പരിഭാഷ: വി രവികുമാർ
കർത്താവേ,
ഇവളെ കൈക്കൊള്ളേണമേ,
ലോകമെവിടെയും മരിലിൻ മൺറോയെന്നറിയപ്പെടുന്ന ഇവളെ,
അതല്ല അവളുടെ ശരിക്കുള്ള പേരെങ്കിലും,
(അവളുടെ ശരിക്കുള്ള പേരു പക്ഷേ, അവിടുത്തേക്കറിയാത്തതുമല്ലല്ലോ,
ആറാം വയസ്സിൽ ബലാൽസംഗത്തിനിരയായ ഈ അനാഥയുടെ,
പതിനാറാം വയസ്സിൽ ആത്മഹത്യക്കു ശ്രമിച്ച ഈ സെയിൽസ്ഗേളിന്റെ).
ഇന്നവൾ നിന്റെ മുന്നിലേക്കെത്തുന്നു, മേക്കപ്പില്ലാതെ, പ്രസ് മാനേജരില്ലാതെ,
ഫോട്ടോഗ്രാഫർമാരും ഓട്ടോഗ്രാഫ് വേട്ടക്കാരുമില്ലാതെ,
അന്ധകാരത്തെ മുഖാമുഖം നോക്കിനില്ക്കുന്ന
ഒരു ബഹിരാകാശസഞ്ചാരിയുടെ ഏകാകിതയോടെ.
ചെറുപ്പത്തിലൊരിക്കൽ അവൾ സ്വപ്നം കണ്ടു,
ഒരു പള്ളിക്കുള്ളിൽ നഗ്നയായി നില്ക്കുകയാണു താനെന്ന്,
(ടൈം വാരികയിൽ വായിച്ചതാണേയിത്)
തറയിൽ തല മുട്ടിച്ചു വണങ്ങുന്ന ഒരു ജനക്കൂട്ടത്തിനു മുന്നിലാണു താനെന്ന്,
ആ തലകളിൽ ചവിട്ടാതിരിക്കാനായി കാലു സൂക്ഷിച്ചുവച്ചു നടക്കുകയാണു താനെന്ന്.
ഏതു മനഃശാസ്ത്രജ്ഞനെക്കാളും ഞങ്ങളുടെ സ്വപ്നങ്ങളറിയുന്നവനാണല്ലോ നീ.
പള്ളി, വീട്, ഗുഹ ഇതൊക്കെ പ്രതിനിധാനം ചെയ്യുന്നത്
ഗർഭപാത്രത്തിന്റെ സുരക്ഷിതത്വം തന്നെ,
എന്നാൽ അതിനപ്പുറം ചിലതു കൂടിയാണത്...
ആ തലകൾ അവളുടെ ആരാധകർ, അതിൽ സംശയമില്ല;
(തിരശ്ശീലയിലേക്കു പായുന്ന പ്രകാശരശ്മിക്കടിയിലെ ഇരുട്ടിൽ തൂന്നുകൂടിയ തലകൾ).
ആ ദേവാലയം പക്ഷേ, ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ സ്റ്റുഡിയോ അല്ല.
സ്വർണ്ണവും മാർബിളും കൊണ്ടുള്ള ആ ദേവാലയം
അവളുടെ ഉടലെന്ന ആ ദേവാലയമത്രെ.
അതിനുള്ളിൽ ചാട്ടവാറുമായി നില്ക്കുകയാണ് മനുഷ്യപുത്രൻ.
അടിച്ചിറക്കുകയാണവൻ ട്വെന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ മുതലാളിമാരെ,
തന്റെ പ്രാർത്ഥനാലയത്തെ കള്ളന്മാരുടെ മടയാക്കിയവരെ.

കർത്താവേ,
പാപവും അണുവികിരണവും കൊണ്ടൊരേ പോലെ മലിനമായ ഈ ലോകത്ത്
ഒരു സെയിൽസ്ഗേളിനെ മാത്രമായി നീ പഴിക്കില്ലല്ലോ?
(മറ്റേതു സെയിൽസ്ഗേളിനെയും പോലെ)
ഒരു താരമാവുക എന്നു സ്വപ്നം കണ്ടതു മാത്രമാണവൾ ചെയ്ത കുറ്റം.
അവളുടെ സ്വപ്നം യാഥാർത്ഥ്യവുമായി (ഒരു ടെക്നികളർ സ്വപ്നം.)
ഞങ്ങൾ കൊടുത്ത തിരക്കഥയ്ക്കനുസരിച്ചഭിനയിക്കുകയേ അവൾ ചെയ്തുള്ളു.
ആ തിരക്കഥ ഞങ്ങളുടെ ജീവിതകഥയായിരുന്നു,
അതാകെ കഥയില്ലായ്മയുമായിരുന്നു.
അവളോടു പൊറുക്കേണമേ കർത്താവേ,
അതുപോലെ ഞങ്ങളോടും,
ഈ ഇരുപതാം നൂറ്റാണ്ടിന്റെ പേരിൽ,
ഞങ്ങളേവരുടെയും സഹകരണത്തോടെ നിർമ്മിച്ച ഈ ബ്രഹ്മാണ്ഡപ്പടപ്പിന്റെ പേരിൽ.
അവൾ പ്രണയത്തിനു ദാഹിച്ചപ്പോൾ ഞങ്ങൾ കൊടുത്തത് ഉറക്കഗുളികയായിരുന്നു.
ഞങ്ങളാരും പുണ്യവാളന്മാരല്ല എന്നവൾ നിരാശപ്പെട്ടപ്പോൾ
ഞങ്ങൾ ശുപാർശ ചെയ്തതു മനോരോഗവിദഗ്ധരെ ആയിരുന്നു.
ഓർമ്മയില്ലേ, കർത്താവേ,
ക്യാമറയ്ക്കു മുന്നിൽ നില്ക്കാൻ അവൾക്കു പേടി കൂടിക്കൂടി വന്നത്,
അവൾക്കു മേക്കപ്പിനെ വെറുപ്പായത്,
ഓരോ സീനിലും പുതിയ മേക്കപ്പു വേണമെന്നു വാശി പിടിച്ചത്,
ഉൾക്കിടിലം വളർന്നുവളർന്നൊടുവിൽ ഷൂട്ടിംഗിനെത്താൻ വൈകിയിരുന്നത്?
മറ്റേതൊരു സെയിൽസ്ഗേളിനെയും പോലെ
ഒരു താരമാവണമെന്ന സ്വപ്നമേ അവൾക്കുണ്ടായിരുന്നുള്ളു.
ഒരു സ്വപ്നം പോലെ അയഥാർത്ഥവുമായിരുന്നു അവളുടെ ജീവിതം,
ഒരു മനഃശാസ്ത്രജ്ഞൻ വ്യാഖ്യാനിച്ചു കഴിഞ്ഞിട്ടൊടുവിൽ
ഫയലു ചെയ്തു വയ്ക്കുന്ന ഒരു സ്വപ്നം.
കണ്ണടച്ചുള്ള ചുംബനങ്ങളായിരുന്നു അവളുടെ റൊമാൻസുകൾ;
കണ്ണു തുറന്നപ്പോൾ അവൾ കണ്ടു,
ഫ്ളഡ് ലൈറ്റുകൾക്കടിയിലായിരുന്നു തന്റെ പ്രണയങ്ങളെന്ന്.
ഇപ്പോൾ ഫ്ളഡ് ലൈറ്റുകൾ കെടുത്തിക്കഴിഞ്ഞിരിക്കുന്നു,
മുറിയുടെ രണ്ടു ചുമരുകൾ (അതൊരു സിനിമാസെറ്റായിരുന്നു) എടുത്തുമാറ്റിയിരിക്കുന്നു,
ഷൂട്ടിംഗ് തീർത്ത സംവിധായകൻ തിരക്കഥയുമായി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
ഇനിയല്ലെങ്കിൽ ഒരു കപ്പൽയാത്രയായിരുന്നു അത്,
സിംഗപ്പൂരിൽ വച്ചൊരു ചുംബനം, റിയോയിലൊരു നൃത്തം,
വിൻസറിലെ പ്രഭുമന്ദിരത്തിൽ ഒരു വിരുന്നുസല്ക്കാരം.
ഒക്കെയും ഒരു മൂന്നാംകിട ഫ്ളാറ്റിന്റെ ദരിദ്രം പിടിച്ച സ്വീകരണമുറിയിലെ കാഴ്ചകൾ.
ഒരന്ത്യചുംബനമില്ലാതെ സിനിമ അവസാനിച്ചു.
ഒരു കൈ ഫോണിൽ വച്ച് അവൾ മരിച്ചുകിടക്കുന്നതാണു കണ്ടത്.
അവൾ ആരെ വിളിക്കാൻ പോവുകയായിരുന്നുവെന്ന്
ഡിറ്റക്ടീവുകൾ ഇനിയും കണ്ടെത്തിയിട്ടില്ല.
ഒരാൾ തനിക്കാകെ അറിയുന്ന ഒരു സൌഹൃദശബ്ദത്തിലേക്കു വിളിക്കുമ്പോൾ
“റോങ്ങ് നമ്പർ” എന്നു റെക്കോഡു ചെയ്തു വച്ചിരിക്കുന്നതു കേൾക്കുമ്പോലെയാണത്;
അല്ലെങ്കിൽ കവർച്ചക്കാർ മുറിപ്പെടുത്തിയ ഒരാൾ
കേബിൾ മുറിച്ചിട്ട ഫോണിലേക്കു കൈയെത്തിക്കുമ്പോലെ.
കർത്താവേ,
അവൾ വിളിക്കാൻ പോയതാരെയുമാവട്ടെ,
(അതാരെയുമല്ലെന്നു തന്നെയിരിക്കട്ടെ,
അല്ലെങ്കിൽ ലോസ് ഏഞ്ചലസ് ഡയറക്ടറിയിലില്ലാത്ത ഒരാളുടെ നമ്പരാണതെന്നുമിരിക്കട്ടെ)
കർത്താവേ, ആ ഫോണൊന്നെടുക്കേണമേ.