Followers

Saturday, January 2, 2010

തെരുവിലെ ചോര

b shihab
സഹോദരാ
മാനവചരിത്രത്തിന്റെ ദശാസന്ധികളിൽ
തെരുവിൽ, തടവിൽ, ഒളിവിൽ
ചോര മണത്തു ഞാൻ ശോകാകുലനായ കഥകളെത്ര?

ആചാര്യന്റെ അറുത്തെടുത്ത്‌ ,വലിച്ചെറിഞ്ഞ തല
ഔറംഗസീബെന്ന ചക്രവർത്തി ,തടവിലാക്കപ്പെട്ട പിതാവിന്‌
വെ‍ള്ളിത്തളികയിൽ കൊടുത്തയച്ച സമ്മാനം
ബിർള മന്ദിരത്തിന്‌ മുന്നിൽ ചിതറിവീണ ചോരപ്പൂക്കൾ
ചിന്നിച്ചിതറിപ്പോയ പ്രധാനമന്ത്രിമാരുടെ ശരീരങ്ങൾ
യമുനയെ ശ്വാസം മുട്ടിച്ച സിക്കുകാരന്റെ കരിഞ്ഞ ജഡങ്ങൾ

ഇതിഹാസങ്ങളിൽ
ചരിത്രത്തിന്റെ രാജപാതകളിൽ
ചോര മണക്കുന്ന കഥകളെത്ര?
സഹോദരാ
ഒരു സമസ്യാപൂരണത്തിനും
തെരുവിലെ ചോര ഭൂഷണമല്ല
വാളെടുത്തവൻ വാളാലെന്നു തിരുവചനം
ഒരു പോരാട്ടത്തിലും
വിവേകികൾ ആയുധം തൊടില്ല
നാരായണപടയേക്കാൾ
ആയുധം തൊടാത്ത നാരായണനാണ്‌ കരുത്തെന്ന്‌
ഒരു ദുര്യോധനനുമിന്നേവരെ തിരിച്ചറിഞ്ഞിട്ടില്ല
നവഖാലികളിൽ പരസ്പരം വാളോങ്ങിനിൽക്കുന്ന
ലക്ഷങ്ങളെ നേരിടാൻ
നിരായുധനാമൊരു ബാപ്പുപോലും
നീയെടുത്ത ഗാണ്ഡീവവും
അമ്പൊടുങ്ങാത്ത പകയുമതുകൊണ്ട്‌
വെള്ളത്തിലേക്കു തന്നേ തിരിച്ചിട്ടേക്കുക