Followers

Showing posts with label dr m s paul. Show all posts
Showing posts with label dr m s paul. Show all posts

Monday, February 3, 2014

കാക്കനാടന്റെ വഴി



ഡോ.എം.എസ്‌.പോൾ

മതത്തെ പിൻപറ്റി നിൽക്കുന്ന പാപബോധത്തെ ദുർബലമാക്കിക്കൊണ്ടുള്ള
ചിന്താപദ്ധതിയായിരുന്നു തന്റെ കൃതികളിൽ കാക്കനാടൻപിതുടർന്നത്.
അക്രമത്തിന്റെയും അരാജകത്വത്തിന്റെയും രതിയുടെയും കഥകൾ ബൈബിളിന്‌
സമാന്തരമായി സൃഷ്ടിച്ചുകൊണ്ട്‌ അവിടങ്ങളിലൊക്കെ നിലനിൽക്കുന്ന പാപികളുടെ
ലോകത്തെ പ്രതിനിധീകരിക്കുകയായിരുന്നു കാക്കനാടൻ. സത്യസന്ധതകൊണ്ട്‌
കാക്കനാടൻ
കപടാദർശങ്ങളെയും അധികാര കേന്ദ്രങ്ങളെയും തീഷ്ണമായി വിറകൊള്ളിക്കുന്നതിന്‌
കാക്കനാടന്‌ കഴിഞ്ഞിട്ടുണ്ട്‌.

       മലയാളിയുടെ ബോധാബോധതലങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയവരാണ്‌
കാക്കനാടനുൾപ്പെടെയുള്ള ആധുനികർ. സാഹിത്യത്തെ ഇത്തരത്തിൽ
പ്രസ്ഥാനവത്ക്കരിക്കുകയും തരംതിരിക്കുകയും ചെയ്യുന്നത്‌ കേവല അക്കാദമിക്‌
വ്യായാമങ്ങളാണെങ്കിലും അത്തരം ഒരു വിഭജനം കൊണ്ടുമാത്രമേ നവോത്ഥാന
എഴുത്തുകാരിൽ നിന്ന്‌ വ്യത്യസ്തമായി മനുഷ്യമനസ്സിലേക്കും
ഭാവനാലോകത്തേക്കും ആന്തരികപ്രയാണം നടത്തിയ ഈ എഴുത്തുകാരെ വേർതിരിച്ചു
കാണാൻ കഴിയൂ. വ്യവസ്ഥിതികളോടും സദാചാരസംഹിതകളുടെ കാപട്യനിലപാടുകളോടും
കൃതികളിൽകൂടി പ്രതികരിക്കാൻ കഴിഞ്ഞവരായിരുന്നു. ഒ.വി.വിജയൻ, കാക്കനാടൻ,
മുകുന്ദൻ തുടങ്ങിയ ആധുനിക എഴുത്തുകാർ. എഴുത്തുകാരൻ നേരിട്ട
പീഢാനുഭവങ്ങളിലൂടെ വായനക്കാരനെ ഒരു പരിധിവരെ കൊണ്ടുപോകാൻ ഇവർക്കുകഴിഞ്ഞു.

എഴുത്തിലും ജീവിതത്തിലും അരാജകത്വം നിറഞ്ഞ കാക്കനാടൻ ഇവരിൽ നിന്നും
വ്യത്യസ്തനുമായിരുന്നു. അവാർഡുകൾ മെരുക്കിയെടുക്കാത്ത ഒരു എഴുത്തുകാരനായി
തുടർന്നുവേന്നതാണ്‌ കാക്കനാടന്റെ ധൈക്ഷണിക ജീവിതത്തിന്‌ ഇത്രയേറെ
സാന്ദ്രത കൈവരുന്നതിന്‌ കാരണം. അവാർഡുകളുടെ എണ്ണം നോക്കിയായിരുന്നില്ല
കാക്കനാടൻ എന്ന എഴുത്തുകാരനെ മലയാളി വിലയിരുത്തിയത്‌. കാക്കനാടന്റെ
നോവലുകളുടെ കലാപരമായ മൂല്യത്തിനപ്പുറം അതിലെ ധീരമായ പ്രഖ്യാപനങ്ങൾക്ക്‌
ഹ്രസ്വകാലയളവിലെങ്കിലും മലയാളി ശ്രദ്ധനൽകി എന്നതാണീവിടെ പ്രധാനം.

       താന്ത്രികത, ആഭിചാരം, ക്ഷുദ്രപ്രയോഗം, പാപം, ലൈംഗികത, അനുസരണക്കേട്‌
എന്നിങ്ങനെയുള്ള ഹൈന്ദവ ക്രൈസ്തവ മതബോധത്തിലെ തമോഗുണങ്ങളെ തന്റെ
കൃതികളിലേക്ക്‌ കൊണ്ടുവരികയും അവയെ പിന്തുടർന്നുകൊണ്ട്  പൗരോഹിത്യത്തിനും
വരേണ്യബോധത്തിനുമെതിരുനിൽക്കുന്ന മനുഷ്യാവസ്ഥയുടെ സത്യസന്ധമായ വഴികളിലൂടെ
കാക്കനാടൻ സഞ്ചരിക്കുകയും ചെയ്യുന്നു. അജ്ഞതയുടെ താഴ്‌വര പോലുള്ള
നോവലുകളിലും ശ്രീചക്രം പോലുള്ള കഥകളിലും ഈ സമീപനം കാക്കനാടൻ
പിന്തുടരുന്നു.. രാഷ്ട്രീയം മതം ലൈംഗികത എന്നിവയോട്‌ സന്ധി ചെയ്യുകയോ
നിഷേധപൂർവ്വം അവയിൽ നിന്നൊഴിഞ്ഞുമാറുകയോ ചെയ്യാതിരുന്നുവേന്നതാണ്‌
കാക്കനാടന്റെ സാഹിത്യകൃതികളുടെ  സവിശേഷത. ഒരു
കത്തോലിക്കനല്ലാതിരുന്നതിനാൽ പള്ളി മതത്തിന്റെ വിരട്ടുമാർഗങ്ങൾക്കു
പുറത്തായിരുന്നു കാക്കനാടൻ. 
എം.പി.പോൾ, പൊൻകുന്നം വർക്കി തുടങ്ങിയവർക്കു
നേരിടേണ്ടിവന്ന മതപൗരോഹിത്യത്തിന്റെ വിലക്കുകളൊന്നും കാക്കനാടന്റെ
എഴുത്തുവഴിയിലുണ്ടായില്ല. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അപാരമായ ഭൂമി
കാക്കനാടനു സ്വന്തമായിരുന്നു. അതുകൊണ്ടുതന്നെ സത്യം വിളിച്ചു
പറയുന്നതിന്‌ ഈ എഴുത്തുകാരന്‌ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. മതം
കമ്യൂണിസം എന്നിവയോട്‌ കലഹിക്കുകയും സഹവസിക്കുകയും സമദൂരം പാലിക്കുകയും
ചെയ്യുന്നുവെന്നത്‌ കാക്കനാടന്റെ എഴുത്തിന്റെ സവിശേഷതയാണ്‌. 'ഉഷ്ണമേഖല'
എന്ന നോവലിൽ കാക്കനാടൻ ഈ സ്വാതന്ത്ര്യം സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്‌.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അപചയം ശിവൻകുട്ടിയിലൂടെ
ആവിഷ്ക്കരിച്ചപ്പോൾ അത്‌ കേരളത്തിലെ പാർട്ടിഘടങ്ങളിൽ സമ്മിശ്ര
പ്രതികരണമുളവാക്കിയതിനു കാരണവുമിതുതന്നെ. 
'ബാബേൽ' എന്ന കഥയിൽ കാക്കനാടൻ ഈ
വഴിയിൽ ഏറെ സഞ്ചരിക്കുന്നുണ്ട്‌. ബൈബിളിന്റെ പശ്ചാത്തലത്തിൽ നിന്ന്‌
വേർപെടുത്തി ബാബേൽ പരാമർശത്തെ നാട്ടുപുരാവൃത്തവുമായി ചേർന്ന്‌
ലോകകമ്യൂണിസത്തിന്റെ തകർച്ചയെ കലാത്മകമായി ഈ കഥയിൽ അവതരിപ്പിക്കുന്നു. ഈ
കഥയ്ക്ക്‌ ആഖ്യാനപരമായി ഏറെ സവിശേഷതകളുണ്ട്‌. മനുഷ്യൻ അവൻ നിർമ്മിച്ച
താത്വികയുക്തികളിൽ നിന്നും സാമൂഹികബന്ധങ്ങളിൽ നിന്നും
അന്യവത്ക്കരിക്കപ്പെടുന്നുവേന്ന വിചിത്രയാഥാർത്ഥ്യം ഇവിടെയുണ്ട്‌.
"കാവിലമ്മയുടെ രോഷത്തിന്റെ കഥപറയുന്ന തന്റെ രചനയ്ക്ക്‌ ബാബേൽ എന്ന പേരു
നൽകുകയും മൂലകഥയിലെ അനുഭവസത്തയെ കഥയുടെ കേന്ദ്രതത്വമായി സങ്കൽപിക്കുകയും
ചെയ്യുകവഴി തന്റെ കഥയിൽ കമ്യൂണിസ്റ്റ്‌ ഭരണക്രമത്തിനെതിരെ ഒരു കടുത്ത
വിമർശനത്തെ നിർദ്ദേശിക്കുകയാണ്‌ കാക്കനാടൻ ചെയ്തത്‌". എന്ന്‌ കെ.പി.അപ്പൻ
അഭിപ്രായപ്പെട്ടിട്ടുണ്ട്‌. (ബാബേലിന്റെ രാഷ്ട്രീയ വിവക്ഷകൾ: ചെറുകഥ
ആഖ്യാനവും അനുഭവസത്തയും )

       എഴുത്തിന്റെ വിശുദ്ധമാർഗങ്ങളെയും അധികാരത്തിന്റെ പ്രലോഭനങ്ങളെയും
നിരാകരിക്കാൻ കഴിഞ്ഞിടത്താണ്‌ കാക്കനാടൻ എന്ന ആധുനികൻ
വ്യത്യസ്തനാവുന്നത്‌. എഴുത്തുകാർ ചിട്ടപ്പെടുത്തി ജീവിതം നയിക്കുന്നവരും
സദാചാരത്തിന്റെ കാവൽഭടന്മാരും ആയിരിക്കണമെന്ന അർത്ഥത്തിൽ അവരെ സാംസ്കാരിക
നായകർ എന്നുവിശേഷിപ്പിക്കാറുണ്ട്‌. എഴുത്തുകാരന്റെ അരാജക
ജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലാതെ സർവ്വ പ്രശ്നങ്ങൾക്കും
സാംസ്കാരിക നായകൻ മറുപടി പറയേണ്ടതുണ്ട്‌.  എന്ന വാദം പലപ്പോഴും നമ്മുടെ
സമൂഹം മുന്നോട്ടുവയ്ക്കാറുണ്ട്‌. എഴുത്തിന്റെ അപാരമായ
സ്വാതന്ത്ര്യത്തെക്കുറിച്ചോ കലാകാരന്റെ വിപുലമായ അധികാരത്തെക്കുറിച്ചോ
അജ്ഞരായി നിരവധി സാഹിത്യജീവനക്കാർ എപ്പോഴും അധികാരവർഗത്തിന്റെ ദാക്ഷിണ്യം
കാംക്ഷിച്ച് കാലം കഴിക്കുന്നുണ്ട്‌. സാംസ്കാരിക മന്ത്രിയാകാൻ സാധ്യതയുള്ള
സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചരണം നടത്തുക അതുവഴി വിലപിടിപ്പുള്ള അവാർഡുകൾ
ഉറപ്പിക്കുക തുടങ്ങിയ മ്ലേച്ഛമാർഗങ്ങളിൽ സഞ്ചരിക്കുന്ന നിരവധി കവികളും
കഥാകൃത്തുക്കളുമുണ്ട്‌. 
സാംസ്കാരിക പ്രാധാന്യമുള്ള നഗരങ്ങളിലേക്ക്‌
കുടിയേറി നട്ടെല്ലില്ലാത്ത ജീവിതം നയിക്കുന്ന ഇത്തരം
എഴുത്തുകാർക്കിടയിലാണ്‌ സത്യസന്ധതയും ആർജവത്വവുമുള്ള എഴുത്തുകാരന്റെ
കൃതികളും ജീവിതവും വ്യത്യസ്തമാകുന്നത്‌. ഇത്തരം വിഗ്രഹഭഞ്ജകർ അവരുടെ
സമകാലികതയിലല്ല പിൽക്കാല ചരിത്രത്തിലാണ്‌ ഇടം തേടുന്നത്‌. അങ്ങനെ
ശിഷ്യഗണങ്ങളും സ്തുതിപാടകരും നിഷ്ക്രമിക്കുമ്പോഴും ജീനിയസ്സുകൾ
തലയുയർത്തി നിൽക്കുന്നു അത്തരം പ്രതിഭാശാലികളുടെ നിരയിലായിരുന്നു
കാക്കനാടൻ. അധികാരസ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും
എഴുത്തുകാരൻ മാറിനിൽക്കണമെന്ന്‌ നിരന്തരം ആവർത്തിക്കുന്ന കാക്കനാടന്റെ
വഴിയിൽ കൂടുതലാളുകളില്ല എന്നത്‌ ഭീതിതമായ ഒരുസത്യമാണ്‌.

Thursday, October 31, 2013

വിധേയത്വവും എഴുത്തുകാരന്റെ അന്തസ്സും



ഡോ.എം.എസ്‌.പോൾ

    'ഒരു അപ്പക്കൂട്ടുകാരന്റെ അതിഭാഷണങ്ങൾ' എന്ന പേരിൽ അശോകൻ ചരുവിൽ ഒരു കഥ എഴുതിയിട്ടുണ്ട്‌. ഈ കഥാകൃത്ത്‌ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നടത്തുന്ന സംഭാഷണം വായിച്ചുകഴിഞ്ഞാൽ മേൽപ്പറഞ്ഞ കഥാശീർഷകം 'അപ്പക്കഷണം കിട്ടിയവന്റെ അതിഭാഷണങ്ങൾ' എന്നു തിരുത്തിവായിക്കാൻ തോന്നും. അധികാര കേന്ദ്രങ്ങളിലും മന്ത്രിമന്തിരങ്ങളുടെ പിന്നാമ്പുറങ്ങളിലും കയറിയിറങ്ങുന്നത്‌ സാഹിത്യകാരന്റെ യോഗ്യതയായി കാണുന്ന അശോകൻ ചരുവിൽ പരാജയപ്പെട്ട നേതാവിനു വേണ്ടി പരസ്യമായി പോസ്റ്ററൊട്ടിക്കുകയാണിവിടെ. സ്വന്തം നട്ടെല്ല്‌ ഊരിയെടുത്ത്‌ മാറ്റിവച്ച്‌ തൊഴുതു നിൽക്കുകയും പാർട്ടിബന്ധം വഴി തനിക്ക്‌ ലഭിച്ച നേട്ടങ്ങൾക്ക്‌ പ്രത്യുപകാരമായി കഴിയുന്നിടത്തോളം ആളുകളെ ഇകഴ്ത്താനും കാട്ടുന്ന വ്യഗ്രത ആത്മാഭിമാനമുള്ള മലയാളിയെ ലജ്ജിപ്പിക്കുന്നു.

    ഈ അഭിമുഖത്തിൽ സാഹിത്യത്തെക്കുറിച്ച്‌ ചർച്ച ചെയ്യാൻ തുടങ്ങുമ്പോഴേക്കും അശോകൻ ചരുവിലിന്റെ ആവനാഴി ശൂന്യമാകുന്നു. സി.ആർ.പരമേശ്വരനെപ്പോലെ ധൈഷണികതയെ സാഹിത്യവുമായി ചേർത്തുവച്ച ഒരു എഴുത്തുകാരനെ ചെറുതാക്കി കാണിക്കുകയും ഡി.എം.പൊറ്റക്കാടിനെ മഹാനായ എഴുത്തുകാരനാക്കി അവതരിപ്പിക്കുകയും ചെയ്യുകയാണ്‌. ഈ കഥാകൃത്ത്‌. എസ്‌.കെ.പൊറ്റക്കാടിനെ തമസ്ക്കരിച്ചുകൊണ്ട്‌ ഡി.എം.പൊറ്റക്കാടിനെ അവതരിപ്പിക്കാൻ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ എപ്പോഴും ശ്രമിച്ചിരുന്നു. എന്നാൽ ചരിത്രം ഇവരെ രണ്ടുപേരെയും നിരസിക്കുകയും പൊറ്റക്കാടിനെ നിലനിർത്തുകയും ചെയ്തു. പാർട്ടിയോടുള്ള തന്റെ കൂറും വിധേയത്വവും കാണിച്ചുകൊണ്ടാണ്‌ അശോകൻ ചരുവിൽ സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്നത്‌. ഇതായിരിക്കരുത്‌ ഒരു എഴുത്തുകാരന്റെ അൻപ്‌. വിമോചനസമരം അപഹസിക്കപ്പെടേണ്ടതുതന്നെയാണ്‌.

എന്നാൽ അത്രതന്നെ പ്രതിലോമകരമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജനാധിപത്യ വിരുദ്ധതയും ധാർഷ്ട്യവും. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പൂർവ്വകാല ചരിത്രം വച്ചുകൊണ്ട്‌ ഇന്നത്തെ അവസ്ഥയെ വിലയിരുത്തുന്നത്‌ ഗാന്ധിജിയെ മുൻനിർത്തി ഇന്നത്തെ കോൺഗ്രസിനെ നോക്കിക്കാണുന്നപോലെ വിഡ്ഢിത്തമാണ്‌. മതജാതി പ്രീണനങ്ങളിൽ നിന്നും സങ്കുചിതചിന്തകളിൽ നിന്നും സ്വതന്ത്രമാകാത്തിടത്തോളം കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ നിലവാരമുള്ള ഒരു ബഹുജനപ്രസ്ഥാനമായി കാണാനാവില്ല. ആദിവാസി ദലിത്‌ ജനതയും ഏതു നിമിഷവും കുടിയിറക്കപ്പെടാവുന്ന വികസനത്തിന്റെ ഇരകളും എന്നും ഈ പാർട്ടിക്ക്‌ അനഭിമതരാണ്‌. ഇത്തരം  ഒരു പ്രസ്ഥാനത്തെമഹത്വവൽക്കരിക്കാൻ നടത്തുന്ന ഏതുശ്രമവും സാമൂഹികവിരുദ്ധമാണ്‌. പെൻഷൻ പറ്റിയ കുറെ സർക്കാർ ഉദ്യോഗസ്ഥരും കമ്മീഷൻ ഏജന്റുമാരും റിയൽ എസ്റ്റേറ്റ്‌ ബ്രോക്കർമാരും ചിട്ടിക്കമ്പനിയിലെ ഓഹരി ഉടമകളുമൊക്കെയാണ്‌ നാട്ടിൽ കക്ഷി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന്‌ ഈ കഥാകൃത്ത്‌ സമ്മതിക്കുകയും ചെയ്യുന്നുണ്ട്‌.

യാതൊരു പരിസ്ഥിതി ബോധവും ചരിത്രബോധവുമില്ലാത്ത ഇത്തരക്കാരെയാണ്‌ അശോകൻ ചരുവിൽ ന്യായീകരിക്കുന്നത്‌. ദളിത്‌ പരിസ്ഥിതി സ്ത്രീവാദ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യവും സർവ്വകാല മൂല്യവും തിരിച്ചറിയാതെ സംസാരിക്കുന്നത്‌ സ്ഥിരബുദ്ധിയുള്ള ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഒരു കുറവ്‌ തന്നെയാണ്‌. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പ്രസക്തി, സാമ്രാജ്യത്വം, മാധ്യമ അജണ്ടകൾ എന്നിങ്ങനെയും സ്ഥിരം ഭാഷണങ്ങൾക്കപ്പുറത്തേയ്ക്ക്‌ പോകുന്നില്ല ഈ കഥാകൃത്ത്‌. നവസാമൂഹിക പ്രസ്ഥാനങ്ങൾ ഇത്തിരിവെട്ടം മാത്രം ചിന്തിക്കുന്നവരാണെന്ന്‌ പറഞ്ഞുകൊണ്ട്‌ സമകാലികതയ്ക്കു നേരെ മുഖം തിരിക്കുകയും തനിക്ക്‌ ഗുണമുള്ളതുകൊണ്ട്‌ കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രത്തെ വാഴ്ത്തുകയും ചെയ്യുകയാണ്‌ അശോകൻ ചരുവിൽ. ഈ അഭിമുഖത്തിലുടനീളം സത്യം പറയാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്‌. പാർട്ടിയോടുള്ള വിധേയത്വം ഈ എഴുത്തുകാരനെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി കഥയെഴുത്ത്‌ നടത്തുന്ന സമകാല എഴുത്തുകാരിൽ ശ്രദ്ധേയനാണ്‌ അശോകൻ ചരുവിൽ എന്നാൽ അധികാരത്തോട്‌ നിഷേധാത്മക സമീപനം പുലർത്തി ഒരു സ്വതന്ത്രബുദ്ധി ജീവിയെന്ന നിലയിലേക്ക്‌ പരിണമിക്കാൻ അദ്ദേഹത്തിന്‌ കഴിയുന്നില്ല.