Followers

Saturday, October 30, 2010

ദൈവത്തെ നഷ്ടപ്പെട്ട അവധൂതൻ

m k harikumar

ഏതാനും വർഷങ്ങൾ മുമ്പുവരെ അയ്യപ്പൻ എവിടെയും ഒരു അപ്രതീക്ഷിത അതിതിഥിയായിരുന്നു. ക്ഷണിക്കപ്പെടാത്ത അതിഥി എന്ന ഫ്യൂഡൽപ്രയോഗം ശരിയല്ല. അയ്യപ്പൻ തന്റെ സ്വാതന്ത്ര്യങ്ങളെ വലിയ കാവ്യാനുശീലനമാക്കിയത്‌ അങ്ങനെയാണ്‌. സാഹിത്യസമ്മേളനങ്ങൾ, കൂട്ടുകൂടലുകൾ, ചർച്ചകൾ, അനൗപചാരിക സംഭാഷണങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം അയ്യപ്പൻ യാദൃശ്ചികമായി വന്നുകയറിക്കൊണ്ടിരുന്നു. ഇത്തരം പ്രവേശനങ്ങളിലൂടെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ തെറ്റിച്ചതു, സാഹിതീയമായ മതിൽക്കെട്ടുകളെയും വ്യക്തിപരവും സാമൂഹികവുമായ അന്ധവിശ്വാസങ്ങളെയുമാണ്‌.

ചില തിരഞ്ഞെടുപ്പുകളിൽ കവികളും അകപ്പെട്ടു പോകാറുണ്ട്‌. ചില വിഷയങ്ങളെ അധികരിച്ചുള്ള സമ്മേളനങ്ങളിൽ അതിനുമാത്രമായി രൂപീകരിക്കപ്പെടുന്ന കാണികൾ, അതിഥികൾ എന്ന സങ്കൽപം, നിരുപാധികവും തുറന്നുതുമായ വ്യക്തിസ്വാതന്ത്യത്തിന്റെയും ജനാധിപത്യത്തി
ന്റെയും കാലഘട്ടത്തിൽ വികൃതമായ ആചാരമാണെന്ന്‌ അദ്ദേഹം കണ്ടെത്തിയിരിക്കണം. അതുകൊണ്ട്‌ അദ്ദേഹം എല്ലാവരികളും തെറ്റിച്ച്‌ നടന്ന കുട്ടിയായിരുന്നു എന്ന്‌ പറയാം. വരിയൊപ്പിച്ചു നടന്നും ആർഭാടമായരീതിയിൽ ക്ഷണിതാവായും മാറുന്ന ഔദ്യോഗിക ജീവിതങ്ങളെയെല്ലാം അയ്യപ്പൻ പരിഹസിച്ചു. തന്നെത്തന്നെ നോക്കിയാണ്‌ ആ പരിഹാസത്തിനു പൂർണ്ണത നൽകിയതെന്ന്‌ മാത്രം. മറ്റൊരാളോട്‌ തന്റെ അലഞ്ഞുതിരിയലിന്റെയും അപ്രതീക്ഷമായ കടന്നുകയറ്റങ്ങളുടെയും മതം അദ്ദേഹം അരുളിച്ചെയ്തിട്ടില്ല. അതിനു അദ്ദേഹം ആഗ്രഹിച്ചുമില്ല.

ഒരിടത്ത്‌ നിന്ന്‌ പറന്ന്‌ ഏതോ ചില്ലുകളിൽ ഇരുന്ന്‌ ചിലച്ച്‌ എങ്ങോ പറന്നുപോകുന്ന പക്ഷികളുടെ ജീവിത സൗന്ദര്യക്രമങ്ങളാണ്‌ അയ്യപ്പനും പരീക്ഷിച്ചതു. എല്ലാത്തരം ചെത്തിച്ചേർക്കലുകളിൽ നിന്നും പിൻവാങ്ങി, തന്റെ കവിതയുടെ വൈകാരിക ഭാരം ചുമലുകളിൽ താങ്ങി സൗഹൃദങ്ങളിൽ നിന്ന്‌ അമൃത്‌ അന്വേഷിച്ചുപോവുക
യാണ്‌ അദ്ദേഹം ചെയ്തത്‌. ഒരിക്കലും തീരാത്ത ദാഹമായിരുന്നു അത്‌.
കവിതകളുടെ അക്കാദമിക്‌, ചരിത്രപന്ഥാവുകളിലും അയ്യപ്പൻ എത്തിനോക്കിയില്ല. തന്റെ കവിത തന്നെയാണ്‌ വഹിക്കുന്നതെന്നറിഞ്ഞ്‌ അദ്ദേഹം ഭ്രാന്തമായി ഉഴറി. തന്റെ വരികൾ തന്നെയാണ്‌. ചിതറിക്കുന്നതെന്നറിഞ്ഞ്‌, ആ വരികൾക്ക്‌ മുമ്പേ രക്ഷപ്പെടാൻ അയ്യപ്പൻ ശ്രമിച്ചുകൊണ്ടിരുന്നു. 'വെയിൽ തിന്നുന്ന പക്ഷിയാണ്‌ താനെന്ന്‌ അദ്ദേഹം എഴുതിയെങ്കിൽ, വെയിലാണ്‌ തന്റെ എല്ലാക്കാലത്തെയും ഭവനം എന്ന അനുഭവത്തിലാണ്‌ അത്‌ പിറന്നത്‌.


ഒരു കലാപത്തിലേക്കും ആ കവിത ഇന്ധനവുമായിപ്പോയില്ല. പ്രചരണങ്ങളിലും ഭർത്സനങ്ങളിലും ദ്രാവിഡ പുരാവൃത്തങ്ങളിലും ആ കവിത ചമൽക്കാരവുമായിപ്പോയില്ല. അങ്ങനെ കവിതയെ ദുർവ്യയം ചെയ്യാനുള്ള സമ്പന്നത അയ്യപ്പനില്ലായിരുന്നു. തന്റെ കവിത തനിക്കുമാത്രമുള്ള മത്താണെന്ന്‌ അദ്ദേഹം എന്നേ മനസ്സിലാക്കി. കവിത തരുന്ന താക്കീതുകൾ മനസ്സിലാക്കുന്നതിനു തന്നെതന്നെ ഏതോ ചതുരംഗത്തിലെ കാലാളാക്കി ഈ കവി തള്ളിക്കൊണ്ടിരുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത കളി, അല്ലെങ്കിൽ അയ്യപ്പന്റെ ആദിയും അന്തവുമില്ലാത്ത കരുനീക്കങ്ങളിൽ എതിരാളികളുണ്ടായിരുന്നില്ല. താനും തന്റെ പ്രതിരൂപമായ കവിതയും മാത്രമായിരുന്നു ആ കരുക്കൾ.