Followers

Showing posts with label a q mehdi. Show all posts
Showing posts with label a q mehdi. Show all posts

Sunday, January 3, 2010

അമേരിക്കൻ ഐക്യനാടുകളിലൂടെ - 3



a q mehdi


വാഷിങ്ങ്ടൺ ഡി.സി യും നയാഗ്ര വെള്ളച്ചാട്ടവും.

ന്യൂയോർക്കിൽനിന്ന്‌ 350 കിലോമീറ്റർ ദൂരമുണ്ട്‌ വാഷിങ്ങ്ടണ്ണിലേക്ക്‌. ശരാശരി 120 കി.മീറ്റർവേഗതയിലാണ്‌ ബസ്സ്‌ ഓടുന്നത്‌. മിക്കതും എട്ടുവരി പാതകളാണ്‌, സൂപ്പർ ഹൈവേകൾ. ഒരു എക്സ്പ്രസ്സ്‌ ഹൈവേ വരുന്നതിനെ ചൊല്ലിയുള്ള നാട്ടിലെ കോലാഹലങ്ങളെപ്പറ്റി ഞാനോർത്തു. നാടിന്റെ വികസനത്തിന്‌ വിലങ്ങുതടിയായി, എന്തിനെയും ഏതിനെയും വിമർശിക്കുന്ന നമ്മുടെ ചില രാഷ്ട്രീയനേതാക്കളും, അപൂർവ്വം പരിസ്ഥിതി- സാംസ്കാരിക നായകന്മാരും അമേരിക്കയിലേയോ യൂറോപ്പിലേയോ റോഡുകളും ട്രാഫിക്‌ സിസ്റ്റവും നേരിൽവന്നു കാണേണ്ടതുതന്നെ.
ഒരു പുരാതനനഗരത്തിന്റെ പ്രൗഢിയുള്ള, ഒരാധുനിക സിറ്റിയാണ്‌ വാഷിങ്ങ്ടൺ ഡി.സി എന്നറിയപ്പെടുന്ന അമേരിക്കയുടെ തലസ്ഥാനം.
ഈ നഗരത്തിന്റെ വിസ്തീർണ്ണം 179 ച.കി.മീറ്റർ ആണ്‌. ജനസംഖ്യ 5.30 ലക്ഷവും.
1790-ൽ അമേരിക്കയുടെ പ്രഥമപ്രസിഡണ്ട്‌ ജോർജ്ജ്‌ വാഷിങ്ങ്ടണാണ്‌ ഈ നഗരം സ്ഥാപിച്ചതു. ഒരു രാഷ്ട്രത്തിന്റെ ദേശീയ തലസ്ഥാനമാക്കാൻ വേണ്ടിമാത്രം രൂപകൽപന ചെയ്ത ഈ നഗരം, ലോകത്തിലെ ആസൂത്രണം ചെയ്തു നിർമ്മിച്ച അപൂർവ്വം നഗരങ്ങളിൽ ഒന്നാണ്‌. 1800-ലാണ്‌ ഇത്‌ അമേരിക്കയുടെ തലസ്ഥാനമായത്‌. അതിന്‌ തൊട്ടുമുമ്പുവരെ ന്യൂയോർക്ക്‌ ആയിരുന്നു യു.എസ്സ്‌ തലസ്ഥാനം.
വാഷിങ്ങ്ടണിലെ വളരെ പ്രശസ്തമായ പല സ്മാരകങ്ങളും ഞങ്ങൾ പോയികണ്ടു. അവയിൽ പ്രധാനം കാപ്പിറ്റോൾ ഹില്ലും ലിങ്കൺ മെമ്മോറിയൽ ഹാളുമാണ്‌. വിയറ്റ്നാം, കൊറിയൻ സ്മാരകങ്ങളും വളരെധികം ജനശ്രദ്ധ ആകർഷിക്കുന്നവ തന്നെ.
ഒടുവിൽ, ഈ അമേരിക്കൻ യാത്രയിലെ ഏറ്റവും വലിയ കാഴ്ച കാണാൻ ഞങ്ങൾ പോയി. 'വൈറ്റ്‌ ഹൗസ്‌'. അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനം. ലോകത്തിന്റെ ഗതിവിഗതികൾ ഈ കെട്ടിടത്തിനുള്ളിൽ തീരുമാനിക്കപ്പെടുന്നു. അമേരിക്കയുടെ എത്രയെത്ര പ്രസിഡൻഡുമാർക്ക്‌ താമസസൗകര്യം നൽകിയ മണിമന്ദിരമാണിത്‌.
'വൈറ്റ്‌ ഹൗസ്‌'എന്ന്‌ ഇപ്പോൾ അറിയപ്പെടുന്ന ഈ കെട്ടിടത്തിന്റെ ആദ്യരൂപം നിർമ്മിക്കപ്പെട്ടത്‌, ഇന്നേയ്ക്ക്‌ രണ്ടു നൂറ്റാണ്ടുമുമ്പ്‌ 1800-ലായിരുന്നു. ആ വർഷം നവംബർ മാസത്തിൽ, അന്നത്തെ പ്രസിഡന്റായ ജോൺ ആദംസ്‌ ആണ്‌ ഈ ഔദ്യോഗികവസതിയിൽ ആദ്യമായി താമസം ആരംഭിച്ചതു. അന്നും മൂന്നുനിലയുള്ള ഒരു കെട്ടിടമായിരുന്നു ഇത്‌. പിന്നീട്‌ വിവിധകാലങ്ങളിൽ ഈ മന്ദിരത്തിന്‌ പല രൂപമാറ്റങ്ങളും വരികയുണ്ടായി. ആദ്യകാല കെട്ടിടത്തിന്‌, അന്നത്തെ ശൈലിയിൽ മൂന്നാമത്തെനിലയ്ക്ക്‌ മുകളിൽ പുകക്കുഴലുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. അന്ന്‌ ഈ മണിമന്ദിരത്തിൽ ആകെ 62 മുറികളാണുണ്ടായിരുന്നത്‌. 1914-ൽ, കുപ്രസിദ്ധമായ '1912 ബ്രിട്ടീഷ്‌ യുദ്ധം' എന്നറിയപ്പെടുന്ന ഇംഗ്ലീഷ്‌ യുദ്ധത്തിൽ ഈ മന്ദിരം തീവച്ചു നശിപ്പിക്കപ്പെട്ടു. 1948നും 1952നും ഇടയ്ക്കാണ്‌ ഇപ്പോൾ കാണുന്ന പുതിയ ഈ കെട്ടിടം നിർമ്മിക്കപ്പെട്ടത്‌. അമേരിക്കയുടെ 43-​‍ാമത്തെ പ്രസിഡന്റായ ജോർജ്ജ്‌ വാക്കർ ബുഷ്‌ താമസിക്കുന്ന ഈ ആധുനിക മന്ദിരത്തിൽ ഇപ്പോൾ ആകെ 132 മുറികളുണ്ട്‌.
മങ്ങിയ വെള്ളച്ചായം പൂശിയ മനോഹരമായ ഈ മൂന്നുനില കെട്ടിടത്തിന്റെ രണ്ടു മേൽനിലകൾക്കും ഗ്രൗണ്ട്ഫ്ലോറിനേക്കാൾ ഉയരവും വലിപ്പവുമുണ്ട്‌. മുമ്പിൽ മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട്‌. മുൻവശത്തെ വിശാലമായ പുൽമുറ്റം കഴിഞ്ഞാൽ ഫെൻസിങ്ങും ഗേറ്റുമാണ്‌. സെക്യൂരിറ്റിക്കായി പട്ടാളക്കാരെയോ, കാവൽഭടന്മാരെയോ ഗേറ്റിനു പുറത്തുകണ്ടില്ല. വളരെ ശാന്തമായ അന്തരീക്ഷം.
വൈതൗസ്സിനു മുമ്പിലെ കമ്പിവേലിക്കും ഗേറ്റിനും പുറത്ത്‌, ഞങ്ങളൊരു വിചിത്രദൃശ്യം കണ്ടു. മുഖംമൂടി ധരിച്ച നാലുപേർ പ്ലക്കാർഡുകളുമായി നിൽക്കുന്നു. ഒരു പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായാണവർ നിൽക്കുന്നത്‌. മുദ്രാവാക്യങ്ങൾ വിളിച്ച്‌ അവർ അന്തരീക്ഷ മലിനീകരണം നടത്തുന്നില്ല. അവരുടെ കൈയ്യിലിരിക്കുന്ന ബോർഡുകളിൽ വിവിധ സന്ദേശങ്ങൾ എഴുതിയിട്ടുണ്ട്‌, രൂക്ഷഭാവമുള്ള ചില മുദ്രാവാക്യങ്ങൾ. അവർ, അമേരിക്കൻപ്രസിഡന്റ്‌ ജോർജ്ജ്‌ ബുഷിനെതിരായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ്‌, തങ്ങളുടെ കൈയ്യിലിരിക്കുന്ന ബോർഡുകളിൽ എഴുതിയ വാക്കുകളിലും വരികളിലും കൂടി. ഒരു ബോർഡിൽ കണ്ടതിതാണ്‌.
"Bush, A War Criminal- Impeach Bush' ബുഷ്‌ ഒരു യുദ്ധക്കുറ്റവാളിയാണ്‌, അയാളെ വിചാരണചെയ്യൂ' എന്ന്‌. ഞാൻ അടുത്തു ചെന്ന്‌ ആ പ്രതിഷേധപ്രകടനക്കാരോട്‌ സംസാരിക്കുകയും, പരിചയപ്പെടുകയും ചെയ്തു. അവരോടൊപ്പം നിന്ന്‌ ഞാൻ ഫോട്ടോയും എടുത്തു.
എന്തേ, ലോകത്തെ ഏറ്റവും വലിയ രാഷ്ട്രത്തിലെ അതിശക്തനായ പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധ പ്രകടനം നടത്തുന്നവരെ നീക്കാനോ, ഒഴിവാക്കാനോ അധികാരികളോ പോലീസോ ഒന്നും ശ്രമിക്കാത്തത്‌. അമേരിക്കൻ ജനാധിപത്യത്തിന്റെ മഹത്വമാണ്‌ നാമിവിടെ കാണുന്നത്‌.
ഇവിടെ നമ്മുടെനാട്ടിലോ? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്‌ നമ്മുടേത്‌. ഇവിടെ ഒരു വില്ലേജ്‌ ഓഫീസറുടെ ഓഫീസിനു മുമ്പിൽ പോലും പ്രതിഷേധപ്രകടനം നടത്തുന്ന വ്യക്തിയെയോ സംഘത്തിനെയോ പോലീസ്‌ എത്തി അറസ്റ്റ്‌ ചെയ്ത്‌ കേസെടുക്കുന്നു. പോലീസ്‌ അറസ്റ്റ്‌ ചെയ്തില്ലെങ്കിലുമുണ്ട്‌ സമരക്കാർക്ക്‌ പരാതി.
വളരെ മഹത്തായ ഒരു ജനാധിപത്യപാരമ്പര്യവും സംവിധാനവും ഇൻഡ്യയ്ക്കുണ്ട്‌. പൗരാവകാശങ്ങൾ വ്യക്തമായി നമ്മുടെ ഭരണഘടനയിൽ എഴുതിചേർക്കപ്പെട്ടിട്ടുമുണ്ട്‌. സാമാന്യജനങ്ങൾക്ക്‌ മൗലികമായ ഈ അവകാശങ്ങൾ അനുഭവിച്ച്‌ ജീവിക്കുവാൻ കഴിയാത്തവിധം നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾ ഓരോദിവസവും വിവിധ മേഖലകളിൽ ഓരോരോ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌. അഭിപ്രായ, സംഘടനാ, തൊഴിൽ, സഞ്ചാര, സ്വാതന്ത്ര്യങ്ങൾ നമ്മുടെ പൗരാവകാശങ്ങളിൽ ഉൾപ്പെടുന്നവയാണ്‌. ഇവ ഓരോന്നിനെയും തങ്ങൾക്കനുകൂലമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ച്‌ ജനാധിപത്യ സംവിധാനത്തെ ഒന്നാകെ അട്ടിമറിക്കുകയാണ്‌ നമ്മുടെ നാട്ടിലെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നത്‌. ഇതിനൊരു മാറ്റമുണ്ടാകാതെ ജനാധിപത്യത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കുവാൻ ഒരിക്കലും നമുക്കാവില്ല.
വൈറ്റ്‌ ഹൗസിനു മുമ്പിൽ കഴിഞ്ഞ 24 വർഷമായി കുടിൽകെട്ടി സമരം ചെയ്യുന്ന ഒരു സ്പാനിഷ്‌ വൃദ്ധയെ കണ്ടു. അവരുടെ പേര്‌ കോൺചിറ്റ (Conchita) എന്നാണ്‌. ലോകവ്യാപകമായ തീവ്രവാദപ്രവർത്തനങ്ങൾക്കെതിരെ ഒരു നിശബ്ദസമരം നടത്തുകയാണവർ, 1981- മുതൽ രണ്ടുപതിറ്റാണ്ടു കാലത്തിലധികമായി. ഞാനടുത്തു ചെന്നപ്പോൾ പ്രതിഷേധ പ്രകടനത്തിനായി അവർ പ്രദർശിപ്പിച്ചിരുന്ന നിരവധി ബോർഡുകളിൽ ഒന്ന്‌ എന്റെ കൈയ്യിൽ തന്നിട്ട്‌, ഫോട്ടോയ്ക്ക്‌ പോസ്‌ ചെയ്യുവാൻ നിർദ്ദേശിച്ചു, ഉടൻതന്നെ ഭാര്യ ക്യാമറ ക്ലിക്ക്‌ ചെയ്യുകയും ചെയ്തു.
എന്റെ കൈയ്യിൽ തന്ന ആ ബോർഡിൽ ബിൻലാദന്റെ വലിയൊരു ചിത്രവും അതിനു മേലെ "THE REAL TERRORIST'' (യഥാർത്ഥ തീവ്രവാദി) എന്നും എഴുതിയിട്ടുണ്ടായിരുന്നു. ഈ ഒറ്റയാൾ സമരം കണ്ടപ്പോൾ, വർഷങ്ങളായി സെക്രട്ടറിയേറ്റ്‌ പടിക്കൽ കുടിൽകെട്ടി സമരം ചെയ്യുന്ന ചില വ്യക്തികളെയും, സംഘടനകളെയുമാണ്‌ ഓർത്തത്‌
വാഷിങ്ങ്ടണിൽ ഹോട്ടൽ ഷെറട്ടൺ ക്രിസ്റ്റലിലായിരുന്നു താമസം. വളരെ മുന്തിയ ഒരു ഹോട്ടലായിരുന്നു ഷെറട്ടൺ.
നല്ലനിലവാരമുള്ള ടൂർ കമ്പനികളുടെ പാക്കേജ്ടൂർ ബുക്ക്‌ ചെയ്താൽ, താരതമ്യേന അൽപ്പം പൈസ കൂടുതലാവുമെങ്കിലും ഏറ്റവും സുരക്ഷിതമായ യാത്ര അവർ ഉറപ്പുതരുന്നു. ഏറ്റവും നല്ല ഹോട്ടലുകളിലാവും അവർ നമുക്കു താമസസൗകര്യം ഒരുക്കുക; സ്റ്റാർ ഹോട്ടലുകളിൽ. അത്തരം ഹോട്ടലുകളിലെ മുറിവാടകയും കൂടുതലാവും. ഇക്കുറി ഞങ്ങൾ താമസിച്ച ഹോട്ടലുകളിലെ മുറിവാടക ഒരു രാത്രിയ്ക്ക്‌ ശരാശരി 160 യു.എസ്സ്‌ ഡോളറായിരുന്നു, ദിവസം ഏകദേശം 7000/- രൂപ.
നാട്ടിലെ ഹോട്ടലുകളെ അപേക്ഷിച്ച്‌ ചില പ്രത്യേകതകളൊക്കെയുണ്ട്‌ പാശ്ചാത്യദേശങ്ങളിലെ പോഷ്‌ ഹോട്ടലുകൾക്ക്‌.
ഇ.സി.മുറികളാണെങ്കിലും, തണുപ്പു കാലത്ത്‌ ഉപയോഗിക്കുവാൻ ഹീറ്റർ സൗകര്യവും ഉണ്ടാകും. ടെലിഫോൺ, ടി.വി, ഫ്രിഡ്ജ്‌, മിനിബാർ, കമ്പ്യൂട്ടർ, ഇന്റർനെറ്റ്‌ കണക്ഷൻ, തുടങ്ങിയ സൗകര്യങ്ങൾ മുറികളിലുണ്ടാവും. ഫ്രിഡ്ജിനുള്ളിൽ സോഫ്റ്റ്‌ ഡ്രിങ്കുകളും, മിനറൽ വാട്ടർ, സോഡ എന്നിവയും ചില മദ്യങ്ങളും സ്നാക്സും ഒക്കെ വച്ചിട്ടുണ്ടാവും. മുറിയിൽ താമസിക്കുന്നവർക്ക്‌ സൗകര്യപ്രദമായി എടുത്തു കഴിക്കാനാണിത്‌; എടുക്കുന്ന ഓരോ വസ്തുവിനും ബിൽ ചെയ്യപ്പെടും. വിലവിവരപ്പട്ടിക മുറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്‌.
രാവിലത്തെ ബെഡ്കോഫി (ചായയാണ്‌) എനിക്കും ഭാര്യയ്ക്കും നിർബന്ധമാണ്‌. ചായ, ർറൂമിൽ ഓർഡർ നൽകി വരുത്താം, പക്ഷേ മോശമല്ലാത്ത ബിൽ വരും. താമസത്തിനിടെ രാവിലെ ബ്രേക്ക്‌ ഫാസ്റ്റ്‌ മാത്രമാണ്‌ ഫ്രീ. എക്സ്ട്രാവരുത്തുന്ന വസ്തുക്കൾക്ക്‌ നാം പ്രത്യേക വില നൽകേണ്ടിവരും. ർറൂമിൽ വരുത്തുന്ന വെറും ചായയ്ക്ക്‌ 5 മുതൽ 7 ഡോളർ വരെയാണ്‌ ബിൽചെയ്യപ്പെടുക; ഏകദേശം 200 മുതൽ 300 രൂപ വരെ. ഇനി പുറത്തുനിന്നും യാത്രയ്ക്കിടെ ഏതെങ്കിലും ടീസ്റ്റാളിൽ നിന്നായാൽപ്പോലും മൂന്നു ഡോളർ കൊടുക്കണം ഒരു കപ്പ്‌ ചായയ്ക്ക്‌. വിലയല്ല പ്രധാനപ്രശ്നം, ഒരു കാപ്പിൽ അൽപ്പം തിളച്ചവെള്ളവും, ഒരു ടീബാഗും (നാട്ടിൽ രണ്ടു രൂപ വിലയുള്ളത്‌) ചെറിയ ഒരു പായ്ക്കറ്റ്‌ കൃത്രിമപ്പാലും, ലേശം പഞ്ചസാരയും തരും; നാം കൂട്ടിക്കലർത്തി കഴിക്കണം. എത്ര മിക്സ്‌ ചെയ്യാൻ ശ്രമിച്ചാലും നാട്ടിലെ ചായയുടെ കടുപ്പമോ രുചിയോ ഉണ്ടാവില്ല, വില മാത്രമാണ്‌ കടുപ്പമുള്ളത്‌, ഒരു കപ്പ്‌ ചായയ്ക്ക്‌ 140 രൂപ.
ഈ അമേരിക്കൻ യാത്രയ്ക്ക്‌ വേണ്ടി, ദുബായിൽ നിന്നും വാങ്ങിവച്ചിരുന്ന ഒരു കോഫിമേക്കർ (ഇലക്ട്രിക്‌ കെറ്റൽ) കൂടെ കരുതിയിരുന്നു. അത്‌ നാട്ടിലെ 230 വോൾട്ടിലും, അമേരിക്കയിലെ 110-ലും പ്രവർത്തിക്കും.
പക്ഷേ, ആ കോഫിമേക്കർ ഒരിക്കൽ പോലും ഉപയോഗിക്കേണ്ടി വന്നില്ല. ഞങ്ങൾ താമസിച്ച എല്ലാ ഹോട്ടൽ മുറികളിലും ഉണ്ടായിരുന്നു ഈ യന്ത്രം. ഒപ്പം തേയിലയും, കാപ്പിപ്പൊടിയും, പാലും, പഞ്ചസാരയുമൊക്കെ സൗജന്യമായി മുറിയിൽ വച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ യഥേഷ്ടം ചായ ഉണ്ടാക്കിക്കുടിച്ചു.
ഓരോ ദിവസവും ർറൂം വിട്ട്‌ രാവിലെ കാഴ്ചകൾ കാണാൻ പോയി തിരികെയെത്തുമ്പോൾ മുറിയെല്ലാം തുടച്ച്‌ വൃത്തിയാക്കി, ബെഡ്ഡിൽ പുതിയ ഷീറ്റും വിരിച്ച്‌, ബാത്ത്‌ർറൂമിൽ പുതിയ ടവ്വലും, സോപ്പും, ഷാമ്പൂവും വച്ച്‌, കോഫീമേഷീനുവേണ്ട തേയിലയുമൊക്കെ തയ്യാറാക്കിവച്ചിട്ടുണ്ടാവും. വളരെ വിശ്വസ്തരായ ഹോട്ടൽ പരിചാരകർ തങ്ങളുടെ പക്കലുള്ള ഡ്യൂപ്ലിക്കേറ്റ്‌ താക്കോൽ ഉപയോഗിച്ച്‌ മുറിതുറന്നാണ്‌ ഇതൊക്കെ ചെയ്യുന്നത്‌. പൈസയും, പാസ്പോർട്ടും, വിലപിടിപ്പുള്ള മറ്റു വസ്തുക്കളും വേണമെങ്കിൽ പൂട്ടിവയ്ക്കാൻ, കംപ്യൂട്ടർ സംവിധാനത്തിൽ ലോക്ക്‌ ചെയ്യാവുന്ന സേഫ്റ്റി ലോക്കറുകൾ ഓരോ മുറിയിലുമുണ്ട്‌. പൂട്ടിവച്ചില്ലെങ്കിൽപ്പോലും ഒന്നും നഷ്ടപ്പെടില്ല.
നമ്മുടെ അസാന്നിദ്ധ്യത്തിൽ ചെയ്യപ്പെടുന്ന ഈ സർവ്വീസ്‌ അല്ലാതെ, നാട്ടിലെ ഹോട്ടലുകളിലെ പോലെ ർറൂംബോയ്സ്‌ മുറികൾക്കരികിൽ കറങ്ങി നടക്കില്ല. എന്ത്‌ ആവശ്യത്തിനും ഫോൺ ചെയ്താലുടൻ ബന്ധപ്പെട്ട ആൾക്കാർ എത്തിക്കൊള്ളും.
റൂംബോയ്‌ അല്ല, 'ബെൽബോയ്‌' എന്നാണ്‌ പാശ്ചാത്യദേശങ്ങളിൽ ഈ പരിചാരകരെ വിളിക്കുന്നത്‌.
മൂന്നുരാത്രികൾ അമേരിക്കയിൽ പിന്നിട്ടിരിക്കുന്നു. നാലാം ദിവസത്തെ പരിപാടി, ലോകത്തെ ഏറ്റവും വലിയ ജലപാതമായ നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോകലാണ്‌.
നയാഗ്ര അമേരിക്കയുടെ വടക്കേയറ്റത്താണ്‌, കാനഡയുടെ അതിർത്തിയിൽ. ഞങ്ങളിപ്പോൾ താമസിക്കുന്ന വാഷിങ്ങ്ടണിൽ നിന്ന്‌ കുറെ അകലെ. അവിടേയ്ക്ക്‌ ഫ്ലൈറ്റിലാണ്‌ പോകേണ്ടത്‌.
പാക്കേജ്‌ ടൂറിന്റെ ഭാഗമായി രാജ്യങ്ങൾ സന്ദർശിക്കാനുള്ള പാശ്ചാത്യ ദേശങ്ങളിലേയ്ക്കുള്ള യാത്രകൾക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. ടൂർകമ്പനിക്കാർ ചെറിയ ദൂരമൊക്കെ താണ്ടുന്നത്‌ ഇ.സി.കോച്ചുകളിലാണ്‌, ബസ്സുകളിൽ. കൂടുതൽ ദൂരമുള്ള സ്ഥലങ്ങൾ വിമാനത്തിലും. ഇത്തരം അന്തർദ്ദേശീയ ട്രിപ്പുകളിൽ, ഏറെ ആഭ്യന്തര വിമാനയാത്രകൾ വേണ്ടിവരുന്ന രാജ്യങ്ങളിൽ, അമേരിക്കയും ചൈനയും ഉൾപ്പെടുന്നു. ഈ രണ്ടുരാജ്യങ്ങളുടെയും വിസ്തൃതി കാരണമാണത്‌. ഇൻഡ്യയുടെ അവസ്ഥയും ഏകദേശം ഇതുതന്നെ. കോവളത്തുവരുന്ന ഒരു വിദേശസഞ്ചാരിക്ക്‌ ഗോവയിലോ, ചെന്നൈയിലോ, ബോംബെയിലോ, ആഗ്രയിലോ ചെന്നത്തണമെന്നിരിക്കട്ടെ, ഇവിടെയും ഇൻഡ്യൻ എയർലൈൻസോ മറ്റേതെങ്കിലും ആഭ്യന്തര സർവ്വീസോ ആയിരിക്കും ശരണം.
എന്നാൽ യൂറോപ്പിന്റെ സ്ഥിതി വ്യത്യസ്തമാണ്‌. ഞങ്ങളുടെ കഴിഞ്ഞ യൂറോപ്പ്‌ ട്രിപ്പിൽ 10 രാജ്യങ്ങൾ കറങ്ങി നടന്നു കണ്ടത്‌ ഒരു ബസ്സിലായിരുന്നു. താരതമ്യേന ചെറിയ രാജ്യങ്ങളാണ്‌ യൂറോപ്പിലുള്ളത്‌. ഞങ്ങളന്ന്‌, ഇൻഡ്യയിൽ നിന്നും നേരിട്ട്‌ ജർമ്മനിയിലെ മ്യൂണിക്കിലെത്തി, ആസ്ട്രിയ, സ്വിറ്റ്സർലന്റ്‌, ഇറ്റലി, ഹോളണ്ട്‌, ബെൽജിയം, ഫ്രാൻസ്‌ തുടങ്ങിയ രാജ്യങ്ങൾ പിന്നിട്ട്‌ ലണ്ടനിൽ യാത്ര അവസാനിപ്പിച്ചപ്പോഴേയ്ക്കും ഈ വിവിധരാജ്യങ്ങളിലൂടെ 7800 കി.മീറ്റർ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ആ യാത്ര മുഴുവൻ ഇ.സി കോച്ചുകളിലായിരുന്നു.
അമേരിക്കയിലെ സ്ഥിതി തികച്ചും വ്യത്യസ്തം. ഇവിടെ, ചില സ്റ്റേറ്റുകൾ തമ്മിലുള്ള പരസ്പരദൂരം തന്നെ ആയിരക്കണക്കിനു കിലോ മീറ്ററാവും. അമേരിക്കയുടെ ആകെ വിസ്തീർണ്ണം 94 ലക്ഷം ചതുരശ്ര കിലോമീറ്ററാണ്‌. ഇൻഡ്യയുടെ വിസ്തീർണ്ണം അതിന്റെ മൂന്നിലൊന്നേ വരൂ, കേവലം 32 ലക്ഷം ച.കിലോമീറ്റർ. ഇത്ര വിസ്തൃതമായ ഭൂവിഭാഗമായിട്ടും അമേരിക്കയിലെ ജനസംഖ്യ, ഇൻഡ്യയുടേതിന്റെ മൂന്നിലൊന്നിൽ താഴെയാണ്‌, 29 കോടി. ഇൻഡ്യയിലത്‌ 100 കോടിയിലധികമാണ്‌.
വാഷിങ്ങ്ടണിൽ നിന്ന്‌ നയാഗ്രയ്ക്ക്‌ പോകാൻ ഞങ്ങൾക്ക്‌ ഇറങ്ങേണ്ട ഏറ്റവും അടുത്ത എയർപോർട്ട്‌ ബഫല്ലോയിലാണ്‌. അവിടേയ്ക്ക്‌ 500 കി.മീറ്റർ ദൂരമുണ്ട്‌.
യു.എസ്സ്‌. എയർലൈൻസ്‌, അമേരിക്കയുടെ ആഭ്യന്തര വിമാനസർവ്വീസ്‌ ആണ്‌. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളെയും യു.എസ്സ്‌.എയർലൈൻസ്‌ പരസ്പരം ബന്ധിപ്പിക്കുന്നു.
ഏകദേശം ഒരേ വലിപ്പമുള്ള, 150 പേർക്ക്‌ സഞ്ചരിക്കാവുന്ന ഈ ചെറിയ വിമാനങ്ങളിലൊന്നിൽ ഞങ്ങൾ ബഫല്ലോയിൽ ഇറങ്ങി. ഇവിടെ നിന്നും ഇനിയും കുറേ ദൂരം ഉണ്ട്‌ നയാഗ്രയ്ക്ക്‌. ബസ്സിലാണ്‌ ഞങ്ങൾ നയാഗ്രയിലെത്തിയത്‌.
നയാഗ്രയിലെ വെള്ളച്ചാട്ടത്തിനരികിൽ ചെന്നപ്പോൾ ശരിക്കും അത്ഭുതസ്തബ്ധരായിപ്പോയി. വെള്ളച്ചാട്ടത്തിന്റെ വന്യവും അതേ സമയം മനോഹരവുമായ ഇത്തരമൊരു കാഴ്ച മറ്റെങ്ങും ഇല്ലതന്നെ. ലോകത്തെ ഏറ്റവും വലിയ ജലപാതമാണിത്‌. ലക്ഷക്കണക്കിന്‌ ക്യുബിക്‌ മീറ്റർ ജലം ഇടമുറിയാതെ കാലാകാലമായി ഒഴുകിവീണുകൊണ്ടിരിക്കുന്നു. വളരെ ഉയരത്തിൽ നിന്നും ആഴത്തിലേയ്ക്ക്‌ വീണു ചിതറുന്ന അതിസൂക്ഷ്മമായ ജലകണികകൾ മൂടൽമഞ്ഞുപോലെ, പുകപോലെ അന്തരീക്ഷത്തിൽ പടർന്നുനിൽക്കുന്ന കാഴ്ച അവിസ്മരണീയം തന്നെ. ഈ പുകമഞ്ഞിൽ സൂര്യപ്രകാശം തട്ടുമ്പോഴുള്ള വർണ്ണാർഭമായ മഴവിൽക്കാഴ്ചയും അത്യന്തം മനോഹരം.
ഞങ്ങൾ ഈ യു.എസ്സ്‌ യാത്ര നിശ്ചയിച്ചതു അമേരിക്കയിലെ ഏറ്റവും തണുപ്പുകുറഞ്ഞ ഒരു സമയം കണക്കാക്കിയാണ്‌. ജൂൺജൂലൈ മാസങ്ങളാണ്‌ അമേരിക്കയിലെ ഏറ്റവും വലിയ ടൂറിസ്റ്റ്‌ സീസൺ. ആ സമയം നാട്ടിൽ മഴക്കാലവുമാണ്‌. ഇപ്പോൾ, ഈ ജൂൺ മാസത്തിൽ, ന്യൂയോർക്കിലെ കുറഞ്ഞ ചൂട്‌ 19-ം കൂടിയത്‌ 280 സെൽഷ്യസുമാണ്‌; ഏകദേശം കേരളത്തിലെ കാലാവസ്ഥ. എന്നാൽ, പടിഞ്ഞാറോട്ടു പോകുംതോറും അമേരിക്കയിൽ ചൂട്‌ വർദ്ധിക്കുന്നു. ന്യൂയോർക്കിൽ നിന്ന്‌ 4000 കിലോമീറ്റർ പടിഞ്ഞാറുള്ള ലാസ്‌വേഗാസിലെ ഇപ്പോഴത്തെ ചൂട്‌ 40 ഡിഗ്രിക്ക്‌ മേലെയാണ്‌. നവംബർ മുതൽ അമേരിക്കയിൽ വിന്റർ തുടങ്ങുന്നു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തണുപ്പ്‌ വളരെ കൂടുതലാണ്‌. ശരിക്ക്‌ യാത്രക്ക്‌ പറ്റിയ സമയം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള 6 മാസക്കാലമാണ്‌.
ഞങ്ങൾ ബഫല്ലോയിലെത്തിയപ്പോൾ പുറത്ത്‌ ചെറിയ ചൂടുണ്ടായിരുന്നു. എന്നാൽ, നയാഗ്രയിലെ ജലപാതത്തിനരികിലെത്തിയ ഞങ്ങൾക്ക്‌, അന്തരീക്ഷത്തിൽ പടർന്ന നേർത്ത ജലകണങ്ങൾ സുഖകരമായ തണുപ്പിന്റെ ഒരാവരണം ഒരുക്കിത്തന്നു. പ്രകൃതിദത്തമായ ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു, നയാഗ്ര. പതിനായിരക്കണക്കിന്‌ ആൾക്കാർ നിത്യവും ഇവിടെ എത്തിച്ചേരുന്നു. നിരവധി സ്റ്റാർ ഹോട്ടലുകൾ ഇവിടെയുണ്ട്‌, ഒക്കെയും ബഹുനില മന്ദിരങ്ങൾ
ഈ ജലധോരണി എത്ര സമയം കണ്ടുനിന്നാലും മതിയാവില്ല.
ഇവിടെയും ഞങ്ങൾക്ക്‌ ഒരു പരിപാടി ഒരുക്കിയിരുന്നു. അൽപ്പം സാഹസികവുമാണത്‌.' "MAID OF MIST RAID' എന്നാണ്‌ പരിപാടിയുടെ പേര്‌. വലിയൊരു മോട്ടോർ ബോട്ടിൽ നമ്മെ, ഈ തടാകത്തിലൂടെ ജലപാതത്തിന്‌ തൊട്ടരികിൽവരെ കൊണ്ടുപോയി മടങ്ങുക.
നാമിപ്പോൾ നിൽക്കുന്നത്‌ മേൽത്തട്ടിലാണ്‌. തടാകനിരപ്പ്‌ വളരെ താഴെയാണ്‌, ചുരുങ്ങിയത്‌ 60-70 അടി താഴെ. ഒരു ലിഫ്റ്റിലൂടെ നമ്മെ താഴെ തടാകപ്പരപ്പിനടുത്തെത്തിക്കും. അവിടെനിന്നും ബോട്ടിൽ കയറാം. രണ്ടുനിലകളുള്ള ഈ ബോട്ടിൽ, നനയാൻ ഇഷ്ടമില്ലാത്തവർക്ക്‌ മേലാപ്പുള്ള താഴത്തെ നിലയിലിരിക്കാം. ഓരോർത്തർക്കും നീലനിറത്തിലുള്ള ഓരോ മുഴുനീള പ്ലാസ്റ്റിക്‌ ജാക്കറ്റ്‌ സൗജന്യമായി നൽകപ്പെടുന്നു. തലമുതൽ മൂടിപ്പുതച്ചിടാവുന്ന ഒരാവരണം. ഇതു ധരിച്ചുവേണം ബോട്ടിലിരിക്കാൻ.
ഞങ്ങൾ തിടുക്കത്തിൽ ബോട്ടിന്റെ മുകൾത്തട്ടിലേയ്ക്ക്‌ ഓടിക്കയറി. നനയാൻ വയ്യെന്ന്‌ ഭാര്യ പറഞ്ഞിട്ടും ഞാനവളെ നിർബന്ധപൂർവ്വം മുകളിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ബോട്ട്‌ നീങ്ങിത്തുടങ്ങി. ദൂരെ വെള്ളച്ചാട്ടം വ്യക്തമായി കാണാം. അത്‌ തൊട്ടടുത്താണെന്നേ നമുക്ക്‌ തോന്നൂ, എന്നാൽ വളരെ ദൂരമുണ്ടവിടേയ്ക്ക്‌. ബോട്ടിന്റെ എഞ്ചിൻ മുരളുന്നതിനേക്കാൾ ഉച്ചത്തിൽ വെള്ളച്ചാട്ടത്തിന്റെ മുഴങ്ങുന്ന ശബ്ദം ഉയർന്ന്‌ കേൾക്കാം. വളരെ ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളം ശക്തിയായി ഒഴുകി, സുനാമി തിരകളെ പോലെ എതിരേ വരുന്നുണ്ട്‌. വളരെ പാടുപെട്ടാണ്‌ തിരകളുടെ ഈ ശക്തിയെ അതിജീവിച്ച്‌ ബോട്ട്‌ മുന്നോട്ട്‌ നീങ്ങുന്നത്‌. വളരെ ഉയർന്ന എഞ്ചിൻ ശക്തിയുള്ള ബോട്ട്‌, വെള്ളത്തിന്റെ ഒഴുക്കിനെതിരേ ഇഞ്ചിഞ്ചായി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ഒടുവിലിതാ ജലപാതം കൈയ്യെത്തും ദൂരത്തായിക്കഴിഞ്ഞു. ആർക്കും വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ, നേരേ കീഴിൽ നിൽക്കാനാവില്ല. അരികിൽ നിൽക്കുമ്പോൾ തെന്നി വീഴുന്ന ജലകണികകൾക്ക്പോലും വലിയ ശക്തിയുണ്ട്‌. അവ പളുങ്കുഗോലികൾ പോലെ നമ്മുടെ മേലേയ്ക്ക്‌ തെറിച്ചു വീഴുന്നു. സന്തോഷം കൊണ്ട്‌ എല്ലാവരും ആർത്തുവിളിച്ചു. നല്ല സന്തോഷത്തിലാണ്‌ എല്ലാവരും. തലവഴി മൂടിക്കെട്ടിയ നീല പ്ലാസ്റ്റിക്‌ കുപ്പായം ധരിച്ചവർ പരസ്പരം നോക്കി, ആ ആവരണത്തിനുള്ളിലകപ്പെട്ടപ്പോഴുള്ള വൈചിത്ര്യം കണ്ടുരസിച്ചു. നിർഭാഗ്യം, ആർക്കും ഇത്രയരികിൽ നിന്ന്‌ ജലപാതത്തിന്റെ ഭംഗി ക്യാമറയിൽ പകർത്താൻ കഴിയുന്നില്ല. ക്യാമറകളും വീഡിയോകളുമൊക്കെ മഴക്കോട്ടിനടിയിൽ ഒതുക്കേണ്ടിവന്നു.
പുറത്ത്‌ വെയിൽനാളങ്ങൾ നൃത്തം വയ്ക്കുമ്പോഴും, ഞങ്ങൾക്ക്‌ കുളിരേകിക്കൊണ്ട്‌ ജലപാതത്തെ തഴുകിവരുന്ന കാറ്റ്‌, സുഖകരമായ ആശ്വാസം പകർന്നുതന്നുകൊണ്ടേയിരുന്നു.
ജീവിതത്തിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരനുഭവമായിരുന്നു ഈ ബോട്ട്‌യാത്ര. തിരകളുടെ ശക്തിയെ അതിജീവിച്ച്‌ ദീർഘശ്വാസം വലിച്ച്‌, മുരണ്ട്‌ മുരണ്ട്‌ ഞങ്ങളുടെ ബോട്ട്‌ ജലപാതത്തെ തൊട്ടുതൊട്ടില്ല എന്ന നിലവരെയെത്തിയപ്പോൾ, ഭാര്യ എന്റെ കൈയ്യിൽ അമർത്തിപ്പിടിച്ചുനിന്നു.
ഈ ജലസവാരികഴിഞ്ഞു മടങ്ങിയെത്താൻ ഏകദേശം രണ്ടുമണിക്കൂറെടുത്തു. തിരികെ കടവിലെത്തിയപ്പോൾ, ആകാംക്ഷാപൂർവ്വം ബോട്ടിൽ കയറാൻ കാത്തുനിൽക്കുന്ന അടുത്ത ടീം വലിയൊരു ജനക്കൂട്ടം പോലെ ചിതറിനിൽക്കുന്നുണ്ടായിരുന്നു.
സമയമില്ല, മാത്രമല്ല ഒരു ഗ്രൂപ്പിന്റെ ഭാഗമായല്ലേ ഞങ്ങൾ എത്തിയിരിക്കുന്നതും, അല്ലെങ്കിൽ ഒരിക്കൽകൂടി ഈ ജലസവാരിക്ക്‌ പോകാൻ ഞാൻ ഒരുങ്ങിയേനെ.
നനഞ്ഞ വസ്ത്രങ്ങളോടെ ഞങ്ങൾ ഹോട്ടലിലേയ്ക്ക്‌ മടങ്ങി. "HOTEL HOLIDAY INN' ലായിരുന്നു താമസം. ഇനി സന്ധ്യവരെ വിശ്രമം. ഞങ്ങളുടെ ഹോട്ടൽ, വെള്ളച്ചാട്ടത്തിനു വിളിപ്പാടകലെയാണ്‌, വേണമെങ്കിൽ വീണ്ടും അവിടെപ്പോകേണ്ടവർക്ക്‌ സ്വന്തമായി പോയി വരാമെന്ന്‌ ആഷിക്‌ നിർദ്ദേശിച്ചു. എന്നാൽ, സന്ധ്യയ്ക്ക്‌ 8 മണിക്ക്‌ (എട്ടര മണിക്കാണ്‌ അമേരിക്കയിൽ സൂര്യാസ്തമനം) എല്ലാവരും തയ്യാറായി നിൽക്കണം, വെള്ളച്ചാട്ടം രാത്രിസമയത്ത്‌ കാണാൻ പോകാൻ.
ഭാഗ്യത്തിന്‌, അന്ന്‌ ഞായറാഴ്ചയായിരുന്നു. എല്ലാ ഞായറാഴ്ചകളിലും രാത്രി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു വാട്ടർ ഫൗണ്ടനും, ലേയ്സർ ദീപക്കാഴ്ചയും, വെളിച്ചത്തിന്റെ വർണ്ണലോകം വിരിയിച്ചുകൊണ്ട്‌ ഒരു കരിമരുന്ന്‌ പ്രയോഗവുമുണ്ട്‌. അതു കാണേണ്ട കാഴ്ചതന്നെയാണത്രേ. തണുപ്പുണ്ടാവും, സ്വെറ്ററും കരുതണം, ആഷിക്‌ സൊ‍ാചന തന്നു.
8.5 മണിയോടെ, സന്ദർശകർക്ക്‌ വെള്ളച്ചാട്ടവും ദീപക്കാഴ്ചയും വ്യക്തമായി കാണാൻ പാകത്തിൽ കെട്ടിയൊരുക്കിയിരുന്ന വിശാലമായ ഒരു ബേസിനരികെ ഞങ്ങളെത്തി. ഒരു വലിയ ജനക്കൂട്ടം ഇതിനകം അവിടെ തമ്പടിച്ചിരുന്നു. പലരും വീഡിയോ ക്യാമറകൾ സ്റ്റാന്റുകളിലുറപ്പിച്ച്‌, ലേയ്സർ ദീപക്കാഴ്ചയും വിവിധ വർണ്ണങ്ങളുടെ നിഴലിൽ പ്രവർത്തിക്കുന്ന ജലഫൗണ്ടനും, അതുകഴിഞ്ഞ്‌ കൃത്യം 9 മണിക്കുള്ള കരിമരുന്ന്‌ പ്രയോഗവും ചിത്രീകരിക്കാൻ കാത്തുനിൽക്കുന്നു.
മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു ജലധാരകളുടേത്‌. വിവിധ വർണ്ണവെളിച്ചങ്ങളുടെ പശ്ചാത്തലത്തിൽ വളഞ്ഞും പുളഞ്ഞും നൃത്തം വയ്ക്കുന്ന ജലധാരകൾ.
എല്ലാവരും വീർപ്പടക്കി കാത്തിരുന്നത്‌ 9 മണിയാവാനാണ്‌. കൃത്യസമത്ത്തന്നെ കരിമരുന്ന്‌ പ്രയോഗം ആരംഭിച്ചു.
ഹാ! എന്തുഭംഗിയാണ്‌ ആ ദീപക്കാഴ്ചയ്ക്ക്‌. എന്തെന്തു നിറങ്ങളിലാണ്‌ അഗ്നിസ്ഫുലിംഗങ്ങൾ ഇരുൾമൂടിയ അന്തരീക്ഷത്തിൽ ചിന്നിച്ചിതറുന്നത്‌. വെളിച്ചത്തിന്റെ ഒരു മാസ്മര ലോകം. ഒരു ഭൂഗോളത്തിന്റെ വലിപ്പത്തിൽ കുടവിടർത്തി താഴേയ്ക്ക്‌ പതിക്കുന്ന പ്രകാശക്കുമിളകൾ.
തൃശ്ശൂർ പൂരത്തിനാണല്ലോ നമ്മുടെ നാട്ടിൽ ഏറ്റവും വലിയ വെടിക്കെട്ടും കരിമരുന്ന്‌ പ്രയോഗവും. അതും മണിക്കൂറുകൾ തന്നെ നീളുന്ന കരിമരുന്ന്‌ പ്രയോഗം. എന്നാലിവിടെയോ, കേവലം അരമണിക്കൂർകൊണ്ട്‌ ലോകത്തുള്ള മറ്റെല്ലാ കരിമരുന്ന്‌ പ്രയോഗങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട്‌ വർണ്ണരാജികളുടെ അത്ഭുതകരമായ ഒരരങ്ങേറ്റം. ചില രംഗങ്ങൾ മാത്രം ഞാൻ ക്യാമറയിൽ പകർത്തി.
9.30- ന്‌ ഈ പരിപാടിക്ക്‌ തിരശ്ശീലവീണപ്പോൾ മനസ്സിലുണ്ടായ നഷ്ടബോധത്തിന്റെ ആഴം അളക്കാനാവില്ല.
നല്ല തണുപ്പുണ്ടായിരുന്നു, സ്വെറ്ററെടുത്തത്‌ നന്നായി; ഹോട്ടലിലേയ്ക്ക്‌ മടങ്ങി.
phone: 9895180442

Saturday, January 2, 2010

പക്ഷിയുടെ ദുഃഖം

a q mehdi


അതൊരു ഞായറാഴ്‌ച്ചയായിരുന്നു.ഒരു ബിസ്സിനസ്സുകാരനായ എനിക്ക്‌ ഒരു വാരാന്ത്യത്തിൽ ലഭിക്കാവുന്ന ഏക ഒഴിവുദിനം. വീണുകിട്ടിയ ഒരു ചെറിയ വിശ്രമദിനത്തിന്റെ നേർത്ത ലഹരിയിലായിരുന്നു ഞാനന്ന്‌. രാവിലെ വ്യാപാരശാലയിലേക്കു പോകുവാൻ അത്ര തിടുക്കം വേണ്ട. പ്രഭാതഭക്ഷണത്തിന്‌ എന്നുമുള്ളതുപോലെ കാര്യമായ സമയനിഷ്ഠ പാലിക്കേണ്ടതുമില്ല. സൗകര്യവും സാവകാശവും കൈകോർക്കുമ്പോള്‍ ലഭ്യമാകുന്ന ആശ്വാസഭാവത്തിൽ സ്വയം ലയിച്ച്‌ ,ഞായറാഴ്‌ചയിലെ ഈ ശിഷ്ടസമയം വായനക്കും അൽപ്പം ടി.വി.കാണലിനുമായി മാറ്റിവെക്കാൻ ഞാനൊരുങ്ങി.

രാവിലത്തെ ദിനപ്പത്രവുമായാണ്‌ പുറത്തു കോലായിൽ വന്നിരുന്നത്‌. പത്രക്കടലാസ്സിലെ അപൂർവ്വവാർത്ത ശകലങ്ങളിലൂടെ ഒരു സഞ്ചാരം നടത്തുന്നതിന്നിടയിലാണ്‌ ,സിറ്റൗട്ടിന്റെ ചെറിയ അരിയോടുകൾ പാകിയ മച്ചിലെ മരപ്പടികൾക്കൊന്നിനിടയിൽ ആ ചെറിയ പക്ഷിക്കൂടു കണ്ടത്‌.ചകിരി നാരുകളും നേർത്ത വൈക്കോൽത്തരികളും കൊണ്ട്‌ നിർമ്മിച്ചതായിരുന്നു ആ കിളിക്കൂട്‌. ഏതൊ ചെറുപക്ഷിയുടെ കൂട്‌. ഒരാഴ്‌ച്ച മുമ്പുവരെ അതവിടെ ഉണ്ടായിരുന്നില്ലല്ലോ എന്നും ഞാനോർത്തു.

വാർണ്ണീഷ്‌ തേച്ച്‌ മിനുസപ്പെടുത്തിയ മരപ്പടികൾക്കിടയിലെ ആ പക്ഷിക്കൂട്‌ ചെറിയ തരത്തിലാണെങ്കിൽപ്പോലും അവിടെ അഭംഗിയുടെ ഒരു വിത്തു വിതച്ചതു ഞാനറിഞ്ഞു.
പുലർക്കാലവെയിലിന്റെ നനുനനുത്ത വെളിച്ചം കോലായിൽ പടർന്നുകയറിയപ്പോൾ ,പത്രത്താളിൽ നിന്നും മെല്ലെ മുഖമുയർത്തി വീണ്ടും ആ പക്ഷിക്കൂടും നോക്കി അലസഭാവത്തിൽ ഞാനിരുന്നു. എനിക്കു തൊട്ടുപിന്നിൽ ,അവൾ, അഫ്‌റീൻ മോൾ വന്നു നിന്നത്‌ ഞാനറിഞ്ഞില്ല.
അഫ്‌റീൻ അവൾ, എന്റെ ഒരേയൊരു മകളുടെ ആദ്യപെൺതരിയാണ്‌. അതിസാമർത്ഥ്യമുള്ള ഒരു കുസൃതിക്കുരുന്ന്‌. ഒരു വായാടിപ്പെണ്ണാണ്‌ അവളെന്നതു മാത്രമാണ്‌ അഫ്രീനെപ്പറ്റി പൊതുവേയു പരാതി. ഒരിക്കലും ആ കുഞ്ഞുനാവ്‌ അടങ്ങിയിരിക്കില്ല. എപ്പോഴും ചിലച്ചുകൊണ്ടേയിരിക്കും.
അഫ്‌റീനും ആ പക്ഷിക്കൂട്‌ ശ്രദ്ധിച്ചു നിൽക്കുകയാണെന്ന്‌ ഞാൻ മനസ്സിലാക്കി. ഇതിനിടയ്ക്കാണ്‌ ചെറിയൊരു കുഞ്ഞാറ്റക്കുരുവി പറന്നുവന്ന്‌ ആ പുൽക്കൂടിനുള്ളിലേക്ക്‌ കയറിപ്പോയത്‌.അവൾ, അഫ്‌റീൻ തന്റെ കുഞ്ഞിവിരലുകൾക്കൊണ്ട്‌ എന്റെ മേൽ മെല്ലെയൊന്നുരസി എന്തോ പറയാനുണ്ടെന്ന സൂചന കാട്ടി. ദൈവമേ, ഇനി ചോദ്യങ്ങളുടെ ഒരനന്ത പ്രവാഹം തന്നെ അവളിൽനിന്നുണ്ടായേക്കാം.

രണ്ടാം ക്ലാസ്സിൽ നിന്നും റാങ്കോടെ സ്ഥാനക്കയറ്റം വാങ്ങി മൂന്നിൽ ഉപരിപഠനം നടത്തുന്ന അവൾ ,മിക്ക സമയവും സംശയങ്ങളുടേയും ചോദ്യങ്ങളുടേയും ഓരോ കുഞ്ഞുകൂടയുമായിട്ടായിരുന്നു എന്റെയരികിൽ വന്നിരുന്നത്‌. പലപ്പോഴും അവൾ കെട്ടഴിക്കുന്ന കുരുന്നു ചോദ്യങ്ങളിലെ കുസൃതിഭാവം എന്നെ
വിഷമിപ്പിച്ചിരുന്നു. തീരെ ഉത്തരം മുട്ടുമ്പോള്‍ മാത്രം തെല്ലൊരക്ഷമ കാട്ടി ഞാനവളെ പിന്‍‌തിരിപ്പിക്കാൻ ശ്രമിക്കയുമാണ്‌ ചെയ്‌തിരുന്നത്‌. അപ്പോഴൊക്കെ അവളുടെ ഉമ്മയായ എന്റെ മകളാണ്‌ എനിക്കു തുണയായി എത്തുക. ഉമ്മയും, മകളും കലപില പറഞ്ഞ്‌ അകത്തളത്തിലേക്ക്‌ നീങ്ങുമ്പോൾ ഞാൻ ആശ്വാസപൂർവ്വം നെടുവീർപ്പിട്ടിരുന്നു. പോകും വഴി തലചെരിച്ചെന്നെ നോക്കി അവൾ പിറുപിറുക്കും.

"വല്ലാത്തൊരു പപ്പാജി......"

പപ്പാജി എന്ന സംബോധന ആ കുഞ്ഞിനെ പഠിപ്പിച്ചതു എന്റെ ഭാര്യ തന്നെയാണ്‌. മുത്തച്ഛാ...അപ്പൂപ്പാ.....എന്നൊക്കെ വിളിച്ച്‌ തന്നെ വൃദ്ധനാക്കേണ്ട എന്ന ഉദ്ദേശലക്ഷ്യമായിരിക്കാം ഈ പപ്പാജി വിളി പരിശീലിപ്പിക്കാനുള്ള ഭാര്യയുടെ പ്രചോദനമെന്നു തോന്നുന്നു.
വിചിത്രതരമായി തോന്നാവുന്ന കുസൃതിചോദ്യങ്ങളാണ്‌ അഫ്‌റിന്റെ കുഞ്ഞുനാവിൽ നിന്നും എപ്പോഴും പുറത്തു വരാറ്‌.
അനിമൽ പ്ലാനറ്റ്‌ ചാനലിൽ കണ്ട പെരുമ്പാമ്പ്‌ മനുഷ്യരേയും പിടിച്ചുവിഴുങ്ങുമോ ,ഡിസ്‌കവറിയിയിൽ നമ്മളൊരിക്കൽ കണ്ട സിംഹങ്ങൾ എന്തിനാ ഈ പാവം പിടിച്ച മാനുകളെ ഓടിച്ചിട്ടു പിടിച്ചു തിന്നുന്നത്‌, നമ്മൾ` ടി.വി.യിൽ കണ്ട കണ്ടാമൃഗത്തിന്റെ തൊലിയെന്താ വെട്ടുകല്ലിന്റെ പുറം പോലെ പരുപരായിരിക്കുന്നത്‌,മുങ്ങിക്കപ്പല്‌ കടലിനടീൽക്കൂടി സഞ്ചരിക്കുമ്പൊ അതിനകത്തുള്ളവർക്ക്‌ ശ്വാസം മുട്ടില്ലേ? തുടങ്ങി ഒത്തിരി ചോദ്യങ്ങൾ ഒറ്റവീർപ്പിന്‌ ചോദിച്ചുകളയും അവൾ. എന്നെ ഉത്തരം മുട്ടിക്കുമ്പോഴും ആ കുഞ്ഞുനാവിൽനിന്നും തെരുതെരെ വരുന്ന ചോദ്യങ്ങൾ കേൾക്കാൻ എനിക്കും ഭാര്യക്കും ഇഷ്ടമായിരുന്നു.

"പപ്പാജി......അതെന്തുതരം കിളിയാ.മുമ്പ്‌ അവിടെയാ കൂടുണ്ടായിരുന്നില്ലല്ലോ. എങ്ങിനേയാ ആ ബേർഡ്‌ ഈ കൂടുണ്ടാക്കിയത്‌?


അവൾക്കൊരു മറുപടി നൽകും മുമ്പ്‌ വീണ്ടുമെന്റെ ശ്രദ്ധ ആ പുൽക്കൂട്ടിൽ ചുറ്റിത്തിരിഞ്ഞു. അൽപ്പം മുമ്പ്‌ ഉള്ളിലേക്കു കയറിപ്പോയ ആ ചെറുപക്ഷി തന്റെ കൂടിന്റെ പ്രവേശനദ്വാരത്തിൽ വന്ന്‌ ഒരു നിമിഷം പുറത്തേക്ക്‌ നോക്കിനിന്നു. കൊക്കു ചലിപ്പിച്ച്‌ അതു ചെറുതായി ചിലച്ചുകൊണ്ടിരുന്നു. പിന്നീട്‌ തെല്ലു നേരം പുറത്താകെ പാറിപ്പരതി നടന്നിട്ടു മറ്റെങ്ങോട്ടേക്കോ അത്‌ പറന്നുപോവുകയും ചെയ്‌തു. സ്വന്തം വാസഗൃഹം വിപുലമാക്കാൻ വയ്‌ക്കോൽത്തുരുമ്പു തേടിയോ തീറ്റ്‌ അന്വേഷിച്ചോ ആവാം.

വീണ്ടും അഫ്‌റീൻ തന്റെ ചോദ്യത്തെപ്പറ്റി ഓർമ്മിപ്പിച്ചു. ആ കൂട്‌ എങ്ങിനെ ഉണ്ടായി എന്ന ചോദ്യത്തിന്നു ഞാൻ ഉത്തരം കൊടുത്തിട്ടില്ല. വ്യക്തമായ മറുപടിയോ,തൃപ്തികരമായ ഒരു വിശദീകരണമോ കിട്ടാതെ അവള്‍ പിന്മാറില്ല എന്നെനിക്കറിയാം.
"മോളേ,എല്ലാ ജീവിവർഗ്ഗങ്ങളും അവയ്ക്കു പാർക്കാനുള്ള വീട്‌ സ്വയം തന്നെയാണ്‌ നിർമ്മിക്കുന്നത്‌......
തെല്ലൊരു വിസ്മയഭാവത്തിൽ തലചെരിച്ച്‌ ശ്രദ്ധയോടെ കേട്ടുനിന്നു അവൾ.
ഞാൻ തുടർന്നു
ഈ ചെറിയ പക്ഷിയും അതിനു പാർക്കാനുണ്ടാക്കിയ കൊച്ചുവീടാണിത്‌. തന്റെ വാക്കുകൾ പൂർത്തിയാക്കിക്കഴിഞ്ഞില്ല , അവൾ തന്റെ പഴയ ചോദ്യം ഒരിക്കൾക്കൂടി ആവർത്തിച്ചു.
ആ കിളി എങ്ങിനെയാ കൂടുണ്ടാക്കിയതെന്നു പപ്പാജി പറഞ്ഞില്ലല്ലോ. പക്ഷിക്കൂടിന്റെ നിർമ്മാണരീതി എങ്ങിനെയാണ്‌ ഞാനീ കുരുന്നിനു വിവരിച്ചുകൊടുക്കുക. എനിക്കുതന്നെ അതറിയില്ല എന്നതാണ്‌` യാഥാർത്ഥ്യം.
മോളേ കൂടുകെട്ടാൻ വേണ്ട വയ്‌ക്കോൽത്തുരുമ്പും ,പുൽക്കഷ്ണങ്ങളും ചകിരിനാരുമൊക്കെ എവിടെനിന്നെങ്കിലും കൊത്തിപ്പെറുക്കികൊണ്ടുവന്ന്‌ ചെറിയ ചെറിയ അടുക്കുകളാക്കി വച്ചാണ്‌ പക്ഷികൾ സ്വന്തം കൂടുണ്ടാ‍ക്കുന്നത്‌....."
അവൾ വാ പൊളിച്ചു കേട്ടുനിന്നു. പക്ഷിക്കൂടു നിർമ്മാണവിഷയത്തിൽ ഞാനൽപ്പം വാചാലനായിപ്പോയോ എന്ന സംശയം എനിക്കുണ്ടായി. ഒരു ഏഴു വയസ്സുകാരിയോടുള്ള വിശദീകരണ നിലവാരത്തിനപ്പുറം തന്റെ വാക്കുകൾ വഴി തെറ്റിച്ചെന്നെത്തിയോ?

മച്ചിലെ കിളിക്കൂട്‌ നീക്കികളയണമെന്നെനിക്കു തോന്നി.വീടിന്റെ ഉമ്മറത്ത്‌ , പുറത്തുനിന്നും വരുന്ന ആർക്കും വ്യക്തമായി കാണാൻ കഴിയും വിധമായിരുന്നു അതിന്റെ സ്ഥാനം.
പക്ഷിക്കൂടു പൊളിച്ചുനീക്കാൻ എന്തെങ്കിലുമൊന്നു സംഘടിപ്പിക്കാൻ ഞാൻ അകത്തേക്ക്‌ പോയി.അപ്പോഴും അഫ്‌റീൻ മോൾ ആ കൂടും ശ്രദ്ധിച്ചുകൊണ്ടുതന്നെ നിൽക്കുകയായിരുന്നെന്ന്‌ ഞാനറിഞ്ഞത്‌ ,വളഞ്ഞ കാലുള്ള ഒരു കുടയുമായി ഞാൻ ഉമ്മറത്തു വന്നപ്പോൾ അവളിത്രകൂടി പറഞ്ഞപ്പോഴാണ്‌.

"പപ്പാജി ദാ ആ കൊച്ചുപക്ഷി ഇതാ ഇപ്പം വീണ്ടും വന്ന്‌ കൂട്ടിയനകത്ത്‌ കയറീട്ട്‌ പിന്നേം എങ്ങോട്ടോ പറന്നുപോയി...................
വളഞ്ഞ കുടപ്പിടിയിൽ കൈയ്യമർത്തി ,മടക്കിയ കുട ഒരായുധമാക്കി പക്ഷിക്കൂട്‌ പറിച്ചുകളയാനുള്ള ശ്രമമാണ്‌ ഞാൻ നടത്തിയത്‌. ഒരു ബലവും പ്രയോഗിക്കാതെ തന്നെ ദുർബലമായ പക്ഷിക്കൂട്‌ പൊളിഞ്ഞുവീണു. കൂടിനു സംരക്ഷണഭിത്തിയൊരുക്കിയിരുന്ന ചകിരിനാരുകൾ നിലത്താകെ ചിതറി വീണു. പാറിവീണ ആ നാരുകള്‍ക്കിടയിൽ ഞാൻ കണ്ടു ,കുറേയധികം കുഞ്ഞുമുട്ടകള്‍. ആ പിഞ്ചുമുട്ടകളിൽ പലതിന്റേയും നേർത്ത തോട്‌ വീഴ്‌ച്ചക്കിടയിൽ പൊട്ടിപ്പോയിരുന്നു. പൊളിഞ്ഞ മുട്ടകളിൽ നിന്ന്‌ തീരെ ചെറിയ പക്ഷിക്കുഞ്ഞുങ്ങൾ മെല്ലെ തല നീട്ടി. പിന്നീട്‌ തോടു പൊളിച്ച്‌ അവ സാവധാനം പുറത്തു ചാടി. തങ്ങളുടെ നേർത്ത കൊക്കുകൾ കാട്ടി ആ പക്ഷിക്കുഞ്ഞുങ്ങൾ ചെറിയ ശബ്ദമുണ്ടാക്കി. അവക്കൊന്നും പറക്കാൻ പാകത്തിൽ ചിറകുണ്ടായിരുന്നില്ല. നടന്നുനീങ്ങാൻ കാലുകളും ഉറച്ചിരുന്നില്ല. നിലത്തെ മാർബിൾ തറയിൽ തലങ്ങനേയും വിലങ്ങനേയും അവ ഇഴഞ്ഞു നീങ്ങാൻ വിഫലശ്രമം നടത്തി.

ഒക്കെയും കണ്ടുകൊണ്ടുനിൽക്കയായിരുന്നു അപ്പോഴും അഫ്രീൻ.
കഷ്ടമായിപ്പോയി പപ്പാജീ.... പപ്പാജി ആ കൂട്‌ ഇളക്കിക്കളയേണ്ടിയിരുന്നില്ല. നിഷ്‌ക്കളങ്കഭാവത്തിലുള്ള തന്റെ കൊച്ചു വാക്കുകൾ അവൾ തുടർന്നുകൊണ്ടേയിരുന്നു.
"
നമ്മുടെ വീട്‌ ആരെങ്കിലും വന്ന്‌ ഇങ്ങിനെ പൊളിച്ചുകളഞ്ഞാൽ നമ്മളെന്തു ചെയ്യും? അതുപോലെത്തന്നെയല്ലേ പപ്പാജി ഇതും?

ദയനീയഭാവത്തിൽ അവളവതരിപ്പിച്ച സഹതാപാർഹമായ ആ കൊച്ചു ഫിലോസഫി എന്നെ നൊമ്പരപ്പെടുത്തി. എനിക്കു മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല.
എന്താ പപ്പാജി ഒന്നും മിണ്ടാത്തത്‌?
എന്റെ മൗനഭാവം അവളെ അസ്വസ്ഥപ്പെടുത്തിയിരിക്കണം. നാവു നഷ്ടപ്പെട്ട ഒരുവനെപ്പോലെ ഞാൻ നിശ്ശബ്ദനായി. ആ കുഞ്ഞുമനസ്സിന്റെ വേദന എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുകയും ചെയ്‌തു. ആ ചെറിയ സംഭവം എന്റെയുള്ളിൽ അസ്വസ്ഥതയുടെ ഒരു കൂടുകൂട്ടിയത്‌ ഞാൻ സ്വയമറിഞ്ഞു.
എത്ര ഏറെ കഷ്ടപ്പെട്ടിട്ടാവും ആ കുഞ്ഞുപക്ഷി അത്തരമൊരു കുഞ്ഞു വാസഗൃഹമുണ്ടാക്കിയിട്ടുണ്ടാവുക. ഓരോ ചെറു ചകിരിനാരിനും വേണ്ടി എത്രയെത്ര തവണ അത്‌ തന്റെ കുഞ്ഞിച്ചിറകു വീശി പറന്നുപോയി മടങ്ങിവന്നിട്ടുണ്ടാകണം. ഒരു കുഞ്ഞുപക്ഷിയുടെ നിലനിൽപ്പിന്‌ പ്രകൃതി നൽകിയ സംഭാവനയല്ലേ ആ പുൽക്കൂടെന്നു ഞാനോർത്തു. പറക്കമുറ്റാത്ത സ്വന്തം കുഞ്ഞുങ്ങൾക്കു തീറ്റ തേടിയാവാം ഒരു പക്ഷേ ആ പക്ഷി പുറത്തുപോയത്‌. ആ ചെറിയ ഇടവേളയിലാണ്‌ ഞാനാ കൂടു പൊളിച്ചുനീക്കിയത്‌. ബോധപൂർവ്വമല്ലെങ്കിൽ കൂടി ആ ചെറുപക്ഷിയോട്‌ ഞാൻ കാട്ടിയത്‌ എത്രയോ പ്രാകൃതവും, ക്രൂരവുമായ അനീതിയായിപ്പോയി എന്നെനിക്കു തോന്നി.അവയ്ക്കും ഭൂമിയിൽ ജീവിക്കുവാൻ പ്രകൃതി അവകാശം നൽകിയിട്ടില്ലേ?
പ്രകൃതി സഹജമായ രീതിയിൽ ആ കൊച്ചുജീവി സുരക്ഷിതസ്ഥാനമെന്നു കരുതി കൂടു കെട്ടാൻ ഇടം തേടിയത്‌ എന്റെ വീടിനു മുമ്പിലെ സിറ്റൗട്ടിന്റെ മച്ചിലായിപ്പോയി. നിസ്സാരമായ ഒരഭംഗി ഒഴിവാകാനെന്ന മട്ടിൽ കൂടു പൊളിച്ചുകളഞ്ഞ്‌ ഞാനാ പക്ഷിക്കുടുംബത്തെയൊന്നാകെ കുടിയിറക്കിയിരിക്കുന്നു. തികഞ്ഞ അനൗചിത്യവും, ക്രൂരതയുമായിപ്പോയി അതെന്നു മനസ്സിലോ‍ര്‍ത്തപ്പോഴേയ്ക്കും ഒക്കെയും കഴിഞ്ഞുപോയിരുന്നു.

മനുഷ്യന്‌ തീരെ ആവശ്യമില്ലെന്നു നാം കരുതുന്ന എത്രയോ ജീവിവർഗ്ഗങ്ങൾ ഇന്നു ഭൂമുഖത്തുണ്ട്‌. ഓരോന്നിനും അതിന്റേതായ വ്യത്യസ്ത കടമകൾ പ്രകൃതി നിശ്ചയിച്ചിട്ടുണ്ട്‌. ജൈവാണുക്കളും, ബാക്ടീരിയകളും വൈറസ്സുകളും അടങ്ങുന്ന അസംഖ്യം അതിസൂക്ഷ്മജീവികളടക്കം ആ ഒട്ടനവധി ജന്തുപ്രാണിവർഗ്ഗങ്ങളിലൂടേയും ഞാൻ നിർദ്ദാക്ഷ്യണ്യം നശിപ്പിച്ചുകളഞ്ഞ പുൽക്കൂട്ടിലെ ആ കുഞ്ഞുപക്ഷിയുടെ നിലനിൽപ്പിലൂടേയും ഏതൊക്കെ തരത്തിലുള്ള സന്തുലനാവസ്ഥയാണ്‌ ഭൂമിക്കും ,പ്രകൃതിക്കും പരിതസ്ഥിതിക്കും നിശ്ചയിക്കപെട്ടിരിക്കുന്നതെന്നാർക്കറിയാം.
ആ മിണ്ടാപ്രാണിയോടു കാട്ടിയ ക്രൂരമായ അനൗചിത്യം വല്ലാത്തൊരു കുറ്റബോധത്തോടെ എന്നെ വേട്ടയാടാൻ തുടങ്ങി.


എന്താണിനി ചെയ്യാൻ കഴിയുക? സ്വന്തം നിസ്സഹായാവസ്ഥ എനിക്കിപ്പോൾ ബോധ്യമായിക്കഴിഞ്ഞിരുന്നു. കുഞ്ഞുമോളുടെ മുഖത്തേക്ക്‌ ഞാൻ നോക്കി. അവളുടെ മുഖം വല്ലാതെ മ്ലാനമായിരുന്നു. .ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ഇനിയീ കുഞ്ഞുങ്ങളെ ആ അമ്മപ്പക്ഷിയെങ്ങിനെ കണ്ടുപിടിക്കും....എങ്ങിനെ വളർത്തും പപ്പാജീ...?വിഷാദം കലർന്ന അമർഷഭാവത്തോടെ ,അവളാ ചോദ്യം എന്റെ നേർക്കെറിഞ്ഞു
ദൈവമേ എന്റെ മനസ്സിനെ കുറ്റപ്പെടുത്തുന്ന ,എന്നെ നൊമ്പരപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും ഇനിയീ കുരുന്നിനെക്കൊണ്ടു ചോദിപ്പിക്കല്ലേ...ഞാനുള്ളിൽ പ്രാർത്ഥിച്ചു.
ചകിരിനാരുകൾ ചിതറികിടക്കുന്ന നിലത്തേയ്‌ക്ക്‌ വീണ്ടുമന്റെ കണ്ണുകൾ ഇഴഞ്ഞെത്തി. ആ കുഞ്ഞുപക്ഷിക്കുരുന്നുകളൊക്കെ തീർത്തും ചലനമറ്റ അവസ്ഥയായിരിക്കുന്നു. ജീവൻ പൊലിഞ്ഞ അവയോരോന്നും നിശ്ച്ചലമായി നിലത്താകെ പരന്നുകിടക്കുന്നു. കോലായുടെ തിളങ്ങുന്ന തറ ചിതറികിടക്കുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയത്‌ ഒരു നിമിഷം നെടുവീർപ്പോടെ ഞാൻ നോക്കിനിന്നു.
അപ്പോള്‍ ഞാൻ കണ്ടു, അതാ ആ കുഞ്ഞുപക്ഷി ചിലച്ചുകൊണ്ടു പറന്നുവരുന്നു. അത്‌ തന്റെ കൂടു നിന്ന ഭാഗത്തിന്നടുത്തെത്തിക്കഴിഞ്ഞു.
ഞാൻ മോളുടെ മുഖത്തേക്കു നോക്കി. ആ കുഞ്ഞുമുഖം അസാധാരണമാം വിധം വിളറിപ്പോയിരുന്നു. പൊളിഞ്ഞുപോയ കൂടു നിന്ന ഭാഗത്തു തന്നെ കണ്ണു നട്ട്‌ നിൽക്കുകയായിരുന്നു അപ്പോഴുമവൾ.
പറന്നെത്തിയ ആ പക്ഷിയെ കണ്ടപ്പോൾ അഫ്‌റിന്റെ ഉൽക്കണ്ഠ വല്ലാതെ വർദ്ധിച്ചുവെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു.

തന്റെ കൂട്‌ നഷ്ടപ്പെട്ടിരിക്കുന്നത്‌ ആ മിണ്ടാപ്രാണി അറിഞ്ഞുകഴിഞ്ഞു. മരപ്പടിയിലെ പുൽക്കൂട്‌ പൊളിച്ചുനീക്കിയപ്പോൾ ചകിരിനാരുകളുടേ ശേഷഭാഗം ഒട്ടിപ്പിടിച്ചു നിന്ന ഇരുണ്ട പാടിനരികെ അതു പലവട്ടം വലംവെച്ചു പറന്നു. ആ ചെറുപക്ഷി കിലുകിലെ ചിലച്ചുകൊണ്ടുമിരുന്നു. ആ ചിലയ്ക്കൽ ശബ്ദത്തിന്‌ ഒരു തേങ്ങലിന്റെ നേർത്ത സ്പർശമുണ്ടായിരുന്നതായി എനിക്കു തോന്നി. ഏറെ നേരം ആ പരിസരത്തു തന്നെ പാറിനടന്നിട്ട്‌ തന്റെ വാസഗൃഹവും കുഞ്ഞുങ്ങളും നഷ്ടപ്പെട്ട വേദന യോടെയാവാം അതു ദൂരെയെവിടേക്കോ പറന്നുപോയി.
അതു പോയി പപ്പാജീ.......നോക്കു അതിന്റെ കൂടും പോയ്യി. കുഞ്ഞുങ്ങളും ചത്തു. പപ്പാജി കാരണമാണൊക്കെയും. വിതുമ്പലിന്റെ വക്കോളമെത്തിയ അഫ്രീൻ മോളുടെ കുഞ്ഞുവാക്കുകളിൽ തെല്ലൊരമർഷവും തേങ്ങലിന്റെ നനവുമുണ്ടായിരുന്നു.
ഞാൻ മെല്ലെ തല ചെരിച്ച്‌ അഫ്രീന്റെ മുഖത്തേക്ക്‌ ഒരിക്കല്‍ക്കൂടി നോക്കി. ഈറനണിഞ്ഞ മിഴികളുമായി അപ്പോഴും അവൾ ആ കൊച്ചുപക്ഷി പറന്നുപോയ വഴിത്താരയിലേക്ക്‌ ,ആ അനന്തതയിലേക്ക്‌ കണ്ണും നട്ട്‌ നിൽക്കുകയായിരുന്നു.

Sunday, November 1, 2009

















a q mahdi


ezhuth/dec.2009









സഞ്ചാര രേഖകൾ

അമേരിക്കൻ ഐക്യനാടുകളിലൂടെ

1. ന്യൂയോർക്ക്‌

ലോകത്തെ ഏറ്റവും വലിയ രാജ്യമേതാണ്‌. വലുത്‌ എന്നതിന്റെ വിവക്ഷ, ഭൂമിശാസ്ത്രപരമായ അതിന്റെ വിസ്തൃതി മാത്രമല്ല, ആധുനിക ശാസ്ത്രസാങ്കേതികപ്പെരുമ- സാമ്പത്തികത- ആയുധ ശക്തി- സൈനികബലം- അംഗീകാരം- ഇവയൊക്കെയും ഒത്തിണങ്ങിയരാജ്യം ഏതാണ്‌............?
ഉത്തരം ലളിതം. അമേരിക്ക എന്നറിയപ്പെടുന്ന 'യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌' ആണത്‌; അതെ അമേരിക്കൻ ഐക്യനാടുകൾ .
അത്ര സുദീർഘമായ ദേശീയപാരമ്പര്യത്തിന്റെ പൗരാണികതയൊന്നും അവകാശപ്പെടാൻ ചരിത്രത്തിൽ ഇടമില്ലാതിരുന്നിട്ടും, അവർ ഇന്ന്‌ ലോകത്തെ ഏറ്റവും വലിയ ആധുനിക ശക്തിയാണ്‌, എല്ലാ മേഖലകളിലേയും ജേതാക്കളാണ്‌, ശാസ്ത്രനായകന്മാരാണ്‌, അതീവ സമ്പന്നരുമാണ്‌, എന്തിന്‌, എല്ലാമെല്ലാമാണ്‌, അതാകട്ടെ, ഒരു ജനതയുടെ ആത്മവിശ്വാസത്തിന്റേയും അർപ്പണബോധത്തിന്റേയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായുണ്ടായ നേട്ടങ്ങളാണ്‌.
ലോകഭൂപടത്തിൽ അമേരിക്ക സ്ഥാനം പിടിച്ചിട്ട്‌ കേവലം 500 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതുവരെ യൂറോപ്പിന്‌ പടിഞ്ഞാറുള്ള ഈ ഭൂപ്രദേശം ലോകത്തിന്‌ തീർത്തും അപരിചിതമായിരുന്നു. ഈ അജ്ഞാതദേശത്തെ അമേരിക്ക എന്നു നാമകരണം ചെയ്തു ലോകഭൂപടം തയ്യാറാക്കപ്പെട്ടതുപോലും 1507-ൽ മാത്രമായിരുന്നു.
ഇതിനകം നിരവധി ലോകരാജ്യങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായെങ്കിലും, ഒരിക്കലും നടക്കാതെപോയ ഒരു മോഹം എന്റെയുള്ളിൽ ബാക്കിനിൽക്കുന്നുണ്ടായിരുന്നു; ഒരു അമേരിക്കൻ സന്ദർശനം. മനസ്സിൽ ആ ആഗ്രഹം പേറിനടക്കാൻ തുടങ്ങിയിട്ട്‌ വർഷങ്ങൾ പലതായി. പ്രധാന തടസ്സം യാത്രാനുമതി ലഭിക്കുമോ എന്ന ആശങ്ക തന്നെ, അതായത്‌ വിസ ലഭിക്കൽ.
മറ്റേതൊരു രാജ്യത്തെയും ഒരു സാധാരണ പൗരന്‌ ലാഘവപൂർവ്വം കയറിപ്പറ്റാൻ കഴിയാത്തവിധം വ്യത്യസ്ഥവും ദുരൂഹവുമായ ഒരു വ്യക്തിത്വം അമേരിക്ക അവകാശപ്പെടുന്നു. സമീപകാലത്താണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി ശ്രീ. നരേന്ദ്ര മോഡിക്കുപോലും ഇൻഡ്യപോലൊരു വൻരാഷ്ട്രത്തിലെ ഭരണനേതൃത്വം അപേക്ഷിച്ചിട്ടും അവർ സന്ദർശനവിസ അനുവദിക്കാതിരുന്നത്‌. മാത്രമല്ല, മുമ്പ്‌ മോഡിക്ക്‌ നൽകിയിരുന്ന ഒരു ടൂറിസ്റ്റ്‌ വിസ പോലും റദ്ദാക്കിക്കളഞ്ഞു അവർ.
ഇതൊക്കെയാണ്‌ സാഹചര്യമെങ്കിലും ഞാൻ വിസയ്ക്ക്‌ വേണ്ടിയുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു.
ഇത്ര വലിയൊരു ശക്തിയായിരുന്നിട്ടും മുസ്ലിം തീവ്രവാദികളെ അമേരിക്ക വല്ലാതെ ഭയപ്പെടുന്നു. തീവ്രവാദി സംഘടനകളെ ഭയാശങ്കയോടെ മാത്രം വീക്ഷിക്കയും ചെയ്യുന്നു അവർ. ഇറാക്കിലേയും ഇറാനിലേയും പല തീവ്രവാദി നേതാക്കളുടെ പേരിനോടും സാമ്യമുള്ളതാണ്‌ എന്റെ പേര്‌. അറബ്ദേശീയവാദികൾ അതിരഹസ്യമായി രൂപം കൊടുത്ത ഒരു കൊടുംഭീകരസംഘടനയുടെ പേരിനോടും എന്റെ പേരിന്‌ സദൃശമുണ്ട്‌. അങ്ങനെയുള്ള എനിക്ക്‌ സ്വന്തം രാജ്യത്തേയ്ക്ക്‌ അമേരിക്ക എങ്ങനെ വിസ നൽകും എന്ന ആശങ്ക നാട്ടിലെ പല സ്നേഹിതന്മാരും പ്രകടിപ്പിച്ചിരുന്നു. 'അൽ മഹ്ദി സേന' (Al Mahdi Army)എന്ന രഹസ്യ തീവ്രവാദി സൈന്യം ഇറാക്കിൽ തമ്പടിച്ചിരിക്കുന്ന യു.എസ്സ്‌. സേനാംഗങ്ങൾക്ക്‌ ഏൽപ്പിക്കുന്ന കനത്ത ഭീഷണിയെപ്പറ്റി ഭയാശങ്ക നിറഞ്ഞ ബോധം പുലർത്തുന്ന അമേരിക്കക്കാർ, ആ പേരുകാരനായ എനിക്ക്‌ തങ്ങളുടെ നാട്ടിലേയ്ക്കുള്ള വിസ തരാൻ മടിക്കില്ലേ?
ഒരു പേരിൽ എന്തർത്ഥമിരിക്കുന്നു, അല്ലേ?
അപേക്ഷ സമർപ്പിച്ച ശേഷം ചെന്നൈയിലെ അമേരിക്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷൻ ഓഫീസിൽ എത്തി, അവിടത്തെ വിശാലമായ ഇ.സി ഹാളിൽ നിരനിരയായി സഥാപിച്ചിരുന്ന കൗണ്ടറുകളിലൊന്നിനുമുമ്പിൽ ഞാനും ഭാര്യയും ക്യൂ നിന്നു. ഓരോ കൗണ്ടറിനു മുന്നിലും വിസ യ്ക്കുള്ള അപേക്ഷകരുടെ നീണ്ട നിര. അമേരിക്കൻ സന്ദർശനം ആഗ്രഹിക്കുന്നവരെ ഇന്റർവ്യൂ ചെയ്ത്‌ അന്തിമതീരുമാനമെടുക്കാൻ ബുള്ളറ്റ്പ്രോ‍ൂഫ്‌ ഗ്ലാസ്സ്കൂടിനുള്ളിൽ ഗൗരവത്തോടെ ഇരിക്കുന്ന വിസ ഓഫീസർമാർ. നാലാമത്തെ കൗണ്ടറിലെ ഓഫീസർക്കു മുമ്പിൽ ഞാനും ഹാജരാക്കപ്പെട്ടു; തൊട്ടുപിന്നിൽ ഭാര്യയുമുണ്ട്‌.
വിസ ഓഫീസർ ണല്ലോരു ചെറുപ്പക്കാരൻ. സുമുഖനാണ്‌. ചുവന്നുതുടുത്ത നിറമുള്ള ആ 'സായ്പ്പ്‌ പയ്യന്റെ' മുഖത്ത്‌ ഒരു നേർത്ത പുഞ്ചിരി പടർന്നിരുന്നു. ഗൗരവലേശമില്ലാതെ അയാളെന്നെ വിഷ്‌ ചെയ്തു. "ഹലോ.........!"
ചെറിയൊരു പുഞ്ചിരിയോടെ ഞാൻ പ്രത്യഭിവാദനം ചെയ്തപ്പോൾ ആ മുഖം അൽപ്പം കൂടി പ്രസന്നമായോ. ചാരനിറമുള്ള അയാളുടെ കണ്ണുകളിൽ അജ്ഞാതമായ ഒരു സൗഹൃദഭാവത്തിന്റെ നേർത്ത തിളക്കമുണ്ടായിരുന്നതുപോലെ തോന്നി.
അമേരിക്കയിലുള്ള തന്റെ മകളെയും, അവിടെ ജനിച്ച പേരക്കിടാവിനെയും കാണാനായി രണ്ടുപ്രാവശ്യം വിസയ്ക്ക്‌ അപേക്ഷിച്ച്‌, ഇന്റർവ്യൂവിൽ പങ്കെടുത്ത്​‍്‌, രണ്ടുതവണയും യാത്രാനുമതി നിഷേധിക്കപ്പെട്ട എന്റെ അയൽക്കാരൻ സ്നേഹിതൻ, ഞാൻ ചെന്നൈയ്ക്ക്‌ പോകുംമുമ്പ്‌ പറഞ്ഞത്‌ ഇതാണ്‌.
"ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക്‌ അമേരിക്കൻ വിസ കിട്ടൂ. ഇന്റർവ്യൂവിൽ എന്തു ചോദ്യമാണ്‌ സായ്പ്പിൽ നിന്നുണ്ടാവുക എന്നതിനു ഒരു നിശ്ചയവുമില്ല, എന്തും ചോദിക്കാം, നിങ്ങളുടെ സത്യസന്ധവും നിർദ്ദോഷകരവുമായ മറുപടി, അതെന്തായാൽ തന്നെയും ആ ഓഫീസർ അത്‌ എങ്ങിനെ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും വിസ അനുവദിക്കൽ. ഞാനും ഭാര്യയും രണ്ടുപ്രാവശ്യം ആ ക്യൂവിൽ നിന്നതാണ്‌, ചോദ്യങ്ങൾക്കൊക്കെ തൃപ്തികരമായ മറുപടി കൊടുത്തതുമാണ്‌, എന്നിട്ടും ഞങ്ങൾക്കവർ വിസ അനുവദിച്ചില്ല, കാരണമൊന്നും പറഞ്ഞുമില്ല. ഒന്നുമൊന്നും പ്രവചിക്കാൻ വയ്യ......... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പോയി വരൂ.........."
ഞാൻ സമർപ്പിച്ച രേഖകളൊക്കെ അതിസൂക്ഷ്മം പരിശോധിച്ചു ആ ചെറുപ്പക്കാരൻ ഓഫീസർ. റെക്കോർഡുകൾ മറിച്ചുനോക്കുന്ന സമയത്തുമാത്രം അയാളുടെ മുഖത്ത്‌ നേരിയ ഗൗരവഭാവം നിലനിന്നു.
എത്ര ശ്രദ്ധയോടെ ഏറെ ബുദ്ധിമുട്ടിയാണ്‌ വേണ്ട രേഖകൾ തയ്യാറാക്കിക്കൊണ്ടുപോയത്‌. കഴിഞ്ഞ മൂന്നു വർഷത്തെ ആദായനികുതി രേഖകൾ, ബാങ്ക്‌ അക്കൗണ്ടിന്റെ പൂർണ്ണവിവരങ്ങൾ, ദുബായിൽ ജോലിനോക്കുന്ന മകന്റെ നിയമന ഉത്തരവും ശമ്പളക്കടലാസ്സും വരെ, ഹാജരാക്കിയിരുന്നു. സമർപ്പിച്ച രേഖകളൊക്കെ തൃപ്തികരമായി അയാൾക്ക്‌ തോന്നിയെന്ന്‌ ആ മുഖഭാവം വ്യക്തമാക്കി. പഴയതും പുതിയതുമായി മൂന്നു പാസ്പോർട്ടുകൾ വീതമാണ്‌ ഞങ്ങൾക്കുണ്ടായിരുന്നത്‌. പരസ്പരം പിൻചെയ്ത്‌ ഒട്ടിച്ചുവച്ചിരുന്ന ഞങ്ങൾ രണ്ടുപേരുടെയും ആ മൂന്നു പാസ്പോർട്ടുകളിലേയും വിവിധ രാജ്യങ്ങളിലെ വിസകൾ സ്റ്റാമ്പു ചെയ്ത പേജുകൾ മുഴുവൻ അയാൾ മറിച്ചു നോക്കി, ആത്മഗതമെന്നോണം, മറുപടി ആവശ്യമില്ലെന്ന മട്ടിൽ ചോദിച്ചു,
" OH You have Already Visited A Lot of Countries..........?"
' നിങ്ങൾ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിരിക്കുന്നുവല്ലോ.'
അത്‌, വിസ ലഭിക്കുന്നതിന്‌ അനുകൂലമായ ഒരു പ്രതികരണമായി തോന്നി.
വീണ്ടും പല വിഷയങ്ങളും അയാൾ അന്വേഷിച്ചു, പല ചോദ്യങ്ങളും ചോദിച്ചു, ഒടുവിലാണ്‌ ആദ്യമായി അയാൾ ചോദിക്കേണ്ടിയിരുന്ന ഒരു ചോദ്യം വന്നത്‌.
" Why should you go to USA.....?"
'നിങ്ങളെന്തിന്‌ അമേരിക്കയിൽ പോകുന്നു..........?'
മറുപടിക്കായി ഒരു നിമിഷംപോലും ആലോചിക്കേണ്ടി വന്നില്ല എനിക്ക്‌,
" It is one of my dreams to visit your great country......."
അതുകേട്ട്‌ മെല്ലെ തലയുയർത്തി എന്റെ മുഖത്തേയ്ക്കയാൾ നോക്കി. എന്റെ മറുപടി അയാൾക്കിഷ്ടപ്പെട്ടുവേന്ന്‌ വ്യക്തം.
'നിങ്ങളുടെ മഹത്തായ രാജ്യം സന്ദർശിക്കണമെന്നത്‌ എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന്‌' എന്നാണ്‌ ഞാനയാളോടു പറഞ്ഞിരിക്കുന്നത്‌. എല്ലാ അർത്ഥത്തിലും അതൊരു യാഥാർത്ഥ്യവുമാണ്‌; അമേരിക്കൻ സന്ദർശനം എന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നായിരുന്നു.
അതീവ സംതൃപ്തഭാവത്തിൽ അയാൾ മുഖം ചലിപ്പിച്ചു. സ്വന്തം രാജ്യത്തെപ്പറ്റിയുള്ള അഭിമാനബോധം തീർച്ചയായും അയാളുടെ മനസ്സിൽ നേർത്ത ഒരു ചലനം സൃഷ്ടിച്ചിരിക്കണം. മുഖവുരയൊന്നും കൂടാതെ തന്നെ അയാൾ പറഞ്ഞു, അൽപ്പം ശബ്ദം ഉയർത്തിത്തന്നെ.
" Your Application for visa is granted............."
' നിങ്ങളുടെ അപേക്ഷ സ്വീകരിച്ച്‌ വിസ അനുവദിച്ചിരിക്കുന്നു'. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആ വിസ ഓഫീസറുടെ മുഖത്തേയ്ക്ക്‌ ഒരിക്കൽകൂടി ഞാൻ നോക്കി; അയാളുടെ വെള്ളാരംകണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം ഞാനപ്പോൾ കണ്ടു. 'എന്താ തൃപ്തിയായോ' എന്ന മട്ടിൽ അയാൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു.
പരിശോധനയ്ക്ക്‌ സമർപ്പിച്ച റെക്കോർഡ്കളൊക്കെ മടക്കിത്തന്നു അയാൾ. ഞാൻ നന്ദി പറഞ്ഞു പിൻവാങ്ങി.
ഇന്റർവ്യൂവിനിടയിൽ എന്റെ ജാതിയും മതവും അയാൾ ചോദിച്ചില്ല. വിസയ്ക്കുള്ള അപേക്ഷാഫോമിലും ഉണ്ടായിരുന്നില്ല ആ ചോദ്യം. എന്തിന്‌, എന്റെ പാസ്പോർട്ടിലും എന്റേതെന്നല്ല നമ്മുടെയൊന്നും പാസ്പോർട്ടുകളിൽ ഏതു മതവിശ്വാസിയാണെന്നതു സൂചിപ്പിക്കുന്ന കോളം ഉണ്ടാവില്ല. വേണമെങ്കിൽ അപേക്ഷകന്റെ പേരിൽനിന്ന്‌ അത്‌ ഊഹിക്കാമെന്ന്‌ മാത്രം. വർത്തമാനകാലത്ത്‌ അത്‌ അത്ര പ്രായോഗികവുമല്ല, അന്യമതസ്ഥരുടെ പേരുകൾ ഇടുക ഇപ്പോൾ സർവ്വസാധാരണമാണുതാനും.
ചെന്നൈയിൽ നിന്നും തിരികെ നാട്ടിലെത്തിയ എനിക്ക്‌, രണ്ടാഴ്ചയ്ക്ക്‌ ശേഷം, രജിസ്റ്റേർഡ്‌ തപാലിൽ വിസ അടിച്ച ഞങ്ങളുടെ പാസ്പോർട്ടുകൾ കിട്ടുകയുണ്ടായി. ഭാഗ്യം, പത്തുവർഷത്തേയ്ക്കുള്ള 'മൾട്ടിപ്പ്ല് എൻട്രി വിസ' ആണ്‌ എനിക്കും ഭാര്യയ്ക്കും സ്റ്റാമ്പ്‌ ചെയ്ത്‌ തന്നിരിക്കുന്നത്‌. ജീവിച്ചിരിക്കുവാൻ ഭാഗ്യമുണ്ടായാൽ അടുത്ത പത്ത്‌ വർഷത്തിനിടെ, എത്രപ്രാവശ്യം വേണമെങ്കിലും ഞങ്ങൾക്ക്‌ അമേരിക്കയിൽ പോയിവരാം.
ജൂൺ 12ന്‌, കൊച്ചിയിൽ നിന്ന്‌ ഞങ്ങൾ എയർ ഇൻഡ്യ വഴി മുംബെയിലെത്തി. ഒരു പാക്കേജ്‌ ടൂറിന്റെ ഭാഗമായിട്ടാണ്‌ ഞങ്ങൾ ഇവിടെ എത്തിയത്‌. ഞങ്ങൾ നടത്തിയിട്ടുള്ള ലോകയാത്രകളൊക്കെ പാക്കേജ്‌ ടൂറുകളിലൂടെയായിരുന്നു.
ഈ ഗ്രൂപ്പിൽ ഒട്ടാകെ 40 പേരുണ്ടായിരുന്നു, ഇരുപത്‌ ഫാമിലികൾ. ഏറെയും മദ്ധ്യവയസ്കർ. ജീവിതസായാഹ്നത്തിൽ കുടുംബഭാരങ്ങളൊക്കെ ഒരുവിധം ഇറക്കിവച്ച്‌, രാജ്യങ്ങൾ ചുറ്റാൻ ഇറങ്ങിത്തിരിച്ചവർ. വിവാഹത്തിന്റെ 50-​‍ാം വർഷം പൂർത്തിയാക്കിയ ദമ്പതികളും കൂട്ടത്തിലുണ്ടായിരുന്നു. ഈ പാക്കേജ്ടൂറിൽ എല്ലാ ചെലവുകളും ഉൾപ്പെടെയുള്ള ഒരു തുക, ടൂർകമ്പനിയിൽ മുൻകൂർ അടച്ചിട്ടാണ്‌ പങ്കെടുക്കുന്നത്‌. വിമാനക്കൂലി, ഹോട്ടൽ വാടക, ഭക്ഷണം, വിവിധസ്ഥലങ്ങളിലെ കാഴ്ചകൾ കാണിക്കൽ തുടങ്ങി എല്ലാം ഉൾപ്പെടുന്നു. ഒപ്പം ഇൻഡ്യാക്കാരനായ ഒരു ടൂർമാനേജരും അനുഗമിക്കുന്നുണ്ട്‌. ഇടയ്ക്കിടെ അമേരിക്കയിൽ നിന്നുള്ള ടൂർഗൈഡുകളുടെ സേവനവും ഉണ്ടാവും.
ബോംബെനിവാസിയായ മി.ആഷിക്‌ ത്രിവേദി എന്ന ചെറുപ്പക്കാരനായിരുന്നു ടൂർ മാനേജർ. വളരെ കഴിവുള്ള ഒരു യുവാവ്‌.
ബോംബെയിൽ നിന്നും പുറപ്പെട്ട വിമാനം പാരീസിലിറങ്ങി, ഇന്ധനം നിറയ്ക്കുകയും വിമാന ജോലിക്കാരെ മാറ്റുകയും ചെയ്തു.
ന്യൂയോർക്കിലെത്തിയപ്പോൾ അവിടത്തെ സമയം വൈകിട്ട്‌ 8 മണി. മുംബെയിൽ നിന്നു പുറപ്പെട്ടത്‌ ഇൻഡ്യൻ സമയം രാവിലെ 6.30 നാണ്‌. ഞങ്ങളുടെ വാച്ചിലെ സമയപ്രകാരം 20 മണിക്കൂർ പറക്കുകയും ചെയ്തിരുന്നു. എന്നാൽ അമേരിക്കൻ സമയപ്രകാരം 10.30 മണിക്കൂർ സഞ്ചരിച്ചതായേ തോന്നിയുള്ളൂ. രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസമാണിത്‌. വളരെ വിസ്തൃതമായ ഒരു രാജ്യമാണ്‌ യു.എസ്സ്‌.എ. അമേരിക്കയുടെ കിഴക്കേ അറ്റത്താണ്‌ ന്യൂയോർക്ക്‌. ന്യൂയോർക്കും ഇൻഡ്യയുമായി തണുപ്പുകാലത്ത്‌ (വിന്റർ) 10.30 മണിക്കൂർ സമയവ്യത്യാസമുണ്ട്‌; നമ്മെക്കാൾ 10.30 മണിക്കൂർ പിന്നിൽ. ചൂടുകാലത്ത്‌ (സമ്മർ) ഈ സമയവ്യത്യാസം 9.30 മണിക്കൂർ ആയി ചുരുങ്ങും. എന്നാൽ അമേരിക്കയുടെ പടിഞ്ഞാറേ അറ്റമായ സാൻഫ്രാൻസിസ്കോയും ന്യൂയോർക്കും തമ്മിൽ പോലും ഉണ്ട്‌ മൂന്ന്‌ മണിക്കൂർ വ്യത്യാസം.
ഞങ്ങളുടെ യാത്ര സമ്മറിലായിരുന്നു, അമേരിക്കയിലെ ചൂടുകാലത്ത്‌. ന്യൂയോർക്കിലെത്തിയപ്പോൾ വാച്ചിലെ സമയസൂചി 9.30 മണിക്കൂർ പിന്നിലേയ്ക്ക്‌ തിരിച്ചു വച്ചു. സാൻഫ്രാൻസിസ്കോയിലെത്തുമ്പോൾ വീണ്ടും മൂന്നുമണിക്കൂർ കൂടി പിന്നിലേയ്ക്ക്‌ വയ്ക്കേണ്ടിവരും. ഇൻഡ്യയുമായുള്ള സമയവ്യത്യാസം അപ്പോൾ ആകെ 12.30മണിക്കൂറായിത്തീരുന്നു. അങ്ങിനെയാണ്‌ ഇൻഡ്യയിലെ പകൽ അമേരിക്കയിൽ രാത്രികാലമാവുന്നത്‌.
ന്യൂയോർക്ക്‌ സംസ്ഥാനത്തിന്റെ തെക്കുകിഴക്കായി ഹഡ്സൺ നദിക്കരയിലുള്ള, അമേരിക്കയിലെ ഏറ്റവും വലിയ നഗരവും തുറമുഖവുമാണ്‌ ന്യൂയോർക്ക്‌. ഒരുപക്ഷേ ലോകത്തെ ഏറ്റവും വലിയ സിറ്റിയും ഇതാവും.
ന്യൂയോർക്ക്‌ സംസ്ഥാനത്തിന്‌ ബ്രോൺക്സ്‌, ബ്രൂക്ക്ലിൻ, മാൻഹാട്ടൻ, ക്വീൻസ്‌, സ്റ്റേറ്റ്‌ ഐലന്റ്‌ എന്നീ 5 പ്രവിശ്യകളുണ്ട്‌. മാൻഹാട്ടൻ ദ്വീപിലെ ഒരു ഡച്ച്‌ വാണിജ്യത്താവളമായിരുന്നു ഒരിക്കൽ ഈപട്ടണം. 1626-ൽ ഡച്ച്‌ ജനറൽ പീറ്റർ മിന്യവറ്റ്‌ ഈ പ്രദേശം വാങ്ങി, ന്യൂ ആംസ്റ്റർഡാം എന്നപേരിൽ ഡച്ച്‌ കോളനിയാക്കി മാറ്റി. 1664-ൽ ഈ കോളനി ഇംഗ്ലീഷ്കാർ കീഴടക്കുകയും, ന്യൂയോർക്ക്‌ എന്ന പേരിടുകയും ചെയ്തു. 1784 മുതൽ 1797 വരെ ഇത്‌ സംസ്ഥാനതലസ്ഥാനവും, 1789-90-ൽ രാഷ്ട്രത്തിന്റെ തലസ്ഥാനവുമായിത്തീർന്നു. ദീർഘകാലം ഈ നഗരം യു.എസ്സ്‌.കുടിയേറ്റക്കാരുടെ ഒരു പ്രധാനആകർഷണസ്ഥലമായിരുന്നു. ലോകവാണിജ്യം, സാമ്പത്തികം, മാധ്യമം, കല, വിനോദം, ഫാഷൻ തുടങ്ങിയവയുടെ കേന്ദ്രമാണിന്നിത്‌. നഗരം അതിന്റെ പ്രാധാന്യം കൊണ്ടും ലോകവാണിജ്യരംഗത്തെ സുപ്രധാനസ്ഥാനം കൊണ്ടും തീവ്രവാദപ്രവർത്തനങ്ങളുടെ ലക്ഷ്യമായി മാറാറുണ്ട്‌. അങ്ങിനെയാണ്‌, 2001- സെപ്റ്റംബറിൽ റാഞ്ചികൾ, തട്ടിയെടുത്ത വിമാനങ്ങൾകൊണ്ട്‌ വേൾഡ്‌ ട്രേഡ്‌ സെന്ററിന്റെ ഇരട്ടമന്ദിരങ്ങളിലേയ്ക്ക്‌ ഇടിച്ചുകയറി, മന്ദിരങ്ങളും അടുത്തുള്ള കെട്ടിടങ്ങളും നിശ്ശേഷം തകർത്തത്‌. ആയിരക്കണക്കിനാളുകൾ അന്നു കൊല്ലപ്പെടുകയും ചെയ്തു.
വളരെ വലിയ ഒരു എയർപോർട്ടാണ്‌ ന്യൂയോർക്കിലേത്‌. അന്തർദ്ദേശീയ വിമാനങ്ങൾ വരിവരിയായി വന്നുപോകുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഓരോ വിമാനവും വന്നിറങ്ങുന്നു, മറ്റു ചിലവ ഉടൻ തന്നെ പറന്നുപൊങ്ങുന്നു. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ ഒന്നാണിത്‌.
നഗരഹൃദയഭാഗത്തുള്ള ഹോട്ടൽ എഡിസണിലായിരുന്നു താമസം, 22-​‍ാമത്തെ നിലയിൽ. അതിനുമുകളിൽ എത്രനിലകളുണ്ടെന്ന്‌ എണ്ണിനോക്കാൻ പറ്റിയില്ല. ലിഫ്റ്റ്‌ ർറൂമിൽ കയറിയപ്പോൾ സ്വിച്ച്‌ പാനലിൽ കണ്ടു, ഇനിയും 23 നിലകൾ കൂടി ബാക്കിയുണ്ടെന്ന്‌.
ഒരു രാത്രി കടന്നുപോയി. സുഖമായി ഉറങ്ങി. ഇന്നാണ്‌ നഗരം ചുറ്റൽ, ഒരു എയർകണ്ടീഷൻഡ്‌ കോച്ച്‌ തയ്യാറായി കിടപ്പുണ്ട്‌. ബ്രേക്ക്ഫാസ്റ്റിനുശേഷം ഞങ്ങൾ പുറപ്പെട്ടു.
ന്യൂയോർക്ക്‌. ഇത്രയധികം ബഹുനിലമന്ദിരങ്ങൾ ലോകത്ത്‌ മറ്റൊരിടത്തും ഉണ്ടാവില്ല എന്നു തോന്നുന്നു. 5th അവന്യൂ, റോക്ക്ഫെല്ലർ ഫൗണ്ടേഷൻ, പ്രസിദ്ധപ്പെട്ട വാൾസ്ട്രീറ്റ്‌ ഒക്കെ കറങ്ങി ഞങ്ങൾ എമ്പയർ സ്റ്റേറ്റ്‌ ബിൽഡിങ്ങിനടുത്തെത്തി.
ഞങ്ങൾ കടന്നുപോന്ന വാൾ സ്ട്രീറ്റിനെപ്പറ്റി ഇവിടെ അൽപ്പം വിശദീകരിക്കേണ്ടിയിരിക്കുന്നു.
ന്യൂയോർക്ക്‌ നഗരത്തിലെ, ഇരുവശവും അംബരചുംബികളായ ബഹുനിലമന്ദിരങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന ഒരു ഇടുങ്ങിയ തെരുവാണ്‌ ലോകപ്രസിദ്ധമായ വാൾ സ്ട്രീറ്റ്‌. ഈ സ്ഥലത്ത്‌ 1653-ൽ നിർമ്മിച്ച ഒരു മൺഭിത്തിയാണ്‌ ഇതിനു ഈ പേരു സമ്മാനിച്ചതു.
മാൻഹാട്ടന്റെ തെക്കേയറ്റത്താണ്‌ സ്ട്രീറ്റിന്റെ സ്ഥാനം. ബ്രോഡ്‌വേയിൽ നിന്ന്‌ ഈസ്റ്റ്‌ റിവർ വരെ നീണ്ടുകിടക്കുന്ന ഏഴു കെട്ടിടസമൂഹങ്ങളുടെ നീളമാണ്‌, ഈ തെരുവിന്റേത്‌. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനും എത്രയോ മുമ്പുതന്നെ ഇത്‌ രാഷ്ട്രത്തിന്റെ ധനകാര്യതലസ്ഥാനമായി അംഗീകരിക്കപ്പെട്ടിരുന്നു. 'ഹൈഫൈനാൻസി' ന്റെ ആഗോളപ്രതീകമായി ഇന്നും ഇതു നിലനിൽക്കുന്നു. ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, അമേരിക്കൻ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, ഫെഡറൽ റിസർവ്വ്വ്‌ ബാങ്ക്‌ ഓഫ്‌ ന്യൂയോർക്ക്‌, എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്‌. ഇൻവെസ്റ്റ്‌ ബാങ്കുകൾ, സെക്യൂരിറ്റി ഡീലർമാർ, ഇൻഷ്വറൻസ്‌ കമ്പനികൾ, ബ്രോക്കറേജ്‌ സ്ഥാപനങ്ങൾ, എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ കേന്ദ്രമാണിന്നിത്‌.
1792-ൽ ന്യൂയോർക്ക്‌ നഗരത്തിലെ ഇപ്പോഴത്തെ വാൾ സ്ട്രീറ്റിൽ 24 പേർ പങ്കെടുത്ത ഒരു അനൗപചാരിക കൂടിക്കാഴ്ചയിൽനിന്നായിരുന്നു ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ചിന്റെ തുടക്കം. അതിനുശേഷം രണ്ടു നൂറ്റാണ്ടുകാലം പിന്നിടുമ്പോൾ, ലോകത്തെ ഏറ്റവും വലിയ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ കേന്ദ്രമായി മാറി വാൾ സ്ട്രീറ്റ്‌. ഈ ധനകാര്യസ്ഥാപനങ്ങളുടെ മുഴുവൻ ചുക്കാൻ പിടിക്കുന്നതും ജൂതപ്രമാണിമാരാണ്‌. അമേരിക്കയുടെ സാമ്പത്തിക/ധനകാര്യ സ്ഥാപനങ്ങളുടെ മുഴുവൻ ബുദ്ധിസിരാകേന്ദ്രവും യഹൂദർ തന്നെ.
വാൾ സ്ട്രീറ്റിലെ ഈ ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ ബോർഡിൽ അംഗമാകുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു കമ്പനിക്ക്‌ ടാക്സടയ്ക്കും മുമ്പ്‌ 2.5ദശലക്ഷം ഡോളറെങ്കിലും (പതിനൊന്നു കോടി രൂപ) വരുമാനമുണ്ടെങ്കിൽ മാത്രമേ ഇതിൽ അംഗത്വം നേടാനാവൂ.


[തുടരും ]
phone :
9895180442

Monday, August 3, 2009

മരണത്തിന്‍റെ കയ്യൊപ്പു പതിച്ച ആശംസാകാര്‍ഡ്‌-എ.ക്യു. മഹ്ദി



തല കുനിച്ചിരിക്കയായിരുന്നു അയാള്‍. നീണ്ടു വളര്‍ന്ന അയാളുടെ തലമുടി
മാത്രമേ ദൂരെ നിന്നു പെട്ടെന്നു കാണാന്‍ കഴിയുമായിരുന്നുള്ളു. ആ
രൂപത്തിന്നരികിലേക്ക്‌ മെല്ലെ ഞാന്‍ നടന്നെത്തി. ചെമ്പിച്ച തലനാരുകള്‍
വീണ്‌ ഭാഗികമായി മറഞ്ഞിരുന്നു അയാളുടെ മുഖം. റോഡിന്നിരുപുറവും നിരവധി
ബഹുനിലക്കെട്ടിടങ്ങള്‍. റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകളാണ്‌ അവയൊക്കെയുമെന്ന്‌
തോന്നി. ഒരു കൂറ്റന്‍ കെട്ടിടത്തിന്‍റെ
ബേസ്‌മെണ്റ്റിനരികിലിരിക്കുകയായിരുന്നു അയാള്‍. റോഡിലെ തിരക്കും
വാഹനങ്ങളുടെ ശബ്ദവും ആ മനുഷ്യന്‍ അറിയുന്നതായി തോന്നിയില്ല. തീരെ നിറം
മങ്ങിയ ഒരയഞ്ഞ ടീ ഷര്‍ട്ടാണയാള്‍ ധരിച്ചിരുന്നത്‌.

എന്‍റെ കാല്‍പ്പെരുമാറ്റം ആ മനുഷ്യനെ ഉണര്‍ത്തിയെന്നു തോന്നി. സാവധാനം
അയാള്‍ മുഖമുയര്‍ത്തി.


സുന്ദരനായ ഒരു യുവാവ്‌. മംഗോളിയന്‍ വംശജന്‍. പരിക്ഷീണവും ദൈന്യവുമായ
ഭാവം . ആ ചെറുപ്പക്കാരന്‍റെ താടിരോമങ്ങള്‍ക്കും അകാല നര ബാധിച്ചിരുന്നു.
അസ്ഥിപഞ്ജരം കണക്കെ മെലിഞ്ഞു ശോഷിച്ച ശരീരം. മുഖത്തെ മാംസപേശികള്‍
വലിഞ്ഞു മുറുകി. കവിളെല്ലുകള്‍ പൊന്തിക്കാണാമായിരുന്നു. ഈര്‍പ്പം വറ്റി
വരണ്ടുണങ്ങിയ ആ ചുണ്ടുകള്‍ അല്‍പ്പം നനവിനായി ദാഹിക്കുന്നതുപോലെ. തോന്നി.
തളര്‍ന്ന കണ്ണുകള്‍ തുറക്കാന്‍ തന്നെ അയാള്‍ നന്നെ പണിപ്പെട്ടു.


കഴുത്തില്‍ കറുത്തൊരു ചരട്‌. അതില്‍ ബന്ധിച്ച ചെറിയൊരു ബോര്‍ഡും.
ബോര്‍ഡില്‍ വടിവില്ലാത്ത അക്ഷരങ്ങള്‍.

"-HIV tested, positive,please help me"


ഒരു ഞെട്ടലോടെ , സ്വയമറിയാതെ ഒരടി പിന്നോക്കം ഞാന്‍ നിന്നുപോയി.


നമ്മുടെ നാട്ടില്‍ ഇനിയും കണ്ടുതുടങ്ങിയിട്ടില്ലാത്ത ഒരപൂര്‍വ്വ കാഴ്ച.


എയ്ഡ്‌സ്‌ ബാധിച്ച ഒരു വ്യക്തിയെ ആദ്യമായി തൊട്ടരികില്‍ മുഖാമുഖം കാണുകയാണ്‌.

നേര്‍ത്ത ഒരു നീല പ്ളാസ്റ്റിക്ക്‌ ഷീറ്റ്‌ വിരിച്ചിരുന്നു അയാള്‍ക്കു
മുന്നില്‍. അതില്‍ ചിതറിവീണുകിടക്കുന്ന കറന്‍സി നോട്ടുകളും ചില
നാണയതുട്ടുകളും. അരികില്‍ മുഷിഞ്ഞ ഒരു റെക്‌സിന്‍ ബാഗ്‌. സിബ്‌ പോയ ആ
ബാഗില്‍ കുത്തിത്തിരുകിയിരുന്നു. ചില മുഷിഞ്ഞ വസ്ത്രങ്ങള്‍ ഏതോ ഡോക്‌ടര്‍
നല്‍കിയ സര്‍ട്ടിഫിക്കറ്റ്‌ ആണെന്ന്‌ തോന്നുന്നു. ഒരു കണ്ണാടി
ഫ്രെയ്‌മില്‍ ഉറപ്പിച്ച്‌ അടുത്തു തന്നെ വച്ചിരുന്നു.


അന്‍പത്‌ ബാത്തിന്‍റെ ഒരു തായ്‌ലണ്റ്റ്‌ കറന്‍സി ഞാനാ പ്ളാസ്റ്റിക്‌
പായിലിട്ടു. നൂറു ഇന്ത്യന്‍ ഉറുപ്പികയ്ക്ക്‌ തുല്യമായ മൂല്യമുണ്ടാവും
അന്നതിന്‌.



നന്ദി പ്രകടിപ്പിക്കാന്‍ കൂടി കഴിയാത്തവിധം വികാരശൂന്യമായ ഭാവമായിരുന്നു
അയാളുടെ മുഖത്ത്‌. ആ മഞ്ഞളിച്ച കണ്ണുകള്‍ മാത്രം തിളക്കമുള്ളതായി
കാണപ്പെട്ടു.


രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തെക്കു കിഴക്ക്‌ ഏഷ്യന്‍ രാജ്യങ്ങളിലൂടെ
ഞാന്‍ നടത്തിയ ഒരു സഞ്ചാര പര്യടനത്തിനിടെ , തായ്‌ലണ്റ്റിന്‍റെ തലസ്ഥാനമായ
ബാങ്കോക്കില്‍ വച്ചാണീ അനുഭവം.
ഒരു കാലത്ത്‌ ലൈംഗിക അരാജകത്വത്തിന്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ വച്ച്‌
ഏറ്റവും കുപ്രസിദ്ധി നേടിയ സ്ഥലമാണ്‌ ഞാന്‍ നില്‍ക്കുന്നതെന്നോര്‍ത്തു.

മനോഹരമായ സെക്‌സിനെ , അമൂര്‍ത്തമായ സ്ത്രീ സൌന്ദര്യത്തെ വെറും വില്‍പ്പന
ചരക്കാക്കി മാറ്റാന്‍ അധികാരികള്‍ തന്നെ അനുവാദം നല്‍കിയ ഏക ഏഷ്യന്‍
രാജ്യമാണ്‌ തായ്‌ലണ്റ്റ്‌. വെളുത്ത്‌ തുടുത്ത്‌ ഭംഗിയുള്ള നിറവും ആരേയും
ആകര്‍ഷിക്കാന്‍ പോന്ന വശ്യസൌകുമാര്യവും , വടിവൊത്ത ശരീര
ഭംഗിയുമുള്ളവരാണ്‌ തായ്‌ലണ്റ്റുകാര്‍. : പ്രത്യേകിച്ച്‌
തായ്‌സുന്ദരികള്‍.

സെക്‌സ്‌ ടൂറിസം തായ്‌ലണ്റ്റിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമായപ്പോള്‍ ,
എഴുപതുകളുടെ അന്ത്യത്തില്‍ ലൈംഗികരോഗങ്ങളുടെ ഒരന്തര്‍ദ്ദേശീയ വിതരണ
കേന്ദ്രമായി മാറി, തലസ്ഥാനമായ ബാങ്കോക്ക്‌.

പില്‍ക്കാലത്ത്‌ , ഗവണ്‍മെണ്റ്റ്‌ തലത്തില്‍ തന്നെ നടത്തപ്പെട്ട
ബോധവല്‍ക്കരണ പരിപാടികളിലൂടെ , ഈ അവസ്ഥക്ക്‌ കാര്യമായ മാറ്റമുണ്ടായി
എന്നും വായിച്ചതോര്‍മ്മ വരുന്നു. . അപ്പോഴേക്കും ഭൂമുഖത്ത്‌ എയ്ഡ്‌സെന്ന
മഹാവ്യാധി , അതിന്‍റെ വിത്തു പാകിക്കഴിഞ്ഞിരുന്നു.

ഇതാ എയ്ഡ്‌സിന്‌ ഈ പാതവക്കത്ത്‌ ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി .
തികച്ചും സഹതാപം അര്‍ഹിക്കുന്ന കാഴ്ച, ആ മനുഷ്യനെ തന്നെ തുറിച്ചു നോക്കി
കുറേ നേരം ഞാനവിടെ തരിച്ചു നിന്നു.

മനുഷ്യനെ നോവിപ്പിക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്നും മെല്ലെ പിരിയാന്‍
തുടങ്ങവേ , അയാളുടെ ചിലമ്പിച്ച സ്വരം കേട്ടു.

" സാര്‍ ഒരു നിമിഷം നില്‍ക്കുമോ?"

അവശവും ദുര്‍ബ്ബലവുമായ ഒരു ശരീരത്തില്‍ നിന്നാണോ മുഴക്കമുള്ള ഈ ശബ്ദം
പുറത്തു വന്നതെന്നു സംസയം തോന്നി.

" ഞാനീ പറയുന്ന വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിക്കുമെന്ന്‌ കരുതുന്നു. ഇവിടെ
ഈ നഗരത്തിലെമ്പാടും എയ്ഡ്‌സ്‌ എന്ന മാരക രോഗം പതിയിരുപ്പുണ്ട്‌. "
സൂക്ഷിച്ചില്ലെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എതു നിമിഷവും ഒരു
ഭീകരനെപ്പോലെ നിങ്ങളുടെ മുമ്പില്‍ അത്‌ കടന്നുവരാം.

വിലപ്പെട്ട ഒരു മുന്നറിയിപ്പു നല്‍കും മട്ടിലാണയാള്‍ തന്‍റെ വാക്കുകള്‍
തുടര്‍ന്നത്‌.

" ഒരു പ്രശസ്‌ത ട്രാവല്‍ കമ്പനിയുടെ ടൂറിസ്റ്റ്‌ ഗൈഡായിരുന്നു ഞാന്‍.
ഒട്ടേറെ വിനോദയാത്രികര്‍ക്ക്‌ വഴികാട്ടിയായി ഞാന്‍
പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അപരിചിതയായ ഒരു യൂറോപ്യന്‍ വനിത ,
ഒരിക്കലെനിക്കു സമ്മാനിച്ചതാണീ ദുരന്തം.

അയാളുടെ വാക്കുകള്‍ തുടര്‍ന്നും കേള്‍ക്കാന്‍ ഞാന്‍ തയ്യാറായി.

" വിദേശ ടൂറിസ്റ്റുകളുടെ ഒരു സംഘത്തിലാണ്‌ ഒരിക്കല്‍ ഞാനവളെ ആദ്യമായി
കണ്ടത്‌. ചുവന്നു തുടുത്ത നിറവും , സ്വര്‍ണ്ണത്തലമുടിയും ചാരനിറത്തിലുള്ള
കണ്ണുകളുമുള്ള ഒരു സുന്ദരി. താനൊരു ജര്‍മ്മന്‍കാരിയാണെന്നാണവള്‍ സ്വയം
പരിചയപ്പെടുത്തിയത്‌.
" അവള്‍ താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക്‌ ഒരിക്കലെന്നെ ക്ഷണിച്ചു. "

" അതൊരു പ്രലോഭനമായിരുന്നെന്ന്‌ അറിയാന്‍ അന്നെനിക്കായില്ല. ആ
സുഖനിര്‍വൃതിയുടെ നിമിഷങ്ങള്‍ക്കിടയില്‍ അവള്‍ പകര്‍ന്നു തന്നതാണീ രോഗം
ഇത്തരമൊരവസ്ഥ ഭൂമിയില്‍ മറ്റാര്‍ക്കുമുണ്ടാവരുതെന്ന്‌ ഞാന്‍
ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നേരില്‍ അവളൊരു
എച്ച്‌.ഐ.വി. വാഹകയാണെന്ന്‌ ഒരിക്കലും ആര്‍ക്കും തോന്നുമായിരുന്നില്ല.


"ആ രാത്രി പിന്നിട്ടതിനു ശേഷം പിന്നീടൊരിക്കലും ഞാനവളെ കണ്ടിട്ടില്ല.
പിറ്റേന്ന്‌ നന്നേ പുലര്‍ച്ചക്കുതന്നെ അവള്‍ ഹോട്ടല്‍ വിടുകയും , ഞങ്ങള്‍
പിരിയുകയും ചെയ്‌തു.

" "ഇലോന ബര്‍ക്ക്‌" എന്നായിരുന്നു അവളുടെ പേര്‌ "
ഒരിടവേളയില്‍ , മുറിയുടെ ചുവരിലെ സ്റ്റാണ്റ്റില്‍ തൂക്കിയിരുന്ന എന്‍റെ
ജീന്‍സ്‌ , സ്വാതന്ത്ര്യത്തോടെ അവള്‍ കയ്യിലെടുത്തു. ആ സുന്ദരിയുടെ ഓരോ
ചലനവും കൌതുകപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.
ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്ന്‌ അവളെന്‍റെ പേഴ്‌സ്‌
തപ്പിയെടുക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.

" "പെഴ്‌സില്‍ നിന്നും കറന്‍സിയൊന്നും എടുക്കാന്‍ അവള്‍ ശ്രമിച്ചില്ല.
എന്‍റെ അഡ്രസ്സ്‌ കാര്‍ഡ്‌ മാത്രം പുറത്തെടുത്ത്‌ പേരും വിലാസവും
വായിച്ചിട്ട്‌, ആത്മഗതമെന്നോണം സ്വരം താഴ്ത്തി അവള്‍ പറഞ്ഞു.

" "ഞങ്ങളുടെ ക്ളബ്ബില്‍ ഇതാ ഒരു പുതിയ അംഗം കൂടി" "
ഏത്‌ ക്ളബ്ബ്‌? എന്തു ക്ളബ്ബ്‌? എന്‍റെ ചോദ്യം കേട്ടതായിപ്പോലും അവള്‍ ഭാവിച്ചില്ല
. പുലര്‍ച്ചെ സ്ഥലം വിട്ടിരുന്നു. എന്താണ്‌ അവള്‍ പറഞ്ഞതിന്‍റെ
അര്‍ത്ഥമെന്ന്‌ ചോദിക്കാനായില്ല. "

" മാസങ്ങള്‍ക്കു ശേഷം ഒരു നാള്‍ ബര്‍ലിനില്‍ നിന്ന്‌ എനിക്കൊരു
എയര്‍മെയില്‍ കവര്‍ കിട്ടി.

ജര്‍മ്മനിയുടെ തലസ്ഥാനത്തു നിന്നും ആരാണ്‌ എനിക്കെഴുതുക? ഞാനോര്‍ത്തു.

തിടുക്കത്തില്‍ ഞാനാ കവര്‍ തുറന്നു നോക്കി. "welcome to our aids club "
ഒരു വല്ലാത്ത നടുക്കത്തോടെ , ഞാനാ വാക്കുകള്‍ ഒരാവര്‍ത്തികൂടി വായിച്ചു"
" പേടിപ്പിക്കുന്ന ആ സന്ദേശത്തിന്‌ കീഴില്‍ ഒരു കയ്യൊപ്പും, താഴെ "ഇലോന
ബര്‍ക്ക്‌" എന്നും എഴുതിയിരുന്നു.
"അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ ആ സന്ദേശം ഒരു മരണ ദൂതുപോലെ എനിക്കു
തോന്നി. അതെന്‍റെ സ്വസ്ഥതയാകെ കളഞ്ഞു. വല്ലാത്ത ഒരു പരിഭ്രമം എന്നെ
കീഴടക്കി.

" " ഞെട്ടല്‍ ഉളവാക്കുന്ന ഒരു ഭീതി എന്നില്‍ പടര്‍ന്നു കയറി. വളരെ
രഹസ്യമായാണ്‌ ഞാനെന്‍റെ രക്ത പരിശോധന നടത്തിയത്‌. ആ ബ്ളഡ്‌ റിസല്‍ട്ട്‌
എന്നെ തളര്‍ത്തിക്കളഞ്ഞു.
"എച്ച്‌,ഐ.വി. പോസിറ്റീവ്‌" ഞാനാകെ തളര്‍ന്നു പോയി. .

തകര്‍ന്ന മനസ്സുമായി ആ രഹസ്യം ഏറെക്കാലം ഞാന്‍മൂടിവച്ചു. "

പക്ഷേ ഒരിക്കല്‍ ആ വാര്‍ത്ത പുറത്തു വന്നു.
" എന്‍റെ ട്രാവല്‍ കമ്പനി അമേരിക്കയിലേക്കുള്ള ഒരു പാക്കേജ്ജ്‌ ടൂറിന്‍റെ
മാനേജരായി എന്നെ നിയോഗിക്കാന്‍ തീരുമാനിച്ച സമയമായിരുന്നു അത്‌. അതെന്നെ
സംബന്ധിച്ചിടത്തോളം എന്‍റെ ഔദ്യോഗിക ജീവിതകാലത്ത്‌ കിട്ടാവുന്ന ഏറ്റവും
വലിയ ഒരവസരമായിരുന്നു. യാത്രാ രേഖകള്‍ക്കൊപ്പം , വിദേശ യാത്രയുടെ ഭാഗമായി
രക്ത പരിശോധനയും നിര്‍ബ്ബന്ധമായിരുന്നു. അങ്ങനെ ഒരു നാള്‍ മൂടിവച്ചിരുന്ന
ആ രഹസ്യം , ട്രാവല്‍കമ്പനിക്കു വേണ്ടി നടത്തിയ രക്തപരിശോധനയിലൂടെ
പുറത്തായി. എന്‍റെ യാത്ര മുടങ്ങി. . ജോലിയും നഷ്‌ടപ്പെട്ടു. ഞാനൊരു
എയ്ഡ്‌സ്‌ രോഗിയാണെന്ന്‌ ലോകം തിരിച്ചറിഞ്ഞത്‌ അങ്ങിനെയാണ്‌. "
ഒക്കെയും ഞാനാ റോഡരികില്‍ വച്ച്‌ കേട്ടു നിന്നു. . ആ മനുഷ്യനോട്‌ ഒരു
വാക്കു പോലും സംസാരിക്കാനുള്ള മാനസികാവസ്ഥ ആ നിമിഷത്തിലെനിക്കുണ്ടായില്ല.

ഇത്രയധികം അവശനായിട്ടും എല്ലാ കാര്യങ്ങളും സുവ്യക്തമായി സംസാരിക്കാനുള്ള
ശക്തി ഈശ്വരന്‍ അയാള്‍ക്ക്‌ നല്‍കിയിരിക്കുന്നുവെന്നതെന്നെ
അത്ഭുതപ്പെടുത്തി.
ഒരേയൊരു ചോദ്യം മാത്രം എനിക്കയാളോട്‌ ചോദിക്കാനുണ്ടായിരുന്നു.
" നിങ്ങളുടെ കുടുംബം"?

അയാള്‍ വേദനയോടെ ആത്മനിന്ദയോടെ വാക്കുകള്‍ക്കായി പരതി. "

സാര്‍ ഇന്നെനിക്ക്‌ വീടില്ല, കുടുംബമില്ല, സുഹൃത്തുക്കളില്ല. എന്‍റെയീ
രോഗത്തെപ്പറ്റി ഞാനും ലോകവും അറിഞ്ഞ നാള്‍ മുതല്‍ ശരിക്കും
ഞാനൊരനാഥാവസ്ഥയിലായി. എന്‍റെ ജോലി നഷ്‌ടപ്പെട്ടു. വീട്ടുകാര്‍
ഉപേക്ഷിച്ചു. ഞാന്‍ ജീവനോളം സ്നേഹിച്ചിരുന്ന , എന്നെ പ്രേമിച്ചിരുന്ന ഒരു
പെണ്‍കുട്ടി ഉണ്ടായിരുന്നു: അവളും പിന്‍മാറിക്കളഞ്ഞു.
തീര്‍ത്തും ഞാന്‍നിസ്സഹായനായി. ഭാരിച്ച ചികിത്സാചെലവുകള്‍ താങ്ങാന്‍
ഒരിക്കലും എനിക്കാവുമായിരുന്നില്ല. മാസങ്ങളായി, ഈ തെരുവും ഈ
വന്‍കെട്ടിടത്തിന്‍റെ നിഴലുമാണ്‌ എനിക്കഭയം നല്‍കുന്നത്‌. ഒരു പക്ഷേ
ഇതാവും എന്‍റെ അവസാന താവളവും.

സംഭാഷണത്തിനിടയില്‍ ഇടയ്കിടെ അയാളെ തടസ്സപ്പെടുത്തിക്കൊണ്ടിരുന്ന ചുമ
ഇപ്പോള്‍ അധികമായി. ചുമയ്ക്കാന്‍കൂടി ശക്തി പോരാത്ത ഒരുവനെപ്പോലെ
തളര്‍ന്നയാള്‍ തല കുനിച്ചിരുന്നു.

തെല്ലു നേരത്തെ മൌനത്തിനു ശേഷം വീണ്ടുമയാള്‍ മുഖമുയര്‍ത്തി
ജീവിച്ച്‌ ഇനിയും കൊതി തീര്‍ന്നിട്ടില്ല സാര്‍. ആ മോഹം എന്നിലിപ്പോഴും
ബാക്കി നില്‍ക്കുന്നു.
ആ മനുഷ്യന്‍റെ കണ്‌ഠമിടറി. വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ ഒരു നിമിഷം
അയാള്‍ തന്‍റെ സംഭാഷണം നിര്‍ത്തി വച്ചു.

തീര്‍ത്തും നിരാശാബോധം നിഴലിക്കുന്നവയായിരുന്നു ആ വാക്കുകള്‍. എങ്കിലും
അറിയപ്പെടാത്ത ഏതോ ആശ്വാസബിന്ദുവിന്‍റെ തിരിനാളം ഇപ്പോഴും അയാളില്‍
കെടാതെ നില്‍ക്കുന്നുവെന്നു തോന്നി.

ജീവിതം മനോഹരമായ ഒരു തപസ്യയാണ്‌. എവിടേയോ വായിച്ചത്‌ ഞാനപ്പോഴോര്‍ത്തു.
ഇവിടെയിതാ ഈ മനുഷ്യന്‍ ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത ഈ
ചെറുപ്പക്കാരന്‍. എപ്പഴോ കടന്നെത്തുന്ന മരണത്തെ മുഖാമുഖം കാണാന്‍
ഞെട്ടലോടെ കാത്തിരിക്കുന്നു.

തെല്ലുനേരം അയാള്‍ നിശ്ശബ്ദനായി. ഒരു ചോദ്യഭാവത്തില്‍ ആ മനുഷ്യന്‍
തന്‍റെ വിളറിയ വാക്കുകള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തി. "എനിക്കു
വേണ്ടി പ്രാര്‍ത്ഥിക്കുമോ സാര്‍?"..........കഴിവതു നേരത്തേ കടന്നെത്തുന്ന
സുഖപ്രദമായ ഒരു മരണത്തിനുവേണ്ടി..... !
വീണ്ടും അയാളുടെ പതിഞ്ഞ ശബ്ദം ഞാന്‍ കേട്ടു. "വിരോധമില്ലെങ്കില്‍
അങ്ങയുടെ വിലാസം എനിക്കു തരുമോ?"

വിലാസമോ, എന്തിന്‌? ഞാന്‍ മനസ്സിലോര്‍ത്തു. എന്തെങ്കിലും
വിനയായിത്തീരുമോ?. ഞാനൊരു വിദേശീയനാണെന്നിയാള്‍ക്ക്‌ അറിയില്ലെന്നുണ്ടോ?
ഏതായാലും എന്‍റെ അഡ്രസ്‌ കാര്‍ഡ്‌ ഞാനയാള്‍ക്കു നേരെ നീട്ടി.

സംതൃപ്തഭാവത്തില്‍ മുഖം ചലിപ്പിച്ചുകൊണ്ടതയാള്‍ സ്വീകരിക്കാന്‍
കൈയുയര്‍ത്തി. ആ നേര്‍ത്തു ശോഷിച്ച വിരലുകളില്‍ കൈയമര്‍ത്തി ആശ്വാസം
പകരുവാനും എന്‍റെ വിലാസം അച്ചടിച്ച കടലാസ്‌ അയാളുടെ കൈയില്‍ നേരിട്ടു
കൊടുക്കാനും എനിക്കൊട്ടും മടി തോന്നിയില്ല.
അയാളാകട്ടെ അത്‌ തീരെ പ്രതീക്ഷിച്ചില്ല എന്ന്‌ തോന്നി. ആ വാക്കുകളിലതു
വ്യക്തമാവുകയും ചെയ്‌തു.

ഞാനീ വഴിവക്കിലിരിക്കാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി. ഇതിനകം എന്നോട്‌
സന്തോഷപൂര്‍വ്വം സംസാരിച്ച , കൈയ്യില്‍ അമര്‍ത്തിപിടിച്ച്‌ ആശ്വാസം
പകര്‍ന്ന ഒരേയൊരു വ്യക്തി നിങ്ങള്‍ മാത്രമാണ്‌. പലരും സഹതാപ പൂര്‍വ്വം
നാണയത്തുട്ടുകള്‍ ദൂരേ നിന്ന്‌ വലിച്ചെറിഞ്ഞ്‌
കടന്നുപോവാറാണുണ്ടായിരുന്നത്‌..... "
അപ്പോഴും നിശ്ശബ്ദനായി ഞാനയാളുടെ വാക്കുകള്‍ കേട്ടുനിന്നു. ദു:ഖഭാവം
ഘനീഭവിച്ച നിമിഷങ്ങള്‍ കടന്നു പോവുന്നു.
സാര്‍ താങ്കള്‍ക്കെന്നെ സ്പര്‍ശിക്കാന്‍ ഭയം തൊന്നിയില്ലേ, ഞാനൊരു
എയ്ഡ്‌സ്‌ രോഗിയാണെന്നറിഞ്ഞിട്ടും. ?

തൊട്ടാല്‍ പകരുന്ന രോഗമല്ലല്ലൊ സ്നേഹിതാ എയ്ഡ്‌സ്‌.
എന്‍റെ വാക്കുകള്‍ ആ മനുഷ്യനെ ആശ്വസിപ്പിച്ചത്‌ ഞാനറിഞ്ഞു.

തീരെ ശോഷിച്ച അയാളുടെ കൈയ്യും , നേര്‍ത്ത വിരലുകളും ഞാന്‍ ശ്രദ്ധിച്ചു.
രോഗം കാര്‍ന്നു തിന്നു്‌ ശുഷ്ക്കിച്ചുപോയ അയാളുടെ ശരീരഭാഗങ്ങള്‍ ഒരു
ദുരന്തത്തിന്‍റെ ബാക്കിപത്രമായി തോന്നി.
ഞാന്‍ ചോദിക്കാതെ തന്നെയയാള്‍ പറഞ്ഞു.
എന്‍റെ പേര്‌ ക്ളിന്‍ബെന്‍ എന്നാണ്‌ സാര്‍........
ശരിയാണ്‌, ഏറെ നേരം അയാളുമായി സംസാരിച്ചിട്ടും ആ മനുഷ്യന്‍റെ പേര്‌'
ഞാന്‍ ചോദിച്ചിരുന്നില്ല.

നിമിഷങ്ങളുടെ നിശ്ശബ്ദത , വീണ്ടും മുഖം കുനിച്ചയാളിരുന്നു. തല
ഉയര്‍ത്തിപിടിക്കാന്‍ കൂടി ശക്തി പോരാത്ത ഒരുവനെപ്പോലെ.
ഒക്‌ടോബറിലായിരുന്നു ഈ സംഭവം നടന്നത്‌.
മൂന്നുമാസം കഴിഞ്ഞ്‌ , ജനുവരിയില്‍ പുതുവത്സരക്കാലത്ത്‌ , ഒരു നീല
എയര്‍മെയില്‍ കവര്‍ നാട്ടില്‍ എന്നെ തേടിയെത്തി, അതിനുള്ളില്‍ അച്ചടിച്ച
ഒരാശംസാക്കുറിപ്പുണ്ടായിരുന്നു. ബാങ്കോക്കില്‍ നിന്ന്‌ ക്ളിന്‍
ബെന്നിന്‍റേത്‌. കാര്‍ഡിലാകട്ടെ . സന്ദേശത്തിനു കീഴില്‍ അയാളുടെ പേര്‌
മാത്രം , വിലാസമുണ്ടായിരുന്നില്ല.
തെരുവില്‍ അന്തിമാഭയം തേടിയ നിര്‍ഭാഗ്യവാനായ ആ മനുഷ്യന്‌ സ്വന്തം
മേല്‍വിലാസം എന്നേ നഷ്‌ടപ്പെട്ടിരുന്നു. ആശംസാകാര്‍ഡ്‌ സ്പോണ്‍സര്‍
ചെയ്‌തിരുന്നത്‌ APPAC(AIDS PATIENT' S PALIATIVE ASSISTANTS
CENTRE)-എന്ന സംഘടനയായിരുന്നു. മരണാസന്നരായി ജീവിതാന്ത്യത്തിലെത്തുന്ന
എയ്ഡ്‌സ്‌ രോഗികള്‍ക്ക്‌ ആശ്വാസവും , സുഖകരമായ മരണവും മരണാനന്തരക്രിയകളും
ഒരുക്കികൊടുക്കുന്ന ജീവകാരുണ്യ സംഘടനയാണ്‌ 'APPAC' ചെറിയ അക്ഷരങ്ങളീല്‍
അവരുടെ പൂര്‍ണ്ണവിലാസം സ്റ്റാമ്പ്‌ ചെയ്‌തിരുന്നു കവറിനു പുറത്ത്‌.
ക്ളിന്‍ ബെന്നിന്‍റെ ദയനീയ ചിത്രം ഒരിക്കല്‍കൂടി എന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു.
ആ മനുഷ്യന്‍ ജീവിച്ചിരിക്കുന്നുവെന്നതു തന്നെ എന്നെയാശ്വസിപ്പിച്ചു.
അയാള്‍ക്ക്‌ ഒരു മറുപടി സന്ദേശമയക്കണമെന്നെനിക്ക്‌ തോന്നി.
എവിടേക്കയക്കും? ഞാന്‍ "APPAC " ന്‌ , ബെന്നിന്‍റെ
അവസ്ഥയെക്കുറിച്ചറിയാന്‍ ഒരു കത്തെഴുതി.

ഒരു മാസത്തിനുശേഷം എനിക്കവരില്‍ നിന്നും മറുപടി കിട്ടി. രോഗം
മൂര്‍ച്ഛിച്ച്‌ തീരെ അവശനായി മരണശയ്യയില്‍ കിടക്കുമ്പോള്‍ തന്‍റെ
എയര്‍ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു അഡ്രസ്‌ കാര്‍ഡ്‌
പുറത്തെക്കെടുക്കുവാന്‍ അയാള്‍ അവരോടപേക്ഷിച്ചുവത്രെ. എന്‍റെ അഡ്രസ്‌
കാര്‍ഡ്‌. അതിലെ വിലാസക്കാരന്‌ ഒരു കത്തയക്കുക എന്നത്‌ തന്‍റെ അവസാന
ആഗ്രഹമായി ക്ളിന്‍ബെന്‍ പറഞ്ഞത്‌ അവര്‍ സ്വീകരിക്കുകയായിരുന്നു.
അങ്ങനെയാണ്‌ അവര്‍ ബെന്നിന്‍റെ പേരില്‍ എനിക്ക്‌ ഒരു ആശംസാക്കുറിപ്പ്‌
അയച്ചത്‌.
കാര്‍ഡ്‌ പോസ്റ്റ്‌ ചെയ്‌തതിന്‍റെ മൂന്നാം നാള്‍ ബെന്‍ മരിച്ചുവെന്നും
അവര്‍എഴുതിയിരുന്നു.
മരണത്തിന്‍റെ കയ്യൊപ്പുമായി എന്നെത്തേടിയെത്തിയ ആ ആശംസാകാര്‍ഡ്‌
ഞാനിന്നും സൂക്ഷിക്കുന്നു. ഒരു ദുരന്തത്തിന്‍റെ ബാക്കി പത്രമെന്നോണം.

+91 9895180442