
കാലത്തെ പത്രമെടുത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന മുഖങ്ങളിൽ കണ്ണോടിക്കുമ്പോൾ തന്റെ ഫോട്ടോയും അതിൽ അച്ചടിച്ചു വന്നിരുന്നെങ്കിലെന്ന് അവൻ അറിയാതെ ആശിച്ചുപോകാറുണ്ട്.
പിന്നെ, പത്രത്തിൽ ഫോട്ടോ അച്ചടിച്ചു കാണണമെന്നുള്ളത് അവന്റെ ഉൽക്കടമായ അഭിലാഷമായി വളർന്നു. പത്രത്തിലൂടെ തന്നെ നാലാളുകൾ ശ്രദ്ധിക്കുക.അവർക്കിടയിൽ അവനൊരു നക്ഷത്രമായി ജ്വലിക്കുക....
ആലോചിക്കുന്തോറും ഉള്ളിലെ കോരിത്തരിപ്പ് ഹൃദയപുടങ്ങളിൽ തട്ടി ഓളങ്ങളായി മൂർദ്ധാവിൽ വന്നലക്കുന്നു.
അങ്ങനെ ഒരു ദിവസം അവന്റെ ഫോട്ടോ പത്രത്തിൽ വന്നു. പക്ഷേ അത് കാണുവാൻ അന്ന് അവൻ ഉണ്ടായിരുന്നില്ല.