Followers

Saturday, January 2, 2010

മരുഭൂമിയുടെ ഉയിർത്തെഴുന്നേൽപ്‌

mathew nellickunnu


ഇടുക്കി പദ്ധതിയുടെ വരവോടെ തൊടുപുഴ ജലസമൃദ്ധമായി. ഞങ്ങളുടെ മൂവാറ്റുപുഴയാറിലും ആ വെള്ളമെത്തി. ഏതു വേനലിലും വരണ്ടുപോകാത്ത്‌ മൂവാറ്റുപുഴ ആറിൽ തുടിച്ചുനീന്തിയും കൈത്തോടുകളിൽനിന്നും മീൻപിടിച്ചും നടന്ന എന്റെ കുട്ടിക്കാലത്തിന്റെ ഓർമ്മപോലും ഹൃദ്യമാണ്‌. മക്കളോടും കൊച്ചുമക്കളോടും ഞാനാക്കഥകൾ പറഞ്ഞിട്ടുണ്ട്‌. അവർക്ക്‌ അങ്ങനെയൊരു കുട്ടിക്കാലം കിട്ടിയിട്ടില്ല. അടച്ചിട്ട മുറികളിൽ കോൺക്രീറ്റ്‌ കൂടുകളിൽ, സ്കൂൾബസ്സുകളിൽ, കമ്പ്യൂട്ടർ സ്ക്രീനിനുമുൻപിൽ ഒക്കെയാണ്‌ അവർ വളർന്നത്‌.
അവരോടു കഥപറയുമ്പോൾ ഞാൻ അഭിമാനിച്ചു. മണ്ണിന്റെ മണമറിഞ്ഞു വളരാനായതിൽ ആഹ്ലാദിച്ചു. കുസൃതിയും സാഹസികതയും നിറഞ്ഞ അനുഭവങ്ങളോർത്ത്‌ ഊറിയൂറിച്ചിരിച്ചു. ഇനിയും നാട്ടിൽചെല്ലുമ്പോൾ പാടത്ത്‌ ചൂണ്ടയിട്ടു മീൻപിടിക്കണം എന്ന മോഹമുദിച്ചതു അങ്ങനെയാണ്‌.
പിന്നീട്‌ നാട്ടിൽവന്നപ്പോൾ വീടിന്റെ മുൻപിലുള്ള പാടശേഖരങ്ങളുടെ അരികിലെ തോടിന്റെ വരമ്പിലൂടെ ഞാൻ ചൂണ്ടയുമായി നടന്നു. പക്ഷേ തോട്ടിൽ ഒരു ചെറുമത്സ്യത്തെപ്പോലും കാണാനുണ്ടായിരുന്നില്ല. പണ്ട്‌ തോടുകളിൽ ധാരാളമുണ്ടായിരുന്നവരാൽ, മൂശി, പരൽമീനുകൾ, ഞണ്ട്‌, ഞവിണി ഇവയിലൊന്നിനെപ്പോലും കണ്ടില്ല. തോടിന്റെയും പാടത്തിന്റെയും വരമ്പുകളിൽ വന്നിരുന്ന്‌ മീൻപിടിച്ചിരുന്ന പൊൻമാൻപക്ഷികൾ, കൊറ്റികൾ എന്നിവയിൽ ഒന്നിനെപ്പോലും കാണാനായില്ല. തോട്ടിൽ ചാടിത്തിമിർത്തും വാഴത്തടകൊണ്ട്‌ ചങ്ങാടമുണ്ടാക്കി നീന്തിത്തുടിച്ചും മീൻപിടിച്ചുരസിക്കാൻ കുട്ടികളുമില്ലാതായിരിക്കുന്നു.
രാവിലെ വീട്ടുജോലികളെല്ലാമൊതുക്കി താളിതേച്ചു മുങ്ങിക്കുളിക്കുവാനും തുണിനനയ്ക്കുവാനും വന്നിരുന്ന സ്ത്രീകളേയും തോട്ടിറമ്പിൽ കണ്ടില്ല. പാടത്ത്‌ നെല്ലിനടിക്കുന്ന കീടനാശനികൾ ഒഴുകി തോട്ടിലെത്തുന്നതിനാലും, തോട്ടിറമ്പിൽ കുളിയ്ക്കാൻ ഭയപ്പെട്ടുമാണത്രേ പെണ്ണുങ്ങൾ തോടുപേക്ഷിച്ചതു.
പ്രകൃതി കനിഞ്ഞു നൽകിയ വരങ്ങൾ ആർക്കും വേണ്ടാതായിരിക്കുന്നു. രാത്രിയും പകളും ഇടയ്ക്കിടെ കേട്ടിരുന്ന ചീവീടുകളുടെ നീണ്ടശബ്ദവും, ആകാശത്തും താഴെയും മിന്നിത്തെളിഞ്ഞ്‌ പാറിനടന്നിരുന്ന മിന്നാമിന്നികളേയും കാണാനും കേൾക്കാനുമില്ല. മുറ്റത്തും പരിസരത്തും ധാരാളമുണ്ടായിരുന്ന കാക്കകളും, തൊഴുത്തുനിറഞ്ഞുനിന്നിരുന്ന പശുക്കളും ആടുകളും, പിന്നെ വളർത്തു പൂച്ചകളും വളരെ കുറഞ്ഞിരിക്കുന്നു.
കർഷകരേയും കാർഷികമേഖലയേയും വിലകുറച്ചുകാണുന്നവരാണ്‌ ഇന്ന്‌ നാട്ടുമ്പുറത്തുകാർപോലുമെന്ന്‌ വേദനയോടെ ഞാൻ മനസ്സിലാക്കി. കെട്ടിടനിർമ്മാണത്തിനും വ്യവസായ ആവശ്യത്തിനും റോഡുനിർമ്മാണത്തിനും റബർകൃഷിക്കും മറ്റുമായി പ്രകൃതി കനിഞ്ഞു നൽകിയിരുന്ന വരദാനങ്ങൾ നശിപ്പിച്ചുകൊണ്ട്‌, സാമ്പത്തിക ഉന്നമനം ലക്ഷ്യംവച്ച്‌ മണ്ണിനെ ചൂഷണംചെയ്യുകയാണ്‌ ഇന്ന്‌ മനുഷ്യർ. പ്രകൃതിയെ നശിപ്പിച്ചുകൊണ്ട്‌ ഒരു സമൂഹവും ഭൂമുഖത്ത്‌ നിലനിൽക്കില്ല. അടുത്ത തലമുറയ്ക്കായി നാം കരുതിവച്ചിരിക്കുന്നത്‌ തെങ്ങുകളില്ലാത്ത, കുടിക്കാൻ വെള്ളത്തിനായി കേഴുന്ന, വനങ്ങളും വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും നഷ്ടപ്പെട്ട, വിഷമാലിന്യങ്ങൾ നിറഞ്ഞ, മരുഭൂമിയായിക്കൊണ്ടിരിക്കുന്ന കോൺക്രീറ്റ്‌ സൗധങ്ങൾ മാത്രമുള്ള ഒരു ശ്മശാനകേരളമാണ്‌.