Followers

Thursday, October 31, 2013

മെഴുക്കടയാളം

ബഷീറലി അലിക്കൽ

അടുക്കളയിൽ നിന്നും
പുറത്തേക്കിറങ്ങുന്ന,
പടിവാതിലിൽ ,എണ്ണയും -
വിയർപ്പും ,കൂടികുഴഞ്ഞ
കറുത്ത പാടുകൾ കാണാം ...!
എന്റെ നിസ്സംഗതയെ ചാരി
ഞാൻ നിന്നതിന്റെ മെഴുക്കടയാളം ...!
മാറാല കെട്ടിയ ചുവരിലും മച്ചിലും ,
കറുത്ത പാടുകൾ കാണാം ...!
അടുപ്പിൽനിന്നും ഉയർന്ന -
നെടുവീർപ്പുകൾ തീർത്ത ,
മെഴുക്കടയാളങ്ങൾ ....!
ഉള്ളിലെരിയുന്ന
കനൽ ചിന്തകൾ ,
നിശ്വാസങ്ങൾ -
അടുപ്പിലായാലും,
മനസ്സിലായാലും ,
അതിന്റെ പരിസരങ്ങളിൽ -
എന്തിനാണ് അടയാളങ്ങൾ
ബാക്കി വയ്ക്കുന്നത് ...!
എത്രതന്നെ അടിച്ചു തെളിച്ചു ,
വൃത്തിയാക്കി വച്ചാലും-
പിന്നയും മെഴുക്കടയാളങ്ങൾ,
തെളിഞ്ഞുവരുന്നത്-
എന്താണ്എന്നെ ,
ഓർമ്മപെടുത്തുന്നത്‌...!