Followers

Thursday, October 31, 2013

EZHUTH ONLINE NOVEMBER 2013

COURTESY:GOOGLE
ഉള്ളടക്കം/നവംബർ 2013

ശ്രാവണം വന്നൂ
രാം മോഹൻ പാലിയത്ത്
ലോകം എങ്ങിനെ അവസാനിക്കാം?
ജയിംസ് ബ്രൈറ്റ്
അന്നയും റസൂലും
സനൽ ശശിധരൻ
My Love
Dr K G Balakrishnan 
Home
Salomi John Valsan
വലക്കണ്ണികളിൽ കാണാത്തത്‌
എസ്.സരോജം
നമ്മള്‍ ഒരേ സമയം വെയില്‍ നനയുമ്പോള്‍
മനോജ് കാട്ടാമ്പിള്ളി
വിധേയത്വവും എഴുത്തുകാരന്റെ അന്തസ്സും
ഡോ.എം.എസ്‌.പോൾ
ബധിര പ്രണയം
മുരളീധരൻ ഹരികൃഷ്ണൻ
ഒരാൾ ഉറങ്ങാൻ തുടങ്ങുകയാണു ഉണരാനും
ശരത് സതീഷ്
ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം....
സലില മുല്ലൻ
പാവക്കൂത്ത്
കെ.എം.രാധ
ഉന്മാദി
സുലോച് സുലോ
ഏണസ്റ്റോ കാർദിനൽ - മരിലിൻ മൺറോയ്ക്കായി ഒരു പ്രാർത്ഥന
പരിഭാഷ: വി രവികുമാർ
അനർഘ നിമിഷം
ബിജു ജി നാഥ്
വേര്‍പാട്
ജോണി ജോസഫ്
പെട്ടി കെട്ടിയ രാത്രി
മുഹമ്മദ് ഷാഫി
അഭയം ..........ഗസ്സല്‍
സ്റ്റീഫൻ മിനൂസ്
മെഴുക്കടയാളം
ബഷീറലി അലിക്കൽ
കേരളപ്പിറവി മാമാങ്കക്കാര്‍ക്ക് ...
ദയാഹരി
പകൽക്കാഴ്ച്ചകൾ
ടി.സി.വി സതീശൻ
കാലിഡോസ്കോപ്പ്‌
ബൈജു ജോസഫ്
നോവലിസ്റ്റുകൾ നോവലിനെ അഭിനയിച്ചു കാണിക്കരുത്‌
എം.കെ.ഹരികുമാർ

ശ്രാവണം വന്നൂ



രാം മോഹൻ പാലിയത്ത്




തിരുവോണം ജന്മനക്ഷത്രമായവർ കൈ പൊക്കാമോ? ഞാനും എന്റെ മോളും കൈ പൊക്കിയിട്ടുണ്ട്. നിരയുടെ മുന്നിൽ കവി പി. കുഞ്ഞിരാമൻ നായരുണ്ട്, കെ. ആർ. ഗൌരിയമ്മയുമുണ്ട്. (ഗൌരിയമ്മയുടെ അതേ തിരുവോണമാണ് മകൾ രചനയുടേത് - മിഥുനത്തിലെ തിരുവോണം). വാമനജയന്തിയും തിരുവോണം തന്നെ. കൃഷ്ണന്റെ രോഹിണി പോലെ. ചിങ്ങത്തിലെ തിരുവോണമാണ് വാമനജയന്തി. തന്നെ വകവരുത്തിയ കുള്ളന്റെ ജന്മദിനത്തിന്റെ ആ ഒരു ദിവസം മാത്രമാണ് മഹാബലിക്ക് പരോൾ കിട്ടിയതെന്ന് ചുരുക്കം.

ധനുവിലെ തിരുവോണത്തിനാണ് (1966) അമ്മ എന്നെ പ്രസവിച്ചത്. വീട്ടിൽത്തന്നെയായിരുന്നു പ്രസവം. അന്നൊക്കെ അങ്ങനെയാണല്ലൊ. കുഞ്ഞുത്തള്ളയായിരുന്നു വയറ്റാട്ടി. എന്റെ കുടുംബത്തിലെ അവസാനത്തെ വീട്ടുപ്രസവമായിരുന്നു അത്. പിന്നെ എല്ലാവരും ആ‍ശുപത്രിയായി.

തിരുവോണത്തിനെ കാണാവുന്ന സീസണാ‍ണിത്. (അല്ലെങ്കിലും മാനം തെളിയുന്ന -ബർ മാസങ്ങളാണ് നിലാവിന്റേയും നക്ഷത്രനിരീക്ഷണത്തിന്റേയും സീസൺ). ഒക്റ്റോബറിൽ ഇരുട്ടിത്തുടങ്ങുമ്പോൾ ഏതാണ്ട് തലയ്ക്കു മുകളിൽ  ഒരു ഇടത്തരം നക്ഷത്രം തിളങ്ങുന്നതു കാണാം. സൂക്ഷിച്ചു നോക്കിയാൽ അതിന്റെ അടുത്തു തന്നെ മറ്റൊരു നക്ഷത്രത്തേയും കാണാം. ഇതു രണ്ടും ചേർന്നതാണ് തിരുവോണം. തിരുവോണം മുഴക്കോലു പോലെ എന്നാണ് ചൊല്ല്. മുഴക്കോൽ കണ്ടിട്ടുള്ളവർക്ക് അത് പറയാതെ തന്നെ മനസ്സിലാവും. പഴയ ഒരളവു കോലാണ് മുഴക്കോൽ. ഒരു മുഴമായിരിക്കണം. രൂപത്തിൽ, അളവിലല്ല, അതിന് പണ്ടുണ്ടായിരുന്ന വെള്ളിക്കോലിനോടും സാമ്യമുണ്ടെന്നു തോന്നുന്നു. കാരണം, തിരുവോണത്തെ കുറച്ചു കാലം മുമ്പ് ആകാശത്ത് തിരിച്ചറിഞ്ഞപ്പോൾ ഞാൻ പെട്ടെന്നോർത്തത് എന്റെ കുട്ടിക്കാലത്ത് അച്ഛമ്മയ്ക്കുണ്ടായിരുന്ന വെള്ളിക്കോലാണ്.

തുലാസ് വരുന്നതിനു മുമ്പ് ഭാരമളക്കാൻ ഉപയോഗിച്ചിരുന്ന സാധനമാണ് വെള്ളിക്കോൽ. അച്ഛന്റെ വീട്ടിലുണ്ടായിരുന്ന വെള്ളിക്കോലിലെ ചാലു കീറിയ അടയാ‍ളങ്ങളും മോഡേൺ അളവിനെ വരുതിയിലാക്കാൻ ശ്രമിച്ച ഒരു ചുണ്ണാമ്പുപാടും ഓർമിക്കുന്നു. പഴയ പേപ്പറും പാത്രങ്ങളും മറ്റും എടുക്കാൻ വന്നിരുന്ന കാൽനട കച്ചവടക്കാരും അച്ഛമ്മയും കൂടി തൂക്കത്തിന്റെ കണക്കു പറഞ്ഞ് വഴക്കടിച്ചിരുന്നതും മറക്കുന്നതെങ്ങനെ?

ഒരറ്റത്ത് ഒരിത്തിരി വലിയ ഒരുണ്ട, മറ്റേയറ്റത്ത് കൊളുത്ത് - ഇതായിരുന്നു വെള്ളിക്കോലിന്റെ ആകാരം. തിരുവോണവും അങ്ങനെ തന്നെ - ഒരറ്റത്ത് നല്ല പ്രകാശമുള്ള ഒരു നക്ഷത്രം, മറ്റേയറ്റത്ത് തീക്ഷ്ണത കുറഞ്ഞ മറ്റൊന്ന്. ചിത്രത്തിൽ കാണാം. (അക്വിലയുടെ ഭാഗമാണ് തിരുവോണം. മുകൾമുനയിൽ കാണുന്ന രണ്ടെണ്ണം) ഇംഗ്ലീഷിൽ ആൾടെയർ (Altair) എന്നാണ് തിരുവോണം അറിയപ്പെടുന്നത്. ഏറ്റവും ആദ്യകാലത്തെ ഒരു കമ്പ്യൂട്ടറിന് അവമ്മാര് ഇട്ട പേര് ആൾട്ടെയർ എന്നായിരുന്നു. ഇന്നു പ്രചാരത്തിലുള്ള കമ്പ്യൂട്ടറിന്റെ ആദിപിതാവും ആൾട്ടെയർ ആണ്. മൈക്രോസോഫ്റ്റിന്റെ ആദ്യ ഉൽ‌പ്പന്നത്തിന്റെ പേരും ആൾടെയർ ബേസിക് എന്നായിരുന്നു.

ഏത് നക്ഷത്രത്തിലാണോ ആ മാസത്തെ പൌർണമി (വെളുത്തവാവ്), ആ നക്ഷത്രത്തിന്റെ പേരാണ് ശകവർഷ പ്രകാരം അതാത് മാസങ്ങൾക്ക് നൽകിയിരിക്കുന്നത്. ഉദാഹരണത്തിന് ശകവർഷ പ്രകാരം ഇത് ശ്രാവണമാസമാണ്. അതായത് ഈ മാസം തിരുവോണത്തിന്റെയന്നാണ് പൌർണമി. നമ്മുടെ ഓണത്തിന്റെയന്ന്. ഇക്കൊല്ലം ചിങ്ങത്തിൽ രണ്ട് തിരുവോണമുണ്ട്, രണ്ട് പൌർണമിയും. (ഉത്രാടപ്പൂനിലാവേ വാ എന്നു പാടുന്നത് ചോഹ്ദവീ കാ ചാന്ദിനെ നോക്കിയാണ്). മാഘമാസത്തിലെ പൌർണമി മകത്തിന്റെയന്ന്, വൈശാഖ പൌർണമി, യെസ്, വിശാഖത്തിന്റെയന്ന്.

തിരുവോണം - കേൾക്കാനൊക്കെ രസമുണ്ട്. പക്ഷേ അത്ര നല്ല നക്ഷത്രമല്ലെന്നാണ് ജ്യോതിഷികൾ പറയുന്നത്. മനസമാധാനക്കേട്, നിർഭാഗ്യങ്ങൾ എന്നിവ സ്ഥിരമായി ഉണ്ടാ‍കുമത്രെ. ശരിയാണെന്നാണ് എന്റെയും അനുഭവം. തിരുവോണമുൾപ്പെട്ട മകരക്കൂറുകാർ പൊതുവേ കപടഭക്തന്മാരാണെന്നും പറയപ്പെടുന്നു. മകരമത്സ്യം എന്നാൽ മുതല. പകുതി മുതലയും പകുതി മാത്രം മനുഷ്യനുമാണെന്നു പറയാം. ഇമ്മാതിരി ചില കുമ്പസാരങ്ങൾ പി.യുടെ ആത്മകഥയായ കവിയുടെ കാൽ‌പ്പാടുകൾ എന്ന പുസ്തകത്തിലെ അവസാനഭാഗത്തുള്ള സ്വന്തം ജാതക നിരൂപണത്തിലും കാണാം. കുരങ്ങനാണ് തിരുവോണക്കാരുടെ മൃഗം എന്നു കൂടി പറയുമ്പോൾ ഏതാണ്ട് ഊഹിക്കാമല്ലൊ. മനുഷ്യമനസ്സ് അല്ലെങ്കിൽത്തന്നെ മരഞ്ചാടിയാണെന്നാണല്ലോ വയ്പ്. മർക്കടസ്യ സുരാപാനം മധ്യേ തിരുവോണ ദംശനം.

ഇന്നു രാത്രി തന്നെ ആരെങ്കിലും തിരുവോണത്തിനെ സ്പോട്ട് ചെയ്യുമോ? ഗൾഫിലും ഇന്ത്യയിലും വലിയ വ്യത്യാസമില്ലാത്ത ഇടത്തു തന്നെ കാണാം. We all are in the gutters, but some of us are looking at the stars എന്ന് ഓസ്കർ വൈൽഡ്. നക്ഷത്രനിരീക്ഷണത്തേക്കാൾ ലഹരിയുള്ള ഒരു മദ്യത്തെ ഞാൻ ഇതുവരെ പരിചയപ്പെട്ടിട്ടില്ല. നന്ദി തിരുവോണമേ, നന്ദി. വീണ്ടും നീ വന്നുവല്ലൊ.

അന്നയും റസൂലും


സനൽ ശശിധരൻ

മിക്കവാറും റിലീസ് ദിവസം സിനിമ കാണൽ ഒഴിവാക്കലാണ് എന്റെ പതിവ്. സിനിമകാണാനല്ലാതെ താരങ്ങളെ കാണാനായി വരുന്ന കുറുക്കന്മാരുടെ കൂക്കിവിളികൾ സിനിമകാണലിന് തടസമാകുമെന്നത് തന്നെ കാരണം. എന്നാൽ ട്രെയിലറുകളും പാട്ടുകളും കുത്തിവെച്ച ആകാംക്ഷ കൊണ്ട് റിലീസ് ദിവസം തന്നെ തിയേറ്ററിലേക്ക് പായിച്ചു അന്നയും റസൂലും. പതിവു പ്രണയകഥകളിൽ നിന്ന് വ്യത്യസ്തമായി സിനിമ തുടങ്ങി. പതിവ് എണ്ണമെഴുക്കിട്ട ഫ്രെയിമുകൾക്ക് പകരം വൈദ്യുതക്കമ്പികളും ടെലഫോൺ വയറുകളും തലങ്ങും വിലങ്ങും പായുന്ന, തുരുമ്പിച്ച് പൊടിഞ്ഞ ഒരു നഗരമായി മട്ടാഞ്ചേരി തിരശീലയിൽ അവതരിച്ചു. മനപൂർവം തന്നെ കുമ്മായങ്ങളടർന്ന ചുവരുകളും ഉണങ്ങാൻ വിരിച്ചിട്ട നിറം പോയ ഉടുവസ്ത്രങ്ങളും ഫ്രെയിമുകളിൽ സ്ഥാനം പിടിച്ചു. നിലത്ത് ചിതറിക്കിടക്കുന്ന ചവറുകൾക്കൊപ്പം കഥാപാത്രങ്ങൾ ഇറങ്ങിവന്നു. അഭിനയിക്കുന്നുവെന്ന് തോന്നാത്തതരം അഭിനയത്തിലൂടെ ഫഹദ് ഫാസിലും ഷൈനും ആഷിഖ് അബുവും ആൻഡ്രിയയും മറ്റെല്ലാവരും വിസ്മയിപ്പിച്ചു. സിങ്ക് സൗണ്ടിലൂടെ റെക്കോർഡ് ചെയ്ത ശബ്ദങ്ങൾ അഭിനയത്തിന്റെയും സിനിമയുടേയും സ്വാഭാവികതയ്ക്ക് മാറ്റുകൂട്ടി.  

ഒരു നഗരത്തിന്റെ തിളക്കമില്ലാത്ത പിന്നാമ്പുറത്തുകൂടി അലസമായി നടക്കുന്ന പ്രതീതി സമ്മാനിച്ച് സിനിമ മുന്നോട്ട് പോയി. ഒട്ടും പ്രത്യേകതയോ പുതുമയോ ഇല്ലാത്ത ഒരു പ്രണയകഥ വളരെ പ്രത്യേകതയോടെ അവതരിപ്പിച്ചുകാണുന്നതിന്റെ കരുത്തിൽ വല്ലാതെ ത്രില്ലടിച്ചു. സത്യത്തിൽ അന്നയും റസൂലും അന്നയുടേയും റസൂലിന്റേയും കേവല പ്രണയകഥയല്ല. ആ പ്രണയകഥയിലൂടെ ചുരുളഴിയുന്നത് തിളങ്ങുന്ന നഗരത്തിന്റെ അഴുക്കുചാലിനോരങ്ങളിൽ തിളക്കമില്ലാതെ കത്തിയമരുന്ന കുറേയേറെ സാധാരണക്കാരുടെ ജീവിതമാണ്. മുന്നോട്ടു പോകുന്തോറും കഥപറച്ചിൽ ചിലയിടങ്ങളിൽ പരന്നുപോകുന്നതായി തോന്നി. എങ്കിലും ഏതാണ്ട് ഇന്റർവെല്ലിനടുത്തുവരെ അന്നയും റസൂലും എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു. അടുത്തിരുന്ന ചിലർ ഇതിനിടെ പരസ്പരം ചോദിക്കുന്നതു കേട്ടു. ഇന്റർവെല്ലില്ലേടേയ്..സാവധാനം എനിക്കും അതു തോന്നിത്തുടങ്ങി..മൂത്രശങ്കയും. ഒന്നരമണിക്കൂറാകുമ്പോഴെങ്കിലും സിനിമ മുറിക്കണമല്ലോ എന്നുവെച്ചാവും ഇന്റർവെൽ നൽകിയതെന്ന് തോന്നിച്ചുകൊണ്ട് സിനിമ മുറിഞ്ഞു.  ഇന്റർവലിനു പുറത്തിറങ്ങിയ പലരുടേയും മുഖത്തും വാചകങ്ങളിലും കണ്ടുപരിചയിച്ചതല്ലാത്ത ഒരു സിനിമ കണ്ടതിന്റെ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. കുറുക്കന്മാർ കാരണം സ്പോട്ട് റെക്കോർഡ് ചെയ്ത ഡയലോഗുകൾ പലതും കേൾക്കാൻ പാടില്ലായിരുന്നു. അതായിരുന്നു ചിലരുടെ പരാതി. സാങ്കേതികവിദ്യകൾ കൊണ്ടുള്ള കള്ളക്കളികൾക്ക് മുതിരാതെ സത്യസന്ധമായ ദൃശ്യലേഖനവും പലർക്കും ദഹിച്ചില്ലെന്ന് തോന്നി.  


 എന്നാൽ ഇന്റർവെല്ലിനു ശേഷം സിനിമ തിരക്കഥാകൃത്തിന്റെ കൈവിട്ടുപോയി എന്നുതന്നെ പറയണം. കഥ വലിച്ചിഴയ്ക്കുന്നിടത്തേക്കൊക്കെ തിരക്കഥാകൃത്ത് കണ്ണും പൂട്ടി നടക്കുകയാണെന്ന് തോന്നി ഒപ്പം ഒട്ടും നിയന്ത്രണമില്ലാതെ സംവിധായകനും. വളരെ ഒതുക്കത്തിൽ പറഞ്ഞുവന്നിരുന്ന ചില ഉപകഥകൾ കൈവിട്ടുകളിക്കുന്നതു കണ്ടു. അബു എന്ന കഥാപാത്രത്തിന്റെ കഥ ഉദാഹരണം. ആരെങ്കിലും വന്ന് വിളിക്കുമ്പോൾ കത്തി പിന്നിൽ ചൊരുകി ഭാര്യയെ നോക്കി കണ്ണിറുക്കിച്ചിരിയോടെ അയാളുടെ പോക്കിലൂടെയും, അലമാരയ്ക്ക് മുകളിൽ നിന്നും ഭാര്യയ്ക്ക് കിട്ടുന്ന നോട്ട് കെട്ടുകളിലൂടെയും അയാളുടെ പ്രവൃത്തിയെന്താണെന്ന് വ്യക്തമാവുമെങ്കിലും അയാളുടെ മരണ ശേഷം അയാൾ ഒരാളെ വെട്ടിക്കൊല്ലുന്ന ഫ്ലാഷ്ബാക്ക് കൂടി കാട്ടിത്തന്നിട്ടേ തിരക്കഥാകൃത്തിനും സംവിധായകനും തൃപ്തിയാകുന്നുള്ളു. ചിലവികാരങ്ങൾ പ്രേക്ഷകനിലേക്ക് പകർത്തുന്നതിലേക്ക് ഇത്രയും മതിയോ ഇനിയും വേണമോ എന്ന സംശയത്തോടെ രണ്ടോ മൂന്നോ സീനുകൾ ആവർത്തിക്കുന്നതു കാണാം. ഫഹദിന്റേയും സണ്ണിവെയിനിന്റേയും ആരാധകരെ തൃപ്തിപ്പെടുത്തുന്നതിലേക്ക് ചില അടിപിടിസീനുകളിൽ ഒരൽപ്പം കണ്ണടച്ചുകൊടുക്കുന്നുമുണ്ട്. സിനിമയുടെ നീളം കൂടിയതിൽ ഇവയൊക്കെ ഉത്തരവാദിയാണ്. 

 നീളം കൂടിപ്പോയി എന്ന പ്രേക്ഷകന്റെ പരാതിയെ പുശ്ചിച്ച് തള്ളുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. പോലീസ് സ്റ്റേഷനിൽ വെച്ച് ആഷിഖ് അബു അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പോലീസുകാരനെ തള്ളിവീഴ്ത്തുന്ന ഒരു രംഗമുണ്ട്. അതിന്റെ അമ്പരപ്പിൽ അയാൾ നിൽക്കുമ്പോൾ ഏതാനും പോലീസുകാർ അടുത്തേക്ക് നടന്നടുക്കുന്നതു കാണാം. അടുത്ത കട്ട് രസകരമാണ്. അയാൾ ഇരുമ്പഴിക്കുള്ളിൽ നിൽക്കുന്ന ഷോട്ട്. ആ ഷോട്ടു വന്നപ്പോൾ ആരൊക്കെയോ കയ്യടിക്കുന്നതു കേട്ടു. സാധാരണ സിനിമയിൽ രണ്ടുമൂന്നു മിനിട്ടെങ്കിലും ആ സംഭവത്തിനു പിന്നാലെ കളയാമായിരുന്നു. എത്ര ഷോട്ടുകൾ ഉപയോഗിച്ചാലും ആ  കട്ടിലൂടെ കിട്ടുന്ന ശക്തി കിട്ടുകയുമില്ലായിരുന്നു. എന്നാൽ ഈ മാജിക്ക് പലേടത്തും മറന്നു പോയി എന്നതാണ് അന്നയും റസൂലും എന്ന സിനിമയുടെ തിളക്കം കുറച്ച ഒരുകാര്യം. സാങ്കേതികമായും ചില പ്രശ്നങ്ങൾ തോന്നി. പല ഷോട്ടുകളിലും ശല്യപ്പെടുത്തുന്ന തരത്തിൽ ഗ്രെയിൻസ് ഉണ്ടായിരുന്നു. എന്തൊക്കെയാണെങ്കിലും നല്ല സിനിമ ഇഷ്ടപ്പെടുന്ന ആരും കണ്ടിറങ്ങിയ ശേഷം അതു കൊള്ളില്ല എന്നു പറഞ്ഞു കേട്ടില്ല. അത് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ അതിനോട് കാട്ടിയ സത്യസന്ധതകൊണ്ടാണെന്ന് തോന്നുന്നു. ആ സത്യസന്ധത സിനിമയിലുടനീളം അനുഭവിക്കാൻ കഴിയുന്നുണ്ട്. കണ്ടിട്ട് മൂന്നു ദിവസമായെങ്കിലും ഇപ്പോഴും അതെന്നെ വിട്ടുപോയിട്ടില്ല. റസൂലും അന്നയും പക്ഷേ ഒരായുഷ്കാലം എന്നെ പിന്തുടരാൻ കെൽപുള്ള കഥാപാത്രങ്ങളായിരുന്നു. എന്നാൽ അതുണ്ടാവുമെന്ന് തോന്നുന്നില്ല. മേന്മകൾക്കൊപ്പം പോരായ്മകളും എടുത്തുപറയാനുണ്ട്. അതാണ് ഈ സിനിമയെ ഒരു ഗ്രേറ്റ് സിനിമ എന്ന് വളരാനനുവദിക്കാതെ തളച്ചത് എന്ന് തോന്നുന്നു.

ആരാധകർ ഏറെയുണ്ടെങ്കിലും ഫാൻസ് അസോസിയേഷനില്ലാത്ത നടനാണ് ഫഹദ് (ഉള്ളതായി എനിക്കറിയില്ല. ജയ്‌വിളികൾ കേട്ടുമില്ല). എന്നാൽ സിനിമ കാണാൻ വന്നവരിൽ ബഹുഭൂരിപക്ഷം യുവാക്കളും ഫഹദ് എന്ന നടനഭിനയിക്കുന്ന സിനിമയല്ല അയാൾ അവതരിപ്പിച്ച ഫ്ലർട്ട് കഥാപാത്രങ്ങളുടെ ഇമേജിൽ അയാളെ വീണ്ടും കാണാനാണ് വരുന്നതെന്ന് തോന്നി, ഈ സിനിമയിലെ ചില രംഗങ്ങളോട് അവരുടെ പ്രതികരണം കണ്ടിട്ട്. റസൂൽ അന്നയെ ചുംബിക്കാനടുക്കുന്ന രണ്ടു സീനുകളിലും "കൊടടാ..എടാ കൊടടാ" എന്ന ആഭാസൻ ആർപ്പുവിളികൾ ഉയർന്നു കേട്ടു. പ്രതീക്ഷിച്ചപോലെ ചുംബനമില്ലാതെ വന്നപ്പോൾ കൂക്കുവിളിയും. വല്ലാത്ത നിരാശ തോന്നി. അടുത്ത തവണ തിയേറ്ററിൽ കയറുമ്പോൾ ഈ ആർപ്പുവിളി അടുത്തു കേട്ടാൽ ടോർച്ചു തെളിച്ച് മുഖം തിരിച്ചറിഞ്ഞു വെയ്ക്കുക. ഇങ്ങനെ ആർപ്പുവിളിക്കുന്നവന്റെ മനസുതന്നെയാണ് ഒറ്റയ്ക്ക് പെൺപിള്ളേരെ അടുത്തുകിട്ടുമ്പോൾ കടന്നുകയറുന്നവന്റെ മനസും.

ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം....

 

 

സലില മുല്ലൻ


ചാമുണ്ടി ഹില്ലിലേക്കു മെല്ലെ കയറുമ്പോള്‍ കാറിന്റെ  ചില്ല് പകുതി താഴ്ത്തി. തണുത്ത കാറ്റിന്റെ വിരലുകള്‍ എന്റെ മുടിയിഴകളില്‍ കുസൃതി കാട്ടിയപ്പോള്‍ കാറ്റുപോലും നിന്നെ തഴുകുന്നത് എനിക്ക് സഹിക്കില്ല എന്ന് ചെവിയില്‍ മന്ത്രിച്ചു നീ ചില്ലുയര്‍ത്തി. ആ സ്വാര്‍ഥതയുടെ മധുരം നുകര്‍ന്നുകൊണ്ട് ഞാനന്ന് രോമക്കുപ്പായമെടുത്ത് നിന്നെ പുതപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. കാര്‍ പാര്‍ക്കുചെയ്ത്, കുന്നിന്റെ നെറുകയില്‍ അന്യഭാഷക്കാരായ തീര്‍ഥാടകരുടെ ഇടയിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നുകൊണ്ട് കൈകള്‍ പരസ്പരം കോര്‍ത്ത് നടക്കുമ്പോഴാണ് ചെറുപ്പക്കാരിയായ അമ്മയും മിടുക്കരായ രണ്ടാണ്‍ മക്കളും ചേര്‍ന്ന് നടത്തുന്ന ചായപ്പീടിക കണ്ണില്‍ പെട്ടത്. ചൂട് ചായയും മുളക് ബജ്ജിയും കഴിക്കുന്നതിനിടയില്‍ നീ അവരുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. സമൂഹത്തില്‍ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തുന്നവരോട് ചങ്ങാത്തം കൂടുന്നത് നിനക്ക് പണ്ടേ ഉള്ള ശീലമായിരുന്നല്ലോ.
മറ്റുള്ള തീര്‍ഥാടകര്‍ ദേവിയെ തൊഴാനും ഫോട്ടോക്ക് പോസുചെയ്യാനുമുള്ള തിരക്കിലായിരുന്നു.
സാന്ധ്യച്ചോപ്പില്‍ ഗോപുരത്തിന്റെ പ്രൗഡിയേറിയതായിതോന്നി .
ലോകമാതാവിനെ വലം വച്ച്, ആളൊഴിഞ്ഞ ഒരിടം തേടി നമ്മള്‍ നടന്നു.  ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങിയപ്പോള്‍ അതിലേറെ ദീപങ്ങള്‍ താഴെ മിഴിതുറന്നു. കുന്നിന്റെ മുകളില്‍ നിന്ന് താഴേക്കു നോക്കിയ ഞാന്‍  ആകാശം ഭൂമിയിലേക്കിറങ്ങി വന്നോ എന്ന് അത്ഭുതപ്പെട്ടു. നഗരം മുഴുവന്‍ ദീപാലംകൃതമായി ഏതോ ഉത്സവാഘോഷത്തിന് ഒരുങ്ങി നില്‍ക്കുന്ന പ്രതീതി!
ഉയര്‍ത്തിക്കെട്ടിയ കല്പടവുകളിലൊന്നില്‍ കൈകള്‍ പരസ്പരം കോര്‍ത്ത് അസ്തമയ സൂര്യനെ നോക്കി ഇരിക്കുമ്പോള്‍ സംസാരിച്ചിരുന്നില്ല എന്നത് നമ്മള്‍ പോലും അറിഞ്ഞിരുന്നില്ല. ഹൃദയങ്ങള്‍ ഒന്നായലിഞ്ഞാല്‍ അധരങ്ങള്‍ മൗനമാകുമെന്നു വിശ്വമഹാകവി പാടിയത് എത്ര സത്യം !
ഏറെ നേരത്തിനുശേഷം തിരക്കൊഴിഞ്ഞ ക്ഷേത്രത്തില്‍ കയറി ചാമുണ്ടീ ദേവിയെ ദര്‍ശിച്ച്, പ്രസാദമായി കിട്ടിയ പൊങ്കല്‍ ക്ഷേത്രാങ്കണത്തിലെ കരിങ്കല്‍ത്തറയിലിരുന്ന് ഭക്ഷിച്ച് പുറത്തിറങ്ങി, വളരെ പതുക്കെ കാറിനടുത്തെക്ക് നടക്കുമ്പോള്‍ പരിസരം വിജനമായിത്തുടങ്ങിയിരുന്നു. ചായക്കടക്കാരി ലക്ഷ്മിയും മക്കളും എപ്പോഴോ കടയടച്ചു പോയി. വീണ്ടും വരണം നമുക്ക് എന്ന് പരസ്പരം പറഞ്ഞ് കാര്‍ സ്റ്റാര്‌ട്ടാക്കി കുന്നിറങ്ങുമ്പോള്‍ ദേവി നമ്മെ അനുഗ്രഹിച്ചുകൊണ്ട് പോയിവരൂ എന്ന് പറയുന്നതായി തോന്നി.
ഇന്നലെ, നിന്റെ യാത്രാക്കുറിപ്പ് വായിച്ചപ്പോള്‍ ഞാന്‍ ഏറെ വര്‍ഷം പിറകോട്ടു മനസ്സുകൊണ്ടു യാത്രപോയി . നീ വീണ്ടും ചെന്നു ചാമുണ്ടീ ഹില്ലില്‍ , ഞാനില്ലാതെ...ആ കരിങ്കല്‍ കല്‍പ്പടവുകളിലിരുന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഒരു നിമിഷാര്‍ഥമെങ്കിലും നിന്റെയുള്ളിലും മിന്നിമറഞ്ഞു കാണില്ലേ !

കേരളപ്പിറവി മാമാങ്കക്കാര്‍ക്ക് ...


ദയാഹരി
നാമകരണവും പിറന്നാള്‍ ആഘോഷവും
കാലമെത്രയായ് നാം കൊണ്ടാടി മടുക്കുന്നു
കസവ് ചേലകള്‍ ചുറ്റുന്ന പെണ്ണിനും
അവളില്‍ ഉറ്റു നോക്കുന്നോരാണിനും
അക്ഷരങ്ങളെ വ്യഭിചരിക്കുമെഴുത്തിനും
സംസ്കൃതിയെ വിറ്റ് തിന്നും രാഷ്ട്രീയത്തിനും
ഓര്‍മ്മകളെ വില്‍ക്കും ചാനല്‍ മാമാങ്കത്തിനും
ഓണവും വിഷുവും മറക്കും മലയാളിക്കും
ഒന്നാം തീയതിയെ ശപിക്കും കുടിയനും
ഒന്നാണെന്ന് നടിക്കും മതങ്ങള്‍ക്കും
ഹരിതമില്ലാത്ത ഗിരി നിരകള്‍ സാക്ഷിയായ്
മണലില്‍ മറയുന്ന നിളാ നദി സാക്ഷിയായ്
ചിതലെടുക്കുന്ന ഭാഷയെ സാക്ഷിയായ്
ചിതയിലേറിയ കാര്‍ഷിക ജീവിതം സാക്ഷിയായ്
രാത്രി പകലില്ലാതെ തെരുവില്‍ വില്‍ക്കുന്ന
നാട്ടു പെണ്ണിന്‍ മാനാഭിമാനങ്ങള്‍ സാക്ഷിയായ്
ഷണ്ടഭോഗത്തിന്‍ ഉന്മത്ത ലഹരിയില്‍
സ്വയം വിറ്റ് തിന്നുന്ന മനുജരെ സാക്ഷിയായ്
മഴുവെറിഞ്ഞവന്‍റെ മഹാമനസ്കതയെ
പഴമൊഴിക്കവികളുടെ നാട്ടുനന്മകളെ
കഥകളില്‍ കതിരിട്ട ഗ്രാമീണതകളെ
നിലവറയില്‍ നിധി കാക്കും ദൈവങ്ങളെ
വഴിപിരിഞ്ഞു പോയ കാലങ്ങളില്‍
ഉലകു തെണ്ടി വന്ന സംസ്കാര ബിംബങ്ങളെ
മനസ്സില്‍ ചേര്‍ത്തു വെച്ച് സഹതപിക്കുവാന്‍
അഭിനവമലയാണ്മ തന്‍ മധുരം രുചിക്കാന്‍
വര്‍ഷമെത്രയായ് നമ്മള്‍ പങ്കിടുന്നു
മിഥ്യയെന്നറിയുകിലും ഈ പിറന്നാള്‍ മധുരം

നമ്മള്‍ ഒരേ സമയം വെയില്‍ നനയുമ്പോള്‍

മനോജ് കാട്ടാമ്പിള്ളി

പ്രണയം അവസാനിക്കുന്നത്
മറവിയുടെ ജയില്‍മുറ്റങ്ങളിലാണ്

വെയില്‍ നനയുന്ന
അവസാനത്തെ കൈവീശലോടെ
ഞാന്‍ എന്റെയും
നീ നിന്റെയും തടവുമുറിയിലേക്ക്
എത്തിച്ചേരും.
ഓര്‍മകള്‍ക്കിടയിലെ
പുഴയലര്‍ച്ചയില്‍
രണ്ടു പച്ചമുതലകള്‍
തണുത്തുകൊണ്ടിരിക്കും.

പ്രത്യാശയുടെ ശീതംവിതുമ്പി
അപകടദിശയിലേക്കു പറന്ന
കപ്പല് പറവയുടെ മനസ്സുപോലെ
നീയെന്നെ തിരിച്ചറിയാതെ….

നോവിന്‍ മഞ്ഞുജലത്താല്‍
ദൂരെ ഒഴുക്കുക, വാക്കേ
പ്രണയത്തിന്‍ പച്ചിലക്കപ്പലിനെ
ആദ്യമെനിക്ക്
അഭയത്തിന്റെ
വൃദ്ധ മരപ്പൊത്ത് തരിക.

വെടിയുണ്ടയെക്കാള്‍
ചെറുതായിപ്പോയ ഹൃദയത്തിലെ
മഷിയൊപ്പുകള്‍ മായ്ച്ച്
മറ്റൊരു ജീവിതം
നീ തന്നെ കണ്ടുപിടിക്കുമായിരിക്കും.

അഭയം ..........ഗസ്സല്‍

 
 
സ്റ്റീഫൻ മിനൂസ്



വേരുറപ്പിക്കാനന്തരാഴത്തിലേയ്ക്
കന്ന്
നനവുതേടിപ്പായുന്നുണങ്ങിയെന്‍ പാദങ്ങള്‍
കല്ലുകള്‍ക്കിടയിലും തിങ്ങിഞെരുങ്ങിയാ
തരിയില്ലാ മണ്ണിന്‍റെ മാറില്‍ത്താഴാന്‍

പുതുമഴയിലൂടെവന്നു കുളിപ്പിച്ച തുള്ളികള്‍
കണ്ണീരുമായലിഞ്ഞൊഴുകിയന്നരുവിയില്‍
മഞ്ഞില്‍ മരംകോച്ചിവിറച്ചന്നാ രാത്രിയില്‍
പുല്ലുമേഞ്ഞൊരു കൂരപോലുമില്ലഭയത്തിനായ്‌

വഴിനീണ്ടുപോകുന്നവസാനമില്ലാതെ
ഇടയിലിരുട്ടില്‍ വീണു മറഞ്ഞു ബോധവും
മിഴിയിലന്ധകാരം മാഞ്ഞു വെളിച്ചമേകാന്‍
മെഴുകുതിരി വെട്ടവുമില്ലായീ കറുത്തരാവില്‍

വരമായ്‌ത്തന്ന മരുവിലൂടസ്ത്രവേഗം
ഭയമോടനുദാനം ചെയ്തന്നാഴിയിലേയ്ക്കായ്
പൊടിയായ്ത്തീരുവാനഗ്നിയില്‍ മുങ്ങിയന്ന്
ഭസ്മമായൊരു കുടത്തിലൊളിച്ചിരിക്കാന്‍ ....

വേര്‍പാട്

ജോണി ജോസഫ്

വേരോടെ പിഴുതെറിയാനാവുമോ
എനിക്കുനിന്‍ വേര്‍പാടിന്‍
നോമ്പരങ്ങളത്രവേഗം പ്രിയേ
നനവുറും നിന്‍ മിഴിക്കൊണുകള്‍
പിരിയുമ്പോള്‍ നീ പറഞ്ഞ വാക്കുകള്‍
മായുമോ എന്മനസ്സിലത്ര വേഗം
ഗതികിട്ടാ ആത്മാക്കള്‍ പോലെനാം
കഥയില്ലാ മനക്കോട്ടകള്‍ തീര്‍ത്തതും
ഒന്നുമൊന്നുമാകില്ലന്നറിഞ്ഞിട്ടുംനാം
എല്ലാമെല്ലാമാകുവാന്‍ കൊതിച്ചതും
ലോകവും ലോകരെയും മറന്നുനാം
സ്വപ്ന സാമ്രാജ്യമത് തീര്‍ത്തതും
അവസാനമെല്ലാം ത്യജിച്ചുനീ
എന്നേ ഉപേക്ഷിച്ചുപോയതും
കരകാണാ കദന പെരുംകടല്‍
സ്നേഹ സമ്മാനമായ്‌ തന്നതും
കാലമെത്ര പോയാലും മല്‍സഖീ
മറക്കുവാന്‍ മായ്ക്കുവാനാകുമോ?
ഉരുകും ഞാനെരിതീയിലെന്നും
ഉയരുമെന്‍ നെടുവീര്‍പ്പുകളെന്നും
തുടികൊട്ടും ഇടനെഞ്ചിന്‍ താളം
അപശ്രുതി മീട്ടി കിതക്കും
അവസാനശ്വാസം വരേക്കും നിന്‍
വേര്‍പാട് വിരഹമായ് നില്‍ക്കും....

പകൽക്കാഴ്ച്ചകൾ



ടി.സി.വി സതീശൻ
വാറു പൊട്ടിയ
വള്ളിച്ചെരുപ്പിൽ ഞാൻ
ഭൂലോകം
നടന്നു തീർക്കുവാൻ നോക്കുന്നുവിപ്പൊഴും

ഉണ്ടായിരുന്നൂ
ആ കാനയ്ക്കപ്പുറം
തണ്ണീർപന്തലുമൊരു ചുമടുതാങ്ങിയും
ഉള്ളിൽക്കരുത്തായ് അന്നീ നാട്ടിൽ

പണ്ടുള്ളവർ ചൊന്നുകെട്ടതു
ആയിരം കരങ്ങളിൽ തണൽ -
വിരിക്കുമാ ആൽചുവട്ടിലിരുന്നവർ
പാടത്തു പൂക്കും -
പൊൻ കതിർക്കറ്റകൾ കിനാവു കണ്ടുവത്രെ

നടക്കാനിനിയുമേറെ ..
ഓടുന്ന ബസ്സുകൾക്കു മുമ്പേ
പാഞ്ഞുവരുന്ന തലകൾ പലതും
പകൽക്കാഴ്ച്ചകൾ ദുരിത കാഴ്ച്ചകൾ

ഒക്കത്തിരുന്ന
കുഞ്ഞിനെ വഴിയുലുപെക്ഷിച്ചു
കണ്ടവന്റെ കൂടെ ബസ്സു കയറുന്നു ചിലർ
കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുനടന്നവർ മറുകൂട്ടം

ശരണാർത്ഥികൾ
നടതള്ളിയവർ നിറച്ച തിക്കിൽ -
തിരക്കിൽ പടിയിറങ്ങുന്നു വേപഥ പൂണ്ട
ഭഗവാൻ അകത്തളം വിട്ടു നിരത്തിലേക്കിറങ്ങി

നീറുന്നൂ
നീരുവെച്ച കാലുകളെങ്കിലും
നടക്കണമീ വാറു പൊട്ടിയ ചെരുപ്പിൽ
ഭൂലോകം മുഴുവൻ നടന്നു തീർക്കേണമെനിക്കു

മാവട്ടത്തു തുടങ്ങുന്ന
മാളിലെ ചെറുക്കൻ വെച്ചുനീട്ടുന്നു
നല്ല നാലഞ്ചു ലെതർ ചെരുപ്പുകൾ
നിർത്തണം നിന്റെയീ പിരാന്താൻ
പടപ്പാട്ടുകളെന്നന്നേക്കുമായെന്നു
അവൻ മൊഴി പതുക്കേയെൻ കാതിലോതി

ഉപ്പുമാങ്ങയും
ഉണക്ക മത്തിയും വിറ്റിരുന്ന
പപ്പേട്ടൻ രണ്ടുകയ്യും കൂട്ടിത്തൊഴുതു വണങ്ങി
സ്വർഗ്ഗത്തിലേക്കു പോകുവാൻ ..
നിനക്കൊരിടത്താവളമിതു വന്നുകേറു മകനേ നീ

വരണം , കഴിക്കണം
പോത്തിനെപ്പോലെ പോത്തായിടാൻ
പോത്തിറച്ചിയും നാലു പൊറോട്ടയുമെന്നോതി
നടക്കേണ്ടവൻ നീ നടക്കാതിരിക്കാൻ
അത്യുത്തമമീ പൊറോട്ടയെന്നു ചൊല്ലിക്കുഴഞ്ഞു

നടക്കണം
ഇനിയും നടക്കണമെനിക്കീ വാറു പൊട്ടിയ
വള്ളിച്ചെരുപ്പിൽ ഭൂലോകം മുഴുക്കെ നടക്കണം

ബധിര പ്രണയം

മുരളീധരൻ ഹരികൃഷ്ണൻ


എ ന്റെ പ്രണയം ഞാൻ പറയാൻ തയ്യാറാണ്
പക്ഷേ കേൾക്കാൻ അവൾ നിന്നില്ലല്ലോ
ഇല്ല ഇനിയും നിലച്ചിടാത്ത എന്റെ പ്രണയം
ഒരിക്കലും മായാത്ത അനശ്വര ചിത്രമാണ്
പ്രണയത്തിന്റെ വാതായനങ്ങൾ ഞാൻ മലർക്കേ തുറക്കവേ
മേഘത്തിന്റെ മായാ സൃഷ്ടിയിൽ എവിടെയോ പോയ്‌ മറഞ്ഞു അവൾ
പോയ്‌ മറഞ്ഞ വസന്തത്തിനു ഇനിയും ഒരു പുനര് സൃഷ്ടി ഉണ്ടോ ?
2 . ഞാൻ
ഞാനൊരു പ്രാകൃതൻ.. .......നടപ്പ് മാത്രം ശീലിച്ചവൻ
നഗരത്തിന്റെ പുതുമ യിൽ കഴമ്പില്ലെന്ന് വൈകിയറിഞ്ഞവൻ
പഴമയെ സ്നേഹിച്ച് തിരിഞ്ഞു നടത്തം തുടങ്ങിയവൻ
3 . സ്വന്തം
ശാന്തം എന്ന് ഞാൻ ഓതിയ കണ്ണുകൾ നിനക്ക് സ്വന്തം
ഗംഭീരം എന്ന് ഞാൻ ഓതിയ കണ്ണടകൾ എനിക്ക് സ്വന്തം
അന്ന നീ എവിടെയാ ........നിന്റെ കണ്ണടക ൾ എന്റെ കൈയ്യിൽ ഉണ്ട്

പാവക്കൂത്ത്

                                          
 കെ.എം.രാധ
      

ഗുണശേഖരന്  ,ഇരുപത്തിരണ്ട്‌കാരന്‍ ചുള്ളന്‍റെ നേര്‍ക്ക്‌ നോക്കാന്‍ പേടി,എന്നിട്ടല്ലേ .....
  ,''ഇക്കാണുന്നതൊക്കെ എന്‍റെ സമ്പാദ്യം.നിന്‍റച്ഛന് തുടങ്ങി കൊടുത്ത  കുട,തുണി,സ്വര്‍ണ പണയം,നാലഞ്ച് ബസ്സുകള്‍.. >..എല്ലാ വ്യാപാര സംരംഭങ്ങളും ഒറ്റയടിക്ക്  അവന്‍  തകര്‍ത്തു.   പിന്നെ,പിതാവിന്‍റെ അവസാനത്തെ കടമയെന്ന നിലയ്ക്ക്   സ്വൈര്യ കുടുംബജീവിതത്തിന് നിര്‍മിച്ചു  സമ്മാനിച്ച വീടും വിറ്റ്.,...ഒടുവില്‍.......>...നിന്നെ പഠിപ്പിക്കാന്‍ ഗതിയില്ലാതെ ,ഭിക്ഷക്ക് വന്ന് ഇവിടെ സ്ഥിരം കുറ്റിയടിച്ച തൊരപ്പന്‍,,''..

       ഗുണശേഖരന്‍ , പലവട്ടം പറയാനൊരുങ്ങി,വാക്കുകള്‍..... ....ചുണ്ടില്‍ തടഞ്ഞ് എങ്ങോ പറന്നുപോയി...
       പതിനഞ്ച് നില ഫ്ലാറ്റിന് കീഴില്‍  ചെറിയ വാര്‍പ്പ് വീട്,വില്‍ക്കുന്നതിന്റെ ഗുണം,ആവശ്യകത ഗുണശേഖരനോട്  മകന്‍ ശങ്കരന്‍ .....;.
'' അചഛന്‍ മനസ്സിലാക്കണം, അന്‍പത് ഫ്ലാറ്റ്  വിറ്റു കഴിഞ്ഞു.താമസക്കാര്‍ , എത്തിയാല്‍പ്പിന്നെ, ഒരു നിമിഷം നമുക്കിവിടെ  കഴിയാനാവില്ല''
     ഉള്ളത് മുഴുവന്‍ മുടിച്ച്  വീണ്ടും ശങ്കരന്‍റെ  വിളഞ്ഞ  വാക്കുകളിലെ വളഞ്ഞ ബുദ്ധി ഗുണശേഖരന്  തലവേദനയുണ്ടാക്കി.........
                            ഈ പ്രായോഗിക ബുദ്ധി സ്വല്‍പ്പം മുന്‍പേ  തലയ്ക്കകത്ത്  ,മിന്നല്‍ പിണരായെങ്കില്‍ ,.......................... 

        നീ എന്നേ,സ്വന്തമായി പത്ത് കാശ് ഉണ്ടാക്കുമായിരുന്നു.പിതാവിന്‍റെ ഒത്താശയില്ലാതെ!
   'ഗ്രാന്‍ഡ്‌പാ.. ,പെര്‍മിഷന്‍... തന്നേ ഒക്കൂ,അതുങ്ങളെല്ലാം കൂടി..വന്നാല്‍...>.how horrible,. smoke,,pollution,, nasty smell''

                  
       ഈ വീമ്പടിയൊക്കെ വെറുതെ!.ധീരജിനു കൈതണ്ടില്‍  പത്തി വിരുത്തും സര്‍പ്പശിരസ്സ്  ടാറ്റൂ കുത്താനും,ഇടത്  കാതില്‍ ഒറ്റ കമ്മല്‍കിലുക്കം !ബര്‍ഗര്‍-,പിസ്സ ആസ്വദിക്കാനുമല്ലാതെ ,മൊഴിഞ്ഞ വാക്കുകള്‍  മലയാളമോ,ഇംഗ്ലീഷോ ആകട്ടെ   തെറ്റില്ലാതെ എഴുതാനറിയില്ല.

                          പുതു തലമുറ ഭാഷയെ പക്ഷാഘാതപ്പെടുത്തുന്നു.  
       താല്പര്യം,.വിദേശ ചലച്ചിതങ്ങള്‍,.പാശ്ചാത്യ ഭക്ഷണ രീതികള്‍..>കഷ്ടം.!

                      ഗുണശേഖരന്‍ വ്യാകുലപ്പെട്ടു.
                      ഭവനം  വിറ്റ തുകയ്ക്കൊപ്പം മരുമകളുടെ ഓഹരിയില്‍ നിന്ന്  കുറച്ച്   പണവും  കൂടിയെടുത്തത്  കാരണം, തൊരപ്പന്‍ ശങ്കരന്‍റെ  പേരില്‍  തീരാധാരം എഴുതേണ്ടി വന്നു....

      '' വിഡ്ഢിത്തം. ഫ്ലാറ്റ്  നിങ്ങളുടെ പേരില്‍  മതിയായിരുന്നു.കാലശേഷം.കൊടുത്താല്‍. മതിയായിരുന്നു. ''                  ''
       സരസ്വതിയുടെ പരാതി
'' സാരമില്ല.എല്ലാം അവനുള്ളത്,ആ പണി കൂടി വേഗം കഴിഞ്ഞുവെന്നു കരുത്.നിനക്ക് തോന്നുന്നുണ്ടോ, വാശിയോ,മധ്യസ്ഥരുടെഇടപെടലോ ഉണ്ടായാല്‍ ശങ്കരന്‍ ,ഫ്ലാറ്റ് നമ്മുടെ പേരില്‍ എഴുതി തരുമെന്ന്.വെറുതെ മഞ്ഞു കൊള്ളണ്ട.''

       
 കയറ്റിറക്കു  തൊഴിലാളികള്‍,  ഫ്രിഡ്ജ്,അലക്കു യന്ത്രം,തുണി അലമാരകള്‍,ഹോം തിയേറ്റര്‍, പിന്നെയും എന്തൊക്കെയോ വാഹനത്തില്‍  കയറ്റി.
 ഒരു വലിയ ഇരുമ്പ്‌പെട്ടിയില്‍ സാധനങ്ങള്‍ വെയ്ക്കുന്നതിനിടക്ക്  ഗുണശേഖരന്‍::;
        ''ഇതും അതിലെടുത്ത് വെച്ചേക്ക്.''

    നോക്കിനില്‍ക്കും നോക്കുകൂലിക്കാരനെ നോക്കി  ഗുണശേഖരന്‍ പറഞ്ഞു.
         പെട്ടി എടുക്കാന്‍ ചുമട്ടുകാരനെ സഹായിക്കാന്‍  ശങ്കരനെത്തി.

     ''ഇതിലെന്താ...പാറയോ,ഇരുമ്പോ കുത്തി നിറച്ചിട്ടുണ്ടോ?താക്കോല്‍ എവിടെ?''
           ശങ്കരന്‍, ധൃതിയില്‍  പെട്ടി തുറന്നു.,....

     'ഇതെന്തൊക്കെയാ?.കുറെ പഴയ    പുരാണ-ഇതിഹാസ- വേദ,താന്ത്രിക- ജ്യോതിഷ പുസ്തകങ്ങള്‍, ,ദ്രവിച്ച് പോകുന്ന ഫോട്ടോകളും!...പണ്ടാരമടങ്ങാന്‍..!.ആകെ രണ്ട് കിടപ്പ് മുറി,  ഒരു   ചെറിയ ഹാള്‍..>...ഈ കീറ,പഴഞ്ചന്‍ തുക്കടാസ്‌ വെയ്ക്കാന്‍ സ്ഥലമെവിടെ?''

                  '' നിന്നെ ജനിപ്പിച്ച തന്തയും,തള്ളയും ഇനി  തൊട്ട് കിടപ്പ്,  ഇരിപ്പ്മുറിയിലെന്ന് നീ മുന്‍കൂട്ടി തീരുമാനിച്ചല്ലോടാ. വളരെ നന്നായി?''

     അച്ഛന്‍റെ വര്‍ത്തമാനം കേട്ട് ,ശങ്കരന്‍ ചിരിച്ചു.
        ''ധീരജ് മുതിര്‍ന്നില്ലേ?അവന് സ്വസ്ഥമായി വരയ്ക്കാനും,,ഉറങ്ങാനും. ഒരിടം വേണ്ടേ?..''
         ഗുണശേഖരന്‍റെ, അമര്‍ഷത്തില്‍ പഴമയുടെ ചെറുത്തുനില്‍പ്പ്‌. .>
          '' നിനക്കും നിന്‍റെ കെട്ടിയവള്‍ക്കും മറ്റേ മുറിയും! ഞങ്ങള്‍,തെരുവ് ജീവികള്‍.അല്ലേടാ.! കലികാലം.''

   ഗുണശേഖരന്‍റെ സംസാരം കേട്ടില്ലെന്ന് ഭാവിച്ച്,ശങ്കരന്‍റെ ശബ്ദം ഉച്ചത്തില്‍...............>.......
          ''.ചില്ലിട്ട പഴയ.ഫോട്ടോകള്‍.' ഷോകേസില്‍ വയ്ക്കാന്‍ പറ്റില്ല.,  ഇതൊന്നും കെട്ടി വലിച്ച്‌   എടുക്കേണ്ടെന്ന് അച്ഛനോട് എത്ര  വട്ടം പറഞ്ഞു?   മുതുമുത്തച്ഛന്‍മാരുടെ ഫോട്ടോ പ്രദര്‍ശനത്തിന് വെയ്ക്കാന്‍,.കാഴ്ചബംഗ്ലാവിലേയ്ക്കല്ല പോകുന്നത്?ആ കുഞ്ഞു ഫ്ലാറ്റില്‍  നിന്ന് തിരിയാനിടമില്ല.എന്തിനിങ്ങനെ ദ്രോഹിക്കുന്നു?' ജീവിതമേ,പൊള്ളി തുടങ്ങി.''

            ഗുണശേഖരന്‍ ഞെട്ടി, ദേഹത്ത് മരവിപ്പ്,നീറ്റല്‍! 
              മുന്‍ തലമുറ, ''ഇഷ്ടമനുസരിച്ച് ചെലവഴിക്ക്,കാണാനും,കേള്‍ക്കാനും ,നഷ്ടപ്പെട്ടാല്‍   തന്ത്രങ്ങള്‍ മെനഞ്ഞ് വീണ്ടെടുക്കാനും  ഞങ്ങളില്ലെന്ന''' മൌനത്തില്‍  ചൊല്ലി  ഏല്‍പ്പിച്ച .സ്വത്തുക്കള്‍!.

        ഒട്ടും ചോരാതെ  ആയിരം ഇരട്ടിയാക്കി  ശങ്കരന് മുന്‍പില്‍ കാഴ്ചക്കോളായി  വെച്ചു.സന്തോഷം...അഭിമാനം.!
   ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പം  ധൂര്‍ത്തിന്‍റെ സമവാക്യങ്ങളില്‍ ആറാടുന്നത് കാണെക്കാണെ ,പലര്‍ വഴി  ഉപദേശം.! 
           ഫലമില്ല.ശങ്കരന്‍ സ്വയം തീര്‍ത്ത  കടം ജപ്തിയില്‍,,തടവറയിലെ കനത്ത അഴികള്‍ക്കുള്ളില്‍..>

             ....ചീട്ടുകൊട്ടാരം കുത്തനെ  വീണു.  മുടിയന്‍  മകനെ തല്ലിക്കൊന്ന്‍ ആറ്റിലെറിയാന്‍., ശേഷി,ഊര്‍ജ്ജം ഒരുക്കൂട്ടി   വെച്ചു.
      എരിപൊരി സംഭവങ്ങള്‍ക്ക്, സാക്ഷിയാകവേ. പിതാവിന്‍റെ ,അമിതവാല്‍സല്യം,അയാളെ കിനാവള്ളികളായി ചുറ്റിവരിഞ്ഞുകെട്ടി.
        .''.മാപ്പ്.  കാണാകയത്തില്‍..മുങ്ങിപ്പോയി,

        '' ഒരു വൈക്കോല്‍തുരുമ്പെങ്കിലും നീട്ടി  രക്ഷിക്കണേ''
         പുത്രവിലാപത്തില്‍,ദുഷ്പ്രേരണകള്‍ ഒടുങ്ങി.  

      
    ഗുണശേഖരന്‍, നിലത്തിരുന്നു.നടുക്കത്തോടെ ,കാണാമറയ്ക്കത്ത് ഒളിച്ചിരുന്ന സത്യം അയാള്‍ ,ആ നിമിഷം വേര്‍പെടുത്തിയെടുത്തു. 

       പ്രായം ,ശരീരത്തിന്,മാത്രമല്ല.ഏത് കൊള്ളരുതായ്മയും തടയാനുള്ള ശേഷി കുറയ്ക്കുന്നു. 
       പുറത്ത് നിന്ന് ശബ്ദം.....

   ''Dad...too...late...come.come.''ധീരജിന്‍റെ വാക്കുകള്‍..>.
       '' 'ഇങ്ങനെ പോയാല്‍ പണിക്കര് എഴുതി തന്ന സമയം കഴിയും.ഇനിയുള്ള കാലമെങ്കിലും നല്ലത് വരണ്ടേ ?  ''

             ശങ്കരന്‍, മുറുമുറുത്തു.                           
          ശങ്കരന്‍റെ കരണത്ത് മാറി മാറി ചുട്ട പ്രഹരത്തിന് ,ഗുണശേഖരന്‍ കരം  ഉയര്‍ത്തി.സ്വയമറിയാതെ ,കൈ താഴ്ന്നു..,തല കുനിഞ്ഞു.

    ഒട്ടും  നിനച്ചിരിക്കാതെ ,ശങ്കരന്‍ ,ഫോട്ടോകളെല്ലാമെടുത്ത്‌ മുറ്റത്തിന്‍ അതിരിലെ ചെമ്പരുത്തിമരത്തിന്‍ ചുവട്ടിലേക്ക്    വലിച്ചെറിയുന്നതിനടിയില്‍,നിമിഷ വേഗത്തില്‍ ഒരു ഫോട്ടോ  പിടിവലിക്കിടെ  അയാള്‍ തട്ടിയെടുത്തു.

       ''ഇത് എന്റമ്മയുടെ..ചിത്രമാ...കൈവിടില്ല.....''
    കിതപ്പില്‍ കുതിര്‍ന്ന  വാക്കുകള്‍ക്കിടയില്‍ ,ഗുണശേഖരന്‍ പിന്നോട്ട് മറിഞ്ഞു. വിയര്‍ത്ത് തളരും മുഖത്ത്‌ നിന്ന് ,പതുക്കെ''അരുതേ''   പിറുപിറുക്കല്‍..... ,

          കുഞ്ഞ് ഗുണശേഖരനെ എടുത്തുകൊണ്ട് നില്‍ക്കുന്ന അമ്മയുടെ ദീപ്ത മുഖമുള്ള ചില്ല് ഫോട്ടോ അയാളുടെ നെഞ്ചില്‍   കിടന്ന് ഞെരിഞ്ഞു..
     പെട്ടെന്ന്,തണുത്ത കൈ തലോടലില്‍ ,ഗുണശേഖരന്‍,കണ്ണ് തുറന്നു.
    സരസ്വതിയുടെ വിറ വന്ന തളര്‍ന്ന സ്വരം 
        ''അരുത്.  ഒരിക്കലും വറ്റാത്ത   ചങ്കൂറ്റം മാത്രം മതി,  നമുക്ക്  ഈ ഭൂമിയില്‍ ഇടം തേടാന്‍''.
   ഗുണശേഖരന്‍,  സരസ്വതി നീട്ടിയ കൈകള്‍ പിടിച്ച് സാവധാനം എഴുന്നേറ്റ്,പുറത്തെ വെയില്‍ തിളക്കത്തില്‍ നടന്നു.

      ഒപ്പം,അയാള്‍, ഉള്ളില്‍ ,ശേഷിച്ച ആയുസ്സ് എങ്ങനെ ചെലവഴിക്കണമെന്ന വ്യക്തമായ രേഖ വരച്ചെടുത്തു.....

My love




Dr.k.g.balakrishnan



I don’t know why I was mum;

For these days;

But how it would be,

The ocean silent,

For a moment sum!

O, my swirling, glittering In!

Sing; sing till you wing;

Unto the ring;

Stilling the intuiting pin!

My golden lute;

As ancient-

As the moment spring;

Knitting the tunes sweet an’ cute;

Tilling the callous time an’ Fat
e!

ഉന്മാദി




സുലോച് സുലോ

രാത്രി ഖന ശൈത്യത്തിനു
വഴിമാറുമ്പോഴും,
വരകള്‍ ഉരഞ്ഞു
പിളര്‍ന്ന ഹൃദയ താളുകളിലേക്ക്
കണ്ണിരമ്ലം ചുരന്നു പടര്‍ന്നു-
വ്യഥിതമാക്കുമ്പോഴും,
ആഴങ്ങളില്‍
നിന്ന്
ഒറ്റനക്ഷത്രം
ജന്മ താരയിലേക്ക്
നീണ്ടു കിടക്കുമ്പോഴും,
മറുപടിയില്ലാതെ വന്നലച്ച
ഭ്രാന്തന്‍ മഴത്തെരോട്ടങ്ങളില്‍
ശുന്യമാക്കപ്പെട്ട
ഉള്ളറകള്‍
ഓര്‍മകളാല്‍
നിറഞ്ഞു തുവുമ്പോഴും ,
ഇറുതുവെച്ച
മരച്ച
വാക്കുകളുടെ
മൌഡ്യം വേദനകള്‍ കരുതി
കാത്തിരിക്കുമ്പോഴും,
വക്കു തേഞ്ഞ
പടവിറക്കങ്ങളില്‍
ഒരു അഭയാര്‍ഥി പോലെ -
പടിഞ്ഞിരിക്കുന്നു കവിത..!

പ്രവാസ സ്വപ്ങ്ങളില്‍
നിണമണിഞ്ഞ
കുളമ്പടികള്‍
താളം പിടികും

മുറുക്കാന്‍ കറ
തനര്‍ത്തു കിടന്ന
ചുണ്ടുകളില്‍ നിന്ന്-
കുഴഞ്ഞ നിമന്ത്രണങ്ങള്‍ തോരാതെ
നിപതികും

ബാലിചോറുണ്ട്
മരിച്ച
കുഞ്ഞുങ്ങള്‍ക്കൊപ്പം -
മലകയറി വരും
കട്ടുതീയില്‍-
കവിത ഉന്മാദിയാക്കുക തന്നെ ചെയ്യും ....!!

ഒരാൾ ഉറങ്ങാൻ തുടങ്ങുകയാണു ഉണരാനും


ശരത് സതീഷ്

അത്രയേറെ സ്നേഹിച്ചതിനാലാണൊ
ഇത്രയേറെ ക്രൂരയായത്‌...
എന്നൊരു ചോദ്യം
ഇപ്പോൾ ഒരു സ്വപ്നത്തിൽ
ഭേദ്യം ചെയ്യപ്പെടുകയാണു,
ആത്മാവിന്റെ ചിന്തകളായിരിക്കുമോ
സ്വപ്നങ്ങൾ എന്നൊരുവേള
സംശയിച്ചേക്കാം എങ്കിലും,
അയാൾ ഉറങ്ങാൻ തുടങ്ങുകയാണു
ഉണരാനും
എന്നാണീ കവിതയുടെ
തലേക്കെട്ടെന്ന് നിങ്ങൾ മറന്ന് പോകുന്നു ...
സ്വാതന്ത്ര്യത്തിന്റെ നാലാം യാമത്തിൽ
അത്രയേറെ വലുതാകുന്നൊരു ഘനമില്ലായ്മ
അനുഭവിക്കുന്നതിലേയ്ക്കായി
ആ ചോദ്യത്തെ ഇരുണ്ട ഒരു ഗുഹയിലേക്ക്‌
പൂഴ്ത്തിവയ്ക്കേണ്ടതുണ്ട്‌ ...
ആത്മഹത്യയെന്ന ഏറ്റവും മോശമായ പര്യായം
ഈ കവിതയ്ക്ക്‌ ചേരുകയില്ലെന്ന് പറഞ്ഞുകൊള്ളട്ടെ !!!

അനർഘ നിമിഷം


ഒരു വാക്കിൽ
ചുംബനത്തിൽ
അലിഞ്ഞലിഞ്ഞെന്നിൽ
തുഷാരം സൂര്യരെശ്മിയിലെന്നപൊൽ
മറയുന്നുവോ പ്രണയമേ .

ഒരു ചാന്ദ്രരാത്രിയായി
ഇളംമഞ്ഞിൻ കുളിരായി
ഒരു തെന്നൽകാറ്റായി
എന്നെ പുണരുന്നോരീ
സുഖദമാം നിമിഷമേ
ഒരു മാത്രയെങ്കിലും
അണയാതെ നിന്നിടൂമോ
നീ എന്നിൽ
ഇതുനാം സൂക്ഷിക്കും
അനർഘമുഹൂർത്തം.

അതിവേഗം മിടിക്കും നിൻ
ഹൃദയവും
വിങ്ങിപൊട്ടുവാൻ
കുതിക്കുമീ മാറിടവും
ചെർക്കുകെന്നോട്
നമുക്കലിഞ്ഞൊന്നാകാം
ഒരു യുഗസന്ധ്യ കടമെടുക്കാം
മറന്നീടാം പ്രപഞ്ചം
മറക്കാം നമ്മെയും .

തോളിൽ നനയുമീ
ചുടുകണ്ണീർ അമരുവോളം
ഹൃദയത്തോട് ചേർന്ന് നില്ക്ക
ഇത് നമ്മൾ
നമുക്കായ് തീർക്കും
സ്നേഹക്കൂടാരം.
നമ്മുടെ ലോകം .

കാലിഡോസ്കോപ്പ്‌

ബൈജു ജോസഫ്

കർക്കിടകപ്പെരുന്നാളിന്റെ
മഴക്കോളുകൾക്കിടയിലൂടെ
മഴവില്ലു കണ്ട ദിവസം
ഞാൻ അച്ഛനോട്
മഴവില്ലു തരുമോയെന്നു ചോദിച്ചു.

ദൈവത്തിന്റെ ഫോട്ടോകൾ
ത്രിമാനത്തിൽ ഫ്രെയിം ചെയ്യുന്ന
കോലോത്തുംകടവിലെ
ചില്ലു കടയിൽ നിന്നും
സ്വർഗ്ഗത്തിലേക്കുള്ള
ഇടുങ്ങിയ വാതിൽ പോലെ
നീണ്ട ദീർഘചതുരത്തിലുള്ള
മൂന്നു കണ്ണാടിമിനുപ്പുകൾ...
ഇനി വളപ്പൊട്ടുകൾ
വേണമെന്നച്ഛൻ...

കരിവളകളൂരിത്തന്ന പെങ്ങളോട്
നിന്റെ സ്നേഹം മാത്രം
മതിയെന്നു പറഞ്ഞു്
ഞാനവ തിരികെക്കൊടുത്തു.
കുപ്പിവളകളില്ലാത്ത
കൂട്ടുകാരത്തിയോട് ഞാൻ
വളപ്പൊടുകൾ ചോദിച്ചില്ല.

മഞ്ഞുമാതാവിന്റെ
പെരുന്നാൾ മുറ്റത്തെ
വളക്കടയ്ക്കു മുന്നിൽ
വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
മുറിഞ്ഞ വിരൽച്ചോരയിലൂടെ
കുറേ മഴകളൊഴുകിപ്പോകുന്നു.

മഴ നനഞ്ഞ ജീവിതമിപ്പോൾ
കാലിഡോസ്കോപ്പിന്റെ
ത്രിമാനത്തിൽ തടവിലാക്കപ്പെട്ട
ഒരു മഴവിൽ മത്സ്യമാണു്.
നിറങ്ങളുടെ സിംഫണിയിൽ
പിടയുന്നതാരുടെ സ്വപ്നങ്ങളാണു്...?

മെഴുക്കടയാളം

ബഷീറലി അലിക്കൽ

അടുക്കളയിൽ നിന്നും
പുറത്തേക്കിറങ്ങുന്ന,
പടിവാതിലിൽ ,എണ്ണയും -
വിയർപ്പും ,കൂടികുഴഞ്ഞ
കറുത്ത പാടുകൾ കാണാം ...!
എന്റെ നിസ്സംഗതയെ ചാരി
ഞാൻ നിന്നതിന്റെ മെഴുക്കടയാളം ...!
മാറാല കെട്ടിയ ചുവരിലും മച്ചിലും ,
കറുത്ത പാടുകൾ കാണാം ...!
അടുപ്പിൽനിന്നും ഉയർന്ന -
നെടുവീർപ്പുകൾ തീർത്ത ,
മെഴുക്കടയാളങ്ങൾ ....!
ഉള്ളിലെരിയുന്ന
കനൽ ചിന്തകൾ ,
നിശ്വാസങ്ങൾ -
അടുപ്പിലായാലും,
മനസ്സിലായാലും ,
അതിന്റെ പരിസരങ്ങളിൽ -
എന്തിനാണ് അടയാളങ്ങൾ
ബാക്കി വയ്ക്കുന്നത് ...!
എത്രതന്നെ അടിച്ചു തെളിച്ചു ,
വൃത്തിയാക്കി വച്ചാലും-
പിന്നയും മെഴുക്കടയാളങ്ങൾ,
തെളിഞ്ഞുവരുന്നത്-
എന്താണ്എന്നെ ,
ഓർമ്മപെടുത്തുന്നത്‌...!

പെട്ടി കെട്ടിയ രാത്രി



മുഹമ്മദ് ഷാഫി
പെട്ടി കെട്ടിയ രാത്രി
ഉറങ്ങാൻ എന്തു പാടാണ്‌

ഒന്നുറക്കം പിടിക്കുമ്പോഴേക്കും
പെട്ടിക്കകത്തു നിന്നും
ചില ഓർമ്മപ്പെടുത്തലുകൾ

ഷാഹുലിന്റെ ഉമ്മയാണാദ്യം വിളിച്ചത്‌
മോനേ ആ ടോർച്ചിങ്ങു വേഗം കൊണ്ടുവരണേന്ന്
ഈ മഴേത്ത്‌ രാത്രി ഒന്നു പുറത്തിറങ്ങാൻ
നീ വേഗമെത്തേണേന്ന്

വേഗമെത്താമെന്ന
വാക്കിനാൽ ഉമ്മയുറങ്ങി
കൂടെ ഞാനും

പെട്ടി കെട്ടിയ രാത്രി
ഉറങ്ങാൻ എന്തു പാടാണ്‌

സുനിലിന്റെ പെണ്ണാണ്‌
ഇക്കാ കല്ല്യാണത്തിന്‌ മുന്നെ എത്തില്ലേന്ന്
പമ്പേഴ്സില്ലാതെ കുട്ടിയെ
എങ്ങോട്ടും കൊണ്ടുപോകാൻ പറ്റില്ലെന്ന്

നാളെത്തന്നെ
എന്നവാക്കുകൊണ്ട്‌
അവരെയുറക്കിയതാണ്‌

എന്നിട്ടും
പെട്ടികെട്ടിയ രാത്രി
ഉറങ്ങാനെന്തു പെടാപാടാണ്‌

ഞാനായി വാങ്ങിയ മൊബൈലിൽ
കൂട്ടുകാരാ
കൂട്ടുകാരാ
എന്ന റിംങ്ങ്ടോണാണെന്നെ ഉണർത്തിയത്‌.

ടാ
ഞാൻ വന്നളിയാ എന്ന വാക്കുകൊണ്ട്‌
അവനെ ലഹരിപ്പിടിപ്പിച്ച്‌
മയക്കി കിടത്തി

എന്നിട്ടും
മെന്നിട്ടും
എനിക്കുറക്കം വന്നതേയില്ല

ഭൂമിയിലെ
പ്രതീക്ഷകളെല്ലാം
ഒഴുകിപ്പോകുന്ന
ബാഗേജ്‌ കടലിടുക്കിലൂടെ
എന്റെ ലാഗേജും നാളെ സഞ്ചരിച്ച്‌
അവർക്ക്‌ മാത്രമറിയാവുന്ന ഭാഷയിൽ
നാല്‌ മണിക്കൂർ പറയുന്ന തമാശകൾകേട്ട്‌
ചിരിച്ചുറങ്ങിയതാണ്‌

അപ്പോഴാണ്‌
കോടാലി തൈലം
ലഗേജിലാകെ പരന്നത്‌
ഉമ്മ മോനേന്ന് വിളിച്ചത്‌

ഒന്നും മറന്നിട്ടില്ലയെന്ന
ഒറ്റവാക്ക്‌ കൊണ്ട്‌
കെട്ടിയിട്ടുണ്ടെന്ന ഉറപ്പിലാണ്‌
നേരം വെളുത്തത്‌

ഏണസ്റ്റോ കാർദിനൽ - മരിലിൻ മൺറോയ്ക്കായി ഒരു പ്രാർത്ഥന

പരിഭാഷ: വി രവികുമാർ


കർത്താവേ,
ഇവളെ കൈക്കൊള്ളേണമേ,
ലോകമെവിടെയും മരിലിൻ മൺറോയെന്നറിയപ്പെടുന്ന ഇവളെ,
അതല്ല അവളുടെ ശരിക്കുള്ള പേരെങ്കിലും,
(അവളുടെ ശരിക്കുള്ള പേരു പക്ഷേ, അവിടുത്തേക്കറിയാത്തതുമല്ലല്ലോ,
ആറാം വയസ്സിൽ ബലാൽസംഗത്തിനിരയായ ഈ അനാഥയുടെ,
പതിനാറാം വയസ്സിൽ ആത്മഹത്യക്കു ശ്രമിച്ച ഈ സെയിൽസ്ഗേളിന്റെ).
ഇന്നവൾ നിന്റെ മുന്നിലേക്കെത്തുന്നു, മേക്കപ്പില്ലാതെ, പ്രസ് മാനേജരില്ലാതെ,
ഫോട്ടോഗ്രാഫർമാരും ഓട്ടോഗ്രാഫ് വേട്ടക്കാരുമില്ലാതെ,
അന്ധകാരത്തെ മുഖാമുഖം നോക്കിനില്ക്കുന്ന
ഒരു ബഹിരാകാശസഞ്ചാരിയുടെ ഏകാകിതയോടെ.

ചെറുപ്പത്തിലൊരിക്കൽ അവൾ സ്വപ്നം കണ്ടു,
ഒരു പള്ളിക്കുള്ളിൽ നഗ്നയായി നില്ക്കുകയാണു താനെന്ന്,
(ടൈം വാരികയിൽ വായിച്ചതാണേയിത്)
തറയിൽ തല മുട്ടിച്ചു വണങ്ങുന്ന ഒരു ജനക്കൂട്ടത്തിനു മുന്നിലാണു താനെന്ന്,
ആ തലകളിൽ ചവിട്ടാതിരിക്കാനായി കാലു സൂക്ഷിച്ചുവച്ചു നടക്കുകയാണു താനെന്ന്.
ഏതു മനഃശാസ്ത്രജ്ഞനെക്കാളും ഞങ്ങളുടെ സ്വപ്നങ്ങളറിയുന്നവനാണല്ലോ നീ.
പള്ളി, വീട്, ഗുഹ ഇതൊക്കെ പ്രതിനിധാനം ചെയ്യുന്നത്
ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം തന്നെ,
എന്നാൽ അതിനപ്പുറം ചിലതു കൂടിയാണത്...
ആ തലകൾ അവളുടെ ആരാധകർ, അതിൽ സംശയമില്ല;
(തിരശ്ശീലയിലേക്കു പായുന്ന പ്രകാശരശ്മിക്കടിയിലെ ഇരുട്ടിൽ തൂന്നുകൂടിയ തലകൾ).
ആ ദേവാലയം പക്ഷേ, ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ സ്റ്റുഡിയോ അല്ല.
സ്വർണ്ണവും മാർബിളും കൊണ്ടുള്ള ആ ദേവാലയം
അവളുടെ ഉടലെന്ന ആ ദേവാലയമത്രെ.
അതിനുള്ളിൽ ചാട്ടവാറുമായി നില്ക്കുകയാണ്‌ മനുഷ്യപുത്രൻ.
അടിച്ചിറക്കുകയാണവൻ ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ മുതലാളിമാരെ,
തന്റെ പ്രാർത്ഥനാലയത്തെ കള്ളന്മാരുടെ മടയാക്കിയവരെ.

images (1)
കർത്താവേ,
പാപവും അണുവികിരണവും കൊണ്ടൊരേ പോലെ മലിനമായ ഈ ലോകത്ത്
ഒരു സെയിൽസ്ഗേളിനെ മാത്രമായി നീ പഴിക്കില്ലല്ലോ?
(മറ്റേതു സെയിൽസ്ഗേളിനെയും പോലെ)
ഒരു താരമാവുക എന്നു സ്വപ്നം കണ്ടതു മാത്രമാണവൾ ചെയ്ത കുറ്റം.
അവളുടെ സ്വപ്നം യാഥാർത്ഥ്യവുമായി (ഒരു ടെക്നികളർ സ്വപ്നം.)
ഞങ്ങൾ കൊടുത്ത തിരക്കഥയ്ക്കനുസരിച്ചഭിനയിക്കുകയേ അവൾ ചെയ്തുള്ളു.
ആ തിരക്കഥ ഞങ്ങളുടെ ജീവിതകഥയായിരുന്നു,
അതാകെ കഥയില്ലായ്മയുമായിരുന്നു.
അവളോടു പൊറുക്കേണമേ കർത്താവേ,
അതുപോലെ ഞങ്ങളോടും,
ഈ ഇരുപതാം നൂറ്റാണ്ടിന്റെ പേരിൽ
,
ഞങ്ങളേവരുടെയും സഹകരണത്തോടെ നിർമ്മിച്ച ഈ ബ്രഹ്മാണ്ഡപ്പടപ്പിന്റെ പേരിൽ.
അവൾ പ്രണയത്തിനു ദാഹിച്ചപ്പോൾ ഞങ്ങൾ കൊടുത്തത് ഉറക്കഗുളികയായിരുന്നു.
ഞങ്ങളാരും പുണ്യവാളന്മാരല്ല എന്നവൾ നിരാശപ്പെട്ടപ്പോൾ
ഞങ്ങൾ ശുപാർശ ചെയ്തതു മനോരോഗവിദഗ്ധരെ ആയിരുന്നു.
ഓർമ്മയില്ലേ, കർത്താവേ,
ക്യാമറയ്ക്കു മുന്നിൽ നില്ക്കാൻ അവൾക്കു പേടി കൂടിക്കൂടി വന്നത്,
അവൾക്കു മേക്കപ്പിനെ വെറുപ്പായത്,
ഓരോ സീനിലും പുതിയ മേക്കപ്പു വേണമെന്നു വാശി പിടിച്ചത്,
ഉൾക്കിടിലം വളർന്നുവളർന്നൊടുവിൽ ഷൂട്ടിംഗിനെത്താൻ വൈകിയിരുന്നത്?

മറ്റേതൊരു സെയിൽസ്ഗേളിനെയും പോലെ
ഒരു താരമാവണമെന്ന സ്വപ്നമേ അവൾക്കുണ്ടായിരുന്നുള്ളു.
ഒരു സ്വപ്നം പോലെ അയഥാർത്ഥവുമായിരുന്നു അവളുടെ ജീവിതം,
ഒരു മനഃശാസ്ത്രജ്ഞൻ വ്യാഖ്യാനിച്ചു കഴിഞ്ഞിട്ടൊടുവിൽ
ഫയലു ചെയ്തു വയ്ക്കുന്ന ഒരു സ്വപ്നം.

കണ്ണടച്ചുള്ള ചുംബനങ്ങളായിരുന്നു അവളുടെ റൊമാൻസുകൾ;
കണ്ണു തുറന്നപ്പോൾ അവൾ കണ്ടു,
ഫ്ളഡ് ലൈറ്റുകൾക്കടിയിലായിരുന്നു തന്റെ പ്രണയങ്ങളെന്ന്.
ഇപ്പോൾ ഫ്ളഡ് ലൈറ്റുകൾ കെടുത്തിക്കഴിഞ്ഞിരിക്കുന്നു,
മുറിയുടെ രണ്ടു ചുമരുകൾ (അതൊരു സിനിമാസെറ്റായിരുന്നു) എടുത്തുമാറ്റിയിരിക്കുന്നു,
ഷൂട്ടിംഗ് തീർത്ത സംവിധായകൻ തിരക്കഥയുമായി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
ഇനിയല്ലെങ്കിൽ ഒരു കപ്പൽയാത്രയായിരുന്നു അത്,
സിംഗപ്പൂരിൽ വച്ചൊരു ചുംബനം, റിയോയിലൊരു നൃത്തം,
വിൻസറിലെ പ്രഭുമന്ദിരത്തിൽ ഒരു വിരുന്നുസല്ക്കാരം.
ഒക്കെയും ഒരു മൂന്നാംകിട ഫ്ളാറ്റിന്റെ ദരിദ്രം പിടിച്ച സ്വീകരണമുറിയിലെ കാഴ്ചകൾ.

ഒരന്ത്യചുംബനമില്ലാതെ സിനിമ അവസാനിച്ചു.
ഒരു കൈ ഫോണിൽ വച്ച് അവൾ മരിച്ചുകിടക്കുന്നതാണു കണ്ടത്.
അവൾ ആരെ വിളിക്കാൻ പോവുകയായിരുന്നുവെന്ന്
ഡിറ്റക്ടീവുകൾ ഇനിയും കണ്ടെത്തിയിട്ടില്ല.
ഒരാൾ തനിക്കാകെ അറിയുന്ന ഒരു സൌഹൃദശബ്ദത്തിലേക്കു വിളിക്കുമ്പോൾ
“റോങ്ങ് നമ്പർ” എന്നു റെക്കോഡു ചെയ്തു വച്ചിരിക്കുന്നതു കേൾക്കുമ്പോലെയാണത്;
അല്ലെങ്കിൽ കവർച്ചക്കാർ മുറിപ്പെടുത്തിയ ഒരാൾ
കേബിൾ മുറിച്ചിട്ട ഫോണിലേക്കു കൈയെത്തിക്കുമ്പോലെ.

കർത്താവേ,
അവൾ വിളിക്കാൻ പോയതാരെയുമാവട്ടെ,
(അതാരെയുമല്ലെന്നു തന്നെയിരിക്കട്ടെ,
അല്ലെങ്കിൽ ലോസ് ഏഞ്ചലസ് ഡയറക്ടറിയിലില്ലാത്ത ഒരാളുടെ നമ്പരാണതെന്നുമിരിക്കട്ടെ)
കർത്താവേ, ആ ഫോണൊന്നെടുക്കേണമേ.

നോവലിസ്റ്റുകൾ നോവലിനെ അഭിനയിച്ചു കാണിക്കരുത്‌



എം.കെ.ഹരികുമാർ

കാലമാണ്‌ സാഹിത്യത്തിന്റെ രൂപം നിശ്ചയിക്കുന്നത്‌ എല്ലാ കാലത്തും ഒരേ രൂപത്തിനകത്ത്‌ സാഹിത്യത്തെ തളച്ചിടാൻ കഴിയില്ല. കാരണം മനുഷ്യന്റെ വികാരവും വിവേകവും അനുഭവവുമാണ്‌ രൂപത്തെ നിശ്ചയിക്കുന്നത്‌. എന്തിനാണ്‌ കവികൾ കവിതയെതന്നെ അനുകരിക്കുന്നത്‌? ബ്രട്ടീഷ്‌ നിരൂപകനായ ലാർസ്‌ അയർ (Lars Iyer) ചോദിച്ചതു ഒരു നോവലിസ്റ്റ്‌ നോവൽ എങ്ങനെ എഴുതുമെന്ന്‌ അഭിനയിച്ച്‌ കാണിക്കുന്നത്‌ എന്തിനെന്നാണ്‌. മുൻകാല നോവലുകൾ എങ്ങനെ എഴുതപ്പെട്ടുവോ അത്‌ വിശദീകരിക്കുകയല്ല ഇന്നത്തെ നോവലിസ്റ്റിന്റെ രീതി. അങ്ങനെയാകാതെ നോക്കേണ്ടത്‌ നോവലിസ്റ്റു തന്നെയാണ്‌. അതായത്‌, ഒരാൾ എഴുതുന്നതിനു മുമ്പുതന്നെ, താൻ ഏത്‌ മാധ്യമമാണോ ഉപയോഗിക്കുന്നത്‌, അതിനെ അനുകരിക്കുന്നത്‌ രചനയെ നശിപ്പിക്കുക തന്നെ ചെയ്യും. നോവൽ എഴുതുമ്പോൾ, നോവൽ എന്ന മാധ്യമത്തിന്റെ വിശദീകരണമാകാതെ നോക്കണം. കവിത എന്തിനാണ്‌ കവിത എന്ന മാധ്യമത്തിന്റെ അടിമയാകുന്നത്‌? വിചാരത്തിന്റെ ഒരു സ്വതന്ത്ര്യലോകമാണ്‌ രൂപത്തെ സൃഷ്ടിക്കുന്നത്‌. രൂപം മുൻവിധിയോടെ അവതരിക്കുകയല്ല ചെയ്യേണ്ടത്‌. രൂപം എപ്പോഴും അപ്രവചനീയമാകണം. രൂപമാണ്‌, സാഹിത്യത്തിന്റെ രഹസ്യം. എഴുതുന്നത്‌ ആരായാലും, അയാൾ രൂപത്തെ മുൻകൂട്ടി നിശ്ചയിക്കുകയാണെങ്കിൽ അതോടെ എഴുത്ത്‌ നിലവാരപ്പെടും. എഴുതുന്ന പ്രക്രിയയിൽ, രൂപം താനേ ഉയർന്നുവരണം. ആ രൂപമാകട്ടെ, ആ രചനയുടെ മാത്രം സ്വന്തമായിരിക്കും.
    നമ്മുടെ സാഹിത്യകാരന്മാർക്ക്‌ രൂപത്തെപ്പറ്റി ഒരു ചിന്തയുമില്ല. ഇവിടെ ദിനംപ്രതിയെന്നോണം ധാരാളം നോവലുകൾ പുറത്തുവരുന്നു. ഒന്നിലും രൂപത്തെപ്പറ്റിയുള്ള വെളിപാടില്ല. എല്ലാം നാം കണ്ടു കഴിഞ്ഞ രൂപങ്ങൾ മാത്രം. അവർ രൂപം എന്ന പൂർവ്വസങ്കൽപത്തിലേക്ക്‌ തങ്ങളുടെ ചിന്തകളെ പ്രതിഷ്ഠിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. എന്തെഴുതുന്നുവെന്ന  ചിന്തയ്ക്കു തന്നെ പ്രസക്തിയില്ലാതാവുന്നു. കാരണം പാഠമായി വരുന്ന കാര്യങ്ങളെല്ലാം മുൻകൂട്ടി നിശ്ചയിച്ച ക്രമത്തെ പൈന്തുടരുന്നതു കാണാം. ജീവിതത്തെ എങ്ങനെ കാണുന്നുവേന്ന്‌ നമുക്ക്‌ പറഞ്ഞുതരുന്നത്‌ ഈ പാഠമാണ്‌. ഇത്‌ മറ്റുള്ളവർ കണ്ടരീതിയിൽ തന്നെയാണെങ്കിൽ, പുതിയൊരു പാഠത്തിന്റെ ആവശ്യകതയേയില്ല. നോവലെഴുത്തിൽ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസത്തിന്റെ സന്ദർഭമാണിത്‌. ജീവിതത്തെ എങ്ങനെയാണ്‌ കാണേണ്ടത്‌? വളരെ സുപരിചിതമായ കാര്യങ്ങൾ പറയുമ്പോൾ, അതിൽ എന്തെങ്കിലും അപരിച്ചതത്വം വേണം. അപരിചിതമായത്‌ അവതരിപ്പിക്കുമ്പോൾ പരിചിതമായി തോന്നുകയും വേണം. എങ്ങനെയാണ്‌ അപരിചിതമായത്‌ കണ്ടെത്തുന്നത്‌? അത്‌ സിദ്ധിയാണ്‌. സൂക്ഷ്മമായ ഇന്ദ്രിയങ്ങളുടെ ആവശ്യം ഇവിടെയാണ്‌. വളരെ സാധാരണമായ ഒരു സംഭവത്തെ മറ്റൊരു വികാരത്തോടെ സമീപിക്കണം. പുറത്തെ കാഴ്ചകളൊന്നുമല്ല നമ്മുടെ വിഷാദത്തിനു കാരണം. എന്നാൽ അത്‌ നമ്മുടെ അഗാധമായ ദുഃഖകേന്ദ്രങ്ങളിലേക്ക്‌ എങ്ങനെ എത്തിച്ചേരുന്നുണ്ട്‌. വേനൽ നമുക്ക്‌ മഴയായി തോന്നാം. രാത്രി മറ്റൊരു ഗ്രഹമായി രൂപാന്തരപ്പെടാം.
    മുമ്പ്‌ എഴുതിയ കൃതികളുടെ രൂപം മാത്രം മതിയെങ്കിൽ, അതിന്റെ ഉള്ളടക്കവും ഭിന്നമാകാൻ കഴിയില്ല. കാണം, ഒരു പുതിയ രൂപമാണ്‌. പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നത്‌ വിവിധ സ്ഥലങ്ങളിൽ വിവിധ സമൂഹങ്ങൾ ജീവിക്കുന്നു ജീവിക്കുന്നു എന്നതുകൊണ്ട്‌ ഒരു ജീവിതരീതിയായി പരിഗണിക്കേണ്ടിവന്നേക്കാം. എന്നാൽ എന്താണ്‌ അതിൽ സൂക്ഷ്മമായി മനസ്സിലാക്കാനുള്ളത്‌, കണ്ടെത്താനുള്ളത്‌ എന്ന പ്രശ്നമാണ്‌ കഥയുടെ ആവശ്യമായി വരുന്നത്‌. വളരെ അനിവാര്യമായി ഒഴുകുന്ന ജീവിതത്തെ പുതുതായി കണ്ടെത്തുകതന്നെ വേണം.
    ഭൂതകാലം നമ്മുടേതായിരിക്കാം; എന്നാൽ വീണ്ടും വീണ്ടും കണ്ടെത്തേണ്ടതുണ്ട്‌. ചരിത്രപുസ്തകങ്ങളിലുള്ളതെല്ലാം ഭൂതകാലമായിരിക്കാം. എന്നാൽ അതൊന്നുമല്ല എഴുത്തുകാരൻ അന്വേഷിക്കേണ്ടത്‌. ചരിത്രഗ്രന്ഥങ്ങളിലെ ഭൂതകാലത്തെ കണ്ടശേഷം, അതിലില്ലാത്തത്‌ തേടേണ്ടതുണ്ട്‌. വ്യക്തിയുടെ ഭൂതകാലവും കൈപ്പിടിക്കുള്ളിലല്ല ഉള്ളത്‌. നിരന്തരമായ പരിശ്രമങ്ങളിലൂടെ സ്വന്തം ഗതകാലത്തെ വീണ്ടും വീണ്ടും കണ്ടെത്തേണ്ടതുണ്ട്‌. അതാണ്‌ രൂപത്തെ നിർമ്മിക്കാൻ സഹായിക്കുന്നത്‌. നമ്മൾ കണ്ടുപിടിക്കുന്ന ലോകത്തെ എങ്ങനെ പരിചിതമായ മൂശകളിൽ നിറയ്ക്കാനാവും? അതിന്‌ പുതിയ മൂശകൾ ഉണ്ടാകേണ്ടതുണ്ട്‌. 


    ജീവിതത്തിന്റെ ഒരു സന്ധിയിൽ എല്ലാവരാലും വഞ്ചിക്കപ്പെട്ട്‌ തീവ്രമായ മനോവേദനയിൽ വഴിതെറ്റിപ്പോയ ഒരു പെൺകുട്ടിയുടെ അവസ്ഥയെപ്പറ്റി പറയുമ്പോൾ, അതിന്‌ മുക്തകം വഴങ്ങുകയില്ല, ചമ്പു സ്വീകാര്യമാവില്ല, വഞ്ചിപ്പാട്ട്‌ അരോചകമാകും. കാരണം മുക്തകവും ചമ്പുവും വഞ്ചിപ്പാട്ടും വ്യത്യസ്ത സാമൂഹ്യസാഹചര്യങ്ങളുടെ സൃഷ്ടിയാണ്‌. അത്‌ സ്വച്ഛവും മന്ദവുമായ ഒരു സാമൂഹികാവസ്ഥയുടെ സ്വാഭാവികമായ പ്രകടനങ്ങളാണ്‌. ചിതറിപ്പോയ ലോകത്തെ അവ ഉൾക്കൊള്ളുകയില്ല. പുതിയ  രൂപങ്ങൾ ഉണ്ടാകുന്നത്‌, ഈ ചുറ്റുപാടുകളിലാണ്‌. ഭാരിച്ച വിരഹത്തിൽ കഴിയുന്ന ഒരുവളുടെ മുമ്പിൽ ചെന്ന്‌, മരണത്തിന്റെ കഠോരമായ ചുവന്നവായുടെ മുമ്പിൽവച്ച്‌ നമുക്ക്‌ ഗീതകമാലപിടിക്കാൻ കഴിയുമോ? അവിടെ നിശ്ശബ്ദതയും ശൂന്യതയുമാവും ശേഷിക്കുക. അതുകൊണ്ട്‌ 'മരണഗീതം' എന്ന സങ്കൽപം തന്നെ അസംബന്ധമാണ്‌. ഇതൊക്കെ മനസ്സിലാക്കിയാൽ, എഴുത്തുകാരൻ പുതിയൊരു രൂപം നിർമ്മിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ ബോധ്യപ്പെടും. 



    കാഫ്കയുടെ (Metamorphosis)എന്ന കഥയിലെ ഗ്രിഗറി സാംസ ഒരു ദിവസം താനൊരു ഷഡ്പദമാണെന്ന്‌ കണ്ടെത്തുകയാണ്‌. അതുവരെ വീട്ടുകാർക്ക്‌ വേണ്ടിയാണ്‌ അയാൾ ജോലിചെയ്ത്‌ വരുമാനമുണ്ടാക്കിയത്‌. എന്നാൽ ഷഡ്പദമായതോടെ, അയാളെ അവർ ഒരു മുറിയിലിട്ടടച്ചു. അതുവരെ ജോലിക്കുപോകാത്ത സഹോദരി ആ മട്ട്‌ മാറ്റി. വീട്ടുകാർക്ക്‌ സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുണ്ടായി. ഗ്രിഗറിക്ക്‌ തന്റെ രൂപത്തിലുണ്ടായ മാറ്റം ഒരു സങ്കൽപമാകാം. അയാൾ ജോലി ചെയ്യാൻ വേണ്ടി പുറത്തുപോയതോടെ, ആ കുടുംബത്തിലെ മകൻ എന്ന സങ്കൽപം മാഞ്ഞുപോകുന്നു. അയാൾ വരുമാനം കൊണ്ടുവരുന്ന വ്യക്തിയാണ്‌. ഇത്‌ അയാൾക്ക്‌ കട്ടിയുള്ള ഒരു തോട്‌ സമ്മാനിക്കുകയാണ്‌. ആ ജോലി അയാളെ അങ്ങനെ പരിവർത്തനം ചെയ്യുന്നു. മാത്രമല്ല, അത്‌ അയാളെ തന്റെ വീട്ടിൽ തന്നെ ഒറ്റപ്പെടുത്തുന്നുണ്ടാവണം. അയാളുടെ മനസ്സ്‌ വലിയൊരു പരിവർത്തനത്തിന്‌ വിധേയമാവുന്നു. അയാൾക്ക്‌ സ്വയം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള മാറ്റമാണ്‌ സംഭവിക്കുന്നത്‌. ഇത്‌ അയാളുടെ കുടുംബാംഗങ്ങൾ കണ്ടുപിടിക്കുമ്പോൾ, എല്ലാവർക്കും അത്‌ അവിശ്വസനീയമായി തോന്നുന്നു. കാഫ്ക കഥയ്ക്ക്‌ ഈ രൂപം കണ്ടെത്തിയത്‌ എന്തിന്‌? അതായത്‌, ഈ കഥയിലെ അനുഭവം കാഫ്ക പുതുതായി അറിയുന്ന കാര്യമാണ്‌. അത്‌ പുതിയതാണ്‌. കഥയെന്ന മാധ്യമത്തെ, അതിന്റെ കീഴ്‌വഴക്കങ്ങളെ അതേപടി പൈന്തുടരുകയല്ല കാഫ്ക ചെയ്തത്‌. ഗ്രിഗറി എന്ന മനുഷ്യൻ കടന്നുപോകുന്ന വിചിത്രമായ മാനസിക തലത്തിന്റെ അഗാധത പകരാൻ, ഈ സങ്കേതം ആവശ്യമായി വരുന്നു. പുതിയ രൂപം വേണ്ടിവരുന്നത്‌, പുതിയ ഒരു കാര്യം ആവിഷ്കരിക്കാനുള്ളതുകൊണ്ടാണ്‌. പൂർവ്വനിശ്ചിതമായ രൂപത്തിൽ, പുതുതായി കണ്ടെത്തപ്പെടുന്ന വസ്തുതയെ ഒതുക്കാൻ കഴിയില്ല. ഇവിടെ രൂപം, രചനയുടെ നിർമ്മാണപരമായ ആവശ്യമാണ്‌.

വിധേയത്വവും എഴുത്തുകാരന്റെ അന്തസ്സും



ഡോ.എം.എസ്‌.പോൾ

    'ഒരു അപ്പക്കൂട്ടുകാരന്റെ അതിഭാഷണങ്ങൾ' എന്ന പേരിൽ അശോകൻ ചരുവിൽ ഒരു കഥ എഴുതിയിട്ടുണ്ട്‌. ഈ കഥാകൃത്ത്‌ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നടത്തുന്ന സംഭാഷണം വായിച്ചുകഴിഞ്ഞാൽ മേൽപ്പറഞ്ഞ കഥാശീർഷകം 'അപ്പക്കഷണം കിട്ടിയവന്റെ അതിഭാഷണങ്ങൾ' എന്നു തിരുത്തിവായിക്കാൻ തോന്നും. അധികാര കേന്ദ്രങ്ങളിലും മന്ത്രിമന്തിരങ്ങളുടെ പിന്നാമ്പുറങ്ങളിലും കയറിയിറങ്ങുന്നത്‌ സാഹിത്യകാരന്റെ യോഗ്യതയായി കാണുന്ന അശോകൻ ചരുവിൽ പരാജയപ്പെട്ട നേതാവിനു വേണ്ടി പരസ്യമായി പോസ്റ്ററൊട്ടിക്കുകയാണിവിടെ. സ്വന്തം നട്ടെല്ല്‌ ഊരിയെടുത്ത്‌ മാറ്റിവച്ച്‌ തൊഴുതു നിൽക്കുകയും പാർട്ടിബന്ധം വഴി തനിക്ക്‌ ലഭിച്ച നേട്ടങ്ങൾക്ക്‌ പ്രത്യുപകാരമായി കഴിയുന്നിടത്തോളം ആളുകളെ ഇകഴ്ത്താനും കാട്ടുന്ന വ്യഗ്രത ആത്മാഭിമാനമുള്ള മലയാളിയെ ലജ്ജിപ്പിക്കുന്നു.

    ഈ അഭിമുഖത്തിൽ സാഹിത്യത്തെക്കുറിച്ച്‌ ചർച്ച ചെയ്യാൻ തുടങ്ങുമ്പോഴേക്കും അശോകൻ ചരുവിലിന്റെ ആവനാഴി ശൂന്യമാകുന്നു. സി.ആർ.പരമേശ്വരനെപ്പോലെ ധൈഷണികതയെ സാഹിത്യവുമായി ചേർത്തുവച്ച ഒരു എഴുത്തുകാരനെ ചെറുതാക്കി കാണിക്കുകയും ഡി.എം.പൊറ്റക്കാടിനെ മഹാനായ എഴുത്തുകാരനാക്കി അവതരിപ്പിക്കുകയും ചെയ്യുകയാണ്‌. ഈ കഥാകൃത്ത്‌. എസ്‌.കെ.പൊറ്റക്കാടിനെ തമസ്ക്കരിച്ചുകൊണ്ട്‌ ഡി.എം.പൊറ്റക്കാടിനെ അവതരിപ്പിക്കാൻ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ എപ്പോഴും ശ്രമിച്ചിരുന്നു. എന്നാൽ ചരിത്രം ഇവരെ രണ്ടുപേരെയും നിരസിക്കുകയും പൊറ്റക്കാടിനെ നിലനിർത്തുകയും ചെയ്തു. പാർട്ടിയോടുള്ള തന്റെ കൂറും വിധേയത്വവും കാണിച്ചുകൊണ്ടാണ്‌ അശോകൻ ചരുവിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്നത്‌. ഇതായിരിക്കരുത്‌ ഒരു എഴുത്തുകാരന്റെ അൻപ്‌. വിമോചനസമരം അപഹസിക്കപ്പെടേണ്ടതുതന്നെയാണ്‌.

എന്നാൽ അത്രതന്നെ പ്രതിലോമകരമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജനാധിപത്യ വിരുദ്ധതയും ധാർഷ്ട്യവും. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പൂർവ്വകാല ചരിത്രം വച്ചുകൊണ്ട്‌ ഇന്നത്തെ അവസ്ഥയെ വിലയിരുത്തുന്നത്‌ ഗാന്ധിജിയെ മുൻനിർത്തി ഇന്നത്തെ കോൺഗ്രസിനെ നോക്കിക്കാണുന്നപോലെ വിഡ്ഢിത്തമാണ്‌. മതജാതി പ്രീണനങ്ങളിൽ നിന്നും സങ്കുചിതചിന്തകളിൽ നിന്നും സ്വതന്ത്രമാകാത്തിടത്തോളം കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ നിലവാരമുള്ള ഒരു ബഹുജനപ്രസ്ഥാനമായി കാണാനാവില്ല. ആദിവാസി ദലിത്‌ ജനതയും ഏതു നിമിഷവും കുടിയിറക്കപ്പെടാവുന്ന വികസനത്തിന്റെ ഇരകളും എന്നും ഈ പാർട്ടിക്ക്‌ അനഭിമതരാണ്‌. ഇത്തരം  ഒരു പ്രസ്ഥാനത്തെമഹത്വവൽക്കരിക്കാൻ നടത്തുന്ന ഏതുശ്രമവും സാമൂഹികവിരുദ്ധമാണ്‌. പെൻഷൻ പറ്റിയ കുറെ സർക്കാർ ഉദ്യോഗസ്ഥരും കമ്മീഷൻ ഏജന്റുമാരും റിയൽ എസ്റ്റേറ്റ്‌ ബ്രോക്കർമാരും ചിട്ടിക്കമ്പനിയിലെ ഓഹരി ഉടമകളുമൊക്കെയാണ്‌ നാട്ടിൽ കക്ഷി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന്‌ ഈ കഥാകൃത്ത്‌ സമ്മതിക്കുകയും ചെയ്യുന്നുണ്ട്‌.

യാതൊരു പരിസ്ഥിതി ബോധവും ചരിത്രബോധവുമില്ലാത്ത ഇത്തരക്കാരെയാണ്‌ അശോകൻ ചരുവിൽ ന്യായീകരിക്കുന്നത്‌. ദളിത്‌ പരിസ്ഥിതി സ്ത്രീവാദ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യവും സർവ്വകാല മൂല്യവും തിരിച്ചറിയാതെ സംസാരിക്കുന്നത്‌ സ്ഥിരബുദ്ധിയുള്ള ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു കുറവ്‌ തന്നെയാണ്‌. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രസക്തി, സാമ്രാജ്യത്വം, മാധ്യമ അജണ്ടകൾ എന്നിങ്ങനെയും സ്ഥിരം ഭാഷണങ്ങൾക്കപ്പുറത്തേയ്ക്ക്‌ പോകുന്നില്ല ഈ കഥാകൃത്ത്‌. നവസാമൂഹിക പ്രസ്ഥാനങ്ങൾ ഇത്തിരിവെട്ടം മാത്രം ചിന്തിക്കുന്നവരാണെന്ന്‌ പറഞ്ഞുകൊണ്ട്‌ സമകാലികതയ്ക്കു നേരെ മുഖം തിരിക്കുകയും തനിക്ക്‌ ഗുണമുള്ളതുകൊണ്ട്‌ കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തെ വാഴ്ത്തുകയും ചെയ്യുകയാണ്‌ അശോകൻ ചരുവിൽ. ഈ അഭിമുഖത്തിലുടനീളം സത്യം പറയാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്‌. പാർട്ടിയോടുള്ള വിധേയത്വം ഈ എഴുത്തുകാരനെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുത്ത്‌ നടത്തുന്ന സമകാല എഴുത്തുകാരിൽ ശ്രദ്ധേയനാണ്‌ അശോകൻ ചരുവിൽ എന്നാൽ അധികാരത്തോട്‌ നിഷേധാത്മക സമീപനം പുലർത്തി ഒരു സ്വതന്ത്രബുദ്ധി ജീവിയെന്ന നിലയിലേക്ക്‌ പരിണമിക്കാൻ അദ്ദേഹത്തിന്‌ കഴിയുന്നില്ല.

വലക്കണ്ണികളിൽ കാണാത്തത്‌


എസ്.സരോജം


"ഇൻജക്ഷൻ കൊടുത്തുറക്കാം."
മരുന്നിന്റെ മണമുള്ള നിഴലുകൾ തീരുമാനിച്ചു.
സൂചിപ്രയോഗം കൊണ്ട്‌ മനസ്സിനെ പിടിച്ചുനിറുത്താനാവുമോ?
മാറോടണയ്ക്കാൻ കൊതിക്കുമ്പോൾ കുതറിയോടുന്ന ഒരു നിഴലിന്റെ പുറകെ നിയന്ത്രണം വിട്ടുള്ള ഓട്ടമല്ലേ എങ്ങോട്ടെന്നറിയാതെ.
ബോധാബോധങ്ങളുടെ അതിർത്തിരേഖയിലൂടെയുള്ള യാത്രക്കിടയിൽ സ്പിരിറ്റിന്റെ മണമുള്ള കണ്ണാടിമാളികയിലേക്കൊന്നെത്തിനോ

ക്കി. അവിടെ നിഴലുകളില്ല. തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ശരീരങ്ങൾ മാത്രം.
ചുവന്ന പട്ടിൽ പൊതിഞ്ഞ ശരീരം കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. ഇത്‌ എന്റെ ശരീരത്തിൽ നിന്നുണ്ടായ ശരീരമാകുന്നു. ഈ ചേതോഹരരൂപം ഉപേക്ഷിച്ചുപോയ ജീവനെത്തേടിയാണ്‌ മനസ്സിന്റെ പ്രയാണം.
ആ ജീവനെ കണ്ടെത്തണം, ഈ ശരീരത്തിൽ തന്നെ കുടിയിരുത്തണം. മാതൃസഹജമായ സ്നേഹത്തോടെ ശാസിക്കണം. നല്ല കൂട്ടുകാരായി തോളത്തു കൈയിട്ടു നടക്കണം. ഒത്തിരിയൊത്തിരി കാര്യങ്ങൾ പറയണം. യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും ചുറ്റിക്കറങ്ങണം.
'എന്റെ നീലക്കമ്പിളിയെവിടെ? തണുത്തു മരവിക്കുന്നു.'
'നിന്റെ തണുപ്പുമാറ്റാൻ ഈ നെഞ്ചിലെ ചൂടു പോരേ?'
കരൾചെപ്പിലടച്ചുവച്ചതു കടലോളം സ്നേഹം. ആർക്കുവേണ്ടി? തിരിഞ്ഞുനടക്കുമ്പോൾ സ്വയം ചോദിച്ചു.
തേങ്ങുന്ന നിഴലുകൾക്കിടയിലൂടെ ഓടുമ്പോൾ അവന്റെ ഹൈടെക്‌ർറൂം മാത്ര മായിരുന്നു ലക്ഷ്യം. ആ മുറിക്കുള്ളിൽ വി.ഐ.പി സൂട്ട്കേസിൽ അലക്കിത്തേച്ച നീലക്കമ്പിളിയുണ്ട്‌. എങ്ങനെയെടുക്കും? മുറിപൂട്ടി മുദ്രവച്ചിരിക്കുന്നു. താക്കോൽ നിയമപാലകരുടെ സേഫ്കസ്റ്റഡിയിലാണെന്ന കാര്യമേ മറന്നു. താക്കോൽ മാത്രമല്ല, സിഡിയിലെഴുതിയ കത്തും വേസ്റ്റ്ബാസ്കറ്റിൽ കിടന്ന സിറിഞ്ചും സൂചിയും ബാർബിറ്റുറേറ്റ്സിന്റെ റാപ്പറും എല്ലാം കൊണ്ടുപോയി.
നാലുചുവരിലും ട്യൂബ്ലൈറ്റുകൾ പ്രകാശിച്ചിരുന്ന മുറി ഇരുട്ടിലാണ്ടു കിടക്കുന്നു. ഇത്രനാളും തങ്ങളെ പരിലാളിച്ച വിരലുകൾ നിശ്ചലമാവുന്നതു കണ്ടിരിക്കാൻ വിധിക്കപ്പെട്ട അപൂർവ്വഗ്രന്ഥങ്ങളും ചിത്രങ്ങളും മ്യൂസിക്സിസ്റ്റവും ടെലിവിഷനും വീഡിയോഫോണും എല്ലാം അനാഥദുഃഖം ഉള്ളിലൊതുക്കി തേങ്ങുകയാവും.
ഷുമാക്കറും മൈക്കിൾ ജാക്സനും കരീനാകപൂറും ആരാധകന്റെ വേർപാടിൽ ദുഃഖിക്കുന്നുണ്ടാവാം.
അന്ത്യചലനങ്ങൾക്ക്‌ താളംപിടിച്ച *1പിങ്ക്‌ നിഴലും വെളിച്ചവും കടക്കാത്ത മുറിക്കുള്ളിൽ സ്വയം തീർത്ത *2ചുവരുകൾക്കുള്ളിൽ ചലനമറ്റുകിടക്കുകയാവും. *3മെറിലിൻ മൺറോയും ദൗത്യം പൂർത്തിയാക്കി, ഡെസ്ക്ടോപ്പിൽ നിന്നിറങ്ങി ഹോളിവുഡിലേക്ക്‌ തിരിച്ചുപോയിട്ടുണ്ടാവും.
അടച്ചിട്ട വാതിൽപാളിയിൽ ലക്കിസ്ട്രൈക്കിനൊരുങ്ങുന്ന സൂപ്പർ സ്പോർട്ട്‌ ബൈക്കുകളുടെ ചിത്രങ്ങൾ - യമഹയുടെ ഡെൽറ്റാബോക്സ്‌, സുസുക്കിയുടെ മോട്ടുൽ....
പുറകിൽ മറഞ്ഞുനിന്നുകൊണ്ട്‌ അവൻ വിളിക്കുന്നു - ക്രൂരീ.... എനിക്ക്‌ യമഹയുടെ നാഷണൽ ടീമിൽ സെലക്ഷൻ കിട്ടിയതറിഞ്ഞില്ലേ? ട്രാക്കിലിറക്കുന്നതേതാ വണ്ടിയെന്നറിയാമോ - ടീം ക്യാപ്റ്റന്റെ സ്വന്തം ആർ ഡി. ഇതാദ്യത്തെ ചവിട്ടുപടി. അവാസനത്തേത്‌ ഫോർമുല 1- ഷുമാക്കറിനൊപ്പം. കാർത്തികേയൻ കഴിഞ്ഞാൽ പിന്നിവിടെ ആരാ ഉള്ളത്‌ - ദി ഒള്ളി ഇന്ത്യൻ യൂത്ത്‌ - ആഷിഷ്‌ ദി ഗ്രേറ്റ്‌.
നിന്റെ സാഹസം ഇത്തിരി കൂടുന്നുണ്ട്‌. കയ്യും കാലുമൊടിഞ്ഞു കിടന്നാലേ നോക്കാൻ ഞാനല്ലേയുള്ളൂ. റാലീം റേസും ഒന്നും വേണ്ട. അടങ്ങിയിരുന്ന്‌ വല്ലതും പഠിക്ക്‌.
താൽപ്പര്യമുള്ളതൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ ഭൂമിക്കു ഭാരമായി ജീവിച്ചിട്ടെന്തുകാര്യം?
പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയപ്പൊഴേക്കും ഒരിക്കലും മടങ്ങിവരാൻ പറ്റാത്തവിധം അവൻ ലക്ഷ്യത്തോടടുത്തിരുന്നു.
*
ജീവിതം നിരർത്ഥകം... അങ്ങകലെ വശ്യതയാർന്ന അഭൗമസംഗീതത്തിന്റെ അലയൊലി.
ഉഷ്ണക്കാറ്റിന്‌ ബ്രൂട്ടിന്റെ മാസ്മരഗന്ധം.
ഓടിയോടി ഞാനെത്തിയതെവിടെയാണ്‌?
കയ്യിൽ കാലപാശവുമായി നിൽക്കുന്ന കിങ്കരന്മാർക്കു മുന്നിൽ.
ഒരു ചെറുപ്പക്കാരനെ പോത്തിന്റെ പുറത്തെഴുന്നള്ളിച്ചുകൊണ്ട്‌ യമദൂതൻ വരവായി. ആ യുവകോമളൻ *4വാട്ടേഴ്സിന്റെ വരികൾ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. 'ജീവിതം ഒരു പേടി സ്വപ്നം...'
അതെ, അതവൻ തന്നെ.
നീണ്ടുവിടർന്ന കണ്ണുകളിൽ വലക്കണ്ണികളിൽ നിന്നാർജ്ജിച്ച ആവേശമോ, സാഹസികതയുടെ ലഹരിയോ?
ഇവനെ യമപുരിയിൽ പ്രവേശിപ്പിക്കാനുള്ള സമയമായിട്ടില്ല. ഭൂമിയിലെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കണം - ഞാൻ യമദൂതനോടഭ്യർത്ഥിച്ചു.
ഇവൻ ഐ.ടി വിപ്ലവത്തിന്റെ രക്തസാക്ഷി. നിങ്ങൾക്ക്‌ ഇവന്റെ പേരിൽ സ്മാരകം പണിയാം. ആണ്ടുതോറും അനുസ്മരണം നടത്താം - യമദൂതൻ പരിഹസിച്ചു.
എന്ത്‌? വസുന്ധരയിൽ ഐ.ടി വിപ്ലവമോ? നാമിതു പണ്ടേ പരീക്ഷിച്ചറിഞ്ഞതല്ലേ! യമദേവൻ ആശ്ചര്യപ്പെട്ടു.
ഭൂമിയിലിപ്പോൾ യാന്ത്രികയുഗമാണു പ്രഭോ. ബിസിനസ്സും പ്രണയവും എല്ലാം കമ്പ്യൂട്ടർ ശൃംഖലയിലൂടെ. എന്തിനും ഏതിനും കമ്പ്യൂട്ടർ. ഊട്ടാനും ഉറക്കാനും യന്ത്രങ്ങൾ. ഐ.ടി ജ്വരത്തിന്റെ വൈറസുകൾ യുവമസ്തിഷകങ്ങളിൽ പടർന്നു കയറുകയാണ്‌. സൈബർ കുറ്റകൃത്യങ്ങൾ സർവ്വത്ര. വിഷാദരോഗികളുടെ സ്വന്തം നാട്ടിൽ സ്വയംഹത്യകൾ നിരവധി.
പ്രിയവസുന്ധരയിലെ മാറ്റങ്ങൾക്കനുസരിച്ച്‌ യമപുരിയും മാറേണ്ടിയിരിക്കുന്നു പ്രഭോ.
ഇവനാരാ? കണ്ടിട്ടൊരു ഹൈടെക്‌ ലുക്ക്‌?
സാഹസപ്രിയനും അഭൗമസംഗീതത്തിന്റെ ആരാധകനുമായ ഇവൻ അറിവിലും ബുദ്ധിശക്തിയിലും അഗ്രഗണ്യനാണു പ്രഭോ. ഇവന്റെ കമ്പ്യൂട്ടർബ്രയിൻ ഡേറ്റാ പ്രോസസിംഗിനുപകരിക്കുമെന്നു കണ്ടതുകൊണ്ട്‌ പ്രലോഭിപ്പിച്ച്‌ ഇവിടെയെത്തിച്ച താണ്‌ - യമദൂതൻ അറിയിച്ചു.
ആ സ്ത്രീയെന്തിനാ നമ്മുടെ പടിവാതിൽക്കൽ നിൽക്കുന്നത്‌?
ഇവനെ തിരികെ കൊണ്ടുപോകാൻ വന്നതാണു പ്രഭോ.
അതുകേട്ട്‌ യമദേവൻ ഉറക്കെയുറക്കെ ചിരിച്ചു. പരിഹാസത്തിന്റെ പൊട്ടിച്ചിരി.
ഈ നിമിഷം മുതൽ ഇവൻ നമ്മുടെ നിയന്ത്രണത്തിലാണ്‌. ഡേറ്റാർറൂമിൽ കെട്ടിയിട്ടേക്കുക.
യമദേവന്റെ കൽപനകേട്ട്‌ യുവജീവൻ ഞെട്ടിവിറച്ചു. അവൻ നിസ്സഹായനായി എന്നെ നോക്കി.
എന്റെ മകനെ വിട്ടുതരൂ. അവനെ കെട്ടിയിടരുതേ. ഞാൻ യമദേവന്റെ കാൽക്കൽ വീണപേക്ഷിച്ചു.
ഈ ഭ്രാന്തിയെ കൈകാലുകൾ ബന്ധിച്ച്‌ കത്തുന്ന അഗ്നിയിലെറിയൂ. യമദേവൻ കൽപിച്ചു.
ഞാൻ ഭ്രാന്തിയല്ലാ... ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതുകേട്ട്‌ യമലോകം മുഴുവനും പൊട്ടിച്ചിരിച്ചു.
ആയിരം കരങ്ങൾ എനിക്കുനേരെ നീണ്ടു.
അലറിക്കരഞ്ഞുകൊണ്ട്‌ ഞാൻ തിരിഞ്ഞോടി - ഓടിയോടിത്തളർന്ന്‌, വീണ്ടും ഇവിടെ - മരുന്നിന്റെ മണമുള്ള നിഴലുകൾക്കുനടുവിൽ.

ലോകം എങ്ങിനെ അവസാനിക്കാം?




 ജയിംസ് ബ്രൈറ്റ്

മായന്‍ കലണ്ടര്‍ പ്രകാരം എന്തായാലും ലോകം ഇതുവരെ അവസാനിച്ചില്ല. ഇനി അഥവാ ലോകം എന്നെങ്കിലും അവസാനിക്കുകയാണെങ്കില്‍ അതിനുള്ള കാരണങ്ങളായി ശാസ്ത്രജ്ഞന്മാര്‍ പറയുന്ന കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
ഉല്‍ക്കാ പതനം

പുരാതന കാലത്ത് ജീവിച്ചിരുന്ന ദിനോസറുകള്‍ എന്നെന്നേക്കുമായി ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത് ഉല്‍ക്കകള്‍ ഭൂമിയില്‍ പതിച്ചത് മൂലമാണെന്ന് കരുതുന്നു. അത് മനുഷ്യര്‍ക്കും സംഭവിക്കാം എന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നുണ്ട് . ഒരു മൈല്‍ നീളമുള്ള ഉല്‍ക്ക ഭൂമിയില്‍ പതിച്ചാല്‍ അതിന് മനുഷ്യരാശിയെ മൊത്തമായി ഉന്മൂലനം ചെയ്യുവാന്‍ കഴിയുമത്രേ! ഇത് പത്ത് മില്യന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവിക്കുകയുള്ളൂ. നാസയുടെ ദൃഷ്ടിയില്‍ പെടാതെ ഇങ്ങിനെ ഒരു ഉല്‍ക്ക ഭൂമിയില്‍ പതിക്കുകയില്ല എന്നിരിക്കിലും ഭൂമിയെ തകര്‍ക്കുവാന്‍ പര്യാപ്തമായ ഒരു ഉല്‍ക്ക ഭൂമിയിലേക്ക്‌ പതിച്ചാല്‍ അതിനെ നശിപ്പിക്കുവാന്‍ നമ്മുടെ ഇന്നത്തെ ടെക്നോളജിക്ക് കഴിയില്ല എന്ന് ഈയിടെ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ദിനോസറുകളെ കൊന്ന ഉല്‍ക്ക ഏതാണ്ട് ആറ് മൈല്‍ നീളമുള്ളത് ആയിരുന്നു എന്ന് കണക്കുകൂട്ടപ്പെടുന്നു.
ന്യൂക്ലിയര്‍ യുദ്ധം

ഒരു ന്യൂക്ലിയര്‍ യുദ്ധം ലോകത്ത് ഉണ്ടാകുവാനുള്ള സാധ്യത ആര്‍ക്കും തള്ളിക്കളയുവാന്‍ കഴിയില്ല. ലോകത്ത് നൂറ് ന്യൂക്ലിയര്‍ ബോംബുകള്‍ പൊട്ടുകയാണ്‌ എങ്കില്‍ അത് ഒരു ന്യൂക്ലിയര്‍ ശൈത്യം ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു. ആയിരം ബോംബുകള്‍ വര്ഷിക്കപ്പെടുകയാണ് എങ്കില്‍ അത് ഭൂരിഭാഗം ജനങ്ങളെയും ഉന്മൂലനം ചെയ്യും. ഇന്ന് ലോകത്ത് ഒന്‍പത് രാജ്യങ്ങള്‍ക്ക് ന്യൂക്ലിയര്‍ ആയുധങ്ങള്‍ ഉണ്ട്.
അഗ്നി പര്‍വതങ്ങള്‍

അഗ്നി പര്‍വതങ്ങള്‍ പൊട്ടിത്തെറിച്ച് ലോകം അവസാനിക്കാം. ചിലപ്പോള്‍ അവ അടുത്തടുത്ത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട് എന്ന് ചിലര്‍ പറയുന്നു.
ബയോളജിക്കല്‍ ആയുധങ്ങള്‍

സാധാരണ ഹോളിവുഡ് സിനിമകളില്‍ ആണ് നമ്മള്‍ ഇത് കാണുന്നത്. എന്നാല്‍ ഇത് സത്യമായിക്കൂട എന്നില്ല. പലതരം അപകടകാരികളായ വൈറസുകള്‍ പല രാജ്യങ്ങളുടെ കയ്യിലും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
സൂര്യതാപം

സൂര്യനില്‍ നിന്നും ഇലക്ട്രിക് ചാര്‍ജ്ജുള്ള വസ്തുക്കള്‍ എല്ലാ സമയവും പുറപ്പെട്ട് വരാറുണ്ട്. അതിവേഗതയില്‍ ഒരു കൊടുങ്കാറ്റ് പോലെ ഇവ വരുമ്പോളാണ് ആകാശത്ത് വര്‍ണ്ണം വിതറുന്ന കാഴ്ചകള്‍ ഉണ്ടാവുന്നത്. അങ്ങിനെയുള്ള കൊടുങ്കാറ്റുകള്‍ ശക്തമായി ഭൂമിയില്‍ എത്തിയാല്‍ അത് വന്‍ നാശം വിതച്ചു എന്ന് വരാം.
മനുഷ്യ നിര്‍മ്മിത ബ്ലാക്ക് ഹോള്‍

ആയിരത്തി തൊള്ളായിരത്തി നാല്പത്തി അഞ്ചില്‍ അറ്റോമിക് ബോംബ് പൊട്ടിയപ്പോള്‍ അത് നമ്മള്‍ അറിയാത്ത പല റിയാക്ഷനുകളും ഉണ്ടാക്കും എന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടിരുന്നു. ബ്രൂക്ക് ഹാവനിലെ നാഷണല്‍ ലബോറട്ടറി അതിന്റെ ഹെവി അയോണ്‍ കൊളയിഡര്‍ ഉണ്ടാക്കിയപ്പോള്‍ അത് ഒരു ഭീമാകാരമായ ബ്ലാക്ക് ഹോള്‍ ഉണ്ടാക്കുമെന്നും ഭൂമിയെ അത് വിഴുങ്ങുമെന്നും പലരും കരുതിയിരുന്നു. അങ്ങിനെ ഭാവിയില്‍ ഒരു സംഗതി ഉണ്ടായിക്കൂട എന്നില്ല.
നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാം ഓഫ് ആവുക.

ഇതാണ് ഏറ്റവും രസകരമായ കാര്യം. നമ്മളെല്ലാം ഒരു ഭീമാകാരമായ കമ്പ്യൂട്ടര്‍ സിമുലേഷന്റെ ഭാഗമാണ് എന്ന് കരുതുന്നവര്‍ ഉണ്ട്. ഓര്‍ത്താല്‍ ചിരി വരുമെങ്കിലും ചില ശാസ്ത്രജ്ഞന്മാര്‍ ഈ സാധ്യതയെ തള്ളിക്കളയുന്നില്ല. നമ്മളും നമ്മുടെ ജീവിതവും എല്ലാം കമ്പ്യൂട്ടര്‍ കോഡുകള്‍ വഴി എഴുതപ്പെട്ടതാണ് എന്നാണ് ഇവര്‍ കരുതുന്നത്.  ആകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ സെര്‍വറില്‍ ആണ് നമ്മള്‍ സ്ഥിതി ചെയ്യുന്നത്! ആരെങ്കിലും ആ സെര്‍വര്‍ അങ്ങ് ഓഫ് ചെയ്താലോ? ആരും അങ്ങിനെ ചെയ്യതിരിക്കട്ടെ!

Home



                                    
      
Salomi john valsen
 
We all live in a house---
Which has no breath and life..
The walls are wide and coloourful
Yet they seem moribund..
We named it our rooms,
And I call it as the tavern of sorrows
It has four ends-vivid shapes..
Rectangular , square and hexoganal.
Yes we made it for us,,in our own choice.
Because we all simply in love with this arid nest.
Yes we are in love,,,love with this lifeless snobbish thing.
Which has no life ..without our laughter and sighs..
Whispers and secret but hot tears.
Poor being,,the house..how pathetic,,,
It cannot survive without us..until it being a debri.
We hide our identity in the inner force..
Under the surveilance of an unseen entity..
We live like an intruder who tries to tresspasses
The forbidden line of control.{ LOC }
Like a coward we shut the door with great fear..
Always finds an unfind shadow is behind us.
We live like a haunted and wanted suspect.
Yes ,why we shut the door and sit inside…
We really dwell in fearful fear..
Fears every one and every thing on our wayward life
Because we have to and we love to live…
Till eternity., through the sufferings…
Which is habitual and we don’t want to
Dig the nuggets of reasons,,
Our reasoning is a broken windo pane.
It is there ,,for us ,to maintain our house
The much loved  and abandoned one…
Our house which we ourselves refuses to
Make it as a home………