Followers

Monday, December 2, 2013

മര്‍ക്കട മുഷ്ടി

 
 
വിനോദ് കൂവേരി


ഒറ്റയാനൊന്നുമല്ല ഞാന്‍;
കൊമ്പും കുലചിഹ്നവും
ചിഹ്നം വിളിയും സാധ്യവുമല്ല.
കാട് എന്റെ കാല്‍ക്കീഴില്‍ അല്ല
മസ്തകം കൊണ്ട്
ആകാശം തൊടാന്‍ ആവില്ല..

എങ്കിലും
ഞാനും ഈ കാട്ടില്‍ തന്നെയുണ്ട്‌
പരിഹാസ കഥകള്‍ ഏറെയുണ്ട്
ചില്ല പോലും കൈവിട്ട്
താഴെ വീണ്,
സ്വജാതിയാല്‍
ഭ്രാഷ്ടനാക്കപ്പെട്ട്
ഒറ്റയ്ക്ക് നടപ്പാണ്...

പ്രതിഷേധിക്കാന്‍
മര്‍ക്കടന്‍മാര്‍ക്ക് എങ്ങനെ
നാവുണ്ടായി എന്ന്
ചരിത്രത്തിലും
വര്‍ത്തമാനത്തിലും
ഭീമന്മാര്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നു

ആയുധവും
അധികാരവും
ആകാരവും ഇല്ലെങ്കിലും
ഫലമൂലാദികള്‍ക്ക് വേണ്ടിയുള്ള
നിങ്ങളുടെ കടിപിടിയിലേക്ക്
ഇടയ്ക്കിടെ ഓരോ
കല്ലെടുത്തെറിഞ്ഞ്
ഞാന്‍ നിങ്ങളെ
ശല്യപ്പെടുതിക്കൊണ്ടേയിരിക്കും...