
പ്രണയാവശിഷ്ടങ്ങള്‍
ഈ മനസ്സിലിനി പ്രേമമില്ല
പ്രണയങ്ങളൊഴിഞ്ഞ മനസ്സിന്റെ
ശ്മശാനപ്പുക മാത്രമേയുള്ളു.
പലരും വലിച്ചെറിഞ്ഞ
പ്രണയാവശിഷ്ടങ്ങള്‍ പെറുക്കിക്കൂട്ടി
തീയ്യിടുകയായിരുന്നല്ലോ,
എന്റെ എക്കാലത്തെയും വിധി.
പ്രണയാവശിഷ്ടങ്ങള്‍ക്കായി ഞാന്‍
കാത്തിരുന്നു.
യുദ്ധം ചെയ്യുവാനായി ഓടുന്നവരും
പണം മോഷ്ടിക്കുവാനായി ഉഴറുന്നവരും
സായാഹ്ന സവാരിക്കാരും
എനിയ്ക്കെറിഞ്ഞുതന്ന ഈ അവശിഷ്ട
ങ്ങളൊക്കെയുംയാതൊരു പവിത്രതയും
കല്പിക്കാതെഞാന്‍ തീയ്യിട്ടു.
എത്ര സ്വതന്ത്ര ഞാന്‍.
ബാക്കിപത്രം
നിലാവിലും ,വെയിലിലും നിണമൊഴുക്കാം,
സങ്കല്പങ്ങളില്‍ കാമം വിതറാം,
രതിപടര്‍ത്താം.
എന്നാലുമെന്റെ പ്രണയത്തിനു
നീ കാത്തിരിക്കരുത്,
ആത്മാവിനു വിലപേശരുത്.
ശരീരം ശിശിരകാലം പോലെ.
അതില്‍ സ്വപ്നവസന്തങ്ങള്‍
വിരിയിച്ചെടുക്കാന്‍ മോഹങ്ങള്‍
ധാരാളം.
ഏഴുരാവും പകലും മധുവിധു
ആഘോഷിക്കുക.
പക്ഷേ,എന്നെ ഓര്‍ക്കരുത്.
നിനക്കായി മിടിക്കുന്ന ഹൃദയവും,
നിന്നെ പൂട്ടിവച്ച മനസ്സും
എന്നും എന്റെമാത്രം സ്വന്തം!
അതില്‍ നിറയെ ഭൂതകാലത്തിന്റെ
നൊമ്പര സ്പ്ന്ദനങ്ങള്‍ ബാക്കിപത്രം പോലെ!