manampur rajanbabu
'നിറുത്തുക നാടകം!'-പൊട്ടിത്തെറിക്കുന്നു
പ്രേക്ഷകരൊന്നായിരമ്പിക്കുതിക്കുന്നു
നാടകക്കാർ പ്രാണഭീതിയാൽ നാട്യങ്ങൾ
ഓടയിലുപേക്ഷിച്ചു ജീവിതം കാക്കുന്നു
കാണികൾ പൊടുന്നനെ നാടകം കെട്ടുന്നു
വേഷങ്ങൾ ചമയങ്ങളേതുമേയില്ലാതെ
ആൾക്കൂട്ടമാകെ നടുങ്ങുമ്പൊഴും സ്വയം
പ്രേക്ഷകരായ് നിന്നു നാടകം കാണുന്നു
നാടകമപ്പാടെ മാറുന്നു, ദുസ്സഹ-
ജീവിതത്തിന്റെ പ്രതിച്ഛായയാകുന്നു...
പല്ലുകൾ കാട്ടിയിളിച്ചിരുന്നോരിതാ
പല്ലിറുമ്മുമ്പൊഴും കണ്ണീർ തുടയ്ക്കുന്നു...
ജീവിതഭാഗധേയങ്ങൾ വീഴുന്ന
വാമനന്മാരെ വിചാരണ ചെയ്യുന്നു
കവലയിൽ പിന്നെയും ഒഴുകിവന്നെത്തുന്നു
ആളുകൾ; വാഹനങ്ങൾ, വഴിമുട്ടുന്നു.
'എന്തായിരുന്നു തുടക്കം? - ആരായുന്നു
വൈകി വന്നെത്തിയോർ (ശല്യമാണെപ്പോഴും)
'വൈകിയോർക്കായതാ വീണ്ടും കഥിക്കുന്നു.
നിശ്ശബ്ദരാകുവിൻ, കാതുകൂർപ്പിക്കുവിൻ!'
വേദിയിൽനിന്ന് ഒരാൾ:
'പണിശാല വിട്ടു മടങ്ങവേ കവലയിൽ
പതിവില്ലാതാൾക്കൂട്ടം, ആൽമരച്ചോട്ടിൽ'
'നാടകമാ'- ണൊരാളാർത്തു വിളിച്ചു.
നടുറോഡിൽ ചമ്രം പടിഞ്ഞു ഞങ്ങൾ.
സ്റ്റേജില്ല, തിരശ്ശീലയില്ല, പിൻവാദ്യങ്ങൾ
എങ്കിലും എങ്കിലും നാടകം നാടകം!
പുതുവാല്യക്കാരൻ സുമുഖനാം സൗമ്യൻ
പുതുനാടുവാഴി-അയാൾ മുഖ്യപാത്രം
നാട്ടുകാർക്കൊക്കെ പ്രിയങ്കരൻ, ശ്രേഷ്ഠമാം
പാരമ്പര്യത്തിൽ കിളിർക്കുമോ പതിരായ്?
മലകളും പുഴകളും പാട്ടുപാടി
പുതുനാടുവാഴിക്കു വഴിയൊരുക്കി
രണ്ട്
'രണ്ടാമതങ്കം തുടങ്ങുന്നു നാട്ടുകാർ
ചില്ലിചുളിച്ചു നോക്കുന്നുവോ രാജനെ?
അരചന്റെയരികിൽ വിളങ്ങുവാനായ്
വരുതിക്കു നിൽക്കുമോ കാലചക്രം!'
'കഴുതച്ചെവി'കളെപ്പറ്റിയങ്ങി-
ങ്ങവികളം നാട്ടുകാർ പിറുപിറുത്തു.
മരണങ്ങൾ മലകളായ് കടപുഴങ്ങി
പാവങ്ങൾ ചോരച്ച പുഴകളായി
നെഞ്ചിലെ സങ്കടച്ചിന്തുകൾ പാടുവാൻ
സ്വന്തം കുടൽകീറി വീണയാക്കി
പാതിയും വെന്ത മനസ്സുമായ് നാടിന്റെ
പാട്ടുകാരന്റെ തുടിയുണർന്നു...
'അരചന്റെ മൂക്കേൽ വിയർപ്പു വന്നു
അരമനക്കരുമനകൾ പെരുകി
പാട്ടുകാരന്നെ വിളിപ്പിക്കുന്നു രാജൻ
കൊട്ടാരവേദിയൊരുങ്ങുകയായ്
രാജാവും ഭൃത്യരും ഏഷണിക്കൂട്ടവും
പാട്ടിൽ സ്വരൂപങ്ങൾ കണ്ടു ഞെട്ടി.
നാടിന്റെ ഗായകപ്പട്ടം കൊടുക്കുവാൻ
രാജാവെഴുന്നേൽക്കും രംഗമായി
'നിർത്തുക നാടകം! ശുദ്ധമസംബന്ധം!'
-വേദിയിൽ ഞങ്ങൾ കടന്നുകേറി.
അരി വാങ്ങാൻ, തുണി വാങ്ങാനോക്കെ വന്നോർ
ഒരുമിച്ചാ രംഗം മുഴുവനാക്കി'.
മൂന്ന്
കൊട്ടാരവേദിയൊരുങ്ങുന്നു പിന്നെയും
രാജാവും കൂട്ടരും പാട്ടുകേൾപ്പൂ
പാട്ടിൻ നടുക്കു നിർത്തുന്നു-പുരോഹിത
പ്രഖ്യാപനത്താൽ നിലച്ചു സർവ്വം!
'നാടിൻ ദുരിതങ്ങൾ തീർക്കുവാൻ ദേവിക്കു
കാണിക്ക വയ്ക്കുവാൻ നാവുവേണം.
പാട്ടുകാരന്റെയീ നാവിനോളം ശ്രേഷ്ഠ-
മേതുള്ളു നാട്ടിൽ, അറുത്തെടുക്കൂ!....'
നാല്
നാവറുത്തിട്ടും നിലയ്ക്കാത്ത ചോരയും
പാട്ടും നുരകുത്തിപ്പടരുന്നു
പാട്ടിന്റെ ചോരപ്രളയത്തിലാഴുന്നു
രാജകൊട്ടാര പ്രതാപങ്ങൾ....
പാട്ടിന്റെയോരത്തു വീണ്ടും കിളിർക്കുന്നു
നാട്ടിന്റെ നട്ടെല്ലായ്പ്പാവങ്ങൾ
അവരെത്തിടമ്പേറ്റാൻ കാണികളൊന്നൊന്നായ്
തിക്കുമ്പോൾ നാടകം തീരുന്നു.
അകലെ വെളിച്ചം വരുന്നതോർത്താ
അരയാലും കവലയും കാവൽ നിൽപൂ?!