Followers

Saturday, January 2, 2010

ഒറ്റക്കാലൻ കാക്ക

rafeeq panniyankara

സകലമാന പ്രാണികളും ചിറകുമുളക്കാത്ത കൊതുകുകളും പുളയുന്ന ഓടയിലെ കറുത്ത ചെളിയിലേക്ക്‌ മുനിയാണ്ടി കുന്തിച്ചിരുന്ന്‌ മൂത്രമൊഴിക്കുമ്പോൾ പട്ടണം ഉയരുന്നതേയുണ്ടായിരുന്നുള്ളു..തല ചെരിച്ചു പിടിച്ചും മുകളിലേക്ക്‌ നോക്കിയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ ചെളിയിലുയർന്ന മൂത്രനിരയിലേക്ക്‌ മുനിയാണ്ടി ഊക്കോടേ കാർക്കിച്ചു തുപ്പി.
അന്നത്തെ പത്രക്കെട്ടുകളുമായി പയ്യന്മാർ സൈക്കിളിൽ നിന്നുപാഞ്ഞു. ദീർഘദൂര പ്രയാണത്തിനൊടുവിൽ മുഖത്ത്‌ മണ്ണ്‌ പുരണ്ട സർക്കാർ ബസ്സുകൾ അവസാന കിതപ്പോടേ നിരത്തിൽ മുക്രയിട്ടു നീങ്ങുന്നു. മുനിയാണ്ടി വളർന്നു നീണ്ട വൃത്തിയില്ലാത്ത താടിരോമങ്ങൾ ചൊറിഞ്ഞു. അഴുക്കു പുരണ്ട കുപ്പായക്കീശയിൽ കയ്യിട്ട്‌ പരതി. വിരൽത്തുമ്പിൽ കട്ടിയുള്ളൊരു നാണയം തടഞ്ഞപ്പോൾ അയാളുടെ കണ്ണിൽ സന്തോഷം തെളിഞ്ഞു. അയ്യപ്പന്റെ പെട്ടിക്കടക്ക്‌ മുമ്പിലെ മയിൽക്കുറ്റിയിൽ കയറിയിരുന്ന്‌ മഞ്ഞച്ച പല്ലുകൾ പുറത്തു കാട്ടി മുനിയാണ്ടി കാറി.


'എനക്കൊറ്‌ കട്‌പ്പ്മൊള്ള ശായ താടാ'
അയ്യപ്പൻ ആദ്യം കാശ്‌` വാങ്ങി.പിന്നെ പാത്രത്തിലെ തിളക്കുന്ന ചായ ഗ്ലാസ്സിലേക്കൊഴിച്ചു.
പെട്ടിക്കടക്കു മുമ്പിൽ സ്ഥിരമായി കൊത്തിപ്പെറുക്കാൻ വരാറുള്ള ഒറ്റക്കാലൻ കാക്ക അയാളെ നോക്കി തല ചെരിച്ചു കരഞ്ഞു. മുനിയാണ്ടി ചൂടുചായ ഒറ്റവലിക്ക്‌ അകത്താക്കി മുകളിലേക്ക്‌ നോക്കി മുരണ്ടു.
'എടാ ഓട്ടക്കാലൻ കാക്കേ .നെൻന്നെ ഒറ്‌` ദെവസം എനക്ക്‌ കിട്ടും. അന്ന്‌ നെൻന്നെ ഞാൻ ചുട്ടു തിന്നും. ....എന്തോ അപശബ്ദം കേട്ടപോലെ ഒറ്റക്കാലൻ കാക്ക പെട്ടിക്കടയ്ക്ക്‌ മുകളിൽ നിന്നും പാറിമറഞ്ഞു.
മുനിയാണ്ടി പിന്നേയും എന്തൊക്കെയോ പറഞ്ഞു. അയ്യപ്പൻ തന്റെ ജോലിയിൽ വ്യാപൃതനായി. പട്ടണം തിരക്കിലമരുന്നതിനുമുമ്പ്‌ എല്ലാം ഒരുക്കാനുള്ള തത്രപ്പാടിൽ അയാളതൊന്നും ശ്രദ്ധിച്ചില്ല.
ടാ അയ്യപ്പാ ...ഒറ്‌ ബീഡി താ..... ശായക്കൊള്ള കാശേ കയ്യിലൊള്ള്‌...കിട്ടുമ്പം തറാടാ. ഒറ്‌ ബീഡി.....താടിരോമം നിറഞ്ഞ ഇത്തിരിപ്പോന്ന മുഖത്തിന്റെ യാചന
അയ്യപ്പൻ ബീഡി കൊടുത്തു. ..തീപ്പെട്ടിക്കമ്പ്‌ കൊടുത്തു.
വേഗം പോയേക്കണം ഇവിടെന്ന്‌.......നാല്‌ പേര്‌ ചായ കുടിക്കാൻ വരുന്ന നേരത്ത്‌ തന്റെയീ നിറം കെട്ട കോലം കടേടെ മുമ്പില്‌ വേണ്ട. പോ ...അപ്പുറത്തെങ്ങാനും പോയി തുലയ്‌..
അയ്യപ്പൻ പിന്നേയും തന്റെ ജോലിയിൽ മുഖം കുത്തി.മുനിയാണ്ടി നിന്നു വിറച്ചു.
ടേയ്‌...ടേയ്‌ ഒറ്‌ ബീഡി പിച്ച തന്നെന്നും വെച്ച്‌ ആളെ പ്രാകിയാല്‌ണ്ടല്ലോ. നിന്റപ്പാന്റാതാണോടാ...ണായ്‌ ...ഇന്ത റോഡ്‌...
ചുണ്ടത്ത്‌ വെച്ച ബീഡി അയ്യപ്പന്റെ മുമ്പിലേക്ക്‌ തുപ്പിത്തെറിപ്പിച്ചു. മുനിയാണ്ടി കൂസലില്ലാതെ തിരിഞ്ഞ്‌ നടന്നു.

പുലരിമണം അമർന്നു. പട്ടണം ഇരമ്പിത്തുടങ്ങുന്നു. കോപമടങ്ങാതെ മുനിയാണ്ടി ഓവർബ്രിഡ്‌`ജിന്‌താഴെ കുറ്റിച്ചെടികൾ വകഞ്ഞുമാറ്റി മലർന്നു കിടന്ന്‌ അയ്യപ്പന്റെ തന്തക്ക്‌ വിളിച്ചു. തള്ളയെ തെറി പറഞ്ഞു. അയ്യപ്പൻ ചത്ത്‌ പുഴുവരിക്കട്ടേയെന്ന്‌ കുറ്റിക്കാട്ടിനപ്പുറത്തെ വള്ളിപ്പടർപ്പുകളിലേക്ക്‌ കല്ലുകൾ വാരിയെറിഞ്ഞ്‌ അലറി.
മുനിയാണ്ടിയുടെ അലർച്ച അടങ്ങുന്നതിനു മുമ്പേ ഓവർബ്രിഡ്‌ജിനു മുകളിലൂടെ പാഞ്ഞ ജീപ്പിൽ നിന്ന്‌ ഉച്ചഭാഷിണി എന്തൊക്കെയോ അന്തരീക്ഷത്തിലേക്ക്‌ ശർദ്ദിച്ചു. കയ്യിലുണ്ടായിരുന്ന ഉരുളൻ കല്ലുകൾ താഴെയിട്ട്‌ എഴുന്നേറ്റിരുന്ന്‌ മുനിയാണ്ടി ഉച്ചഭാഷിണിയിൽ നിന്നും തെറിക്കുന്ന വാക്കുകൾക്ക്‌ കാതോർത്തു. വല്ല ഉത്സവമോ അന്നദാനമോ വീണുകിട്ടിയാൽ പിന്നെ ഇന്ന്‌ തെണ്ടണ്ടല്ലോ എന്ന ചിന്ത ഉള്ളിലിരുണ്ടു ചെവിക്കുള്ളിലേക്ക്‌ കയറിയ വാചകങ്ങളുടെ പൊരുൾ മനസ്സിലാവാതെ മുനിയാണ്ടി വാ പൊളിച്ചു നിന്നു. ഏതോ മലയിടുക്കിന്റെ പേരും ഒരു നേതാവിന്റെ പെരുമൊക്കെ മുഴങ്ങിക്കേട്ടു.
പിന്നെ കയ്യേറ്റമൊന്നും ഇടിച്ചു നിരത്തിയെന്നുമൊക്കെയുള്ള തെരുവിൽ കേൾക്കാത്ത വാക്കുകൾ ...അവസാനം ഒനുമാത്രം മനസ്സിലായി.
പ്രതിഷേധം...പട്ടണത്തിൽ ഹർത്താൽ...
തുറക്കാൻ തുടങ്ങിയ കടകൾ ധൃതിയിൽ അടച്ച്‌ വിഷമത്തോടെ കടയുടമകളും ഓർക്കാപ്പുറത്ത്‌ വീണുകിട്ടിയ അവധിയിൽ ആഹ്ലാദിച്ച്‌ തൊഴിലാളികളും അവരവരുടെ പാട്ടിന്‌ പോയി. പട്ടണം മൗനത്തിലാഴുന്നത്‌ മുനിയാണ്ടിയെ സംബന്ധിച്ചിടത്തോളം അലോസരപ്പെടുത്തുന ഒന്നാണ്‌. വയറിനകത്ത്‌ വിശപ്പിന്റെ കാറ്റിരമ്പി. ഇന്ന്‌ പട്ടണമുണരില്ല. കടകൾ തുറക്കുമെങ്കിലേ തെരുവിൽ ആളനക്കമുണ്ടാകു. നാലു നാണയങ്ങൾ കൈവെയിൽ വീഴണമെങ്കിൽ നൂറ്‌ പേരുടെ തുറിച്ച്‌ നോട്ടം സഹിക്കണം. എന്തു ചെയ്യാം മുനിയാണ്ടിഇങ്ങനെയായിപ്പോയി.
മുനിയാണ്ടി എന്തൊക്കെയോ ഓർത്തു.
വർഷങ്ങളെത്രയായി ഈ പട്ടണത്തിലെത്തിയിട്ട്‌. ഇത്രയും വളര്‍ന്നിട്ടില്ലാത്ത പട്ടണത്തിന്റെ മുക്കുമൂലകളിൽ കിട്ടുന്ന ഏത്‌ ജോലിയും ഭംഗിയായിച്ചെയ്ത്‌ ജീവിച്ച്‌ പോന്ന കാലം. ഹോട്ടലുകളിൽ വിറകു കീറാൻ, വെള്ളം കോരാൻ, ഹോട്ടൽമുതലാളിമാരുടെ വീടുകളിൽ പറമ്പു കിളയ്ക്കാൻ. ഇതൊന്നുമില്ലെങ്കിൽ റോഡ്‌ പണി. വിയർക്കാതുണ്ണുന്നവനെ കാണുന്നതേ അയാള്‍ക്കു പുച്ഛമായിരുന്നു,
ഒരു ദീപാവലിക്ക്‌ കൈ നിറയെ സമ്മാനങ്ങളുമായി നാട്ടിലുള്ളവരെ കാണാൻ പോയ മുനിയാണ്ടി പട്ടണത്തിൽ തിരിച്ചെത്തുമ്പോള്‍ രത്നമ്മ യുണ്ടായിരുന്നു കൂടെ.
തന്റെ മുറപ്പെണ്ണ്‌. തനിക്കുവേണ്ടി ചെറുപ്പകാലം മുതൽക്കേ പറഞ്ഞു വെച്ച പെണ്ണ്‌.
ദീപാലിയോടെ മറുനാളിലേ കല്ല്യാണം മുടിഞ്ചാച്ച്‌. ഇത്‌ യേൻ മുറപ്പെണ്ണു താൻ.
മുനിയാണ്ടി ലോഹ്യമുള്ളവരോടൊക്കെ വിരിഞ്ഞ ചിരിയോടെ അറിയിച്ചു.
മുനിയാണ്ടിയുടേയും. രത്നമ്മയുടെയും സ്നേഹം പട്ടണത്തോളം തന്നെ വലുപ്പമുള്ളതായിരുന്നു.
എം.ജി.ആറിന്റേയും. രജനികാന്തിന്റേയും സിനിമകൾ പട്ടണത്തിലെ തീയേറ്ററിലെത്തുന്ന ദിവസം ഇവർക്ക്‌ ഉത്സവമാണ്‌. അന്ന്‌ മുനിയാണ്ടി ജോലിക്കു പോവില്ല. ആരെങ്കിലും തലേ ദിവസം തന്നെ വല്ല ജോലിയും പറഞ്ഞേൽപ്പിച്ചാൽ അയാൾ തലയെടുപ്പോടെ പറയും.
നാളേയ്ക്ക്‌ വേലയും കീലയുമൊന്നും കെടയാത്‌. നാനും ഏൻ മനവിയും തലൈവരുടെ പടം പ്പാക്കപ്പോറാങ്കേ....
അതിരാവിലെ ഉറക്കമുണർന്ന്‌ രണ്ടുപേരും കുളിച്ച്‌ തൈരുവടയുണ്ടക്കും. പിന്നെ..ഉച്ചയിലേക്കുള്ള സാപ്പാടിന്‌ ആട്ടിറച്ചിയോ, കോഴിയിറച്ചിയോ ഉണ്ടാക്കും.
എല്ലാം കഴിഞ്ഞ്‌ അണിഞ്ഞൊരുങ്ങി തലൈവർ പടം റിലീസായ തീയേറ്ററിലേക്ക്‌ നടക്കുമ്പോള്‍ എതിരേ വരുന്ന പരിചയക്കാരോടെല്ലാം മുനിയാണ്ടി പറഞ്ഞുക്കൊണ്ടേയിരിക്കും.
"നാരായണൻ സാറെ നാൻ തലൈവർ പടം പാക്ക്പ്പോറെൻ"
ബസ്സു മൊതലാളി നാന്‍കെ വന്ത്‌ അണ്ണനോടെയ പടം..
കേൾക്കുന്നോരെല്ലാം തല കുലുക്കി ചിരിക്കും.
ഋതുഭേദങ്ങൾ മാറി മാറി വന്നു
പട്ടണത്തിൽ പുതിയ കെട്ടിടങ്ങളുയർന്നു വന്നു
മുനിയാണ്ടി വാടകവീട്ടിലെ താമസം മാറി. പുറമ്പോക്കിൽ ചെറിയൊരു കുടിൽ വെച്ചു.
രത്നമ്മയുടെ കുളി തെറ്റി. ആയിടയ്ക്ക്‌ മുനിയാണ്ടി ഒരു പാട്‌ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയിരുന്നു. രാത്രികാലങ്ങളിൽ രത്നമ്മയുടെ അടിവയറ്റിൽ ചെവി ചേർത്തുവെച്ച്‌ അയാൾ പുതിയ ജന്മത്തിന്റെ കൈകാലിട്ടടി ചെവിയോർത്തു.
അല്ലലില്ലായ്‌മയുടെ ആകാശത്തിൽ നിന്നും ദുരന്തങ്ങളുടെ പെരുമഴ പെയ്തു വീണത്‌ പെട്ടെന്നായിരുന്നു. രത്നമ്മയുടെ പ്രസവമടുത്തു. സർക്കാരാശുപത്രിയാണേലും പല കാര്യങ്ങൾക്കായി പണത്തിന്റെ ആവശ്യമൊരുപാടുണ്ട്‌. മുനിയാണ്ടി ആവുന്നത്ര ജോലി ചെയ്തു. ...........
മുനിയാണ്ടി പിന്നെയും പിന്നെയും ആരൊക്കെയോ ചീത്ത പറഞ്ഞു. വിശപ്പാൽ കത്തിക്കളുന്ന വയറ്‌ തടവി. പാറിപ്പറക്കുന്ന താടിരോമങ്ങൽക്കിടയിൽ വിരലു കുത്തി ചൊറിഞ്ഞു. പീള നിറഞ്ഞ കണ്ണിൽ ആരോടെന്നില്ലാത്ത ദേഷ്യമിരമ്പി.
തിരിച്ച്‌ അയ്യപ്പന്റെയടുത്തേക്ക്‌ പോവാൻ മനസ്സനുവദിച്ചില്ല. അവന്റെയപ്പനെയൊക്കെ ചീത്ത പറഞ്ഞ്‌ പോന്നതല്ലേ.പക്ഷേ ..പോവാണ്ടിരിക്കുന്നതെങ്ങെനെ?
കയ്യിൽ കാശുണ്ടെങ്കിൽ തന്നെ പട്ടണത്തിലൊന്നും ഒരു കട പോലും തുറക്കില്ല. അഥവാ തുറന്നാൽ തന്നെ ബന്ദ്‌ നടത്തുന്നവർ അടപ്പിക്കുമെന്ന്‌ തീർച്ച. അല്ലേലും അയ്യപ്പനുമായി ഇങ്ങനെ വഴക്കിടുന്നത്‌ ആദ്യമായല്ലല്ലോ................! വീണ്ടും ചെല്ലുമ്പോൾ അൽപ്പനേരം മുഖം വീർപ്പിച്ചു നിൽക്കും. അല്ലെങ്കിൽ കോപമടങ്ങുവോളം വഴക്ക്‌ പറയും. സാരമില്ല. അവൻ യേൻ തമ്പി മാതിരി.
ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന തെരുവിലേക്കാണ്‌ അയാൾ നടന്നു കയറിയത്‌.
അയ്യപ്പന്റെ കടയാകെ ആരോ അടിച്ചു തകർത്തിരിക്കുന്നു. ഭരണിക്കു‍ള്ളിലെ വിൽപ്പന സാധനങ്ങളും പാത്രത്തിൽ അടുക്കിവെച്ചിരുന്ന പലഹാരങ്ങളുമെല്ലാം കടക്കു മുമ്പിൽ ചിതറികിടക്കുന്നു.
. .
മുമ്പും പട്ടണത്തിൽ ബന്ദും ഹർത്താലുമൊക്കെ നടന്നിട്ടുണ്ട്‌. എന്നാലിന്നു വരെ അയ്യപ്പന്റെ കടയ്ക്കു നേരെ ആരുടേയും കൈകൾ നീണ്ടിട്ടില്ല.
'അയ്യപ്പനെ യെല്ലാരും കൂടി ചവുട്ടി മെതിച്ചെടാ മുനിയാണ്ടി.......ബന്ദുകാരുമായി എന്തോ ഒന്നും രണ്ടും പറഞ്ഞ്‌ ഒടക്കിയതാ..ഓട്ടോക്കാരെല്ലാരും കൂടി അവനെ ആശൂത്രീലോട്ടു കൊണ്ടുപോയിട്ടുണ്ട്‌.
തെരുവിൽ ലോട്ടറി വിൽക്കുന്ന ഐസക്‌ മാപ്പളയുടെ നെഞ്ചിങ്കൂട്‌ വിമ്മിട്ടത്താൽ പൊട്ടുമെന്നു തോന്നി. തറയിൽ കാക്കകൾ കലപില കൂട്ടുന്നു. പാത്രത്തിലും തറയിലുമൊക്കെയായി ചിതറിക്കിടന്നിരുന്ന പലഹാരത്തിൽ ഉറമ്പരിച്ചു തുടങ്ങി. കാക്കക്കൂട്ടത്തിനിടയിൽ ഒറ്റക്കാലൻ കാക്ക അപ്പോഴും അയാളുടെ കാഴ്‌ച്ചയിൽ തടഞ്ഞു.
നെന്നെ ഒറ്‌ ദെവസം ഞാൻ ചുട്ടു തിന്നുംഎടാ..കള്ളക്കാക്കെ...
മുനിയാണ്ടിയെ തലചെരിച്ചുപിടിച്ച്‌ കളിയാക്കുന്നപോലെ ഒന്ന്‌ നോക്കി,കൊക്കിലൊരു പലഹാരത്തുണ്ടുമൊതുക്കി സ്വസ്ഥമായൊരിടത്തേക്ക്‌ ഒറ്റക്കാലൻ കാക്ക പറന്നു.
താൻ നിൽക്കുന്ന മണ്ണും മുമ്പിലുള്ള റോഡും കത്തുന്നതായി മുനിയാണ്ടിക്ക്‌ അനുഭവപ്പെട്ടു. അയ്യപ്പന്റെ കടയ്ക്കു മുമ്പിൽ നിന്നും തിരക്കാറിത്തണുത്ത റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു.
കരുണ വറ്റിയ ലോകത്തെക്കുറിച്ചോർത്ത്‌.
മനുഷ്യരെക്കുറിച്ചോർത്ത്‌...............
അങ്ങനെ സകലതിനെക്കുറിച്ചോർത്തും മുനിയാണ്ടി നൊമ്പരപ്പെട്ടു,
റോഡിൽ വാഹനത്തിന്റെ ഇരമ്പലും ആരുടേയൊക്കെയോ ബഹളവും കേട്ട്‌ മുനിയാണ്ടി നടത്തം നിർത്തി. റോഡിലെ ശ്മശാനം മൂകതയ്ക്ക്‌ വിഘ്‌നം വരുത്തി ചീറിവന്ന കാറിനു മുമ്പിൽ ബന്ദനുകൂലികളുടെ താണ്ഡവനൃത്തം .കാറിനിലുള്ളവരോട്‌ കയർക്കുകയാണവർ.
കാറിനകത്തു നിന്നും യാചനയുടെ കൈത്തലങ്ങൾ ...പേറ്റുനോവിന്റെ കണ്ണുനീർക്കീറുകൾ.
കാറിനു മുമ്പിൽ പ്രതിഷേധത്തിന്റേയും, ആക്രോശത്തിന്റേയും മനുഷ്യമതിൽ.
മുനിയാണ്ടി കാറിനടുത്തേക്ക്‌ നീങ്ങി. ആക്രോശങ്ങൾക്കിടയിലൂടെ ചെവിയിൽ വീഴുന്ന വിവശതയിൽ കുഴഞ്ഞ സ്ത്രീ ശബ്ദം. മുനിയാണ്ടിയുടെ രോമകൂപങ്ങൾ എഴുന്നു നിന്നു.
പീള മൂടി മങ്ങിയ കണ്ണിൽ കണ്ണീര്‌ നിറഞ്ഞു.
വീർത്ത വയറും താങ്ങി വർഷങ്ങൾക്കപ്പുറത്തെ ബന്ദു ദിനത്തിൽ റോഡിൽ തളർന്നിരിക്കുന്ന രത്നമ്മ ഓർമ്മയിൽ തെളിഞ്ഞു. അവളെയും താങ്ങിയെടുത്ത്‌ ജനറൽ ആശുപത്രി വരെ കിതച്ചതോർമ്മ വന്നു. ആശുപത്രിപ്പടിക്കൽ കാലിടറിയതും രത്നമ്മ മരണത്തിന്റെ പാതാളത്തിലേക്കമർന്നതും കണ്ണിൽ മിന്നി. റോഡരികിൽ കാറിനു ചുറ്റുമുള്ള കണ്ണുകളിൽ തീ പാറി. അവർ കയ്യിലുണ്ടായിരുന്ന കുറുവടികളിൽ പിടി മുറുക്കി. കാറിനുള്ളിലെ നനഞ്ഞ കണ്ണുകളിൽ പ്രത്യാശ തെളിയുന്നത്‌ കണ്ണു നിറയെ കാണുന്നതിനു മുമ്പേ ആരൊക്കെയോ ചിന്നം വിളിച്ചു.

മുനിയാണ്ടിക്‌ പ്‌രാന്ത്‌ മൂത്തേയ്‌...മുനിയണ്ടിക്ക്‌ വട്ടിളകിയേ....
കൈക്കും കാലിനും പരിക്ക്‌ സാരമുള്ളതായിരുന്നില്ല.നെറ്റി പൊട്ടിവാർന്ന ചോര താടിരോമങ്ങളിൽ പറ്റിപ്പിടിച്ച്‌ ഉണങ്ങി ഈച്ചയാർത്തു,
തെറി പറയാനും തല്ലാനും വേണ്ടി വന്നാൽ മനുഷ്യനെ കൊല്ലാനും അറപ്പില്ലാത്ത ആളുകളെ മുനിയാണ്ടി പ്രാകി. ഈ പാവപ്പെട്ടവനെന്തു പിഴച്ചെന്ന്‌ ആയിരം സൂചിമുനകൾ മണ്ണിലേക്ക്‌ വർഷിക്കുന്ന സൂര്യനെ നോക്കി അയാൾ പല്ലിളിച്ചു.
യെല്ലാത്തുക്കും കടവുൾ ശോദിച്ചോളും.
വയർ` വീണ്ടും എരിയുന്നു. ഉറുമ്പ്‌ അരിച്ചതാണേലും അയ്യപ്പന്റെ കടക്കു മുമ്പിൽ ചിതറിക്കിടക്കുന്നതുകൊണ്ട്‌ വിശപ്പടക്കമെന്നോർത്താണ്‌ വീണ്ടുമവിടെ എത്തിയത്‌. ശരീരത്തിന്റെ പല ഭാഗങ്ങളും വേദനിക്കുന്നു.ആകപ്പാടെ പുകച്ചിൽ. കൈമുട്ടിലെ ചോരപ്പാട്‌ ഉടുതുണിയാൽ തുടച്ച്‌ ,നാവ്‌ നീട്ടി വിരൽത്തുമ്പിൽ തുപ്പൽ നനച്ച്‌ നീറ്റലിൽ പുരട്ടി അശ്വാസം കൊണ്ടു.
അയ്യപ്പന്റെ കടക്കു മുമ്പിലെത്തിയപ്പോൾ കണ്ണിൽ വീണ്ടും ഇരുട്ട്‌ കുത്തി.
ശൂന്യമായികിടക്കുന്ന പാത്രങ്ങളും തറയും. .?
വിശപ്പ്‌ പിന്നേയും വളർന്നു.
വേച്ച്‌ വേച്ച്‌ ഓവർബ്രിഡ്‌ജിനു താഴെയുള്ള കുറ്റിക്കാട്ടിലേക്ക്‌ നടന്നു. മരണമൗനം നീണ്ട റോഡിലൂടെ കത്തുന്ന പകലില്‍ മുനിയാണ്ടി വിറച്ചു. കലിയിളകുമ്പോൾ......വിഷമതയനുഭവിക്കുമ്പോഴെല്ലാം സ്ഥിരമായി വന്നു കിടക്കാറുള്ള കുറ്റിക്കാട്‌` ഇരുട്ടിലമർന്നതു പോലെ അപരിചിതമായി തോന്നി.
കുറ്റിക്കാട്ടിനുള്ളിൽ നിന്നും മുമ്പില്ലാത്ത വിധം കുറുനരികൾ കൂട്ടത്തോടെ ഓരിയിടുന്നതും മാളങ്ങളിൽ നിന്നും ഇഴജന്തുക്കൾ സീൽക്കാരം പുറപ്പെടുവിക്കുന്നതുമൊക്കെ മുനിയാണ്ടി കേട്ടു.
കുറ്റിക്കാട്ടിലേക്കിറങ്ങാതെ ഓവർബ്രിഡ്‌ജിന്റെ കല്‍ത്തൂണിൽ ചാരിയിരുന്നു. മുമ്പിലെ ഉരുണ്ട പാറക്കല്ലിനു മുകളിലേക്ക്‌ കാലു കയറ്റിവെച്ച്‌ ആശ്വാസം പൂണ്ടു.
നെറ്റിയിൽ നിന്നും ചോര വീണ്ടും കവിളിലേക്കിറ്റി. താടിരോമങ്ങൾക്കിടയിലത്‌ അപ്രത്യക്ഷമായി.
മുനിയാണ്ടി തിളങ്ങുന്ന വെ‍ള്ളിമേഘങ്ങൾക്കിടയിലേക്ക്‌ നോക്കി.
മുമ്പിൽ രത്നമ്മ വന്ന്‌ ചിരിച്ചു. അയാളുടെ ശോഷിച്ച രൂപവും വേഷവും കണ്ട്‌ കരഞ്ഞു.
നെറ്റിയിലേയും കൈത്തണ്ടയിലേയും ചോരപ്പാടുകൾ കണ്ട്‌ ഹൃദയം നുറുങ്ങി കണ്ണു പൊത്തി
മുനിയാണ്ടിക്കത്‌ സഹിക്കാൻ കഴിഞ്ഞില്ല. അയാൾ മുഖത്ത്‌ കയ്യമർത്തി ഉറക്കെയുറക്കെ കരഞ്ഞു. പട്ടണത്തിന്റെ ആളൊഴിഞ്ഞ കോണിലേക്ക്‌ അയാളുടെ കരച്ചിൽ നീണ്ടു.
കാഹ്‌...കാഹ്‌........................കാ‍.............
ശബ്ദം .മുനിയാണ്ടിയുടെ കണ്ണ്‌ വെ‍ള്ളിമേഘക്കെട്ടിൽ നിന്നും മണ്ണിലേക്കെത്തി
കാ............കാഹ്‌.............കാഹ്‌...കാ.........പാറക്കല്ലിൽ ഒറ്റക്കാലൻ കാക്ക!
മുമ്പിൽ കുറ്റിക്കാട്‌` തെളിഞ്ഞു. കുറ്റിക്കാടിനു മുകളിലെ വെയിൽ തെളിഞ്ഞു.
അഴുക്കു പുരണ്ട കൈലിയിൽ കണ്ണീർ തുടച്ച്‌ മുനിയാണ്ടി ചിരിക്കാൻ ശ്രമിച്ചു.
'ഇന്നല്ല..ഒറ്‌ നാള്‌ നെന്നെ നാൻ ചുട്ട്‌ കറുമുറ തിന്നുമെടാ...തിരട്ട്‌ കാക്കേ.
.....
ഒറ്റക്കാലൻ കാക്ക കൂസലില്ലാതെ കൊക്ക്‌ വിടർത്തി. .ദൂരേക്ക്‌ നോക്കി ചിറകുകൾ കുടഞ്ഞു.
അനന്തരം......മുനിയാണ്ടിയുടെ തലയ്ക്കു മുകളിലൂടെ വട്ടം ചുറ്റി പറന്നു.
ഞൊടിയിടയിൽ കാക്കയുടെ തൂവലുകൾ വെളുക്കുന്നതും ചുണ്ടുകൾ ചെറുതായി മനോഹരമാവുന്നതും കുറ്റിക്കാടൊരു പൂന്തോട്ടമായി മാറി അനേകം പൂമ്പാറ്റകൾ അവിടമാകെ പാറിക്കളിക്കുന്നതും സകലതും മറന്ന്‌ അയാൾ ആശ്ചര്യത്തോടെ നോക്കി നിന്നു.