Followers

Saturday, January 2, 2010

മൊബൈല്‍ഫോൺ നിരോധിച്ചാൽ മലയാളസിനിമ രക്ഷപ്പെടുമോ?



k g unnikrishnan


2009ൽ ഇതുവരെ കേട്ട ഏറ്റവും നല്ല തമാശയായിട്ടാണ്‌ സിനിമയുമായി ബന്ധപ്പെട്ടവരുടെ 'മൊബൈല്‍നിരോധനത്തെ'ക്കുറിച്ചു വായിച്ചപ്പോള്‍തോന്നിയത്‌. പ്രതിയെ കിട്ടിയില്ലെങ്കിൽ അയാളോടിച്ച കാറിനെ അറസ്റ്റു ചെയ്യുന്നപോലെ പരിഹാസ്യമായ ഒന്നായി തോന്നി ആ തീരുമാനം.
ഒരു വ്യവസായം ലാഭത്തിലാക്കുന്നതിന്റെ രണ്ടു പ്രധാന മാർഗ്ഗങ്ങളിൽ ഒന്ന്‌ ചിലവു ചുരുക്കലും, മറ്റൊന്ന്‌ വരുമാനം കൂട്ടലുമാണെന്നു സമ്മതിക്കുന്നു. പക്ഷേ സിനിമയിൽ ചിലവു കൂടുന്നതൊന്നുമല്ല ,സിനിമ നഷ്ടത്തിലാകുന്നതിന്റെ പ്രധാന കാരണം. സൂപ്പർ താരങ്ങളുടെ റേറ്റുമല്ല. പ്രത്യുത, ജനങ്ങൾ കാണുന്ന സിനിമയില്ലാത്തതാണ്‌ പ്രശ്നം.
എന്താണ്‌ ഇപ്പോഴത്തെ സിനിമ? വെറും പുറം തോട്‌. മാത്രം. പേടുതേങ്ങ പോലെ ഉള്ളിലൊന്നുമില്ല. എല്ലാവരും ആദ്യം ചെയ്യുന്നത്‌ സൂപ്പർതാരങ്ങളുടെ ഡേറ്റ്‌ വാങ്ങുക എന്നതാണ്‌. അതിനു ശേഷം അവർക്കു മീശപിരിക്കാനും നീളൻ ഡയലോഗുകൾ ഫിറ്റു ചെയ്യാനുമുള്ള കുറേ ഏച്ചുകൂട്ടലുകൾ .കഥ എന്നൊന്ന്‌ ഇല്ല. കഥയില്ലായ്‌മയാണ്‌ മലയാളസിനിമക്കുള്ള പ്രധാന പോരായ്‌ക. ചില സംവിധായകരുടേയും തിരക്കഥാരചയിതാക്കളുടേയും ഒക്കെ കഥയില്ലായ്‌മകൂടിയാകുമ്പോൾ 100 ദിവസം ഓടുന്നതിനു പകരം മൂന്നാം ദിവസം തീയേറ്ററിൽ നിന്നു ഓടും പടം.

വിജയിച്ച പടങ്ങളുടെ ചുവടു പിടിച്ചുള്ള വികലമായ അനുകരണങ്ങൾക്ക്‌ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍നമുക്കുണ്ട്‌. നരസിംഹം, ദേവാസുരം എന്നിവയുടെ ചുവടു പിടിച്ചിറങ്ങിയ എത്ര സിനിമകളാണ്‌ എട്ടുനിലയിൽ പൊട്ടിയത്‌? തൊമ്മന്റെ മക്കളുടേ,തുറുപ്പുഗുലാന്റേയുമൊക്കെ വ്യാജപ്പതിപ്പുകൾ എത്രെണ്ണമാണ്‌ മലയാളികൾ സഹിക്കേണ്ടി വന്നത്‌. വിജയിച്ച പടങ്ങളുടെ ചുവടു പിടിച്ച്‌ മറ്റു വിജയിച്ച തമിഴ്‌ -ഹിന്ദി-സിനിമകളുടെ വീഡിയോ കണ്ട്‌ ഷൂട്ടിംഗ്‌ സ്ഥലത്തു തയ്യാറാക്കുന്ന തിരക്കഥകളാണ്‌ പലതും എന്നാണ്‌ അണിയറ വാർത്തകളിൽ നിന്നും മനസ്സിലാകുന്നത്‌.

എന്നാൽ 60 കളിലും, 70കളിലും സ്ഥിതി ഇതായിരുന്നില്ല. നല്ല സാഹിത്യരചനകൾ ,നടന്മാരുടെ കഴിവുകൾ പുറത്തുകൊണ്ടു വന്ന രീതിയിൽ തിരക്കഥയെഴുതി അവതരിപ്പിച്ചപ്പോൾ അവയെല്ലാം വിജയം കണ്ടില്ലേ?ചെമ്പങ്കുഞ്ഞും കുഞ്ഞാനേച്ചനും അതുപോലെമലയാളസാഹിത്യത്തിലെ പല കഥാപാത്രങ്ങളും അനുഗൃഹീതനടന്മാരിലൂടെ മുന്നിലെത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ചു.ഇന്നും തിരഞ്ഞാൽ ധാരാളം അത്തരം കഥകൾ ലഭിക്കും. പക്ഷേ അതിനൊന്നും ആർക്കും സമയമില്ലല്ലോ.
നല്ല ഹോം‌വർക്കു ചെയ്തു വർഷങ്ങൾകൊണ്ടെടുക്കുന്ന സിനിമകൾ വിജയിക്കും എന്നതിന്റെ തെളിവാണ്‌` ഭരതൻ,പത്മരാജൻ, ബ്ലെസ്സി എന്നിവരുടെ ചിത്രങ്ങൾ. വൈശാലിയുടെ ഓരോ രംഗങ്ങളും ചിത്രങ്ങളാക്കിയ ശേഷമാണ്‌ ഭരതൻ സിനിമയെടുത്തത്‌ എന്നു കേട്ടിട്ടുണ്ട്‌. ബ്ലെസ്സിയാണെങ്കിലും ഓരോ തിരക്കഥ രൂപപ്പെടുത്തുന്നതിനു പിന്നിലും ത്യാഗപൂർണ്ണമായ അദ്ധ്വാനശേഷി ഉപയോഗപ്പെടുത്തുന്നുണ്ട്‌. എം.ടി.യുടേയും പത്മരാജന്റേയും ചിത്രങ്ങളും തിരക്കഥയുടെ മേന്മകൊണ്ടാണ്‌ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത്‌. കൊമേഴ്‌സ്യൽ സംവിധായകൻ എന്നറിയപ്പെടുന്ന പ്രിയദർശൻ പോലും ഹോംവർക്കു ചെയ്തെടുത്ത സിനിമകൾ ,കാലാപാനി,ഇപ്പോൾ കാഞ്ചീവരം-നല്ല സിനിമകളായി

മലയാള സിനിമയുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടത്‌ ഇത്തരം കാര്യങ്ങളിലാണ്‌. നല്ല കഥ തിരെഞ്ഞെടുക്കുക. അതിനു ശേഷം താരങ്ങളെ കഥാപാത്രങ്ങൾക്കനുസരിച്ചു തീരുമാനിക്കുക. സിനിമയുടെ പൂര്‍ണ്ണരൂപം ആയതിനു ശേഷം മാത്രം ഷൂട്ടിംഗ്‌ ആരംഭിക്കുക. അതാണ്‌` വേണ്ടത്‌. ഇവിടെ പുരുഷനു നിഴലായി മാത്രമാണ്‌ ഇപ്പോള്‍ സ്ത്രീയുള്ളത്‌. . സ്ത്രീകൾക്കു പ്രാധാന്യമു ള്ള സിനിമകൾ ഉണ്ടാകുന്നതേയില്ല. ഒരു പെണ്ണിന്റെ കഥയും ,തുലാഭാരവും എല്ലാം ഓർമ്മകൾ മാത്രം.
വ്യത്യസ്തമായ സിനിമകൾ വിജയിക്കുമെന്നതിന്റെ തെളിവാണ്‌ സത്യൻ അന്തിക്കാട്‌- ശ്രീനിവാസൻ ടീമിന്റെ വിജയങ്ങള്‍.. അവരുടെ കഥാപാത്രങ്ങൾ നമ്മളിലൊരാളായി നമ്മൾ കാണുന്നു.
ഈ അവസ്ഥയിൽ എല്ലാവരുംകൂടി തീരുമാനിച്ച ചിലവു ചുരുക്കലുകൾ പലതും പ്രായോഗികമല്ല എന്നു കാണാം. സിനിമയുടെ പ്രധാനഭാഗം എടുക്കാൻ 45 ദിവസം നീട്ടാതിരിക്കാൻ പറ്റുമോ? പരസ്യമായി കുറച്ചാലും അഭിനയിക്കണമെങ്കിൽ പണം തരണമെന്നവർ പറയാനാണ്‌ സാധ്യത. പിന്നെ, അവാർഡുസാധ്യതയുള്ള കഥാപാത്രങ്ങളാണെങ്കിൽ കുറച്ചേക്കാം. സെറ്റിൽ എല്ലാവരും സ്ക്കൂൾകുട്ടികളെപ്പോലെ അടങ്ങിയൊതുങ്ങിയിരിക്കുമോ? അതുകൊണ്ട്‌ പ്രിയപ്പെട്ട സിനിമക്കാരാ കട്ടവനെ പിടിക്കാതെ കളവു കുറയ്ക്കാൻ പറ്റുമോ? രോഗം ശരിയായി പഠിച്ചു ചികിത്സിക്കുക.