Followers

Monday, December 2, 2013

അപ്പൂപ്പൻ

അപ്പൂപ്പൻ ഇങ്ക്വിലാബ് വിളിച്ചു നടന്നപ്പോ
അമ്മൂമ്മ ഒരുമണിയിരുമണി കൂട്ടിയൊരുക്കിയതാണ്‌
കാളിച്ചെറുമനും നീലിച്ചെറുമിയും ചവിട്ടിക്കുഴച്ചമണ്ണോണ്ട്
കൊല്ലത്തൂന്നു വന്ന ഓടോണ്ട്
ഒരറ്റുത്തൂന്നു ഓടിയാ ശർർ ന്ന് കാറ്റോടുംപോലെ
ഓടിനടക്കാൻ പറ്റിയ വരാന്തയുണ്ടായിരുന്നു.
ഒട്ടുമേ പേടിയില്ലാതെ വെയിലിൻകുഞ്ഞുങ്ങളും
കുണ്ടാമണ്ടി പൊടികളും കണ്ടപോലെ കയറിയിറങ്ങിയ ജനലഴികൾ .
നിലാവുകണ്ടും സ്വപ്നം കണ്ടും കിടന്നുറങ്ങിയ തെക്കേപ്പുര
മച്ചുംനോക്കി കിടന്ന നടുപ്പുര
ഒരു നാൽക്കാലിയെയും ഒരിരുകാലിയെയും പൂട്ടിയ ഊണ്‍മുറി
കാലും നീട്ടിയിരുന്നരക്കാൻ അമ്മിമുറി
എല്ലാറ്റിൽനിന്നുമൊഴിഞ്ഞൊരു പേറ്റുപുര.
കല്ലിനോടും മണ്ണിനോടും ഓടിനോടുമൊക്കെ അമ്മൂമ്മ ചങ്ങാത്തം കൂടി
സുഖമോ സുഖമോ എന്ന് ചോദിച്ചു.
ചിലന്തിക്കും ചിതലിനും കുഴിയാനക്കും ഉറുമ്പിനും ഒക്കെ ഇടം കൊടുത്തു
കളിച്ചുചൊറിപിടിക്കാൻ മണ്ണുണ്ടായിരുന്നു
കുളിച്ചുമിനുങ്ങാൻ കുളമുണ്ടായിരുന്നു.
കിഴക്ക് പ്ലാഞ്ചൊട്ടിൽ അപ്പൂപ്പന്റെ ചിതാഭസ്മക്കലശം
സന്ധ്യക്ക്‌ വിളക്ക് കണ്ടു.
ഓണത്തിന് ആയത്തിൽ ഊഞ്ഞാലാട്ടി പ്ലാവ്‌.
തൊപ്പിപ്പോലീസുകാരേം കൂകൂ തീവണ്ടിയുമൊക്കെ തന്നു പ്ലാവില.
സുഖമന്വേഷിച്ചു നടന്ന് നടന്ന്
സുഖമില്ലാതയൊരുദിവസം അമ്മൂമ്മ മണ്ണിന്നടിയിലൊളിച്ചു .
മണ്ണിന്നടിയിൽ പൊന്നമ്മൂമ്മ.

അച്ഛൻ പാട്ടുംപാടി നടന്നപ്പോ
വീട് അമ്മയോടോപ്പമായി.
നട്ടാൽകുരുക്കുന്നതൊക്കെ നട്ടൊരു കാടുണ്ടാക്കി
അണ്ണാറക്കണ്ണനും കിളികളുമൊക്കെ
കശ പിശകൂട്ടി കായ്കൾ തിന്നു.
കാണാത്ത വേരിനോടും, കാണുന്ന ഇലകളോടുമൊക്കെ
ദാഹിക്കുന്നുണ്ടോ വിശക്കുന്നുണ്ടോ എന്നൊക്കെ
സുഖമന്വേഷിച്ചു നടന്നു അമ്മ.
ജനലഴികളിൽക്കൂടി കാറ്റിനോടും വെയിലിനോടുമൊപ്പം
ആരോടും ചോദിക്കാതെ കടം കേറി വന്നു.
ആരും കണ്ടില്ല, ആരും അറിഞ്ഞില്ല..
അച്ഛൻ പാട്ട് പാടിക്കൊണ്ടേയിരുന്നു
അമ്മ സുഖമന്വേഷിച്ചുകൊണ്ടേയിരുന്നു
ഒരു ദിവസം ആരുമറിയാതെ വീട് പടിയോടുകൂടി പടിയിറങ്ങി
ആരും കണ്ടില്ല, ആരും അറിഞ്ഞില്ല..
ഞാനുണ്ടായിരുന്നോ? ഞാൻ കണ്ടിരുന്നോ?
എന്നോടിതൊക്കെ ആരാണ് പറഞ്ഞത്?