ഗ്രീഷ്മാ മാത്യൂസ്
ഈ പ്രായത്തിലോ അമ്മേ......?
മകന്റെ ചോദ്യം പ്രസക്തമായിരുന്നു. പ്രായം അൻപത് കഴിഞ്ഞ തന്റെ അമ്മ
ഡിവോഴ്സ് പെറ്റീഷൻ കൊടുത്തപ്പോൾ അയാൾക്കെങ്ങനെ പ്രതികരിക്കാതിരിക്കാനാവും?
അമ്മയ്ക്ക് ഓർമ്മകളിൽ ജീവിക്കണമത്രേ, തന്റെ ജീവിതം കൂടി കണക്കിലെടുക്കാതെ
നാലഞ്ച് മാസം കഴിയുമ്പോൾ മനീഷയുമായുള്ള വിവാഹത്തിന്
അമ്മയില്ലെങ്കിൽ.....? അതോ അമ്മ വരുമോ?അയാൾ കിതച്ചു, അച്ഛനെ നോക്കി, ഫോണിൽ
ആരൊക്കെയോ വിളിയ്ക്കുന്നു, പറയുന്നു... ഷെയറിന്റെ വിലയിടിഞ്ഞുവത്രേ.....
അവൾ മാത്രം ചിരിച്ചു.....കുറേ നാളുകൾക്ക് ശേഷം അമ്മ എന്ന വാക്ക്
മതിവരുവോളം കേട്ടു.... അതുമതി. പുരോഗമന ചിന്താഗതിയില്ലാത്ത അമ്മയെ മകൻ
തന്റെ അമ്മയെന്ന് കാലങ്ങൾക്ക് ശേഷം വിളിച്ചു ജോലിത്തിരക്കുകൾക്കും
ദീർഘനിശ്വാസങ്ങൾക്കും നടുവിൽ ഭർത്താവ് അവരെ മറന്ന് തുടങ്ങിയിരുന്നു.
മറവിയുടെ ഓർമ്മയുടേയും സൂക്ഷ്മരേഖകളിൽ അവർ ഒതുങ്ങിനിന്നു. അർബുദം
ബാധിക്കുന്നത് വരെ പുറംലോകവുമായി ബന്ധമില്ലാതെ ഭർത്താവിന്റെ മുറിയിൽ
നിന്നും മകന്റെ മുറിയിലേക്ക് പണവുമായി ഓടി. ഭക്ഷണം കൊണ്ട് കൊടുത്തു...
അസുഖം വന്നപ്പോൾ ഉറങ്ങാതെ കാവലിരുന്നു..
ജീവിതത്തിന്റെ ചുവപ്പുനിറം വീണുകിട്ടിയപ്പോൾ രണ്ട് പേരും അവളെ മറന്നു.
സോഫയിലോ മറ്റോ ഉറങ്ങുന്ന അവളെ പൊടിപിടിച്ച പുസ്തകത്തെ നോക്കുന്നത് പോലെ
നോക്കി ഭർത്താവ് മുഖം തിരിച്ചു. മകൻ എംബിഎ, യുകെയിൽ പഠിക്കുന്നത് സ്വപ്നം
കണ്ടു....നേടി, നേടേണ്ടതൊഴിച്ച് എല്ലാം.
ഏശിയുടെ തണുപ്പിലും അമ്മയുടെ നീലസാരിയിലെ മഞ്ഞൾക്കറയും മെഴുക്കും മകനെ
അലോസരപ്പെടുത്തി. അവളുടെ മണം ഭർത്താവിനെ ഉണർത്തിയിട്ടില്ല. മുറിവേറ്റപ്പോൾ
സ്ത്രീത്വം അവളെ ശപിച്ചു. എന്നും ശക്തമായ തലവേദന വന്നു. വേഗത കുറഞ്ഞു,
വേച്ച് വേച്ച് നടന്നു, കാര്യങ്ങൾക്ക് വേഗത കുറഞ്ഞപ്പോൾ ഭർത്താവും മകനും
ഇംഗ്ലീഷിൽ പിറുപിറുത്തു. ബിച്ച്! പഴയ എംഎ ഇംഗ്ലീഷുകാരിയ്ക്ക് അർത്ഥം
മനസ്സിലായോ...!ഇല്ലെന്ന് തോന്നുന്നു, കാരണം അവർ കരഞ്ഞില്ലെന്നത് തന്നെ.
അന്ന് പതിവില്ലാതെ അമ്മയോട് സംസാരിച്ചു. പശുക്കളെപ്പറ്റി ചോദിച്ചു.
ഇത്തവണ നെല്ലെത്ര കിട്ടി. ഫോൺ ചെവിയോട് ചേർത്ത് വെച്ചപ്പോൾ അമ്മ തന്റെ
അടുത്തിരുന്നാണ് പറയുന്നതെന്ന് തോന്നി. കരഞ്ഞു..എത്ര നേരമങ്ങനെയെന്ന്
അറിഞ്ഞുകൂടാ....പക്ഷേ, ഫോൺ വയ്ക്കുമ്പോൾ അവരുടെ മുഖം തെളിഞ്ഞു.
ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് പറിച്ച് നട്ടപ്പോൾ അവൾക്ക് യൗവ്വനം തിരികെ കിട്ടി. അമ്മയുടെ മടിയിൽ തലചായ്ച്ചപ്പോൾ ബാല്യവും.
അവർ
നടന്നു, പരസ്പരം ഒരു ചെറിയ ദൂരമിട്ട്.....പഴയ സുഹൃത്താണ്, വായനശാലയും
കൃഷിയും ഒക്കെ ഇട്ടെറിഞ്ഞ് അവൾക്ക് വേണ്ടി ആ മണൽപ്പരപ്പിൽ നരപടർന്ന്
കയറിയ ഓർമ്മകളിൽ കൂടി ഒരു ചെറിയ കാറ്റ് പറന്നുപോയി. ഭർത്താവിന്റെ വീട്ടിലെ
ആകാശത്തിന് എപ്പോഴും നീലയും ചുവപ്പും നിറമായിരുന്നു എന്നവൾ ഓർത്തു.
ചേർച്ചയില്ലാത്ത രണ്ട് നിറങ്ങൾ ഏകാന്ത തടവിൽ പാർപ്പിച്ചിരുന്ന ഒരുവൾ,
വർഷങ്ങൾക്ക് ശേഷം ഒരു മനുഷ്യജീവിയെ കണ്ടുമുട്ടുന്നത് പോലെ, വാ തോരാതെ അവൾ
മാത്രം സംസാരിച്ചു. ആകാശത്തെപ്പറ്റി, നിറങ്ങളെപ്പറ്റി, പിന്നീട്
ചിരിച്ചുകൊണ്ട് പറഞ്ഞു ഒരു ഉള്ളി ദോശ കഴിയ്ക്കാൻ ആഗ്രഹം തോന്നുന്നെന്ന്;
അയാളും ചിരിച്ച് കാഴ്ചയ്ക്ക് മങ്ങലുണ്ടെങ്കിലും അയാൾക്ക് അവളെ
കാണാമായിരുന്നു. ഒരുപക്ഷേ, അവരെ മാത്രം.. ....
ഇടയ്ക്ക് വേച്ചുപോയപ്പോൾ അയാൾ താങ്ങി, നാളെ എന്റെ മോന്റെ കല്യാണമാണ്.
അയാളുടെ നെഞ്ചിൽ ചാരിയിരിക്കുമ്പോൾ അവൾ കിതപ്പോടെ പറഞ്ഞ് നിർത്തി...ആകാശം
നീലയായി ഒരു നിറം മാത്രം.........
അയാൾ മാത്രം, മരിച്ചിട്ടും അവളെ സ്വപ്നത്തിൽ കാണുമായിരുന്നു...