Followers

Thursday, October 31, 2013

നമ്മള്‍ ഒരേ സമയം വെയില്‍ നനയുമ്പോള്‍

മനോജ് കാട്ടാമ്പിള്ളി

പ്രണയം അവസാനിക്കുന്നത്
മറവിയുടെ ജയില്‍മുറ്റങ്ങളിലാണ്

വെയില്‍ നനയുന്ന
അവസാനത്തെ കൈവീശലോടെ
ഞാന്‍ എന്റെയും
നീ നിന്റെയും തടവുമുറിയിലേക്ക്
എത്തിച്ചേരും.
ഓര്‍മകള്‍ക്കിടയിലെ
പുഴയലര്‍ച്ചയില്‍
രണ്ടു പച്ചമുതലകള്‍
തണുത്തുകൊണ്ടിരിക്കും.

പ്രത്യാശയുടെ ശീതംവിതുമ്പി
അപകടദിശയിലേക്കു പറന്ന
കപ്പല് പറവയുടെ മനസ്സുപോലെ
നീയെന്നെ തിരിച്ചറിയാതെ….

നോവിന്‍ മഞ്ഞുജലത്താല്‍
ദൂരെ ഒഴുക്കുക, വാക്കേ
പ്രണയത്തിന്‍ പച്ചിലക്കപ്പലിനെ
ആദ്യമെനിക്ക്
അഭയത്തിന്റെ
വൃദ്ധ മരപ്പൊത്ത് തരിക.

വെടിയുണ്ടയെക്കാള്‍
ചെറുതായിപ്പോയ ഹൃദയത്തിലെ
മഷിയൊപ്പുകള്‍ മായ്ച്ച്
മറ്റൊരു ജീവിതം
നീ തന്നെ കണ്ടുപിടിക്കുമായിരിക്കും.