Followers

Saturday, January 2, 2010

പാർപ്പിടം

k k raju



ചെലവു കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ വളരെ പ്രശസ്തനായ ഒരു ആർക്കിടെക്‌റ്റിന്റെ ഓഫീസിലേക്ക്‌ അയാൾ കടന്നുചെന്നു. ഉപചാരങ്ങൾക്കു ശേഷം ഇപ്രകാരം പറഞ്ഞു
"പണം എത്ര ചെലവായിരുന്നാലും തരക്കേടില്ല. എനിക്കൊരു ലോകോസ്റ്റ്‌ വീട്‌ ഡിസൈൻ ചെയ്‌തു തരണം. "ആർക്കിടെക്‌റ്റിന്റെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു
സ്വന്തമായി ഒരു ഭവനം ഒരു മനുഷ്യായുസ്സിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌. ഇക്കാലത്ത്‌ മേൽപ്പറഞ്ഞ ആളുടെ മനോഭാവത്തിലാണ്‌` വീട്‌ നിർമ്മിക്കാൻ ഒരുമ്പെടുന്നത്‌. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിലും നാം കോൺക്രീറ്റ്‌ വനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഇത്‌ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എത്ര ഭീകരമാണ്‌`. കേരളത്തിന്റെ കാലാവസ്ഥയ്ക്ക്‌ അനുയോജ്യമാണോ ഈ കോൺക്രീറ്റ്‌ വീടുകൾ.എന്നത്‌ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്‌.

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്‌ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ. പക്ഷേ ഇന്ന്‌ ഇവ ധൂർത്തിന്റെ പര്യായങ്ങളായിട്ടുണ്ട്‌. ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച്‌ ഉണ്ടാക്കിയ പണം കൊണ്ട്‌ കോട്ടപോലെ ഒരു സൗധം പടുത്തുയർത്തുന്നു. എന്നിട്ടോ, അവസാനകാലം തെരുവിലോ, വൃദ്ധമന്ദിരത്തിലോ എരിഞ്ഞു തീരുന്നു. അവരുടെ ജീവിതം.

ഇന്നത്തെ പാർപ്പിട സങ്കൽപ്പം പ്രകൃതിയെ മറന്നുകൊണ്ടുള്ളതാണ്‌. പണ്ട്‌ അങ്ങനെ ആയിരുന്നില്ല. മേലോട്ട്‌ കൂരച്ചു നിൽക്കുന്ന ഓടിട്ട മേൽക്കൂരകളായിരുന്നു പഴയ വീടുകളുടെ രീതി.കൂരയുടെ ഒരു വശം വെയിലേറ്റു ചുട്ടു പഴുത്തിരിക്കുമ്പോൾ മറുവശം തണുത്തതായിരിക്കും. അത്തരം വീടുകളിൽ ചൂട്‌ കുറവായിരിക്കും. ചൂട്‌ വായു ഉയർന്ന്‌ ഓടുകൾക്കിടയിലെ സുഷിരങ്ങളിലൂടെ പുറത്തു പോകുന്നതും വീട്ടിനുള്ളിലെ ചൂട്‌ കുറയാൻ സഹായകമാണ്‌. അക്കാലത്ത്‌ വീടും മുറ്റവും ചാണകം മെഴുകുകയായിരുന്നു പതിവ്‌. പരിസരം ശുദ്ധിയാക്കുവാൻ ചാണകം കലക്കിയ വെള്ളം മുറ്റമടിച്ചു വൃത്തിയാക്കിയതിനുശേഷം തളിക്കും. ((ചാണകത്തിനകത്ത്‌ അണുനാശാകങ്ങൾ ഉണ്ടെന്നതാണ്‌ ശാസ്ത്രസത്യം.)പഴമക്കർ അതു മനസ്സിലാക്കിയിരുന്നു.
പണ്ടുകാലത്ത്‌ നിർമ്മിക്കപ്പെട്ടിരുന്ന എല്ലാ വീടുകളുടേയും ദർശനം കിഴക്കോട്ടായിരുന്നു. ശുദ്ധമായ ഇളം വെയിൽ ധാരാളം ലഭിക്കും എന്നതാണ്‌ ഗുണം. മുൻവാതിലിലൂടെ നോക്കിയാൽ പുറം വാതിൽ വരേയും പിന്നിലെ തൊടിയും കാണാം.മുറ്റത്ത്‌ നട്ടുപിടിപ്പിച്ചിരിക്കുന്ന ഔഷധ സസ്യങ്ങളിൽ തട്ടിയെത്തുന്ന ശുദ്ധവായു അകത്ത്‌ കടന്ന്‌ വരുമ്പോൾ മുറിക്കുള്ളിലെ അശുദ്ധവായു പുറത്തേക്ക്‌ പോകുന്നു. മുറിക്കകത്തെ വായു സഞ്ചാരപ്രശ്നങ്ങളാണ്‌ ഒട്ടുമിക്ക ശ്വാസകോശ രോഗങ്ങളും സൃഷ്ടിക്കുന്നത്‌.
അത്തരം ആരോഗ്യകരമായ ഗൃഹനിർമ്മാണരീതി വിസ്മൃതിയിലായി. വയൽചെളിയും, ചാണകവും കലർത്തി മെഴുകിയ തറക്ക്‌ പകരം സിമന്റ്‌ തറയുടെ കാലമായി. (വാതരോഗം പിടിപെടാൻ മറ്റൊരു കാരണം വേണ്ട)പിന്നീട്‌ മോസൈക്ക്‌ ആയി. പിന്നെ മാർബിൾ!ഇപ്പോഴോ ഗ്രാനൈറ്റ്‌ ആണ്‌ ഫാഷൻ. ഇവ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എത്ര വലുതാണ്‌`. (ഇത്തരം തറകളിൽ തെന്നിവീണ്‌ നടുവൊടിഞ്ഞ്‌ ആശുപത്രിയെ അഭയം പ്രാപിക്കുന്നവരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുന്നു. മാർബിൾ,ഗ്രാനൈറ്റ്‌ എന്നിവയുടെ ദോഷം പരിഹരിക്കുവാൻ മിക്കവരും കയറ്റുപായ്‌ വിരിക്കുന്നു. എന്തു വിരോധാഭാസമാണിത്‌.
കേരളത്തിലെ കാലാവസ്ഥക്ക്‌ ഏറ്റവും അനുയോജ്യം മേലോട്ടു കൂരച്ചു നിൽക്കുന്ന ഓടിട്ട വീടുകളാണ്‌. തടികൊണ്ട്‌ പണിത മച്ചുകൂടി ഉണ്ടെങ്കിൽ ഏരെ അഭികാമ്യം.
മനുഷ്യന്റെ ആരോഗ്യത്തിന്‌ അവൻ വസിക്കുന്ന ആവാസസ്ഥാനത്തിന്‌ വളരെയേറെ പ്രാധാന്യമുണ്ട്‌. പ്രദേശത്തെ കാലാവസ്ഥ ,പ്രാദേശികമായി ലഭിക്കാവുന്ന നിർമ്മാണസാമഗ്രികൾ. ലഭ്യമായ പണം കുടുംബത്തിലെ അംഗസംഖ്യ,ഇവയെല്ലാം പരിഗണിച്ചു വേണം വീട്‌ നിർമ്മിക്കുവാൻ. ഇക്കാലത്ത്‌ കൂടുതലും അണുകുടും‌ബങ്ങളായതിനാൽ വലിയ വീടുകൾക്ക്‌ പ്രസക്തിയില്ല. ഭാര്യ,ഭർത്താവ്‌,രണ്ടു കുട്ടികൾ ഇവർക്കു താമസിക്കുവാൻ രണ്ടോ മൂന്നോ കിടപ്പുമുറി പണിയുന്നത്‌ ആവശ്യം. അതിലധികം കിടപ്പുമുറികൾ പണിയുന്നത്‌ അനാവശ്യമാണ്‌. ആവശ്യത്തിനേ വീടു വയ്ക്കാവു. ആഢംബരത്തിനാകരുത്‌.(ബിൽഡിംഗ്‌ ടാക്‌സ്‌, വില്ലേജ്‌ ടാക്‌സ്‌, ലക്ഷ്വറി ടാക്‌സ്‌ തുടങ്ങി പ്രതിവർഷം അടയ്ക്കേണ്ട കനത്ത നികുതിഭാരം ഉയർന്ന വൈദ്യുതിചാർജ്ജ്‌ എന്നിവയും ഓർമ്മയിൽ വേണം)

ഗൃഹനിർമ്മാണത്തിന്‌ വായ്‌പ്പ നൽകുന്ന സ്വകാര്യ ഹൗസിംഗ്‌ ബാങ്കുകള്‍ കൂണുപോലെ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നു. ഇത്തരം ബാങ്കുകളിൽ നിന്നും വായ്‌പ്പയെടുത്താൽ പലിശ,കൂട്ടുപലിശ,പിഴപ്പലിശ, ഉൾപ്പെടെ വാങ്ങിയ തുകയുടെ ഇരട്ടി അടച്ചാലും കടം തീരില്ല. കാണാച്ചെലവുകൾ എന്ന കെണി വേറേയും ഉണ്ട്‌.
കടമെടുത്ത്‌ വീടു വെക്കുമ്പോൾ ഉള്ള തുകക്ക്‌ വീടു പണിയണം. പണിതീരാത്ത വീട്‌ ആകരുത്‌. വായ്‌പ്പ ആവശ്യമെങ്കിൽ നടപടിക്രമങ്ങളും ,ഇടപാടുകളും സുതാര്യമെന്ന്‌ തികഞ്ഞ ബോധ്യമുള്ള ബാങ്കുകളെമാത്രമേ ആശ്രയിക്കാവു.
പാമ്പുകൾക്ക്‌ മാളമുണ്ട്‌
പറവകൾക്കകാശമുണ്ട്‌
മനുഷ്യപുത്രന്‌ തലചായ്‌ക്കൻ
മണ്ണിൽ, ഒരിടം വേണം
phone:9495155172