Followers

Tuesday, March 4, 2014

ഭാവനാശാലികളുടെ ഭാവിഭാരതം




പി. സുജാതൻ


നന്ദൻ നിലേക്കനിയുടെ 'വിഭാവന ചെയ്യുന്ന ഇന്ത്യ' എന്ന കൃതിയിൽ ഒരു അനുഭവ വിവരണമുൺ​‍്‌. ഇൻഫോസിസ്‌ കമ്പനിയുടെ ബാംഗ്ലൂർ കാമ്പസിൽ നന്ദനെ കാണാൻ ഒരു അമേരിക്കക്കാരൻ എത്തി. മൈസൂറിൽ നിന്ന്‌ ബാംഗ്ലൂർ സിറ്റി വരെ റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാണ്‌ വിദേശി ഇൻഫോസിസിന്റെ വളപ്പ്‌ കടന്നത്‌. നന്ദനുമായുള്ള കൂടിക്കാഴ്ചയിൽ ഏറെ നേരവും റോഡ്‌ യാത്രയുടെ ക്ലേശങ്ങൾ അതിഥി വിസ്തരിച്ചുകൊൺ​‍ിരുന്നു. അയാൾ പറഞ്ഞു: "നന്ദൻ, നിങ്ങളുടെ ഈ കമ്പനി വളപ്പ്‌ എത്ര മനോഹരമായിരിക്കുന്നു. വൃത്തിയും വെടിപ്പും ഉള്ള വിശാല വീഥികൾ. മനോഹരമായ തൊഴിലിടങ്ങൾ, പക്ഷേ കമ്പനിക്ക്‌ പുറത്തുള്ള റോഡ്‌ ഇതുപോലാകാത്തത്‌ എന്ത്‌? ഹുസ്സൂർ റോഡുവഴി ബാംഗ്ലൂരിൽ എത്താൻ എത്രമാത്രം ഞാൻ കഷ്ടപ്പെടേണ്ടി വന്നു. തകർന്ന റോഡുകളിലെ വാഹനത്തിരക്ക്‌ ഭയങ്കരം തന്നെ. ഇൻഫോസിസിന്റെ കാമ്പസുപോലെ പൊതുറോഡുകളും നന്നാകാൻ എന്താണ്‌ തടസം?"


വിദേശിയുടെ ജിജ്ഞാസയ്ക്ക്‌ മറുപടിയായി നന്ദൻ നിലേക്കനി ഇങ്ങനെ പറഞ്ഞു: "രാഷ്ട്രീയം, ഉദ്യോഗസ്ഥ അഴിമതി, കരാറുകാരന്റെ തട്ടിപ്പ്‌". ആ ഉത്തരം അതിഥിക്ക്‌ പിടിച്ചില്ല. അദ്ദേഹം ശബ്ദമുയർത്തിപ്പറഞ്ഞു."എന്നാൽ താങ്കളെപ്പോലുള്ളവർ രാഷ്ട്രീയത്തിൽ വരണം. ദീർഘമായ ഒരു ചിരിയായിരുന്നു അതിന്‌ നന്ദന്റെ മറുപടി. അമേരിക്ക പോലെയാണ്‌ ഇന്ത്യയെന്ന്‌ സായിപ്പ്‌ ധരിച്ചുകാണും. ഒരു കമ്പനി എക്സിക്യൂട്ടീവിന്‌ പൊടുന്നനെ ഒരു ദിവസം രാഷ്ട്രീയത്തിലിറങ്ങി ശോഭിക്കാമെന്ന്‌ ഇന്ത്യയിൽ ആരും കരുതുന്നില്ല. അമേരിക്കയിൽ അങ്ങനെ സാധിക്കും. സാധിച്ചിട്ടുൺ​‍്‌. മൈക്കൾ ബ്ലുംബെർഗ്‌ വലിയൊരു കമ്പനിയുടെ മേധാവിയായത്‌ പൊടുന്നനെയാണ്‌. അതേ വേഗത്തിൽ പിറ്റേക്കൊല്ലം അദ്ദേഹം ന്യൂയോർക്ക്‌ നഗരത്തിലെ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഒരു രാഷ്ട്രീയ ഭരണാധികാരിയാകാൻ ഒരാൾക്ക്‌ അത്രവേഗം കഴിയുമെന്ന്‌ തോന്നുന്നില്ല.


പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്‌ രാഷ്ട്രീയത്തിൽ യാദൃച്ഛികമായി വന്നുപെട്ട ഒരാളാണ്‌. സാമ്പത്തികശാസ്ത്രം പഠിച്ച്‌ കലാശാലാ അധ്യാപകനായി തുടങ്ങിയ ഡോ. സിംഗ്‌ ലോകബാങ്കിൽ പ്രവർത്തിച്ചു. ഇന്ത്യയിൽ മടങ്ങിവന്ന്‌ റിസർവ്വ്ബാങ്ക്‌ ഗവർണറായി. റിട്ടയർ ചെയ്ത്‌ പെൻഷൻവാങ്ങി വീട്ടിൽ വിശ്രമിക്കേൺ ഘട്ടത്തിലാണ്‌ അദ്ദേഹം അപ്രതീക്ഷിതമായി പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യവകുപ്പിന്റെ ചുമതല ഏറ്റെടുത്ത്‌ രാഷ്ട്രീയത്തിൽ എത്തിയത്‌. രാജീവ്ഗാന്ധിയുടെ ദുരന്ത മരണശേഷം രൂപം കൊൺ ന്യൂനപക്ഷ മന്ത്രിസഭയായിരുന്നു അത്‌. കാലാവധി പൂർത്തിയാക്കുമോ എന്ന്‌ സകലരും സന്ദേഹിച്ചു. നരസിംഹറാവുവിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ ഫലിച്ചു. പുത്തൻ സാമ്പത്തിക നയങ്ങൾക്ക്‌ ഉദാരപൂർവ്വം ഇന്ത്യയിൽ തുടക്കം കുറിച്ചതു റാവു പ്രധാനമന്ത്രിയയായിരുന്ന കാലത്താണ്‌. ധനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിംഗ്‌ ആയിരുന്നു പരിഷ്കരണ പ്രക്രിയയുടെ ചുക്കാൻ പിടിച്ചതു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ലോകശ്രദ്ധയിൽകൊണ്ടുവന്നു.

വികസനരംഗത്ത്‌ പുതിയ കുതിച്ചുചാട്ടങ്ങളുൺ​‍ായി. പിന്നാലെ വന്ന എൻ.ഡി.എ സർക്കാരിന്‌ മാറ്റിമറിക്കാൻ പറ്റാത്തവിധം സുദൃഢമായ ഒരു തുടക്കമായിരുന്നു സിംഗിന്റെ പരിഷ്കരണങ്ങൾ. ലോക സാമ്പത്തിക കാലാവസ്ഥയുടെ ഗതി മനസിലാക്കി നടത്തിയ അർത്ഥവത്തായ ചുവടുവയ്പുകൾ ഫലം കൺ​‍ു. കോൺഗ്രസ്‌ നേതൃത്വത്തിൽ 2004ൽ യു.പി.എ അധികാരത്തിൽ വന്നപ്പോൾ സോണിയഗാന്ധിക്ക്‌ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക്‌ നിർദ്ദേശിക്കാൻ പറ്റിയ സ്വാഭാവിക പ്രതിനിധി ഡോ. മൻമോഹൻസിംഗ്‌ ആയി. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ നോട്ടമുള്ള പ്രണബ്‌ കുമാർ മുക്കർജിക്ക്‌ പോലും ലഭിക്കാതെ പോയ അവസരമാണത്‌. ഒരിക്കൽ പ്രണബ്‌ ധനമന്ത്രിയായിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ കീഴിൽ റിസർവ്വ്‌ ബാങ്ക്‌ ഗവർണർ എന്ന പദവിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഡോ. മൻമോഹൻസിംഗ്‌. പിന്നീട്‌ ക്യാബിനറ്റ്‌ കോളീഗും ഇപ്പോൾ പ്രധാനമന്ത്രിയെന്ന നിലയിൽ പ്രണബിന്റെ ബോസും ആണ്‌ സിംഗ്‌. ഇതെല്ലാം രാഷ്ട്രീയത്തിലെ യാദൃച്ഛികതകളാണ്‌. ഒരു കമ്പനി മേധാവിക്കോ അക്കാദമീഷ്യനോ പൊടുന്നനെ രാഷ്ട്രീയനയ തീരുമാനങ്ങളുടെ തലപ്പത്ത്‌ എത്താൻ ഇന്ത്യയിൽ അനേകം കടമ്പകളുൺ​‍്‌. അത്രത്തോളം വിശാലമായ പ്രോഫഷണലിസം ഇന്ത്യൻ ജനാധിപത്യം സ്വപ്നം കൺ​‍ുതുടങ്ങിയിട്ടുപോലുമില്ല.


രാജീവ്ഗാന്ധിയാണ്‌ രാഷ്ട്രീയത്തിൽ തൊഴിൽ പ്രാഗൽഭ്യത്തിന്‌ പ്രാധാന്യം നൽകിയ പ്രധാനമന്ത്രി. ശാസ്ത്രസാങ്കേതിക മികവിലൂടെ ഇന്ത്യയെ അടുത്ത നൂറ്റാണ്ടിലേക്ക്  നയിക്കണമെന്ന ഒരു ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ രംഗത്തും ഉജ്വലമായ പ്രവർത്തനാനുഭവമുള്ള വിദഗ്ധരെ അധികാരപദവികളിൽ കൊണ്ടുവരാൻ  കോൺഗ്രസിന്റെ കവാടം രാജീവ്ഗാന്ധി തുറന്നിട്ടു. അതിന്റെ മെച്ചവും ഇന്ത്യക്കുണ്ടായി.

നന്ദൻ നിലേക്കനി  യുനീക്ക് ഐഡ്ന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന നൂതനമായ ഒരു പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷ പദവിയിൽ മഹത്തായ ഒരു പ്രവർത്തന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്‌. രാജ്യത്തെ എല്ലാ പൗരന്മാർക്കും തിരിച്ചറിയൽ കാർഡ്‌ നൽകുക എന്നതാണ്‌ ആ സ്ഥാപനത്തിന്റെ സമയബന്ധിത ലക്ഷ്യം. വ്യക്തിയെക്കുറിച്ച്‌ അറിയേൺ മുഴുവൻ വസ്തുതകളും രേഖപ്പെടുത്തിയ ഡിജിറ്റൽ രേഖയാണ്‌  അത്. UIDAI  വരുന്ന ഒരു വർഷത്തിനുള്ളിൽ കേരളത്തിലാണ്‌ ആദ്യമായി പദ്ധതി പൂർത്തിയാക്കുക. മൂന്നുകൊല്ലം കൊണ്ട്  എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലെ ജനസംഖ്യ എന്നും ഒരു അനുമാനമാണ്‌. 2011ലെ പ്രാഥമിക റിപ്പോർട്ട്‌ പ്രകാരം രാജ്യത്ത്‌ 121 കോടി ജനങ്ങളുണ്ടെന്ന്  കണക്കാക്കുന്നു. അലഞ്ഞുതിരിയുന്നവരും തെരുവിൽ ഉറങ്ങുന്നവരും ഈ കണക്കെടുപ്പിൽ വരില്ല. നാടോടികളും ഭവനരഹിതരുമായ കോടിക്കണക്കിനാളുകൾ രേഖയിലില്ല. ഇന്ത്യയിലെ വികസനാസൂത്രണ നയങ്ങളെ അട്ടിമറിക്കുന്ന ഒരു വസ്തുതയാണിത്‌. നന്ദന്റെ തിരിച്ചറിയൽ കാർഡ്‌ ഈ കുറവ്‌ എന്നേക്കുമായി പരിഹരിക്കും. ഇത്തരം നൂതനമായ ഒരു പദ്ധതിയുമായി ഇൻഫോസിസ്‌ വിട്ട്‌ കേന്ദ്രസർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഈ ടെക്നോക്രാറ്റിന്റെ ഉള്ളിൽ ഭാവനാശാലിയായ ഒരു രാഷ്ട്രീയ മനുഷ്യൻ ഒളിച്ചിരുപ്പുണ്ട്. കർണ്ണാടക സ്വദേശിയായ നന്ദൻ നിലേക്കനി എന്ന 56കാരൻ നാളത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാകില്ലെന്ന്‌ ആരുകണ്ടു?