Followers

Tuesday, March 4, 2014

യാത്ര



ചവറ കെ.എസ്‌.പിള്ള

ചിറകുതളർന്നുപോയെങ്കിലും മനപ്പക്ഷി
ചിറകുനീർത്തിപറന്നെത്രയും ജാതോല്ലാസ-
മൊഴുകിയെത്തീടുന്നൂയനന്തവിഹായസ്
സിൽ
തിരികെയണയുന്നു, വപ്പൂപ്പൻതാടിപോലെ
എന്തൊരാനന്ദ, മെനിക്കിന്നുമീസായന്തന-
മങ്ങലുചൂഴുമ്പോഴും സ്വപ്നയാത്രകൾചെയ്‌വാൻ
വാഴ്‌വിൻ യാഥാർത്ഥ്യത്തിൻകയ്പുകളലിഞ്ഞുപോ
മായികസങ്കൽപത്തിൻമാധുരി നുണയുവാൻ!
എത്രമേലപാരതപുൽകിലും തിരിച്ചിട-
ത്തെത്തുവാൻ ക്ഷണിപ്പതീഭൂമിതൻനിയാമക-
ശക്തിയാണല്ലോ,യോരോയാത്രയും തുടങ്ങീടു-
മിടത്തുവീണ്ടും വന്നുപതിക്കും കല്ലാണല്ലോ.
എന്നേ തുടങ്ങീയാത്ര, അമ്മതന്നുദരത്തി-
ലൊക്കത്തു, കയ്യിൽതൂങ്ങി,യോടിയും ചാഞ്ചാടിയു-
മോണത്തിനുഞ്ഞാലാടാ, നോണപ്പൂക്കളം തീർക്കാ-
നോണപ്പൂത്തുമ്പിതുള്ളാ, നന്നാവാമോർമ്മിപ്പുഞ്ഞാൻ
യാത്രകളനന്തമാം യാത്രകളതിൻപാത-
നീട്ടലും കുറയ്ക്കലും തുടരും മഹായാനം!
ഇരുളും വെളിച്ചവും പൂക്കുന്ന വഴികളിൽ
മുള്ളുകൾ, കുണ്ടും കുഴീം, പൊള്ളുന്ന കനലുകൾ
പൂവുകൾ, തളിർത്തൊത്ത, പൂന്തണൽ, തണ്ണീർപ്പന്ത-
ലൊക്കെയും താണ്ടി, യെത്രസാർത്ഥകം മമയാത്ര!
യാത്രകൾ, ജനപഥവേഴ്ചകൾ, ഋതുക്കൾതൻ
മാറ്റങ്ങൾ, സംസ്കാരത്തിൻ തീർത്ഥങ്ങൾ, ചരിത്രത്തിൻ
തോറ്റങ്ങൾ, വഴിവിള, ക്കിക്കാലപാദമുദ്ര
ഒക്കെയുമറിവിന്റെ പെട്ടകം തുറക്കുന്നു
യാത്രകളകക്കണ്ണിൻ പാളികൾ തുറക്കുന്നു
യാത്രകളന്വേഷണ; മറിയാനിഗോ‍ൂഡത-
പ്പൂട്ടുകൾ തുറക്കുന്നു, ചരിത്രം രുചിക്കുന്നു
കാഴ്ചകളൊരുക്കുന്നുകാണാത്തിടങ്ങളിൽ
യാത്രകളനുധ്യാനമാത്രകളാക്കിത്തീർത്ത
തീർത്ഥപാദരാം മഹായാത്രികർ, ധർമ്മാധർമ്മ-
സൂക്തങ്ങൾ വിരചിച്ച ജ്ഞാനികൾ മഹാശയർ
ആർത്തരായലഞ്ഞവർ പ്രപഞ്ചസത്യംതേടി.
യാത്രയാലല്ലോ ബുദ്ധൻ പരമവെട്ടം നേടി
നാട്ടകത്തമാവാസിരാത്രികൾ പകലാക്കി.
യാത്രയാലല്ലോകാലരഥ്യയിൽ ദീപസ്തംഭം
തീർത്തവർ സ്നേഹോദാരധന്യരാം മനീഷിമാർ
യാത്രയാലല്ലോ നിത്യസത്യത്തിൻ പൊരുളുകൾ
പൂത്തതീ മണ്ണിൽ സ്നേഹസങ്കീർത്തനങ്ങൾ പാടി