Followers

Sunday, January 3, 2010

യാത്രികന്‍

jayamohan
ബസ്സ്‌ പാഞ്ഞോടുകയാണ്‌.
തിരക്കേറിയ റോഡിൽ വലുതും ചെറുതുമായ വാഹനങ്ങൾക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും ചാഞ്ഞും ചരിഞ്ഞും റോഡരുകിലെ മതിലിനോടു ചേർന്നും കാൽനടക്കാരുടെ സ്ഥലം കവർന്നെടുത്തും വഴിയരുകിലെ ഇലക്ട്രിക്‌ പോസ്റ്റിൽ മുട്ടിമുട്ടിയില്ലെന്നായും ബസ്സ്‌ പായുകയാണ്‌.
അയാൾ അസ്വസ്ഥപ്പെടുകയാണ്‌. വല്ലാത്തൊരുഭയത്തോടെ ഉള്ളിൽ നിന്നെന്തോ തികട്ടിവരുകയാണ്‌. ഏതുനിമിഷവും വലിയൊരപകടം അയാൾ പ്രതീക്ഷിക്കുകയാണ്‌.
കുറച്ചുമുമ്പുവരെ നിരങ്ങിനീങ്ങിയ ബസ്സായിരുന്നു. ഗ്രാമത്തിലെ നാരുപോലത്തെ റോഡിലൂടെയായിരുന്നു. ഗ്രാമത്തിലെ നാരുപോലത്തെ റോഡിലൂടെയായിരുന്നു അപ്പോൾ യാത്ര. സാവധാനം, ചിലപ്പോഴെല്ലാം ചെറിയൊരു നാണം കുണുങ്ങിയെപ്പോലെ, അല്ലെങ്കിൽ ഒരു നാട്ടുമ്പുറത്തുകാരന്റെ നിഷ്കളങ്കതയോടെ കണ്ടവരോടെല്ലാം കിന്നാരം പറഞ്ഞ്‌, പരിചയമില്ലാത്തവരോടുപോലും ഒന്നു ചിരിച്ച്‌, എതിരെ വരുന്നവർക്ക്‌ ഭവ്യതയോടെ ഒഴിഞ്ഞുകൊടുത്ത്‌, ചിലപ്പോൾ സൗഹൃദത്തിന്റെ ആഴത്തിലുള്ള ഒരു മൂളലോടെ, പിറകിൽ വരുന്നവർക്ക്‌ പോകാൻ സൗമ്യതയോടെ വഴിഒഴിഞ്ഞുകൊടുത്ത്‌, അവർ കടന്നുപോകുമ്പോൾ സ്നേഹത്തോടെ ഒന്നു ചിരിച്ച്‌, ചെറിയൊരു തലയാട്ടലോടെ ഒരു കുട്ടിയാനയുടെ കൗതകത്തോടെ, കാത്തുനിൽക്കുന്നവർക്ക്‌ സ്നേഹത്തോടെ നിന്നുകൊടുത്ത്‌ അങ്ങനെ...
അപ്പോൾ ബസ്സിനുള്ളിൽ ഉള്ളു കുളിർക്കുന്ന ഒരുപാട്ട്‌ നേരിയ ശബ്ദത്തോടെ ഉണ്ടായിരുന്നു. കാറ്റ്‌ ഒരു തലോടൽപോലെ തഴുകിപോയിരുന്നു. മലയും കാട്ടരുവിയും കടന്ന്‌ ബസ്സ്‌ നീങ്ങുകയായിരുന്നു. പിന്നെ, വിളഞ്ഞ നെൽപ്പാടങ്ങൾക്ക്‌ നടുവിലൂടെ... പ്രഭാതത്തിന്റെ കുളിർമ്മ ഒരുന്മേഷമായിരുന്നു. മനസ്സ്‌ ഒരു സുന്ദരസ്വപ്നത്തിലെന്നപോലെ ഒഴുകിനടക്കുകയായിരുന്നു.
കണ്ടക്ടർ യാത്രക്കാരോടെല്ലാം കുശലാന്വേഷണം നടത്തുകയായിരുന്നു. യാത്രക്കാർ കുറവായിരുന്നു. പല സീറ്റുകളും ഒഴിഞ്ഞു കിടന്നിരുന്നു. ടിക്കറ്റ്‌ കൊടുത്ത്‌ തീർത്ത്‌ കണ്ടക്ടർ ഒഴിഞ്ഞ സീറ്റുകളിൽ മാറിമാറി ഇരുന്നു. ടിക്കറ്റ്‌ കീറുന്നതിനും കൊടുക്കുന്നതിനും ഒരു താളമുണ്ടായിരുന്നു.
കാശുവാങ്ങലും ടിക്കറ്റ്കൊടുക്കലും ഒരു പുണ്യകർമ്മംപോലെയായിരുന്നു അയാൾ ചെയ്തുകൊണ്ടിരുന്നത്‌. ഡ്രൈവറാണെങ്കിൽ അത്യാഹ്ലാദത്തോടെയായിരുന്നു വണ്ടിയോടിച്ചതു. ഒരു ചെറിയതോണി തുഴയുന്നപോലെ.
മുന്നിലെത്തി കിളി ഡ്രൈവർക്കെതിരെയുള്ള സ്ത്രീകൾ ഇരിക്കാറുള്ള സീറ്റിലിരുന്ന്‌ യേശുദാസിനൊപ്പം പാടുകയായിരുന്നു. ഒട്ടും തെറ്റാതെ, വളരെ സുന്ദരമായി. പഴയ പഴയ പാട്ടുകളായിരുന്നു ബസ്സിൽ കേട്ടുകൊണ്ടിരുന്നത്‌.
യാത്രയുടെ സുഗന്ധം കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയോടൊപ്പം ബസ്സിൽ നിറഞ്ഞു.
ഏറെനാളായി യാത്ര ചെയ്തിട്ട്‌. ജോലിയിൽ നിന്നും പിരിഞ്ഞതിൽ പിന്നെ എങ്ങും പോകാറില്ല. വീടും പറമ്പും നോക്കി... സമയം പോകുന്നതറിയുന്നതേയില്ല. എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകും വീട്ടിൽ. പറമ്പിലും അതുപോലെത്തന്നെ. ചിലപ്പോഴെങ്ങാനും വീടിനു പുറത്തേക്കൊന്നിറങ്ങും. പാടവരമ്പിലൂടെയും കുണ്ടനിടവഴിയിലൂടെയും ഒന്നു നടക്കാൻ. അപ്പോൾ ഗ്രാമത്തിന്റെ സ്നേഹം മുഴുവൻ അനുഭവിച്ചറിയും. വർഷങ്ങളോളം നഷ്ടപ്പെടുത്തിയ പുണ്യം. പുറംനാടുകളിൽ അലഞ്ഞുതിരിഞ്ഞപ്പോൾ മനസ്സ്‌ ഈ സ്നേഹത്തോടൊപ്പമായിരുന്നു. ഇപ്പോൾ സ്വർഗ്ഗത്തിൽ തിരിച്ചെത്തിയിരിക്കുന്നു. മനസ്സിപ്പോൾ ശാന്തമാണ്‌. പഴയ സംഘർഷമില്ല. ഒന്നിനോടും ആർത്തിയോ ആധിയോ ഇല്ല. സന്തോഷം തികഞ്ഞ സന്തോഷം. സമാധാനം. പക്ഷേ, പതിവില്ലാതെ ഇന്നെന്തോ മനസ്സൺനുമങ്ങിയിരിക്കുന്നു. കാരണങ്ങളൊന്നുമില്ല.
വീട്ടിൽ നിന്നിറങ്ങുമ്പോൾ ലതിക പറഞ്ഞു:- പഴയനാടല്ല. സൂക്ഷിച്ചു വേണം. നഗരത്തിൽ ഏതുനിമിഷവും ഏന്തും സംഭവിക്കാം. എന്തും നേരിടാനുള്ള ധൈര്യത്തോടെ വേണം നഗരത്തിലേക്കുപോകാൻ. അവൾ പേടിപ്പിക്കുന്നതല്ല. അതവളുടെ ആധിയാണ്‌. പത്രങ്ങൾ അരിച്ചു പെറുക്കുന്നതിന്റെ ഫലം. ഞെട്ടിക്കുന്ന വാർത്തകളുടെ നൊമ്പരങ്ങളായി വർത്തമാനപത്രം വീടിന്റെ മുറ്റത്തുവന്നു വീഴുന്നു. ഈയിടെയായി ഞാനിതൊന്നും വായിക്കാറില്ല. ഉള്ള സമാധാനം കെടുത്താൻ വയ്യ. മകളെ നഗരത്തിലെ കോളേജിലേക്കയച്ചപ്പോൾ ലതിക ആവുന്നത്ര എതിർത്തത്താണ്‌. അവളെ കോളേജിലൊന്നും വിടണ്ട. പഠിച്ചതൊക്കെ മതി. നമുക്കൊരു മോളല്ലേയുള്ളു. അവൾക്കും അവളുടെ കുടുംബത്തിനും സുഖമായി കഴിയാനുള്ളത്‌ നമ്മളുണ്ടാക്കിയിട്ടുണ്ട്‌. നമുക്കവളെ കല്യാണം കഴിച്ചു വിടാം. ഇന്നത്തെ ഒരമ്മയുടെ മനസ്സാണിത്‌. പ്രത്യേകിച്ച്‌ ടി.വി.ചാനലുകളിലേയും പത്രങ്ങളിലേയും വാർത്തകൾ ശ്രദ്ധിച്ചറിയുന്ന ഒരമ്മ ഇങ്ങനെ ചിന്തിച്ചാൽ അത്ഭുതപ്പെടാനില്ല. നഗരം നരകം തന്നെയാണ്‌. അവടെ ഇപ്പോഴും അസ്തമിക്കാത്ത ചിലതുണ്ട്‌. ദൈവം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ചിലത്‌.
മകൾ കോളേജിലെ ഹോസ്റ്റലിൽ താമസം തുടങ്ങിയ ആദ്യനാളുകളിൽ ലതിക ഉറങ്ങിയിട്ടേയില്ല. വേണ്ടാത്ത സ്വപ്നങ്ങളും ചിന്തകളുമായി അവൾ മകളെക്കുറിച്ച്‌ ആധിപൂണ്ടു. ജീവിതത്തിന്റെ പകുതിഭാഗവും പുറംനാടുകളിൽ ചിലവഴിച്ച ഒരു സ്ത്രീയാണവൾ. എന്നിട്ടും... കാലം ആകെമാറിപോയിരിക്കുന്നു. തനിനാട്ടുമ്പുറത്തുകാരിയെപ്പോലെ അവളും സംസാരിച്ചു. മകൾക്ക്‌ ഫോൺ ചെയ്യുമ്പോഴെല്ലാം ഉപദേശങ്ങളും ഓർമ്മപ്പെടുത്തലുകളും മൂന്നാര്റിയിപ്പുകളും നൽകിക്കൊണ്ടിരുന്നു. മകളാണെങ്കിൽ യാതൊരു കൂസലുമില്ലാതെ. അവൾ കണ്ടുവളരുന്നത്‌ ഇങ്ങനെത്തെലോകമാണ്‌. അവൾ പഠിക്കുന്നതും വളരുന്നതും എന്തും നേരിടാനുള്ള ധൈര്യത്തോടെയാണ്‌. അച്ഛന്റെയും അമ്മയുടേയും ഇത്തരം ചപലചിന്തകളെ ഒരു ചിരിയിൽ പരിഹസിച്ച്‌ അവൾ കടന്നുപോകും. കല്യാണം കഴിഞ്ഞ്‌ ഏറെനാൾ കാത്തിരുന്നുണ്ടായ കുട്ടിയാണ്‌. അതുകൊണ്ട്‌ ജോലിയിൽനിന്നും വിരമിച്ച്‌ ഏറെനാൾ കഴിഞ്ഞിട്ടും മകളുടെ പഠിത്തം തീർന്നിട്ടില്ല. ഇപ്പോൾ ണല്ലോരു ആലോചന വന്നിട്ടുണ്ട്‌. അവൾ ഒഴിഞ്ഞുമാറുകയാണ്‌. അവൾക്ക്‌ പഠിക്കണം. അച്ഛനും അമ്മയ്ക്കും കാണാനാകാത്തൊരു ലോകമാണ്‌ അവൾ കാണുന്നത്‌. മകളുടെ ഇഷ്ടമല്ലേ നടക്കട്ടേയെന്ന്‌ ഒഴിഞ്ഞുകൊടുക്കുവാനേ അച്ഛനും അമ്മയ്ക്കും ആവൂ.
ഇന്നലെ മകൾ വിളിച്ച്‌ ഫോൺ വച്ചപ്പോൾ ലതിക പറഞ്ഞു:- നമുക്കൊന്നു പോയാലോ രേണുവിന്റെ ഹോസ്റ്റൽ വരെ. എനിക്കും തോന്നാതിരുന്നില്ല. രണ്ടു മൂന്നു ദിവസമായി ഒരു തോന്നൽ. മോളെ ഒന്നു കാണണം. പരീക്ഷ അടുത്തതുകൊണ്ട്‌ അവൾക്ക്‌ വരാൻ പറ്റില്ലെന്നാ പറഞ്ഞത്‌. എന്നാൽ അങ്ങോട്ടു പോയി കാണുകതന്നെ. പക്ഷെ, ലതികയെ കൊണ്ടുപോകുക അത്ര എളുപ്പമുള്ള കാര്യമല്ല. അവൾക്കൊട്ടും യാത്രചെയ്യാൻ വയ്യ. എന്നിട്ടും ഇറങ്ങിപുറപ്പെടാൻ ഒരു ഉത്സാഹമൊക്കെ അവൾ കാണിക്കുന്നുണ്ട്‌. നേരം വെളുക്കുമ്പോഴേക്കും ആ ഉത്സാഹമൊക്കെപോകുമെന്ന്‌ അയാൾക്കറിയാം. പാവം. മനസ്സുപോലെ ശരീരം വഴങ്ങില്ലല്ലോ. വല്ലാത്തൊരു നടുവേദനയോടെയായിരിക്കും അവൾ എഴുന്നേൽക്കുകതന്നെ. നിങ്ങൾ പൊക്കോളൂ. എനിക്കു വയ്യ. എന്നവൾ രാവിലെ പറയും. അയാൾ ചിന്തിച്ചതുപോലെ തന്നെയായിരുന്നു രാവിലെ സംഭവിച്ചതും. അല്ലെങ്കിൽ തന്നെ ഞാൻ ചിന്തിക്കുകയായിരുന്നു ഇത്രയും ദൂരം ഒറ്റയ്ക്കുതന്നെ യാത്രചെയ്യാൻ വയ്യാത്തൊരവസ്ഥയിലാ ഞാൻ. പിന്നെ, നിന്നേം കൂട്ടി എങ്ങനെയാത്ര ചെയ്യുമെന്ന്‌- അവൾ അതു കേട്ടൊന്നു ചിരിച്ചു. ഏതായാലും മോളെ കണ്ടിട്ടുവരൂ. അവൾ സന്തോഷത്തോടെ യാത്രയാക്കി.
ഗ്രാമം പിന്നിട്ടു. നഗത്തിലേക്ക്‌ കടക്കുകയാണ്‌ ബസ്സ്‌.
യാത്രക്കാർ പലരും ഇറങ്ങുകയും കയറുകയും ചെയ്തു. ബസ്സിൽ തിരക്കു കൂടിവന്നു.റോഡിലും തിരക്കുകൂടി വന്നു. ബസ്സിന്റെ വേഗതക്കും ഓട്ടത്തിനും നേരിയ വ്യത്യാസം വന്നുകൊണ്ടിരുന്നു. അത്‌ അയാൾക്ക്‌ വ്യക്തമായും അനുഭവപ്പെട്ടു. ഓട്ടത്തിന്‌ ഇത്തിരി കാർക്കശ്യം വന്നതുപോലെ. മറ്റു വാഹനങ്ങളോടുള്ള പെരുമാറ്റത്തിൽ അൽപം നീരസം വന്നതുപോലെയും അയാൾക്ക്‌ തോന്നി. കണ്ടക്ടറും ചിലരോടൊപ്പം പരുഷമായി സംസാരിക്കുന്നതുകേട്ടു. ഉള്ളിലേക്കു കയറി നിൽക്കാത്തവരെ വഴക്കു പറഞ്ഞു. ചുമടുമായി വന്നവരോട്‌ കയറണ്ടായെന്നു കയർത്തു ചോദിച്ചു. ചില്ലറ താരത്തവരെ രൂക്ഷമായി നോക്കി. ബാക്കി 50 പൈസ പിന്നെതരാമെന്ന്‌ ചിലരോടൊക്കെ പറഞ്ഞും പലരോടും പറയാതെയും യാത്രക്കാർക്കിടയിലൂടെ, അവരെ തള്ളി നീക്കി ഒരു ഗുണ്ടയെപ്പോലെ നടന്നു കണ്ടക്ടറുടെ മുഖത്ത്‌ പഴയസൗമ്യതപോയി എല്ലാവരോടും ഒരു വെറുപ്പു പ്രകടമായി.
ഡ്രൈവറാണെങ്കിൽ ആരോടൊയുള്ള ദേഷ്യം തീർക്കുന്നതുപോലെ വണ്ടിയോടിക്കാൻ തുടങ്ങി. ഒരു വലിയ യുദ്ധത്തിനു പോകുന്നതു പോലെയാണ്‌ ബസ്സോടിച്ചതു. ബസ്സിന്റെ ചലനത്തിനു വന്ന ഈ വലിയ മാറ്റം അയാളെ പെട്ടെണ്ണമ്പരപ്പിച്ചു. മറ്റു വാഹനങ്ങളോടുള്ള ബസ്സിന്റെ പെരുമാറ്റത്തിൽ ഒരു വന്യമൃഗത്തിന്റെ മൂളലും അലർച്ചയുമുണ്ടായിരുന്നു. പടക്കളത്തിലെന്നപോലെ മറ്റു വാഹനങ്ങളെ വെട്ടിവീഴ്ത്തിമുന്നേറാനുള്ള ഒരു വ്യഗ്രതയും വീറും വാശിയും കാണിച്ചു. മുമ്പിലത്തെ കിളിയാണെങ്കിൽ തൂങ്ങിക്കിടന്നാണ്‌ യാത്ര ചെയ്തത്‌. അയാളുടെ കൈ ഒരു ആഭിചാരകർമ്മം പോലെ ബല്ലടിച്ചുകൊണ്ടിരുന്നു. വേഗത ഇനിയും കൂട്ടൂ ഇനിയും കൂട്ടു മറ്റുള്ളവരെ ഇടിച്ചു വീഴ്ത്തുകയെന്നൊരാജ്ഞ ആബെല്ലിന്റെ മുഴക്കത്തിലുണ്ടായിരുന്നു. വേഗത കുറയുമ്പോൾ ചാടി ഇറങ്ങിയും ഓടിക്കയറിയും അയാൾ ഭീകരത സൃഷ്ടിച്ചുകൊണ്ടിരുന്നു.
ബസ്റ്റോപ്പിൽ കൂട്ടമായി കാത്തുനിന്ന യാത്രക്കാർക്കരികിലൂടെ ചീറിപാഞ്ഞുപോയി ദൂരെ ആരുമില്ലാത്തിടത്ത്‌ വണ്ടി നിറുത്തി ആളെ ഇറക്കി. ബസ്റ്റോപ്പിൽ നിന്നും ഓടിവന്ന ഓന്നോരണ്ടോ പേർ ബസ്സിലെ പടിയിലെ ഇല്ലാത്തസ്ഥലത്ത്‌ ഇത്തിരി കാൽ വച്ചു യാത്ര ചെയ്തു മറുവശത്തിരുന്നുകൊണ്ട്‌ ഈ വശത്ത്‌ നടക്കുന്നതൊന്നും അയാൾ കാണുന്നുണ്ടായിരുന്നില്ല. പക്ഷേ, ഓരോന്നും അയാൾക്ക്‌ അനുഭവിച്ചറിയാൻ കഴിഞ്ഞു.
ഈയിടെയായി ഒന്നിനും ഒരു ധൈര്യമില്ലെന്ന്‌ അയാൾ ഓർത്തു. പ്രായമാകുന്നതിന്റെ പ്രശ്നമായിരിക്കാം. മനസ്സ്‌ പെട്ടെന്ന്‌ പതറിപോകുന്നു. പലപ്പോഴും ഫോണിലൂടെയും ഒഴിവിനു വരുമ്പോഴും മകളോടു പറഞ്ഞു:- അച്ഛന്‌ അവിടെവരെ യാത്രചെയ്യാൻ വയ്യ മോളെ. വയസ്സായില്ലേ. പിന്നെ, പഴയ നഗരമല്ല. പണ്ട്‌ അച്ഛന്‌ നഗരത്തിന്റെ ഓരോ മുക്കും മൂലയും അറിയാമായിരുന്നു. ഇപ്പോൾ അച്ഛൻ പകച്ചു നിന്നുപോകും. എന്തെല്ലാം മാറ്റങ്ങളാണ്‌ നഗരത്തിൽ വന്നിരിക്കുന്നത്‌. പണ്ടത്തെ അടയാളങ്ങൾ ഒന്നുംതന്നെ അവശേഷിക്കുന്നില്ല. ഒരു മായാലോകമായി മാറിയിരിക്കുന്നു നഗരം. കണ്ണടച്ചു തുറക്കുന്നതിനുമുമ്പേ വേഷങ്ങൾ മാറുന്നു നഗരം. ചിലപ്പോൾ സുന്ദരിയായി. മറ്റു ചിലപ്പോൾ രാക്ഷസിയായി. ഒരെത്തും പിടുത്തവും കിട്ടാതെ അലയാനെ അച്ഛനു കഴിയൂ. വലിയൊരമ്പരപ്പോടെയാണ്‌ അച്ഛൻ മോളെ ഹോസ്റ്റലിൽ കൊണ്ടുചേർന്നത്‌. അത്‌ അന്ന്‌ മോൾക്ക്‌ മനസ്സിലായികാണുമല്ലോ. അത്‌ ഓർമ്മവച്ചുകൊണ്ടായിരിക്കണം ഇന്നലെ രാത്രി വീണ്ടും മകളെ വിളിച്ച്‌ അച്ഛൻ ഹോസ്റ്റലിലേക്കു വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ മകൾ പറഞ്ഞു:- അച്ഛനു വഴിതെറ്റാണ്ടാ. രാവിലെ ആറു മണിക്ക്‌ നാട്ടിൽ നിന്നൊരു ബസ്സ്‌ നഗരത്തിലേക്ക്‌ പുറപ്പെടുന്നുണ്ട്‌. പുതിയതായി തുടങ്ങിയതാണ്‌. രാവിലേയും രാത്രിയിലും ഓരോ ട്രിപ്പുമാത്രമേയുള്ളു. അതിൽ കയറി ഇരുന്നാൽ മതി ഹോസ്റ്റലിന്റെ മുമ്പിൽ കൊണ്ടുവന്നിറക്കും. ഒന്നും പേടിക്കാനില്ല. ഞാൻ ഗെയ്റ്റിൽ കാത്തുനിൽപ്പുണ്ടാകും. ഇന്നത്തെക്കാലത്ത്‌ ജീവിക്കാൻ ധൈര്യം വേണമെന്നയാൾ ഒരിക്കൽ കൂടി ഓർത്തു.
ഇപ്പോൾ ബസ്സ്‌ നഗരത്തിലൂടെ ഓടുകയാണ്‌.
ഇപ്പോൾ ഒരു കൊലയാളിയുടെ മുഖമാണ്‌ ബസ്സിന്‌. ഒരാരാച്ചാരായി ഡ്രൈവറും ഇരുന്നു. ഒരു രാക്ഷസനെപോലെ കണ്ടക്ടർ അട്ടഹസിച്ചു. മരണമണി ആഞ്ഞാഞ്ഞ്‌ മുഴക്കിക്കൊണ്ട്‌ മുന്നിലെ കിളി കലിതുള്ളി.
യാത്രക്കാരുടെ മുഖത്തും വലിയ വ്യത്യാസം അയാൾ ശ്രദ്ധിച്ചു. മറ്റു യാത്രക്കാരെയെല്ലാം സംശയത്തോടെയും ദേഷ്യത്തോടെയും നോക്കുകയായിരുന്നു ഓരോരുത്തരും.
വെയിലിനു ചൂട്‌ കൂടി വന്നു. ബസ്സിനുള്ളിൽ ഉഷ്ണവും വിർപ്പും നിറഞ്ഞു. മനുഷ്യശരീരത്തിന്റെ ഒരു വെന്തമണം.
വലിയ വലിയ കെട്ടിടങ്ങൾക്കു നടുവിലൂടെയായിരുന്നു ബസ്സോടിയിരുന്നത്‌. വന്യമൃഗങ്ങളുടെ വിശപ്പോടുകൂടിയ അലർച്ചയും മൂളലും മുഴക്കങ്ങളായി ചെവിതുളച്ചു. ഒരു കൊടുംകാട്ടിൽ ഒറ്റപ്പെട്ടവനെപോലെ അയാൾ വല്ലാതെ ഭയന്നു. സൈഡ്‌ സീറ്റിലായിരുന്നു അയാൾ ഇരുന്നത്‌. ഡ്രൈവറിരിക്കുന്ന വശമായതുകൊണ്ട്‌ അത്‌ റോഡിനു നടുക്കായിരുന്നു. പിറകിലൂടെ അലറിവന്ന വേറൊരു ബസ്സ്‌ ഉരുമ്മി കടന്നുപോയപ്പോൾ അയാൾ മരണം മുന്നിൽ കണ്ടപോലിരുന്നു. അതിനും പുറകിൽ മറ്റൊരു വണ്ടികൂടി കടന്നുവരുമെന്നു കണ്ടപ്പോൾ ഡ്രൈവർ അതിനുപോകാൻ സ്ഥലം കൊടുക്കാതെ വട്ടംവച്ചു. പക്ഷേ, അത്‌ പിന്മാറാൻ തയ്യാറായിരുന്നില്ല. രണ്ടു വണ്ടികളും അതിവേഗത്തിൽ ചേർന്നു ചേർന്നോടി. ഒരു നിമിഷം മതി വലിയൊരപകടം നടക്കുമെന്നയാൾക്കു തോന്നി. രണ്ടു ബസ്സുകളുടേയും ശരീരങ്ങൾ തമ്മിൽ ഒരു മുടിനാരിന്റെ അകലംപോലുമില്ലെന്നയാൾ കണ്ടു. അയാളുടെ ബോധം നശിച്ചെന്നയാൾ ഉറപ്പുവരുത്തി. പെട്ടെന്നൊരു ഇടിവാൾപോലെ മറ്റെബസ്സ്‌ കടന്നുപോയി. ദൈവത്തെ അയാൾ വാരിപ്പിടിച്ചു. ഇനി അയാൾക്ക്‌ എവിടെയെങ്കിലും ഇറങ്ങിയാൽ മതിയെന്നായി. ജീവനെ തൂർത്തുപെറുക്കിയെടുത്ത്‌ അയാൾ എഴുന്നേറ്റു. ലക്ഷ്യസ്ഥാനമെത്താൻ കാത്തുനിൽക്കണ്ടായെന്നയാൾ നിശ്ചയിച്ചു. വണ്ടി നിർത്തുന്നിടത്തിറങ്ങുക. അയാൾ തിരക്കിനിടയിലൂടെ വളരെ പ്രയാസപ്പെട്ട്‌ വാതിൽക്കലെത്തി. കടന്നുപോന്ന വഴികളിലൂടെയെല്ലാം മറ്റുള്ളവർ അയാളെ ശകാരിച്ചു. മറ്റു യാത്രക്കാർക്കറിയാമായിരുന്നു അടുത്തൊന്നും സ്റ്റോപ്പില്ലെന്ന്‌. അതുകൊണ്ടുതന്നെ എങ്ങോട്ടോ ഇയാൾ തിക്കിത്തിരക്കിപോകുന്നതെന്ന്‌ അവർ അരിശംകൊണ്ടു.
വാതിൽക്കലെത്തിയപ്പോൾ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. ഉള്ളിലുള്ള അത്രയും തന്നെ ആളുകൾ പുറത്ത്‌ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. പുറം കാഴ്ചയോ കാറ്റോ വെളിച്ചമോ അയാൾക്ക്‌ കിട്ടിയില്ല. ഇരുട്ടിൽ രൂക്ഷമായ മനുഷ്യനാറ്റത്തിൽ മുങ്ങി അയാളുടെ ബോധം നശിച്ചു കൊണ്ടിരുന്നു.
ബസ്സ്‌ അപ്പോഴും ആകാശത്തിലെന്നപോലെ പായുകയായിരുന്നു.
അറിയാതെ അയാളുടെ കൈ ഇരുട്ടിലെവിടെയോ ഏതോ വള്ളിയിൽ പിടിച്ചു വലിച്ചു. ചെകിടടപ്പിക്കുന്നൊരു ബെൽ മുഴങ്ങി. വലിയൊരു കുലുക്കത്തോടെ വണ്ടി നിന്നു.
അയാൾ നശിച്ചുകൊണ്ടിരിക്കുന്ന ബോധത്തിൽ നിന്നുണർന്ന്‌ പുറത്തേക്കു ചാടി. എല്ലാവരുംകൂടി അയാളെ ഉന്തിയിട്ടതുമാകാം.
നിലത്തിറങ്ങിയ അയാൾ വലിയൊരാശ്വാസത്തോടെ, ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തോടെ നിന്ന്‌ ബസ്സിനേയും ബസ്സിലെ യാത്രക്കാരേയും നോക്കി.
ബസ്സ്‌ യാത്രക്കാരേയും കൊണ്ട്‌ വീണ്ടും പാഞ്ഞു. അപ്പോൾ തൂങ്ങിക്കിടന്നവർ അയാൾക്ക്‌ നേരെ നോക്കി കൂവി വീളിച്ചു.
ബസ്സ്‌ പോയിക്കഴിഞ്ഞപ്പോൾ ഇതേതാണ്‌ സ്ഥലമെന്നറിയാൻ അയാൾ ചുറ്റുംനോക്കി.
ഏറെനേരം പകച്ചുനിന്ന അയാൾ ജനങ്ങളുടേയും വാഹനങ്ങളുടേയും തിരക്കുകൾക്കിടയിലൂടെ ഒരു ഉദ്ദേശം വച്ച്‌ നടന്നു. പലരോടും ഹോസ്റ്റലിലേക്കുള്ള വഴി ചോദിച്ചു. ചിലർ കേൾക്കാത്ത മട്ടിൽപോയി. ചിലർ പറഞ്ഞുകൊടുത്തു. ഒടുവിൽ നടന്നു ക്ഷീണിച്ച്‌ അയാൾ ഹോസ്റ്റലിനടുത്തെത്തി. ഒരു ഓട്ടോറിക്ഷ വിളിക്കാൻ അയാൾക്കാവുമായിരുന്നു. അതയാൾ വേണ്ടെന്നു വച്ചതാണ്‌.
ഹോസ്റ്റലിനടുത്തെത്താറായപ്പോൾ റോഡിൽ വലിയൊരു ജനക്കൂട്ടം പിരിഞ്ഞു പോകുന്നതയാൾ കണ്ടു. സമരമോ സമ്മേളനമോ എന്നയാൾ ചിന്തിച്ചു. അതൊരപകടായിരുന്നെന്ന്‌ ഒരു വഴിയാത്രക്കാരനോട്‌ ചോദിച്ചയാൾ അറിഞ്ഞു. അയാൾ നടന്നുവരുമ്പോൾ റോഡ്‌ ബ്ലോക്കായത്‌ അയാൾ അറിഞ്ഞിരുന്നു. അതിനുകാരണം ഈ അപകടമായിരുന്നെന്ന്‌ ഇപ്പോൾ മനസ്സിലായി. പെട്ടെന്നു തന്നെ ഗതാഗതക്കുരുക്കൊഴിയുകയും വാഹനങ്ങൾ പഴയത്തിലും വേഗതയിൽ പായുകയും ചെയ്യുന്നത്‌ അയാൾ ശ്രദ്ധിച്ചിരുന്നു. നഗരത്തിൽ എല്ലാം നടക്കുന്നത്‌ പെട്ടെന്നും, വളരെ വേഗതയിലുമാണെന്ന്‌ അയാൾ തിരിച്ചറിഞ്ഞു.
അയാൾ വന്ന ബസ്സ്‌ റോഡിൽ ഹോസ്റ്റലിന്റെ മതിലിനോട്‌ ചേർന്ന്‌ കിടപ്പുണ്ടായിരുന്നു. ഹോസ്റ്റൽ മതിലിന്റെ ഇത്തിരിഭാഗം ഇടിഞ്ഞു കിടക്കുന്നതും അയാൾ കണ്ടു. ആ ബസ്സാണ്‌ അപകടകാരണമെന്നും അതിലെ ഡ്രൈവറും കിളിയും കണ്ടക്ടറും എവിടെയോ ഓടി ഒളിച്ചുവേന്നും അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെന്നും ഇപ്പോഴും പിരിഞ്ഞുപോകാതെ നിന്ന ചിലരിൽ നിന്നും അയാൾ അറിഞ്ഞു. കൂടുതൽ അതിനെപ്പറ്റി അറിയാനോ ചോദിക്കാനോ റോഡിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതു കാണുവാനോ അയാൾക്ക്‌ തോന്നിയില്ല.
അയാൾ ഹോസ്റ്റലിലേക്കു നടന്നപ്പോൾ അപകടം നടന്നസ്ഥലത്തുനിന്ന്‌ പിരിഞ്ഞുപോയ സിസ്റ്റേഴും കുട്ടികളും അയാൾക്കു മുമ്പേ ഹോസ്റ്റൽ മുറ്റത്തുകൂടെ നടന്നു പോകുന്നുണ്ടായിരുന്നു.
മകളെ കാണാൻ വന്നതാണെന്ന്‌ ആദ്യം കണ്ട സിസ്റ്ററിനോടു പറഞ്ഞു. മകളുടെ പേരും ക്ലാസ്സും പറഞ്ഞു. സിസ്റ്റർ അയാളെ ദയനീയമായി നോക്കി. അപകടം കണ്ട്‌ അമ്പരന്നും മരവിച്ചും പോയിരുന്നു സിസ്റ്ററിന്റെ മുഖമെന്നയാൾ മനസ്സിലാക്കി. ഇത്തരം അപകടം വരുമ്പോൾ കാണാതെ ഒഴിഞ്ഞു പോകുകയാണ്‌ പണ്ടുമുതൽ അയാളുടെ ശീലം. കാണാനുള്ള കട്ടി മനസ്സിനില്ലതന്നെ.
സിസ്റ്റർ അയാളെ കാത്തിരിപ്പുമുറിയിൽ കൊണ്ടുപോയി ഇരുത്തി.
പല സിസ്റ്റേഴും വാതിൽക്കൽ വന്ന്‌ അയാളെ സ്നേഹത്തോടെ നോക്കി തിരിച്ചുപോയി.
പ്രായം ചെന്ന ഒരു സിസ്റ്റർ വന്ന്‌ അച്ഛന്‌ കുടിക്കാൻ വല്ലതും എടുക്കട്ടെയെന്നു ചോദിച്ചു.
'ഗെയ്റ്റിൽ വന്ന്‌ കാത്തുനിൽക്കാമെന്ന്‌ പറഞ്ഞതാണ്‌. പഠിക്കുകയായിരിക്കും അല്ലേ' എന്ന്‌ അയാൾ ഇത്തിരി സന്തോഷത്തോടെ തിരിച്ചുചോദിച്ചു. അപകടത്തിന്റെ ഭീതി വിട്ടുമാറാത്ത മുഖത്തൊരു ഇല്ലാത്ത ചിരിയുമായി സിസ്റ്റർ കടന്നുപോയി.
ഏറെ നേരമിരുന്നിട്ടും മകളെ കാണാതെ അയാൾ അതിലൂടെ വന്ന മറ്റൊരു സിസ്റ്ററോട്‌ വീണ്ടും ചോദിച്ചു.
വളരെ സ്നേഹത്തോടെ -"ഇരിക്കൂ...അവിടെ ഇരുന്നോളൂ" -എന്നു പറഞ്ഞ്‌ ആ സിസ്റ്ററും കടന്നുപോയി.
അയാൾ അവിടെ മകളെ കാത്തിരുന്നു; മനസ്സിൽ ഇത്തിരി പരിഭവവുമായി.