സണ്ണി തായങ്കരി
യാക്കൂബ് നീതിമാനാണ്. സത്യസന്ധനാണ്. മനുഷ്യത്വവും സഹജീവി സ്നേഹവുമുള്ളവനാണ്. ഇന്നത്തെ ലോകക്രമത്തിൽ എന്തൊക്കെ മൂല്യങ്ങൾ മനുഷ്യന്റെ ജനിതകഘടനയിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ടോ അതെല്ലാം അല്ലെങ്കിൽ അതിന്റെയെല്ലാം ഭാരം യാക്കൂബെന്ന സാധാരണക്കാരൻ പേറുന്നു. ചുരുക്കത്തിൽ, അയാൾ തന്റെ ഉള്ളിൽ നന്മകളുടെ ഒരു കാഴ്ചബംഗ്ലാവുതന്നെ ഗോചരമാക്കുന്നു. രൂപക്കൂടിനുള്ളിൽ സൂക്ഷിക്കേണ്ട ഒരു തിരുശേഷിപ്പ് ഇങ്ങനെ പച്ചയോടെ തികച്ചും അപരിചിതർക്കിടയിലും അപരിചിതകാലഘട്ടത്തിലും ജീവിക്കുന്നു എന്നത് ഒരു വിസ്മയംതന്നെയാണ്.
എന്തുകൊണ്ട് യാക്കൂബ് ഇങ്ങനെയായി എന്ന് ആരെങ്കിലും ചോദിച്ചാൽ ഓരോ ജന്മങ്ങൾക്കും ഓരോ ലക്ഷ്യമുണ്ട് എന്നേ പറയാനാവു. കാലത്തിനും കോലത്തിനും യോജിക്കാത്തവിധം വ്യത്യസ്തമായി ചിന്തിക്കുകയും ചിന്തയ്ക്ക് വിധേയമായി ജീവിക്കുകയും ചെയ്യുകയെന്നത് ഒരു വെല്ലുവിളിതന്നെയാണ്.
ക്രിസ്തുവായിരുന്നു യാക്കൂബിന് തീരെ ചെറിയ പ്രായം മുതൽ ഇഷ്ടപ്പെട്ട ആരാധ്യപുരുഷൻ. ക്രിസ്ത്യൻ മാനേജ്‌മന്റിന്റെ കീഴിലുള്ള സ്കൂളിലും കോളേജിലും പഠിച്ചതുകൊണ്ടാവാം ഒരുപക്ഷേ അങ്ങനെയൊരു പ്രതിപത്തി ഉണ്ടായത്. ക്രിസ്തുവിന്റെ പരസ്നേഹവും അപരനുവേണ്ടിയുള്ള സ്വയം ശൂന്യമാക്കലും യാക്കൂബിന് എന്നുമൊരു ബലഹീനതയായിരുന്നു. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ തന്റെ ജീവിതപ്രതിസന്ധികളോട് തുലനം ചെയ്യുകയെന്നത് അയാൾ ഒരു നിയോഗമായി കണ്ടു. പലപ്പോഴും താനും ഈ ലോകത്തിൽ നിസ്സഹായനായ മറ്റൊരു ക്രിസ്തുവായി മാറുന്നതായി അയാൾ സങ്കൽപ്പിച്ചു.
1
പുലർകാലത്തിലേക്ക് കാതങ്ങൾ ബാക്കിയുള്ളപ്പോഴാണ് ഒരലർച്ചയോടെ യാക്കൂബ് ഞെട്ടിയുണർ ന്നത്. സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ കിടക്കയിലിരുന്ന് കിതച്ച അയാൾ നേർത്തുവന്ന ഇരുട്ടിലേക്ക് തുറിച്ചുനോക്കി. മുകളിൽ ഫുൾ സ്പീഡിൽ ഫാൻ കറങ്ങിയിട്ടും അയാൾ വിയർപ്പിൽ കുളിച്ചിരുന്നു. കിടക്കയിൽ ഭാര്യ അതൊന്നുമറിയാതെ ഗാഢനിദ്രയിലാണ്.
ബാംഗ്ലൂരിൽനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട വോൾവോ ബസിൽ അയാളുടെ ഏക മകളും ഉണ്ടായിരുന്നു. ബസിൽവച്ച് അവൾ ക്രൂരമായി മാനഭംഗം ചെയ്യപ്പെടുന്നു... റോഡിലേക്ക് അവൾ വലിച്ചെറിയപ്പെടുന്ന നിമിഷം, എതിരെവന്ന പാചകവാതകടാങ്കറുമായി ബസ് കൂട്ടിയിടിക്കുന്നു. ആകാശത്തോളമുയർന്ന അഗ്നിജ്വാലയിൽപെട്ട് ബസിലെ നാൽപത്തിമൂന്ന് പേരും കത്തിയമർന്ന് ഹൈവേയുടെ ഇരുവശത്തുമുള്ള വീടുകൾക്കൊപ്പം ഒരുപിടി ചാരമായി മാറുന്നു.
തലേന്ന് ടി.വി.യിൽ കണ്ട ഭീകരദൃശ്യവും ചാനൽ ചർച്ചയുമാണ് തന്നെ വേട്ടയാടുന്നതെന്ന് വിശ്വസിക്കാൻ അയാൾക്ക് ഏറെനേരം വേണ്ടിവന്നു.
2
ദിനകൃത്യങ്ങൾക്കുശേഷം യാക്കൂബ് പത്രം കൈയിലെടുത്തു. തട്ടിപ്പിനും വെട്ടിപ്പിനും ഭരണാധികാരികൾ നേതൃത്വം നൽകുന്നുവേന്നും കോടതികൾ അവർക്ക് ഒത്താശ ചെയ്യുന്നുവേന്നും നാല് കോളത്തിൽ ലീഡ് ന്യൂസ്. അതിന് താഴെ യുവതിയായ അമ്മയും കാമുകനും ചേർന്ന് നാലുവയസ്സുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്നുമുള്ള വാർത്ത... നിഷ്കളങ്കമായി ചിരിക്കുന്ന കുരുന്നിന്റെ ചിത്രത്തിന് താഴെ 'അമ്മയുടെ സമ്മതത്തോടെ കാമുകൻ നിരന്തരം ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി' യെന്ന അടിക്കുറിപ്പ്! തുടർന്ന് അരഡസനോളം മസാല ചേർത്ത പീഡനവാർത്തകൾ... പേപ്പർ യാക്കൂബിന്റെ കൈപ്പത്തിക്കുള്ളിൽ ചുരുണ്ടൊതുങ്ങി. അയാളുടെ മസ്തിഷ്കത്തിലേക്ക് മുരളലോടെ ഒരു വണ്ട് പറന്നിറങ്ങി. അത് സൃഷ്ടിച്ച പ്രകമ്പനത്തിൽ അയാൾ അലറി... ശബ്ദം കേട്ട് ഭാര്യ ഇറങ്ങിച്ചെല്ലുമ്പോൾ യാക്കൂബ് ഭിത്തിയിൽ ചാരിയിരുന്ന് കിതയ്ക്കുന്നു...
3
പ്രഭാതഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുമ്പോൾ അയൽവീട്ടിൽനിന്ന് രോദനവും അട്ടഹാസവും ഉയർന്നു. അയൽവാസികൾ ആരും ശ്രദ്ധിക്കുന്നില്ല. രോദനം യാക്കൂബിൽ അശാന്തിയുടെ തീപ്പൊരിയായി പാറിവീണു. പിന്നെ ജ്വാലയായി പൊള്ളിച്ചു. അയാൾ അവിടേയ്ക്ക് കുതിച്ചു.
അയൽവാസി ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഊക്കോടെ ഇടിക്കുകയാണ്. അവരുടെ മൂക്കിൽകൂടിയും വായിൽക്കൂടിയും രക്തമൊലിക്കുന്നുണ്ട്. മദ്യത്തിന്റെ ഗന്ധം മനംപുരട്ടലുണ്ടാക്കുന്നു. 'അച്ഛാ... അമ്മയെ കൊല്ലല്ലേ...' യെന്ന് കൂട്ടനിലവിളിയുമായി മൂന്ന് കുഞ്ഞുങ്ങൾ... അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞ എട്ടുവയസ്സുകാരനെ അയാൾ പുറംകാലിന് പുറത്തേക്ക് ചവിട്ടി തെറിപ്പിച്ചു. വാതിൽപ്പടിയിൽ വീണ അവനെ പൊക്കിയെടുത്ത് ആശ്വസിപ്പിക്കുമ്പോഴേയ്ക്കും അവന്റെ അമ്മ ബോധരഹിതയായി വീണിരുന്നു.
യാക്കൂബിന്റെ ഇടനെഞ്ചിലേക്ക് ചാട്ടുളിപോലെ ഒരു അസ്വസ്ഥത പടർന്നു കയറി. അതയാളുടെ തലച്ചോറിൽ വിസ്ഫോടനം തീർത്തു.
4
സമനില വീണ്ടെടുത്ത് യാക്കൂബ് സ്വഭവനത്തിൽ തിരിച്ചെത്തി. ഡോർബെൽ അടിച്ചിട്ടും കതക് തുറക്കാൻ കുറെനേരം കാത്ത് നിൽക്കേണ്ടിവന്നു. ഭാര്യയുടെ മുഖം കടന്നൽ കുത്തിയതുപോലെ...
തീ പാറുന്ന നോട്ടത്തിനൊടുവിൽ-
'എന്താ ഇങ്ങുപോന്നെ... അവിടങ്ങ് കൂടാമായിരുന്നില്ലേ? ആ പെണ്ണുംപിള്ളയെ ഇനിയാര് ആശ്വസിപ്പിക്കും? ചവിട്ട് കിട്ടിയിടമൊക്കെ ആര് കുഴമ്പിട്ട് തഴുകി കൊടുക്കും?'
'മനുഷ്യത്വമില്ലായ്മ പറയരുത്. അയൽവാസിക്ക് ഒരാപത്ത് ഉണ്ടാകുമ്പോൾ ഓടിച്ചെല്ലേണ്ടത് നമ്മുടെ കടമയല്ലേ?'
'നമ്മുടെയല്ല, നിങ്ങടെ... എനിക്കച്ചിരി മനുഷത്വം കൊറവാ. സ്ത്രീകളെ ആശ്വസിപ്പിക്കലാണല്ലോ നിങ്ങടെ ബലഹീനത.'
മൗനം പാലിക്കുന്നതാണ് നല്ലതെന്ന് യാക്കൂബിന് തോന്നി. വീണ്ടും അവർ ശബ്ദം ഉയർത്തിയും താഴ്ത്തിയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഭർത്താവിന്റെ പരസ്ത്രീ താത്പര്യമാണ് ശണ്ഠയ്ക്കുള്ള അവരുടെ തുറുപ്പുചീട്ട്.
സഹനം സർവസീമകളും ലംഘിക്കുമെന്ന ഘട്ടമെത്തിയപ്പോൾ അയാൾ പുറത്തേക്ക് നടന്നു.
5
വിലക്കയറ്റം സർവകാല റിക്കാർഡും ഭേദിച്ച് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണല്ലോ ഇക്കാലത്ത് കുതിക്കുന്നത്. തരികിടകൾ വശമില്ലാത്ത ഒരു സാദാപൗരന് കിട്ടുന്ന വരുമാനത്തിൽ ജീവിക്കാനാ വില്ലെന്ന് യാക്കൂബിന് അറിയാം. അമേരിക്കൻ ജീവിതനിലവാരവും ഇൻഡ്യൻ വരുമാനവുമാണ് ഒരു ശരാശരിക്കാരൻ നേരിടുന്ന ജീവൽപ്രതിസന്ധി. പത്രങ്ങളിലും ചാനലുകളിലും നിത്യവും പ്രത്യക്ഷപ്പെടുന്ന ലക്ഷങ്ങൾ വിലയുള്ള പരസ്യപ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള കടകളിൽനിന്ന് മാർക്കറ്റ് റേറ്റിനേക്കാൾ പകുതി വിലയ്ക്ക് സാധനങ്ങൾ കിട്ടുമെന്ന പ്രലോഭനമാണ് യാക്കൂബിനെ സപ്ലൈക്കോ ഔട്ട്ലെറ്റിലേക്ക് നയിച്ചതു.
ക്യൂ റോഡുവക്കുവരെ ഒടിഞ്ഞും നിവർന്നും കാണപ്പെട്ടു. വാർധക്യത്തിലേക്ക് പ്രവേശിച്ച ഏതാനും പുരുഷന്മാരൊഴിച്ച് ബഹുഭൂരിപക്ഷവും സ്ത്രീകൾതന്നെ. യാക്കൂബ് വിയർത്തൊലിച്ച് സഞ്ചിയും തൂക്കി ക്യൂവിൽ സ്ഥാനംപിടിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഷെൽഫുകൾക്കരുകിൽ ഒരുവിധം എത്തിപ്പെട്ടു. ലിസ്റ്റ് നോക്കി സാധനം തെരയുമ്പോൾ അമ്പരന്നുപോയി. ആവശ്യമുള്ള പതിനഞ്ച് നിത്യോപയോഗസാധനങ്ങളിൽ ലഭ്യമായത് നാലെണ്ണം മാത്രം! അതും ഓപ്പൺ മാർക്കറ്റിൽ ലഭ്യമല്ലാത്ത, മൂന്നാംകിട കമ്പനികളുടെ സാധനങ്ങൾ! അതിന് മാർക്കറ്റ് വിലയുടെ ഇരട്ടിയും...!! ഉള്ളതെടുത്ത് ബില്ല് പേയ്ച്ചെയ്യാനുള്ള ക്യൂവിൽ ഇനി ഒരു മണിക്കൂർകൂടി നിൽക്കേണ്ടിവരുമെന്ന് ഓർത്തപ്പോൾ അയാൾ കാലി സഞ്ചിയുമായി ആ ശ്വാസംമുട്ടലിൽനിന്ന് അതിവേഗം പുറത്തുകടന്നു.
6
പതിനൊന്ന് മണി ആയിട്ടേയുള്ളു. പുറത്ത് വെയിൽ തിളയ്ക്കുകയാണ്. റോഡിൽ നിറഞ്ഞൊഴുകന്ന വാഹനങ്ങൾ. കൂടുതലും വിലയേറിയ കാറുകൾ. ചെറിയ പട്ടണങ്ങളിൽപ്പോലും ഇപ്പോൾ ട്രാഫിക്ജാമാണ്. ഒരു വീട്ടിൽ രണ്ടും മൂന്നും കാറുകൾ പാർക്കുചെയ്യുകയെന്നത് ഇന്ന് അൽപം സാമ്പത്തികമുള്ള മലയാളിയുടെ ഒരു സ്റ്റാറ്റസ് സിംഫലാണ്. കാറിൽ ഒരാൾമാത്രം യാത്രചെയ്യുന്നതും ബൈക്കിൽ ഭാര്യയും ഭർത്താവും മക്കളുമടങ്ങുന്ന കുടുംബം യാത്രചെയ്യുന്നതും യാക്കൂബ് സ്വന്തം കണ്ണുകൾകൊണ്ട്തന്നെ നിത്യവും കാണുന്നു.
പെട്ടെന്ന് ട്രാഫിക് ബ്ലോക്കായി. റോഡിന് കട്ടിയേറിയ കവചം തീർത്തതുപോലെ വാഹനങ്ങൾ നിശ്ചലമായി. ആ കവചത്തിന്റെ ദൈർഘ്യം പിന്നിലേക്ക് വളരെ പെട്ടെന്ന് നീണ്ടുപോയി. മുന്നിലെവിടെയോ ഒരാക്സിഡന്റ് ഉണ്ടായിട്ടുണ്ടുപോലും! ആളുകൾ കാഴ്ച കാണാൻ അവിടേയ്ക്ക് ഓടുന്നുണ്ട്. യാക്കൂബിനും ഓടാതിരിക്കാൻ കഴിഞ്ഞില്ല.
ആക്സിഡന്റ് സ്പോട്ടിൽ റോഡിന്റെ മധ്യത്തിൽ ഒരുഗർത്തം. അതിൽ തലകുത്തിവീണ ബൈക്ക് യാത്രക്കാരൻ രക്തത്തിൽ കുളിച്ച് പിടയുന്നു. പിറകിൽനിന്ന് കാറ് ഇടിച്ചിട്ടതാണെന്നാണ് സംസാരം. ബൈക്കിന്റെ അടിയിലാണ് അയാൾ. റോഡ് അപകടങ്ങൾക്ക് ആത്യന്തിക പരിഹാരമായ ഹെൽമറ്റ് ദൂരെ തെറിച്ചുവീണിട്ടുണ്ട്. ഓടിക്കൂടിയവരൊക്കെ കാഴ്ച ആസ്വദിക്കുകയാണ്. ചിലർ മൊബെയിലിൽ രംഗം ചിത്രീകരിക്കുന്നു. ഒരുപക്ഷേ, അടുത്തദിവസത്തെ പത്രത്തിൽ ഫോട്ടോഗ്രാഫറുടെ പേരു സഹിതം ഫോട്ടോ വരാം. അല്ലെങ്കിൽ ഏതെങ്കിലും സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റിലിട്ട് കുറെ ലൈക്ക് നേടാം.
യാക്കൂബ് ബൈക്ക് ഉയർത്തി സ്റ്റാന്റിൽവച്ചു. നല്ല ആരോഗ്യമുള്ള യുവാവിനെ പിടിച്ചുയർത്താൻ അയാൾക്ക് ക്ലേശിക്കേണ്ടിവന്നു. അപ്പോഴേയ്ക്കും ട്രാഫിക് പോലീസുകാരൻ ഓടിയെത്തി. അയാളുടെ അശ്ലീലപദപ്രയോഗം മൂലമാകാം ഏതാനും പേർ യാക്കൂബിനെ സഹായിച്ചു. കാറിൽ രക്തം പുരളുമെന്ന ഭയമുള്ളതിനാലും സമയക്കുറവുള്ളതിനാലും ആരും അയാളെ കാറിൽ കയറ്റാൻ തയ്യാറായില്ല. സമീപമുണ്ടായിരുന്ന ഓട്ടോയിൽ യുവാവിനെ കയറ്റി. അപ്പോഴും ഒരു പ്രശ്നം... പരുക്കേറ്റ യുവാവിന്റെ കൂടെപ്പോകാൻ ആർക്കും സമയമില്ല. യാക്കൂബിന് സമയമുണ്ടല്ലോ. ഓട്ടോ ആശുപത്രിയിലേക്ക്...
ഓട്ടോക്കൂലി കൊടുത്ത് അത്യാഹിത വിഭാഗത്തിൽ പരുക്കേറ്റ യുവാവിനെ എത്തിച്ച്, ആവശ്യപ്പെട്ട പരിശോധനകൾ നടത്തി, ബന്ധുക്കളെ വിളിച്ചുവരുത്തി, പുറത്തിറങ്ങുമ്പോൾ സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയിരുന്നു.
ആശുപത്രി ഗേറ്റിൽനിന്ന് ഉപ്പിട്ട ഒരു നാരങ്ങാവെള്ളം വാങ്ങിക്കുടിച്ച് വീണ്ടും യാക്കൂബ് തിളയ്ക്കുന്ന റോഡിലേക്ക്...
7
പാചകഗ്യാസ് ബുക്ക് ചെയ്തിട്ട് രണ്ടുമാസം കഴിഞ്ഞു. വിളിക്കുമ്പോൾ ഒന്നുകിൽ ഫോണെടുക്കില്ല. അല്ലെങ്കിൽ ഇന്നോ നാളെയോ എന്ന സ്ഥിരം പല്ലവി. ഇന്ന് ഗ്യാസ് എത്തിയില്ലെങ്കിൽ നാളെ മുതൽ ഹോട്ടലിൽനിന്ന് ഭക്ഷണം എത്തിച്ചോണം എന്ന ഭീഷണിയിൽ കഴിഞ്ഞ ദിവസം ഭാര്യ കയ്യൊപ്പ് ചാർ ത്തിയിരുന്നു.
ആശുപത്രി ജംക്ഷനിൽനിന്ന് മൂന്ന് കിലോമീറ്ററെങ്കിലും നടക്കണം ഗ്യാസ് ഏജൻസിയിലേക്ക്. ഈ പൊരിവെയിലത്ത് ഇത്രയും ദൂരം... ഓട്ടോയ്ക്ക് പോകാമെന്ന്‌വച്ചാൽ അമ്പതുരൂപയെങ്കിലും വേണം. ഉണ്ടായിരുന്ന പണം ആശുപത്രിയിൽ ചിലവായി. ഇനി നടക്കുകതന്നെ...
ഗ്യാസ് ഏജൻസിയിൽ തൃശൂർ പൂരത്തിന്റെ തിരക്ക്. അവിടെയും റോഡിൽ നീണ്ട ക്യൂ. എല്ലാവർക്കും പറയാനുള്ളത് ഒരേ കഥതന്നെ.ബുക്കുചെയ്ത് രണ്ടുമാസം കഴിഞ്ഞിട്ടും ഗ്യാസ് കിട്ടാത്തവരാൺഏറെയും. എല്ലാവരും ഗ്യാസ് കുറ്റിയുമായി വന്നിരിക്കുകയാണ്. ലോഡ് വന്നിട്ടില്ല. ഏതാനും ഗ്യാസ് കുറ്റികൾ മാത്രമേ സ്റ്റോക്കുള്ളു. എങ്ങനെയും മുന്നിലെത്താനുള്ള വെപ്രാളത്തിലാണ് എല്ലാവരും. ക്യൂവിന്റെ മുന്നിലെത്തിയപ്പോൾ വില്ലൻ ആധാർ കാർഡ്. ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാത്തവർക്ക് ഗ്യാസില്ലത്രേ! സർക്കാരിന്റെ പുതിയ ഓർഡറാണ്.
അല്ലെങ്കിലും കുറേ നാളായി നമ്മുടെ രാജ്യത്ത് കാർഡുകൾക്ക് മാത്രമാണല്ലോ അസ്തിത്വം. മനുഷ്യൻ പലവിധം കാർഡുകളുടെ ഉടമമാത്രം! ആധാർ കാർഡില്ലാത്തവർക്ക് പൗരത്വം നിഷേധിക്കപ്പെടുമോയെന്ന ആശങ്കയിലായി യാക്കൂബ്.
8
ഇനിയെന്ത് എന്ന ചോദ്യവുമായി നിരത്തിലേക്ക് ഇറങ്ങി. ഉച്ചഭക്ഷണം കഴിക്കാത്തതിനാൽ നല്ല ക്ഷീണം അനുഭവപ്പെട്ടു. എന്തെങ്കിലും കഴിക്കണം. അടുത്തുകണ്ട എ.ടി.എമ്മിൽ കയറി അത്യാവശ്യം പണമെടുത്തു. പുറത്തിറങ്ങുമ്പോൾ ഒരാൾ കൈകൂപ്പി നിൽക്കുന്നു.
"ചേട്ടാ, കുടുംബം പട്ടിണിയിലാ. ഒരു ഗാന്ധിത്തല തരുമോ?"
അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. സംസാരരീതിയും അത്ര പന്തിയല്ല. എന്നാലും കുടുംബം പട്ടിണിയിലാണെന്നല്ലേ പറഞ്ഞത്?അയാളുടെ മക്കളും ഭാര്യയും അയാളെ പ്രതീക്ഷിച്ച് ഇരിക്കുകയാവും. നൂറുരൂപാ കൊടുക്കുമ്പോൾ അയാളത് ഭവ്യതയോടെ വാങ്ങി.
"ചേട്ടാ... ചേട്ടൻ വാട്ടീസടിച്ചിട്ടുണ്ടോ?..." മദ്യപന്റെ ചോദ്യം.
"തന്റെ കുടുംബം പട്ടിണിയാണെന്നല്ലേ പറഞ്ഞത്?"
"തന്നെ. കുടുംബം പട്ടിണിതന്നെ... പക്ഷേല് എന്റെ പട്ടിണി മാറാതെ അവരുടെ പട്ടിണി മാറിയോ? അവരടെ പട്ടിണി മാറാതെ എന്റെ പട്ടിണി മാറിയോ... യേത്? കുടിയന്റെ പട്ടിണി മാറാതെ ഈ രാജ്യം രക്ഷപ്പെടുകേല ചേട്ടാ..." യൂറിഞ്ഞുപോയ മുണ്ട് വാരിച്ചുറ്റാനുള്ള ശ്രമത്തിലായി അയാൾ. യാക്കൂബ് മുന്നോട്ട് നടക്കുമ്പോൾ അയാൾ വഴി തടഞ്ഞുനിന്നു.
"എന്റെ കാണപ്പെട്ട മദ്യദേവാ... പെണങ്ങിപ്പോകുവാണോ. എനിക്കൊരു സംശയം... അത് തീർത്തിട്ടേ ഞാംവിടൂ..." അയാളൊന്ന് കാറിത്തുപ്പി.
"ഈ കായംകുളോം കായംകുളോംന്നു പറയുന്ന സ്ഥലം എവിടാ...?"
"കുറച്ച് തെക്കോട്ട് പോകണം."
"തെക്കെന്നുപറഞ്ഞാ പടിഞ്ഞാറൂന്ന് ഏതുവശം വരും?"
രക്ഷപ്പെടാനായി തിരഞ്ഞപ്പോൾ അയാൾ വേച്ച് വേച്ച് വീണ്ടും മുന്നിൽ കയറി.
"അങ്ങനങ്ങ് പോയാലോ എന്റെ മദ്യദേവൻ ചേട്ടാ... കുടിയന്റെ സംശയം തീർക്കാൻ ഇവിടെ പോലീസുണ്ടോ പട്ടാളമുണ്ടോ... കുറഞ്ഞത് ഒരു മന്ത്രിയെങ്കിലുമുണ്ടോ?"
"നിങ്ങൾക്കെന്താ വേണ്ടത്?" വിയർപ്പിൽ മുങ്ങിയ അസ്വസ്ഥതയോടെ യാക്കൂബ് ചോദിച്ചു.
"ദേ... അത് ഞായം. എന്റെ ഭാര്യേടെവീട് കായംകുളോത്താ. ഞാങ്കള്ളുകുടിക്കുന്നെന്ന് പറഞ്ഞ് ആ കൂത്തിച്ചി പെണങ്ങിപ്പോയെന്നേ... ചേട്ടാ... ആ ചെവിയിങ്ങ് തന്നേ.... ഒരു രഹസ്യം പറേയാം. അവടെ പഴേ എടപാടുകാരനില്ലേ ആ മരമാക്രി രമേശനേ... ആ എമ്പോക്കിയെ കാണമ്പോയതാ അവള്. അവളും മരമാക്രീം കൂടിയിപ്പോ... ശോ... കണ്ടോ രോമം എഴുന്നതു കണ്ടോ... എനിക്ക് അതോർത്തപ്പം കുളിരുകോരുന്നു... ഇതെന്ത്... ഭാര്യ പെണങ്ങിപ്പോയെന്ന് കേട്ടിട്ട് ചേട്ടൻ ഞെട്ടിയില്ലേ?"
"തന്റെ ഭാര്യ പിണങ്ങിപ്പോയതിന് ഞാനെന്തിന് ഞെട്ടണം?"
"എന്റെ പൊന്നപ്പൻ ചേട്ടാ... ശോ... അതുപോരാ, തങ്കപ്പൻ ചേട്ടാ... അതും ശരിയല്ല, സ്വർണ്ണപ്പൻ ചേട്ടാ... അങ്ങനെ പറേല്ലേ... വേറുകൃത്യം ഒരു കുടിയന് പറ്റീതല്ല. എന്റെ ഭാര്യേന്നുവച്ചാ ചേട്ടന്റെ ഭാര്യ... ചേട്ടന്റെ ഭാര്യേന്നുവച്ചാ എന്റെ..."
"ഛീ... നിർത്തെടോ..." യാക്കൂബിന് പരിസരബോധം നഷ്ടപ്പെട്ടു.
"ചേട്ടൻ ക്ഷമീ... ക്ഷമി... ഇനി ഞാനൊന്നും പറകേലാ... എന്നെത്തേടി വന്ന ഈ വിശുദ്ധകാല് ഞാനൊന്ന് ഉമ്മവച്ചോട്ടെ..."
പെട്ടെന്ന് അയാൾ മുട്ടുകുത്തി. പിന്നെ കമഴ്‌ന്ന് വീണു. യാക്കൂബിന്റെ രണ്ട് കാലുകളിലും പിടിച്ച് തുരുതുറെ ഉമ്മവയ്ക്കാൻ തുടങ്ങി.
എങ്ങനെ ഈ വൈതരിണിയിൽനിന്ന് രക്ഷപ്പെടുമെന്നറിയാതെ പകച്ച് നിൽക്കുമ്പോൾ തന്റെ കാൽപാദങ്ങളെ ചൂടുള്ള ഛർദിൽ മൂടുന്നത് യാക്കൂബ് അറിഞ്ഞു.
9
ചെറിയൊരു നെഞ്ചുവേദന അനുഭവപ്പെട്ടു യാക്കൂബിന്. ക്യൂവിൻ നിന്നപ്പോൾ തുടങ്ങിയതാണ്. ഡോക്ടറെ ഒന്നു കണ്ടുകളയാമെന്ന് തോന്നി. ഹൃദ്രോഗവിദഗ്ധയായ ഡോക്ടർ വിമലാ രാമചന്ദ്രന്റെ വീട് അടുത്താണല്ലോ. അവിടേയ്ക്ക് നടന്നു. നല്ല തിരക്കുണ്ടായിരുന്നു അവിടെ. എൺപത്തിയെട്ടാമതായി ലിസ്റ്റിൽ ഇടം പിടിച്ചു. യാക്കൂബിന്റെ ഉഴമെത്തിയപ്പോൾ മണി ആർ്. നെഞ്ചിൽ സ്റ്റെതസ്കോപ്പ് വച്ചപ്പോഴേ ഡോക്ടർക്ക് രോഗം മനസ്സിലായി. ഒരു സഞ്ചി നിറയെ ഗുളികളും ഡോക്ടറുടെ സ്വന്തം ലാബിൽനിന്നുള്ള റിപ്പോർട്ടുകളും കൈയിൽ കിട്ടിയപ്പോൾ ചിലവായത് മൂവായിരം. റിപ്പോർട്ടുകളെല്ലാം നേഗറ്റീവാണെന്ന് അറിഞ്ഞ യാക്കൂബ് മരുന്നുകൾ അടുത്തുകണ്ട ചവർ ബീപ്പയിലേക്ക് വലിച്ചെറിഞ്ഞു.
അടുത്ത മാടക്കടയിൽനിന്ന് അഞ്ച് രൂപാ കൊടുത്ത് കസ്തൂരാദിഗുളിക വാങ്ങി നാലഞ്ചണ്ണം വായിലിട്ട് ചവച്ച് ഗ്യാസിന് ശമനം വരുത്തി.
10
എത്രയും പെട്ടെന്ന് വീട്ടിലെത്തണം. ഒന്നു വിശ്രമിക്കണം. വല്ലാത്ത ക്ഷീണം. യാക്കൂബ് ബസ് സ്റ്റോപ്പിലേക്ക് നടന്നു. അപ്പോൾ മൊബെയിൽ ശബ്ദിച്ചു.
പോലീസ് സ്റ്റേഷനിൽനിന്നാണ്. ഉടനെ അവിടെയെത്തണമെന്ന്!
എന്താണ് കാര്യമെന്നറിയാതെ യാക്കൂബ് ഒരു നിമിഷംനിന്നു. വിറയൽ പെരുവിരൽ മുതൽ മുകളിലേക്ക് അരിച്ചുകയറി. പോലീസ് സ്റ്റേഷന്റെപടി ചവിട്ടിയിട്ടില്ലാത്ത തനിക്ക്... വാദിയെ പ്രതിയാക്കുന്ന കാലമാണ്... ആരെങ്കിലും തനിക്കെതിരെ വല്ല കള്ളക്കേസും...
ആശങ്കയോടെയാണ് സ്റ്റേഷനിലേക്ക് കയറിച്ചെന്നത്. പാറാവുകാരനെ നോക്കി പുഞ്ചിരിച്ചു. ആ മുഖത്തെ ഗൗരവം മാഞ്ഞില്ല. കോൺസ്റ്റബിൾ എസ്.ഐ.യുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
"യാക്കൂബ് അല്ലേ?"
എസ്.ഐ.യുടെ മുഖത്ത് വലിയ ഗൗരവമൊന്നും കണ്ടില്ല. ആശ്വാസം.
"അതേ സാർ..."
എസ്.ഐ. എന്തോ ആലോചിക്കുന്നതുപോലെ ഇരുന്നു. ആ മൗനം യാക്കൂബിന്റെ ഹൃദയമിടിപ്പ് വർധിപ്പിച്ചു. പിന്നെയത് ബഹിർഗമിച്ചു.
"യാക്കൂബിന് എത്ര മക്കളാണ്...?"
"ഒരു മകളേയുള്ളു സാർ..."
"മകൾ എന്തു ചെയ്യുന്നു?"
"ബാംഗ്ലൂരിൽ എൻജിനീയറിംഗിന് പഠിക്കുകയാണ്..."
"വീട്ടിൽ വരാറുണ്ടോ?"
"ഉണ്ട്. മാസത്തിലൊരിക്കൽ. ഇന്ന് രാവിലത്തെ ബസ്സിൽ എത്തിയിട്ടുണ്ടാവും."
"അന്വേഷിച്ചില്ലേ?"
"ഞാൻ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതാണ് സാർ..."
അപ്പോഴേയ്ക്കും യാക്കൂബിന്റെ ചങ്ക് പൊട്ടിത്തുടങ്ങി. തന്റെ മകൾക്ക്...
"എന്തുപറ്റി സാർ.... എന്റെ മകൾക്ക്...?"
"ഏയ്... ഒന്നുമില്ല... ഒരു സംശയം..."
"എന്താണ് ഉണ്ടായത് സാർ... ഒന്നുതെളിച്ചു പറയൂ..."
"വരു... നമുക്ക് ഒരിടംവരെ പോകാം..."
മേശയിലിരുന്ന ക്യാപ്പെടുത്ത് തലയിൽ ഉറപ്പിച്ച്, സ്റ്റേഷന്റെ മുമ്പിൽ തയ്യാറായി കിടന്ന പോലീസ് ജീപ്പ്പിലേക്ക് ധൃതിയിൽ നടന്ന എസ്.ഐ.യെ പിൻതുടരുമ്പോൾ യാക്കൂബിന്റെ ജീവൻ പാതി നഷ്ടമായിരുന്നു.
റയിൽവേ ക്രോസിനപ്പുറം ജീപ്പ്പ് നിർത്തി, റയിൽപ്പാളത്തിലേക്ക് പോലീസുകാർക്കൊപ്പം നടക്കുമ്പോൾ യാക്കൂബിന്റെ സപ്തനാഡികളും തളർന്നിരുന്നു. അകലെയായി റയിൽപ്പാളത്തിൽ ഒരു ചെറിയ ആൾക്കൂട്ടം... ചീറിവന്ന ഉഷ്ണക്കാറ്റിൽ വാടിത്തളർന്ന യാക്കൂബിനെ ഇരുതോളിലുമായി കോൺസ്റ്റബിൾ മാർ താങ്ങി...
പെൺശരീരം കീറി മുറിച്ച് ഭക്ഷിച്ചതിന്റെ ഉച്ഛിഷ്ടം വെള്ളത്തുണിയാൽ മൂടപ്പെട്ട് കിടന്നു... എല്ലാ ധൈര്യവും സംഭരിച്ച്, ദുപ്പട്ട മാറ്റിയ, രക്തം കട്ടിപിടിച്ച,കരുവാളിച്ച മുഖത്തേക്ക് യാക്കൂബ് ഒന്നേ നോക്കി യുള്ളു. ഒരു നേരിയ തേങ്ങൽ അയാളിൽനിന്ന് ഉയർന്നു.
ആർത്തലച്ചുവന്ന ഒരു ട്രെയിൻ അപ്പോൾ ഭൂമികുലുക്കി അവരെ കടന്നുപോയി.
11
യാക്കൂബ് അപ്പോൾ കിടക്കയിലായിരുന്നു. വിലാപങ്ങൾക്ക് നടുവിൽ വിലപിക്കുന്നവർക്ക് ഉത്തേജകമാകാതെ സ്വയം ഉരുകി അയാൾ അന്ധകാരത്തിന്റെ ആലിംഗനത്തിലമർന്ന് കിടന്നു. കദനം ഉറവവറ്റാത്ത കയ്പുനീരായി അയാളെ ക്ഷാളനം ചെയ്തുകൊണ്ടിരുന്നു.
ഉണർവിന്റെ നൂലിഴപൊട്ടിയ നിമിഷങ്ങളിലൊന്നിൽ ഭാരമേറിയ മരക്കുരിശുമായി ആരൊക്കെയോ അവിടേയ്ക്ക് കടന്നുവന്നു. അവർ ആക്രോശത്തോടെ അയാളെ ചാട്ടവാറുകൊണ്ട് പ്രഹരിച്ചു. വേദനയിൽ പുളഞ്ഞ് 'അരുതേ'യെന്ന് വിലപിക്കുമ്പോഴും പകലന്തിയോളം അയാൾക്കായി പീഡനപർവം തീർത്ത മർദകരുടെ മുഖങ്ങൾ ഒന്നൊന്നായി അയാൾ തിരിച്ചറിഞ്ഞു.
പിന്നീടവർ യാക്കൂബിന്റെ ശിരസിൽ മുൾമുടി ചാർത്തി. അയാളുടെ വസ്ത്രങ്ങൾ യൂറിഞ്ഞെടുത്തു. അവിടെനിന്ന് പ്രത്തോറിയത്തിലേക്ക്. ചാട്ടവാറുകൊണ്ട് അയാളുടെ ശുഷ്കിച്ച നഗ്നമേനിയിൽ അവർ രക്തചിത്രങ്ങൾ കോറിയിട്ടു.
പിന്നെ ആ ദുർബലമായ ചുമലിൽ മരക്കുരിശ്‌വച്ചുകൊടുത്തു. യാക്കൂബ് ഭാരമേറിയ മരക്കുരിശുമായി വേച്ചുവേച്ച് ഗാഗുൽത്താമല ചവിട്ടിതുടങ്ങി.