Followers

Thursday, October 31, 2013

നോവലിസ്റ്റുകൾ നോവലിനെ അഭിനയിച്ചു കാണിക്കരുത്‌



എം.കെ.ഹരികുമാർ

കാലമാണ്‌ സാഹിത്യത്തിന്റെ രൂപം നിശ്ചയിക്കുന്നത്‌ എല്ലാ കാലത്തും ഒരേ രൂപത്തിനകത്ത്‌ സാഹിത്യത്തെ തളച്ചിടാൻ കഴിയില്ല. കാരണം മനുഷ്യന്റെ വികാരവും വിവേകവും അനുഭവവുമാണ്‌ രൂപത്തെ നിശ്ചയിക്കുന്നത്‌. എന്തിനാണ്‌ കവികൾ കവിതയെതന്നെ അനുകരിക്കുന്നത്‌? ബ്രട്ടീഷ്‌ നിരൂപകനായ ലാർസ്‌ അയർ (Lars Iyer) ചോദിച്ചതു ഒരു നോവലിസ്റ്റ്‌ നോവൽ എങ്ങനെ എഴുതുമെന്ന്‌ അഭിനയിച്ച്‌ കാണിക്കുന്നത്‌ എന്തിനെന്നാണ്‌. മുൻകാല നോവലുകൾ എങ്ങനെ എഴുതപ്പെട്ടുവോ അത്‌ വിശദീകരിക്കുകയല്ല ഇന്നത്തെ നോവലിസ്റ്റിന്റെ രീതി. അങ്ങനെയാകാതെ നോക്കേണ്ടത്‌ നോവലിസ്റ്റു തന്നെയാണ്‌. അതായത്‌, ഒരാൾ എഴുതുന്നതിനു മുമ്പുതന്നെ, താൻ ഏത്‌ മാധ്യമമാണോ ഉപയോഗിക്കുന്നത്‌, അതിനെ അനുകരിക്കുന്നത്‌ രചനയെ നശിപ്പിക്കുക തന്നെ ചെയ്യും. നോവൽ എഴുതുമ്പോൾ, നോവൽ എന്ന മാധ്യമത്തിന്റെ വിശദീകരണമാകാതെ നോക്കണം. കവിത എന്തിനാണ്‌ കവിത എന്ന മാധ്യമത്തിന്റെ അടിമയാകുന്നത്‌? വിചാരത്തിന്റെ ഒരു സ്വതന്ത്ര്യലോകമാണ്‌ രൂപത്തെ സൃഷ്ടിക്കുന്നത്‌. രൂപം മുൻവിധിയോടെ അവതരിക്കുകയല്ല ചെയ്യേണ്ടത്‌. രൂപം എപ്പോഴും അപ്രവചനീയമാകണം. രൂപമാണ്‌, സാഹിത്യത്തിന്റെ രഹസ്യം. എഴുതുന്നത്‌ ആരായാലും, അയാൾ രൂപത്തെ മുൻകൂട്ടി നിശ്ചയിക്കുകയാണെങ്കിൽ അതോടെ എഴുത്ത്‌ നിലവാരപ്പെടും. എഴുതുന്ന പ്രക്രിയയിൽ, രൂപം താനേ ഉയർന്നുവരണം. ആ രൂപമാകട്ടെ, ആ രചനയുടെ മാത്രം സ്വന്തമായിരിക്കും.
    നമ്മുടെ സാഹിത്യകാരന്മാർക്ക്‌ രൂപത്തെപ്പറ്റി ഒരു ചിന്തയുമില്ല. ഇവിടെ ദിനംപ്രതിയെന്നോണം ധാരാളം നോവലുകൾ പുറത്തുവരുന്നു. ഒന്നിലും രൂപത്തെപ്പറ്റിയുള്ള വെളിപാടില്ല. എല്ലാം നാം കണ്ടു കഴിഞ്ഞ രൂപങ്ങൾ മാത്രം. അവർ രൂപം എന്ന പൂർവ്വസങ്കൽപത്തിലേക്ക്‌ തങ്ങളുടെ ചിന്തകളെ പ്രതിഷ്ഠിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. എന്തെഴുതുന്നുവെന്ന  ചിന്തയ്ക്കു തന്നെ പ്രസക്തിയില്ലാതാവുന്നു. കാരണം പാഠമായി വരുന്ന കാര്യങ്ങളെല്ലാം മുൻകൂട്ടി നിശ്ചയിച്ച ക്രമത്തെ പൈന്തുടരുന്നതു കാണാം. ജീവിതത്തെ എങ്ങനെ കാണുന്നുവേന്ന്‌ നമുക്ക്‌ പറഞ്ഞുതരുന്നത്‌ ഈ പാഠമാണ്‌. ഇത്‌ മറ്റുള്ളവർ കണ്ടരീതിയിൽ തന്നെയാണെങ്കിൽ, പുതിയൊരു പാഠത്തിന്റെ ആവശ്യകതയേയില്ല. നോവലെഴുത്തിൽ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസത്തിന്റെ സന്ദർഭമാണിത്‌. ജീവിതത്തെ എങ്ങനെയാണ്‌ കാണേണ്ടത്‌? വളരെ സുപരിചിതമായ കാര്യങ്ങൾ പറയുമ്പോൾ, അതിൽ എന്തെങ്കിലും അപരിച്ചതത്വം വേണം. അപരിചിതമായത്‌ അവതരിപ്പിക്കുമ്പോൾ പരിചിതമായി തോന്നുകയും വേണം. എങ്ങനെയാണ്‌ അപരിചിതമായത്‌ കണ്ടെത്തുന്നത്‌? അത്‌ സിദ്ധിയാണ്‌. സൂക്ഷ്മമായ ഇന്ദ്രിയങ്ങളുടെ ആവശ്യം ഇവിടെയാണ്‌. വളരെ സാധാരണമായ ഒരു സംഭവത്തെ മറ്റൊരു വികാരത്തോടെ സമീപിക്കണം. പുറത്തെ കാഴ്ചകളൊന്നുമല്ല നമ്മുടെ വിഷാദത്തിനു കാരണം. എന്നാൽ അത്‌ നമ്മുടെ അഗാധമായ ദുഃഖകേന്ദ്രങ്ങളിലേക്ക്‌ എങ്ങനെ എത്തിച്ചേരുന്നുണ്ട്‌. വേനൽ നമുക്ക്‌ മഴയായി തോന്നാം. രാത്രി മറ്റൊരു ഗ്രഹമായി രൂപാന്തരപ്പെടാം.
    മുമ്പ്‌ എഴുതിയ കൃതികളുടെ രൂപം മാത്രം മതിയെങ്കിൽ, അതിന്റെ ഉള്ളടക്കവും ഭിന്നമാകാൻ കഴിയില്ല. കാണം, ഒരു പുതിയ രൂപമാണ്‌. പുതിയ ഉള്ളടക്കം സൃഷ്ടിക്കുന്നത്‌ വിവിധ സ്ഥലങ്ങളിൽ വിവിധ സമൂഹങ്ങൾ ജീവിക്കുന്നു ജീവിക്കുന്നു എന്നതുകൊണ്ട്‌ ഒരു ജീവിതരീതിയായി പരിഗണിക്കേണ്ടിവന്നേക്കാം. എന്നാൽ എന്താണ്‌ അതിൽ സൂക്ഷ്മമായി മനസ്സിലാക്കാനുള്ളത്‌, കണ്ടെത്താനുള്ളത്‌ എന്ന പ്രശ്നമാണ്‌ കഥയുടെ ആവശ്യമായി വരുന്നത്‌. വളരെ അനിവാര്യമായി ഒഴുകുന്ന ജീവിതത്തെ പുതുതായി കണ്ടെത്തുകതന്നെ വേണം.
    ഭൂതകാലം നമ്മുടേതായിരിക്കാം; എന്നാൽ വീണ്ടും വീണ്ടും കണ്ടെത്തേണ്ടതുണ്ട്‌. ചരിത്രപുസ്തകങ്ങളിലുള്ളതെല്ലാം ഭൂതകാലമായിരിക്കാം. എന്നാൽ അതൊന്നുമല്ല എഴുത്തുകാരൻ അന്വേഷിക്കേണ്ടത്‌. ചരിത്രഗ്രന്ഥങ്ങളിലെ ഭൂതകാലത്തെ കണ്ടശേഷം, അതിലില്ലാത്തത്‌ തേടേണ്ടതുണ്ട്‌. വ്യക്തിയുടെ ഭൂതകാലവും കൈപ്പിടിക്കുള്ളിലല്ല ഉള്ളത്‌. നിരന്തരമായ പരിശ്രമങ്ങളിലൂടെ സ്വന്തം ഗതകാലത്തെ വീണ്ടും വീണ്ടും കണ്ടെത്തേണ്ടതുണ്ട്‌. അതാണ്‌ രൂപത്തെ നിർമ്മിക്കാൻ സഹായിക്കുന്നത്‌. നമ്മൾ കണ്ടുപിടിക്കുന്ന ലോകത്തെ എങ്ങനെ പരിചിതമായ മൂശകളിൽ നിറയ്ക്കാനാവും? അതിന്‌ പുതിയ മൂശകൾ ഉണ്ടാകേണ്ടതുണ്ട്‌. 


    ജീവിതത്തിന്റെ ഒരു സന്ധിയിൽ എല്ലാവരാലും വഞ്ചിക്കപ്പെട്ട്‌ തീവ്രമായ മനോവേദനയിൽ വഴിതെറ്റിപ്പോയ ഒരു പെൺകുട്ടിയുടെ അവസ്ഥയെപ്പറ്റി പറയുമ്പോൾ, അതിന്‌ മുക്തകം വഴങ്ങുകയില്ല, ചമ്പു സ്വീകാര്യമാവില്ല, വഞ്ചിപ്പാട്ട്‌ അരോചകമാകും. കാരണം മുക്തകവും ചമ്പുവും വഞ്ചിപ്പാട്ടും വ്യത്യസ്ത സാമൂഹ്യസാഹചര്യങ്ങളുടെ സൃഷ്ടിയാണ്‌. അത്‌ സ്വച്ഛവും മന്ദവുമായ ഒരു സാമൂഹികാവസ്ഥയുടെ സ്വാഭാവികമായ പ്രകടനങ്ങളാണ്‌. ചിതറിപ്പോയ ലോകത്തെ അവ ഉൾക്കൊള്ളുകയില്ല. പുതിയ  രൂപങ്ങൾ ഉണ്ടാകുന്നത്‌, ഈ ചുറ്റുപാടുകളിലാണ്‌. ഭാരിച്ച വിരഹത്തിൽ കഴിയുന്ന ഒരുവളുടെ മുമ്പിൽ ചെന്ന്‌, മരണത്തിന്റെ കഠോരമായ ചുവന്നവായുടെ മുമ്പിൽവച്ച്‌ നമുക്ക്‌ ഗീതകമാലപിടിക്കാൻ കഴിയുമോ? അവിടെ നിശ്ശബ്ദതയും ശൂന്യതയുമാവും ശേഷിക്കുക. അതുകൊണ്ട്‌ 'മരണഗീതം' എന്ന സങ്കൽപം തന്നെ അസംബന്ധമാണ്‌. ഇതൊക്കെ മനസ്സിലാക്കിയാൽ, എഴുത്തുകാരൻ പുതിയൊരു രൂപം നിർമ്മിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ ബോധ്യപ്പെടും. 



    കാഫ്കയുടെ (Metamorphosis)എന്ന കഥയിലെ ഗ്രിഗറി സാംസ ഒരു ദിവസം താനൊരു ഷഡ്പദമാണെന്ന്‌ കണ്ടെത്തുകയാണ്‌. അതുവരെ വീട്ടുകാർക്ക്‌ വേണ്ടിയാണ്‌ അയാൾ ജോലിചെയ്ത്‌ വരുമാനമുണ്ടാക്കിയത്‌. എന്നാൽ ഷഡ്പദമായതോടെ, അയാളെ അവർ ഒരു മുറിയിലിട്ടടച്ചു. അതുവരെ ജോലിക്കുപോകാത്ത സഹോദരി ആ മട്ട്‌ മാറ്റി. വീട്ടുകാർക്ക്‌ സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുണ്ടായി. ഗ്രിഗറിക്ക്‌ തന്റെ രൂപത്തിലുണ്ടായ മാറ്റം ഒരു സങ്കൽപമാകാം. അയാൾ ജോലി ചെയ്യാൻ വേണ്ടി പുറത്തുപോയതോടെ, ആ കുടുംബത്തിലെ മകൻ എന്ന സങ്കൽപം മാഞ്ഞുപോകുന്നു. അയാൾ വരുമാനം കൊണ്ടുവരുന്ന വ്യക്തിയാണ്‌. ഇത്‌ അയാൾക്ക്‌ കട്ടിയുള്ള ഒരു തോട്‌ സമ്മാനിക്കുകയാണ്‌. ആ ജോലി അയാളെ അങ്ങനെ പരിവർത്തനം ചെയ്യുന്നു. മാത്രമല്ല, അത്‌ അയാളെ തന്റെ വീട്ടിൽ തന്നെ ഒറ്റപ്പെടുത്തുന്നുണ്ടാവണം. അയാളുടെ മനസ്സ്‌ വലിയൊരു പരിവർത്തനത്തിന്‌ വിധേയമാവുന്നു. അയാൾക്ക്‌ സ്വയം തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള മാറ്റമാണ്‌ സംഭവിക്കുന്നത്‌. ഇത്‌ അയാളുടെ കുടുംബാംഗങ്ങൾ കണ്ടുപിടിക്കുമ്പോൾ, എല്ലാവർക്കും അത്‌ അവിശ്വസനീയമായി തോന്നുന്നു. കാഫ്ക കഥയ്ക്ക്‌ ഈ രൂപം കണ്ടെത്തിയത്‌ എന്തിന്‌? അതായത്‌, ഈ കഥയിലെ അനുഭവം കാഫ്ക പുതുതായി അറിയുന്ന കാര്യമാണ്‌. അത്‌ പുതിയതാണ്‌. കഥയെന്ന മാധ്യമത്തെ, അതിന്റെ കീഴ്‌വഴക്കങ്ങളെ അതേപടി പൈന്തുടരുകയല്ല കാഫ്ക ചെയ്തത്‌. ഗ്രിഗറി എന്ന മനുഷ്യൻ കടന്നുപോകുന്ന വിചിത്രമായ മാനസിക തലത്തിന്റെ അഗാധത പകരാൻ, ഈ സങ്കേതം ആവശ്യമായി വരുന്നു. പുതിയ രൂപം വേണ്ടിവരുന്നത്‌, പുതിയ ഒരു കാര്യം ആവിഷ്കരിക്കാനുള്ളതുകൊണ്ടാണ്‌. പൂർവ്വനിശ്ചിതമായ രൂപത്തിൽ, പുതുതായി കണ്ടെത്തപ്പെടുന്ന വസ്തുതയെ ഒതുക്കാൻ കഴിയില്ല. ഇവിടെ രൂപം, രചനയുടെ നിർമ്മാണപരമായ ആവശ്യമാണ്‌.