Followers

Thursday, October 31, 2013

പകൽക്കാഴ്ച്ചകൾ



ടി.സി.വി സതീശൻ
വാറു പൊട്ടിയ
വള്ളിച്ചെരുപ്പിൽ ഞാൻ
ഭൂലോകം
നടന്നു തീർക്കുവാൻ നോക്കുന്നുവിപ്പൊഴും

ഉണ്ടായിരുന്നൂ
ആ കാനയ്ക്കപ്പുറം
തണ്ണീർപന്തലുമൊരു ചുമടുതാങ്ങിയും
ഉള്ളിൽക്കരുത്തായ് അന്നീ നാട്ടിൽ

പണ്ടുള്ളവർ ചൊന്നുകെട്ടതു
ആയിരം കരങ്ങളിൽ തണൽ -
വിരിക്കുമാ ആൽചുവട്ടിലിരുന്നവർ
പാടത്തു പൂക്കും -
പൊൻ കതിർക്കറ്റകൾ കിനാവു കണ്ടുവത്രെ

നടക്കാനിനിയുമേറെ ..
ഓടുന്ന ബസ്സുകൾക്കു മുമ്പേ
പാഞ്ഞുവരുന്ന തലകൾ പലതും
പകൽക്കാഴ്ച്ചകൾ ദുരിത കാഴ്ച്ചകൾ

ഒക്കത്തിരുന്ന
കുഞ്ഞിനെ വഴിയുലുപെക്ഷിച്ചു
കണ്ടവന്റെ കൂടെ ബസ്സു കയറുന്നു ചിലർ
കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുനടന്നവർ മറുകൂട്ടം

ശരണാർത്ഥികൾ
നടതള്ളിയവർ നിറച്ച തിക്കിൽ -
തിരക്കിൽ പടിയിറങ്ങുന്നു വേപഥ പൂണ്ട
ഭഗവാൻ അകത്തളം വിട്ടു നിരത്തിലേക്കിറങ്ങി

നീറുന്നൂ
നീരുവെച്ച കാലുകളെങ്കിലും
നടക്കണമീ വാറു പൊട്ടിയ ചെരുപ്പിൽ
ഭൂലോകം മുഴുവൻ നടന്നു തീർക്കേണമെനിക്കു

മാവട്ടത്തു തുടങ്ങുന്ന
മാളിലെ ചെറുക്കൻ വെച്ചുനീട്ടുന്നു
നല്ല നാലഞ്ചു ലെതർ ചെരുപ്പുകൾ
നിർത്തണം നിന്റെയീ പിരാന്താൻ
പടപ്പാട്ടുകളെന്നന്നേക്കുമായെന്നു
അവൻ മൊഴി പതുക്കേയെൻ കാതിലോതി

ഉപ്പുമാങ്ങയും
ഉണക്ക മത്തിയും വിറ്റിരുന്ന
പപ്പേട്ടൻ രണ്ടുകയ്യും കൂട്ടിത്തൊഴുതു വണങ്ങി
സ്വർഗ്ഗത്തിലേക്കു പോകുവാൻ ..
നിനക്കൊരിടത്താവളമിതു വന്നുകേറു മകനേ നീ

വരണം , കഴിക്കണം
പോത്തിനെപ്പോലെ പോത്തായിടാൻ
പോത്തിറച്ചിയും നാലു പൊറോട്ടയുമെന്നോതി
നടക്കേണ്ടവൻ നീ നടക്കാതിരിക്കാൻ
അത്യുത്തമമീ പൊറോട്ടയെന്നു ചൊല്ലിക്കുഴഞ്ഞു

നടക്കണം
ഇനിയും നടക്കണമെനിക്കീ വാറു പൊട്ടിയ
വള്ളിച്ചെരുപ്പിൽ ഭൂലോകം മുഴുക്കെ നടക്കണം