Followers

Friday, January 29, 2010

അലക്കുകാരി



m k janardanan

അലക്കിതേച്ച തുണികളുടെ ഭാണ്ഡക്കെട്ടും ചുമലിലേന്തി അലക്കുകാരി ശിത്തിര വലിയവീടിന്റെ ഉമ്മറത്തെത്തി. കോളിംഗ്‌ ബെല്ലിന്റെ സ്വിച്ചിൽ അവളുടെ കറുത്ത ചൂണ്ടു വിരൽ അമർന്നു.അകത്ത്‌ ശബ്ദം ചിലമ്പി.അതിനിടയിൽ ഗ്രില്ലുകൾക്കിടയിലൂടെ സ്വീകരണമുറിയിലെ സെറ്റികളും, കസേരകളും ശ്രദ്ധിക്കാൻ തുടങ്ങി അവൾ. അവ കണ്ണുകൾക്കു വലിയ അതിശയമായി. ഇതുപോലെ ഒരെണ്ണം ഇരിക്കാൻ തന്റെ വീട്ടിൽ എന്നെങ്കിലും ഉണ്ടാകുമോ? അതോർക്കാൻ പോലും അവൾക്ക്‌ അർഹതയുണ്ടായിരുന്നില്ല. പട്ടിണിപ്പാവങ്ങൾക്കു നടുവിൽ ദാരിദ്ര്യ വീട്ടിൽ ജനിച്ചവളാണ്‌. ആ വീടിന്റെ ഉദ്യാനത്തിലേക്കും കണ്ണുകൾ ചെന്നു. നാനാവർണ്ണങ്ങളിൽ അഴകുള്ള പൂക്കൾ. കാറ്റുകൊള്ളാൻ സിമന്റു ബഞ്ച്‌. കണ്ണുകൾ വീണ്ടും പൂമുഖത്തേക്ക്‌ ചെന്നപ്പോൾ പൂമുഖവാതിലിലെ ചിത്രവേലകൾ കണ്ടു. തേക്കുതടിയിൽ കൊത്തിയ തേരും തേരാളിയായ കൃഷ്ണനും തേർ വലിക്കുന്ന അശ്വങ്ങളുടെ ഭംഗിയും അവളെ ഹഠാദാകർഷിച്ചു. അപ്പോഴേക്കും വാതിൽ തുറന്നു ധനികയായ വീട്ടമ്മ പ്രത്യക്ഷയായി. കൈത്തണ്ടയിൽ ധാരാളം സ്വർണ്ണവളകൾ കഴുത്തിൽ ഭാരം തൂങ്ങുന്ന സ്വർണ്ണമാല. മഹാലക്ഷ്മിയെപ്പോലുണ്ട്‌ കാഴ്ച്ചയിൽ.
"എന്താ ശിത്തിരേ തുണികളൊക്കെ അലക്കികൊണ്ടു വന്നോ?
"വന്താച്ച്‌ അമ്മാ വന്താച്ച്‌"
ഭാണ്ഡം കെട്ടഴിഞ്ഞു.
അലക്കിത്തേച്ചു വടിപോലെയാക്കിയ വസ്ത്രങ്ങളും,സാരികളും എല്ലാം നിരീക്ഷിച്ചു, വെടിപ്പും എണ്ണവും തിട്ടപ്പെടുത്തി ,കൂലി കൃത്യമായും നൽകി. എന്നിട്ടും അവൾ പടിയിറങ്ങാൻ മടിച്ചുനിൽക്കുന്നതു കണ്ട്‌ വീട്ടമ്മ പറഞ്ഞു
"ഇനിയുള്ള തുണികൾ കുറച്ചുദിവസം കഴിഞ്ഞു തരാം. ഇടക്കു വന്നാൽ മതി. ശിത്തിര പൊയ്ക്കോളു"
അവൾ വീണ്ടും തങ്ങിനിൽപ്പാണ്‌ .പോകാൻ മടി
"അമ്മാ കൊഞ്ചം കഞ്ചി കെടക്കുമാ പശിക്കിറതു"
"കഞ്ഞീം കിഞ്ഞീം ഒന്നും ഇവിടെയില്ല. കൂലി തന്നിട്ടുണ്ട്‌. പോയി അരിവാങ്ങി കഞ്ഞി വെച്ചു കുടിക്ക്‌"
ചെല്ല്‌......
വാതിലിന്റെ അൽപ്പം ചെരിവിൽ അവളെ നോക്കിനിൽക്കുന്നതുപോലെ കൃഷ്ണചിത്രം.വാതിൽ കൃഷ്ണനെ നോക്കി നിന്നു. നല്ല ഭംഗി.
അവൾ പറഞ്ഞു.
അന്ത സാമി പടം നല്ലായിരുക്കമ്മ"
വീട്ടമ്മ പറഞ്ഞു
"അല്ലേ ഒറ്റക്കതകിനു രൂപ 75000 ചിലവാക്കിയതാ.പിന്നെ മോശമാകുമോ?
തന്റെ വീടിന്റെ അഴകും ചിലവായ വൻ തുകയും വിളംബരം ചെയ്യാന്‍ കിട്ടിയ അവസരം കൊച്ചമ്മ പാഴാക്കിയില്ല. പൊതുവേ അറുത്തകൈക്കു ഉപ്പു തേക്കാത്ത -ദാഹിച്ച കുടിനീർ പോലും നൽകാനിഷ്ടപ്പെടാത്ത ഹൃദയശൂന്യയാണെങ്കിലും........
വിശക്കുന്ന വയറോടെ അവളുടെ നനഞ്ഞ കണ്ണുകൾ ഭഗവാന്റെ ചിത്രത്തിൽ തന്നെ തഞ്ചിനിന്നു.
"എങ്കിൽ പിന്നെ ശിത്തിര ചെല്ല്‌"
വീട്ടമ്മ അകത്ത്‌` കയറി കതകടച്ചു. അലക്കുതുണികളെല്ലാം കൊടുത്ത്‌ തീർത്ത്‌ ഭാണ്ഡം കാലിയാക്കി വീട്ടിലെത്തി. പകൽ മായുകയാണ്‌. തുണിക്കടയിൽ പോയി അരിയും സാധനങ്ങളും വാങ്ങി ദൂരം നടന്ന്‌ ഈ കുന്നു കയറി കൂരയിൽ വന്നു കഞ്ഞി വെച്ചു കുടിക്കാൻ ഏറെ വൈകും. ചുറ്റും പാറച്ചെരുവാണ്‌. പാറയുടെ പൊത്തിലും പോടിലുമൊക്കെ ഇരുട്ടിയാൽ വഴിയിൽ നല്ലയിനം പാമ്പുകളും ഇര തേടുന്നുണ്ടാകും.ഭയപ്പെടണം അവയെ. എന്നാൽ മനഃപ്പൂര്‍‌വ്വം‌ ‌ ഒന്നും ചെയ്യില്ല അവ.
അവൾക്കു വല്ലാതെ ദുഃഖം തോന്നി. എങ്കിലും വളരെ കാലമായി താൻ വിഴുപ്പലക്കി കെട്ടിച്ചുമന്നും കൊണ്ടുപോയി കൊറ്റുക്കുന്ന വീട്ടമ്മക്കു ഒരു തവി ചോറു ,ഈ ഏഴക്കു തരാൻ തോന്നിയില്ലല്ലോ. മനസ്സേറെ തപിച്ചു കരഞ്ഞുപോയി ശിത്തിര. സാരമില്ല. എല്ലാം ദൈവത്തിന്റെയിഷ്ടം. നടക്കട്ടെ. തന്റെ വിധിയിങ്ങനെ. ശിത്തിരയുടെ അടുക്കളയും വർക്കേരിയയും ഭക്ഷണശാലയും കിടപ്പുമുറിയും ഒക്കെക്കൂടി ഏഴു ചതുരശ്ര അടി മാത്രം വിസ്തീർണ്ണമുള്ള ചാണകം പൂശിയ ഈ തറയാണ്‌.

ചുറ്റും വാരിക്കമ്പുകൾ നാട്ടി അതിന്മേൽ ചാക്കുതുണി കെട്ടിമറച്ച ഭിത്തി. ചാക്കുകൊണ്ടുള്ള വാരിക്കമ്പിന്റെ കതക്‌. മേൽക്കൂരയും വാരിക്കമ്പുകളാൽ തന്നെ. ദ്രവിച്ച തെങ്ങോല മടലുകളുടെ പഴുതിലൂടെ മാനം മുഴുവനും കാണാം. മഴയും മഞ്ഞും നനയാം. ഭാഗ്യത്തിന്‌ മനുഷ്യരുടെ മനോഗുണം കൊണ്ട്‌ പരിതഃസ്ഥിതി നശിച്ച്‌ "മഴക്കാലം" എന്നൊരു കാലം അകന്നു മറഞ്ഞുപോയത്‌ ശിത്തിരയുടെ ഭാഗ്യം. മഴ നനയാതെ കിടന്നുറങ്ങാം. .ചിലപ്പോള്‍ ഉറക്കത്തിൽ പഴുതാര കുത്തിയുണർത്തും. മറ്റുപകരണങ്ങൾ ചെറിയ അലുമിനിയ കഞ്ഞിക്കലം. ചെറു ചെരുവം. ഒരു ഗ്ലാസ്സ്‌. പിടിയറ്റ വറചട്ടി. ഒരു മണ്ണെണ്ണ സ്റ്റൗ, ഒരു പ്ലേറ്റ്‌.ഉറങ്ങാൻ ഒരു കീറപ്പായ. ഒരു നാറ തോർത്ത്‌. മണ്ണെണ്ണക്കു വിലയായതിനാൽ അതിന്റെ തകർ ടിന്നിൽ ഒരു ചായക്കൊ മറ്റോ ബാക്കി കാണും. അത്രതന്നെ. ഇതൊക്കെയാണ്‌ ശിത്തിരയുടെ ആകെ സമ്പത്തിന്റെ സത്യവാങ്ങ്‌മൂലം. സ്റ്റൗവിൽ വെള്ളം തിളച്ചപ്പോൾ ഒരു നുള്ളു തേയില ഇട്ടു. അൽപ്പം പഞ്ചസാര പൊതിഞ്ഞു വെച്ചിരുന്നത്‌ കട്ടു തിന്നാൻ കയറിക്കൂടിയ കാക്കയുറുമ്പുകളെ ആട്ടിയകറ്റി, ചുട്ടുപൊള്ളുന്ന കടും ചായ ആറാനുള്ള ക്ഷമയില്ലാതെ ഊതിക്കുടിച്ചു. വെള്ളത്തിനും പഞ്ഞം.ചരിവിനു താഴെ നിന്നു ചുമന്നുകൊണ്ടുവരണം. ചായക്കടയിലെ ഒരു ഉഴുന്നുവടയാണ്‌ ഇതുവരേയുള്ള പകലത്തെ ആഹാരം. അരി വാങ്ങിച്ചു കൊണ്ടു വന്ന്‌ കഞ്ഞി വെച്ച്‌ ഒരു തവി കഞ്ഞികുടിക്കണമെന്ന്‌ ആഗ്രഹം തോന്നി. പക്ഷെ എങ്ങനെ കുന്നിറങ്ങിപ്പോയി നടന്നു ടൗണിൽ ചെന്നു തിരികെ വരാനാണ്‌? തീരെ വയ്യ.വല്ലാത്ത തലവേദന വരുന്നു. പടിപടിയായി വേദന കൂടി.സകല നാഡികളേയും തളർത്തി കശക്കുന്നു. തല പിളർക്കുംപോലുള്ള വേദനയാൽ കടവുകളെ.....കടവുകളെ..എന്നു കരയുന്നുണ്ട്‌ അവൾ. വേദനയുടെ മൂർദ്ധന്യത്തിൽ വീണുപോയി. കീറപ്പായയിൽ എപ്പോഴോ ഉണരും മുമ്പ്‌ ,അർദ്ധബോധത്തിൽ ആരോ വന്നിരിക്കണം. ആശുപത്രിയിൽ കൊണ്ടു ചെന്നാക്കി.അയലത്ത്‌ പാറച്ചെരുവിൽ ആട്ടോ ഓടിക്കുന്ന മനുഷ്യത്വമുള്ള ഒരു ചെറുപ്പക്കാരനുണ്ട്‌. അദ്ദേഹമാണോ? ആകാം. ധർമ്മാശുപത്രിയിൽ ഗൗരവ രോഗികളുടേയും ,നിസ്സാരരോഗികളുടേയും രോഗമുണ്ടോയെന്നു പോലും നിശ്ചയമില്ലാത്ത സംശയനിവാരണ രോഗികളുടെയും വൻതിരക്ക്‌. അവരുടെയൊക്കെ ആശ്രിതപ്പടകൾ വേറെ.
ധർമ്മാശുപത്രിയുടെ ഗതികേട്‌. പ്രൈവറ്റിൽ പണം കൊടുക്കണം. ആകയാൽ ഇത്രയുമല്ല തിരക്ക്‌. ശിത്തിര ക്യൂവിൽ നിന്നു നിരങ്ങി ഡോക്ടറുടെ മുന്നിലെത്തി. ഡോക്‌ടറുടെ കണ്ണുകൾ അവളിലേക്ക്‌ നീണ്ടു.
"എന്താണ്‌ അസ്വസ്ഥതയെന്നു പറയു"
അദ്ദേഹം സ്റ്റെതസ്ക്കോപ്പ്‌ കയ്യിലെടുത്ത്‌ ചെവിയിൽ ചേർത്തു.
തലയിൽ കൈത്തല മമർത്തി ശിത്തിര പറഞ്ഞു.
"വെട്ടുകത്തിയാലെ വെട്ടിനുറുക്കണമാതിരി തല വലിക്കിത്‌ ടാക്ടർ"
ഡോക്ടർ ഏറെ നേരമെടുത്ത്‌ ഹൃദയമിടിപ്പ്‌ പരിശോധിക്കുകയും അതിന്റെ വേരിയേഷൻ പഠിക്കുകയും ചെയ്തു. അവൾക്കു വേണ്ടി ഏറെ സമയം നീണ്ടപ്പോൾ ക്യൂവിൽ നിന്നവർ പിറുപിറുത്തു. നാശം എത്ര നേരമായി മറ്റുള്ളവരുടെ സമയം മിനക്കെടുത്തുന്നു.
ഒടുവിൽ വേദന സംഹാരി ഗുളികകൾ നൽകിക്കൊണ്ട്‌ പരിശോധനകൾക്കായി വീണ്ടുമെത്താൻ കൽപ്പിച്ചുകൊണ്ട്‌ ഡോക്ക്‌ടർ അവളെ പറഞ്ഞയച്ചു. പല ദിനങ്ങളിലായി പിന്നെ ,പല പല പരിശോധനകൾ.ഒടുവിൽ അവളുടെ പ്രശ്നാവലികൾക്കു ഡോക്‌ടർ ഉത്തരം കണ്ടുപിടിച്ചു. തലയിൽ രക്ഷിക്കാവുന്ന സ്റ്റേജുകളെല്ലാം പിന്നിട്ടു കഴിഞ്ഞ ബ്രയിൻ ട്യൂമർ....... പ്രൈവറ്റു ചികത്സക്കു പോയാൽ സർജ്ജറിക്കും മറ്റുമായി 3 ലക്ഷം വേണ്ടി വരും. റീജിനൽ ക്യാൻസർ സെന്ററിൽ പോയാൽ ഇളവുണ്ട്‌. അതിന്‌ ആരുണ്ട്‌?100 ശതമാനം ഫെയിലർ സാദ്ധ്യതയാണുള്ളതെന്നു ഡോക്‌ടർ പറഞ്ഞു. ആരോ പറഞ്ഞു; ഭക്ഷ്യമായവും മറ്റുമായി അധികമാളുകൾ രോഗികളായിരിക്കുന്നു. അതുവഴി ആശുപത്രികൾ ഏതർത്ഥത്തിലും അറവുശാലകളായിരിക്കുന്നു.
"ഡോക്ടർ തിരക്കി"എന്തു ശെയ്യും ശിത്തിരെ? "
"ഒന്നുമേ ശെയ്യമുടിയാത്‌ ടാക്ടർ "
അവൾക്കു മരണം സുനിശ്ചിതം. ആളും അർത്ഥവുമില്ലാതെ തനിയെ അവൾ കുടിലിലേക്ക്‌ നടന്നു. ഒരു മകനും മരുമകളും ഉള്ളതു ചെന്നൈയിലാണ്‌. അവളെ കെട്ടിച്ചപ്പോൾ സ്ത്രീധനം കൊടുക്കായ്‌കയാൽ കഴിഞ്ഞ കുറി വന്നപ്പോൾ ആകെയുണ്ടായിരുന്ന സമ്പാദ്യം ഒരു ഓടിന്റെ കനൽത്തേപ്പുപെട്ടി അവൾ സ്ത്രീധനത്തിനു പകരം എടുത്തുകൊണ്ടുപോയി. അവരും അഗതികൾ. എപ്രകാരമോ ചരിവിലൂടെ തലയിലെ വേദന ഏന്തി നടന്നു. അവൾ കൂരയിലെത്തി. കീറപ്പായ നീർത്തി അതിലിരുന്ന്‌ കൈ മടക്കി തലയിണയാക്കി ചെരിഞ്ഞു കിടന്നു.

ജലപാനമില്ലാതെ ,ശുശ്രൂഷയില്ലാതെ, ആശ്രിതരില്ലാതെ ഒരേ കിടപ്പ്‌.താലൂക്ക്‌ ആശുപത്രിയുടെ പാലിയേറ്റീവ്‌ കെയർ യൂണിറ്റിലെ
പ്രധാന ഡോക്‌ടറും സാത്വികമനസ്സിന്റെ ഉടമയുമായ ഡോക്ടർ മിനി മോഹനനും വോളണ്ടിയർ സംഘവും ശിത്തിരയെത്തേടിയെത്തി. ദൈന്യതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമായിക്കിടക്കുന്ന രോഗി. കരുണയറ്റു പോയ ലോകം. ഡോക്ടറും സംഘവും ചെല്ലുമ്പോൾ ഒരാഴ്‌ച്ചയായി വശം ചെരിഞ്ഞുള്ള ഒരേ കിടപ്പിൽ രോഗി തീർത്തും അവശയാണ്‌. ഭക്ഷണം കൊടുക്കാനാരുമില്ലാതായ അവസ്ഥയിൽ ഒരു ബൺകഷ്‌ണമോ, കുടിനീരോ ഇറക്കനാവാതായ രോഗി. ശുശ്രൂഷ പോലും ശ്രമകരം. ഡോക്ടറും സംഘവും ആവതെല്ലാം ചെയ്തു. ചരിഞ്ഞുകിടക്കുന്ന അവസ്ഥയിൽ നിന്നും നിവർത്തുമ്പോൾ പായയിൽ ഒട്ടിപ്പിടിച്ചിരുന്ന മുടികൾ ഒന്നിച്ചു പറിഞ്ഞുപോയി. നിവർത്തിക്കിടത്തി മുടി പറ്റെ മുറിച്ചു നീക്കി. ചൂടുവെള്ളത്തിൽ തുണി മുക്കി പ്പിഴിഞ്ഞു ദേഹം മുഴുവനും തുടച്ചു. കുടിനീർ നൽകാൻ വേണ്ടുവോളം ശ്രമിച്ചു. ആവുന്നില്ല. ശുശ്രൂഷാസംഘത്തെ ഒഴിച്ചാൽ അവൾ ജീവിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ദയാശൂന്യരായി മാറിക്കഴിഞ്ഞ ലോകർക്കു താത്പര്യമുണ്ടായിരുന്നില്ല. ദേവാലയങ്ങളിൽ കനത്ത തുകയുടെ വഴിപാട്‌ നേർന്നു തനിക്കു മാത്രം രക്ഷകൾ ലഭിക്കാനായി ഉഴറി നടക്കുന്ന ഭക്തരും അവരുടെ സ്വാർത്ഥദൈവങ്ങളും അവൾക്കു തുണയായില്ല. വേദനയിൽ നിന്നുള്ള മുക്തി പോലെ ഒരു നാൾ അവൾ മരിച്ചു. ദീനരിൽ ദീനയായി ജീവിച്ചു മൃതയായി അവൾ കിടന്നു. ഒരാഴ്‌`ച്ചക്കു ശേഷം ഡോക്ടറും സന്നദ്ധ സംഘവും പരിശോധനാശുശ്രൂഷകൾക്കെത്തുന്നതുവരെ അവിടേക്ക്‌ അയൽക്കാരാരും തിരിഞ്ഞു നോക്കിയില്ല. ആകയാൽ മരണവിവരം ആരും അറിഞ്ഞില്ല. ആഴ്ച്ചവട്ടത്തിനുള്ളിൽ രക്ഷാസഘം വന്നെത്തുമ്പോൾ അവളുടെ ചീഞ്ഞു പുഴുവരിച്ച ശരീരമാണവരെ എതിരേറ്റത്‌. അസഹ്യമായ ദുർഗന്ധവും......കാറ്റിലൂടെ നാലു ദിശകളിലേക്കും ചിതറി ആ ഗന്ധം ചെന്നെത്തുമ്പോൾ ആളുകൾ ധൂപമൂട്ടാൻ കരുതിവെച്ച ചന്ദനത്തിരികളുടെ കൂട്‌ പൊളിച്ച്‌ നാസികയിലെ നാറ്റമകറ്റാൻ അവയെ ഒന്നിച്ച്‌ തീ കൊളുത്തിവയ്ക്കുകയാണ്‌ ചെയ്തത്‌. ഹൃദയ നന്മകളുടേ ഉറവകൾ- മനസ്സുകളുടെ ,ഏതു കൊടും വേനലിലും വറ്റിപ്പോകാതെയുള്ള ചിലർ ശിത്തിരയുടെ മൃതദേഹം പൊതിഞ്ഞു പായയിൽ ചുരുട്ടി ഒരു വാഹനത്തിലേറ്റിവെച്ച്‌ ശ്മശാനത്തിലേക്ക്‌ നീങ്ങി ........................