലം കടന്ന്‌

നിറഞ്ഞ തോടിന്റെ
കുറുകെയാണോർമ്മ
കലക്കവെള്ളത്തിൻ
കുതിപ്പുമായ്‌ നമ്മൾ
നടന്നുപോയത്‌
മുറുക്കാൻ മേടിക്കാൻ
കുറുമ്പച്ചേടത്തി
വടക്കൻ പാട്ടുമായ്‌
കടന്നു പോയത്‌
കരിമ്പനക്കള്ളിൻ
കടങ്കഥകളിൽ
കുലുങ്ങാതെ കേളൻ
കുടിയണഞ്ഞത്‌
വഴുക്കലിൽ നിന്നു
മിടക്കു വെള്ളത്തിൽ
കളിക്കുവാനെന്ന്‌
മറിഞ്ഞുവീണത്‌
പഠിച്ചതൊക്കെയും
മറന്ന്‌ ചൂരലിൽ
പിടച്ച മൗനങ്ങ-
ളൊലിച്ചു പോയത്‌
തുരുമ്പു ചുണ്ടയിൽ
കുരുങ്ങിയ മീനിൻ
മിഴിയിലാകാശ-
മുറഞ്ഞുപോയത്‌
തല മുറിച്ചൊരു
പഴയതെങ്ങിന്റെ
മറന്ന പച്ച-
യിലകന്നു പോയി നാം
തടിപ്പാലം തെന്നും
മഴക്കാലം മാത്രം
തവളപ്പേച്ചുമായ്‌
കിടക്കുന്നിപ്പോഴും

4-രാത്രിയിൽ സ്ക്കൂൾമുറ്റത്ത്‌

രാത്രിയിൽ സ്ക്കൂൾമുറ്റത്ത്‌
നിൽക്കുമ്പോൾ കേൾക്കുന്നുണ്ടോ
കുട്ടികൾ കളിക്കുന്നോരാരവം?
കാറ്റത്ത്‌ വെയിലിന്റെ
ചരൽക്കാട്‌` ചിതറിച്ച്‌
ഓടിപ്പോകും വരാന്തകൾ
ഇലപൊഴിഞ്ഞ പുസ്തകത്തിൽ
വേവുന്ന മണൽക്കാലം
പൊള്ളിക്കും വിരൽത്തുമ്പ്‌
മൗനത്തിൽ മുഴങ്ങുന്ന
മണിയൊച്ച, എഴുതാത്ത
പാഠമായ്‌ ഉൽക്കണ്ഠകൾ
രാത്രിയിൽ സ്ക്കൂൾമുറ്റത്ത്‌
നിൽക്കുമ്പോളാരോ കാതിൽ
ചൊല്ലുന്നു ചെറുശ്ശേരിഗാഥകൾ
അവ്യക്‌ത,മിരുട്ടിലു-
ടോടുന്ന കിതപ്പാർന്ന
സ്വപ്‌നങ്ങളനാഥമായ്‌
പിന്നെയും ചിലക്കുന്നു-
ണ്ടോർമ്മ തൻ മരങ്ങളിൽ
നിന്നൊരു പനിപ്പകൽ
കുട്ടികൾ പറത്തിയ
പട്ടങ്ങളാകാശത്ത്‌
പൊട്ടിയ ചരടുമാ-
യിപ്പൊഴും കറങ്ങുന്നു
ഒറ്റയായ്‌ വാതിൽ
തുറന്നിപ്പൊഴും വിളിക്കുന്നു
കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടോ-
രമ്മയായ്‌ നിരാധാരം
രാത്രിയിൽ പള്ളിക്കൂടം
എത്രയും നിശ്ശബ്ദമായ്‌
കേൾക്കുന്നു പരസ്പരം
നമ്മളീ ദൂരങ്ങളിൽ


5-തൊണ്ട്‌


ചവിട്ടടിയിൽ നിന്നും
പിടച്ചു പായുന്ന
മഞ്ഞച്ചോര
പോത്തിനെ തെളിച്ച്‌
പൊന്തയിൽ മറയും
ഉച്ചവെയിൽ
പെട്ടെന്ന്‌ നിലച്ച്‌
തിരിച്ചു പോകും
പിന്നാലെ വന്ന
ആളില്ലാത്ത ഒരു കാലൊച്ച
അനക്കമറ്റ
പൊള്ളവിരൽ പോലെ
തൊണ്ട്‌
പുറം ലോകത്തെ
ചലനങ്ങളെ
പഴമ്പറമ്പിലേക്ക്‌
വലിച്ചുകൊണ്ടുവരും
ചൂട്ടുകറ്റയുമായി
രാവ്‌ കടന്നുപോയ
ഒരാളെ
കൊയ്‌ത്ത്‌ചുരുട്ടുമായി
ചെളി വാർന്ന്‌
അരിവാളിൻ മൂർച്ഛയിൽ
ചാഞ്ഞ
വൈകുന്നേരത്തെ
കയറൂരിപ്പോയ
കാളകൾ
കൂടെക്കൊണ്ടുപോയ
കണ്ടങ്ങളെ
അന്തിക്ക്‌
ആടിയാടി
മടങ്ങിപ്പോകും
അങ്ങാടിയെ
ഒക്കെ
കരിയിലകൾക്കിടയിൽ
കിടന്ന്‌
അത്‌
ഓർക്കും
മൺപൊത്തുകളിൽ
നിന്നും പൊടുന്നനെ
മിന്നിമായും ഒരു
നിറം മാറ്റം
കയ്യാലയിലേക്ക്‌
ചേർത്ത്‌ ഞെക്കും
വഴുപ്പാർന്ന
ഏകാന്തത
ഓർമ്മ ചവിട്ടിയൂന്നിപ്പോയ
ചെങ്കല്ലിൻ മുഴപ്പുകൾ

ഇങ്ങനെ
അത്‌ നീണ്ടു പോകും
ഒച്ച മറന്നുപോയ
ഒരു തീവണ്ടിയെപ്പോലെ
തൊണ്ട്‌
ആളില്ലാത്ത
അനേകം മുറികളുമായി
പഴയിടങ്ങളും
പുരാവൃത്തത്തിലൂടെ
മെല്ലെ
കടന്നു പോകും
*തൊണ്ട്‌= ഗ്രാമങ്ങളിലെ ഇടവഴി


പി.

കവിതയുടെ ടാര്‍റോഡിൽ
കാടിനെ ഓർത്തലഞ്ഞു
ചെരുപ്പില്ലാത്ത നടത്തത്തിൽ
ഇരുട്ടുരുകിയകന്ന്‌
നിനക്കാരോ തരും മണ്ണ്‌ വഴി
ഇതായിരുന്നോ നിളയെന്ന്‌
ഒഴുകിപ്പോകും മണൽനദിയോട്‌
പച്ച മറന്നുപോയ മരത്തോട്‌
കാറ്റ്‌ കൊണ്ടുപോകും മഴയോട്‌
കടൽ കൊറിച്ച്‌ നടക്കും നിഴൽ
പോയ്‌ക്കഴിഞ്ഞാലും ശേഷിക്കും
മണ്ണ്‌` പുരണ്ട പച്ചക്കവിത
മധുരമിഠായികൊണ്ട്‌ കുട്ടികളെ
കടമെടുത്ത്‌ ഹൃദയത്തിൽ
ഒരു പള്ളിക്കൂടം തുടങ്ങും
ചെന്നുപറ്റുന്നിടത്ത്‌ ചായും
വൈകുന്നേരം,കരിയിലകൾ
അടിഞ്ഞടിത്തട്ടിൽ നിന്നും
മൗനം മുഴങ്ങുന്ന പക്ഷിഗീതം
എഴുത്താണ്‌ ജീവനാളം
തണുത്ത്‌ കെടുംവരെ
പിന്നെയും പിന്നിട്ട ജന്മാന്തര-
യാത്രയായ്‌ നിരയൊത്ത്‌
ആകാശം കാണിക്കുന്ന
ചലിക്കും കിളിച്ചിത്രം
അതിലോ പിരിയുന്നു പി
ഒറ്റക്കിളിപ്പാടായ്‌


7-വൈകുന്നേരത്തെ ക്ലാസ്സുമുറി


മരണത്തെക്കുറിച്ച്‌ ക്ലാസ്സെടുക്കാനാണ്‌
വൈകുന്നേരം വെയിൽ വന്നത്‌
ബ്ലാക്ക്‌ബോർഡിൽ
മുറിവുണങ്ങാത്ത
വിരൽച്ചോക്കു കൊണ്ട്‌
മതിലിനപ്പുറത്തെ ചെമ്പരത്തിക്കാടുകൾ
മുഖത്തെ ചോര ഒപ്പിനിൽക്കുന്ന
കുങ്കുമപ്പൂവുകൾ
കാറ്റത്ത്‌ ഒഴുകിപ്പോകുന്ന
കടുത്ത നിറങ്ങളുടെ പൂപ്പാടങ്ങൾ
ഓർമ്മയെ മറച്ചുപിടിക്കുന്ന
മങ്ങിയ പച്ചയുടെ വനം
ദ്രവിച്ച മരത്തിന്റെ
തണുത്ത വ്യാകരണം
എല്ലാം എഴുതിക്കാണിച്ചു
ഇടയ്ക്ക്‌ നീട്ടിച്ചൊല്ലി
വൃത്തമൊപ്പിക്കും
നടക്കാത്ത പ്രണയം പോലെ
അണുബാധയുള്ള കിളിശബ്ദം
കുട്ടികൾ മറന്നിട്ട
കുറ്റിപ്പെൻസിൽ,റബ്ബർക്കഷ്ണം
സ്ലേറ്റിൽനിന്നും കളഞ്ഞുപോയ
ചെറിയ വീടിന്റെ പടം
വിളറിയ ഒരു പാട പോലെ
നനഞ്ഞ വെയിൽ മാത്രം
നോട്ടെഴുത്തിനിടയിൽ
തലപൊക്കി നോക്കിയതിന്‌
ഇരുട്ടിലേക്കെന്നെ
ഇറക്കിവിട്ടു വെയിൽ


8-തീപ്പെട്ടിക്കാലം


കരുതിവെക്കണം
തീപ്പെട്ടിയൊന്ന്‌
തലയണയ്ക്കടിയി-
ലെപ്പൊഴും, ഓർമ്മ
പിടയുമൊറ്റ-
മത്സ്യത്തിൻ കുതിപ്പായ്‌
ചെളി തെറിപ്പി-
ച്ചുറക്കം കെടുമ്പോൾ
പരതുവാനൊരു
കാരണം പോലെ നീ
വിരൽ തടയാത്ത
ചോദ്യമായ്‌ സാധ്യത
മിഴി തുരുമ്പിച്ച
മൗനമായ്‌ കട്ടിലി-
ന്നടിയിലോട്ട്‌
വിളക്കുറങ്ങുന്നോ
വെറുതെയൊ-
ന്നുരച്ചു കത്തിച്ചാൽ
പൊഴിയുമോ അതിൻ
ഏകാന്ത കമ്പളം
മഴ നനഞ്ഞതീ-
പ്പെട്ടിയൊന്നെപ്പൊഴും
മനസ്സു കാത്തു-
വെക്കുന്നു,പുരാവൃത്ത-
മതിലുറങ്ങും
തണുത്തുപോയെങ്കിലും
മതി വരാത്ത
കുതിപ്പുമായ്‌ ജീവിതം

നിലവിളക്കിന്റെ
ചോട്ടിലുണ്ടെപ്പൊഴും
വിറകടുപ്പിന്റെ
ചാരെയുണ്ടെപ്പൊഴും
ഇരവിലാരുടെ
ചൂട്ട്‌ കത്തിക്കുവാൻ
ഒരു കനൽക്കമ്പ്‌
കാണിച്ച്‌ കൂട്ടു പോയ്‌
പതിയെ നെഞ്ച്‌
കുലുക്കിചുമച്ചുവോ
ഇരുളിൽ മുത്തച്ഛ-
നോർമ്മയിൽ നിന്നും
ഒരു പകൽക്കൊള്ളി
കത്തിപ്പടർത്തുന്ന
പുകയിലയുടെ
ഗന്ധത്തിലിങ്ങനെ
പഴയ മന്ത്രങ്ങ-
ളുരുവിട്ട്‌പ്രാണനെ
കവിതയിലേക്ക്‌
ചുംബിച്ചുണർത്തുന്നു
എവിടെ വെച്ച്‌
മറന്നുവെന്നറിയാതെ
പിടയുമാ-
വലാതിക്കൊപ്പമമ്മയും
തിരയുകയാണ്‌
കടൽപ്പടി, ജനൽ
ച്ചതുര,മൽപ്പവും
ചോരാത്തിടങ്ങളിൽ

കരുതിവെക്കണം
തീപ്പെട്ടിയൊന്ന്‌
തലയണക്കടിയി-
ലേപ്പൊഴും, രാത്രിയിൽ
വെറുതെയോ
ന്നുരച്ച്കത്തിക്കുവാൻ
ഒരു തരിത്തീ
തണുത്ത കാലത്തും

9---മരംകൊത്തി

മരംകൊത്തിക്കൊത്തി-
അകത്തുറങ്ങുന്ന
പഴയ കാടുകൾ
മുഴങ്ങുന്നത്‌ കേൾക്കാം
കിളികൾ ശിശിരത്തിൽ
മറന്നുവച്ചൊരു
ചെറിയ തൂവലിൻ
അനക്കവും കേൾക്കാം
മഴ വരുന്നുണ്ടോ
മഴ വരുന്നുണ്ടോ
തുടങ്ങിയ ചില
പദങ്ങളങ്ങനെ
കടുംതൊലിയുടെ
പുറമ്പൂച്ചിനുള്ളിൽ
പൊടിഞ്ഞമർന്നൊരു
തടിക്കോലം കാണാം
വെയിലുണ്ടോ പുറ-
ത്തതിനുമപ്പുറം
മല പുകയുന്നോ
മരമെരിയുന്നോ.?
മരംകൊത്തിക്കൊത്തി
യകത്ത്‌ ചെല്ലുമ്പോൾ
വളഞ്ഞ ചുണ്ടുകൾ
പിടിച്ചെടുക്കുന്ന
ചില തുടിപ്പുകൾ
പല കുതിപ്പുകൾ
മരത്തിന്മേലള്ളി-
പ്പിടിച്ചിരിക്കുന്നു
അകം കരിഞ്ഞൊരു
വനം കനിയുന്ന
കടങ്കഥക്കൊപ്പം


10-രഞ്ജിനി
ഞായറുച്ചക്കു് പണ്ടൊക്കെ
രഞ്ജിനിയുണ്ടായിരുന്നു
നമ്മളാവശ്യപ്പെട്ട
ജയചന്ദ്രന്റെ വിരഹങ്ങൾ
അന്തിമയക്കത്തിൽ
കവലയിലെ ചായക്കടയിലിരുന്ന്‌
വാർത്തകൾ വായിക്കും
പ്രതാപൻ അല്ലെങ്കിൽ സുഷമ
എട്ടു മുപ്പതിന്റെ
കണ്ടതും കേട്ടതും
ചില ദിവസം
ആവൃത്തികൾ തമ്മിലുരസി
പൊട്ടലും ചീറ്റലും
കലമ്പലുമായി
മഴയിരമ്പിത്തീരും
എല്ലാം ശാന്തമാകുമ്പോള്‍
വീണ്ടും കേൾക്കാം
ചലച്ചിത്ര ഗാനങ്ങൾ
ഏകാങ്കനാടകം
അല്ലെങ്കി,ലൊരു നിമിഷം
എന്നിങ്ങനെ
പുന്നെല്ല്‌ കാറ്റിലുലയും
വയലും വീടും
മുൻപയച്ചതൊന്നും
വായിക്കാത്ത പരിഭവത്തിൽ
ശ്രോതാക്കളുടെ കത്തുകൾ
യുവവാണി
ഇംഗ്ലീഷിലോ
സംസ്കൃതത്തിലോ
വാർത്ത വന്നാൽ
നിർത്തിവെക്കാനുള്ള
ചില സൂചനകൾ
തരും അത്‌
രാത്രി വിളക്കൂതി
ഇരുട്ട്‌ തൊടുമ്പോള്‍
കട്ടിൽ തലയ്ക്കൽ
ബാറ്ററി ടോർച്ചിനരികിൽ
തുകലുടുപ്പിനുള്ളിലെ
പഴയ മർഫിയിൽ നിന്നും
സാംബശിവന്റെ ആയിഷ
അറവുകത്തി പോലെ
അദ്രുമാൻ
പാതി മയക്കത്തിൽ
നിവരും
കഥയുടെ തഴപ്പായ
അതോടെ തീരും
അന്നത്തെ പരിപാടി
ഞാനിപ്പോഴും കൊണ്ടു നടക്കുന്നു
ഹൃദയത്തിലൊരു റേഡിയോ
കളഞ്ഞുപോയ കാലം
ഓർക്കാപ്പുറത്ത്‌
പുനഃപ്രക്ഷേപണം ചെയ്‌താലോ?

phone: 9947132322