Followers

Monday, December 2, 2013

ഓര്‍മ്മകള്‍ക്കെന്തു സൌരഭ്യം....

 

 

സലില മുല്ലൻ

ചാമുണ്ടി ഹില്ലിലേക്കു മെല്ലെ കയറുമ്പോള്‍ കാറിന്റെ  ചില്ല് പകുതി താഴ്ത്തി. തണുത്ത കാറ്റിന്റെ വിരലുകള്‍ എന്റെ മുടിയിഴകളില്‍ കുസൃതി കാട്ടിയപ്പോള്‍ കാറ്റുപോലും നിന്നെ തഴുകുന്നത് എനിക്ക് സഹിക്കില്ല എന്ന് ചെവിയില്‍ മന്ത്രിച്ചു നീ ചില്ലുയര്‍ത്തി. ആ സ്വാര്‍ഥതയുടെ മധുരം നുകര്‍ന്നുകൊണ്ട് ഞാനന്ന് രോമക്കുപ്പായമെടുത്ത് നിന്നെ പുതപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. കാര്‍ പാര്‍ക്കുചെയ്ത്, കുന്നിന്റെ നെറുകയില്‍ അന്യഭാഷക്കാരായ തീര്‍ഥാടകരുടെ ഇടയിലൂടെ സ്വാതന്ത്ര്യത്തിന്റെ മധു നുകര്‍ന്നുകൊണ്ട് കൈകള്‍ പരസ്പരം കോര്‍ത്ത് നടക്കുമ്പോഴാണ് ചെറുപ്പക്കാരിയായ അമ്മയും മിടുക്കരായ രണ്ടാണ്‍ മക്കളും ചേര്‍ന്ന് നടത്തുന്ന ചായപ്പീടിക കണ്ണില്‍ പെട്ടത്. ചൂട് ചായയും മുളക് ബജ്ജിയും കഴിക്കുന്നതിനിടയില്‍ നീ അവരുടെ പേരും വിവരങ്ങളും ചോദിച്ചറിഞ്ഞു. സമൂഹത്തില്‍ മറ്റുള്ളവര്‍ അകറ്റി നിര്‍ത്തുന്നവരോട് ചങ്ങാത്തം കൂടുന്നത് നിനക്ക് പണ്ടേ ഉള്ള ശീലമായിരുന്നല്ലോ.
മറ്റുള്ള തീര്‍ഥാടകര്‍ ദേവിയെ തൊഴാനും ഫോട്ടോക്ക് പോസുചെയ്യാനുമുള്ള തിരക്കിലായിരുന്നു.
സാന്ധ്യച്ചോപ്പില്‍ ഗോപുരത്തിന്റെ പ്രൗഡിയേറിയതായിതോന്നി .
ലോകമാതാവിനെ വലം വച്ച്, ആളൊഴിഞ്ഞ ഒരിടം തേടി നമ്മള്‍ നടന്നു.  ആകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങിയപ്പോള്‍ അതിലേറെ ദീപങ്ങള്‍ താഴെ മിഴിതുറന്നു. കുന്നിന്റെ മുകളില്‍ നിന്ന് താഴേക്കു നോക്കിയ ഞാന്‍  ആകാശം ഭൂമിയിലേക്കിറങ്ങി വന്നോ എന്ന് അത്ഭുതപ്പെട്ടു. നഗരം മുഴുവന്‍ ദീപാലംകൃതമായി ഏതോ ഉത്സവാഘോഷത്തിന് ഒരുങ്ങി നില്‍ക്കുന്ന പ്രതീതി!
ഉയര്‍ത്തിക്കെട്ടിയ കല്പടവുകളിലൊന്നില്‍ കൈകള്‍ പരസ്പരം കോര്‍ത്ത് അസ്തമയ സൂര്യനെ നോക്കി ഇരിക്കുമ്പോള്‍ സംസാരിച്ചിരുന്നില്ല എന്നത് നമ്മള്‍ പോലും അറിഞ്ഞിരുന്നില്ല. ഹൃദയങ്ങള്‍ ഒന്നായലിഞ്ഞാല്‍ അധരങ്ങള്‍ മൗനമാകുമെന്നു വിശ്വമഹാകവി പാടിയത് എത്ര സത്യം !
ഏറെ നേരത്തിനുശേഷം തിരക്കൊഴിഞ്ഞ ക്ഷേത്രത്തില്‍ കയറി ചാമുണ്ടീ ദേവിയെ ദര്‍ശിച്ച്, പ്രസാദമായി കിട്ടിയ പൊങ്കല്‍ ക്ഷേത്രാങ്കണത്തിലെ കരിങ്കല്‍ത്തറയിലിരുന്ന് ഭക്ഷിച്ച് പുറത്തിറങ്ങി, വളരെ പതുക്കെ കാറിനടുത്തെക്ക് നടക്കുമ്പോള്‍ പരിസരം വിജനമായിത്തുടങ്ങിയിരുന്നു. ചായക്കടക്കാരി ലക്ഷ്മിയും മക്കളും എപ്പോഴോ കടയടച്ചു പോയി. വീണ്ടും വരണം നമുക്ക് എന്ന് പരസ്പരം പറഞ്ഞ് കാര്‍ സ്റ്റാര്‌ട്ടാക്കി കുന്നിറങ്ങുമ്പോള്‍ ദേവി നമ്മെ അനുഗ്രഹിച്ചുകൊണ്ട് പോയിവരൂ എന്ന് പറയുന്നതായി തോന്നി.
ഇന്നലെ, നിന്റെ യാത്രാക്കുറിപ്പ് വായിച്ചപ്പോള്‍ ഞാന്‍ ഏറെ വര്‍ഷം പിറകോട്ടു മനസ്സുകൊണ്ടു യാത്രപോയി . നീ വീണ്ടും ചെന്നു ചാമുണ്ടീ ഹില്ലില്‍ , ഞാനില്ലാതെ...ആ കരിങ്കല്‍ കല്‍പ്പടവുകളിലിരുന്നപ്പോള്‍ പഴയ ഓര്‍മ്മകള്‍ ഒരു നിമിഷാര്‍ഥമെങ്കിലും നിന്റെയുള്ളിലും മിന്നിമറഞ്ഞു കാണില്ലേ !