Followers

Monday, December 2, 2013

വാക്കിന്റെ മധു



ഗണേഷ് പന്നിയത്ത്

പ്രിയാസയൂജിന്റെ സൈബർ ചിലന്തികൾ എന്ന കവിതയെപ്പറ്റി


*************************************************************************
അവന്‍ 
തേന്‍ പുരട്ടിയ വാക്കുകള്‍ കോര്‍ത്ത്‌ 
അവളുടെ ഹൃദയത്തിലേക്കൊരു 
ചൂണ്ടയാഴ്ത്തി 

അവള്‍ 
വാക്കിന്റെ മധു നുണഞ്ഞു 
ജീവിതത്തിന്റെ മാധുര്യം 
നഷ്ടമാക്കി 

അവന്‍ 
മഴവില്ലിന്റെ വര്‍ണമുള്ള 
വലവിരിച്ചു 
കാത്തുനിന്നു 

അവള്‍ 
മഴവില്ല് കണ്ടു മോഹിച്ചു 
അതിന്റെ നിറങ്ങളില്‍ 
അലിഞ്ഞുപോയി 

അവന്‍ 
ചൂണ്ടയിടല്‍ തന്റെ 
കുലത്തൊഴിലിനോട്  ചേര്‍ത്ത് 
പ്രബുദ്ധനായി.

പ്രാഗ് കമ്യൂണിസത്തിലും ഇര തേടല്‍ പുരുഷന്റെ തൊഴിലായിരുന്നു. അവിടെ അവന്‍ എന്നാല്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിരുന്നു. തൊഴില്‍ പരമായ വിഭജനത്തിന്റെ ചാരുത .   ആധുനിക കാലഘട്ടത്തില്‍ അവന്‍ എന്നാല്‍ വേട്ടക്കാരനായി രൂപാന്തരപെട്ടിരിക്കുന്നു.  ഇവിടത്തെ ഇരതേടല്‍ സ്വന്തം കാമനകളുടെ ശമനത്തിന് വേണ്ടിയാണ്. അഭീഷ്ട്ടപദാര്‍ത്ഥങ്ങളെ കൊത്തിതിന്നുവാനുള്ള ആര്‍ത്തിയാണ് അവന്റെ ജൈവബോധത്തില്‍ കുടിയിരിക്കുന്ന സംസ്കൃതി. ദൂരവര്‍ത്തികളില്‍ കണ്ടെത്തുന്ന ഇരകളെ പോലും തന്ത്രപരമായരീതികളിലൂടെ അവന്‍ കീഴ്പ്പെടുത്തികളയും. പുരുഷാധിപത്യ സാമൂഹ്യ വ്യവസ്ഥയില്‍ അവന്‍ ഈ കൃഷി നന്നായി ചെയ്യുന്നുണ്ട്താനും. 

ആ അവസ്ഥയെയാണ് പ്രിയ സായൂജ് മനോഹരങ്ങളായ വരികളിലൂടെ സൈബര്‍ ചിലന്തികളില്‍ അവതരിപ്പിക്കുന്നത്‌.  സൈബര്‍യുഗം സ്ത്രിവേട്ടയുടെ വേദിയാണെന്ന് വര്‍ത്തമാനകാല ജീവിതയാഥാര്‍ത്യ ങ്ങളില്‍ നിന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.  പുരുഷന്റെ ഓരോ ചുവടിലും സ്ത്രിവേട്ടയുടെ ചരിതങ്ങളുണ്ട്. വശീകരണമന്ത്രത്തിന്റെ വാക്കുകളും മഴവില്ലുകളും കാണിച്ച്  അവന്‍ അവളെ കീഴ്പ്പെടുത്തുവാനുള്ള നീഗൂഡ ശ്രമങ്ങളില്‍ തന്നെയാണ്.  എന്നാല്‍ അവളോ ? മഴവില്ലിന്റെ ഉപരിപ്ലവമായ മനോഹാരിതയില്‍ മയങ്ങി അവന്റെ ചെതോവികാരങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കാതെ സ്വയം ഹോമിക്കപ്പെടുന്നു. അവന്റെ ചൂണ്ട അവളുടെ ആമാശയത്തിലെക്കിറങ്ങിയാല്‍ പോലും ആവള്‍ ഒന്നും അറിയുന്നില്ല. അവള്‍ പ്രണയാതുരയായി അവനോട് ചെന്ന് നിന്ന് അവളെ സ്വയം സമര്‍പ്പിക്കുന്നു.  
അവന്‍ 
ചൂണ്ടയിടല്‍ തന്റെ 
കുലത്തൊഴിലിനോട്  ചേര്‍ത്ത് 
പ്രബുദ്ധനായി.

ഉത്തരാധുനികയില്‍ ഈ ഇരതേടല്‍ അവന്‍ കുലത്തൊഴിലാക്കി മാറ്റിയിരിക്കുന്നു എന്ന് പ്രിയ പരിതപിക്കുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ വന്നു ചേര്‍ന്നിട്ടുള്ള അധമസംസ്കാര ത്തിന്റെ വലിയൊരു ചിത്രമാണ് ലഭിക്കുന്നത്. ചിലന്തിവല വിരിച്ചുളള അവന്റെ മൃഗീയമായ കാത്തിരിപ്പിലൂടെ നിരാലംബമായ ജീവിതത്തിലെ ആത്മീയ സംത്രാസങ്ങള്‍ നാം തിരിച്ചറിയുകയാണ്.