lathalakshmi
അങ്ങനെ ഞങ്ങളുടെ സ്നേഹത്തിന്റെ
മേൽക്കൂട് തകർന്നുവീണു.
എങ്ങനെ?
ഈയൽ പാറിപ്പരതും പെരുമഴയത്ത്
ഇരുളുവീഴുന്ന സന്ധ്യാനാമകാലങ്ങളിൽ
അത്താഴംവൈകിക്കുന്ന തോന്ന്യാസമില്ലാ
രാത്രികളിൽ ചിലപ്പോൾ
ഉറഞ്ഞതണവിന്റെ പുതപ്പിൽ
മടിച്ചുറങ്ങും പുലരികളിലും
ഉമ്മറത്തുവിശന്നുവാടുന്ന പൊരി-
വെയിലിന്റെ ഗന്ധമില്ലാത്ത വിയർപ്പുകാറ്റിലും
ഒറ്റമാത്രപോലും നനയാതെ
പൊട്ടിയുടയാതെ വാടിവീഴാതെ
ഞാനൊരുതോഴനെ സൂക്ഷിച്ചുവെച്ചു.
തെളിനീലാകാശവും പച്ചഭൂമിയും
തൊടാൻ വിടുന്നതുതന്നെ സങ്കടം!
ചാപല്യമില്ലാത്ത അച്ചടക്കമേറേയുള്ള
അത്യപൂർവ്വ കൂട്ടുകാരൻ
ഇടയില്ലാതെ സ്വാർത്ഥവും
എന്നിൽ ത്യാഗസാന്ദ്രവുമായിരുന്നു
എന്നു പറയാൻ മോഹിച്ചതു ആദ്യം അവനാണ്.
രാപ്പാടിക്കുയിലുകൾ വിളിയൊച്ച
പരത്തുന്ന ഉറക്കംതൂങ്ങി വഴികളിൽ
പൊടുന്നന്നെ
ആഘാതം! അതിശയം!
എനിക്കുതെറ്റി (ഐ വാസ് റോങ്ഗ്)
ഞാൻ കണ്ണുകളിലേക്കുറ്റുനോക്കി നോക്കി
താക്കീതു നൽകി
സ്നേഹിതാ, എനിക്ക് നിന്നോട്
മൈഥുനാഗ്രഹം ഇല്ലേയില്ല
പ്രണയാവേശം അതുതീരേയില്ല!
ക്ഷമ.
ഇളംചൂടുപൊള്ളുന്ന സൗഹാർദ്ദത്തിന്റെ
ഉന്മേഷം കൊഴിഞ്ഞുതുടങ്ങി
പതിയെമൃതിയടഞ്ഞു.
മൂന്നാണ്ടുകൾ നീണ്ടകൂട്ടുകെട്ടിന്റെ
അഗാധതയറിഞ്ഞ
അളവുകോൽ എന്റെ കരങ്ങൾക്ക്
സ്വന്തമായി
സാധുസൗഹൃദത്തിന്റെ മൃതാത്മാവ്
കോലംകത്തിയമർന്ന
ചാരപ്പാടുകൾ കണ്ടു
താനേ മിഴിച്ചുനിന്നു
ഇത് പുതിയ ചങ്ങാത്തത്തിന്
ഗുണവും പാഠവുമാകാൻ
താങ്ങാകട്ടെയെന്ന്
ആത്മശിക്ഷയും ആത്മാശംസയും.