Followers

Saturday, January 2, 2010

സങ്കീർത്തനങ്ങൾ (ഓ.വി.വിജയന്‌)

desamangalam ramakrishnanനമുക്കിടയിൽ ഇപ്പോൾ ഈ കോച്ചുന്ന മൗഢ്യം മാത്രം
ഇതൊന്നു വലിച്ചുകീറാൻ നാം പാടുപെടുന്നു
എത്രയോ നാവുകൾ
ഉള്ളിലോരോ അണുവിന്റേയും സങ്കടങ്ങൾ
വിളിച്ചു പറയാൻ
തെരുക്കുന്നു, ആവതില്ല
മുന്നിരുട്ടിൽ നിന്ന്‌ പിൻവാങ്ങുക
മുങ്ങുക ഈ തണുപ്പിൽ
എന്നാലും സ്നാനം തീരുകയില്ല
തുവർത്താൻ ഒരിഴയും ബാക്കിയില്ലല്ലോ
തുഴയാൻ തുഴക്കോലും ഇല്ല
തോണി ഇപ്പോൾ ഏതു കരയിലാണ്‌
അമ്മ അതിൽ തനിച്ചായിരുന്നു
(2)
സ്വപ്‌നത്തിന്റെ പച്ചില മരത്തിൽ
ഒരു പൂവള്ളി പടരുന്നു
അതിന്റെ യാത്ര ഏതു മണ്ണിൽ നിന്ന്‌
അതിനു പൂക്കളുണ്ടായിരുന്നുവോ
ഇരുട്ടു കുടിച്ച്‌ അത്‌ കറുത്തു
കറുപ്പു കതിരിട്ടു
കാണാത്ത കയങ്ങളിൽ നിന്ന്‌
ഒരു കിളി പറന്നു വന്നു
കിളി പറഞ്ഞു
നിനക്കായി നീ പോകാതിരിക്കാനായി
ഈ കാകോളം നിന്നിൽ നിന്ന്‌
ഞാൻ കൊത്തിക്കുടിക്കുന്നു
കരിയിലകളിൽ ഒരു പാട്ട്‌
കഴുത്തറ്റു വീണു
ഒരു അനാഥനക്ഷത്രം അതിനു കൂട്ടായി
പിന്നെയും പൂവള്ളി യാത്രയായി
മുകളിലേക്ക്‌ മുകളിലേക്ക്‌-
പച്ചില മരം ഇന്ന്‌ ഒറ്റക്കാണ്‌
പുലർകാലത്ത്‌ ഒരു പൈതൽ
എന്നും വന്ന്‌ കൈ നീട്ടുന്നു
താതാ എന്റെ അമ്മ എവിടെ?
(3)
ചെവിടു മണ്ണു പിഴിഞ്ഞ പാതയിലൂടെ
ചീവീടുകളുടെ ഓംങ്കാരത്തിൽ
ഒരു മൗനം വാക്കു തേടിപ്പോകുന്നു
പൂ തന്ന വാക്കെല്ലാം
കിളി തന്ന നോക്കെല്ലാം
പുഴയിലൊലിച്ചുപോയി
തുറക്കാനാവാത്ത പുസ്തകവും
മറന്നുപോയൊരു മന്ത്രവും
ദിക്കുകൾ ചോദിക്കുന്നു
"അതിനൊടെ സത്തിയമെന്ന"?
മരിച്ചവൾക്ക്‌ താരകളുടെ വായ്‌ക്കരി
സൂര്യചന്ദ്രന്മാർ ചോദിക്കുന്നു
"അതിനൊടെ സത്തിയമെന്ന"?

അമർത്തിയ മുഖങ്ങളിൽ
അടർന്ന കൽപ്പകാലങ്ങൾ
അമാന്തത്തിന്റെ അനുരാഗങ്ങളിൽ
അനന്തമായ നഗ്നശൂന്യതകൾ
മൊഴിയറ്റ നാക്കിൽ
തറച്ച ത്രിശൂലം
യാഗശേഷം തൂവിയ ധാന്യപ്പൊടികൾ
ആരുടെ മേൽ വീണു
എന്നെ ഒരു സ്വർണ്ണക്കീരിയാക്കൂ-
കീരിപ്പുഴു ചോദിക്കുന്നു
"അതിനൊടെ സത്തിയമെന്ന"?
തുണയാരമ്മേ നിന,ക്കുരുകിത്തിളക്കുന്ന
കടലിൻ മീതേ കനലാളുന്ന കരിമ്പന-
ക്കാടിനും മീതേ .താരാവലികൾ കറുക്കുന്ന
ഹൃദയാകാശത്തിനും മീതേ നീയകലുന്നു

ഈറനായൊരു മുറ്റത്തെന്നെയുമിരുത്തി നീ
ആരുടെ പല്ലക്കിലായ്‌ യാത്രയാവുന്നു ,മല-
മടക്കു തിരിയവേ എന്നെ നീ വീണ്ടും വീണ്ടും
തിരിഞ്ഞു നോക്കുന്നുവോ എനിയ്ക്കാർ തുണയമ്മേ
എനിക്കു വാക്കില്ലമ്മേ നിന്റെ താരാട്ടിന്നുച്ച-
ശ്രുതി മാത്രമേ കാതിൽ, കണ്ണിലാ ചിരിച്ചേറെ-
ക്കരയും മുഖം മാത്രം-
എന്തിനേ കരഞ്ഞു നീ
എന്തിനേ ചിരിച്ചു നീ
ഓർമ്മയിൽ പലമുറം ചേറിനിൽക്കുന്നു നീ യാ-
കോലകത്തുമിക്കുണ്ടിൽ കിടന്നു കളിച്ചു ഞാൻ
ഉരലിലെന്നെക്കെട്ടിയിട്ടു നീ, തേവാരത്തി-
ന്നകത്തമ്മയ്ക്കായെണ്ണ കാച്ചുവാൻ നിൽക്കുന്നു നീ
പരദേശിയാമച്ഛൻ തിരിച്ചു വന്നു, നിന്റെ
വയറ്റിലനിയത്തിക്കുമ്മ ഞാൻ കൊടുത്തപ്പോള്‍
വളരും ചില്ലക്കു മേൽ പാടുവാൻ കിളി വന്നു
ചെരിയും കതിരിലെൻ തുമ്പികൾ പറക്കയായ്‌
അന്തിയായമ്മേ പിന്നെയെന്നെയുമൊക്കത്തെടു-
ത്തന്നു നീ പോയി, പടിവാതിൽക്കലൊരു കരിം-
പൂച്ചയെക്കണ്ടെൻ കരൾ വിറച്ചു,മയങ്ങീ ഞാൻ
ഇരുട്ടെൻ മിഴി ചെത്തിക്കുടിച്ചു-ഉണർന്നപ്പോൾ
തുണയാരമ്മേ ,എനിക്കുരുകിത്തിളക്കുന്ന
കടലിൻ മീതേ, കനലാളുന്ന കരിമ്പന-
ക്കാടിനും മീതെ താരാവലികൾ കറുക്കുന്ന
ഹൃദയാകാശത്തിനും മീതേ നീയകലുന്നു
പുറ്റുകൾക്കരികിൽ ഞാനിരിക്കുന്നമ്മേ എന്നെ
കൊത്തുന്ന സീൽക്കാരത്തില്‍‌ നിന്റെ നോവാളുന്നമ്മേ

തവിടിൻ മണം തുണിത്തൊട്ടിലിൻ പരലോക-
സുഗന്ധം ,വിയർപ്പെഴുമമ്മിഞ്ഞപ്പാലിൻ കരു-
ണാർദ്രമാം വീചീലോല ഗന്ധങ്ങൾ വഴിയുമീ
പാതയിൽ പാടങ്ങളിൽ വിളക്കുകാലിൻ ചോട്ടിൽ
ഞാനലയുന്നു, പണ്ടൊരന്തിയിൽ നീ പോയൊരാ
വഴികൾ നീലാകാശപഥങ്ങൾ തേടിത്തേടി
നിൻ മഹാവിഷാദത്തിലൂടെ ഞാൻ നടക്കുന്നുആരുടെ ബലിനെല്ലു മുളച്ചു ഞാറായെന്റെ
ഓർമ്മക്കു കതിരിടാൻ
ആരുടെ മുടിച്ചാർത്തെൻ വാസനയുണർത്തുന്നു
ജീവനെ ചൂടിക്കുവാൻ
മുക്തിയെക്കുളിപ്പിച്ചു പോരുമെൻ ജന്മത്തിന്റെ
രക്തത്തിൽ മദിക്കുവാൻ
എത്ര നാൾ നിന്നെക്കാത്തുപോന്നു ഞാൻ, ഫലിതം പോൽ
പട്ടുറുമാലും പിന്നി
അവസാനത്തെ കാളവണ്ടിയിൽ നിന്നും പൊതി-
ഞ്ഞിറക്കിവെയ്ക്കുന്നു ഞാൻ
ഇണയും ചങ്ങാതിയും പൈതലുമുപേക്ഷിച്ച
ദൈവഭിക്ഷയെക്കൂടി
പറമ്പിൽ പൂതങ്ങൾക്കു വായ്‌ക്കരിയിടാൻ വന്ന
പരനെ വണങ്ങുന്നേൻ

(2) ആരുടെ ബലിനെല്ലു മുളച്ചു ഞാറായെന്റെ
ആരുയിർപ്പാടം .കൈവിട്ടകലും സ്ഥലികളിൽ
ആരുടെ പേമാരിയിൽ തേങ്ങുന്ന മനങ്ങളിൽ
പാരെടുത്തൊരു കുടയായി ഞാൻ പിടിക്കുന്നു

കട്ടകുത്തിടും ,മുളങ്കൂട്ടങ്ങൾക്കരികിൽനി-
ന്നെട്ടുകാലികൾ പെറ്റ കുഞ്ഞുങ്ങൾക്കരികിൽനി-
ന്നെന്റെ പ്രാണനിൽ പറ്റിപ്പിടിച്ച കരിമഷി-
പുറ്റിൽനിന്നോടിപ്പോന്നേ,നെത്തിയതെവിടെയോ
എന്നെത്തൊട്ടുരുമ്മിയീത്തീരത്തുനിൽക്കുന്നോർക്കും
അമ്മയില്ലച്ഛൻ,പെങ്ങൾ-എല്ലാരുമനാഥന്മാർ
പൊള്ളവാക്കുകൾ ,വിഷമണ്ണപ്പം,അരക്കെട്ടിൽ
വന്നു ചുറ്റിയ രാവിന്നമ്ലവാതങ്ങൾ,താഴെ
പാദമൂന്നിടും മുമ്പേ ദ്രവിച്ച കിനാവുകൾ
-ഒക്കെയും മറക്കുക

ആരുടെ വിരൽച്ചരടിവിടെയനങ്ങുന്നു
ആരുടെ വിചാരങ്ങളതിൽ നടിക്കുന്നുയാത്രയ്ക്കു കുടയായി വന്നിനിൽക്കുന്നു വാനം
മാത്രയെൻ കാലിൽ കെട്ടിപ്പിടിച്ചു നിൽപ്പു ഭൂമി
പോയ്‌വരട്ടെ ഞാൻ. വീട്ടിന്നകത്തെ ഈർപ്പത്തിലെൻ
ചീർത്ത മോഹങ്ങൾക്കെല്ലാം കുരുതിയാവട്ടെ ഞാൻ
പോയ്‌മറയുന്നു വൃക്ഷനിരകൾ, നിളയുടെ
തീരങ്ങളടിയുന്നു കലക്കുവെള്ളക്കുത്തിൽ
ഓമനിച്ചൊരു നീലഹരിതത്തടങ്ങളിൽ
ന്‌ലാവെത്തി വിളിക്കുന്നു മുഖവുംകുനിച്ചിങ്ങു
കിടക്കുമാർത്തന്മാരിൽ വാക്കുകളടഞ്ഞുപോയ്‌

ഇത്തിരി നേരം ഞാനുമിവിടെ ത്തങ്ങി ,വില്വ-
പത്രത്തിൽ ജലബിന്ദു തുടിച്ചു ചിതറുന്നു

ഈ കളിപ്പാട്ടങ്ങളെൻ മുറ്റത്തു കിടന്നോട്ടെ
മാമ്പഴക്കലത്തയൽക്കൂട്ടുകാർ കളിച്ചോട്ടെ
അവരും വലിച്ചെറിഞ്ഞെന്റെയീപ്പാവക്കുട്ടി
തിമിർക്കും മഴയുടെ ഗർവ്വത്തിലൊലിക്കുമ്പോള്‍
ആരുമില്ലയോ തുണ നിനക്കെന്നോരോകരി-
യിലയും കാറ്റും ചോദിച്ചെന്നുയിർ കടയുമ്പോള്‍
പോളകൾ പൊട്ടാൻ വെമ്പും കുരുന്നുദാഹങ്ങളെൻ
മാറിലേയ്ക്കായുന്നതിന്നർത്ഥം ഞാനറിയുന്നു

പാതിയുമമ്മയ്ക്കുള്ളൊരാർദ്ദ്രത, പകുതിയി
താതന്റെ ഗർവ്വം പിഞ്ചുമേനിയോ സ്വർണ്ണത്തുമ്പി
ഒച്ചുകളിഴയുന്ന വാക്കുകൾ പറ്റിപ്പിടി-
ച്ചെത്തുമ്പോൾ മുയലിന്റെ കൊമ്പുകൾ! തലനിറ-
ച്ചെണ്ണയിൽ പുളയ്ക്കുന്ന പേനുകൾ, പേനിന്നാത്മാ-
വെന്തെന്നു തേറ്റിപ്പോകും പൊന്നുണ്ണിക്കിടാവുകൾ
-ഒടുവിലവരോടും യാത്രയാവുന്നു,നിൽക്കാൻ
എനിക്കാവില്ലാ ദൂരെനിന്നാരോ വിളിക്കുന്നു
ഒരു സ്വപ്‌നത്തിൻ കഥ മുലപ്പാൽ ചുരത്തുന്നു
പറയാതൊരാൾ വെള്ള പുതച്ചു മടങ്ങുന്നു
ഒരു ചുംബനം പിന്നെയാവർത്തപ്പുണർച്ചകൾ
ഗുഹവിട്ടൊരുമകനേകനായലയുന്നു
ഇലക്കുമ്പിളിൽ കിളിമുട്ടകൾ മിഴിക്കുന്നു
കറുത്ത പുതപ്പിലെ രോഗിയെയുണർത്താതെ
അപരാഹ്‌നത്തിൽ കാലു പിടിച്ചു വാക്കില്ലാതെ
അഴിഞ്ഞു പോകുന്നു ഞാൻ


ദേശമംഗലം രാമകൃഷ്ണൻ

4-നിദ്ര

വീടു വിട്ടു ഞാനേതോ നാട്ടിലുലയുമ്പോൾ
വേവട പിടിക്കുന്ന മിഴികൾ തണുക്കുന്നു
പാതിരയിലച്ചാർത്തിൽ താരകവഴികളിൽ
പൂ തേടി നടക്കുന്ന കുട്ടികൾ, മയക്കത്തിൻ
തൂവൽക്കൂട്ടിലെ പക്ഷിക്കുഞ്ഞുങ്ങൾ,ചിരി വറ്റി-
ത്തൂർന്നൊരു മഹാനദിക്കരയിൽ പിറകോട്ടു
പറക്കും കാറ്റിൻമുടിത്തുമ്പുകൾ.കാണുന്നു ഞാൻ
വരിവെള്ളവും കടലാസ്സുതോണിയും-ഒരേ-
ഓർമ്മ പെയ്യുന്നു നീലച്ചുകപ്പുനിറങ്ങളിൽ
ഞരമ്പിലൈതിഹ്യം പോൽ തുടിപ്പൂ പൊൻമുട്ടകൾ
തെറ്റിവീണുടയാതെ നോക്കുവാൻ കൈവെള്ളയിൽ
വെച്ചു ഞാനതിൻ ചന്തം നോക്കിക്കൊണ്ടിരിക്കുന്നു
ഒരു സ്വപ്‌നത്തിൻ കാന്ത ലഹരി പടരുന്നെൻ
സിരയിൽ,മന്ദാരത്തിൻ ചോട്ടിൽ ഞാൻ ധ്യാനിക്കുന്നു
ഉറങ്ങാൻ കൊതിക്കുന്നു പഥികൻ,മുരളുന്ന
കയത്തിൻ മീതെ മിഴിയറ്റവർ നടക്കുന്നു
പുലരുന്നതു രാവോ വിടരുന്നതു പൂവോ
ചിറകു കുടയുന്നു ജീവനോ കുളിരിൽനി-
ന്നമറുന്നതു പശുക്കുട്ടിയോ,നീർപ്പോളകൾ
തുറിച്ചുതാഴുന്നതു നാടോടിക്കിടാങ്ങളൊ
അറിയാതെയായിന്നു പേരുകൾ മുഖങ്ങളി-
ലെഴുതിയിരിക്കുന്നു ഞാൻ നിന്നെയറിയില്ല
ഒരിക്കൽ കൂട്ടിൽനിന്നുമിറങ്ങിപ്പോന്നു പിന്നെ
പല താവഴികളായ്‌ പുളച്ചു പാഞ്ഞു കുന്നു -
കേറുമ്പോളിടയ്ക്കിടെ കിതച്ചു നിന്നു,പിന്നിൽ
നിന്നേതോ വിരലുകൾ പിടിച്ചു വലിക്കുന്നു
ഞങ്ങളെക്കൂടെ കൊണ്ടുപോകുക, ഇലക്കുടിൽ-
ത്തൊട്ടിലിലൊരു വട്ടംകൂടി നീ താരാട്ടുക
-നാടുവിട്ടു ഞാനേതോ നാട്ടിലൂടലയുന്നു
നാവേറു പാടിയെന്റെ ബാധകളൊഴിഞ്ഞീല
കാവിലെ നല്ലമ്മയെൻ കണ്ണുകളുഴിഞ്ഞിട്ടും
കാല്‍കളിൽ പേടിത്തള ഇപ്പൊഴും ചിലമ്പുന്നു
നേദിച്ച ചരടെന്റെ കൈത്തണ്ടമുറിക്കുന്നു
നാരായക്കൂർപ്പിൽ തരുശിരസ്സുപിളരുന്നു
ചെന്നിനായകം നാക്കിൽ, ഏറെനാൾക്കൂടെപ്പാർത്ത
ചുണ്ടുകൾ നീട്ടിത്തുപ്പിയോളത്തിൽ മറഞ്ഞുപോയ്‌
ആടിനു കടിക്കുവാൻ കൊടുത്തു മരുന്നില
ആളറിയാതെയായ്‌ തോപ്പിലിരുട്ടു പടരുന്നു
നടന്നു നടന്നെന്റെ പാതയ്ക്കു നീളം കൂടി
പാദങ്ങൾ വിണ്ടു നീലനാക്കിൽ ഞാനുറങ്ങയായ്‌
ഒരു പച്ചില! അതിന്‍ രൂപമേ മറന്നുപോയ്‌
മുറിവിലിറ്റിച്ചെങ്കിൽ-പേരേ ഞാൻ മറന്നല്ലോ

ഒരു വള്ളി നിന്‍‌കാലിലൊരിക്കൽ ചുറ്റി, നിന്റെ
കരളിൽ പടർന്നേറി പൂവിട്ടു പുണർന്നതും
പുഴയിൽ കുളിച്ചെത്തി നിൻ വിഷമുറിവിന്റെ
കടവായ്‌ വലിച്ചീമ്പിക്കുടിച്ചു മരിച്ചതും
ഓർക്കുക- അവൾക്കെന്തു രൂപം, ഞാൻ മറന്നുപോയ്‌
ഓർമ്മയിലവൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു
ഓർമ്മകൾ തളിർ ചൂടി പുലരാൻ കാക്കുന്നു ഞാൻ
ഓളങ്ങൾ താരാട്ടുന്ന സൂര്യനിൽ ശയിക്കുവാൻ