Followers

Showing posts with label s sarojam. Show all posts
Showing posts with label s sarojam. Show all posts

Thursday, October 31, 2013

വലക്കണ്ണികളിൽ കാണാത്തത്‌


എസ്.സരോജം


"ഇൻജക്ഷൻ കൊടുത്തുറക്കാം."
മരുന്നിന്റെ മണമുള്ള നിഴലുകൾ തീരുമാനിച്ചു.
സൂചിപ്രയോഗം കൊണ്ട്‌ മനസ്സിനെ പിടിച്ചുനിറുത്താനാവുമോ?
മാറോടണയ്ക്കാൻ കൊതിക്കുമ്പോൾ കുതറിയോടുന്ന ഒരു നിഴലിന്റെ പുറകെ നിയന്ത്രണം വിട്ടുള്ള ഓട്ടമല്ലേ എങ്ങോട്ടെന്നറിയാതെ.
ബോധാബോധങ്ങളുടെ അതിർത്തിരേഖയിലൂടെയുള്ള യാത്രക്കിടയിൽ സ്പിരിറ്റിന്റെ മണമുള്ള കണ്ണാടിമാളികയിലേക്കൊന്നെത്തിനോ

ക്കി. അവിടെ നിഴലുകളില്ല. തണുത്തു വിറങ്ങലിച്ചു കിടക്കുന്ന ശരീരങ്ങൾ മാത്രം.
ചുവന്ന പട്ടിൽ പൊതിഞ്ഞ ശരീരം കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. ഇത്‌ എന്റെ ശരീരത്തിൽ നിന്നുണ്ടായ ശരീരമാകുന്നു. ഈ ചേതോഹരരൂപം ഉപേക്ഷിച്ചുപോയ ജീവനെത്തേടിയാണ്‌ മനസ്സിന്റെ പ്രയാണം.
ആ ജീവനെ കണ്ടെത്തണം, ഈ ശരീരത്തിൽ തന്നെ കുടിയിരുത്തണം. മാതൃസഹജമായ സ്നേഹത്തോടെ ശാസിക്കണം. നല്ല കൂട്ടുകാരായി തോളത്തു കൈയിട്ടു നടക്കണം. ഒത്തിരിയൊത്തിരി കാര്യങ്ങൾ പറയണം. യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും ചുറ്റിക്കറങ്ങണം.
'എന്റെ നീലക്കമ്പിളിയെവിടെ? തണുത്തു മരവിക്കുന്നു.'
'നിന്റെ തണുപ്പുമാറ്റാൻ ഈ നെഞ്ചിലെ ചൂടു പോരേ?'
കരൾചെപ്പിലടച്ചുവച്ചതു കടലോളം സ്നേഹം. ആർക്കുവേണ്ടി? തിരിഞ്ഞുനടക്കുമ്പോൾ സ്വയം ചോദിച്ചു.
തേങ്ങുന്ന നിഴലുകൾക്കിടയിലൂടെ ഓടുമ്പോൾ അവന്റെ ഹൈടെക്‌ർറൂം മാത്ര മായിരുന്നു ലക്ഷ്യം. ആ മുറിക്കുള്ളിൽ വി.ഐ.പി സൂട്ട്കേസിൽ അലക്കിത്തേച്ച നീലക്കമ്പിളിയുണ്ട്‌. എങ്ങനെയെടുക്കും? മുറിപൂട്ടി മുദ്രവച്ചിരിക്കുന്നു. താക്കോൽ നിയമപാലകരുടെ സേഫ്കസ്റ്റഡിയിലാണെന്ന കാര്യമേ മറന്നു. താക്കോൽ മാത്രമല്ല, സിഡിയിലെഴുതിയ കത്തും വേസ്റ്റ്ബാസ്കറ്റിൽ കിടന്ന സിറിഞ്ചും സൂചിയും ബാർബിറ്റുറേറ്റ്സിന്റെ റാപ്പറും എല്ലാം കൊണ്ടുപോയി.
നാലുചുവരിലും ട്യൂബ്ലൈറ്റുകൾ പ്രകാശിച്ചിരുന്ന മുറി ഇരുട്ടിലാണ്ടു കിടക്കുന്നു. ഇത്രനാളും തങ്ങളെ പരിലാളിച്ച വിരലുകൾ നിശ്ചലമാവുന്നതു കണ്ടിരിക്കാൻ വിധിക്കപ്പെട്ട അപൂർവ്വഗ്രന്ഥങ്ങളും ചിത്രങ്ങളും മ്യൂസിക്സിസ്റ്റവും ടെലിവിഷനും വീഡിയോഫോണും എല്ലാം അനാഥദുഃഖം ഉള്ളിലൊതുക്കി തേങ്ങുകയാവും.
ഷുമാക്കറും മൈക്കിൾ ജാക്സനും കരീനാകപൂറും ആരാധകന്റെ വേർപാടിൽ ദുഃഖിക്കുന്നുണ്ടാവാം.
അന്ത്യചലനങ്ങൾക്ക്‌ താളംപിടിച്ച *1പിങ്ക്‌ നിഴലും വെളിച്ചവും കടക്കാത്ത മുറിക്കുള്ളിൽ സ്വയം തീർത്ത *2ചുവരുകൾക്കുള്ളിൽ ചലനമറ്റുകിടക്കുകയാവും. *3മെറിലിൻ മൺറോയും ദൗത്യം പൂർത്തിയാക്കി, ഡെസ്ക്ടോപ്പിൽ നിന്നിറങ്ങി ഹോളിവുഡിലേക്ക്‌ തിരിച്ചുപോയിട്ടുണ്ടാവും.
അടച്ചിട്ട വാതിൽപാളിയിൽ ലക്കിസ്ട്രൈക്കിനൊരുങ്ങുന്ന സൂപ്പർ സ്പോർട്ട്‌ ബൈക്കുകളുടെ ചിത്രങ്ങൾ - യമഹയുടെ ഡെൽറ്റാബോക്സ്‌, സുസുക്കിയുടെ മോട്ടുൽ....
പുറകിൽ മറഞ്ഞുനിന്നുകൊണ്ട്‌ അവൻ വിളിക്കുന്നു - ക്രൂരീ.... എനിക്ക്‌ യമഹയുടെ നാഷണൽ ടീമിൽ സെലക്ഷൻ കിട്ടിയതറിഞ്ഞില്ലേ? ട്രാക്കിലിറക്കുന്നതേതാ വണ്ടിയെന്നറിയാമോ - ടീം ക്യാപ്റ്റന്റെ സ്വന്തം ആർ ഡി. ഇതാദ്യത്തെ ചവിട്ടുപടി. അവാസനത്തേത്‌ ഫോർമുല 1- ഷുമാക്കറിനൊപ്പം. കാർത്തികേയൻ കഴിഞ്ഞാൽ പിന്നിവിടെ ആരാ ഉള്ളത്‌ - ദി ഒള്ളി ഇന്ത്യൻ യൂത്ത്‌ - ആഷിഷ്‌ ദി ഗ്രേറ്റ്‌.
നിന്റെ സാഹസം ഇത്തിരി കൂടുന്നുണ്ട്‌. കയ്യും കാലുമൊടിഞ്ഞു കിടന്നാലേ നോക്കാൻ ഞാനല്ലേയുള്ളൂ. റാലീം റേസും ഒന്നും വേണ്ട. അടങ്ങിയിരുന്ന്‌ വല്ലതും പഠിക്ക്‌.
താൽപ്പര്യമുള്ളതൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ ഭൂമിക്കു ഭാരമായി ജീവിച്ചിട്ടെന്തുകാര്യം?
പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയപ്പൊഴേക്കും ഒരിക്കലും മടങ്ങിവരാൻ പറ്റാത്തവിധം അവൻ ലക്ഷ്യത്തോടടുത്തിരുന്നു.
*
ജീവിതം നിരർത്ഥകം... അങ്ങകലെ വശ്യതയാർന്ന അഭൗമസംഗീതത്തിന്റെ അലയൊലി.
ഉഷ്ണക്കാറ്റിന്‌ ബ്രൂട്ടിന്റെ മാസ്മരഗന്ധം.
ഓടിയോടി ഞാനെത്തിയതെവിടെയാണ്‌?
കയ്യിൽ കാലപാശവുമായി നിൽക്കുന്ന കിങ്കരന്മാർക്കു മുന്നിൽ.
ഒരു ചെറുപ്പക്കാരനെ പോത്തിന്റെ പുറത്തെഴുന്നള്ളിച്ചുകൊണ്ട്‌ യമദൂതൻ വരവായി. ആ യുവകോമളൻ *4വാട്ടേഴ്സിന്റെ വരികൾ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. 'ജീവിതം ഒരു പേടി സ്വപ്നം...'
അതെ, അതവൻ തന്നെ.
നീണ്ടുവിടർന്ന കണ്ണുകളിൽ വലക്കണ്ണികളിൽ നിന്നാർജ്ജിച്ച ആവേശമോ, സാഹസികതയുടെ ലഹരിയോ?
ഇവനെ യമപുരിയിൽ പ്രവേശിപ്പിക്കാനുള്ള സമയമായിട്ടില്ല. ഭൂമിയിലെ ജീവിതചക്രം പൂർത്തിയാക്കാൻ അനുവദിക്കണം - ഞാൻ യമദൂതനോടഭ്യർത്ഥിച്ചു.
ഇവൻ ഐ.ടി വിപ്ലവത്തിന്റെ രക്തസാക്ഷി. നിങ്ങൾക്ക്‌ ഇവന്റെ പേരിൽ സ്മാരകം പണിയാം. ആണ്ടുതോറും അനുസ്മരണം നടത്താം - യമദൂതൻ പരിഹസിച്ചു.
എന്ത്‌? വസുന്ധരയിൽ ഐ.ടി വിപ്ലവമോ? നാമിതു പണ്ടേ പരീക്ഷിച്ചറിഞ്ഞതല്ലേ! യമദേവൻ ആശ്ചര്യപ്പെട്ടു.
ഭൂമിയിലിപ്പോൾ യാന്ത്രികയുഗമാണു പ്രഭോ. ബിസിനസ്സും പ്രണയവും എല്ലാം കമ്പ്യൂട്ടർ ശൃംഖലയിലൂടെ. എന്തിനും ഏതിനും കമ്പ്യൂട്ടർ. ഊട്ടാനും ഉറക്കാനും യന്ത്രങ്ങൾ. ഐ.ടി ജ്വരത്തിന്റെ വൈറസുകൾ യുവമസ്തിഷകങ്ങളിൽ പടർന്നു കയറുകയാണ്‌. സൈബർ കുറ്റകൃത്യങ്ങൾ സർവ്വത്ര. വിഷാദരോഗികളുടെ സ്വന്തം നാട്ടിൽ സ്വയംഹത്യകൾ നിരവധി.
പ്രിയവസുന്ധരയിലെ മാറ്റങ്ങൾക്കനുസരിച്ച്‌ യമപുരിയും മാറേണ്ടിയിരിക്കുന്നു പ്രഭോ.
ഇവനാരാ? കണ്ടിട്ടൊരു ഹൈടെക്‌ ലുക്ക്‌?
സാഹസപ്രിയനും അഭൗമസംഗീതത്തിന്റെ ആരാധകനുമായ ഇവൻ അറിവിലും ബുദ്ധിശക്തിയിലും അഗ്രഗണ്യനാണു പ്രഭോ. ഇവന്റെ കമ്പ്യൂട്ടർബ്രയിൻ ഡേറ്റാ പ്രോസസിംഗിനുപകരിക്കുമെന്നു കണ്ടതുകൊണ്ട്‌ പ്രലോഭിപ്പിച്ച്‌ ഇവിടെയെത്തിച്ച താണ്‌ - യമദൂതൻ അറിയിച്ചു.
ആ സ്ത്രീയെന്തിനാ നമ്മുടെ പടിവാതിൽക്കൽ നിൽക്കുന്നത്‌?
ഇവനെ തിരികെ കൊണ്ടുപോകാൻ വന്നതാണു പ്രഭോ.
അതുകേട്ട്‌ യമദേവൻ ഉറക്കെയുറക്കെ ചിരിച്ചു. പരിഹാസത്തിന്റെ പൊട്ടിച്ചിരി.
ഈ നിമിഷം മുതൽ ഇവൻ നമ്മുടെ നിയന്ത്രണത്തിലാണ്‌. ഡേറ്റാർറൂമിൽ കെട്ടിയിട്ടേക്കുക.
യമദേവന്റെ കൽപനകേട്ട്‌ യുവജീവൻ ഞെട്ടിവിറച്ചു. അവൻ നിസ്സഹായനായി എന്നെ നോക്കി.
എന്റെ മകനെ വിട്ടുതരൂ. അവനെ കെട്ടിയിടരുതേ. ഞാൻ യമദേവന്റെ കാൽക്കൽ വീണപേക്ഷിച്ചു.
ഈ ഭ്രാന്തിയെ കൈകാലുകൾ ബന്ധിച്ച്‌ കത്തുന്ന അഗ്നിയിലെറിയൂ. യമദേവൻ കൽപിച്ചു.
ഞാൻ ഭ്രാന്തിയല്ലാ... ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. അതുകേട്ട്‌ യമലോകം മുഴുവനും പൊട്ടിച്ചിരിച്ചു.
ആയിരം കരങ്ങൾ എനിക്കുനേരെ നീണ്ടു.
അലറിക്കരഞ്ഞുകൊണ്ട്‌ ഞാൻ തിരിഞ്ഞോടി - ഓടിയോടിത്തളർന്ന്‌, വീണ്ടും ഇവിടെ - മരുന്നിന്റെ മണമുള്ള നിഴലുകൾക്കുനടുവിൽ.

Saturday, May 4, 2013

യക്ഷരാഗം



  എസ്‌  സരോജം
ഇവിടെ ....... ഹാ ... കഷ്ടം !
കണ്ണും കാതും ഇറുകെ അടയ്ക്കണമെന്നു തോന്നിയിട്ടുണ്ട് . എവിടേക്കെങ്കിലും ഓടി രക്ഷപ്പെടാൻ തോന്നിയിട്ടുണ്ട് .
പക്ഷേ , എങ്ങോട്ടു പോകും ?
അനാഥശില്പങ്ങൾക്കു എവിടെയാണൊ
രഭയസ്ഥാനം ?
രക്ഷകനും ശിക്ഷകനും ഒരേ മുഖം , പകൽവെളിച്ചത്തിൽ സേവനത്തിന്റെ സുഗന്ധവും രാവിരുളിൽ രതിയുടെ തീക്ഷ്ണഗന്ധവും പ്രസരിപ്പിക്കുന്ന മുഖം . വയ്യ ; മടുത്തു . ആത്മഹത്യ ചെയ്യാൻ കൊതിച്ചുപോകുന്നു പക്ഷേ , ആത്മഹത്യ ഒരു പരിഹാരമാവില്ലല്ലൊ . വിധിശിഷ്ടം അനുഭവിച്ചു തീർക്കാൻ വീണ്ടും ജന്മമെടുക്കേണ്ടിവന്നാലോ ? അന്നും ഇതേപോലെ .......
ഓഹ് ....... ഓർക്കാൻ കൂടി പേടിയാവുന്നു .
പ്രിയസുന്ദരീ , നിന്നെ സന്തോഷിപ്പിക്കാൻ ഞാനെന്താണു ചെയ്യേണ്ടത്  ? യുവാവ് സ്നേഹപൂർവ്വം ചോദിച്ചു
നല്ലവനായ ചെറുപ്പക്കാരാ , നിനക്കു കഴിയുമോ ഒരു നഗ്നശില്പമായി എന്നെ തൊട്ടുരുമ്മി നിൽക്കാൻ  ?
ചോദ്യം കേട്ട് യുവാവ് സ്തംഭിച്ചുനിന്നു .
അവൾ തുടർന്നു ;പ്രപഞ്ചസ്രഷ്ടാവ് സമസ്ത ജീവികളെയും ഇണകളായിട്ടല്ലേ സൃഷ്ടിച്ചത് ? നിദ്രയിലായിരുന്ന ആദാമിന്റെ വാരിയെല്ലൂരിയെടുത്ത് അവന് ഒരു കൂട്ടുകാരിയെ ഉണ്ടാക്കിക്കൊടുത്ത ദൈവത്തെക്കുറിച്ച് ആ ശില്പിക്കു കേട്ടറിവില്ലേ ?
ശിലയുടെ ദാഹം അദ്ദഹത്തിനറിയില്ലെന്നുണ്ടോ ?
ഹൃദയത്തിന്റെ അഗാധതയിൽനിന്നുയരുന്ന നിലവിളി അദ്ദേഹം കേൾക്കുന്നില്ലേ ?
ഒരുപക്ഷേ , ആ ശില്പി ഒരു സാഡിസ്റ്റായിരിക്കാം ; സ്വന്തം സൃഷ്ടിയുടെ നിരാശയിലും വേദനയിലും ആനന്ദിച്ചഹങ്കരിക്കുന്നവൻ . പ്രിയമുള്ള യുവാവേ , നീ എനിക്ക് ഒരുപകാരം ചെയ്യണം ; ആ ശില്പിയെ കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരണം . എവിടെ എന്റെ യക്ഷൻ എന്ന് ഉറക്കെയുറക്കെ ചോദിക്കാൻ
യുവാവ് യാത്രയായി .
ഒരു മഹാനഗരത്തിൽ വിഖ്യാതനായൊരു കവിയുടെ സ്മാരകത്തറയിൽ ആ ശില്പി ഉണ്ടായിരുന്നു . മറ്റൊരു ശില്പത്തെ ചെത്തി മിനുക്കുകയായിരുന്നു .
പ്രപഞ്ച സൗന്ദര്യം മുഴുവൻ ശരീരത്തിലും പ്രകൃതിയുടെ ദാഹം മുഴുവൻ ഹൃദയത്തിലും ആവഹിച്ച ഒരു പെണ്ണിന്റെ ശില്പമായിരുന്നു അത്
ഹേ , ശില്പി , അങ്ങെന്തിനാണ് സുന്ദരികളായ സ്ത്രീകളെ വിവസ്ത്രകളാക്കി പ്രതിഷ്ടിക്കുന്നത് ?ഇത് ക്രൂരതയാണ് . യുവാവ് ഉറക്കെ വിളിച്ചുപറഞ്ഞു .
ശില്പി മെല്ലെ മുഖം തിരിച്ച് യുവാവിനെ ഒന്നു നോക്കി . വീണ്ടും സൃഷ്ടികർമത്തിൽ വ്യാപൃതനായി .
ഇണയായിരിക്കേണ്ടവയെ ഒറ്റയ്ക്കു കുടിയിരുത്തുന്ന താങ്കൾ മാ നിഷാദ പാടിയ കാവ്യസംസ്കാരത്തെപ്പോലും ധിക്കരിക്കുകയല്ലെ ? യുവാവിന്റെ പ്രതിഷേദ്ധധസ്വരമുയർന്നു .
അങ്ങയുടെ  സൃഷ്ടികൾ എല്ലാവരും കണ്ടാസ്വദിച്ചെന്നിരിക്കാം , പ്രശംസാവചനങ്ങൾ ചൊരിയുകയും പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുമായിരിക്കാം . പക്ഷേ , മഹാനായ ശില്പിയോട് എനിക്കൊരപേക്ഷയുണ്ട് :
നഗ്നശിൽപങ്ങളുടെ ഏകാന്തവാസത്തിന് അറുതി വരുത്താൻ ദയവുണ്ടാകണം
എന്റെ സൃഷ്ടികൾ സുന്ദരവും അർഥപൂർണ്ണവും ആകുന്നത് അവ അങ്ങനെതന്നെ ആയിരിക്കുന്നതുകൊണ്ടാണ് .
ശില്പിയുടെ മറുപടി കേട്ട് എന്തോ നിശ്ചയിച്ചുറച്ചവനെപ്പോലെ യുവാവ് പറഞ്ഞു :
എങ്കിൽ ഞാനതു ചെയ്യും . അനാഥശില്പങ്ങളുടെ ശോകാഗ്നിയിൽ ഭൂതലം വെന്തെരിയുംമുമ്പ് എനിക്കതു ചെയ്തേപറ്റൂ .
ശില്പി യുവാവിനെ തുറിച്ചുനോക്കി .ദൃഢനിശ്ചയത്തോടെ നടന്നകലുന്ന യുവാവിനെ നോക്കിനില്ക്കെ  ശില്പിയുടെ ഉളളിൽ ഒരു ചോദ്യം അലയടിച്ചുയർന്നു :
ഇവൻ എന്റെ സൃഷ്ടിനിയമം തെറ്റിക്കുമോ ???
പെട്ടെന്നുതന്നെ അദ്ദേഹം ചീവുളി കയ്യിലെടുത്തു .........