Followers

Monday, December 2, 2013

ezhuth ONLINE /DECENBER 2013



എഴുത്ത് ഓൺലൈൻ
ഡിസംബർ/2013
ഉള്ളടക്കം


 അ...വ ...സാ ...നം
ഡോ കെ ജി ബാലകൃഷ്ണൻ

 യാക്കൂബിന്റെ തിരുമുറുവുകൾ
സണ്ണി തായങ്കരി

 നീലയും ചുവപ്പും
ഗ്രീഷ്മാ മാത്യൂസ്

ഒച്ചപ്പാട്-ഫ്രാൻസ് കാഫ്ക
പരിഭാഷ: വി.രവികുമാർ

 മലകൾ
മുരളീധരൻ വി വലിയവീട്ടിൽ

വിധി വിളക്ക്
ശ്രീദേവി  നായര്‍ 
 ചില ബന്ധങ്ങള്‍
ആരതി ബി പോസീറ്റീവ്

അപ്പൂപ്പൻ
ഗീതാ ജാനകി

വാക്കുകള്‍
പ്രിയാ ഉദയൻ

നിർവാണം
രാംമോഹൻ പാലിയത്ത്

മരണശേഷം
ദീപു മാധവൻ

ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം....
സലില മുല്ലൻ

മൗനം/നൊമ്പരം (ഒരു ഓള്‍ഡ്‌ ജനറേഷന്‍ കവിത)
ഷിറാസ് വി ടി

മര്‍ക്കട മുഷ്ടി
വിനോദ് കൂവേരി

60 Hour Attack
Winnie Panicker
പ്രണയകാലം .
അഹമ്മദ് മുയിനുദ്ദീൻ

അപൂര്‍ണ്ണതയുടെ ആകാശം
ബിജു ജി നാഥ്

ശിലയുടെ ദുഃഖം
സ്റ്റീഫൻ മിനൂസ്
കണ്ണൂനീർ
ഫൈസൽ  പകൽക്കുറി

പ്രിയാസയൂജിന്റെ സൈബർ ചിലന്തികൾ എന്ന കവിതയെപ്പറ്റി
ഗണേഷ് പന്നിയത്ത്

ആത്മഹത്യ
സുനിൽ എം എസ്

ആമ
എം.കെ.ഹരികുമാർ

വാക്കിന്റെ മധു



ഗണേഷ് പന്നിയത്ത്

പ്രിയാസയൂജിന്റെ സൈബർ ചിലന്തികൾ എന്ന കവിതയെപ്പറ്റി


*************************************************************************
അവന്‍ 
തേന്‍ പുരട്ടിയ വാക്കുകള്‍ കോര്‍ത്ത്‌ 
അവളുടെ ഹൃദയത്തിലേക്കൊരു 
ചൂണ്ടയാഴ്ത്തി 

അവള്‍ 
വാക്കിന്റെ മധു നുണഞ്ഞു 
ജീവിതത്തിന്റെ മാധുര്യം 
നഷ്ടമാക്കി 

അവന്‍ 
മഴവില്ലിന്റെ വര്‍ണമുള്ള 
വലവിരിച്ചു 
കാത്തുനിന്നു 

അവള്‍ 
മഴവില്ല് കണ്ടു മോഹിച്ചു 
അതിന്റെ നിറങ്ങളില്‍ 
അലിഞ്ഞുപോയി 

അവന്‍ 
ചൂണ്ടയിടല്‍ തന്റെ 
കുലത്തൊഴിലിനോട്  ചേര്‍ത്ത് 
പ്രബുദ്ധനായി.

പ്രാഗ് കമ്യൂണിസത്തിലും ഇര തേടല്‍ പുരുഷന്റെ തൊഴിലായിരുന്നു. അവിടെ അവന്‍ എന്നാല്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിരുന്നു. തൊഴില്‍ പരമായ വിഭജനത്തിന്റെ ചാരുത .   ആധുനിക കാലഘട്ടത്തില്‍ അവന്‍ എന്നാല്‍ വേട്ടക്കാരനായി രൂപാന്തരപെട്ടിരിക്കുന്നു.  ഇവിടത്തെ ഇരതേടല്‍ സ്വന്തം കാമനകളുടെ ശമനത്തിന് വേണ്ടിയാണ്. അഭീഷ്ട്ടപദാര്‍ത്ഥങ്ങളെ കൊത്തിതിന്നുവാനുള്ള ആര്‍ത്തിയാണ് അവന്റെ ജൈവബോധത്തില്‍ കുടിയിരിക്കുന്ന സംസ്കൃതി. ദൂരവര്‍ത്തികളില്‍ കണ്ടെത്തുന്ന ഇരകളെ പോലും തന്ത്രപരമായരീതികളിലൂടെ അവന്‍ കീഴ്പ്പെടുത്തികളയും. പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയില്‍ അവന്‍ ഈ കൃഷി നന്നായി ചെയ്യുന്നുണ്ട്താനും. 

ആ അവസ്ഥയെയാണ് പ്രിയ സായൂജ് മനോഹരങ്ങളായ വരികളിലൂടെ സൈബര്‍ ചിലന്തികളില്‍ അവതരിപ്പിക്കുന്നത്‌.  സൈബര്‍യുഗം സ്ത്രിവേട്ടയുടെ വേദിയാണെന്ന് വര്‍ത്തമാനകാല ജീവിതയാഥാര്‍ത്യ ങ്ങളില്‍ നിന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.  പുരുഷന്റെ ഓരോ ചുവടിലും സ്ത്രിവേട്ടയുടെ ചരിതങ്ങളുണ്ട്. വശീകരണമന്ത്രത്തിന്റെ വാക്കുകളും മഴവില്ലുകളും കാണിച്ച്  അവന്‍ അവളെ കീഴ്പ്പെടുത്തുവാനുള്ള നീഗൂഡ ശ്രമങ്ങളില്‍ തന്നെയാണ്.  എന്നാല്‍ അവളോ ? മഴവില്ലിന്റെ ഉപരിപ്ലവമായ മനോഹാരിതയില്‍ മയങ്ങി അവന്റെ ചെതോവികാരങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കാതെ സ്വയം ഹോമിക്കപ്പെടുന്നു. അവന്റെ ചൂണ്ട അവളുടെ ആമാശയത്തിലെക്കിറങ്ങിയാല്‍ പോലും ആവള്‍ ഒന്നും അറിയുന്നില്ല. അവള്‍ പ്രണയാതുരയായി അവനോട് ചെന്ന് നിന്ന് അവളെ സ്വയം സമര്‍പ്പിക്കുന്നു.  
അവന്‍ 
ചൂണ്ടയിടല്‍ തന്റെ 
കുലത്തൊഴിലിനോട്  ചേര്‍ത്ത് 
പ്രബുദ്ധനായി.

ഉത്തരാധുനികയില്‍ ഈ ഇരതേടല്‍ അവന്‍ കുലത്തൊഴിലാക്കി മാറ്റിയിരിക്കുന്നു എന്ന് പ്രിയ പരിതപിക്കുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ വന്നു ചേര്‍ന്നിട്ടുള്ള അധമസംസ്കാര ത്തിന്റെ വലിയൊരു ചിത്രമാണ് ലഭിക്കുന്നത്. ചിലന്തിവല വിരിച്ചുളള അവന്റെ മൃഗീയമായ കാത്തിരിപ്പിലൂടെ നിരാലംബമായ ജീവിതത്തിലെ ആത്മീയ സംത്രാസങ്ങള്‍ നാം തിരിച്ചറിയുകയാണ്. 

വിധി വിളക്ക്


ശ്രീദേവി  നായര്‍ 
എങ്കിലും നിഷ്ഫലമീ ജന്മപന്ഥാവില്‍
എത്രയോ വന്മരം കടപുഴകി വീണു.
എന്നിട്ടുമെന്തേ യീജന്മത്തിന്നോരത്ത്
നീ നട്ട ചെറുമരം തളിരണിഞ്ഞൂ?
ഉത്തരമില്ലുത്തരമില്ലൊന്നുപോലും
നിന്‍ ചെയ്തികള്‍ ചിന്തിപ്പതിനാര്‍ക്കറിവൂ,
ഒന്നറിയുന്നു ഞാനൊന്നുമാത്രംനിങ്കര്‍മ്മങ്ങള്
മന്ത്രരൂപത്തിലെന്നന്തരംഗം.

ഇന്നുനാനെന്നെയറിഞ്ഞിടാത്തൊരു
നിന്നെയറിയുവാനുള്ള വൃഥാശ്രമത്തെ
നിന്നുയിര്‍ എന്നില്‍പ്പടര്‍ത്തിയ ശക്തിതന്‍
അര്‍ത്ഥത്തിന്‍ വ്യാപ്തിയില്‍ ഞാനറിവൂ.

ഒന്നുമാത്രമാണതൊന്നുമാത്രം ഞാന്‍
ശ്വാസനിശ്വാസത്തിലോര്‍ത്തെടുപ്പൂ,
“ഉന്മത്തചിത്തത്തിന്നാധാര ശിലയില്‍ നാം
എന്തിനായ് വയ്ക്കുന്നു വിധിവിളക്ക്?“
,

കണ്ണ് നീർ


ഫൈസൽ  പകൽക്കുറി
--------
തരുമോ സഖീ
നീയാ മിഴികൾ
ഒന്ന് ഞാൻ കരഞ്ഞോട്ടെ
മനസ്സിലെ തീ ആറുവോളം .
വരുമോ -
നീയീ ഇടവഴികൾ
തണ്ടിയെൻ ചാരെ
നെഞ്ചോടു ചേർന്ന്
നിന്നൊന്നു
സാന്ത്വനിപ്പിയ്ക്കുവാൻ .
വയ്യ ഈ ഒളിതാവളങ്ങൾ
മടുത്തു ഞാൻ - വെറും
നടനമീ ബന്ധങ്ങൾ
ഇടയ്ക്കെങ്കിലും ഒന്ന് നീ
മെലിഞ്ഞ വിരലുകളീ
മനസ്സോടു ചേർത്ത്
പറയൂ സഖീ -
പൊറുക്കൂ - എല്ലാം
ത്യജിയ്ക്കാം ഞാൻ
നമുക്ക് വിടചൊല്ലി പിരിയാം
ഒരേ കുഴിയിൽ പരസ്പരം
പുണർ ന്നുറങ്ങി ഉണരാം -
ഒന്നായി - പുനര്ജനിയ്ക്കാം ...!

പ്രണയകാലം .

അഹമ്മദ് മുയിനുദ്ദീൻ



കണ്ണില്‍ കടല്‍ ഒളിപ്പിച്ച കൂട്ടുകാരീ
നിന്റെ കണ്ണിമകളില്‍
തണല്‍ മരങ്ങള്‍
വച്ച് പിടിപ്പിച്ചതാരാണ്

ഒരൊറ്റ വാക്കിന്‍റെ നനവില്‍
കാറ്റാടി മരങ്ങളില്‍
കാറ്റൊളിപ്പിച്ച തെന്തിനാണ്

കീടനാശിനി തളിക്കാത്ത
ഓര്‍മ്മകള്‍
സ്വപ്‌നങ്ങള്‍
സായാഹ്നങ്ങള്‍
നമുക്ക്മാത്രം സ്വന്തം ..

മര്‍ക്കട മുഷ്ടി

 
 
വിനോദ് കൂവേരി


ഒറ്റയാനൊന്നുമല്ല ഞാന്‍;
കൊമ്പും കുലചിഹ്നവും
ചിഹ്നം വിളിയും സാധ്യവുമല്ല.
കാട് എന്റെ കാല്‍ക്കീഴില്‍ അല്ല
മസ്തകം കൊണ്ട്
ആകാശം തൊടാന്‍ ആവില്ല..

എങ്കിലും
ഞാനും ഈ കാട്ടില്‍ തന്നെയുണ്ട്‌
പരിഹാസ കഥകള്‍ ഏറെയുണ്ട്
ചില്ല പോലും കൈവിട്ട്
താഴെ വീണ്,
സ്വജാതിയാല്‍
ഭ്രാഷ്ടനാക്കപ്പെട്ട്
ഒറ്റയ്ക്ക് നടപ്പാണ്...

പ്രതിഷേധിക്കാന്‍
മര്‍ക്കടന്‍മാര്‍ക്ക് എങ്ങനെ
നാവുണ്ടായി എന്ന്
ചരിത്രത്തിലും
വര്‍ത്തമാനത്തിലും
ഭീമന്മാര്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു

ആയുധവും
അധികാരവും
ആകാരവും ഇല്ലെങ്കിലും
ഫലമൂലാദികള്‍ക്ക് വേണ്ടിയുള്ള
നിങ്ങളുടെ കടിപിടിയിലേക്ക്
ഇടയ്ക്കിടെ ഓരോ
കല്ലെടുത്തെറിഞ്ഞ്
ഞാന്‍ നിങ്ങളെ
ശല്യപ്പെടുതിക്കൊണ്ടേയിരിക്കും...

മരണശേഷം

 
ദീപു മാധവൻ

മരണത്തിനും മണമുണ്ടോ
മരണ യാത്രക്ക്

നല്ല മണമുണ്ട്

നല്ല ചന്ദനം
നല്ല രാമച്ചം
നല്ല സാംബ്രാണി
നല്ല കുന്തിരിക്കം
നല്ല അത്തർ

എന്ത് പുകച്ചിട്ടെന്ത്
എന്ത് പൂശിയിട്ടെന്ത്

എവിടെയൊക്കെയോ
ഉതിരുന്ന
കണ്ണീരിനു മാത്രം
ഒരേ നിറം
ഒരേ രുചി

അതാണ്‌ ആരും അറിയാതെ പോകുന്ന
മരണത്തിന്റെയും
യഥാർത്ഥ സുഗന്ധം

മലകൾ



 മുരളീധരൻ വി വലിയവീട്ടിൽ

ഞങ്ങൾ പറഞ്ഞത്
മലകളെ കുറിച്ചായിരുന്നു
അവർ കേട്ടത് മുലകളെന്നും,
ആവേശഭരിതരായി
കൂട്ടം കൂടിയവരുടെ
ആകാംക്ഷ നിറഞ്ഞ മുഖങ്ങൾ .
കാര്യം മനസ്സിലാക്കിക്കാൻ
കടലാസിൽ വരച്ച
മലയിലേക്ക് നോക്കി
അവർ ചോദിച്ചു ,
എന്തിനാണീ പച്ചപ്പുകൾ
നമ്മുടെ തൊലിയുടെ
നിറം ഇതല്ലല്ലോ !
മലകൾക്കും മണ്ണിന്റെ
നിറം കൊടുക്കൂ
എന്ന ആക്രോശത്തിൽ
ബ്രഷുകൾ വീണ്ടും
ചായത്തിൽ മുങ്ങി .
പച്ചപ്പ് നീങ്ങി
മുഴുത്ത മലകളേ നോക്കി
അവർ സന്തോഷത്തോടെ
താഴ് വാരങ്ങളിലേക്ക്
പിരിഞ്ഞ് പോയി .

ചില ബന്ധങ്ങള്‍



ആരതി ബി പോസീറ്റീവ്

ചില ബന്ധങ്ങള്‍ മരണക്കിണര്‍ പോലെയാണ്..
ജീവിതത്തിനും മരണത്തിനും
ഇടയിലൂടെയുള്ള ഒറ്റക്കുതിപ്പ്,
ഒരു തെറ്റലില്‍ ഒന്നിച്ചുള്ള കൂപ്പുകുത്തല്‍.

ചിലവ ചെമ്പിലയിലെ തുള്ളിയാണ് .
താളം തല്ലി തല്ലി പ്രിയമുള്ളവയിലേക്ക്
ഊര്‍ന്നിറങ്ങിയുള്ള പെടുമരണം.

ഇനിയുള്ളവയെല്ലാം
നിന്നെ പോലെ എനിക്കും
എന്നെപോലെ നിനക്കും അജ്ഞാതം...

വാക്കുകള്‍


പ്രിയാ ഉദയൻ


ഇന്നലയെ എനിക്ക് വേണ്ടായിരുന്നു
വാക്കുകളുടെ വ്യംഗാർത്ഥങ്ങള്‍ ഇവിടെ
എവിടെയോ വഴി തെറ്റി നടക്കുന്നു
വരികള്‍ക്കിടയിലെ അർത്ഥം തേടി മടുത്തു

നിഷ്കളങ്കതയെ അപാരധത്തിന്റെ
കൂടത്താലടിച്ചു വിറങ്ങലിപ്പിച്ചു
വാക്കുകളുടെ വ്യവഹാരവും വ്യഭിചാരവും
കാണാത്ത വരികളില്‍ തിരയുന്നു

ഇതും ഒരു നിയോഗം വെല്ലുവിളികള്‍
സര്‍പ്പദംശനമേറ്റ പോല്‍ പുളയുന്നു
ചിലത് പത്തി വിടര്‍ത്തി ആടുന്നു
സമയം വാഴവള്ളിയെയും സര്‍പ്പമാക്കിടും

മുട്ടിലൂന്നിയ മുഖവുമായ് ഏകാന്തതന്‍ തുരുത്തില്‍
ചിതറിപ്പോയ മുടി ഒതുക്കാതെ എന്റെ
ഓര്‍മ്മകള്‍ ചിതറാതെ ചിത്രം വരയ്ക്കുന്നു
എനിക്കിന്നലെയുടെ യാത്ര വേണ്ടായിരുന്നു

എനിക്കിന്നലെകള്‍ വേണ്ടായിരുന്നു

ശിലയുടെ ദുഃഖം


സ്റ്റീഫൻ മിനൂസ്
ശിലയൊരു ദേവതയായ്‌ മാറിയന്നും
ശില്‍പ്പിതന്‍ പാണികള്‍ തളര്‍ന്നിരുന്നു
ഒരുകോടിയുരുവിട്ടാ മന്ത്രാക്ഷരങ്ങളാല്‍
പ്രതിഷ്ടിച്ചന്നാ ബലിക്കല്ലിന്‍ മുന്നില്‍

ഇഷ്ടങ്ങളാനാളില്‍ രാഗനൃത്തമായ്മുന്നില്‍
സപ്തസ്വരങ്ങളും നടനമാടും
ചിത്രങ്ങള്‍ ജീവതപസ്വിയായന്നും
ചുവരുകള്‍ പോയയുഗത്തിന്‍ ചരിത്രമായി

ഇതിഹാസങ്ങള്‍ അവതരിചൊടുവിലാ
ജനനിയും കാലത്തിന്‍ മറവിലായി
പൊടിയുന്ന മണ്‍കുടില്‍ കെട്ടിമേയാന്‍പോലും
വിരലുകളനങ്ങാതെ തടവിലായി

ഉയരുമാ ദുഃഖത്തില്‍ മണ്‍കൂനയും താനേ
കരയുന്നാ ശിലയുടെ മുന്നില്‍ത്തന്നെ
ഒരിക്കലുമിനിയാ ഉളിമുനയേല്‍ക്കാതെ
ശാപമോക്ഷംകാത്തീജഡം ബാക്കിയായ്‌ ....

അപ്പൂപ്പൻ

അപ്പൂപ്പൻ ഇങ്ക്വിലാബ് വിളിച്ചു നടന്നപ്പോ
അമ്മൂമ്മ ഒരുമണിയിരുമണി കൂട്ടിയൊരുക്കിയതാണ്‌
കാളിച്ചെറുമനും നീലിച്ചെറുമിയും ചവിട്ടിക്കുഴച്ചമണ്ണോണ്ട്
കൊല്ലത്തൂന്നു വന്ന ഓടോണ്ട്
ഒരറ്റുത്തൂന്നു ഓടിയാ ശർർ ന്ന് കാറ്റോടുംപോലെ
ഓടിനടക്കാൻ പറ്റിയ വരാന്തയുണ്ടായിരുന്നു.
ഒട്ടുമേ പേടിയില്ലാതെ വെയിലിൻകുഞ്ഞുങ്ങളും
കുണ്ടാമണ്ടി പൊടികളും കണ്ടപോലെ കയറിയിറങ്ങിയ ജനലഴികൾ .
നിലാവുകണ്ടും സ്വപ്നം കണ്ടും കിടന്നുറങ്ങിയ തെക്കേപ്പുര
മച്ചുംനോക്കി കിടന്ന നടുപ്പുര
ഒരു നാൽക്കാലിയെയും ഒരിരുകാലിയെയും പൂട്ടിയ ഊണ്‍മുറി
കാലും നീട്ടിയിരുന്നരക്കാൻ അമ്മിമുറി
എല്ലാറ്റിൽനിന്നുമൊഴിഞ്ഞൊരു പേറ്റുപുര.
കല്ലിനോടും മണ്ണിനോടും ഓടിനോടുമൊക്കെ അമ്മൂമ്മ ചങ്ങാത്തം കൂടി
സുഖമോ സുഖമോ എന്ന് ചോദിച്ചു.
ചിലന്തിക്കും ചിതലിനും കുഴിയാനക്കും ഉറുമ്പിനും ഒക്കെ ഇടം കൊടുത്തു
കളിച്ചുചൊറിപിടിക്കാൻ മണ്ണുണ്ടായിരുന്നു
കുളിച്ചുമിനുങ്ങാൻ കുളമുണ്ടായിരുന്നു.
കിഴക്ക് പ്ലാഞ്ചൊട്ടിൽ അപ്പൂപ്പന്റെ ചിതാഭസ്മക്കലശം
സന്ധ്യക്ക്‌ വിളക്ക് കണ്ടു.
ഓണത്തിന് ആയത്തിൽ ഊഞ്ഞാലാട്ടി പ്ലാവ്‌.
തൊപ്പിപ്പോലീസുകാരേം കൂകൂ തീവണ്ടിയുമൊക്കെ തന്നു പ്ലാവില.
സുഖമന്വേഷിച്ചു നടന്ന് നടന്ന്
സുഖമില്ലാതയൊരുദിവസം അമ്മൂമ്മ മണ്ണിന്നടിയിലൊളിച്ചു .
മണ്ണിന്നടിയിൽ പൊന്നമ്മൂമ്മ.

അച്ഛൻ പാട്ടുംപാടി നടന്നപ്പോ
വീട് അമ്മയോടോപ്പമായി.
നട്ടാൽകുരുക്കുന്നതൊക്കെ നട്ടൊരു കാടുണ്ടാക്കി
അണ്ണാറക്കണ്ണനും കിളികളുമൊക്കെ
കശ പിശകൂട്ടി കായ്കൾ തിന്നു.
കാണാത്ത വേരിനോടും, കാണുന്ന ഇലകളോടുമൊക്കെ
ദാഹിക്കുന്നുണ്ടോ വിശക്കുന്നുണ്ടോ എന്നൊക്കെ
സുഖമന്വേഷിച്ചു നടന്നു അമ്മ.
ജനലഴികളിൽക്കൂടി കാറ്റിനോടും വെയിലിനോടുമൊപ്പം
ആരോടും ചോദിക്കാതെ കടം കേറി വന്നു.
ആരും കണ്ടില്ല, ആരും അറിഞ്ഞില്ല..
അച്ഛൻ പാട്ട് പാടിക്കൊണ്ടേയിരുന്നു
അമ്മ സുഖമന്വേഷിച്ചുകൊണ്ടേയിരുന്നു
ഒരു ദിവസം ആരുമറിയാതെ വീട് പടിയോടുകൂടി പടിയിറങ്ങി
ആരും കണ്ടില്ല, ആരും അറിഞ്ഞില്ല..
ഞാനുണ്ടായിരുന്നോ? ഞാൻ കണ്ടിരുന്നോ?
എന്നോടിതൊക്കെ ആരാണ് പറഞ്ഞത്?

മൗനം//നൊമ്പരം (ഒരു ഓള്‍ഡ്‌ ജനറേഷന്‍ കവിത)



ഷിറാസ് വി ടി

ഇതുവഴി പൊഴിയാന്‍
മഴയിതളുകളായ്
അഴലുകളുണരും
മനമൊരു മേഘം..
ഇതു നിഴലില്ലാ-
തിരുളിന്‍ പൊരുളായ്
കനവുകളകലും
നിശയുടെ തീരം...
നിന്‍മിഴി നിറയാന്‍
വിരഹകണങ്ങള്‍
നിലവുകളണിയും
മൗനപരാഗം..
നിന്നുയിര്‍ തേടും
ഋതുശലഭങ്ങള്‍
ജനിതകമരുളും
ജന്മമരന്ദം...
ഈ നോവിന്‍ മുന-
യാഴുകയാണീ-
യാഴം തീരാ
ആഴി കണക്കേ
ഏവം നുരയും
നരഹൃദയത്തില്‍.....!
ഈ മൗനം ചുടു-
നിണമായൂറി-
ക്കലരുകയാണീ
ധമനികളില്‍;
ഇനി രാപ്പകലുകളില്‍
നിന്‍ വ്യഥ മാത്രം...!!

അപൂര്‍ണ്ണതയുടെ ആകാശം




ആകാശത്തിന് നക്ഷത്രങ്ങളും
ഭൂമിയ്ക്ക് പുഷ്പങ്ങളും അലങ്കാരമാണ്
മനസ്സ് പോലെ ദുരൂഹമാണ്
പ്രപഞ്ചത്തിലെ നിഗൂഡതയും .
താത്വിക ചിന്ത മാറ്റി വച്ച് ഞാന്‍ നിന്നെ
വായിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നത്‌
ഞാനിതുവരെ പൂരിപ്പിച്ചു തുടങ്ങാത്ത
ഒരു സമസ്യയാണ് നീ .
നിന്നെ വായിക്കാന്‍ ശ്രമിച്ച വഴികളിലൂടെ
ഞാന്‍ വെറുതെ ഒന്ന് നടന്നു നോക്കി .
നിന്റെ മുടിയിഴകളിലൂടെ
മിഴികളിലൂടെ
നാസികതുമ്പിലൂടെ
മധുരമൂറുന്ന അധരങ്ങളിലൂടെ
വീനസിന്റെ ഗോപുരങ്ങളിലൂടെ
നാഭിത്തടത്തില്‍ എത്തുമ്പോള്‍
ഹൃദയം തകര്‍ന്നു വീഴുന്നു
യാത്ര മുഴുമിക്കാതെ
വഴി അവസാനിക്കാതെ
യാത്രികന്‍ പകച്ചു നില്‍ക്കുന്നിടത്ത്
വാക്കുകള്‍ പല്ലിളിക്കുന്നു .
ശൂന്യതയിലേക്ക്
ഒരു നദി ഒഴുകി തുടങ്ങുന്നു
ജനിമ്രിതികള്‍ തേടി .
അനാദിയിലേക്ക് .
ഈ യാത്ര നിന്റേതു കൂടി ആകുന്നു
ഇനി യാത്രികന്റെ വഴികാട്ടിയും
നീ തന്നെ .

അ...വ ...സാ ...നം




ഡോ കെ ജി ബാലകൃഷ്ണൻ 
------------------------------------------------
ഈ 
നിറങ്ങൾ 
പഴയതെന്ന 
തിരിച്ചറിവ്.

ഈ 
തുടി 
വിരിയുമ്പൊഴേയ്ക്കും
പൊഴിയുന്നത്.

പുതുത് 
ഉണരുമ്പൊഴേയ്ക്കും
പഴകുന്നത്.

ഈ 
നിലാവ് 
വിളറുന്നത്.

ഈ 
നറുമണം നേർത്ത്‌ 
ഇല്ലാതാകുന്നത്

ഇനി 
ഇനി 
വരാതാകുന്നത്.

പിന്നെയും 
പിന്നെയും 
തുളളി 
നിനക്കായ്‌ 
ഇറ്റുന്നത്.

എന്നാൽ 
എനിക്കിനി 
വീർപ്പില്ല;
ദാ-
അ...വാ...സാ...നം.

നീലയും ചുവപ്പും


ഗ്രീഷ്മാ മാത്യൂസ്

ഈ പ്രായത്തിലോ അമ്മേ......? മകന്റെ ചോദ്യം പ്രസക്തമായിരുന്നു. പ്രായം അൻപത്‌ കഴിഞ്ഞ തന്റെ അമ്മ ഡിവോഴ്സ്‌ പെറ്റീഷൻ കൊടുത്തപ്പോൾ അയാൾക്കെങ്ങനെ പ്രതികരിക്കാതിരിക്കാനാവും? അമ്മയ്ക്ക്‌ ഓർമ്മകളിൽ ജീവിക്കണമത്രേ, തന്റെ ജീവിതം കൂടി കണക്കിലെടുക്കാതെ നാലഞ്ച്‌ മാസം കഴിയുമ്പോൾ മനീഷയുമായുള്ള വിവാഹത്തിന്‌ അമ്മയില്ലെങ്കിൽ.....? അതോ അമ്മ വരുമോ?അയാൾ കിതച്ചു, അച്ഛനെ നോക്കി, ഫോണിൽ ആരൊക്കെയോ വിളിയ്ക്കുന്നു, പറയുന്നു... ഷെയറിന്റെ വിലയിടിഞ്ഞുവത്രേ.....

അവൾ മാത്രം ചിരിച്ചു.....കുറേ നാളുകൾക്ക്‌ ശേഷം അമ്മ എന്ന വാക്ക്‌ മതിവരുവോളം കേട്ടു.... അതുമതി. പുരോഗമന ചിന്താഗതിയില്ലാത്ത അമ്മയെ മകൻ തന്റെ അമ്മയെന്ന്‌ കാലങ്ങൾക്ക്‌ ശേഷം വിളിച്ചു ജോലിത്തിരക്കുകൾക്കും ദീർഘനിശ്വാസങ്ങൾക്കും നടുവിൽ ഭർത്താവ്‌ അവരെ മറന്ന്‌ തുടങ്ങിയിരുന്നു. മറവിയുടെ ഓർമ്മയുടേയും സൂക്ഷ്മരേഖകളിൽ അവർ ഒതുങ്ങിനിന്നു. അർബുദം ബാധിക്കുന്നത്‌ വരെ പുറംലോകവുമായി ബന്ധമില്ലാതെ ഭർത്താവിന്റെ മുറിയിൽ നിന്നും മകന്റെ മുറിയിലേക്ക്‌ പണവുമായി ഓടി. ഭക്ഷണം കൊണ്ട്‌ കൊടുത്തു... അസുഖം വന്നപ്പോൾ ഉറങ്ങാതെ കാവലിരുന്നു..

ജീവിതത്തിന്റെ ചുവപ്പുനിറം വീണുകിട്ടിയപ്പോൾ രണ്ട്‌ പേരും അവളെ മറന്നു. സോഫയിലോ മറ്റോ ഉറങ്ങുന്ന അവളെ പൊടിപിടിച്ച പുസ്തകത്തെ നോക്കുന്നത്‌ പോലെ നോക്കി ഭർത്താവ്‌ മുഖം തിരിച്ചു. മകൻ എംബിഎ, യുകെയിൽ പഠിക്കുന്നത്‌ സ്വപ്നം കണ്ടു....നേടി, നേടേണ്ടതൊഴിച്ച്‌ എല്ലാം.

ഏശിയുടെ തണുപ്പിലും അമ്മയുടെ നീലസാരിയിലെ മഞ്ഞൾക്കറയും മെഴുക്കും മകനെ അലോസരപ്പെടുത്തി. അവളുടെ മണം ഭർത്താവിനെ ഉണർത്തിയിട്ടില്ല. മുറിവേറ്റപ്പോൾ സ്ത്രീത്വം അവളെ ശപിച്ചു. എന്നും ശക്തമായ തലവേദന വന്നു. വേഗത കുറഞ്ഞു, വേച്ച്‌ വേച്ച്‌ നടന്നു, കാര്യങ്ങൾക്ക്‌ വേഗത കുറഞ്ഞപ്പോൾ ഭർത്താവും മകനും ഇംഗ്ലീഷിൽ പിറുപിറുത്തു. ബിച്ച്‌! പഴയ എംഎ ഇംഗ്ലീഷുകാരിയ്ക്ക്‌ അർത്ഥം മനസ്സിലായോ...!ഇല്ലെന്ന്‌ തോന്നുന്നു, കാരണം അവർ കരഞ്ഞില്ലെന്നത്‌ തന്നെ.

അന്ന്‌ പതിവില്ലാതെ അമ്മയോട്‌ സംസാരിച്ചു. പശുക്കളെപ്പറ്റി ചോദിച്ചു. ഇത്തവണ നെല്ലെത്ര കിട്ടി. ഫോൺ ചെവിയോട്‌ ചേർത്ത്‌ വെച്ചപ്പോൾ അമ്മ തന്റെ അടുത്തിരുന്നാണ്‌ പറയുന്നതെന്ന്‌ തോന്നി. കരഞ്ഞു..എത്ര നേരമങ്ങനെയെന്ന്‌ അറിഞ്ഞുകൂടാ....പക്ഷേ, ഫോൺ വയ്ക്കുമ്പോൾ അവരുടെ മുഖം തെളിഞ്ഞു.

ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക്‌ പറിച്ച്‌ നട്ടപ്പോൾ അവൾക്ക്‌ യൗവ്വനം തിരികെ കിട്ടി. അമ്മയുടെ മടിയിൽ തലചായ്ച്ചപ്പോൾ ബാല്യവും.

അവർ നടന്നു, പരസ്പരം ഒരു ചെറിയ ദൂരമിട്ട്‌.....പഴയ സുഹൃത്താണ്‌, വായനശാലയും കൃഷിയും ഒക്കെ ഇട്ടെറിഞ്ഞ്‌ അവൾക്ക്‌ വേണ്ടി ആ മണൽപ്പരപ്പിൽ നരപടർന്ന്‌ കയറിയ ഓർമ്മകളിൽ കൂടി ഒരു ചെറിയ കാറ്റ്‌ പറന്നുപോയി. ഭർത്താവിന്റെ വീട്ടിലെ ആകാശത്തിന്‌ എപ്പോഴും നീലയും ചുവപ്പും നിറമായിരുന്നു എന്നവൾ ഓർത്തു. ചേർച്ചയില്ലാത്ത രണ്ട്‌ നിറങ്ങൾ ഏകാന്ത തടവിൽ പാർപ്പിച്ചിരുന്ന ഒരുവൾ, വർഷങ്ങൾക്ക്‌ ശേഷം ഒരു മനുഷ്യജീവിയെ കണ്ടുമുട്ടുന്നത്‌ പോലെ, വാ തോരാതെ അവൾ മാത്രം സംസാരിച്ചു. ആകാശത്തെപ്പറ്റി, നിറങ്ങളെപ്പറ്റി, പിന്നീട്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു ഒരു ഉള്ളി ദോശ കഴിയ്ക്കാൻ ആഗ്രഹം തോന്നുന്നെന്ന്‌; അയാളും ചിരിച്ച്‌ കാഴ്ചയ്ക്ക്‌ മങ്ങലുണ്ടെങ്കിലും അയാൾക്ക്‌ അവളെ കാണാമായിരുന്നു. ഒരുപക്ഷേ, അവരെ മാത്രം.. ....

ഇടയ്ക്ക്‌ വേച്ചുപോയപ്പോൾ അയാൾ താങ്ങി, നാളെ എന്റെ മോന്റെ കല്യാണമാണ്‌. അയാളുടെ നെഞ്ചിൽ ചാരിയിരിക്കുമ്പോൾ അവൾ കിതപ്പോടെ പറഞ്ഞ്‌ നിർത്തി...ആകാശം നീലയായി ഒരു നിറം മാത്രം.........

അയാൾ മാത്രം, മരിച്ചിട്ടും അവളെ സ്വപ്നത്തിൽ കാണുമായിരുന്നു...

യാക്കൂബിന്റെ തിരുമുറുവുകൾ


സണ്ണി തായങ്കരി
 
     യാക്കൂബ്‌ നീതിമാനാണ്‌. സത്യസന്ധനാണ്‌. മനുഷ്യത്വവും സഹജീവി സ്നേഹവുമുള്ളവനാണ്‌. ഇന്നത്തെ ലോകക്രമത്തിൽ എന്തൊക്കെ മൂല്യങ്ങൾ മനുഷ്യന്റെ ജനിതകഘടനയിൽനിന്ന്‌ അപ്രത്യക്ഷമായിട്ടുണ്ടോ അതെല്ലാം അല്ലെങ്കിൽ അതിന്റെയെല്ലാം ഭാരം യാക്കൂബെന്ന സാധാരണക്കാരൻ പേറുന്നു. ചുരുക്കത്തിൽ, അയാൾ തന്റെ ഉള്ളിൽ നന്മകളുടെ ഒരു കാഴ്ചബംഗ്ലാവുതന്നെ ഗോചരമാക്കുന്നു. രൂപക്കൂടിനുള്ളിൽ സൂക്ഷിക്കേണ്ട ഒരു തിരുശേഷിപ്പ്‌ ഇങ്ങനെ പച്ചയോടെ തികച്ചും അപരിചിതർക്കിടയിലും അപരിചിതകാലഘട്ടത്തിലും ജീവിക്കുന്നു എന്നത്‌ ഒരു വിസ്മയംതന്നെയാണ്‌.
    എന്തുകൊണ്ട്‌ യാക്കൂബ്‌ ഇങ്ങനെയായി എന്ന്‌ ആരെങ്കിലും ചോദിച്ചാൽ ഓരോ ജന്മങ്ങൾക്കും ഓരോ ലക്ഷ്യമുണ്ട്‌ എന്നേ പറയാനാവു. കാലത്തിനും കോലത്തിനും യോജിക്കാത്തവിധം വ്യത്യസ്തമായി ചിന്തിക്കുകയും ചിന്തയ്ക്ക്‌ വിധേയമായി ജീവിക്കുകയും ചെയ്യുകയെന്നത്‌ ഒരു വെല്ലുവിളിതന്നെയാണ്‌.
     ക്രിസ്തുവായിരുന്നു യാക്കൂബിന്‌ തീരെ ചെറിയ പ്രായം മുതൽ ഇഷ്ടപ്പെട്ട ആരാധ്യപുരുഷൻ. ക്രിസ്ത്യൻ മാനേജ്‌മന്റിന്റെ കീഴിലുള്ള സ്കൂളിലും കോളേജിലും പഠിച്ചതുകൊണ്ടാവാം ഒരുപക്ഷേ അങ്ങനെയൊരു പ്രതിപത്തി ഉണ്ടായത്‌. ക്രിസ്തുവിന്റെ പരസ്നേഹവും അപരനുവേണ്ടിയുള്ള സ്വയം ശൂന്യമാക്കലും യാക്കൂബിന്‌ എന്നുമൊരു ബലഹീനതയായിരുന്നു. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ തന്റെ ജീവിതപ്രതിസന്ധികളോട്‌ തുലനം ചെയ്യുകയെന്നത്‌ അയാൾ ഒരു നിയോഗമായി കണ്ടു. പലപ്പോഴും താനും ഈ ലോകത്തിൽ നിസ്സഹായനായ മറ്റൊരു ക്രിസ്തുവായി മാറുന്നതായി അയാൾ സങ്കൽപ്പിച്ചു.
    1
   പുലർകാലത്തിലേക്ക്‌ കാതങ്ങൾ ബാക്കിയുള്ളപ്പോഴാണ്‌ ഒരലർച്ചയോടെ യാക്കൂബ്‌ ഞെട്ടിയുണർ ന്നത്‌. സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ കിടക്കയിലിരുന്ന്‌ കിതച്ച അയാൾ നേർത്തുവന്ന ഇരുട്ടിലേക്ക്‌ തുറിച്ചുനോക്കി. മുകളിൽ ഫുൾ സ്പീഡിൽ ഫാൻ കറങ്ങിയിട്ടും അയാൾ വിയർപ്പിൽ കുളിച്ചിരുന്നു. കിടക്കയിൽ ഭാര്യ അതൊന്നുമറിയാതെ ഗാഢനിദ്രയിലാണ്‌.
   ബാംഗ്ലൂരിൽനിന്നും എറണാകുളത്തേക്ക്‌ പുറപ്പെട്ട വോൾവോ ബസിൽ അയാളുടെ ഏക മകളും ഉണ്ടായിരുന്നു. ബസിൽവച്ച്‌ അവൾ ക്രൂരമായി മാനഭംഗം ചെയ്യപ്പെടുന്നു... റോഡിലേക്ക്‌ അവൾ വലിച്ചെറിയപ്പെടുന്ന നിമിഷം, എതിരെവന്ന പാചകവാതകടാങ്കറുമായി ബസ്‌ കൂട്ടിയിടിക്കുന്നു. ആകാശത്തോളമുയർന്ന അഗ്നിജ്വാലയിൽപെട്ട്‌ ബസിലെ നാൽപത്തിമൂന്ന്‌ പേരും കത്തിയമർന്ന്‌ ഹൈവേയുടെ ഇരുവശത്തുമുള്ള വീടുകൾക്കൊപ്പം ഒരുപിടി ചാരമായി മാറുന്നു.
   തലേന്ന്‌ ടി.വി.യിൽ കണ്ട ഭീകരദൃശ്യവും ചാനൽ ചർച്ചയുമാണ്‌ തന്നെ വേട്ടയാടുന്നതെന്ന്‌ വിശ്വസിക്കാൻ അയാൾക്ക്‌ ഏറെനേരം വേണ്ടിവന്നു.
    2
   ദിനകൃത്യങ്ങൾക്കുശേഷം യാക്കൂബ്‌ പത്രം കൈയിലെടുത്തു. തട്ടിപ്പിനും വെട്ടിപ്പിനും ഭരണാധികാരികൾ നേതൃത്വം നൽകുന്നുവേന്നും കോടതികൾ അവർക്ക്‌ ഒത്താശ ചെയ്യുന്നുവേന്നും നാല്‌ കോളത്തിൽ ലീഡ്‌ ന്യൂസ്‌. അതിന്‌ താഴെ യുവതിയായ അമ്മയും കാമുകനും ചേർന്ന്‌ നാലുവയസ്സുകാരിയെ കൊന്ന്‌ കുഴിച്ചുമൂടിയെന്നുമുള്ള വാർത്ത... നിഷ്കളങ്കമായി ചിരിക്കുന്ന കുരുന്നിന്റെ ചിത്രത്തിന്‌ താഴെ 'അമ്മയുടെ സമ്മതത്തോടെ കാമുകൻ നിരന്തരം ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി' യെന്ന അടിക്കുറിപ്പ്‌! തുടർന്ന്‌ അരഡസനോളം മസാല ചേർത്ത പീഡനവാർത്തകൾ... പേപ്പർ യാക്കൂബിന്റെ കൈപ്പത്തിക്കുള്ളിൽ ചുരുണ്ടൊതുങ്ങി. അയാളുടെ മസ്തിഷ്കത്തിലേക്ക്‌ മുരളലോടെ ഒരു വണ്ട്‌ പറന്നിറങ്ങി. അത്‌ സൃഷ്ടിച്ച പ്രകമ്പനത്തിൽ അയാൾ അലറി... ശബ്ദം കേട്ട്‌ ഭാര്യ ഇറങ്ങിച്ചെല്ലുമ്പോൾ യാക്കൂബ്‌ ഭിത്തിയിൽ ചാരിയിരുന്ന്‌ കിതയ്ക്കുന്നു...
     3
    പ്രഭാതഭക്ഷണം കഴിച്ച്‌ പുറത്തേക്കിറങ്ങുമ്പോൾ അയൽവീട്ടിൽനിന്ന്‌ രോദനവും അട്ടഹാസവും ഉയർന്നു. അയൽവാസികൾ ആരും ശ്രദ്ധിക്കുന്നില്ല. രോദനം യാക്കൂബിൽ അശാന്തിയുടെ തീപ്പൊരിയായി പാറിവീണു. പിന്നെ ജ്വാലയായി പൊള്ളിച്ചു. അയാൾ അവിടേയ്ക്ക്‌ കുതിച്ചു.
    അയൽവാസി ഭാര്യയുടെ മുടിക്ക്‌ കുത്തിപ്പിടിച്ച്‌ ഊക്കോടെ ഇടിക്കുകയാണ്‌. അവരുടെ മൂക്കിൽകൂടിയും വായിൽക്കൂടിയും രക്തമൊലിക്കുന്നുണ്ട്‌. മദ്യത്തിന്റെ ഗന്ധം മനംപുരട്ടലുണ്ടാക്കുന്നു. 'അച്ഛാ... അമ്മയെ കൊല്ലല്ലേ...' യെന്ന്‌ കൂട്ടനിലവിളിയുമായി മൂന്ന്‌ കുഞ്ഞുങ്ങൾ... അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ച്‌ കരഞ്ഞ എട്ടുവയസ്സുകാരനെ അയാൾ പുറംകാലിന്‌ പുറത്തേക്ക്‌ ചവിട്ടി തെറിപ്പിച്ചു. വാതിൽപ്പടിയിൽ വീണ അവനെ പൊക്കിയെടുത്ത്‌ ആശ്വസിപ്പിക്കുമ്പോഴേയ്ക്കും അവന്റെ അമ്മ ബോധരഹിതയായി വീണിരുന്നു.
    യാക്കൂബിന്റെ ഇടനെഞ്ചിലേക്ക്‌ ചാട്ടുളിപോലെ ഒരു അസ്വസ്ഥത പടർന്നു കയറി. അതയാളുടെ തലച്ചോറിൽ വിസ്ഫോടനം തീർത്തു.
     4
    സമനില വീണ്ടെടുത്ത്‌ യാക്കൂബ്‌ സ്വഭവനത്തിൽ തിരിച്ചെത്തി. ഡോർബെൽ അടിച്ചിട്ടും കതക്‌ തുറക്കാൻ കുറെനേരം കാത്ത്‌ നിൽക്കേണ്ടിവന്നു. ഭാര്യയുടെ മുഖം കടന്നൽ കുത്തിയതുപോലെ...
    തീ പാറുന്ന നോട്ടത്തിനൊടുവിൽ-
    'എന്താ ഇങ്ങുപോന്നെ... അവിടങ്ങ്‌ കൂടാമായിരുന്നില്ലേ? ആ പെണ്ണുംപിള്ളയെ ഇനിയാര്‌ ആശ്വസിപ്പിക്കും? ചവിട്ട്‌ കിട്ടിയിടമൊക്കെ ആര്‌ കുഴമ്പിട്ട്‌ തഴുകി കൊടുക്കും?'
     'മനുഷ്യത്വമില്ലായ്മ പറയരുത്‌. അയൽവാസിക്ക്‌ ഒരാപത്ത്‌ ഉണ്ടാകുമ്പോൾ ഓടിച്ചെല്ലേണ്ടത്‌ നമ്മുടെ കടമയല്ലേ?'
     'നമ്മുടെയല്ല, നിങ്ങടെ... എനിക്കച്ചിരി മനുഷത്വം കൊറവാ. സ്ത്രീകളെ ആശ്വസിപ്പിക്കലാണല്ലോ നിങ്ങടെ ബലഹീനത.'
     മൗനം പാലിക്കുന്നതാണ്‌ നല്ലതെന്ന്‌ യാക്കൂബിന്‌ തോന്നി. വീണ്ടും അവർ ശബ്ദം ഉയർത്തിയും താഴ്ത്തിയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഭർത്താവിന്റെ പരസ്ത്രീ താത്പര്യമാണ്‌ ശണ്ഠയ്ക്കുള്ള അവരുടെ തുറുപ്പുചീട്ട്‌.
     സഹനം സർവസീമകളും ലംഘിക്കുമെന്ന ഘട്ടമെത്തിയപ്പോൾ അയാൾ പുറത്തേക്ക്‌ നടന്നു.
     5
    വിലക്കയറ്റം സർവകാല റിക്കാർഡും ഭേദിച്ച്‌ കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണല്ലോ ഇക്കാലത്ത്‌ കുതിക്കുന്നത്‌. തരികിടകൾ വശമില്ലാത്ത ഒരു സാദാപൗരന്‌ കിട്ടുന്ന വരുമാനത്തിൽ ജീവിക്കാനാ വില്ലെന്ന്‌ യാക്കൂബിന്‌ അറിയാം. അമേരിക്കൻ ജീവിതനിലവാരവും ഇൻഡ്യൻ വരുമാനവുമാണ്‌ ഒരു ശരാശരിക്കാരൻ നേരിടുന്ന ജീവൽപ്രതിസന്ധി. പത്രങ്ങളിലും ചാനലുകളിലും നിത്യവും പ്രത്യക്ഷപ്പെടുന്ന ലക്ഷങ്ങൾ വിലയുള്ള പരസ്യപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള കടകളിൽനിന്ന്‌ മാർക്കറ്റ്‌ റേറ്റിനേക്കാൾ പകുതി വിലയ്ക്ക്‌ സാധനങ്ങൾ കിട്ടുമെന്ന പ്രലോഭനമാണ്‌ യാക്കൂബിനെ സപ്ലൈക്കോ ഔട്ട്ലെറ്റിലേക്ക്‌ നയിച്ചതു.
     ക്യൂ റോഡുവക്കുവരെ ഒടിഞ്ഞും നിവർന്നും കാണപ്പെട്ടു. വാർധക്യത്തിലേക്ക്‌ പ്രവേശിച്ച ഏതാനും പുരുഷന്മാരൊഴിച്ച്‌ ബഹുഭൂരിപക്ഷവും സ്ത്രീകൾതന്നെ. യാക്കൂബ്‌ വിയർത്തൊലിച്ച്‌ സഞ്ചിയും തൂക്കി ക്യൂവിൽ സ്ഥാനംപിടിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഷെൽഫുകൾക്കരുകിൽ ഒരുവിധം എത്തിപ്പെട്ടു. ലിസ്റ്റ്‌ നോക്കി സാധനം തെരയുമ്പോൾ അമ്പരന്നുപോയി. ആവശ്യമുള്ള പതിനഞ്ച്‌ നിത്യോപയോഗസാധനങ്ങളിൽ ലഭ്യമായത്‌ നാലെണ്ണം മാത്രം! അതും ഓപ്പൺ മാർക്കറ്റിൽ ലഭ്യമല്ലാത്ത, മൂന്നാംകിട കമ്പനികളുടെ സാധനങ്ങൾ! അതിന്‌ മാർക്കറ്റ്‌ വിലയുടെ ഇരട്ടിയും...!! ഉള്ളതെടുത്ത്‌ ബില്ല്‌ പേയ്ച്ചെയ്യാനുള്ള ക്യൂവിൽ ഇനി ഒരു മണിക്കൂർകൂടി നിൽക്കേണ്ടിവരുമെന്ന്‌ ഓർത്തപ്പോൾ അയാൾ കാലി സഞ്ചിയുമായി ആ ശ്വാസംമുട്ടലിൽനിന്ന്‌ അതിവേഗം പുറത്തുകടന്നു.
      6
     പതിനൊന്ന്‌ മണി ആയിട്ടേയുള്ളു. പുറത്ത്‌ വെയിൽ തിളയ്ക്കുകയാണ്‌. റോഡിൽ നിറഞ്ഞൊഴുകന്ന വാഹനങ്ങൾ. കൂടുതലും വിലയേറിയ കാറുകൾ. ചെറിയ പട്ടണങ്ങളിൽപ്പോലും ഇപ്പോൾ ട്രാഫിക്ജാമാണ്‌. ഒരു വീട്ടിൽ രണ്ടും മൂന്നും കാറുകൾ പാർക്കുചെയ്യുകയെന്നത്‌ ഇന്ന്‌ അൽപം സാമ്പത്തികമുള്ള മലയാളിയുടെ ഒരു സ്റ്റാറ്റസ്‌ സിംഫലാണ്‌. കാറിൽ ഒരാൾമാത്രം യാത്രചെയ്യുന്നതും ബൈക്കിൽ ഭാര്യയും ഭർത്താവും മക്കളുമടങ്ങുന്ന കുടുംബം യാത്രചെയ്യുന്നതും യാക്കൂബ്‌ സ്വന്തം കണ്ണുകൾകൊണ്ട്തന്നെ നിത്യവും കാണുന്നു.
     പെട്ടെന്ന്‌ ട്രാഫിക്‌ ബ്ലോക്കായി. റോഡിന്‌ കട്ടിയേറിയ കവചം തീർത്തതുപോലെ വാഹനങ്ങൾ നിശ്ചലമായി. ആ കവചത്തിന്റെ ദൈർഘ്യം പിന്നിലേക്ക്‌ വളരെ പെട്ടെന്ന്‌ നീണ്ടുപോയി. മുന്നിലെവിടെയോ ഒരാക്സിഡന്റ്‌ ഉണ്ടായിട്ടുണ്ടുപോലും! ആളുകൾ കാഴ്ച കാണാൻ അവിടേയ്ക്ക്‌ ഓടുന്നുണ്ട്‌. യാക്കൂബിനും ഓടാതിരിക്കാൻ കഴിഞ്ഞില്ല.
      ആക്സിഡന്റ്‌ സ്പോട്ടിൽ റോഡിന്റെ മധ്യത്തിൽ ഒരുഗർത്തം. അതിൽ തലകുത്തിവീണ ബൈക്ക്‌ യാത്രക്കാരൻ രക്തത്തിൽ കുളിച്ച്‌ പിടയുന്നു. പിറകിൽനിന്ന്‌ കാറ്‌ ഇടിച്ചിട്ടതാണെന്നാണ്‌ സംസാരം. ബൈക്കിന്റെ അടിയിലാണ്‌ അയാൾ. റോഡ്‌ അപകടങ്ങൾക്ക്‌ ആത്യന്തിക പരിഹാരമായ ഹെൽമറ്റ്‌ ദൂരെ തെറിച്ചുവീണിട്ടുണ്ട്‌. ഓടിക്കൂടിയവരൊക്കെ കാഴ്ച ആസ്വദിക്കുകയാണ്‌. ചിലർ മൊബെയിലിൽ രംഗം ചിത്രീകരിക്കുന്നു. ഒരുപക്ഷേ, അടുത്തദിവസത്തെ പത്രത്തിൽ ഫോട്ടോഗ്രാഫറുടെ പേരു സഹിതം ഫോട്ടോ വരാം. അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ നെറ്റ്‌വർക്ക്‌ സൈറ്റിലിട്ട്‌ കുറെ ലൈക്ക്‌ നേടാം.
     യാക്കൂബ്‌ ബൈക്ക്‌ ഉയർത്തി സ്റ്റാന്റിൽവച്ചു. നല്ല ആരോഗ്യമുള്ള യുവാവിനെ പിടിച്ചുയർത്താൻ അയാൾക്ക്‌ ക്ലേശിക്കേണ്ടിവന്നു. അപ്പോഴേയ്ക്കും ട്രാഫിക്‌ പോലീസുകാരൻ ഓടിയെത്തി. അയാളുടെ അശ്ലീലപദപ്രയോഗം മൂലമാകാം ഏതാനും പേർ യാക്കൂബിനെ സഹായിച്ചു. കാറിൽ രക്തം പുരളുമെന്ന ഭയമുള്ളതിനാലും സമയക്കുറവുള്ളതിനാലും ആരും അയാളെ കാറിൽ കയറ്റാൻ തയ്യാറായില്ല. സമീപമുണ്ടായിരുന്ന ഓട്ടോയിൽ യുവാവിനെ കയറ്റി. അപ്പോഴും ഒരു പ്രശ്നം... പരുക്കേറ്റ യുവാവിന്റെ കൂടെപ്പോകാൻ ആർക്കും സമയമില്ല. യാക്കൂബിന്‌ സമയമുണ്ടല്ലോ. ഓട്ടോ ആശുപത്രിയിലേക്ക്‌...
    ഓട്ടോക്കൂലി കൊടുത്ത്‌ അത്യാഹിത വിഭാഗത്തിൽ പരുക്കേറ്റ യുവാവിനെ എത്തിച്ച്‌, ആവശ്യപ്പെട്ട പരിശോധനകൾ നടത്തി, ബന്ധുക്കളെ വിളിച്ചുവരുത്തി, പുറത്തിറങ്ങുമ്പോൾ സൂര്യൻ തലയ്ക്ക്‌ മുകളിൽ എത്തിയിരുന്നു.
    ആശുപത്രി ഗേറ്റിൽനിന്ന്‌ ഉപ്പിട്ട ഒരു നാരങ്ങാവെള്ളം വാങ്ങിക്കുടിച്ച്‌ വീണ്ടും യാക്കൂബ്‌ തിളയ്ക്കുന്ന റോഡിലേക്ക്‌...
     7
    പാചകഗ്യാസ്‌ ബുക്ക്‌ ചെയ്തിട്ട്‌ രണ്ടുമാസം കഴിഞ്ഞു. വിളിക്കുമ്പോൾ ഒന്നുകിൽ ഫോണെടുക്കില്ല. അല്ലെങ്കിൽ ഇന്നോ നാളെയോ എന്ന സ്ഥിരം പല്ലവി. ഇന്ന്‌ ഗ്യാസ്‌ എത്തിയില്ലെങ്കിൽ നാളെ മുതൽ ഹോട്ടലിൽനിന്ന്‌ ഭക്ഷണം എത്തിച്ചോണം എന്ന ഭീഷണിയിൽ കഴിഞ്ഞ ദിവസം ഭാര്യ കയ്യൊപ്പ്‌ ചാർ ത്തിയിരുന്നു.
    ആശുപത്രി ജംക്ഷനിൽനിന്ന്‌ മൂന്ന്‌ കിലോമീറ്ററെങ്കിലും നടക്കണം ഗ്യാസ്‌ ഏജൻസിയിലേക്ക്‌. ഈ പൊരിവെയിലത്ത്‌ ഇത്രയും ദൂരം... ഓട്ടോയ്ക്ക്‌ പോകാമെന്ന്‌വച്ചാൽ അമ്പതുരൂപയെങ്കിലും വേണം. ഉണ്ടായിരുന്ന പണം ആശുപത്രിയിൽ ചിലവായി. ഇനി നടക്കുകതന്നെ...
    ഗ്യാസ്‌ ഏജൻസിയിൽ തൃശൂർ പൂരത്തിന്റെ തിരക്ക്‌. അവിടെയും റോഡിൽ നീണ്ട ക്യൂ. എല്ലാവർക്കും പറയാനുള്ളത്‌ ഒരേ കഥതന്നെ.ബുക്കുചെയ്ത്‌ രണ്ടുമാസം കഴിഞ്ഞിട്ടും ഗ്യാസ്‌ കിട്ടാത്തവരാൺഏറെയും. എല്ലാവരും ഗ്യാസ്‌ കുറ്റിയുമായി വന്നിരിക്കുകയാണ്‌. ലോഡ്‌ വന്നിട്ടില്ല. ഏതാനും ഗ്യാസ്‌ കുറ്റികൾ മാത്രമേ സ്റ്റോക്കുള്ളു. എങ്ങനെയും മുന്നിലെത്താനുള്ള വെപ്രാളത്തിലാണ്‌ എല്ലാവരും. ക്യൂവിന്റെ മുന്നിലെത്തിയപ്പോൾ വില്ലൻ ആധാർ കാർഡ്‌. ആധാർ കാർഡ്‌ ബാങ്ക്‌ അക്കൗണ്ടുമായി ലിങ്ക്‌ ചെയ്യാത്തവർക്ക്‌ ഗ്യാസില്ലത്രേ! സർക്കാരിന്റെ പുതിയ ഓർഡറാണ്‌.
     അല്ലെങ്കിലും കുറേ നാളായി നമ്മുടെ രാജ്യത്ത്‌ കാർഡുകൾക്ക്‌ മാത്രമാണല്ലോ അസ്തിത്വം. മനുഷ്യൻ പലവിധം കാർഡുകളുടെ ഉടമമാത്രം! ആധാർ കാർഡില്ലാത്തവർക്ക്‌ പൗരത്വം നിഷേധിക്കപ്പെടുമോയെന്ന ആശങ്കയിലായി യാക്കൂബ്‌.
      8
     ഇനിയെന്ത്‌ എന്ന ചോദ്യവുമായി നിരത്തിലേക്ക്‌ ഇറങ്ങി. ഉച്ചഭക്ഷണം കഴിക്കാത്തതിനാൽ നല്ല ക്ഷീണം അനുഭവപ്പെട്ടു. എന്തെങ്കിലും കഴിക്കണം. അടുത്തുകണ്ട എ.ടി.എമ്മിൽ കയറി അത്യാവശ്യം പണമെടുത്തു. പുറത്തിറങ്ങുമ്പോൾ ഒരാൾ കൈകൂപ്പി നിൽക്കുന്നു.
     "ചേട്ടാ, കുടുംബം പട്ടിണിയിലാ. ഒരു ഗാന്ധിത്തല തരുമോ?"
     അയാൾ മദ്യപിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നു. സംസാരരീതിയും അത്ര പന്തിയല്ല. എന്നാലും കുടുംബം പട്ടിണിയിലാണെന്നല്ലേ പറഞ്ഞത്‌?അയാളുടെ മക്കളും ഭാര്യയും അയാളെ പ്രതീക്ഷിച്ച്‌ ഇരിക്കുകയാവും. നൂറുരൂപാ കൊടുക്കുമ്പോൾ അയാളത്‌ ഭവ്യതയോടെ വാങ്ങി.
      "ചേട്ടാ... ചേട്ടൻ വാട്ടീസടിച്ചിട്ടുണ്ടോ?..." മദ്യപന്റെ ചോദ്യം.
      "തന്റെ കുടുംബം പട്ടിണിയാണെന്നല്ലേ പറഞ്ഞത്‌?"
      "തന്നെ. കുടുംബം പട്ടിണിതന്നെ... പക്ഷേല്‌ എന്റെ പട്ടിണി മാറാതെ അവരുടെ പട്ടിണി മാറിയോ? അവരടെ പട്ടിണി മാറാതെ എന്റെ പട്ടിണി മാറിയോ... യേത്‌? കുടിയന്റെ പട്ടിണി മാറാതെ ഈ രാജ്യം രക്ഷപ്പെടുകേല ചേട്ടാ..." യൂറിഞ്ഞുപോയ മുണ്ട്‌ വാരിച്ചുറ്റാനുള്ള ശ്രമത്തിലായി അയാൾ. യാക്കൂബ്‌ മുന്നോട്ട്‌ നടക്കുമ്പോൾ അയാൾ വഴി തടഞ്ഞുനിന്നു.
      "എന്റെ കാണപ്പെട്ട മദ്യദേവാ... പെണങ്ങിപ്പോകുവാണോ. എനിക്കൊരു സംശയം... അത്‌ തീർത്തിട്ടേ ഞാംവിടൂ..." അയാളൊന്ന്‌ കാറിത്തുപ്പി.
       "ഈ കായംകുളോം കായംകുളോംന്നു പറയുന്ന സ്ഥലം എവിടാ...?"
       "കുറച്ച്‌ തെക്കോട്ട്‌ പോകണം."
       "തെക്കെന്നുപറഞ്ഞാ പടിഞ്ഞാറൂന്ന്‌ ഏതുവശം വരും?"
       രക്ഷപ്പെടാനായി തിരഞ്ഞപ്പോൾ അയാൾ വേച്ച്‌ വേച്ച്‌ വീണ്ടും മുന്നിൽ കയറി.
       "അങ്ങനങ്ങ്‌ പോയാലോ എന്റെ മദ്യദേവൻ ചേട്ടാ... കുടിയന്റെ സംശയം തീർക്കാൻ ഇവിടെ പോലീസുണ്ടോ പട്ടാളമുണ്ടോ... കുറഞ്ഞത്‌ ഒരു മന്ത്രിയെങ്കിലുമുണ്ടോ?"
       "നിങ്ങൾക്കെന്താ വേണ്ടത്‌?" വിയർപ്പിൽ മുങ്ങിയ അസ്വസ്ഥതയോടെ യാക്കൂബ്‌ ചോദിച്ചു.
       "ദേ... അത്‌ ഞായം. എന്റെ ഭാര്യേടെവീട്‌ കായംകുളോത്താ. ഞാങ്കള്ളുകുടിക്കുന്നെന്ന്‌ പറഞ്ഞ്‌ ആ കൂത്തിച്ചി പെണങ്ങിപ്പോയെന്നേ... ചേട്ടാ... ആ ചെവിയിങ്ങ്‌ തന്നേ.... ഒരു രഹസ്യം പറേയാം. അവടെ പഴേ എടപാടുകാരനില്ലേ ആ മരമാക്രി രമേശനേ... ആ എമ്പോക്കിയെ കാണമ്പോയതാ അവള്‌. അവളും മരമാക്രീം കൂടിയിപ്പോ... ശോ... കണ്ടോ രോമം എഴുന്നതു കണ്ടോ... എനിക്ക്‌ അതോർത്തപ്പം കുളിരുകോരുന്നു... ഇതെന്ത്‌... ഭാര്യ പെണങ്ങിപ്പോയെന്ന്‌ കേട്ടിട്ട്‌ ചേട്ടൻ ഞെട്ടിയില്ലേ?"
        "തന്റെ ഭാര്യ പിണങ്ങിപ്പോയതിന്‌ ഞാനെന്തിന്‌ ഞെട്ടണം?"
         "എന്റെ പൊന്നപ്പൻ ചേട്ടാ... ശോ... അതുപോരാ, തങ്കപ്പൻ ചേട്ടാ... അതും ശരിയല്ല, സ്വർണ്ണപ്പൻ ചേട്ടാ... അങ്ങനെ പറേല്ലേ... വേറുകൃത്യം ഒരു കുടിയന്‌ പറ്റീതല്ല. എന്റെ ഭാര്യേന്നുവച്ചാ ചേട്ടന്റെ ഭാര്യ... ചേട്ടന്റെ ഭാര്യേന്നുവച്ചാ എന്റെ..."
         "ഛീ... നിർത്തെടോ..." യാക്കൂബിന്‌ പരിസരബോധം നഷ്ടപ്പെട്ടു.
         "ചേട്ടൻ ക്ഷമീ... ക്ഷമി... ഇനി ഞാനൊന്നും പറകേലാ... എന്നെത്തേടി വന്ന ഈ വിശുദ്ധകാല്‌ ഞാനൊന്ന്‌ ഉമ്മവച്ചോട്ടെ..."
         പെട്ടെന്ന്‌ അയാൾ മുട്ടുകുത്തി. പിന്നെ കമഴ്‌ന്ന്‌ വീണു. യാക്കൂബിന്റെ രണ്ട്‌ കാലുകളിലും പിടിച്ച്‌ തുരുതുറെ ഉമ്മവയ്ക്കാൻ തുടങ്ങി.
        എങ്ങനെ ഈ വൈതരിണിയിൽനിന്ന്‌ രക്ഷപ്പെടുമെന്നറിയാതെ പകച്ച്‌ നിൽക്കുമ്പോൾ തന്റെ കാൽപാദങ്ങളെ ചൂടുള്ള ഛർദിൽ മൂടുന്നത്‌ യാക്കൂബ്‌ അറിഞ്ഞു.
       9
      ചെറിയൊരു നെഞ്ചുവേദന അനുഭവപ്പെട്ടു യാക്കൂബിന്‌. ക്യൂവിൻ നിന്നപ്പോൾ തുടങ്ങിയതാണ്‌. ഡോക്ടറെ ഒന്നു കണ്ടുകളയാമെന്ന്‌ തോന്നി. ഹൃദ്രോഗവിദഗ്ധയായ ഡോക്ടർ വിമലാ രാമചന്ദ്രന്റെ വീട്‌ അടുത്താണല്ലോ. അവിടേയ്ക്ക്‌ നടന്നു. നല്ല തിരക്കുണ്ടായിരുന്നു അവിടെ. എൺപത്തിയെട്ടാമതായി ലിസ്റ്റിൽ ഇടം പിടിച്ചു. യാക്കൂബിന്റെ ഉഴമെത്തിയപ്പോൾ മണി ആർ​‍്‌. നെഞ്ചിൽ സ്റ്റെതസ്കോപ്പ്‌ വച്ചപ്പോഴേ ഡോക്ടർക്ക്‌ രോഗം മനസ്സിലായി. ഒരു സഞ്ചി നിറയെ ഗുളികളും ഡോക്ടറുടെ സ്വന്തം ലാബിൽനിന്നുള്ള റിപ്പോർട്ടുകളും കൈയിൽ കിട്ടിയപ്പോൾ ചിലവായത്‌ മൂവായിരം. റിപ്പോർട്ടുകളെല്ലാം നേഗറ്റീവാണെന്ന്‌ അറിഞ്ഞ യാക്കൂബ്‌ മരുന്നുകൾ അടുത്തുകണ്ട ചവർ ബീപ്പയിലേക്ക്‌ വലിച്ചെറിഞ്ഞു.
      അടുത്ത മാടക്കടയിൽനിന്ന്‌ അഞ്ച്‌ രൂപാ കൊടുത്ത്‌ കസ്തൂരാദിഗുളിക വാങ്ങി നാലഞ്ചണ്ണം വായിലിട്ട്‌ ചവച്ച്‌ ഗ്യാസിന്‌ ശമനം വരുത്തി.
      10
     എത്രയും പെട്ടെന്ന്‌ വീട്ടിലെത്തണം. ഒന്നു വിശ്രമിക്കണം. വല്ലാത്ത ക്ഷീണം. യാക്കൂബ്‌ ബസ്‌ സ്റ്റോപ്പിലേക്ക്‌ നടന്നു. അപ്പോൾ മൊബെയിൽ ശബ്ദിച്ചു.
      പോലീസ്‌ സ്റ്റേഷനിൽനിന്നാണ്‌. ഉടനെ അവിടെയെത്തണമെന്ന്‌!
      എന്താണ്‌ കാര്യമെന്നറിയാതെ യാക്കൂബ്‌ ഒരു നിമിഷംനിന്നു. വിറയൽ പെരുവിരൽ മുതൽ മുകളിലേക്ക്‌ അരിച്ചുകയറി. പോലീസ്‌ സ്റ്റേഷന്റെപടി ചവിട്ടിയിട്ടില്ലാത്ത തനിക്ക്‌... വാദിയെ പ്രതിയാക്കുന്ന കാലമാണ്‌... ആരെങ്കിലും തനിക്കെതിരെ വല്ല കള്ളക്കേസും...
      ആശങ്കയോടെയാണ്‌ സ്റ്റേഷനിലേക്ക്‌ കയറിച്ചെന്നത്‌. പാറാവുകാരനെ നോക്കി പുഞ്ചിരിച്ചു. ആ മുഖത്തെ ഗൗരവം മാഞ്ഞില്ല. കോൺസ്റ്റബിൾ എസ്‌.ഐ.യുടെ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.
       "യാക്കൂബ്‌ അല്ലേ?"
       എസ്‌.ഐ.യുടെ മുഖത്ത്‌ വലിയ ഗൗരവമൊന്നും കണ്ടില്ല. ആശ്വാസം.
       "അതേ സാർ..."
       എസ്‌.ഐ. എന്തോ ആലോചിക്കുന്നതുപോലെ ഇരുന്നു. ആ മൗനം യാക്കൂബിന്റെ ഹൃദയമിടിപ്പ്‌ വർധിപ്പിച്ചു. പിന്നെയത്‌ ബഹിർഗമിച്ചു.
        "യാക്കൂബിന്‌ എത്ര മക്കളാണ്‌...?"
        "ഒരു മകളേയുള്ളു സാർ..."
        "മകൾ എന്തു ചെയ്യുന്നു?"
        "ബാംഗ്ലൂരിൽ എൻജിനീയറിംഗിന്‌ പഠിക്കുകയാണ്‌..."
        "വീട്ടിൽ വരാറുണ്ടോ?"
        "ഉണ്ട്‌. മാസത്തിലൊരിക്കൽ. ഇന്ന്‌ രാവിലത്തെ ബസ്സിൽ എത്തിയിട്ടുണ്ടാവും."
        "അന്വേഷിച്ചില്ലേ?"
        "ഞാൻ രാവിലെ വീട്ടിൽനിന്ന്‌ ഇറങ്ങിയതാണ്‌ സാർ..."
         അപ്പോഴേയ്ക്കും യാക്കൂബിന്റെ ചങ്ക്‌ പൊട്ടിത്തുടങ്ങി. തന്റെ മകൾക്ക്‌...
        "എന്തുപറ്റി സാർ.... എന്റെ മകൾക്ക്‌...?"
        "ഏയ്‌... ഒന്നുമില്ല... ഒരു സംശയം..." 
        "എന്താണ്‌ ഉണ്ടായത്‌ സാർ... ഒന്നുതെളിച്ചു പറയൂ..."
         "വരു... നമുക്ക്‌ ഒരിടംവരെ പോകാം..."
        മേശയിലിരുന്ന ക്യാപ്പെടുത്ത്‌ തലയിൽ ഉറപ്പിച്ച്‌, സ്റ്റേഷന്റെ മുമ്പിൽ തയ്യാറായി കിടന്ന പോലീസ്‌ ജീപ്പ്പിലേക്ക്‌ ധൃതിയിൽ നടന്ന എസ്‌.ഐ.യെ പിൻതുടരുമ്പോൾ യാക്കൂബിന്റെ ജീവൻ പാതി നഷ്ടമായിരുന്നു.
        റയിൽവേ ക്രോസിനപ്പുറം ജീപ്പ്പ്‌ നിർത്തി, റയിൽപ്പാളത്തിലേക്ക്‌ പോലീസുകാർക്കൊപ്പം നടക്കുമ്പോൾ യാക്കൂബിന്റെ സപ്തനാഡികളും തളർന്നിരുന്നു. അകലെയായി റയിൽപ്പാളത്തിൽ ഒരു ചെറിയ ആൾക്കൂട്ടം... ചീറിവന്ന ഉഷ്ണക്കാറ്റിൽ വാടിത്തളർന്ന യാക്കൂബിനെ ഇരുതോളിലുമായി കോൺസ്റ്റബിൾ മാർ താങ്ങി...
        പെൺശരീരം കീറി മുറിച്ച്‌ ഭക്ഷിച്ചതിന്റെ ഉച്ഛിഷ്ടം വെള്ളത്തുണിയാൽ മൂടപ്പെട്ട്‌ കിടന്നു... എല്ലാ ധൈര്യവും സംഭരിച്ച്‌, ദുപ്പട്ട മാറ്റിയ, രക്തം കട്ടിപിടിച്ച,കരുവാളിച്ച മുഖത്തേക്ക്‌ യാക്കൂബ്‌ ഒന്നേ നോക്കി യുള്ളു. ഒരു നേരിയ തേങ്ങൽ അയാളിൽനിന്ന്‌ ഉയർന്നു.
         ആർത്തലച്ചുവന്ന ഒരു ട്രെയിൻ അപ്പോൾ ഭൂമികുലുക്കി അവരെ കടന്നുപോയി. 
         11
        യാക്കൂബ്‌ അപ്പോൾ കിടക്കയിലായിരുന്നു. വിലാപങ്ങൾക്ക്‌ നടുവിൽ വിലപിക്കുന്നവർക്ക്‌ ഉത്തേജകമാകാതെ സ്വയം ഉരുകി അയാൾ അന്ധകാരത്തിന്റെ ആലിംഗനത്തിലമർന്ന്‌ കിടന്നു. കദനം ഉറവവറ്റാത്ത കയ്പുനീരായി അയാളെ ക്ഷാളനം ചെയ്തുകൊണ്ടിരുന്നു.
       ഉണർവിന്റെ നൂലിഴപൊട്ടിയ നിമിഷങ്ങളിലൊന്നിൽ ഭാരമേറിയ മരക്കുരിശുമായി ആരൊക്കെയോ അവിടേയ്ക്ക്‌ കടന്നുവന്നു. അവർ ആക്രോശത്തോടെ അയാളെ ചാട്ടവാറുകൊണ്ട്‌ പ്രഹരിച്ചു. വേദനയിൽ പുളഞ്ഞ്‌ 'അരുതേ'യെന്ന്‌ വിലപിക്കുമ്പോഴും പകലന്തിയോളം അയാൾക്കായി പീഡനപർവം തീർത്ത മർദകരുടെ മുഖങ്ങൾ ഒന്നൊന്നായി അയാൾ തിരിച്ചറിഞ്ഞു.
       പിന്നീടവർ യാക്കൂബിന്റെ ശിരസിൽ മുൾമുടി ചാർത്തി. അയാളുടെ വസ്ത്രങ്ങൾ യൂറിഞ്ഞെടുത്തു. അവിടെനിന്ന്‌ പ്രത്തോറിയത്തിലേക്ക്‌. ചാട്ടവാറുകൊണ്ട്‌ അയാളുടെ ശുഷ്കിച്ച നഗ്നമേനിയിൽ അവർ രക്തചിത്രങ്ങൾ കോറിയിട്ടു.
       പിന്നെ ആ ദുർബലമായ ചുമലിൽ മരക്കുരിശ്‌വച്ചുകൊടുത്തു. യാക്കൂബ്‌ ഭാരമേറിയ മരക്കുരിശുമായി വേച്ചുവേച്ച്‌ ഗാഗുൽത്താമല ചവിട്ടിതുടങ്ങി.

ആത്മഹത്യ




സുനിൽ എം എസ്


ഒരു കല്ലിൽത്തട്ടി കാൽ‌വിരലൊന്നു പൊട്ടിയെന്നു കരുതുക. “അയ്യോ എന്റെ കാലു പോയേ” എന്നു നിലവിളിയ്ക്കുന്നവരാണു ഞാനുൾപ്പെടെയുള്ള പലരും. ഇത്തരം ചെറു വേദന പോലും സഹിയ്ക്കാൻ പറ്റാത്ത ഞാൻ ആത്മഹത്യ ചെയ്തവരെ അത്ഭുതാദരങ്ങളോടെയാണ് സ്മരിയ്ക്കാറ്. തീ ശരീരത്തിൽ കത്തിപ്പടരുമ്പോഴും കഴുത്തിൽ കയറു മുറുകുമ്പോഴും വെള്ളം ശ്വാസകോശങ്ങളിലേയ്ക്കു ഇരച്ചു കയറുമ്പോഴും കത്തി ചങ്കു തുളയ്ക്കുമ്പോഴും വിഷം ഉള്ളിൽച്ചെല്ലുമ്പോഴുമെല്ലാമുണ്ടാകുന്ന മരണവേദന അവരെങ്ങനെ സഹിയ്ക്കുന്നു! 
അതെല്ലാമോർക്കുമ്പോൾ ഈശ്വരവിശ്വാസിയല്ലാത്ത ഈ ഞാൻ പോലും ഈശ്വരാ എന്നു വിളിച്ചു പോകുന്നു.
അന്യരെ ചവിട്ടിത്താഴ്ത്തിയും ജീവിച്ചുപോകണമെന്നാണു ഒട്ടേറെപ്പേരുടെ സ്വാഭാവികമായ ആശ. പക്ഷേ, ‘ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലും’ എന്ന രീതിയിലുള്ള ജീവിതമാണെങ്കിൽ‌പ്പോലും അതിനു പൂർണവിരാമമിടാൻ തുനിഞ്ഞിറങ്ങുന്നവർ വിരളമാണ്. ഭാരതത്തിലെ ജനസംഖ്യയുടെ 29.8% പേർ ദാരിദ്ര്യത്തിൽ ജീ‍വിയ്ക്കുന്നെന്നാണ് ഐക്യരാഷ്ട്രസഭയുടെ 2010ലെ കണക്ക്. ഏകദേശം 35 കോടി ജനങ്ങൾ. ദാരിദ്ര്യത്തിലാണെങ്കിലും ഏതുവിധേനയും ജീവിയ്ക്കണം എന്ന ആഗ്രഹം അവരിലുമുണ്ട് എന്നാണെന്റെ അനുമാനം.
ആത്മഹത്യയ്ക്കു പ്രേരിപ്പിയ്ക്കുന്ന മുഖ്യകാരണം ദാരിദ്ര്യമല്ല സമ്പത്താണെന്ന് എനിയ്ക്കു തോന്നാനിടയാക്കിയത് ചില സ്ഥിതിവിവരക്കണക്കുകളാണ്. കേരളം തന്നെ ഒരുദാഹരണം. ഉത്തരേന്ത്യയിലെ മിയ്ക്ക സംസ്ഥാനങ്ങളിലും ആത്മഹത്യാനിരക്ക് 2010ലെ കണക്കനുസരിച്ച് ഒരു ലക്ഷം പേരിൽ 3ൽ താഴെ മാത്രമായിരിയ്ക്കെ, കേരളത്തിലത് വളരെക്കൂടുതൽ, അതായതു 15 ആണ്. സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിശീർഷവരുമാനം (2010-11ൽ 83725 രൂപ) കേരളത്തിന്റേതാണെന്നുമോർക്കണം. കേരളത്തിലെ പ്രതിശീർഷ വരുമാനം ചില യൂറോപ്യൻ രാഷ്ട്രങ്ങളുടേതിനുപോലും തുല്യമാണെന്നു ഞാനെവിടെയോ വായിച്ചിട്ടുമുണ്ട്. പണം ജീവിതപ്രശ്നങ്ങൾക്കുള്ള പരിഹാരമാകുന്നില്ല, നേരേ മറിച്ച്, പണം ജീവിതത്തോടു വിരക്തി തോന്നിപ്പിയ്ക്കുന്ന പല പ്രശ്നങ്ങൾക്കും കാരണമാക്കുന്നെന്നു തീർച്ച. ഇത്രത്തോളം ഉയർന്ന വരുമാനമുണ്ടായിരുന്നിട്ടും കേരളത്തിലെ ആത്മഹത്യാനിരക്ക് കൂടുതലായതിന്റെ കാരണവും മറ്റൊന്നല്ല തന്നെ.
തെളിവുകൾ ഇനിയുമുണ്ട്. ആഫ്രിക്കയിലെ എല്ലാ രാഷ്ട്രങ്ങളിലേയും മൊത്തം ദരിദ്രരേക്കാൾ കൂടുതൽ ദരിദ്രർ ഇന്ത്യയിൽ മാത്രമുണ്ട്. എന്നിട്ടും ഇന്ത്യയിലെ ആത്മഹത്യാനിരക്ക് (10.5) അമേരിക്ക (12), ബ്രിട്ടൻ (11.8), ഫ്രാൻസ് (14.7), റഷ്യ (20.2), ജപ്പാൻ (21.7), ദക്ഷിണ കൊറിയ (31.7) എന്നീ രാഷ്ട്രങ്ങളുടേതിനേക്കാൾ കുറവാണ്. ആത്മഹത്യാനിരക്ക് ഉയരാതിരിയ്ക്കാൻ വേണ്ടി ദാരിദ്ര്യം ഇന്ത്യയിൽ നിലനിർത്തണം എന്നു ഞാൻ പറയില്ലെങ്കിലും, സമ്പത്ത് ആത്മഹത്യയ്ക്കൊരു പ്രേരകം ആകരുത് എന്നു തന്നെ ഞാൻ പറയും. സമ്പന്നരാകുമ്പോൾ മനുഷ്യർ സമ്പന്നരല്ലാതിരുന്നപ്പോഴത്തേക്കാൾ കൂടുതൽ സന്തുഷ്ടരാകേണ്ടതാണ്. സന്തുഷ്ടരാകാൻ വേണ്ടിയാണ് സമ്പത്തു നേടുന്നത്. യഥാർത്ഥത്തിൽ അതല്ല സംഭവിയ്ക്കുന്നതെന്ന് മേൽ‌പ്പറഞ്ഞ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
റൊമാന്റിക് നഗരമായ പാരീസ് ഫ്രാൻസിലാണ്. പ്രണയജോടികളും യുവമിഥുനങ്ങളുമെല്ലാം പാരീസിലെത്താൻ കൊതിയ്ക്കുന്നു. എന്നിട്ടും ഫ്രാൻസിലെ ജനതയ്ക്ക് ജീവിതം മടുത്തിരിയ്ക്കുന്നു (14.7)! ജപ്പാന്റെ കാര്യം എനിയ്ക്കൊരു കടംകഥയായി അവശേഷിയ്ക്കുന്നു. ഈയടുത്ത കാലത്ത് ചൈന മുന്നിൽ കയറും‌വരെ ജപ്പാനായിരുന്നു, അമേരിക്ക കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവുമധികം സമ്പന്നമായ രാജ്യം. ഇന്നും മൂന്നാമത്തെ ഏറ്റവുമധികം സമ്പന്നമായ രാജ്യവും ജപ്പാൻ തന്നെ. പക്ഷേ നമ്മുടെ രാജ്യത്തു ആത്മഹത്യ ചെയ്യുന്നവരുടെ ഇരട്ടി പേർ (21.7) ജപ്പാനിൽ ആത്മഹത്യ ചെയ്യുന്നുണ്ട്.
എന്നാൽ അതിശയിപ്പിയ്ക്കുകയും ആഹ്ലാദിപ്പിയ്ക്കുകയും ചെയ്യുന്നൊരു കാര്യമാണ് പാക്കിസ്ഥാനിലെ ആത്മഹത്യാനിരക്ക്; അതു 1.1 മാത്രമാണ്. പാക്കിസ്ഥാനെപ്പറ്റി എനിയ്ക്കു വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഈ കണക്കു കണ്ടതോടെ പാക്കിസ്ഥാനെ ഒരു പുതിയ വെളിച്ചത്തിൽ കാണാൻ കഴിയുന്നു. തണുത്തുറഞ്ഞ ഹിമാലയസാനുക്കളിൽ സ്ഥിതി ചെയ്യുന്ന നേപ്പാളിൽ ആത്മഹത്യകൾ ഉണ്ടാവാറില്ലത്രേ. എന്നാൽ, തൊട്ടടുത്തുള്ള ഭൂട്ടാനിലാകട്ടെ, ആത്മഹത്യാനിരക്ക് വളരെക്കൂടുതലാണ്: 16.2. വൈരുദ്ധ്യം തന്നെ. ഏറ്റവുമുയർന്ന ആഭ്യന്തര ഉത്പാദനമുള്ള രണ്ടാമത്തെ രാഷ്ട്രമായിട്ടു പോലും, ചൈനയിലെ ആത്മഹത്യാനിരക്ക് വളരെക്കൂടുതലാണ്: 22.2. വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ അവിടെയുള്ള കടിഞ്ഞാണുകളായിരിയ്ക്കുമോ ഹേതു? വ്യക്തിസ്വാതന്ത്ര്യം വളരെക്കുറവുള്ള സൌദി അറേബ്യയിലെ കണക്കുകൾ ലഭ്യമല്ല.
മേൽ‌പ്പറഞ്ഞ കണക്കുകൾ 2011ലേതാണ്. 2012ൽ നമ്മുടെ നില കൂടുതൽ വഷളായിട്ടുണ്ട്. ഇന്ത്യയിൽ 135445 പേർ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തുവെന്നാണു നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ കാണുന്നത്. ഇതനുസരിച്ച് ആത്മഹത്യാനിരക്ക് ഒരു ലക്ഷം പേരിൽ 11.2 ആണ്. അതിനു മുൻപുള്ള വർഷത്തെ 10.5 എന്ന നിരക്കിനേക്കാൾ നേരിയ തോതിൽ കൂടുതലാണിത്. അതേസമയം 2012ൽ കേരളത്തിലെ നില ഗുരുതരമായിട്ടുണ്ടെന്നു തന്നെ വേണം പറയാൻ: 2011ലെ നിരക്കായിരുന്ന 15ൽ നിന്ന് 24.3ലേയ്ക്കു കൂപ്പു കുത്തി. അസ്വാസ്ഥ്യജനകമായൊരു കാര്യമാണിത്. 2011ൽ 135585 പേർ ആത്മാഹുതി ചെയ്തുവെന്നും കണക്കുകളിൽ കാണുന്നു. രണ്ടു വർഷമായി ഒരു ലക്ഷത്തിമുപ്പത്തയ്യായിരം എന്ന ലെവലിനു മുകളിൽത്തന്നെ ആത്മഹത്യക്കണക്കു തുടരുന്നു.
മറ്റൊന്നു കൂടിയുണ്ട്. രാജ്യത്തെ ആകെ ആത്മഹത്യകളുടെ നേർപകുതിയോളം ദക്ഷിണേന്ത്യയിലെ കേരളമുൾപ്പെടെയുള്ള നാലു സംസ്ഥാ‍നങ്ങളിലും മഹാരാഷ്ട്രയിലും കൂടി നടന്നിരിയ്ക്കുന്നു! മറ്റു സംസ്ഥാനങ്ങളിലെ കാര്യമോർത്ത് അനുശോചിയ്ക്കാൻ സമയമായില്ല, കാരണം കേരളത്തിലെ സ്ഥിതി തന്നെ അത്രത്തോളം പരിതാപകരമാണ്. സമൂഹമദ്ധ്യത്തിലെ സ്നേഹം വറ്റിവരണ്ട മട്ടാണ്. സമൂഹത്തിനുകൂടി വേണ്ടെന്നു തോന്നിക്കഴിയുമ്പോഴാണ് മനുഷ്യൻ ജീവിച്ചതു മതിയെന്നു തീരുമാനിയ്ക്കുന്നത്. ആത്മഹത്യകൾക്ക് സമൂഹവും കൂട്ടുത്തരവാദിയാണ്. ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിയ്ക്കുക’ – ഈയൊരൊറ്റയുപദേശം കേരളസമൂഹം ശിരസ്സിലേറ്റിയിരുന്നെങ്കിൽ ഒരാൾ പോലും ആത്മഹത്യയെപ്പറ്റി ഓർക്കുകയേ ഇല്ലായിരുന്നു. വാസ്തവത്തിൽ അന്യരെ സ്നേഹിയ്ക്കുന്നതു സാദ്ധ്യമാക്കുന്നൊരു വേദിയാണ് ബ്ലോഗ്സൈറ്റുകൾ. വ്യക്തിബന്ധങ്ങൾ ഉടലെടുക്കാനും ശക്തിപ്പെടാനും പ്രോത്സാഹിപ്പിയ്ക്കുന്ന ബ്ലോഗ്സൈറ്റുകൾക്ക് ആത്മഹത്യയുടെ വക്കിൽ നിന്നുവരെ ആളുകളെ, സൌഹൃദത്തിലൂടെ, ജീവിതത്തിലേയ്ക്കു തിരികെക്കൊണ്ടുവരാനാകും.
ആത്മഹത്യ ചെയ്ത ഇന്ത്യയിലെ പുരുഷന്മാരിലെ 72 ശതമാനവും വിവാഹിതരായിരുന്നുവത്രെ. സമാന്തരമായ വനിതകളുടെ കണക്ക് 68 ശതമാനമാണ്. അവിവാഹിതരേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്തത് വിവാഹിതരാണെന്നത് ദുഃഖിപ്പിയ്ക്കുന്നൊരു കാര്യമാണ്. വിവാഹബന്ധം ആത്മഹത്യയിലേയ്ക്കു നയിയ്ക്കുന്നൊരു കുരുക്കായിത്തീരുന്നില്ലേയെന്ന സംശയം ജനിപ്പിയ്ക്കുന്നുണ്ട് വിവാഹിതരുടെ ഇടയിലെ ഈ ഉയർന്ന ആത്മഹത്യാനിരക്ക്. വ്യക്തികളെ ജീവിതത്തിൽ ഉറപ്പിച്ചു നിർത്തുന്ന ഒന്നാകണം വിവാഹബന്ധം. ദമ്പതികൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ മാത്രമല്ല, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള അകൽച്ചകളും ഇതിന്നു കാരണമാകാം. പ്രണയികൾ തമ്മിൽ വിവാഹം ചെയ്തുകഴിയുമ്പോൾ എല്ലാം മംഗളമായി പര്യവസാനിച്ചെന്നാശ്വസിയ്ക്കാറാണു പതിവ്. പക്ഷേ വാസ്തവത്തിൽ പലരേയും സംബന്ധിച്ചിടത്തോളം മംഗളമായതൊക്കെ വിവാഹത്തോടെ പര്യവസാനിച്ചെന്നും വരാം. ഒരു കുരുക്ഷേത്രയുദ്ധം തന്നെ അതോടെ തുടങ്ങിയെന്നും വരാം. ആത്മഹത്യാനിരക്കു വിരൽ ചൂണ്ടുന്നത് അത്തരമൊരവസ്ഥയിലേയ്ക്കാണ്.
തൂങ്ങിമരണമാണ് 37 ശതമാനം പേർ ആത്മഹത്യയ്ക്കായി തെരഞ്ഞെടുത്ത മാർഗ്ഗം. 29 ശതമാനം പേർ വിഷം കഴിച്ചു മരിച്ചു. എട്ടര ശതമാനം പേർ സ്വയം തീ കൊളുത്തി. (സത്യം പറയാമല്ലോ, ഒരു മെഴുകുതിരിനാളത്തിനരികിൽ വിരൽ കൊണ്ടുചെല്ലാൻ പോലും എനിയ്ക്കു ഭയമാണ്. മണ്ണെണ്ണയിൽ കുളിച്ചു സ്വയം തീകൊളുത്താൻ ഇവരെങ്ങനെ ധൈര്യപ്പെടുന്നു!) നല്ലൊരു ശതമാനം പേർ തീവണ്ടിയുടെ മുന്നിൽച്ചാടി.
ആത്മഹത്യാശ്രമം ഇന്ത്യയിലിന്നും ശിക്ഷാർഹമായൊരു ക്രിമിനൽക്കുറ്റമാണ്. ഇന്ത്യൻ പീനൽ കോഡിന്റെ മുന്നൂറ്റൊൻപതാം വകുപ്പനുസരിച്ച് ഒരു വർഷത്തെ വെറും തടവും പിഴയും ലഭിയ്ക്കാവുന്ന കുറ്റമാണത്. ഇതിലൊരു വൈചിത്ര്യമുണ്ട്. ആത്മഹത്യാശ്രമത്തെയാണ്, ആത്മഹത്യയെയല്ല, കുറ്റമായി കണക്കാക്കുന്നത്. ആത്മഹത്യാശ്രമം പരാജയപ്പെട്ടുപോയാൽ അതു ജയിൽശിക്ഷയും പിഴയും ലഭിയ്ക്കാവുന്ന കുറ്റമായിത്തീരുന്നു. ആത്മഹത്യാശ്രമത്തിൽ പരാജയപ്പെടരുത് എന്നൊരു താക്കീതിനു സമാനമാണ് ഈ വകുപ്പ്. ശ്രമം വിജയിച്ചാൽ ഭൂമിയിലെ സകല ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും മോചനം; ശ്രമം പരാജയപ്പെട്ടാൽ ജയിൽശിക്ഷയും പിഴയും. തൂങ്ങിമരണമാണ് ആത്മഹത്യയ്ക്കു തിരഞ്ഞെടുക്കുന്ന രീതിയെങ്കിൽ ഒടിയാത്ത കൊമ്പും പൊട്ടാത്ത കയറുമായിരിയ്ക്കണം ഉപയോഗിയ്ക്കുന്നതെന്ന മുന്നറിയിപ്പ്. വിഷമാണുപയോഗിയ്ക്കുന്നതെങ്കിൽ ഒന്നാന്തരം വിഷം തന്നെ വേണം ഉപയോഗിയ്ക്കാൻ. കടലിൽച്ചാടി മരിയ്ക്കുന്നെങ്കിൽ.ഐപിസി 309 നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചു.
എന്റെ നോട്ടത്തിൽ ഈ മുന്നൂറ്റൊൻപതാം വകുപ്പ് ആത്മഹത്യ ചെയ്യാനൊരുങ്ങിയിരിയ്ക്കുന്നവരെ അതിനുള്ള ശ്രമം പരാജയപ്പെടാത്ത വിധത്തിൽ ചെയ്യാൻ നിർബന്ധിയ്ക്കുന്ന ഒന്നാണ്. ഒരിയ്ക്കൽ സുപ്രീം കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് ഈ വകുപ്പ് അസാധുവാക്കി. ഭരണഘടനയിലെ ആർട്ടിക്കിൾ 21 നൽകുന്ന ജീവിയ്ക്കാനുള്ള അവകാശത്തിൽ ജീവിയ്ക്കാതിരിയ്ക്കാനുള്ള അവകാശം കൂടി അടങ്ങിയിരിയ്ക്കുന്നു എന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വ്യാഖ്യാനം. എന്നാൽ അധികം കഴിയുംമുൻപേ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ വ്യാഖ്യാനം തിരുത്തി. ഭരണഘടനയിലെ ഇരുപത്തൊന്നാം ആർട്ടിക്കിൾ ജീവിയ്ക്കാനുള്ള അവകാശമാണു നൽകുന്നത്, മരിയ്ക്കാനുള്ള അവകാശമല്ല എന്നായിരുന്നു, ഭരണഘടനാബെഞ്ചിന്റെ വ്യാഖ്യാനം. ഐപിസി 309 അങ്ങനെ വീണ്ടും പ്രാബല്യത്തിൽ വന്നു. ആത്മഹത്യാശ്രമം നടത്തി പരാജയപ്പെടുന്നവർ ഇപ്പോൾ വീണ്ടും ജയിലിലേയ്ക്കായിരിയ്ക്കും പോകുക.
എന്നാലിക്കാര്യം അനുഭാവപൂർവം പരിഗണിയ്ക്കുന്നൊരു ബില്ല് ഇക്കഴിഞ്ഞ ആഗസ്റ്റു മാസത്തിൽ ‘ദ മെന്റൽ ഹെൽത്ത് കെയർ ബിൽ, 2013‘ എന്ന ശീർഷകത്തിൽ രാജ്യസഭയിൽ അവതരിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. ആ ബില്ലിലെ നൂറ്റി‌യിരുപത്തിനാലാം വകുപ്പ് ഉദ്ധരിയ്ക്കട്ടെ:

“124. (1) Notwithstanding anything contained in section 309 of the Indian Penal Code, any person who attempts to commit suicide shall be presumed, unless proved otherwise, to be suffering from mental illness at the time of attempting sucide and shall not be liable to punishment under the said section.

(2) The appropriate Government shall have a duty to provide care, treatment and rehabilitation to a person, having mental illness and who attempted to commit suicide, to reduce the risk of recurrence of attempt to commit suicide.“
ആത്മഹത്യാശ്രമം നടത്തിയ വ്യക്തി ആത്മഹത്യയ്ക്കു തുനിഞ്ഞ സമയത്ത് മാനസികരോഗബാധിതനായിരുന്നു എന്നു കരുതണമെന്നും അക്കാരണത്താൽ ഐപിസി 309 അനുശാസിയ്ക്കുന്ന ശിക്ഷയ്ക്ക് അയാൾ അർഹനാവില്ലെന്നും ബില്ലിന്റെ മേലുദ്ധരിച്ച 124ആം വകുപ്പിൽ നിർദ്ദേശിയ്ക്കുന്നു. ആ വ്യക്തിയ്ക്കു പരിചരണം നൽകി അയാളെ പുനരധിവസിപ്പിയ്ക്കണമെന്നു കൂടി ബന്ധപ്പെട്ട ഉപവകുപ്പു വ്യവസ്ഥ ചെയ്യുന്നു. ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചിട്ടേയുള്ളു, ഇനിയത് രണ്ടു സഭകളും പാസ്സാക്കണം. പാസ്സായശേഷം രാഷ്ട്രപതിയുടെ ഒപ്പു കിട്ടുക കൂടിച്ചെയ്താൽ ബില്ലു നിയമമാകും. ഈ ബില്ല് മുഖ്യമായും മാനസികരോഗാശുപത്രികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും അതിൽ ഇങ്ങനെയൊരു നല്ല കാര്യം കൂടി ഉൾപ്പെട്ടിട്ടുണ്ട്.
ബില്ലിൽ ചെറിയൊരു ഭേദഗതി കൂടി വേണമെന്നാണ് എന്റെ അഭിപ്രായം: മരിയ്ക്കാനുള്ള അവകാശം കൂടി പൌരന്മാർക്കു നൽകണം. ആ അവകാശം ഉൾപ്പെടുത്തിയാൽ, ആത്മഹത്യ ചെയ്തയാൾ മാനസികമായി പൂർണ്ണാരോഗ്യവാനായിരുന്നെങ്കിലും ആത്മഹത്യ ചെയ്ത നേരത്ത് അദ്ദേഹം മാനസികരോഗബാധിതനായിരുന്നു എന്നു പറഞ്ഞ് മരിച്ച വ്യക്തിയെ അവഹേളിയ്ക്കേണ്ടി വരാതിരിയ്ക്കും.
തൂങ്ങിമരിയ്ക്കൽ, വിഷം കഴിയ്ക്കൽ, സ്വയം അഗ്നിയ്ക്കിരയാക്കൽ, തീവണ്ടിയ്ക്കു മുന്നിൽച്ചാടൽ, പുഴയിൽച്ചാടൽ, കത്തികൊണ്ടു സ്വയം കുത്തിമരിയ്ക്കൽ, സ്വയം വെടിവച്ചു മരിയ്ക്കൽ - ഒട്ടും സുഖമുള്ള മരണമല്ല ഇതൊന്നും. ജീവിതത്തിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്ത വേദനയായിരിയ്ക്കും ഈ മരണസമയങ്ങളിലെല്ലാം അനുഭവിയ്ക്കാൻ പോകുന്നത്. 2011ലും 2012ലും ഒരുലക്ഷത്തിമുപ്പത്തയ്യായിരം പേർ വീതം ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. ഇവരെല്ലാം മുൻ‌പറഞ്ഞ രീതികളിൽ ഏതെങ്കിലുമായിരിയ്ക്കാം സ്വീകരിച്ചിരിയ്ക്കുക. അവയിൽ ഏതു മാർഗ്ഗമായാലും എല്ലാം ഒരേപോലെ, അസഹനീയമായ വേദന അനുഭവിയ്ക്കേണ്ടി വരുന്നവ. എന്തായാലും രണ്ടുംകല്പിച്ചു മരിയ്ക്കാനിറങ്ങിത്തിരിച്ച നിലയ്ക്ക് ആ വേദനകൂടി അനുഭവിച്ചു തീർക്കുക, ഏതാനും നിമിഷമോ മിനിറ്റോ മാത്രമല്ലേ ആ വേദന നീണ്ടു നിൽക്കുകയുള്ളു, അതങ്ങനുഭവിയ്ക്കുക തന്നെ - ഇങ്ങനെയായിരിയ്ക്കാം പൊതുജനം ചിന്തിയ്ക്കുക. പക്ഷേ ആത്മഹത്യ ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നവർക്ക് സുഖമരണം വരിയ്ക്കാനുള്ള നിയമപരമായ സൌകര്യവും സംവിധാനവും നിലവിൽ വരണമെന്നാണെന്റെ അഭിപ്രായം. ആത്മഹത്യ ചെയ്യുന്നയാളിന്റെ അഭ്യർത്ഥനപ്രകാരം ആദ്യം ഉറങ്ങാനുള്ള മരുന്നു കൊടുക്കുകയും, ഗാഢനിദ്രയിലായിക്കഴിയുമ്പോൾ ഉറക്കത്തിൽത്തന്നെ, വേദനകളൊന്നുമറിയാതെ മരിയ്ക്കാൻ സഹായിയ്ക്കുകയും ചെയ്യുക. സുഖമരണത്തിനു പല മാർഗ്ഗങ്ങളുണ്ടെങ്കിൽ അവയിലേതു വേണമെങ്കിലും സ്വീകരിയ്ക്കാനുള്ള സ്വാതന്ത്ര്യവും നൽകുക.
ഇതിന്ന് പരസഹായത്തോടെയുള്ള ആത്മഹത്യ അഥവാ അസിസ്റ്റഡ് സൂയിസൈഡ് (assisted suicide) എന്നാണു പറയുക. ഇതിപ്പോൾത്തന്നെ പല രാഷ്ട്രങ്ങളിലും നിയമാനുസൃതമാണ്. പെട്ടെന്നോർമ്മ വരുന്നത് സ്വിറ്റ്സർലന്റാണ്. മഞ്ഞുമൂടിയ ആൽ‌പ്സ് പർവ്വതനിരകളുള്ള, ഹൃദയഹാരിയായ സ്വിറ്റ്സർലന്റ് ഒരു സുഖവാസരാജ്യമെന്ന നിലയിൽ പ്രശസ്തമാണ്. സുഖവാസം തേടി മാത്രമല്ല, സുഖമരണം തേടിയും ടൂറിസ്റ്റുകൾ അവിടെ എത്തുന്നുണ്ട്. തിരിച്ചുപോക്കില്ലാത്ത, ഒടുവിലത്തെ സന്ദർശനം. സ്വിറ്റ്സർലന്റിൽ മാത്രമല്ല, യൂറോപ്പിലെ തന്നെ ബെൽജിയം, ലക്സംബർഗ്, നെതർലന്റ്സ് എന്നീ രാഷ്ട്രങ്ങളിലും പരസഹായത്തോടെയുള്ള ആത്മഹത്യ നിയമം അനുവദിയ്ക്കുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ചില സംസ്ഥാനങ്ങളിലും - ഓറിഗൻ, വാഷിംഗ്ടൺ, വെർമാണ്ട്, മൊണ്ടാന – ഇത് അനുവദനീയമാണ്.
സ്വന്തം ജീവനാണ് മനുഷ്യന് ഏറ്റവും വിലപ്പെട്ടത്. അതു സ്വയം ത്യജിയ്ക്കുകയെന്നത് ഏറ്റവും വലിയ ത്യാഗമാണ്. അത് ഒളിച്ചും പതുങ്ങിയും, നിയമത്തിന്റെ കണ്ണുവെട്ടിച്ചും ചെയ്യേണ്ടി വരുന്നതു പരിതാപകരമാണ്. ആത്മഹത്യ കുറ്റകരമല്ലാതാകുമ്പോൾ പരസഹായത്തോടെയുള്ള ആത്മഹത്യ ചെയ്യാനുള്ള, നിയമസാധുതയുള്ള സംവിധാനങ്ങളും നിലവിൽ വരുമായിരിയ്ക്കും, വരണം. ആത്മഹത്യയ്ക്കുള്ള വ്യവസ്ഥകളും സംവിധാനവുമെല്ലാം ലളിതമായിരിയ്ക്കണം. അവ ദുർഘടങ്ങളായി മാറുന്നെങ്കിൽ ആത്മഹത്യാശ്രമം പഴയ, വേദനാപൂർണ്ണമായ രീതികളിലേയ്ക്കു തന്നെ തിരിച്ചുപോകും. മരിയ്ക്കാനാഗ്രഹിയ്ക്കുന്നവർക്ക് സുഖമരണം ലഭ്യമാക്കുകയാണ് അഭികാമ്യം.
പരസഹായത്തോടെയുള്ള ആത്മഹത്യ യൂത്തനേഷ്യ (euthanasia അഥവാ mercy killing) എന്നറിയപ്പെടുന്ന ദയാവധത്തിൽ നിന്നു വ്യത്യസ്തമാണ്. ദുരിതപൂർണ്ണമായ രോഗാതുരതയിൽ നിന്നുള്ള മോചനമാണ് ദയാവധം. ഇതു തന്നെ രണ്ടു തരമുണ്ട്. ജീവച്ഛവമായി കിടക്കുന്നൊരു രോഗിയുടെ ജീവൻ നിലനിർത്താനായി പുറമേ നിന്നു കൊടുത്തുകൊണ്ടിരിയ്ക്കുന്ന സഹായം പിൻ‌വലിയ്ക്കുന്നതാണ് അവയിലൊന്ന്. ഇതിന്ന് പാസ്സിവ് യൂത്തനേഷ്യ എന്നു പറയുന്നു. ഇത് 2011ലെ സുപ്രീംകോടതിയുടെ ഒരു വിധിയിലൂടെ ഇന്ത്യയിൽ അനുവദനീയമായി. ഫലത്തിൽ ഇതു പരോക്ഷമായ വധമാണെങ്കിലും ഇതിനെ വധമായി കണക്കാക്കാനാവില്ല. മനുഷ്യന്റെ ഇടപെടൽ പിൻ‌വലിച്ച് രോഗിയെ പ്രകൃതിയുടെ കൈകളിലേൽപ്പിയ്ക്കുന്നെന്ന് പാസ്സീവ് യൂത്തനേഷ്യയെ വ്യാഖാനിയ്ക്കാം. ആക്റ്റീവ് യൂത്തനേഷ്യയാണ് രണ്ടാമത്തെ വിധം. രോഗിയുടെ ഇച്ഛയ്ക്കനുസരിച്ച് മരുന്നു കുത്തിവച്ചോ മറ്റു മാർഗ്ഗങ്ങളിലൂടെയോ ജീവനെ നിശ്ചലമാക്കുന്നതാണിത്. ആക്റ്റീവ് യൂത്തനേഷ്യ ഇന്ത്യയിൽ ഇന്നും അനുവദനീയമല്ല.
പരസഹായത്തോടെയുള്ള ആത്മഹത്യ നിയമാനുസൃതമായിത്തീരുമ്പോൾ അതു സാമൂഹ്യബന്ധങ്ങളെ എങ്ങനെ, എത്രത്തോളം ബാധിയ്ക്കും എന്ന വിഷയം ആഴത്തിലുള്ള ചിന്ത അർഹിയ്ക്കുന്ന ഒന്നാണ്. ആത്മഹത്യ ചെയ്യാനുള്ള ബാഹ്യസമ്മർദ്ദം കൂടിയെന്നും ആ സമ്മർദ്ദത്തിനു വഴങ്ങി ആത്മഹത്യാനിരക്കിൽ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായെന്നും വരാം. ബാഹ്യസമ്മർദ്ദങ്ങൾ മൂലമുള്ള ആത്മഹത്യ തടയാനുള്ള സംവിധാനവും നിലവിൽ വരണം. ആത്മഹത്യയ്ക്കുള്ള തീരുമാ‍നം തികച്ചും സ്വാഭീഷ്ടത്താലാണ്, ബാഹ്യസമ്മർദ്ദം മൂലമല്ല എന്ന് ഒന്നിലേറെ അധികാരികൾക്കു ബോദ്ധ്യം വന്ന ശേഷമേ പരസഹായത്തോടെയുള്ള ആത്മഹത്യ അനുവദിയ്ക്കാവൂ. അതേസമയം തന്നെ നടപടിക്രമങ്ങൾ ലളിതമായി സൂക്ഷിയ്ക്കുകയും വേണം. അഴിമതി വ്യാപകമായുള്ള നമ്മുടെ രാജ്യത്ത് പരസഹായത്തോടെയുള്ള ആത്മഹത്യ ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുള്ള സുരക്ഷിതമായ വഴിയായി പരിണമിയ്ക്കാതെ നോക്കുകയും വേണം.

ഒച്ചപ്പാട്-ഫ്രാൻസ് കാഫ്ക

 

പരിഭാഷ: വി.രവികുമാർ

ഒരു വീടിന്റെയാകെ ഒച്ചപ്പാടിന്റെ ആസ്ഥാനമായ എന്റെ മുറിയിലിരിക്കുകയാണു ഞാൻ. സകല വാതിലുകളും വലിച്ചടയ്ക്കുന്നതു ഞാൻ കേൾക്കുന്നു; മുറിയിൽ നിന്നു മുറിയിലേക്കോടുന്നവരുടെ കാലൊച്ചകൾ ഞാൻ കേൾക്കുന്നില്ലെന്നൊരു ഗുണമേ അതുകൊണ്ടുണ്ടാകുന്നുള്ളു.അടുക്കളയിൽ സ്റ്റൌവിന്റെ മൂടി വീണടയുന്നതു പോലും എനിക്കു കേൾക്കാം. ഒരു വാതിലിലൂടെ അച്ഛൻ തള്ളിക്കയറിവരികയും നൈറ്റ് ഗൌൺ വലിച്ചിഴച്ചുകൊണ്ട് കടന്നുപോവുകയും ചെയ്യുന്നു; അടുത്ത മുറിയിൽ സ്റ്റൌവിലെ ചാരം ചുരണ്ടിക്കളയുന്നതു കേൾക്കുന്നു. അച്ഛന്റെ തൊപ്പി തുടച്ചുവച്ചിട്ടുണ്ടോയെന്ന് ഓരോ വാക്കും മുഴങ്ങുമാറ്‌ വല്ലി ഹാളിൽ നിന്നു വിളിച്ചുചോദിക്കുന്നു. എന്നോടെന്തോ ദാക്ഷിണ്യം കാണിക്കുന്ന പോലെ, അതിനു മറുപടിയായി വരുന്നത് ഒരു സീല്ക്കാരമാണ്‌. കാറിയ തൊണ്ടയനക്കുന്നപോലെ പിന്നെ വീടിന്റെ മുൻവാതിൽ തുറക്കുന്നു, പാടുന്ന സ്ത്രീസ്വരം പോലെ മലർക്കെത്തുറക്കുന്നു, ഒടുവിൽ പൌരുഷം മുറ്റിയ ഒരിടിയോടെ ചേർന്നടയുന്നു; ഉള്ളതിലേറ്റവും കരുണയറ്റ ശബ്ദമാണത്. അച്ഛൻ പൊയ്ക്കഴിഞ്ഞു; പിന്നെത്തുടങ്ങുകയായി, രണ്ടു കാനറിപ്പക്ഷികളുടെ മുൻകൈയിൽ കുറേക്കൂടി മസൃണവും ചിതറിയതും ഹതാശവുമായ പലതരം ഒച്ചകൾ. ഇതാദ്യമായിട്ടല്ല എനിക്കു തോന്നിയിട്ടുള്ളത്- ഇപ്പോൾ കാനറികൾ എന്നെ ഓർമ്മിപ്പിച്ചുവെന്നേയുള്ളു- വാതില്പാളി അല്പമൊന്നു തുറന്ന് ഒരു പാമ്പിനെപ്പോലെ അടുത്ത മുറിയിലേക്കിഴഞ്ഞു ചെല്ലാൻ, തറയിൽ കമിഴ്ന്നുകിടന്ന് ഒരല്പം സമാധാനം തരണമേയെന്ന് എന്റെ പെങ്ങന്മാരോടും അവരുടെ വേലക്കാരിയോടും യാചിക്കാൻ.

(1911 നവംബർ 5ലെ ഈ ഡയറിക്കുറിപ്പ് ഒരു കൊല്ലം കഴിഞ്ഞ് പ്രാഗിലെ ഒരു സാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു.)

 

60 Hour Attack

“For all those who faced the 2 terrible days and for those who laid down their lives for the nation… We Love India, let something like this NEVER happen again….” Bold


winnie panicker


Those hands slid through the sharp blades
And cut the veins of the hearts they held
Unexpected the rifles flew through the air
And thronged the bodies of hapless souls

Insecurity and desertness where hours counted
Sixty hours of breathless pain
A feather drop on the side led screams on
And cries that were held suppressed long

Suffocating agonies to tighten the stress
Prayers began to lose hope
And still the rifles thronged in everywhere
When the world outside gasped every second

A state where all emotions, trust and hope
Stood head down out of shame
A scenario where the civilians of the country
Stayed aghast pleading for help

When lives were in the hands of guns and rifles,
and the saviors who laid their life for us
We salute them with Pride!
For the bleeding game between life and death

It was a push from the cliff for the human kind
A fall which the Government could have rescued,
We need a thorough flush out, A Complete Change!
We need a responsible Government that hears the peoples cry.

നിർവാണം


രാംമോഹൻ പാലിയത്ത്



ഈ ജന്മത്തിൽ പ്രണയനിർവൃതി അനുഭവിക്കുന്നവരാണ് അടുത്ത ജന്മത്തിൽ ചക്കക്കുരുവും ചെമ്മീനുമായി ജനിക്കുന്നത്. എന്നിട്ട് ഒരു ദിവസം തേങ്ങയോടും മാങ്ങയോടും ഒപ്പം വെന്ത് രണ്ടു ജന്മത്തിലും പ്രണയനിർവൃതി അനുഭവിച്ചിട്ടില്ലാത്ത ഒരു മഹാപാപിയുടെ നാവിൽ ചെന്നു മുട്ടി അഞ്ചു പേരും കൂടി ഒരുമിച്ച് നിർവാണം പ്രാപിക്കും. പിന്നെ പുനർജന്മമില്ല.

ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം....

 

 

സലില മുല്ലൻ

ചാമുണ്ടി ഹില്ലിലേക്കു മെല്ലെ കയറുമ്പോള്‍ കാറിന്റെ  ചില്ല് പകുതി താഴ്ത്തി. തണുത്ത കാറ്റിന്റെ വിരലുകള്‍ എന്റെ മുടിയിഴകളില്‍ കുസൃതി കാട്ടിയപ്പോള്‍ കാറ്റുപോലും നിന്നെ തഴുകുന്നത് എനിക്ക് സഹിക്കില്ല എന്ന് ചെവിയില്‍ മന്ത്രിച്ചു നീ ചില്ലുയര്‍ത്തി. ആ സ്വാര്‍ഥതയുടെ മധുരം നുകര്‍ന്നുകൊണ്ട് ഞാനന്ന് രോമക്കുപ്പായമെടുത്ത് നിന്നെ പുതപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. കാര്‍ പാര്‍ക്കുചെയ്ത്, കുന്നിന്റെ നെറുകയില്‍ അന്യഭാഷക്കാരായ തീര്‍ഥാടകരുടെ ഇടയിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നുകൊണ്ട് കൈകള്‍ പരസ്പരം കോര്‍ത്ത് നടക്കുമ്പോഴാണ് ചെറുപ്പക്കാരിയായ അമ്മയും മിടുക്കരായ രണ്ടാണ്‍ മക്കളും ചേര്‍ന്ന് നടത്തുന്ന ചായപ്പീടിക കണ്ണില്‍ പെട്ടത്. ചൂട് ചായയും മുളക് ബജ്ജിയും കഴിക്കുന്നതിനിടയില്‍ നീ അവരുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. സമൂഹത്തില്‍ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തുന്നവരോട് ചങ്ങാത്തം കൂടുന്നത് നിനക്ക് പണ്ടേ ഉള്ള ശീലമായിരുന്നല്ലോ.
മറ്റുള്ള തീര്‍ഥാടകര്‍ ദേവിയെ തൊഴാനും ഫോട്ടോക്ക് പോസുചെയ്യാനുമുള്ള തിരക്കിലായിരുന്നു.
സാന്ധ്യച്ചോപ്പില്‍ ഗോപുരത്തിന്റെ പ്രൗഡിയേറിയതായിതോന്നി .
ലോകമാതാവിനെ വലം വച്ച്, ആളൊഴിഞ്ഞ ഒരിടം തേടി നമ്മള്‍ നടന്നു.  ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങിയപ്പോള്‍ അതിലേറെ ദീപങ്ങള്‍ താഴെ മിഴിതുറന്നു. കുന്നിന്റെ മുകളില്‍ നിന്ന് താഴേക്കു നോക്കിയ ഞാന്‍  ആകാശം ഭൂമിയിലേക്കിറങ്ങി വന്നോ എന്ന് അത്ഭുതപ്പെട്ടു. നഗരം മുഴുവന്‍ ദീപാലംകൃതമായി ഏതോ ഉത്സവാഘോഷത്തിന് ഒരുങ്ങി നില്‍ക്കുന്ന പ്രതീതി!
ഉയര്‍ത്തിക്കെട്ടിയ കല്പടവുകളിലൊന്നില്‍ കൈകള്‍ പരസ്പരം കോര്‍ത്ത് അസ്തമയ സൂര്യനെ നോക്കി ഇരിക്കുമ്പോള്‍ സംസാരിച്ചിരുന്നില്ല എന്നത് നമ്മള്‍ പോലും അറിഞ്ഞിരുന്നില്ല. ഹൃദയങ്ങള്‍ ഒന്നായലിഞ്ഞാല്‍ അധരങ്ങള്‍ മൗനമാകുമെന്നു വിശ്വമഹാകവി പാടിയത് എത്ര സത്യം !
ഏറെ നേരത്തിനുശേഷം തിരക്കൊഴിഞ്ഞ ക്ഷേത്രത്തില്‍ കയറി ചാമുണ്ടീ ദേവിയെ ദര്‍ശിച്ച്, പ്രസാദമായി കിട്ടിയ പൊങ്കല്‍ ക്ഷേത്രാങ്കണത്തിലെ കരിങ്കല്‍ത്തറയിലിരുന്ന് ഭക്ഷിച്ച് പുറത്തിറങ്ങി, വളരെ പതുക്കെ കാറിനടുത്തെക്ക് നടക്കുമ്പോള്‍ പരിസരം വിജനമായിത്തുടങ്ങിയിരുന്നു. ചായക്കടക്കാരി ലക്ഷ്മിയും മക്കളും എപ്പോഴോ കടയടച്ചു പോയി. വീണ്ടും വരണം നമുക്ക് എന്ന് പരസ്പരം പറഞ്ഞ് കാര്‍ സ്റ്റാര്‌ട്ടാക്കി കുന്നിറങ്ങുമ്പോള്‍ ദേവി നമ്മെ അനുഗ്രഹിച്ചുകൊണ്ട് പോയിവരൂ എന്ന് പറയുന്നതായി തോന്നി.
ഇന്നലെ, നിന്റെ യാത്രാക്കുറിപ്പ് വായിച്ചപ്പോള്‍ ഞാന്‍ ഏറെ വര്‍ഷം പിറകോട്ടു മനസ്സുകൊണ്ടു യാത്രപോയി . നീ വീണ്ടും ചെന്നു ചാമുണ്ടീ ഹില്ലില്‍ , ഞാനില്ലാതെ...ആ കരിങ്കല്‍ കല്‍പ്പടവുകളിലിരുന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഒരു നിമിഷാര്‍ഥമെങ്കിലും നിന്റെയുള്ളിലും മിന്നിമറഞ്ഞു കാണില്ലേ !

ആമ





 എം.കെ.ഹരികുമാർ

വേഗതയേറിയ  ലോകത്ത്
പ്രണയത്തിന്റെ
വേഗത എങ്ങനെ നിയന്ത്രിക്കാമെന്ന് പഠിക്കാൻ
ഗുരുവിനെ തേടി.
എന്നാൽ ഗുരുവിനു സമയമില്ല.
പലയിടത്തും പോയി
പലതും പറഞ്ഞുകൊടുക്കാനായി
അദ്ദേഹം പറക്കുകയാണ്.
ഒരു ആമയായാൽ  മതിയായിരുന്നു, 

പ്രണയത്തിന്റെ
സൂപ്പർ ജെറ്റുകൾക്കും, മേട്രോകൾക്കുമിടയിൽ
ആമ യാതൊന്നുമറിഞ്ഞതായി   ഭാവിക്കാതെ
വേഗക്കുറവിനെ വീണ്ടും വീണ്ടും
പരീക്ഷിക്കുന്നു.
പ്രണയം , ചിലപ്പോഴെങ്കിലും പരീക്ഷ്ണമാണ്.
നമുക്കു വേഗമില്ലെന്ന് അറിയാനുള്ള പരീക്ഷണം