Followers

Saturday, January 2, 2010

കഥ

vijayakumar kalarickal

എം.എൽ.എം

പ്രചണ്ഡമായൊരു പേമാരി എന്നു വേണമെങ്കിൽ പറയാം. അങ്ങിനെയാണവൻ മങ്കാവുടിയിൽ തിരിച്ചെത്തിയത്‌. ഫോർ റജിസ്ട്റേഷൻ ബ്ലാക്‌ വാഗ്‌നറിൽ .
കറുത്ത പോളീ‍ഷ്‌ ചെയ്തു തിളങ്ങുന്ന ഷൂവിൽ ,വെളുത്ത സോക്സിൽ കരുത്ത പാന്റ്‌സിൽ ക്രീം ഷർട്ട്‌ ഇൻസേർട്ട്‌ ചെയ്‌ത്‌ ഗോൾഡൻ ബ്രൗൺ ടൈയും കെട്ടി ....
അവൻ മങ്കാവുടി പട്ടണത്തിലെ ഫുട്ട്‌പാത്തിൽ നിന്നും ചെരുപ്പുക്കച്ചവടം വിട്ടുപോയിട്ട്‌ അധികം കാലമൊന്നുമായിട്ടില്ല.
"ആരും സംശയിക്കരുത്‌. ഇത്‌ കള്ളക്കടത്തോ, കരിഞ്ചന്തയോ, മോഷണമോ, പിടിച്ചുപറിയോ , ചാത്തൻസേവയോ ,അലാവുദ്ദീന്റെ അത്ഭുതവിളക്കിൽ നിന്ന്‌ കിട്ടിയതോ ഒന്നുമല്ല" അവൻ പറഞ്ഞു.
"ചങ്കൂറ്റമുള്ളവരുടെ ബിസിനസ്സാണ്‌.,പക്കാക്കച്ചവടം. മൾട്ടിലെവൽ മാർക്കറ്റിംഗ്‌,എം.എൽ.എം."
പിന്നീടുള്ള രാത്രികളിൽ കൊണ്ടിപ്പാടത്തെ അവന്റെ അയൽക്കാരായ ഞങ്ങൾക്ക്‌ വിലകൂടിയ സ്ക്കോച്ചിന്റേയും,മൊരിച്ചകടലയുടേയും കൂടെ എം.എൽ.എം ബിസിനസ്സിന്റെ വിശേഷണങ്ങളും വിളമ്പിത്തന്നു. ആവോളം....
പകലുകളിൽ വീടുകളിൽ വെറുതെയിരിക്കുന്ന അമ്മമാരോടും പെങ്ങളുമാരോടും ഓതിക്കൊടുത്തു.
ഓത്തു കേൾക്കുന്നവർ ചെയ്യേണ്ടത്‌ രണ്ട്‌ കാര്യങ്ങൾ മാത്രം.
ചെറിയൊരു തുക മുടക്കി കമ്പനിയിൽ ചേർന്നു നിൽക്കുക. രണ്ട്‌ അടുത്ത ബന്ധുക്കളെ അല്ലെങ്കിൽ ഉറ്റ്‌ സുഹൃത്തുക്കളെ കമ്പനിയിലേക്ക്‌ പരിചയപ്പെടുത്തുക.
ആഴ്‌ച്ചയിൽ ആയിരങ്ങളാണ്‌ ചെക്കായിട്ട്‌ കൊറിയർ വഴി എത്തുന്നത്‌. ആയിരങ്ങൾ പതിനായിരങ്ങളാകും. പതിനായിരങ്ങൾ..........
അവൻ കൂട്ടിച്ചേർത്തു.
"ഇനി നിങ്ങൾക്ക്‌ രണ്ടാളുകളെ പരിചയപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങൾ ബിസിനസ്സ്‌ മുമ്പോട്ടു കൊണ്ടുപോകും. അത്‌ ഞങ്ങളുടെ ആവശ്യമാണ്‌.കാരണം ഞങ്ങൾക്ക്‌ വരുമാനം വേണം.അതോടൊപ്പം നിങ്ങൾക്കും വരുമാനം കിട്ടും. ഇത്‌ ഒറ്റക്കുള്ള ബിസിനസ്സല്ല. .ഗ്രൂപ്പായിട്ടുള്ളതാണ്‌."
കൊച്ചൊറോത പെങ്ങള്‌ വല്ലാതങ്ങ്‌ മോഹിച്ചുപോയി. കൊണ്ടിപ്പാടത്തെ പലരും. അഞ്ചുസെന്റ്‌ സ്ഥലത്ത്‌ മഴയൊലിച്ചുകിടക്കുന്ന കുശ്ശിനിയിലാണ്‌ ഒറോതപെങ്ങള്‌ താമസം. അതൊന്ന്‌ നന്നാക്കാൻ കഴിഞ്ഞാൽ.......
ഭർത്താവ്‌ മരിച്ച .അഞ്ചു മക്കളുമായിക്കഴിയുന്ന മകളെ സഹായിക്കാൻ കഴിഞ്ഞാൽ......
തൊഴിലില്ലാതെ തെണ്ടി നടക്കുന്ന മകനെ ഒന്നു കര കയറ്റാൻ കഴിഞ്ഞാൽ.....
സോസൈറ്റിയിൽ അഞ്ചു സെന്റു സ്ഥലം പണയം വെച്ച്‌ ആ ചെറിയ തുകയുണ്ടാക്കൻ സഹായിച്ചതും അവൻ തന്നെ. .കമ്പനിയിൽ ഒറോത പെങ്ങളെ ബന്ധപ്പെടുത്തി നിർത്തിയതും അവൻ തന്നെ.
താലിമാല പണയപ്പെടുത്തിയും കൊള്ളപ്പലിശക്ക്‌ പണം വാങ്ങിയും ഒറോതപെങ്ങളെ പിൻതുടരുന്നവരുണ്ട്‌..
അന്നു രാത്രി.
പിന്നെ,പിറ്റേന്നു രാത്രിയിലും ഒറോതപെങ്ങള്‌ ഒരു പാട്‌` സ്വപ്‌നങ്ങൾ കണ്ടു..
അയലത്തെ സ്നേഹിതരോടും ,ഇത്തിരി അകലെയുള്ള ബന്ധുക്കളോടും പറഞ്ഞു നടന്നു.
കെഞ്ചി നടന്നു
ആഴ്‌ച്ചകളും മാസങ്ങളും കടന്നു....
രണ്ടുപേരെ (രണ്ടുപേരെ മാത്രം)കമ്പനിക്ക്‌ പരിചയപ്പെടുത്താൻ ഒറോത പെങ്ങൾക്ക്‌ കഴിഞ്ഞില്ല.
പിന്നീടുള്ള ദിവസങ്ങളോ, ആഴ്‌ചകളോ മാസങ്ങളൊ ഒറോതപെങ്ങൾക്കായി കാത്തു നിന്നില്ല. ആരും സഹായിച്ചുമില്ല.
ഒരു നാൾ സോസൈറ്റിക്കാർ വന്ന്‌ കുശ്ശിനിക്കുള്ളിലിരുന്ന ചെമ്പു പാത്രങ്ങളും കട്ടിലും അലമാരിയും ജപ്തിചെയ്‌തുകൊണ്ടുപോകുമ്പോൾ അവൻ ഫോർ റജിസ്ട്രേഷൻ ഫോർഡ്‌ ഐക്കണിൽ മങ്കാവുടി വിട്ട്‌ പോയിക്കഴിഞ്ഞിരുന്നു.




മരണം പരസ്യമാകുന്നു


ഒന്ന്‌:ദേശീയ പ്രാദേശീയ ദിനപത്രങ്ങളുടെ (ആംഗലേയത്തിലെ, മാതൃഭാഷയിലെ)ആദ്യപേജിൽതന്നെ കാൽഭാഗത്ത്‌ അയാളുടെ മരണം അറിയിച്ചുകൊണ്ടുള്ള ഫോട്ടോയോടു കൂടിയ പരസ്യം വന്നു.
ഞങ്ങളുടെ അഭിവന്ദ്യപിതാവ്‌ ഇന്നയിടത്ത്‌ ഇന്നയാൾ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്‌ ഇന്ന ദിവസം ഇന്നസമയത്ത്‌ നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. സംസ്ക്കാരകർമ്മങ്ങൾ ഇന്ന ദിവസം ഇന്ന സമയത്ത്‌ തറവാട്ടുവളപ്പിൽ നടക്കുന്നതാണ്‌.
എന്ന്‌ സന്തപ്ത മക്കൾ, മരുമക്കൾ, ചെറുമക്കൾ,ചാർച്ചക്കാർ,അവരോടെല്ലാം ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ പേരുകൾ, ഫോൺ നമ്പറുകൾ ...........

രണ്ട്‌:അയാളുടെ മരണശേഷം നാലാം നാൾ എല്ലാ ദിനപത്രങ്ങളുടേയും ചരമ അറിയിപ്പുപേജിൽ കാൽ ഭാഗത്ത്‌ കോളം തിരിച്ച്‌ ഫോട്ടോയോടുകൂടി ഇങ്ങിനെയെഴുതി.

ഞങ്ങളുടെ അഭിവന്ദ്യപിതാവ്‌ ഇന്നയിടത്ത്‌ ഇന്നയാൾ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ഇന്ന ദിവസം ഇന്നയിടത്ത്‌ നിര്യാതനായ വിവരം അരിഞ്ഞുകാണുമല്ലോ. അദ്ദേഹത്തിന്റെ സഞ്ചയനം നാളെ രാവിലെ 9 മണിക്ക്‌ നടക്കുകയാണ്‌. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതി സംബന്ധിക്കുവാൻ സാദരം ക്ഷണിച്ചുകൊള്ളുന്നു..അദ്ദേഹത്തിന്റെ വിയോഗത്തിൽ നേരിട്ടും, ഫോണിലൂടേയും ഞങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും, സാന്ത്വനപ്പെടുത്തുകയും ചെയ്‌ത എല്ലാവരേയും കൃതാർത്ഥതയോടെ സ്മരിക്കുന്നു.
എന്ന്‌ മക്കൾ, മരുമക്കൾ, ചെറുമക്കൾ, ബന്ധുക്കൾ, ചാർച്ചക്കർ..................
ഉപചാരപൂർവ്വം സ്ഥാപനങ്ങളുടെ പേരുകളും, മേല്‍‌വിലാസങ്ങളും..............................
പിന്നീട്‌:
പുലകുളി,സപിണ്ഢ അടിയന്തിരത്തിന്‌,
പരമാത്മാവിൽ വിലയം ചെയ്‌തതിന്റെ വാർഷികങ്ങൾക്ക്‌
പത്രത്താളുകളിൽ വരുന്ന ഫോട്ടോ,അറിയിപ്പുകൾ വഴി അയാൾ ഇന്നും
ഉപചാരപൂർവ്വം എത്തുന്ന ചെറുമക്കളും, ബന്ധുക്കളും,ചാർച്ചക്കാരും,അവരോടു ബന്ധപ്പെട്ട സ്ഥാപനങ്ങളും വിലാസങ്ങളും വർദ്ധിപ്പിച്ചുകൊണ്ട്‌,
പരസ്യമായി.........................................