Followers

Saturday, January 2, 2010

നേർക്കാഴ്‌ചകൾ-------ഒരു ടൈം‌പാസ്സിന്‌

thomas neelarmatham




ഏതോ ഒരൊഴുക്കിൽ,അദ്ധ്യാപനത്തിന്റെ തീരത്തേക്ക്‌ അടിഞ്ഞുകയറിയവനാണ്‌ ഞാൻ. പഠനകാലത്ത്‌ അദ്ധ്യാപകൻ ആകണമെന്ന്‌ ആഗ്രഹമേ ഇല്ലായിരുന്നു. എന്നാൽ എന്നോടൊപ്പം കോളേജു ക്ലാസ്സുകളിൽ പഠിച്ചിരുന്ന സൂസന്‍‌ജോൺ ഒരു കോളേജദ്ധ്യാപിക ആകണമെന്നുള്ള വ്യക്തമായ കാഴ്‌ച്ചപാടോടെ പഠനത്തെ ഗൗരവമായി സമീപിച്ച പെൺകുട്ടിയായിരുന്നു. ക്ലാസ്സിലെ ഏറ്റവും സമർത്ഥയും പാഠ്യേതര വിഷയങ്ങളിൽ മറ്റുള്ളവരേക്കാൾ ഒക്കെ വളരെ താത്പര്യം പ്രകടിപ്പിച്ചിരുന്ന പെൺകുട്ടിയായിരുന്നു സൂസൻ ജോൺ. ഞങ്ങളുടെ അദ്ധ്യാപകരും സഹപാഠികളും ഒരു മികച്ച അദ്ധ്യാപികയുടെ എല്ലാ ഗുണങ്ങളും അവളിൽ കണ്ടു. ഭാവിയിൽ ഏതെങ്കിലും ഒരു കോളേജിലെ മലയാളവിഭാഗം അദ്ധ്യാപികയായി ശോഭിക്കുന്ന സൂസനെയായിരുന്നു ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നത്‌.
എന്നാൽ സംഭവിച്ചതു മറിച്ചായിരുന്നു. ഇടുക്കി ജില്ലയിലെ ഏതോ പ്രമുഖ മലഞ്ചരക്ക്‌ വ്യാപാരിയുടെ മകനാണ്‌ സൂസൻ ജോണിനെ വിവാഹം കഴിച്ചതു്‌.എസ്റ്റേറ്റും കാറും ബംഗ്ലാവും സുഗന്ധ വിളകളുമുള്ള ആ കുടുംബത്തിലേക്ക്‌ വന്ന പുത്തൻ പെണ്ണ്‌ ജോലിക്കു പോകുന്ന കാര്യത്തെക്കുറിച്ച്‌ അവർക്ക്‌ ആലോചിക്കാന്‍‌ കൂടിസാധ്യമല്ല. കുളിച്ചൊരുങ്ങി അകത്തമ്മ ചമഞ്ഞിരിക്കാനും വിലകൂടിയ കാറിൽ ഭർത്താവിനൊപ്പം മുൻസീറ്റിലിരുന്ന്‌ യാത്ര ചെയ്യാനും വളരെ വേഗം സൂസൻ പഠിച്ചു. ഒരു കോളേജ്‌ അദ്ധ്യാപിക ആയിത്തീരാനുള്ള ആഗ്രഹം അങ്ങനെ അവൾ പോലുമറിയാതെ മനസ്സിൽ കിടന്ന്‌ കരിഞ്ഞുണങ്ങി.
സൂസന്റെ വിവാഹത്തിനുശേഷം ഏഴെട്ടു വർഷം കഴിഞ്ഞാണ്‌ ഞങ്ങൾ തമ്മിൽ കോട്ടയത്ത്‌ ഒരു ചടങ്ങിൽ വച്ച്‌ നേരിട്ടു കാണുന്നത്‌. ഒരു പഴയകാലസുഹൃത്തിനെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
സൂസൻ എന്നെ അവളുടെ ഭർത്താവിന്‌ പരിചയപ്പെടുത്തി. അവളുടെ സാരിത്തുമ്പിന്റെ ചുവട്ടിൽ ചുറ്റിത്തിരിയുന്ന ഒരഞ്ചുവയസ്സുകാരന്റേയും മൂന്നുവയസ്സുകാരിയുടെയും ചുണയും ചിരിയുമുള്ള മുഖങ്ങൾ എന്നെ സന്തോഷിപ്പിച്ചു. ഞാനവരുടെ കുരുന്നു മുഖങ്ങളിൽ തലോടുകയും മുടിച്ചുരുളുകളിൽ വിരലോടിക്കുകയും ചെയ്‌തുകൊണ്ട്‌ എന്റെ സ്നേഹം പങ്കു വെച്ചു. സൂസന്റെ മുഖത്തെ പരിക്ഷീണവും, വയറും ശ്രദ്ധിച്ചപ്പോഴാണ്‌ അവൾ ഒരു കുഞ്ഞിന്‌ കൂടി ജന്മം കൊടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്‌ എനിക്കു തോന്നിയത്‌.
ഞാൻ ഒരു ചെറുചിരിയോടെ കളിയാക്കുന്ന മട്ടിൽ അവളോടു ചോദിച്ചു.
എന്താ സൂസൻ ,ഈ സർക്കാരു പറയുന്ന കാര്യങ്ങളൊന്നും നിങ്ങൾക്കു ബാധകമല്ലേ?നാം ഒന്ന്‌ നമുക്കൊന്ന്‌ എന്നാണ്‌ പുതിയ പ്രമാണം.
ഓ, അതൊന്നും അറിയാഞ്ഞിട്ടല്ല, തോമസേ ഇതു വെറുതേ ഒരു ടൈം‌പാസ്സിന്‌.
സൂസന്റെ മറുപടി എനിക്ക്‌ ഇഷടമായില്ല. ഞാൻ ഉടൻ തന്നെ പ്രതികരിക്കുകയും ചെയ്‌തു.
വിവരക്കേടു പറയരുത്‌. മക്കളുണ്ടാകുന്നത്‌ ടൈം പാസ്സിനുവേണ്ടിയല്ല. എത്രയോ ദമ്പതികൾ ഒരു കുഞ്ഞിക്കാലു കാണാൻ നേർച്ച ക്കാഴ്ചകളുമായി കാത്തിരിക്കുന്നു. കുട്ടികളുണ്ടാകുന്നതിനു പിന്നിൽ വ്യക്തമായ ഒരു ഈശ്വരപദ്ധതിയുണ്ട്‌. തികച്ചും ദൈവീകമായ ഒരു അനുഗ്രഹമാണത്‌. ദൈവം ദാനം തന്ന കുഞ്ഞുങ്ങൾ എന്നൊക്കെ പണ്ടുള്ളവർ പറയുന്നത്‌ കേട്ടിട്ടില്ലേ?
എന്നിലെ അദ്ധ്യാപകനായിരുന്നു അത്രയും പറഞ്ഞത്‌. നൂറുകണക്കിന്‌ കുട്ടികളുടെ മുഖങ്ങൾ നേർക്കു നേരെ കണ്ടിട്ടാണ്‌ എന്റെ എല്ലാ പ്രവൃത്തിദിവസങ്ങളും അവസാനിക്കുന്നത്‌. ടൈം പാസ്സിനുവേണ്ടി ഉണ്ടായ ഒരു കുട്ടിയെപ്പോലും ഞാൻ ആ കൂട്ടത്തിൽ കണ്ടിട്ടില്ല. വിവരവും വിദ്യാഭ്യാസവുമുള്ള ഒരു സ്ത്രീയുടെ വായിൽ നിന്ന്‌ അത്‌ കേട്ടപ്പോൾ തോന്നിയ അരുചി മനസ്സിൽ നിന്നിതുവരെ വിട്ടുമാറിയിരുന്നില്ല.
സൂസന്റെ മുഖം വിളറിപ്പോയി എന്നതു നേരാണ്‌. ആ വാക്കിനൊരു തമാശയുടെ ഭാരമേ കാണു എന്നാണ്‌ അവൾ വിചാരിച്ചിരുന്നത്‌. വീട്ടിൽ അകത്തും പുറത്തും ജോലി ചെയ്യാൻ വേലക്കാരികളും കുട്ടികളെ നോക്കാൻ ആയമാരും ഉള്ളപ്പോള്‍ പ്രസവത്തിനു ചിലപ്പോള്‍ ടൈം‌പാസ്സിന്റെ പ്രാധാന്യമേ കാണു.
കുട്ടികളോട്‌ വൈകാരികമായ ഒരടുപ്പം കേരളത്തിലെ അമ്മമാർക്കും നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. എന്നതാണ്‌ എന്നിൽ നടുക്കമുണ്ടാക്കിയത്‌.
രണ്ടു വർഷത്തിനു മുൻപ്‌ കേരളത്തിലെത്തിയ മധ്യവയസ്ക്കയായ ഒരു വിദേശ വനിതയെ പരിചയപ്പെടുവാനിടയായി. ഒരു മദ്ധ്യ കേരളത്തിലെ പൗരാണിക ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ദൗത്യവുമായാണ്‌ അവർ മദ്ധ്യ തിരുവിതാംകൂറിലെത്തിയത്‌..ചേപ്പാട്ട്‌,കാർത്തികപ്പള്ളി എന്നീ സ്ഥലങ്ങ്ലിലെ ക്രൈസ്തവ ദേവാലയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായിരുന്നു അവർ എന്നെ സമീപിച്ചതു്‌. ഞങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിൽ അവർ എന്നോട്‌ സമയം ചോദിച്ചു. ഞാൻ വാച്ചിൽ നോക്കി സമയം പറഞ്ഞു.
അവർ സ്വന്തം വാച്ചിലേക്കു നോക്കി ജർമ്മൻ സമയം തിട്ടപ്പെടുത്തി.
പെട്ടെന്ന്‌ അവർ ആഹ്ലാദഭരിതയായി എന്നോട്‌ പറഞ്ഞു.
മിസ്റ്റർ തോമസ്‌, ജർമ്മനിയിൽ ഇപ്പോൾ എന്റെ മകന്റെ വിവാഹം നടന്നുകൊണ്ടിരിക്കുകയാണ്‌`.
ടൈം‌പാസ്സിനു വേണ്ടി പ്രസവിക്കുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ കേരളത്തിലും ഇങ്ങനെ സംഭവിക്കാൻ അധികകാലം വേണ്ടിവരില്ല.