delna niveditha
തിണ്ണയിൽചാഞ്ഞുറങ്ങുന്ന മുരവന്
കുഞ്ഞൊരു ചൂടിന് തീക്കനല്
ചുരുണ്ടു വളഞ്ഞു കിടക്കുന്ന നേരത്ത്
ചൂടൊന്ന് കൂട്ടാൻ പുതച്ചു മുണ്ട്
സുന്ദരിയായൊരാ- കുടിലിന്റെ തിണ്ണയിൽ
അമ്പിളിമാമനെ കണ്ടുറങ്ങി
അന്തിക്കു മൂളിയ മൂങ്ങതൻ കണ്ണുകൾ
അമ്പിളിവെട്ടത്തിലൊന്നു മിന്നി
താളത്തിൽ പാട്ടുകൾ പാടിയ മക്കളെ
താളങ്ങളാരും പഠിപ്പിച്ചില്ല
വെറ്റില നൂറൊന്ന് കൂട്ടിമുറുക്കുവാൻ
വെപ്രാളമാണെന്റെ മക്കൾക്കെന്നും
മുറുക്കിച്ചുവപ്പിച്ച് തുപ്പുന്ന നേരം
ഇറുക്കിയാചുണ്ടിൽ വിരലമക്കി
കിളിയെപിടിക്കുവാൻ കവണിയിൽ കല്ലുമായ്
ഉടുതുണിയേറെയങ്ങില്ലാത്തൊരാ മക്കൾ
ഉശിരുള്ള കണ്ണാൽ തിരഞ്ഞു കിളി
മുരവനാതുടിയില് താളങ്ങൾ തട്ടുമ്പോള്‍
മുരത്തി തൻ പാദത്തിൽ താളമെത്തി
കുഴലൂത്ത് തുടിയുടെ ഒപ്പമെത്തുമ്പോൾ
കുനിഞ്ഞു നിവർന്നവർ കുരവയിട്ടു
മുരവൻ മുറത്തില് പേറ്റിക്കിഴിച്ചതു
മുത്തല്ല മുന്നാഴി മന്ത്രമാണ്
കാലങ്ങളായിട്ടാ കുടിലിന്റെ ചുറ്റും
കാരണവന്മാർക്ക് നേർച്ചയുണ്ട്