സനൽ ശശിധരൻ
മിക്കവാറും റിലീസ് ദിവസം സിനിമ കാണൽ ഒഴിവാക്കലാണ് എന്റെ പതിവ്.
സിനിമകാണാനല്ലാതെ താരങ്ങളെ കാണാനായി വരുന്ന കുറുക്കന്മാരുടെ കൂക്കിവിളികൾ
സിനിമകാണലിന് തടസമാകുമെന്നത് തന്നെ കാരണം. എന്നാൽ ട്രെയിലറുകളും പാട്ടുകളും
കുത്തിവെച്ച ആകാംക്ഷ കൊണ്ട് റിലീസ് ദിവസം തന്നെ തിയേറ്ററിലേക്ക് പായിച്ചു
അന്നയും റസൂലും. പതിവു പ്രണയകഥകളിൽ നിന്ന് വ്യത്യസ്തമായി സിനിമ തുടങ്ങി.
പതിവ് എണ്ണമെഴുക്കിട്ട ഫ്രെയിമുകൾക്ക് പകരം വൈദ്യുതക്കമ്പികളും ടെലഫോൺ
വയറുകളും തലങ്ങും വിലങ്ങും പായുന്ന, തുരുമ്പിച്ച് പൊടിഞ്ഞ ഒരു നഗരമായി
മട്ടാഞ്ചേരി തിരശീലയിൽ അവതരിച്ചു. മനപൂർവം തന്നെ കുമ്മായങ്ങളടർന്ന
ചുവരുകളും ഉണങ്ങാൻ വിരിച്ചിട്ട നിറം പോയ ഉടുവസ്ത്രങ്ങളും ഫ്രെയിമുകളിൽ
സ്ഥാനം പിടിച്ചു. നിലത്ത് ചിതറിക്കിടക്കുന്ന ചവറുകൾക്കൊപ്പം കഥാപാത്രങ്ങൾ
ഇറങ്ങിവന്നു. അഭിനയിക്കുന്നുവെന്ന് തോന്നാത്തതരം അഭിനയത്തിലൂടെ ഫഹദ്
ഫാസിലും ഷൈനും ആഷിഖ് അബുവും ആൻഡ്രിയയും മറ്റെല്ലാവരും വിസ്മയിപ്പിച്ചു.
സിങ്ക് സൗണ്ടിലൂടെ റെക്കോർഡ് ചെയ്ത ശബ്ദങ്ങൾ അഭിനയത്തിന്റെയും സിനിമയുടേയും
സ്വാഭാവികതയ്ക്ക് മാറ്റുകൂട്ടി.
ഒരു നഗരത്തിന്റെ തിളക്കമില്ലാത്ത പിന്നാമ്പുറത്തുകൂടി അലസമായി നടക്കുന്ന
പ്രതീതി സമ്മാനിച്ച് സിനിമ മുന്നോട്ട് പോയി. ഒട്ടും പ്രത്യേകതയോ പുതുമയോ
ഇല്ലാത്ത ഒരു പ്രണയകഥ വളരെ പ്രത്യേകതയോടെ അവതരിപ്പിച്ചുകാണുന്നതിന്റെ
കരുത്തിൽ വല്ലാതെ ത്രില്ലടിച്ചു. സത്യത്തിൽ അന്നയും റസൂലും അന്നയുടേയും
റസൂലിന്റേയും കേവല പ്രണയകഥയല്ല. ആ പ്രണയകഥയിലൂടെ ചുരുളഴിയുന്നത് തിളങ്ങുന്ന
നഗരത്തിന്റെ അഴുക്കുചാലിനോരങ്ങളിൽ തിളക്കമില്ലാതെ കത്തിയമരുന്ന കുറേയേറെ
സാധാരണക്കാരുടെ ജീവിതമാണ്. മുന്നോട്ടു പോകുന്തോറും കഥപറച്ചിൽ ചിലയിടങ്ങളിൽ
പരന്നുപോകുന്നതായി തോന്നി. എങ്കിലും ഏതാണ്ട് ഇന്റർവെല്ലിനടുത്തുവരെ അന്നയും
റസൂലും എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്തു. അടുത്തിരുന്ന ചിലർ ഇതിനിടെ
പരസ്പരം ചോദിക്കുന്നതു കേട്ടു. ഇന്റർവെല്ലില്ലേടേയ്..സാവധാനം എനിക്കും അതു
തോന്നിത്തുടങ്ങി..മൂത്രശങ്കയും. ഒന്നരമണിക്കൂറാകുമ്പോഴെങ്കിലും സിനിമ
മുറിക്കണമല്ലോ എന്നുവെച്ചാവും ഇന്റർവെൽ നൽകിയതെന്ന് തോന്നിച്ചുകൊണ്ട് സിനിമ
മുറിഞ്ഞു. ഇന്റർവലിനു പുറത്തിറങ്ങിയ പലരുടേയും മുഖത്തും വാചകങ്ങളിലും
കണ്ടുപരിചയിച്ചതല്ലാത്ത ഒരു സിനിമ കണ്ടതിന്റെ അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
കുറുക്കന്മാർ കാരണം സ്പോട്ട് റെക്കോർഡ് ചെയ്ത ഡയലോഗുകൾ പലതും കേൾക്കാൻ
പാടില്ലായിരുന്നു. അതായിരുന്നു ചിലരുടെ പരാതി. സാങ്കേതികവിദ്യകൾ കൊണ്ടുള്ള
കള്ളക്കളികൾക്ക് മുതിരാതെ സത്യസന്ധമായ ദൃശ്യലേഖനവും പലർക്കും
ദഹിച്ചില്ലെന്ന് തോന്നി.
എന്നാൽ ഇന്റർവെല്ലിനു ശേഷം സിനിമ തിരക്കഥാകൃത്തിന്റെ കൈവിട്ടുപോയി
എന്നുതന്നെ പറയണം. കഥ വലിച്ചിഴയ്ക്കുന്നിടത്തേക്കൊക്കെ തിരക്കഥാകൃത്ത്
കണ്ണും പൂട്ടി നടക്കുകയാണെന്ന് തോന്നി ഒപ്പം ഒട്ടും നിയന്ത്രണമില്ലാതെ
സംവിധായകനും. വളരെ ഒതുക്കത്തിൽ പറഞ്ഞുവന്നിരുന്ന ചില ഉപകഥകൾ
കൈവിട്ടുകളിക്കുന്നതു കണ്ടു. അബു എന്ന കഥാപാത്രത്തിന്റെ കഥ ഉദാഹരണം.
ആരെങ്കിലും വന്ന് വിളിക്കുമ്പോൾ കത്തി പിന്നിൽ ചൊരുകി ഭാര്യയെ നോക്കി
കണ്ണിറുക്കിച്ചിരിയോടെ അയാളുടെ പോക്കിലൂടെയും, അലമാരയ്ക്ക് മുകളിൽ നിന്നും
ഭാര്യയ്ക്ക് കിട്ടുന്ന നോട്ട് കെട്ടുകളിലൂടെയും അയാളുടെ
പ്രവൃത്തിയെന്താണെന്ന് വ്യക്തമാവുമെങ്കിലും അയാളുടെ മരണ ശേഷം അയാൾ ഒരാളെ
വെട്ടിക്കൊല്ലുന്ന ഫ്ലാഷ്ബാക്ക് കൂടി കാട്ടിത്തന്നിട്ടേ തിരക്കഥാകൃത്തിനും
സംവിധായകനും തൃപ്തിയാകുന്നുള്ളു. ചിലവികാരങ്ങൾ പ്രേക്ഷകനിലേക്ക്
പകർത്തുന്നതിലേക്ക് ഇത്രയും മതിയോ ഇനിയും വേണമോ എന്ന സംശയത്തോടെ രണ്ടോ
മൂന്നോ സീനുകൾ ആവർത്തിക്കുന്നതു കാണാം. ഫഹദിന്റേയും സണ്ണിവെയിനിന്റേയും
ആരാധകരെ തൃപ്തിപ്പെടുത്തുന്നതിലേക്ക് ചില അടിപിടിസീനുകളിൽ ഒരൽപ്പം
കണ്ണടച്ചുകൊടുക്കുന്നുമുണ്ട്. സിനിമയുടെ നീളം കൂടിയതിൽ ഇവയൊക്കെ
ഉത്തരവാദിയാണ്.
നീളം കൂടിപ്പോയി എന്ന പ്രേക്ഷകന്റെ പരാതിയെ പുശ്ചിച്ച് തള്ളുന്നതിൽ
അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. പോലീസ് സ്റ്റേഷനിൽ വെച്ച് ആഷിഖ് അബു
അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പോലീസുകാരനെ തള്ളിവീഴ്ത്തുന്ന ഒരു
രംഗമുണ്ട്. അതിന്റെ അമ്പരപ്പിൽ അയാൾ നിൽക്കുമ്പോൾ ഏതാനും പോലീസുകാർ
അടുത്തേക്ക് നടന്നടുക്കുന്നതു കാണാം. അടുത്ത കട്ട് രസകരമാണ്. അയാൾ
ഇരുമ്പഴിക്കുള്ളിൽ നിൽക്കുന്ന ഷോട്ട്. ആ ഷോട്ടു വന്നപ്പോൾ ആരൊക്കെയോ
കയ്യടിക്കുന്നതു കേട്ടു. സാധാരണ സിനിമയിൽ രണ്ടുമൂന്നു മിനിട്ടെങ്കിലും ആ
സംഭവത്തിനു പിന്നാലെ കളയാമായിരുന്നു. എത്ര ഷോട്ടുകൾ ഉപയോഗിച്ചാലും ആ
കട്ടിലൂടെ കിട്ടുന്ന ശക്തി കിട്ടുകയുമില്ലായിരുന്നു. എന്നാൽ ഈ മാജിക്ക്
പലേടത്തും മറന്നു പോയി എന്നതാണ് അന്നയും റസൂലും എന്ന സിനിമയുടെ തിളക്കം
കുറച്ച ഒരുകാര്യം. സാങ്കേതികമായും ചില പ്രശ്നങ്ങൾ തോന്നി. പല ഷോട്ടുകളിലും
ശല്യപ്പെടുത്തുന്ന തരത്തിൽ ഗ്രെയിൻസ് ഉണ്ടായിരുന്നു. എന്തൊക്കെയാണെങ്കിലും
നല്ല സിനിമ ഇഷ്ടപ്പെടുന്ന ആരും കണ്ടിറങ്ങിയ ശേഷം അതു കൊള്ളില്ല എന്നു
പറഞ്ഞു കേട്ടില്ല. അത് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ അതിനോട് കാട്ടിയ
സത്യസന്ധതകൊണ്ടാണെന്ന് തോന്നുന്നു. ആ സത്യസന്ധത സിനിമയിലുടനീളം
അനുഭവിക്കാൻ കഴിയുന്നുണ്ട്. കണ്ടിട്ട് മൂന്നു ദിവസമായെങ്കിലും ഇപ്പോഴും
അതെന്നെ വിട്ടുപോയിട്ടില്ല. റസൂലും അന്നയും പക്ഷേ ഒരായുഷ്കാലം എന്നെ
പിന്തുടരാൻ കെൽപുള്ള കഥാപാത്രങ്ങളായിരുന്നു. എന്നാൽ അതുണ്ടാവുമെന്ന്
തോന്നുന്നില്ല. മേന്മകൾക്കൊപ്പം പോരായ്മകളും എടുത്തുപറയാനുണ്ട്. അതാണ് ഈ
സിനിമയെ ഒരു ഗ്രേറ്റ് സിനിമ എന്ന് വളരാനനുവദിക്കാതെ തളച്ചത് എന്ന്
തോന്നുന്നു.
ആരാധകർ ഏറെയുണ്ടെങ്കിലും ഫാൻസ് അസോസിയേഷനില്ലാത്ത നടനാണ് ഫഹദ് (ഉള്ളതായി
എനിക്കറിയില്ല. ജയ്‌വിളികൾ കേട്ടുമില്ല). എന്നാൽ സിനിമ കാണാൻ വന്നവരിൽ
ബഹുഭൂരിപക്ഷം യുവാക്കളും ഫഹദ് എന്ന നടനഭിനയിക്കുന്ന സിനിമയല്ല അയാൾ
അവതരിപ്പിച്ച ഫ്ലർട്ട് കഥാപാത്രങ്ങളുടെ ഇമേജിൽ അയാളെ വീണ്ടും കാണാനാണ്
വരുന്നതെന്ന് തോന്നി, ഈ സിനിമയിലെ ചില രംഗങ്ങളോട് അവരുടെ പ്രതികരണം
കണ്ടിട്ട്. റസൂൽ അന്നയെ ചുംബിക്കാനടുക്കുന്ന രണ്ടു സീനുകളിലും "കൊടടാ..എടാ
കൊടടാ" എന്ന ആഭാസൻ ആർപ്പുവിളികൾ ഉയർന്നു കേട്ടു. പ്രതീക്ഷിച്ചപോലെ
ചുംബനമില്ലാതെ വന്നപ്പോൾ കൂക്കുവിളിയും. വല്ലാത്ത നിരാശ തോന്നി. അടുത്ത തവണ
തിയേറ്ററിൽ കയറുമ്പോൾ ഈ ആർപ്പുവിളി അടുത്തു കേട്ടാൽ ടോർച്ചു തെളിച്ച് മുഖം
തിരിച്ചറിഞ്ഞു വെയ്ക്കുക. ഇങ്ങനെ ആർപ്പുവിളിക്കുന്നവന്റെ മനസുതന്നെയാണ്
ഒറ്റയ്ക്ക് പെൺപിള്ളേരെ അടുത്തുകിട്ടുമ്പോൾ കടന്നുകയറുന്നവന്റെ മനസും.