ഇന്ദിരാബാലൻ
ചലിക്കുന്നു പാവകളോരോന്നും
സൂത്രധാരൻ കൊരുത്തൊരീ ചരടിലായ്
ഇഴഞ്ഞുനീങ്ങുന്നിവർ തൻ രാവുകളും
നനഞ്ഞ ശീലപോലിരുളിൽ മുങ്ങുന്നു നിശ്വാസവും.
. കഥയറിയാതെയല്ലയോ ചമയങ്ങളണിവതും
പരകായങ്ങളായിയേറെ നടന്മാരും
കൂടുവിട്ടു കൂടുമാറി കാണികളുമീ രംഗവീഥിയിൽ
നിഴൽപ്പാവക്കൂത്തുകൾ കാൺമതിന്നായ്...
നിലാവു പെയ്ത മുഖങ്ങളുമഴിഞ്ഞു വീഴുന്നുയീ-
സൂത്രധാരനൊരുക്കിയ വാരിക്കുഴികളിൽ
അലക്കിവെളുപ്പിക്കുവാൻ നോക്കി പല കല്ലിലും
നോവു സഹിയാഞ്ഞവയും തിരിഞ്ഞു പല വഴിയേ
സത്യം ചവിട്ടിക്കുഴച്ച മണ്ണിലല്ലയോ
സൂത്രധാരനാമീ കുശവൻ കുടങ്ങൾ തീർക്കുന്നതും
വെന്തുനീറിപ്പുകയുന്നോരടുപ്പു പോൽ
ചുട്ടുപൊള്ളുന്നു സത്യമാനസങ്ങളും
നിഴലുപോലുമന്യമാകുന്നൊരീ വേളയിൽ
പ്രതിരോധഭാഷ്യം മുഴക്കി പാവകൾ
നിലച്ചു നിഴൽപ്പാവക്കൂത്തുകളും
അണഞ്ഞു ,ജ്വലിക്കും ദീപനാളങ്ങളും
പാവകൾ തൻ ചലനഭേദം കണ്ടു
ഭയക്കുന്നുവോയീ സൂത്രധാരൻ
ഏറെയായാൽ തിരിഞ്ഞെതിർക്കും
ഏതു സാധുജീവി തൻ കരങ്ങളുമെന്നറിവീലെ?
കൊലവിളി മുഴക്കി ചുവടുകൾ വെച്ചു
സൂത്രധാരൻ തൻ ശിരസ്സറുത്തു പാവകൾ
കത്തീ പടുതിരിനാളങ്ങൾ രംഗമണ്ഡപത്തിൽ
ആടി വീണു,ഒരു ജീവിതത്തിൻ യവനികയും
അശാന്തി തൻ കരുക്കൾ നീക്കി
കുടിയിരിപ്പൂയനേകം സൂത്രധാരന്മാരിവിടെ
ഒടുക്കയവരെ ധർമ്മത്തിൻ വാൾത്തലയാൽ
ശുദ്ധികലശം ചെയ്തു പുണ്യമാക്കുകീ ലോകത്തേയും........!